LIMA WORLD LIBRARY

ക്രിസ്മസ് കാല രാത്രികൾ – സ്വപ്ന ജേക്കബ്

 

എല്ലാവരുടെയും ജീവിതത്തിൽ  ഉണ്ടാകുമായിരിക്കുമെന്നു തോന്നുന്നു ക്രിസ്മസ്സിന്റെ വെളിച്ചം പലവർണ്ണങ്ങളിൽ ഹൃദയത്തിലേക്ക് കടന്നു വന്ന ഒരു ക്രിസ്മസ് കാല രാത്രി. പിന്നീടങ്ങോട്ട് അവധിക്കാല രാത്രികൾ ഗൃഹാതുരമായി മാറുകയാണ്. സാധാരണ ഇല്ലാത്ത എന്തൊക്കെയോ സന്തോഷങ്ങൾ ക്രിസ്മസ്സ്കാല രാത്രികൾക്കുണ്ടെന്ന് നമ്മൾ വിശ്വസിച്ചു തുടങ്ങുന്നു. വിശ്വാസം പോലെ സംഭവങ്ങൾ ഉണ്ടാവുകയും ചെയ്യും.  മഞ്ഞും തണുപ്പും നിലാവുമൊക്കെയായി പ്രകൃതിയും നമ്മുടെ കൂടെ കൂടുകയും ചെയ്യും. നല്ലതായാലും ചീത്തയായാലും കുറെ ഓർമ്മകൾ സമ്മാനിച്ചായിരിക്കും അവധിക്കാലവും, ക്രിസ്മസ്സും, ഡിസംബറും ഒക്കെ മടങ്ങുന്നത്.

ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് മുതിർന്നവർ വലിയ ഗൌരവക്കാരായിരുന്നു. ഇന്നത്തെപ്പോലെ കുട്ടികളുടെ സന്തോഷമൊന്നും അവർക്കൊരു വിഷയമേ അല്ലായിരുന്നു. എന്നാൽ ക്രിസ്മസ്സ്കാലമാകുമ്പോൾ മുതിർന്നവർ ആകെ മാറും. രണ്ടാം ക്ലാസിൽ വച്ചാണ് ഞാനാദ്യമായി മുതിർന്നവരുടെ മാറ്റം ശ്രദ്ധിക്കുന്നത്.  ക്രിസ്മസ്സ് അവധിക്ക് തൊട്ടുമുൻപുള്ള ദിവസം സ്കൂളിലെത്തിയപ്പോൾ ആകെ അദ്ഭുതമായി. സ്കൂൾ മുറ്റത്തിന് ഒത്ത നടുവിലുണ്ടായിരുന്ന ചെമ്പകമരം വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ടലങ്കരിച്ചിരിക്കുന്നു. സ്വതവേ ഗൌരവക്കാരായിരുന്ന അധ്യാപികമാർ ചിരിച്ചുകൊണ്ട് ഓടിനടക്കുകയും  അവിടവിടെയായി കുട്ടികളെ പാട്ടുപഠിപ്പികുകയും ഓരോ പരിപാടികൾക്കായി തയ്യാറാക്കുകയും ചെയ്യുന്നു.

