നമ്മുടെ ദുഃഖങ്ങളെ സന്തോഷമാക്കി മാറ്റാൻ പഞ്ചശീലങ്ങൾ ഉപദേശിച്ചുതന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ ബുദ്ധമത സന്യാസിയായിരന്നു ‘തായ്’ (ഗുരു) എന്ന പേരിൽ അറിയപ്പെടുന്ന തിക് നാറ്റ് ഹാൻ എന്ന വിയറ്റ്നാംകാരനായ ബുദ്ധസന്യാസി.
മനുഷ്യർ എപ്പോഴും സന്തോഷമുളളവരായിരിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി നമ്മെ സഹായിക്കുന്ന നിരവധി പുസ്തകങ്ങളും അധ്യാപകരും ലോകത്ത് ഉണ്ട്. എന്നിട്ടും നാമെല്ലാവരും നിത്യേന സന്താഷമുളളവരല്ല. ഇതിനുകാരണം, സന്തോഷത്തിന്റെ കല അഭ്യസിക്കുന്നതിനൊടൊപ്പം നമ്മുടെ കഷ്ടപ്പടുകളെ, ദുഃഖങ്ങളെ ഒരു കലയായി അഭ്യസിക്കാൻ പഠിക്കാത്തതുകൊണ്ടാണ്.
നിരന്തരം നിലനിർത്താൻ സാധിക്കുന്ന സന്തോഷം മാത്രം നിറഞ്ഞ ഒരു അവസ്ഥ ജീവിതത്തിൽ ഒരിക്കലും നമുക്കു സാധ്യമല്ല എന്ന സത്യം നാം അറിയണം അംഗീകരിക്കണം. സന്തോഷം ആസ്വദിക്കാൻ കഴിയുന്നതുപോലെ കഷ്ടപ്പാടുകളും നന്നായി ആസ്വദിക്കാൻ ഒരാൾക്ക് കഴിയുമ്പോൾ ജീവിതം സന്തോഷകരമാകും. ജീവിതം സുഖദുഃഖസമ്മിശ്രമമാണ്. സന്തോഷവും കഷ്ടപ്പാടുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം.
മനുഷ്യരിൽ ഭൂരിപക്ഷവും സന്തോഷത്തെ മാത്രം പിന്തുടരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. കഷ്ടപ്പാടുകളെ അവഗണിക്കാനോ ചെറുക്കാനോ നമ്മൾ നിരന്തരം പരിശ്രമിക്കുന്നു. എപ്പോഴും ദുഃഖം സന്തോഷത്തിന്റെ വഴിക്ക് തടസ്സമാകുന്ന ഒന്നായി നമ്മൾ കരുതുന്നു. എന്നാൽ സന്തോഷത്തിന്റെ കല, എങ്ങനെ നന്നായി സഹിക്കണമെന്ന് അറിയാനുള്ള കല കൂടിയാണ്. നമ്മുടെ കഷ്ടപ്പാടുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെങ്കിൽ, നമുക്ക് അതിനെ രൂപാന്തരപ്പെടുത്താനും വളരെ കുറച്ച് കഷ്ടപ്പെടാനും കഴിയും. എങ്ങനെ നന്നായി കഷ്ടപ്പെടണമെന്ന് അറിയുന്നത് യഥാർത്ഥ സന്തോഷം തിരിച്ചറിയാൻ അത്യന്താപേക്ഷിതമാണ്.
സമസ്ത മേഖലകളിലും അറിവ് സമ്പാദിച്ചു മുന്നേറുന്ന മനുഷ്യർക്ക് അവനവനെക്കറിച്ചുള്ള അറിവ് അല്ലെങ്കിൽ ആത്മജ്ഞാനം വളരെ കുറവാണ്. നമുക്ക് അസ്വസ്ഥതരാകാൻ, ഉത്ക്കണ്ഠാകുലരാകാൻ ഒരായിരം കാരണങ്ങൾ ഉണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ അഭ്യസിക്കുത്തതിനൊടൊപ്പം ജീവനകല എങ്ങനെ അഭ്യസിക്കണമെന്ന പാഠ്യപദ്ധതി നമ്മുടെ വിദ്യാഭ്യാസത്തിലില്ല. ഭൂരിഭാഗം നമ്മുടെ ദുഃഖങ്ങളും അസന്തുഷ്ടിയും ആശങ്കകളും അതിനുള്ള കാരണങ്ങളും നമ്മുടെ സമൂഹത്തിൽ നിന്നും നാം ആർജ്ജിച്ചതാണ്.
