മമ്മിയുടെ തീരുമാനത്തിന് വഴങ്ങില്ലെന്ന് അവൾ തീരുമാനിച്ചിട്ടുള്ളതാണ്. എന്നുകരുതി മാതാപിതാക്കളെ ധിക്കരിക്കാനും താൽപര്യമില്ല. ഇന്ന് ഏത് കുബേരനാണോ പ്രത്യക്ഷപ്പെടാൻ പോകുന്നത്? മമ്മി ഒരു ചുവടുമുന്നോട്ടു വച്ചാൽ മകൾ രണ്ടു ചുവടു പിറകോട്ട് വയ്ക്കുമെന്ന് പപ്പായ്ക്കറിയാം. എല്ലാ മനുഷ്യർക്കും അവരവരുടെ സ്വപ്നങ്ങളും മോഹങ്ങളുമുണ്ട്. അത് സമ്പത്തോ ആഡംബരമോ നോക്കി നിർണ്ണയിക്കാനാവില്ല. തെറ്റും ശരിയും കുട്ടികളെ പഠിപ്പിക്കുന്നത് ശരിക്കും മാതാപിതാക്കൾ തന്നെയാണ്. പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് കാഴ്ചപ്പാടുകൾ ധാരാളമുണ്ട്. അവിടെ അന്ധമായ അനുസരണയുടെ ആവശ്യമില്ല. വെറുതെ എന്തിനാണ് മനസ്സിനെ സംഘർഷഭരിതമാക്കുന്നത്? ഏതൊരു പെണ്ണും അവളുടെ ഹൃദയത്തിൽ ഒരു പുരുഷനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവരൊക്കെ ദൈവത്തെപ്പോലെ ആ വിഗ്രഹത്തെ ആരാധിക്കുന്നു, സ്നേഹിക്കുന്നു. ആ ദൈവത്തെ സ്വന്തമാക്കുംവരെ ഞാനെന്റെ പൂജയും ആരാധനയും തുടരുകതന്നെ ചെയ്യും. ഇപ്പോൾ മമ്മിക്ക് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഉള്ളിലെ ആഗ്രഹം പുറത്തു പറയാൻ തന്നെ ഓമന തീരുമാനിച്ചു. മോളെ വളരെ നല്ലൊരു ആലോചന. തിരുവല്ലായിൽ റ്റി. എം. വർഗ്ഗീസച്ചന്റെ കുടുംബത്തിലെയാണ്. ചെറുക്കൻ ഡോക്ടർ. ലണ്ടനിൽ ഉപരിപഠനം കഴിഞ്ഞ് വന്നയുടനെ മെഡിക്കൽ കോളേജിൽ ജോലി കിട്ടി.
മമ്മിയുടെ മുഖത്തേക്ക് സ്നേഹപൂർവ്വം നോക്കി. എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചാണ് മമ്മിയും കൂട്ടരും മകൾക്ക് വേണ്ടി വരനെ തിരയുന്നത്. എന്താ മമ്മിയിത്. എന്റെ തൊഴിലും അയാളുടെ തൊഴിലുമായി എന്തെങ്കിലും ഒരു പൊരുത്തം വേണ്ടായോ? അല്ലേ പപ്പാ? നീ വെറുതെ ഒഴിഞ്ഞുമാറാതെ ഉള്ളത് തുറന്ന് പറ. നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? പപ്പ ചോദിച്ചു. ഇപ്പോഴെങ്കിലും ആ കാര്യം ചോദിച്ചല്ലോ. വളരെ നന്നായി. അതുടനെയില്ല. എന്നാൽ പെട്ടെന്നുണ്ടാകും. ആ വാക്കുകൾ ഓമനയുടെ തലച്ചോറിൽ തുളഞ്ഞുകയറി. ഇതിന് മുമ്പൊന്നും ഇവൾ ഇതിനെപ്പറ്റി പരാമർശിച്ചിരുന്നില്ല. സത്യത്തിൽ ഇവള്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ? ഇപ്പോഴും പെട്ടെന്നുണ്ടാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണോ? എന്നാണതുണ്ടാകുക? എന്നെക്കാള്‍ ലോകം കണ്ടവളാണ്. അതിനാൽ കാര്യങ്ങൾ വ്യത്യസ്തരീതിയിൽ മാത്രമേ അവൾ ചിന്തിക്കൂ. അവളത് പറയുമ്പോൾ കണ്ണുകൾക്ക് എന്തൊരു തിളക്കമായിരുന്നു. അതിൽ കൂട്ടാളിയെ കണ്ടെത്തിയെന്നൊരു സൂചനയില്ലേ? സ്ത്രീയായാലും പുരുഷനായാലും ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വച്ചൊരു