വൈകിട്ട് വീട്ടിലെത്തിയപ്പോഴാവട്ടെ  പപ്പ, വരാന്ത സ്റ്റാറുകൾ കൊണ്ടും, വർണ്ണക്കടലാസുകൾ കൊണ്ടും അലങ്കരിച്ചിരുന്നു. സ്വീകരണമുറി ക്രിസ്മസ്സ് കാർഡുകൾ കൊണ്ട് ഭംഗിയാക്കിയിരുന്നു. കാർഡുകളിലെ വിവിധ നിറങ്ങളിലുള്ള അദ്ഭുതകരങ്ങളായ ചിത്രങ്ങളെക്കുറിച്ച് പപ്പയ്ക്ക് പറയാൻ ഓരോ കഥകളുമുണ്ടായിരുന്നു. തണുപ്പുരാജ്യങ്ങളിലെ നല്ല കുട്ടികൾക്ക് പുകക്കുഴലിലൂടെ ഇറങ്ങിവന്ന്, തീ കായാനുള്ള അടുപ്പുകൾക്കരികിൽ, ഉണക്കാനിട്ടിരിക്കുന്ന സോക്സുകളിൽ സമ്മാനങ്ങൾ വയ്ക്കുന്ന ക്രിസ്മസ് ഫാദറിനെക്കുറിച്ചും പറഞ്ഞു.  റോസ് നിറമുള്ള സ്റ്റാറുകളിൽ നിന്നും മനോഹരമായ പ്രകാശം നോക്കിക്കൊണ്ട് ഉറങ്ങാൻ കിടന്ന എന്റെ സ്വപ്നങ്ങളിൽ പല വർണ്ണങ്ങളിലുള്ള സമ്മാനപ്പൊതികളും, വർണ്ണത്തിളക്കങ്ങളും നിറഞ്ഞു. വീടിനെയും, ക്രിസ്മസ്സ്കാലത്തെയും എന്നന്നേക്കുമായി ഗൃഹാതുരതയുടെ ചരടിൽ  കെട്ടിയിട്ടിട്ടാണ് അത്തവണത്തെ ക്രിസ്മസ്സ്കാലം കടന്നുപോയത്. പിന്നെ അടുത്തകൊല്ലം വരെയുള്ള കാത്തിരിപ്പാണ്. കാരണം, ജനുവരി 2 എന്നൊരു ദിവസമുണ്ടെങ്കിൽ നേരം വെളുക്കുമ്പോൾ തന്നെ പപ്പ, അലങ്കാരങ്ങളെല്ലാം എവിടെയോ കൊണ്ടുപോയി വയ്ക്കുമായിരുന്നു.

പിന്നെ, കാലങ്ങൾ കഴിഞ്ഞപ്പോൾ, മോൻ കുട്ടിയായിരുന്ന സമയത്ത് അവനെ എങ്ങനെ സന്തോഷിപ്പിക്കാം എന്നായി ഞങ്ങളുടെ ചിന്ത. കുട്ടികളെ എത്രമാത്രം കരുതുന്നുവോ, അതേ നിരക്കിലായിരിക്കും ദൈവം മാതാപിതാക്കൾക്ക് സന്തോഷം നല്കുന്നത് എന്നു ഞാൻ വിശ്വസിച്ചിരുന്നു. കാലങ്ങൾ കഴിഞ്ഞ്, പപ്പയുടെ മരണശേഷം മറ്റൊന്ന് കൂടി മനസ്സിലായി, ജീവിച്ചിരിക്കുന്ന രക്ഷിതാക്കളേക്കാൾ മക്കളെ വഴി കാണിക്കാൻ കഴിവുള്ളവരാണ് മരിച്ചു പോയ മാതാപിതാക്കൾ എന്ന്.

‘        എന്തായാലും മോന്റെ കുട്ടിക്കാലത്തെ ക്രിസ്മസ് ദിനങ്ങൾ മനോഹരമാക്കാൻ ഞങ്ങൾ എപ്പോഴും ഓരോരോ കാരണങ്ങൾ കണ്ടുപിടിച്ചു. മൂന്നു വയസ്സു തുടങ്ങി ക്രിസ്മസ്ട്രീയുടെ ചുവട്ടിൽ സമ്മാനപ്പൊതികൾ വയ്ക്കുമായിരുന്നു. പുകക്കുഴൽ ഇല്ലാത്തത് കൊണ്ട്, എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ  ബാൽക്കണിയിലൂടെ  ക്രിസ്മസ്ഫാദർ കയറിവന്ന് സമ്മാനം കൊണ്ടുവെക്കും എന്നവനെ വിശ്വസിപ്പിച്ചു. കുറെ വർഷങ്ങൾ അവനത് വിശ്വസിച്ചിരുന്നു.

ഇടയ്ക്കൊരുവർഷം മാത്രം അവൻ ചോദിച്ചു.

