വിശ്വസുന്ദരിമാർക്കും കോവിഡ്

Facebook
Twitter
WhatsApp
Email

വനിതകളുടെ വിവാഹ പ്രായം പറഞ്ഞ് നമുക്ക് തർക്കിച്ചിരിക്കാം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന സ്ത്രീ മുന്നേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയുമാവാം. ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന യുഗോവ് എന്ന മാർക്കറ്റ് റിസർച്ച് ഡാറ്റ അനലിറ്റിക്‌സ് കമ്പനി പുറത്തുവിട്ട പട്ടികയിലേക്കൊന്ന്് നോക്കൂ.  2021ൽ ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട  വനിത മിഷേൽ ഒബാമയാണ്.  ആദ്യ പത്തിൽ പ്രിയങ്ക ചോപ്രയുമുണ്ട്.
അമേരിക്കയുടെ മുൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്ക് പിന്നാലെ ഹോളിവുഡ് താരം ആഞ്ജലീന ജോളി, എലിസബത്ത് രാജ്ഞി, അവതാരക ഒപ്ര വിൻഫ്രി, നടി സ്‌കാർലെറ്റ് ജോൺസൺ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആദ്യ പത്തിലെ ഇന്ത്യൻ സാന്നിധ്യമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 10ാം സ്ഥാനത്താണ് താരം. ഹോളിവുഡ് താരം എമ്മ വാട്‌സൺ, അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, മുൻ ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ, ആക്ടിവിസ്റ്റും നൊബേൽ ജേതാവുമായ മലാല യൂസുഫ്‌സായ് എന്നിവരാണ് ആദ്യ പത്തിലെ മറ്റ് വനിതകൾ.
അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ എന്നിവർ 11, 12 സ്ഥാനങ്ങളിലാണ്. യുവ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബേർഗ് 15ാം സ്ഥാനത്തും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേൻ 20ാം സ്ഥാനത്തുമാണ്.
പ്രിയങ്ക ചോപ്രയ്ക്ക് പുറമെ നടി ഐശ്വര്യ റായിയും എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ സുധാ മൂർത്തിയുമാണ് പട്ടികയിലുള്ള ഇന്ത്യക്കാർ.  ഐശ്വര്യയും സുധാ മൂർത്തിയും യഥാക്രമം 13, 14 സ്ഥാനങ്ങളിലാണ്.

****            ****              ****
ഫ്രഞ്ച് ബ്രാൻഡായ ഫാഷൻ ഹൗസ് ചാനലിന്റെ പുതിയ ഗ്ലോബൽ സി. ഇ. ഒ ആയി മലയാളി ലീന നായരെ തെരഞ്ഞെടുത്തു.  നേരത്തെ യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്  ലീന നായർ. അതേസമയം, പെപ്‌സിക്കോയുടെ സി ഇ ഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യൻ വനിത. ഇതോടെ, ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് നില ഉറപ്പിക്കുന്ന ആദ്യ മലയാളി വനിത, രണ്ടാമത്തെ ഇന്ത്യൻ വനിത തുടങ്ങിയ പദവി കൂടെ ലഭിക്കുകയാണ് ലീന നായർക്ക്.
ലീന നായർ ഇന്ത്യയിലെ കോലാപൂരിൽ  ജനിച്ച ബ്രിട്ടീഷ് പൗരയാണ്. ഇന്ത്യയിലെ മുൻനിര ബിസിനസ് സ്‌കൂളുകളിലൊന്നായ സേവ്യർ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിൽ നിന്ന് ഗോൾഡ് മെഡലോടെ പാസായ പൂർവ്വ വിദ്യാർത്ഥി. 1992 ൽ യൂണിലിവറിന്റെ ഇന്ത്യൻ ഉപ സ്ഥാപനമായ എച്ച്‌യുഎല്ലിൽ ട്രെയിനിയായി ചേർന്നു. യൂണിലിവറിലെ നായരുടെ കരിയർ 30 വർഷം നീണ്ടുനിന്നു. ആംഗ്ലോ ഡച്ച് മൾട്ടിനാഷണൽ യൂണിലിവറിലെ ആദ്യത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുമായിരുന്നു യൂണിലിവറിൽ 1,50,000 പേരുടെ  മേൽനോട്ടം വഹിച്ച ലീന.  ജനുവരി അവസാനത്തോടെ ചാനലിൽ ചേരും നായർ. മുമ്പ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വിഭാഗത്തിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ലീനാ നായർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ചാനലിന്റെ ആഗോള സി. ഇ. ഒ ആയി നിയമിതയായതിൽ തികഞ്ഞ സന്തോഷമുണ്ടെന്നും ജീവനക്കാരുടെ ക്രിയാത്മകതയിൽ സ്വാതന്ത്ര്യം നൽകുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ചാനലിന്റെ തലപ്പത്ത് എത്തുന്നത് വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞ ചുമതലയാണെന്നും ലീന നായർ പറഞ്ഞു.