കൂട്ടാളിയെ കണ്ടെത്തുക സ്വാഭാവികമാണ്. ഇപ്പോഴും മാതാപിതാക്കളെ അവൾ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. മകളെ മനസ്സിലാക്കിയ പിതാവിന് സംശയങ്ങൾ ഏറി വന്നു. ഇവൾക്കങ്ങനെ ഒരാളുമായി പ്രണയത്തിലാകാൻ കഴിയുമോ? പലപ്പോഴും സ്ത്രീകളുടെ മനസ്സ് സഞ്ചരിക്കുന്നത് നിഗൂഢത നിറഞ്ഞ പ്രപഞ്ചത്തിലൂടെയാണ്. ആ പ്രപഞ്ചത്തിൽ അവള്‍ ഒരു കാട്ടുകുതിരയായി മാറിയാൽ അതാപത്താണ്. തടവറയാണ്. രക്ഷപ്പെടാനാകില്ല. ഇരുൾ നിറഞ്ഞ കാട്ടിൽ സൂര്യനുദിക്കുന്നതോ മറയുന്നതോ കാണാനാകില്ല. യഥാർത്ഥപ്രണയം ക്ഷണികമല്ല. അത് അനുരാഗമായി വളർന്ന് വർണ്ണപ്പൊലിമകൾ തീർക്കുന്നതാണ്. ദാഹിച്ചു വലയുന്ന പ്രണയത്തിന് എന്നും ദാഹമേയുള്ളൂ. ആ ദാഹമകറ്റാന്‍ നാടോ നഗരമോ ഒന്നും ഒരു വിഷയമല്ല. കാട്ടാറുകള്‍ തേടിയലയുവാനും മടി കാട്ടില്ല. തന്റെ മകൾ അങ്ങനെയൊരു പ്രണയക്കയത്തിൽ വീണു പിടയുമെന്ന് വിശ്വാസമില്ല. നിർമ്മല സ്നേഹം ഈ പ്രപഞ്ചത്തിൽ മറ്റെന്തിനെക്കാളും വളരെ വളരെ മുന്നിലാണ്.
മകളുടെ അഭിപ്രായത്തോട് യോജിപ്പോ വിയോജിപ്പോ ഒന്നുംതന്നെ ചാരുംമൂടന്‍ പ്രകടിപ്പിച്ചില്ല. അവളുടെ ആഗ്രഹം പോലെ വിവാഹം നടത്തട്ടെ. നാളത്തെ ജീവിതഫലം ഇന്നത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലമെന്ന് അവൾക്കറിയാം. ആ പൂക്കൾ വിടരുന്നത് കാണാൻ മാത്രമേ ആഗ്രഹമുള്ളു. ഇന്നവൾ ദുര്‍ഘടം പിടിച്ച ഒരു കേസന്വേഷണവുമായി വന്നിരിക്കയാണ്. അതിനിടയിൽ അമ്മയും മോളും ഈ വിഷയം സംസാരിക്കാൻ പാടില്ല. അത് അന്വേഷണത്തെ സാരമായി ബാധിക്കും.
ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്നതിന് മുമ്പായി സൈമൺ അറിയിച്ചു. “തൽക്കാലം നമുക്ക് വിവാഹവിഷയം അവസാനിപ്പിക്കാം. കാരണം ഇവൾ വന്നിരിക്കുന്നത് ഒരു കൊലയാളിയെ തേടിയാണ്. അല്ലാതെ കല്യാണച്ചെറുക്കനെ തേടിയല്ല. വലിയൊരു വെല്ലുവിളിയാണ് മകൾ ഏറ്റെടുത്തിരിക്കുന്നത്. ആദ്യം ഏറ്റെടുത്ത ജോലി പൂർത്തീകരിക്കുക.” കിരണിന്റെ മുഖം തെളിഞ്ഞു. പപ്പായോട് നന്ദി പറഞ്ഞു, “താങ്ക്സ് പപ്പാ…” മകൾ പുഞ്ചിരിക്കുന്നത് കണ്ട് ഓമനയ്ക്ക് ദേഷ്യമാണ് തോന്നിയത്. ആ അഭിപ്രായം മനസ്സിനെ നൊമ്പരപ്പെടുത്തുകതന്നെ ചെയ്തു. സ്വന്തം സഹോദരൻ കൊണ്ടുവന്ന നല്ലൊരു ആലോചനയാണ് തട്ടിക്കളയുന്നത്. എപ്പോഴും മകൾക്ക് ഒത്താശ ചെയ്യുന്ന പപ്പാ. ഓമന ചിന്തിച്ചുകൊണ്ടിരിക്കെ സൈമൺ ഒന്നുകൂടി തറപ്പിച്ചു പറഞ്ഞു. “കിരൺ, ദാമ്പത്യജീവിതം നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ കേസ്സിന്റെ അന്തിമ വിധികഴിഞ്ഞാല്‍ അടുത്തതായി തുറക്കുന്നത് നിന്റെ വിവാഹ കേസിന്റെ ഫയലായിരിക്കണം. ഇനിയും നീ മമ്മിയെ കബളിപ്പിക്കാമെന്ന് കരുതേണ്ട. ആ കേസ് അന്വേഷിക്കുന്നത് ഞാനായിരിക്കും. ഓ.കെ.”