“മമ്മാ, എനിക്കൊരു സംശയം. ക്രിസ്മസ്ഫാദർ സിറ്റി സെന്ററിൽ നിന്നാണോ സമ്മാനങ്ങൾ വാങ്ങുന്നത്?”

“അതെന്താ അങ്ങനെ തോന്നാൻ?”

“സിറ്റി സെന്ററിന്റെ സ്റ്റിക്കറിന്റെ കുറച്ചു ഭാഗം കാണാം”

ഞാൻ നോക്കിയപ്പോൾ വളരെ ചെറിയൊരു ഭാഗം ആയിരുന്നു. ചിരിയടക്കി ഞാൻ പറഞ്ഞു “ചിലപ്പോൾ ആയിരിക്കും.” പിന്നെയും കുറെ വർഷം കൂടി അവൻ അക്കഥ വിശ്വസിച്ചിരുന്നു. എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ അവൻ പറഞ്ഞു ” ക്രിസ്മസ്ഫാദറല്ല, ക്രിസ്മസിന് ഫാദറാണീ സമ്മാനപ്പൊതികൾ വയ്ക്കുന്നതെന്ന്.”  കുട്ടികൾ നമ്മുടെ സന്തോഷങ്ങൾക്കപ്പുറം സന്തോഷങ്ങൾ  തേടിപ്പോകുമ്പോൾ ഓർമ്മകളിൽ നിന്ന് എടുത്തെഴുതാനല്ലേ രക്ഷിതാക്കൾക്ക് കഴിയൂ.

ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നു നോക്കുമ്പോൾ റോഡിനപ്പുറമുള്ള അറബിസ്കൂളിന് പുറകിലായി സൂര്യനസ്തമിക്കുന്നത് കാണാം. ഓരോ ഋതുക്കൾ കഴിയുമ്പോഴും അസ്തമനസ്ഥലം സ്കൂളിന്റെ ഒരറ്റത്ത് നിന്നും മറ്റെ അറ്റത്തെക്കു മാറും. കോറോണക്കാലമായതോടെ പണി പോയി വീട്ടിലിരിപ്പായപ്പോൾ  മുതൽ ദിവസങ്ങളുടെ നീളം കൂടി വരുന്നതും, കുറഞ്ഞു വരുന്നതുമൊക്കെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.. ഏഷ്യൻ രാജ്യങ്ങളിലെ പോലെയല്ല, സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഉൾപ്പടെ പല വടക്കൻ യൂറോപ്പിൽ  ദിവസങ്ങളുടെ നീളം കൂടുന്നതും കുറയുന്നതും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. വടക്കൻ യൂറോപ്പിലൊക്കെ മൂന്നോ നാലോ മണിക്കൂറൊക്കെയാണ് ഡിസംബറിൽ പകൽ ഉള്ളത്. റോമൻ ചക്രവർത്തിയായ  കോൺസ്റ്റന്റൈൻ AD 330ൽ ക്രിസ്മസ് മിത്തുകളെയെല്ലാം കൂട്ടിച്ചേർത്ത്, അംഗീകരിക്കാവുന്നവയെയും, അംഗീകരിക്കാൻ പറ്റാത്തവയെയും വേർത്തിരിച്ച് AD 336ൽ ക്രിസ്മസ് ആഘോഷിക്കാനായി ഡിസംബർ 25 തിരഞ്ഞെടുത്തത്തിന് പിന്നിൽ കാലാവസ്ഥയിലെ പ്രത്യേകതകളാണുള്ളത്. ഇരുട്ടിനെ തോല്പ്പിച്ചു വരുന്ന വെളിച്ചത്തിന്റെ വിജയം എന്ന ആശയം അദ്ദേഹത്തെ ആകാർഷിച്ചിരുന്നിരിക്കണം.  ഏറ്റവും നീളം കുറഞ്ഞ പകൽ ഡിസംബർ 21 നാണ്. പിന്നെ ജൂൺ 21 വരെ പകൽ കൂടി കൂടി രാത്രിയേ ഇല്ലാത്ത ദിവസമാകും ജൂൺ 21. ഇരുട്ടിനെ തോല്പ്പിച്ചു വരുന്ന സൂര്യന്റെ വിജയം എന്ന നിലയിൽ ഡിസംബർ 25 യൂറോപ്പിലെ പല നാടുകളും ആഘോഷിച്ചിരുന്നത്രേ. കോൺസ്റ്റന്റൈൻ ചക്രവർത്തി ഡിസംബർ 25 തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം ഡിസംബർ 25 ഒരാഘോഷദിവസമായിരുന്നത് തന്നെയാവാം.