****            ****              ****
ലോക സുന്ദരിപ്പട്ടം ഇന്ത്യക്കാരുടെ കുത്തകയായി മാറുകയാണോ? പിന്നിട്ട വാരത്തിൽ ഇസ്രായിലിൽ നടന്ന മത്സരത്തിൽ വിശ്വ സുന്ദരിപ്പട്ടം ഇന്ത്യക്കാരിയ്ക്കായിരുന്നു. പോർട്ടറീക്കോയിൽ നടക്കേണ്ടിയിരുന്ന ലോക സുന്ദരി മത്സരം മാറ്റിവെക്കുകയും ചെയ്തു. മത്സരിക്കാനെത്തിയ മിസ് ഇന്ത്യക്ക്് കോവിഡ് ബാധിച്ചതാണ്് പ്രശ്‌നമായത്. പോർട്ടറീക്കോയിലെ സാൻജുവാൻ  മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ മിസ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കേണ്ട മത്സരാർഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ്  മത്സരം മൂന്നു മാസത്തേക്കു മാറ്റിവെച്ചത്.  മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ മിസ് വേൾഡ് ഓർഗനൈസേഷൻ നിർദേശിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സ്‌റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉൾപ്പെടെ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നു മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മത്സരത്തിലാണ് തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി മിസ് ഇന്ത്യ പട്ടം നേടിയത്. 23 വയസ്സുകാരിയായ മാനസ, ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്‌സ്‌ചേഞ്ചിൽ അനലിസ്റ്റ് ആണ് ഇന്ത്യയുടെ ഹർണാസ് സന്ധു  വിശ്വസുന്ദരിയെന്ന കിരീടം ചൂടി ലോകത്തിന്റെ നെറുകയിൽ.  പഞ്ചാബിലെ ചണ്ഡിഗഡ് സ്വദേശിനിയായ ഹർനാസ് സന്ധുവാണ് 2021ലെ വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മാതൃഭൂമി ന്യൂസിൽ പറഞ്ഞത് പോലെ ഛത്തിസ്ഗഢ് അല്ല ഇവരുടെ സ്വദേശം.  ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്‌സായ മെക്‌സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം. 2000 സീസണിൽ വിശ്വ സുന്ദരി, ലോക മൊഞ്ചത്തി പട്ടങ്ങൾ തുടർച്ചയായി ഇന്ത്യക്കാർക്ക്് ലഭിച്ചപ്പോൾ തീവ്ര ഇടതുപക്ഷക്കാരും ഇസ്്‌ലാമിസ്റ്റുകളും കോസ്മറ്റിക്‌സുകളുടെ വിപണി വിപുലീകരിക്കാനാണ് ഇന്ത്യക്കാരെ തെരഞ്ഞെടുക്കുന്നതെന്ന്് പ്രചരിപ്പിച്ചിരുന്നു. സൗന്ദര്യ വർധക വസ്തുക്കൾ ആവശ്യത്തിന് വിൽക്കുന്നുണ്ടാവും അല്ലേ.