സൈമൺ കൈകഴുകാനായി എഴുന്നേറ്റ് അകത്തേക്കു പോയതും നോക്കി അമ്മയും മകളുമിരുന്നു. അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. മകൾക്ക് അങ്ങനെയൊരു അവസാനതാക്കീതു കൊടുത്തതിൽ ഓമനയ്ക്കും ആശ്വാസം. എന്നും മകളുടെ അഭിപ്രായത്തിനാണ് പിതാവ് മുൻതൂക്കം കൊടുക്കുന്നത്. ഇപ്പോഴെങ്കിലും തന്റെ അഭിപ്രായത്തോട് യോജിച്ചല്ലോ. ഓമനയുടെ മുഖം കൂടുതൽ തെളിഞ്ഞുവന്നു.
എങ്ങും ഇരുൾ വ്യാപിച്ചു കിടന്നു. അടുത്ത വീടുകളിലെ മതിലുകൾക്കുള്ളിൽ നേരിയ വെളിച്ചം കാണുന്നുണ്ട്. കിരൺ അവളുടെ മുറിക്കുള്ളിലെ കമ്പ്യൂട്ടർ ഓൺ ചെയ്തു. പേരും പാസ് വേർഡും അടിച്ചു. അതില്‍ വന്നിട്ടുള്ള കത്തുകള്‍ വായിച്ചിട്ട് ചിലതിന് മറുപടി അയച്ചു. ശങ്കരന്റെ മുറിയിൽ നിന്ന് കൊണ്ടുവന്ന ഫയലുകളിലൂടെ കണ്ണോടിച്ചു. ഫയലിൽ നോക്കി പലതും കമ്പ്യൂട്ടറിലേക്ക് പകർത്തി. അയാളുമായി ബന്ധമുള്ള പലരുടെയും മൊബൈൽ നമ്പരുകൾ കമ്പ്യൂട്ടറിലാക്കി. എല്ലാം ഒരു ഫയലില്‍ സേവ് ചെയ്യുക മാത്രമല്ല ഒരു സിഡിയിലാക്കി അലമാര തുറന്ന് അതിനുള്ളിലെ പുസ്തകകൂട്ടങ്ങൾക്കിടയിൽ ഭദ്രമായി വയ്ക്കുകയും ചെയ്തു. അവിടെ മറ്റു സിഡികളും മൊബൈലുകളുമുണ്ടായിരുന്നു. അവൾ കമ്പ്യൂട്ടറിലേക്ക് കണ്ണുകളോടിച്ചു. ശങ്കരന്റെ മുറിയില്‍ നിന്നെടുത്ത സിഡികളിൽ ശ്രദ്ധാലുവായി.
അയാൾ പങ്കെടുത്ത മീറ്റിംഗുകളുടെ സിഡികൾ മാറിയിടുന്നതിനിടയിൽ ലൈംഗികതനിറഞ്ഞ മൂന്നു സിഡികളും കാണാനിടയായി. ഒരൽപം ആസ്വദിച്ചിട്ട് അത് നിർത്തിയിട്ട് എഴുന്നേറ്റു മുറിക്കുള്ളിൽ ചിന്താകുലയായി നടന്നു. ഇത്തരത്തിലുള്ള ഒരു നഗ്നചിത്രം ഈ പ്രായത്തിൽ അയാളുടെ കൈവശം എങ്ങിനെ വന്നു. ആസൂത്രിതമായി നടന്ന ഈ കൊലപാതകവും ഈ ചിത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എല്ലാവരില്‍നിന്നും കേട്ടത് സ്ത്രീകളോട് വളരെ ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയെന്നാണ്. സംശയം മുറുകുന്നു. ചില കാമഭ്രാന്തുള്ള പുരുഷന്മാർ ഇത്തരത്തിലുള്ള നഗ്നചിത്രങ്ങൾ രഹസ്യമായി കാണാറുണ്ട്. അത് സ്വന്തം ഭാര്യപോലും അറിയണമെന്നില്ല. ഈ കൊലപാതകത്തിന് പിന്നിൽ ഒരു സ്ത്രീലമ്പടൻ ഒളിഞ്ഞിരിപ്പുണ്ടോ?