ഡിസംബർ 25 പോലെ തന്നെ ബൈബിളിൽ ഇല്ലാത്ത ഒരു സങ്കൽപ്പമാണ് സാൻറക്ലോസ്സ്. ഇക്കാലത്ത് എല്ലാവർക്കുമറിയാം  സാൻറക്ലോസ്സിന്റെ ജീവിതകഥ. തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയ എന്ന സ്ഥലത്ത് ഒരു ധനിക കുടുംബത്തിൽ നിക്കോളാസ് എന്നൊരു കുഞ്ഞ് ജനിച്ചു. ചെറുപ്പത്തിലേ ദാനശീലനായിരുന്നു നിക്കോളാസ്. പാവപ്പെട്ടവരുടെ വീടുകളിലേക്കു രാത്രിയിൽ ചിമ്മിനിയിലൂടെയും  ജനലിലൂടെയും സ്വർണ്ണനാണയങ്ങളും സമ്മാനങ്ങളും ഇട്ടുകൊടുത്ത് അവരെ  അദ്ഭുതപ്പെടുത്തുമായിരുന്നത്രേ. പത്തൊൻപതാം വയസ്സിൽ എല്ലാമുപേക്ഷിച്ച് വൈദികനായി. റോമൻ ചക്രവർത്തിമാർ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം തുടങ്ങിയപ്പോൾ അദ്ദേഹം തടവിലാക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം പാലസ്തീനിലും മറ്റും സഞ്ചരിച്ചു. ഒരു ബിഷപ്പായതിന് ശേഷവും അദ്ദേഹം പാവങ്ങളെ സഹായിക്കുമായിരുന്നു. പിന്നീടദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തെയാണ് സാൻറക്ലോസ്സ് ആയി നമ്മൾ കരുതുന്നതെന്ന് കൂടുതൽ ആളുകളും വിശ്വസിക്കുന്നു. ഒരിക്കൽ സമ്മാനങ്ങൾ കൊടുത്ത് തളർന്നു പോയ സാന്റയുടെയും റെയിൻഡിയറുകളുടേയും മുമ്പിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് തെന്നുവണ്ടിയിൽ പറന്നു നടക്കാനുള്ള വരവും, കളിപ്പാട്ടങ്ങളുണ്ടാക്കാൻ സഹായിക്കാനായി 4 ചെറിയമനുഷ്യരെയും കൊടുത്തു എന്നു പറയപ്പെടുന്നു. കിഴക്കൻ സംസ്കാരത്തിന്റെ ഭാഗമായിരുന്നെങ്കിലും കവിതകളിലൂടെയും, ചിത്രങ്ങളിലൂടെയും പാശ്ചാത്യരാണ് സാൻറക്ലോസ്സ് സങ്കല്പം ജനകീയമാക്കിയത്. ക്രിസ്തുവർഷത്തിന്റെ ആദിഅനൂറ്റാണ്ടുകളിൽ സാൻറക്ലോസ്സ് എന്നൊരു സങ്കല്പമേ  ഉണ്ടായിരുന്നില്ലത്രെ. പിന്നീട് St. Nicholasൻറെ (AD 270-343) കാലശേഷമാണ് സാൻറക്ലോസ്സ് സങ്കല്പം ഉണ്ടാകുന്നത്.