****            ****              ****
സമൂഹത്തിന്റെ പല പരമ്പരാഗത രീതികളെയും പൊളിച്ചെഴുതിയ ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌കിന് ടൈം മാസികയുടെ 2021 ലെ പേഴ്‌സൺ ഓഫ് ദി ഇയർ അംഗീകാരം ലഭിച്ചു. ടൈം ആദ്യമായി ഒരു പേഴ്‌സൺ ഓഫ് ദി ഇയറിനെ തെരഞ്ഞെടുക്കുന്നത് 1927 ലാണ്. ചാൾസ് ലിൻഡ്ബർഗ് ആയിരുന്നു അത്. അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി വിമാനം പറത്തിയ വ്യക്തിയാണ് അദ്ദേഹം. ഇതുപോലെയുള്ള ഇടപെടലാണ് ഈ വർഷം മസ്‌കിന്റെ കമ്പനി ബഹിരാകാശ മേഖലയിൽ നടത്തിയിരിക്കുന്നത് എന്ന് ടൈം എഡിറ്റർഇൻചീഫ് എഡ്‌വെഡ് ഫെൽസെൻതാൾ പറഞ്ഞു. സാറ്റർഡേ നൈറ്റ് ലൈവ് എന്ന ഷോയ്ക്ക് ആതിഥേയത്വം വഹിക്കുകയും, തന്റെ ട്വീറ്റുകൾ മാത്രം ഉപയോഗിച്ച് ക്രിപ്‌റ്റോ നാണയങ്ങളുടെ വില നിയന്ത്രിക്കുകയും ചെയ്ത മസ്‌ക് വർഷം മുഴുവൻ വാർത്തയിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ട്വിറ്ററിൽ 66 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സാണുള്ളത്. നമ്മുടെ ജീവിതത്തെ നല്ല രീതിയിലോ മോശം രീതിയിലോ സ്വാധീനിക്കുന്ന വ്യക്തിക്കാണ് ദി പേഴ്‌സൺ ഓഫ് ദി ഇയർ പട്ടം നൽകുന്നതെന്ന് ടൈം പറയുന്നു. മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ മൂല്യം ഒരു ട്രില്ല്യൻ കടന്നതും ഈ വർഷമാണ്. ഇത് ഫോർഡ് മോട്ടോഴ്‌സിന്റെയും ജനറൽ മോട്ടോഴ്‌സിന്റെയും മൊത്തം മൂല്യത്തേക്കാൾ കൂടുതലാണ്.ഇവ കൂടാതെയാണ് മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടർ പ്രോസസറുമായി ബന്ധിപ്പിക്കൽ പദ്ധതിയുമായി മുന്നോട്ടുപോകുന്ന മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിയും. അടിസ്ഥാന വികസനത്തിനായി സ്ഥാപിച്ച മസ്‌കിന്റെ ബോറിങ് കമ്പനിയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ വർഷം നിരവധി ഇലക്ട്രിക് വാഹന നിർമാണ കമ്പനികളും ചിപ്പ് ദൗർലഭ്യത്താൽ നിർമാണം കുറച്ചുവെങ്കിലും ടെസ്‌ല അതൊന്നും ഏശാത്ത രീതിയിൽ നിർമാണം തുടർന്നു. പരമ്പരാഗത വാഹന നിർമാതാക്കളെയും ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് വഴി തിരിച്ചുവിടാനും മസ്‌കിന്റെ കമ്പനി പ്രേരണ ചെലുത്തി. മനുഷ്യരാശിയുടെ നിലനിൽപ്പ് പ്രശ്‌നമായ സമയത്ത് പരിഹാരങ്ങളുമായി എത്തിയ വ്യക്തി എന്നും ടൈം മസ്‌കിനെ വിശേഷിപ്പിക്കുന്നു.വാക്‌സിൻ ശാസ്ത്രജ്ഞരെയാണ് ടൈം ഈ വർഷം ഹീറോസ് ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. മനോരമ ന്യൂസ് ചാനലിന്റെ ഈ വർഷത്തെ ന്യൂസ് മേക്കേഴ്്‌സിനെ തെരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഹരിത മുൻ ഭാരവാഹികളെയും ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.

****            ****              ****

കത്രീന കൈഫ്- വിക്കി കൗശൽ വിവാഹത്തിന് കത്രീനയുടെ മുൻ കാമുകൻമാരായ സൽമാൻ ഖാനും റൺബീർ കപൂറും താരത്തിന് നൽകിയ വിവാഹ സമ്മാനമാണ് ചർച്ചാ വിഷയമാകുന്നത്. റൺബീർ കപൂർ താരത്തിന് നൽകിയത് 2.7 കോടി വിലമതിക്കുന്ന ഡയമണ്ട് നെക്ലസ് ആണ്. സൽമാൻ സമ്മാനിച്ചത് മൂന്ന് കോടിയുടെ റേഞ്ച് റോവർ കാർ ആണ്.  ഇവരെക്കൂടാതെ ബോളിവുഡിലെ മറ്റ് താരങ്ങളും ഇരുവർക്കും വിവാഹ സമ്മാനങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്. 1.5 ലക്ഷം ചെലവ് വരുന്ന ഒരു പെയ്ന്റിംഗ് ആണ് ഷാരൂഖ് ഖാൻ സമ്മാനിച്ചത്. അനുഷ്‌ക ശർമ്മയുടെ സമ്മാനം 6 ലക്ഷം രൂപയുടെ ഡയമണ്ട് കമ്മൽ ആണെങ്കിൽ ആലിയ ഭട്ട് നൽകിയത് ലക്ഷങ്ങൾ വിലമതിക്കുന്ന പെർഫ്യൂം ബാസ്‌ക്കറ്റ് ആണ്. രാജസ്ഥാനിലെ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ ഇക്കഴിഞ്ഞ 9നായിരുന്നു ഇരുവരും വിവാഹിതരായത്.
മൂന്ന് ദിവസങ്ങൾ നീണ്ട ചടങ്ങിൽ 120 അതിഥികളാണ് പങ്കെടുത്തത്. ഇരുവരും പുറത്തുവിടുന്ന വിവാഹ ചടങ്ങുകളിലെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. വിവാഹത്തിന് ഫോട്ടോ എടുക്കാനുള്ള അനുമതി ഇല്ലാതിരുന്നതിനാൽ താരങ്ങൾ തന്നെയാണ് ചിത്രങ്ങൾ പുറത്തുവിടുന്നത്. നവദമ്പതികൾ മുൻ കാമുകീകാമുകന്മാരെ രാജസ്ഥാനിലെ വേദിയിലേക്ക് ക്ഷണിച്ചിട്ടില്ല. അതാണ് ഡിപ്ലോമസി.

kadappadu – malayalam news

About The Author

Leave a Reply

Your email address will not be published. Required fields are marked *