ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -29,പുത്തനുദയം | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

ശങ്കരന്‍നായര്‍ കൊലക്കേസ് വിചാരണ കോടതിയില്‍ ആരംഭിച്ചു. ചാരുംമൂടനാണ് മാധവനു വേണ്ടി കേസ് വാദിച്ചത്. ശങ്കരന്‍റെ കൊലയിലേക്കു നയിച്ച കരുത്ത ചരിത്രം കോടതി മുറിയില്‍ ചുരുളഴിഞ്ഞപ്പോള്‍, അഴിമതിക്കാരും പെണ്‍പിടിയന്മാരുമായ നാലു മന്ത്രിമാര്‍ രാജി വച്ചു പുറത്തുപോയി.
ധാരാളം സര്‍ക്കാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരാറുണ്ട്. അതിനായി കേന്ദ്രമടക്കമുള്ളവര്‍ ധാരാളം കോടികളും അനുവദിക്കുന്നു. ആ തുകയില്‍ കൂടുതലും തട്ടിയെടുക്കുന്നത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥന്മാരാണ്. എത്തേണ്ട കൈകളില്‍ അതെത്തുന്നില്ല. ഇത്തരത്തിലുള്ള ദുര്‍ഭരണം ഇവിടുത്തെ മനുഷ്യര്‍ ഇനിയും അനുഭവിക്കണെന്നാണോ നിങ്ങള്‍ പറയുന്നത്? ലക്ഷ്യബോധമില്ലാത്ത തെരുവു തെണ്ടികളെപ്പോലെ ഇവിടെ അലയുന്ന മനുഷ്യരെ നിങ്ങള്‍ കാണുന്നില്ലേ. കോടതി മുറ്റത്ത് ചില മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിനാണ് ചാരുംമൂടന്‍ മറുപടി പറഞ്ഞത്.
ശങ്കരന്‍നായരുടെ കേസ്സില്‍ സാക്ഷികളായ രമാദേവി, അരുണ, കാശിപ്പിള്ള, ഓമന എല്ലാവരുടെയും മൊഴികള്‍ കോടതി രേഖപ്പെടുത്തി. കാശിപ്പിള്ള വന്നത് കാഷായവസ്ത്രമണിഞ്ഞാണ്. ആ ദിവസങ്ങളിലെല്ലാം കിരണും ബിന്ദുവും കോടതിയിലെത്തിയിരുന്നു. അന്തിമവിധി എന്താകുമെന്നത് ബിന്ദുവിന്‍റെ മനസ്സിനെ ഭാരപ്പെടുത്തിയിരുന്നു. ബിന്ദുവിന് മകന്‍ വാങ്ങിക്കൊടുത്ത വീല്‍ചെയറിലാണ് യാത്ര. അവസാനത്തെ വിസ്താരം നേരിട്ടത് ബിന്ദുവായിരുന്നു. അന്ന് കരുണും അമ്മയ്ക്കൊപ്പം കോടതിയിലെത്തിയിരുന്നു.
കിരണ്‍ മുന്‍കൂര്‍ ജാമ്യമെടുക്കും പോലെ ഒരു കാര്യം പറഞ്ഞു, “ഇന്ന് പുതിയൊരു വെളിപ്പെടുത്തലുണ്ടാകും. നീ അത് കേട്ട് ഞെട്ടരുത്. അത് എന്തെന്ന് എന്നോട് ചോദിക്കയും ചെയ്യരുത്. കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും ഞാനാരോടും സംസാരിക്കില്ലെന്ന് നിനക്കറിയാമല്ലോ.”
അവന്‍ ആകാംക്ഷാഭരിതനായി കോടതി മുറിക്കുള്ളില്‍ ഇരുന്നു. വക്കീലന്മാരുടെ ചോദ്യോത്തരങ്ങള്‍ കേട്ടുകൊണ്ടിരിക്കെ അമ്മയുടെ വെളിപ്പെടുത്തല്‍ കേട്ടവന്‍ ഞെട്ടിത്തരിച്ചിരുന്നു. ഹൃദയം പിളര്‍ന്നു മാറുന്ന അനുഭവം. തെരെഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ത്തന്നെ വിളിച്ച് അഭിനന്ദിച്ചത് ഓര്‍മ്മയിലെത്തി. എന്‍റ അച്ഛന്‍ ശങ്കരന്‍ നായരോ? കിരണ്‍ ആശ്വാസമായി അവനടുത്തിരുന്നു. അവളുടെ കൈകള്‍ അവന്‍റെ കൈകളെ ഇറുകെ പിടിച്ചു.
ജഡ്ജി വിധി പറയുന്നത് അടുത്ത മാസം പത്താം തീയതിയിലേക്ക് മാറ്റി. അമ്മയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും കിരണ്‍ കരുണിനെ അറിയിച്ചു. അവന്‍ എല്ലാം ശാന്താനായി കേട്ടിരുന്നു. ഒന്നും മറുപടി പറഞ്ഞില്ല….
മാനസിക നില പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മാധവനെ വെറുതേ വിടുകയും ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തുകൊണ്ട് കോടതി ഉത്തരവായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *