കവി – നടന്‍ – നാടകകൃത്ത് – തിരക്കഥാകൃത്ത് – ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച… നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങിനിന്ന കലാകാരനായിരുന്ന… ഒറ്റപ്പാലം കളരിമന മേലേങ്കല്‍ ബാലഗോപാല കുറുപ്പ് എന്ന സുരാസു. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ നാടോടികളുടെ നേതാവായി മികച്ച അഭിനയം കാഴ്ചവെച്ച
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍… എന്ന ഗാനരംഗം കണ്ടപ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്ന സുരാസു. റോയല്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ടി.ജി നായരായിരുന്നു സുരാസുവിന്റെ അച്ഛന്‍. അമ്മ ശാരദ. ബര്‍മ്മയിലാണ് സുരാസു ജനിച്ചത്. പിന്നീട് ചെര്‍പ്പുളശേരിയില്‍ തമസമാക്കി. കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിച്ച സുരാസു കുറച്ചുകാലം എയര്‍ഫോഴ്‌സില്‍ ജോലി നോക്കിയിരുന്നു. 1973 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ദര്‍ശനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ബേബി സംവിധാനം ചെയ്ത ശംഖുപുഷ്പത്തിലൂടെ തിരക്കഥാകൃത്തുമായി. എം ടി യുടെ നിര്‍മ്മാല്യം, മോഹന്റെ തീര്‍ഥം തുടങ്ങിയ ചിത്രങ്ങളിലെ സുരസുവിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. വെളിച്ചം അകലെ, കുട്ടിച്ചാത്തന്‍, ചട്ടമ്പി കല്യാണി, തിരുവോണം, അജയനും വിജയനും, മോഹിനിയാട്ടം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അപരന്‍, മൂന്നാംപക്കം, ഉത്സവപ്പിറ്റേന്ന്, ആലീസിന്റെ അന്വേഷണം, ദൈവത്തിന്റെ വികൃതികള്‍, മഗ്രിബ്, ശ്രാദ്ധം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
കവിതയും നാടകവും സമന്വയിപ്പിച്ചു ‘മൊഴിയാട്ടം’ എന്നൊരു കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. സുരാസു രചിച്ച വിശ്വരൂപം എന്ന നാടകത്തിന് 1977-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1985 ല്‍ സുരായണമെന്ന പേരില്‍ തന്റെ ആത്മകഥ എഴുതി. ഒരു കൊച്ചു ഭൂമികുലുക്കം, വിട പറയാന്‍ മാത്രം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ചിത്രങ്ങളില്‍ ശബ്ദം കൊടുത്തിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികള്‍, നിറകുടം, ശംഖുപുഷ്പം, സൂര്യകാന്തി, ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്നീ സിനിമകള്‍ക്ക് സംഭാഷണവും രചിച്ചിട്ടുണ്ട്. വളരെയധികം കഴിവുകളുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താതെ ആര്‍ക്കോ എന്തിനോ വേണ്ടി (യാതൊരു അര്‍ത്ഥവും ഇല്ലാതെ) ജീവിച്ച ജീവിതമായിരുന്നു സുരാസുവിന്റേത്. ഇത്തരത്തില്‍ ജീവിതത്തെ നിസ്സാരമായി കണ്ട മറ്റു രണ്ടു കലാകാരന്മാരായിരുന്നു കവി അയ്യപ്പനും സിനിമ സംവിധായകന്‍ ജോണ്‍ എബ്രഹാമും. കൃത്രിമത്വമില്ലാത്ത ജീവിതമായിരുന്നു സുരാസുവിന്റേത്. നിബന്ധനകളോടും നിയമങ്ങളോടും അകലം പാലിച്ചു നടന്നു. സുരാസു എന്താണോ അതായിത്തന്നെ ജീവിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ എം എന്‍ കാരശ്ശേരി, നടന്‍ കമലഹാസന്‍ മുതലായ നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എങ്കിലും, ആരെയും പ്രീതിപ്പെടുത്താനോ ആരുടെയും കയ്യടി നേടാനോ മറ്റൊരാളായില്ല. അതുകൊണ്ടാവാം ഇവരെ പോലെയുള്ളവരുടെ ജീവിതം വളരെ ദുസഹനീയമായിത്തീര്‍ന്നത്. അവരെ സഹിക്കാന്‍ മറ്റാര്‍ക്കും കഴിയാതെ പോയത്. ഒരുപക്ഷേ അവര്‍ക്കു പോലും അവരുടെ ജീവിതം അസഹനീയമായിരിക്കണം.
പൊതുസമൂഹത്തിന്റെ ധാരണകളെയും കീഴ് വഴക്കങ്ങളെയും വെല്ലുവിളിച്ചു നടന്നുകൊണ്ട് ഇവര്‍ മൂന്നു പേരേയും അരാജകവാദികള്‍ എന്ന് പോലും അപഹസിക്കപ്പെട്ടു, നിന്ദിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അവര്‍ അരാജകവാദികളായിരന്നില്ല,അവധൂതന്മാരായിരുന്നു. അലഞ്ഞുതിരിയുന്നവരായിരുന്നു. ദേശാടനക്കിളികളായിരുന്നു. ഒരിടത്തും സ്ഥിരമാകാതെ എല്ലായിടത്തേക്കും പറന്നുപോകാന്‍ ആഗ്രഹിച്ച ജീവിതം പോലെ തന്നെ വ്യത്യസ്തമായിരുന്നു മരണവും.
1995 ജൂണ്‍ 4 ന് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.
മദ്യത്തില്‍ വിഷം കലര്‍ത്തി ജീവനൊടുക്കിയ സുരാസുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. ആരും തിരിച്ചറിയാതെ അജ്ഞാതമൃതദേഹമായി മോര്‍ച്ചറിയില്‍കിടക്കാനായിരുന്നു സുരാസുവിന്റെ വിധി. നാല് പതിറ്റാണ്ടോളം മലയാള നാടകവേദികളില്‍ സജീവമായിരുന്ന നാടകരംഗത്തെ ശ്രദ്ധേയയായ നടിയായ അംബുജമായിരുന്നു ഭാര്യ. 2011ജൂലൈ 6 ന് ഇവരും മരണമടഞ്ഞു. ആകാശത്തിന് ചുവടെ ഒരു കിളിക്കൂട് പോലും ഇല്ലാതെ അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന സുരാസുവിനും ഭാര്യയ്ക്കും ഒരു താമസസ്ഥലം ഒരുക്കിക്കൊടുക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് തയ്യാറായപ്പോള്‍ സുരാസു പറഞ്ഞത് ഇങ്ങനെയായിരുന്നു.
എനിക്ക് നിങ്ങളുടെ ഫ്ളാറ്റും വീടും ഒന്നും വേണ്ട, ഒന്നോ രണ്ടോ പെഗ്ഗു കൊണ്ട് എനിക്ക് ഫ്ളാറ്റാവാം.
കടപ്പാട്: വിവിധ മാധ്യമങ്ങള്‍.