എന്നാൽ  യാഥാർത്ഥത്തിൽ സാൻറക്ലോസ്സ് സങ്കല്പത്തിന് ക്രിസ്മസ്സിനെക്കാൾ പഴക്കമുണ്ട്. സൂര്യന്റെ വിജയമായഘോഷിക്കുന്ന ഉത്സവത്തിലും നല്ല കുട്ടികൾക്ക് സമ്മാനങ്ങളും, ചീത്ത കുട്ടികൾക്ക് കരിക്കട്ടയും കൊടുക്കുന്ന പച്ചക്കുപ്പായമിട്ട ഒരു വൃദ്ധൻ ഉണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ഫിൻലാൻഡിലും യുളുപുക്കി എന്ന് ആ വൃദ്ധൻ അറിയപ്പെട്ടിരുന്നു. 16ം നൂറ്റാണ്ടിൽ ഹെൻറി എട്ടാമൻ ക്രിസ്തുമതത്തെ നവീകരിച്ചപ്പോൾ ക്രിസ്മസ്സിന്റെ സന്തോഷം പകർന്നു  നല്കുന്ന ആളായി പച്ച ഫർകുപ്പായമിട്ട ഒരു വൃദ്ധനെ ഫാദർ ക്രിസ്മസ്സ് എന്ന പേരിൽ  അവതരിപ്പിച്ചു, കൂടാതെ St. Nicholasൻറെ ഫീസ്റ്റ് ഡേ ഡിസംബർ 6ൽ നിന്ന് ഡിസംബർ 25 ലേക്ക് മാറ്റുകയും ചെയ്തു. Christmas Carol എന്ന നോവലിൽ ക്രിസ്മസ്സിന്റെ സന്തോഷം പകര്ന്നു നല്കുന്ന ആളായി ഒരാളുണ്ട്.  ഹോളണ്ടിൽ St. Nicholas, Sinterklass എന്നറിയപ്പെട്ടിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും Sinterklassന്റെ ഫീസ്റ്റ് ഡേ ഡിസംബർ 6 തന്നെയാണ്. ഇന്നത്തെ ചുവന്ന വസ്ത്രങ്ങളണിഞ്ഞ സാൻറക്ലോസ്സ് ജർമനിയിൽ  ജനിച്ച അമേരിക്കൻ കാർട്ടൂണിസ്റ്റ് ആയ തോമസ് നാസ്റ്റ് 1863 ൽ സൃഷ്ടിച്ചതാണ്. ജർമനിയിലെയും, യൂറോപ്പിലെ പ്രൊട്ടസ്സ്റ്റന്റ് സങ്കല്പങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ് തോമസ് നാസ്റ്റ് ഇന്നത്തെ സാന്റയെ സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. 1920 കളിൽ കൊക്ക-കോള കമ്പനി, ചുവന്ന വസ്ത്രങ്ങളണിഞ്ഞ സാൻറ  കുട്ടികളുടെ കത്തു വായിക്കുന്നതിനിടയിൽ കൊക്ക-കോള കുടിക്കുന്ന ഒരു പരസ്യം ഇറക്കി.  അതോടെ സാൻറ ഭയങ്കരമായി ജനകീയമായി. ഇന്നത്തെ സാൻറയുടെ സന്തോഷമുള്ള വൃദ്ധൻ എന്ന പ്രതിച്ഛായ പിന്നെയും പരിണമിച്ചുണ്ടായതാണ്.

