LIMA WORLD LIBRARY

എന്‍റെ ഭാഷ – സുകുമാര്‍ അഴീക്കോട്

SUKUMAR AZHIKODE

എന്‍റെ ഭാഷിലെ ഞാന്‍ നമ്മിലുള്ള ഓരോ ആളും തന്നെ നാമിന്ന് എല്ലാഭാഷയേയും ചീത്തയാക്കുമ്പോള്‍ ഏറ്റവും മോശമാവുന്നത് മാതൃഭാഷയാണ്. മലയാളം നന്നായിവശമില്ലാത്തത് കൊണ്ട് ഇംഗ്ലീഷ് പറയുന്ന യുവാവ് ഇംഗ്ലീഷ് മോശമായതു കൊണ്ട് മൂന്നാമതൊരു ഭാഷ പഠിക്കേണ്ട ഗതികേടിലാണ്. അവന്‍റെ ഇംഗ്ലീഷ് മലയാളത്തേക്കാളും മോശമാണ്.പക്ഷേ, താന്‍ പറയുന്ന ഇംഗ്ലീഷ് മോശമാണെന്ന് അറിവില്ലാത്തത് കൊണ്ട് അവന്‍ തന്‍റെ പൊട്ട ഇംഗ്ലീഷ് കൊണ്ട് ശിഷ്ടകാലം മുഴുവന്‍ കഴിഞ്ഞ് കൂടുന്നു. എന്‍റെ ഇംഗ്ലീഷ് മോശമെന്ന് അറിയാനുള്ള ഇംഗ്ലീഷ് അറിവ് കൂടി അവനില്ലെന്ന് ചുരുക്കം. എത്ര പൊട്ടായാലും ഇംഗ്ലീഷല്ലേ എന്നാണ് നിലപാട് എത്ര നന്നായാലും മലയാളം മലയാളമല്ലേയെന്ന്!
ഞാന്‍ ജനിച്ചതിന്‍റെ അടുത്ത വര്‍ഷത്തിലാണ് മഹാകവി വള്ളത്തോള്‍ ‘എന്‍റെ ഭാഷ’ എന്ന അതി വിഖ്യാതമായ കവിത എഴുതിയത്. മഹാകവി പാടിയതു പോലെ ‘അമ്മിഞ്ഞപ്പാലി നോടൊപ്പം’ ഞങ്ങളുടെ ചുണ്ടത്ത് പറ്റിച്ചേര്‍ന്ന വാക്കാണ് മലയാളം എന്നത്. അതാണ് എന്‍റെ ഭാഷ. ആ ഭാഷ ഇല്ലെങ്കില്‍ ഞാനില്ല എന്നാണ് അതിന്‍റെ വ്യംഗ്യം.
അന്ന് ഞങ്ങളുടെ ചുണ്ടത്ത് മധുരമായും ഹൃദയത്തില്‍ തീയായും വാക്കില്‍ കൊടുങ്കാറ്റായും നിലനിന്ന മളയാളഭാഷയെക്കുറിച്ച് പറഞ്ഞ യുക്തികളും ന്യായങ്ങളും മറ്റും ഇന്നത്തെ തലമുറയ്ക്ക് പരിഹാസ്യായി തോന്നിയേക്കാം. എനിക്ക് ഭയമില്ലാതില്ല. എന്തൊക്കൊയാണ് വള്ളത്തോള്‍ മാതൃഭാഷയെപ്പറ്റി പാടിയത്? സംസ്കൃതത്തിന്‍റെ ഓജസ്സും തമിഴിന്‍റെ സൗന്ദര്യവും ഒത്തുചേര്‍ന്നതാണ് എന്‍റെ ഭാഷ എന്നാണ് ആ മഹാകവി ഒന്നാമതായി ഉയര്‍ത്തി പാടിയത്.ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ചോദിച്ചേക്കാം ഇംഗ്ലീഷിന്‍റെ ഗുണമൊന്നും മലയാളത്തില്ലല്ലോ എന്ന്.അതുകൊണ്ടാണ് തങ്ങള്‍ മലയാളം പഠിക്കാത്തതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.