സന്തോഷമുളളവരായിരിക്കാൻ തായ് നിർദ്ദേശിക്കുന്ന പഞ്ചശീലങ്ങൾ
നമുക്കു പ്രിയപ്പെട്ട പലതിനേയും ഉപേക്ഷിക്കാൻ പഠിക്കുക.
സന്തോഷവും സമാധാനവും സൃഷ്ടിക്കുന്നതിനുള്ള ആദ്യ പടി നാം വിലമതിക്കുന്ന, നമുക്ക് പ്രിയപ്പെട്ട, വസ്തുക്കളെയും ചിന്തകളെയും വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അങ്ങിനെ പലതിനേയും ഉപേക്ഷിക്കുക എന്നതാണ്.
നമ്മളിൽ പലരും പല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നിലനിൽപ്പിനും സുരക്ഷയ്ക്കും സന്തോഷത്തിനും ഇവ ആവശ്യമാണെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഇവയിൽ പലതും-അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, അവയുടെ പൂർണ്ണമായ ആവശ്യകതയെക്കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങൾ നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും ശരിക്കും തടസ്സങ്ങളാണ്.
നമ്മുടെ ഭയാനകമായ ആസക്തിയെ നാം ആഴത്തിൽ പരിശോധിക്കുകയാണെങ്കിൽ, വാസ്തവത്തിൽ അത് നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും തടസ്സമാണെന്ന് നമുക്കു മനസ്സിലാകും. അത് ഉപേക്ഷിക്കാനുള്ള കഴിവ് നമുക്കുണ്ടുണ്ടാവണം. വെറുതെ വിട്ടുകൊടുക്കാൻ ചിലപ്പോൾ ഒരുപാട് ധൈര്യം നമുക്കു വേണ്ടിവരും. എന്നാൽ, നമ്മൾ ഉപേക്ഷിച്ചുകഴിഞ്ഞാൽ, സന്തോഷം വളരെ വേഗത്തിൽ നമ്മിൽ വളരും.
2. നല്ല ചിന്തയുടെ വിത്തുകൾ വളർത്തുക.
നമ്മുടെ ബോധത്തിൽ സ്വർഗവുമുണ്ട്, നരകവുമുണ്ട്. നമുക്ക് ഓരോരുത്തർക്കും നമ്മുടെ അബോധമനസ്സിൻ്റെ ആഴത്തിൽ കിടക്കുന്ന പലതരം നന്മയുടെ ‘വിത്തുകൾ’ ഉണ്ട്. നാം അവയെ നനയ്ക്കുവാനും മുളപൊട്ടുവാനും അഭ്യസിക്കുക. നന്മയുടെ ഈ വിത്തുകൾ നമ്മുടെ അവബോധത്തിലേക്ക് കടന്നുവരാനും കൂടുതൽ സന്തോഷം നമ്മിൽ ജനിപ്പിക്കാനും കാരണമാക്കും. ഇതുവഴി നമുക്ക് അനുകമ്പയും വിവേകവും സന്തോഷവും ഉള്ളവരായിരിക്കാൻ കഴിയും. നാം നമ്മിലെ നിഷേധാത്മകമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ, വിശേഷിച്ചും ഭൂതകാല വേദനകളിലും കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും മാത്രം മുഴുകുകിയാൽ, നമ്മിലെ സാക്ഷത്തായ ചിന്തകൾക്ക് പോഷണം ലഭിക്കാതെ വരും. ഇതുവഴി നാം ജീവിതത്തിൽ അസന്തുഷ്ടരും രോഗികളുമായി മാറും. ഭാവാത്മക ചിന്തകൾ നല്ല മനോപോഷണമാണ്.
3. അവധാനപൂർവ്വാധിഷ്ഠിത സന്തോഷം.