ഞങ്ങളുടെ കുട്ടിക്കാലത്ത് റഷ്യൻ കൃതികളുടെ വിവർത്തനങ്ങളും, ഭംഗിയുള്ള പുറംചട്ടകളും തിളങ്ങുന്ന കടലാസുകളുമുള്ള കുട്ടികൾക്കുള്ള സചിത്ര പുസ്തകങ്ങളും ധാരാളമായി ഉണ്ടായിരുന്നു. പ്രഭാത് ബുക്ക്ഹൌസ്  എന്നെഴുതിയ വാനിലുള്ള ബുക്ക്ഹൌസിൽ നിന്ന് വാങ്ങുന്ന ബുക്കുകൾ ആവേശത്തോടെയായിരുന്നു വായിച്ചിരുന്നത്. എന്നും ഓർമ്മയിലുള്ള അതിലൊരു പുസ്തകമായിരുന്നു “കുട്ടിക്കഥകളും ചിത്രങ്ങളും”. പുസ്തകത്തിലെ പെയിന്റിങ്ങുകൾ കണ്ടാൽ റഷ്യ ആണ് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് തോന്നും. ബുക്കിലെ അവസാനത്തെ കഥയായിരുന്നു പുതുവത്സരം എന്ന കഥ. കുട്ടികൾ രാവിലെ എണീറ്റ് നോക്കിയപ്പോഴാണ് ഡിസംബർ 31 ആണെന്നറിഞ്ഞത്. നവവത്സരത്തിന് അലങ്കരിക്കാനുള്ള ഫർമരങ്ങൾ കിട്ടിയില്ലല്ലോ, മഞ്ഞപ്പൂപ്പൻ മറന്നു പോയതായിരിക്കും എന്നവർ കരുതുന്നു. കുട്ടികൾക്കൊരു ബുദ്ധി തോന്നുന്നു. അവർ പുറത്തിറങ്ങി മഞ്ഞു കൊണ്ട് ഒരു വലിയ ബോളും ഒരു ചെറിയ ബോളും ഉണ്ടാക്കി, കരിക്കട്ടെ കൊണ്ട് കണ്ണുകളും, ക്യാരറ്റ് കൊണ്ട് മൂക്കും, ചുള്ളിക്കമ്പ് കൊണ്ട് കൈകളും ഉണ്ടാക്കി. ഒരു കറുത്ത ബക്കറ്റ് തൊപ്പിപൊലെ തലയിൽ കമഴ്ത്തിയും വച്ച് ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കി. എന്നിട്ട് കുട്ടികൾ ചുറ്റും കൂടിനിന്ന് പാടി

“മഞ്ഞുമനുഷ്യാ മഞ്ഞുമനുഷ്യാ                                                     ധീരതയേറിയ മഞ്ഞുമനുഷ്യാ                                                         ഇരുണ്ടുതിങ്ങിയ കാട്ടിൽ പോയി-                                        ട്ടെഴുത്ത് നല്കുക നീ വേഗം                                                     മഞ്ഞപ്പൂപ്പന് കത്ത് ലഭിച്ചാൽ                                                  ഇന്നദ്ദേഹം സമ്മാനിക്കും                                                     പച്ചപിടിച്ചൊരു ഫർവൃക്ഷം                                                                            മെച്ചം കൂടിയ ഫർവൃക്ഷം”

എന്നിട്ട് കുട്ടികൾ തങ്ങളുടെ ആവശ്യം മഞ്ഞപ്പൂപ്പന് ഒരു കത്തിലെഴുതി മഞ്ഞുമനുഷ്യന്റെ കയ്യിൽ കൊടുത്തുവിട്ടു. കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടയിൽ ഒരുവിധത്തിൽ മഞ്ഞുമനുഷ്യൻ കത്ത് മഞ്ഞപ്പൂപ്പനെ എൽപ്പിച്ചു. മഞ്ഞപ്പൂപ്പൻ നല്ലൊരു ഫർമരം കുട്ടികൾക്കായി കൊടുത്തുവിട്ടു. വൈകീട്ട് കുട്ടികൾ നോക്കിയപ്പോൾ വീടുകൾക്ക് നടുവിലായി നല്ലൊരു ഫർമരവും, ഒരു ബക്കറ്റും, ഒരു ക്യാരറ്റും, കുറച്ചു കരിക്കട്ടകളും, ചുള്ളിക്കമ്പുകളും കണ്ടു. മഞ്ഞുമനുഷ്യന്റെ അവസ്ഥയിൽ സങ്കടമായ കുട്ടികൾ അതിനെ വീണ്ടും ഉണ്ടാക്കി. ഫർമരം പുതുവത്സരത്തിന് വേണ്ടി അലങ്കരിക്കുകയും ചെയ്തു. ഈ കഥയുടെ ഓരോ വാചകത്തിനും ഓരോ ചിത്രവും ഉണ്ടായിരുന്നു. ഇപ്പോഴും പുതുവത്സരത്തിൽ ഞാനാക്കഥ ഓർക്കാറുണ്ട്.