കുട്ടി മിണ്ടി തുടങ്ങാന്‍ ശ്രമിക്കുമ്പോള്‍ ചുണ്ടത്ത് സമ്മേളിക്കുന്നത് അമ്മയെന്ന രണ്ട് അക്ഷരമാണെന്ന് പാവം കുട്ടി വിശ്വസിക്കുന്നു. ഇക്കാലത്ത് ഇത് സത്യമാകണമെന്നില്ല ഇന്ന് കിടാങ്ങളെ അമ്മമാര്‍(ഇവരൊക്കെ അഭ്യസ്തവിദ്യരാണ്) മമ്മി എന്ന് പറയാനും അമ്മ എന്ന് പറഞ്ഞു പോയാല്‍ തിരുത്താനും നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട് അമ്മയെ മമ്മിയെന്ന് വിളിക്കുന്നത് ഉചിതം തന്നെ. ഈജിപ്ത്കാരുടേയും മറ്റും പഴയ സംസകരണ തീതിയേയും അത് സൂചിപ്പിക്കുന്നു!ഇതിലും ഭയങ്കരമായ ഒരു വാക്കുണ്ടെങ്കില്‍ അതാണ് ഡാഡി! അമ്മ,അച്ഛന്‍ എന്നീ വാക്കുകള്‍ വിട്ട് ഇത്തരം ഭീകര ശബ്ദങ്ങള്‍ പ്രയോഗിക്കുന്ന കേരള സമൂഹത്തെപ്പറ്റി എന്തു പറയാന്‍!
ഏത് വേദവും ഏത് ശാസ്ത്രവും ആയാലും അത് ഹൃദയത്തില്‍ പതിയണമെങ്കില്‍ സ്വന്തം ഭാഷയില്‍ കേള്‍ക്കണം. എന്ന് മഹാകവി പറഞ്ഞ ഇക്കാലത്ത് വേദത്തെപ്പറ്റി പറഞ്ഞ പണ്ഡിതന്‍മാരില്‍ പലരും ഇംഗ്ലീഷ് വഴി അത് മനസ്സിലാക്കുന്നവരാണ്. കേരളത്തിന് ഈ ഇരുള്‍കുണ്ടില്‍ നിന്ന് കയറാന്‍ വല്ല കയറുമുണ്ടെങ്കില്‍ അതാണ് മാതൃഭാഷ എന്ന് മഹാകവി കേമമായി വര്‍ണ്ണിക്കുന്നു. പക്ഷേ, കുട്ടികള്‍ കരുതുന്നത് തങ്ങളെ ഈ ഇരുള്‍കുണ്ടില്‍ നിന്ന് കരകയറ്റാന്‍ ഉപകരിക്കുന്ന ബലിഷ്ഠമായ കയര്‍ ഇംഗ്ലീഷാണന്നാണ് മറ്റൊരു ‘കേരളകവി’യായ പി.കുഞ്ഞുരാമന്‍ നായരും പൂര്‍വ്വഗാമിയേപ്പോലെയോ അതിലും തീവ്രതയോടെയോ മാതൃഭാഷയ്ക്ക് വേണ്ടി പാട്ടുകള്‍ എഴുതി.മാതൃഭാഷയെ തള്ളിമാറ്റി ആംഗലവാണിയ്ക്ക് ഉദ്യാനവിരുന്നൊരുക്കുവാന്‍ തിരക്ക് കൂട്ടുന്ന വെറും കമ്പോളമായിപ്പോയി കേരളം എന്നുവരെ ശകാരിക്കുകയുണ്ടായി. എന്നിട്ടുണ്ടായ ഫലമോ? പരീക്ഷയില്‍ അഗ്രസ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ മിക്കവരും മലയാളം ബോധന ഭാഷയായി ‘എടുത്തവരല്ല’ . ഇവര്‍ക്ക് മലയാളം എടുത്താല്‍ പൊങ്ങില്ല. അവരുടെ മാതൃഭാഷകള്‍(അമ്മ പറഞ്ഞ ‘എടുത്ത’ ഭാഷകള്‍ എന്നര്‍ത്ഥം) ഫ്രഞ്ചും സിറിയക്കും ഹിന്ദിയും മറ്റുമാണ്. റാങ്കിന് വേണ്ടിയുള്ള സ്വഭാഷാപരിത്യാഗത്തിന്‍റെ ധീരകഥയാണ് ഇത്.
എത്രയോ വര്‍ഷമായി ഈ മാതൃഭാഷാ പരിവര്‍ത്തനം സംസ്ക്കാര കേദാരമായ കേരളത്തില്‍ തുടങ്ങിയിട്ട്. പക്ഷേ ഈ അഗാധമായ ചലനം ശബ്ദരഹിതമായിരുന്നു. അതുകൊണ്ട് ആരും ഇത് ചിന്താവിഷയമാക്കിയില്ല. എന്നാല്‍ എല്ലാവീടുകളിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയപരിവര്‍ത്തനത്തിന്‍റെ ഫലമായിരുന്നു ഇത്. ഇത് പൊതു പ്രവര്‍ത്തനവും സാഹിത്യരചനയും മറ്റും വശപ്പെടുത്തിയ നരനാരായണിയന്മാരെല്ലാവരും അറിഞ്ഞു കൊണ്ട് നടക്കുന്ന ഒരു ഗൂഢാലോചനയുടെ ഫലമാണ്. എനിക്ക് പരിചയമുള്ള എഴുത്തുകാരിലും വിദ്യാഭ്യാസ വിചക്ഷണരിലും രാഷ്ട്രീയ നേതാക്കളിലും വ്യവസായ പ്രമുഖരിലും പെടുന്ന പലരുടേയും സന്താനതല്ലജങ്ങള്‍ സാധാരണ വിദ്യാലയങ്ങളില്‍ പോയല്ല പഠിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ സ്കൂളില്‍ നിന്നാണ്. ‘എന്‍റെ ഭാഷ’ വിട്ട് ‘പ്രമാണിമാരുടെ ഭാഷ’ പരിശീലിക്കുവാന്‍ പ്രേരിതരായ ഈ കുട്ടികള്‍ ഇതുകൊണ്ട് എന്തുനേടുമെന്നോ ഇതിനകം എന്തു നേടിയെന്നോ ആര്‍ക്കും വ്യക്തമല്ല. ഊഹക്കച്ചവടത്തിന്‍റെ കാലമല്ലെ? എത്രയോ ഊഹക്കച്ചവടങ്ങള്‍ പൊളിഞ്ഞു.ഈ ഊഹക്കച്ചവടംപൊളിഞ്ഞു പോവുക തന്നെചെയ്യും.ഈ നാട്ടിലെ വലിയ ഈശ്വരന്‍മാരായ പ്രമാണിമാരുടെ (വി.ഐ.പി.യുടെ മലയാളപൂരം)ഇടയില്‍നിന്നു എല്ലാവരേയും മാറ്റി സാഹിത്യനായകന്‍മാരോട് ചെറിയൊരു സരസസല്ലാപം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തേ, താങ്കള്‍ വലിയൊരു നോവലിസ്റ്റ്/കഥാകാരന്‍/വിമര്‍ശകന്‍ ആണല്ലോ.നിങ്ങളുടെ കുട്ടിക്ക് മലയാളം ഒട്ടും അറിയില്ലെന്നും നിങ്ങളുടെ കൃതികള്‍ അടക്കം മലയാള പുസ്തകങ്ങള്‍ വായിക്കാറില്ലെന്നും താങ്കള്‍ എന്നോട് സമ്മതിച്ചതും ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഇങ്ങനെ ഭാഷാപരമായ അന്യാധീതയ്ക്ക് കീഴ്പ്പെട്ട് വളര്‍ന്ന ആ കുട്ടി വലുതായാല്‍ എന്താകുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്.അമേരിക്കയിലോ മറ്റോ ഡോക്ടറോ,എഞ്ചിനിയറോ, ശാസ്ത്രജ്ഞനോ ആകാം. അയാള്‍ ധനമാത്രനിഷ്ഠമായ സുഖമനുഭവിക്കുന്ന വേരുകളില്ലാത്ത ഒരു പ്രവാസിയായത് ശരിയാണോ. അങ്ങനെ ഒരു മനുഷ്യജന്മം തുലക്കാന്‍ നിങ്ങള്‍ക്ക് എവിടെ നിന്നാണ് അധികാരം കിട്ടിയത്? ഉത്തരമെന്നോട് പറയണ്ട.ഇത് ക്വിസ്മത്സരമല്ല. പക്ഷേ, നിങ്ങള്‍ സ്വീകരിച്ച ഗതാനുഗതികമായ ഈ ജീവിത രീതിയെക്കുറിച്ച് പൊന്തി നില്‍ക്കുന്ന കുറെ ചോദ്യങ്ങളുമുണ്ട്,മറന്നേക്കരുത്.
ഒരു വശത്ത് കുറെ ഭാഗ്യശാലികള്‍ കേരളത്തില്‍ നിന്നും മലയാളത്തില്‍ നിന്നും രക്ഷപെടാന്‍ നോക്കുമ്പോള്‍ മറുവശത്ത് കേരളത്തില്‍ ഉള്ളവരില്‍ വലിയൊരു വിഭാഗം മലയാളം തങ്ങളുടെ രത്നകിരീടമായി ഉപയോഗിക്കാനറിയാതെ മലയാളത്തെ തങ്ങളുടെ ഹവായി ചെരുപ്പുകളായി ഇട്ടു നടന്ന് നാറ്റി നശിപ്പിക്കുന്നു. ഇത് മറ്റൊരു ദാരുണകഥ!
ഈ വിനാശം ഇവിടെ എല്ലാരംഗത്തും നിര്‍ബാധം നടന്നു കൊണ്ടിരിക്കുന്നു.ഇവിടുത്തെ മലയാളം ടി.വി സരണികളില്‍ റേഡിയൊ പ്രക്ഷേപണങ്ങളില്‍, പത്രഭാഷയില്‍, വിദ്യാലയങ്ങളില്‍,പ്രഭാഷണ വേദികളില്‍ തീന്‍മേശക്ക് ചുറ്റും!
അതുകൊണ്ട് ഇവിടെ ‘കഥാസാഹിത്യം’ എന്നു ഉച്ചരിച്ച് അന്തരീക്ഷത്തെ ഇന്നും പ്രക്ഷേപണശാലകളിലും പ്രഭാഷണ വേദികളിലും വെച്ച് രോമാഞ്ചം കൊണ്ടിരിക്കുന്നു. സാഹിത്യ പ്രണയികളുടെ (പുതിയ ശൈലിയില്‍ സാഹിത്യ സ്പോണ്‍സര്‍മാരുടെ) പ്രേയ്തനം മുടങ്ങാതെ നടക്കുന്നു. അതുകൊണ്ട് ഇവിടെ ക്രിക്കറ്റ് ലേഖകന്മാരുടെ ഭാഷയില്‍ പ്രത്യയശുദ്ധി അനിവാര്യമാണന്ന സത്യം മറന്നുകൊണ്ട് ‘റണ്‍സുകള്‍’ എന്ന്(റണ്ണുകള്‍ എന്നല്ല)നിരന്തരമായി എഴുതി ഒരേസമയത്ത് ക്രിക്കറ്റിലും മലയാളം എന്നു കിറുക്കിനെയും നശിപ്പിക്കാന്‍ മുതിര്‍ന്നു കൊണ്ടിരിക്കുന്നു.
ഭാഷയോടുള്ള എന്തെല്ലാം കടുംകൈകള്‍ ആണ് ഇവിടെ കാട്ടിയിട്ടുള്ളത്. വിശ്വവിജ്ഞാനം ഉള്‍ക്കൊള്ളാന്‍ ഇംഗ്ലീഷ് കൂടാതെ നിവര്‍ത്തിയില്ല എന്ന ഉത്തംഗമായ ആശയം പ്രകടിപ്പിച്ചതിന് ശേഷം ഇന്ന് ഇവനിംഗില്‍ അങ്കിളിന്‍റെ ഡെഡ്ബോഡി കൊണ്ടു വരുന്നുണ്ട് എന്ന് പറഞ്ഞു മലയാളത്തെ കുത്തികൊല്ലാന്‍ ആര്‍ക്കും മടിയില്ലാത്ത കാലം ഇതാണ്. സായ്പ് കുട്ടിയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലീഷ് അവന്‍റെ മാതൃഭാഷ ആയതുകൊണ്ടാണ്. ഇംഗ്ലീഷ് ആണ് അവിടെ ‘എന്‍റെ ഭാഷ’. നാം ഇവിടെ കുട്ടികള്‍ക്ക് എന്‍റെ ഭാഷയില്‍ ആണ് വിദ്യാഭ്യാസം നല്‍കേണ്ടത്.അവന്‍റെ ഭാഷയിലല്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px