അവൾ കസേരയില്‍ വന്നിരുന്ന് ചാനലിലെ വാർത്ത ശ്രദ്ധിച്ചു. ഭരണരംഗത്തുനിന്നുള്ള വാർത്തകൾ മിക്കവയും ഉത്കണ്ഠയുണ്ടാക്കുന്നവയാണ്. ഭരണത്തിലിരുന്ന് രാജ്യത്തിന്റെ സമ്പത്ത് കൊള്ള ചെയ്യുന്നവരുടെ വിസ്താരമാണ് ചാനലുകളിൽ ചർച്ച ചെയ്യുന്നത്. വളരെ ദയനീയമായി കണ്ടത് പിഞ്ചുപെൺകുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. പെൺമക്കളെയോർത്ത് ഭാരപ്പെടുന്ന അമ്മമാരെ ഒരുനിമിഷം ഓർത്തു. സ്ത്രീപീഡനം ഒരു തുടർക്കഥയായി തുടരുന്നത് കണ്ട് ടിവി ഓഫ് ചെയ്തു കിടക്കയില്‍ വന്നുകിടന്നു. നീണ്ടമാസങ്ങൾക്കു ശേഷം സ്വന്തം മുറിയിൽ കിടന്നപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് അനുഭവപ്പെട്ടത്. കരുണിനെ വിളിച്ചാലോ എന്നോർത്തു. പകൽ വിളിച്ചതല്ലേ? ഇനിയും വിളിച്ച് ബുദ്ധിമുട്ടിക്കണ്ട.
അവൾ ഭിത്തിയിലേക്ക് ചേർന്നുള്ള വലിയ കണ്ണാടിയിലേക്ക് നോക്കി നെഞ്ചത്ത് മുറുകിക്കിടന്ന ഷർട്ടിന്റെ ബട്ടണുകൾ മാറ്റി. അഴകാർന്ന ശരീരഭംഗി കണ്ടപ്പോള്‍ ആഹ്ലാദം തോന്നി. കരുൺ ഒപ്പമുണ്ടായിരുന്നെങ്കിൽ അവനെ മാറോടമർത്തി ഒന്നായി പുണർന്ന് ഒരു പുതപ്പിനടിയിലെ ചൂട് പങ്കുവയ്ക്കാമായിരുന്നു.
പപ്പായുടെ വാക്കുകൾ ഒരിക്കൽക്കൂടി ഓർത്തു. ആ വാക്കുകള്‍ അക്ഷരങ്ങളെപ്പോലെ ശക്തമാണ്. കരുണിന് പപ്പയെ ധിക്കരിക്കാനാവില്ല. ഇന്നും അനുസരണയുള്ള കുട്ടിയാണ്. എല്ലാമറിയുമ്പോൾ ഒരൽപം തളർച്ച അമ്മയ്ക്കുണ്ടാവും. കണ്ണാടിയിലേക്ക് ഒരിക്കൽക്കൂടി നോക്കി. വികാരത്തിളക്കം ആ കണ്ണുകളില്‍ പുറത്തെ നിലാവുപോലെ തെളിഞ്ഞുനിന്നു.
മേശപ്പുറത്തിരുന്ന പപ്പയുടെ പുതിയ നോവൽ വായിക്കാനായെടുത്തിട്ട് തലയിണ ഉയർത്തിവച്ച് വായന ആസ്വദിച്ചു. ഏതാനും അദ്ധ്യായങ്ങൾ വായിച്ചിട്ട് കിടന്നുറങ്ങാനാണ് ആഗ്രഹിച്ചത്. പക്ഷേ, കഴിയുന്നില്ല. ഇത് തന്റെയും കരുണിന്റെയും ജീവിതമാണെന്ന് തോന്നുന്നു. ഉള്ളിൽ സംശയങ്ങൾ ഉയർന്നു. വെണ്മയാർന്ന മാർബിൾ കല്ലിൽ കടഞ്ഞെടുത്ത അക്ഷരങ്ങൾ. അവളുടെ മിഴികൾ വിടർന്നു. അവൾ പുസ്തകത്തിൽ നിന്ന് കണ്ണുകൾ എടുത്ത് അഭിമുഖമായിരുന്ന വലിയ കണ്ണാടിയിലേക്ക് തുറിച്ചുനോക്കി. നിമിഷങ്ങൾ സ്തബ്ധയായിരുന്നു. പപ്പ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാരനായി എങ്ങിനെ വന്നു? ആത്മസംതൃപ്തിയോടെ അവൾ വായന തുടർന്നു.