മഞ്ഞപ്പൂപ്പനെക്കുറിച്ച്  തിരഞ്ഞപ്പോൾ എനിക്കു                                                                                                                  സ്നോമാൻ എന്ന മഞ്ഞുമനുഷ്യനെയും, ‘Ded Moroz’ എന്ന മഞ്ഞപ്പൂപ്പനെയും കുറിച്ച് വായിക്കാൻ കഴിഞ്ഞു. ‘Ded Moroz’ എന്നറിയപ്പെടുന്ന മഞ്ഞപ്പൂപ്പൻ റഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. ‘Ded Moroz’ എന്ന പേരിനർത്ഥം Grandpa Frost എന്നാണ്. സാൻറക്ലോസ്സിന് സമാനമായ സ്ഥാനമാണ് മഞ്ഞപ്പൂപ്പന്.  നീലക്കുപ്പായമിട്ട മഞ്ഞപ്പൂപ്പൻ, മറ്റ് പിതൃരൂപങ്ങളിൽ നിന്ന് വ്യത്യസ്തനായി, തന്റെ കൊച്ചുമകളോടൊപ്പമാണ് സഞ്ചരിക്കുന്നത്. കൂടാതെ നവവത്സരത്തിലാണ് നല്ല കുട്ടികൾക്ക് ഫർമരങ്ങൾക്ക് താഴെ  സമ്മാനങ്ങൾ വയ്ക്കുന്നത്.

പ്രായമാകുമ്പോൾ മാതാപിതാക്കൾക്ക് ക്രിസ്മസ് ദിനങ്ങൾ  കാത്തിരിപ്പിന്റെ ദിവസങ്ങളാണ്. ഒരു നല്ല വിഭാഗം മുതിർന്ന കുട്ടികളും ഏതെങ്കിലുമൊക്കെ രാജ്യങ്ങളിൽ പ്രവാസത്തിലായിരിക്കും. ക്രിസ്മസിന് എല്ലാ വഴികളും വീട്ടിലേക്ക് എന്ന പഴയ പാട്ട് വെറുതെയാണെന്ന് തോന്നും മാതാപിതാക്കൾക്ക്.  ചിത്രങ്ങളിൽ കാണുന്ന രാജ്യങ്ങളിലേക്കൊക്കെ കുട്ടികൾ സഞ്ചരിച്ചു തുടങ്ങിയ ഇക്കാലത്ത് അവരെയും കുറ്റം പറയാനാവില്ല. അപ്പൂപ്പന്മാരുടെ കൂടെ നടക്കുന്ന കുട്ടികളും കുറയുന്നു. മാതാപിതാക്കൾ ഓർമ്മയാകുമ്പോൾ പിന്നെ നാട്ടിൽ വരുന്നതും കുറഞ്ഞു തുടങ്ങും. ക്രിസ്മസ്കാലം പകർന്നു കൊടുക്കുന്ന സന്തോഷം പോലെ  മാതാപിതാക്കളുടെ അനുഗ്രഹങ്ങളും നല്ല മനസ്സുള്ള കൂട്ടികൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കാനെങ്കിലും അവർക്കു സമയം കിട്ടിയിരുന്നെങ്കിൽ.

  • Comment (1)
  • ആഴേമേറിയ ചിന്തകർക്ക് ഹൃദയം നിറഞ്ഞ വന്ദനം ഓർമ്മയിൽ അനുഭവം ഗുരുവായവർക്ക് ഒരു മുതൽ കൂട്ടായിരിക്കട്ടെ.
    🙏🏼🙏🏼🙏🏼💙💙💙💙💙

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px