സന്തോഷകരമായ ജീവിതത്തിന് വരണരഹിതമായി ഓരോ നിമിഷത്തെയും തിരഞ്ഞെടുക്കാനുളള കഴിവ് അത്യന്താപേക്ഷിതമാണ്. നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന വിദ്വേഷം കോപം ഭയം ഉത്കണ്ഠ മുതലായ വികാരങ്ങൾ നമ്മുടെ മാനസ്സികാരോഗ്യത്തെ – സന്തോഷത്തെ നശിപ്പിക്കും. ഇതിനുപുറമേ, നാശഹേതുകമായ മനസ്സിലെ ചിന്തകൾ മസ്തിഷ്കത്തിൽ വ്യതിയാനം വരുത്തുകയും ശരീരത്തിലെ കോശങ്ങൾക്ക് വ്യാപകമായ കേടുപാടുകൾ വരുത്തുകയും ചെയ്യും. ഇത് ഒഴിവാക്കുവാനുളള ഏകമാർഗ്ഗം അവധാപൂർവ്വാധിഷ്ഠിത സന്തോഷം നമ്മിൽ വളർത്തുകയാണ്. വേദനകളുമായി സമ്പർക്കം പുലർത്താൻ മാത്രമല്ല, അതിനെ ഉൾക്കൊള്ളാനും രൂപാന്തരപ്പെടുത്താനും, സ്വന്തം ശരീരം ഉൾപ്പെടെയുള്ള ജീവിതത്തിന്റെ അത്ഭുതങ്ങളെ സ്പർശിക്കാനും മനസ്സ് നമ്മെ സഹായിക്കുന്നു. ഈ നിമിഷം ഇവിടെ ആയിരിക്കാനുളള പരിശീലനമാണ് അവധാനതയോടെയുളള ജീവിതം കൊണ്ടുദ്ദേശിക്കുന്നത്.
4. ഏകാഗ്രത
ശ്രദ്ധയിൽ നിന്നാണ് ഏകാഗ്രത ജനിക്കുന്നത്. ഏകാഗ്രതയെ തകർക്കാനും നമ്മെ കഷ്ടപ്പെടുത്തുന്ന ക്ലേശങ്ങളെ അകറ്റാനും സന്തോഷവും സമാധാനവും ഉള്ളിൽ വളർത്തുവാനും ഏകാഗ്രതയ്ക്ക് ശക്തിയുണ്ട്.
ഈ നിമിഷത്തിൽ തുടരാൻ ഏകാഗ്രത ആവശ്യമാണ്. ഭാവിയെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും എപ്പോഴും നമ്മെ അലട്ടുന്നുണ്ടാവും. നമുക്ക് നമ്മുടെ മനോചിന്തകളെ അതതു സമയം അറിയാനും അംഗീകരിക്കാനും നമ്മുടെ ഏകാഗ്രത ഉപയോഗിച്ച് ഈ നിമിഷത്തിലേക്ക് മടങ്ങാനും കഴിയും. ഏകാഗ്രത വഴി നമുക്ക് ധാരാളം ഊർജ്ജം ലഭിക്കും. മുൻകാല കഷ്ടപ്പാടുകളുടെ വേദനയോ, ഭാവിയെക്കുറിച്ചുള്ള ഭയങ്ങളാലോ നമ്മിൽ നിന്നും അകന്നുപോകാൻ ഇതു സഹായിക്കും. ഏകാഗ്രത വഴി നാം ഈ നിമിഷത്തിൽ സ്ഥിരതയോടെ വസിക്കും ജീവിതത്തിന്റെ അത്ഭുതങ്ങളുമായി സമ്പർക്ക പുലർത്തും സന്തോഷവും സമാധാനവും അനുഭവിക്കും.
ഏകാഗ്രത അഭ്യസിക്കാൻ എപ്പോഴും എന്തിലെങ്കിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ശാന്തമായ രീതിയിൽ നമ്മുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നമുക്ക് ഏകാഗ്രത നേടാം. ഇങ്ങനെ ചെയ്താൽ ഏകാഗ്രത ആന്തരിക ശക്തി വളർത്തും. ഇതിനായി പൂർണ്ണഹൃദയത്തോടും മനസ്സോടും കൂടി നമ്മുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏകാഗ്രത കഠിനാധ്വാനമല്ല. നമ്മൾ സ്വയം ബുദ്ധിമുട്ടുകയോ വലിയ ശ്രമം നടത്തുകയോ ചെയ്യേണ്ടതില്ല. ഇങ്ങനെ നമ്മിൽ സന്തോഷവും സമാധാനവും എളുപ്പത്തിൽ ഉടലെടുക്കും.
5. ഉൾക്കാഴ്ച
ഉൾക്കാഴ്ച എന്നാൽ ഉള്ളത് ആഴത്തിൽ കാണലാണ്. അസൂയ, കോപം തുടങ്ങിയ ക്ലേശങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കാനും യഥാർത്ഥ സന്തോഷം വരാൻ അനുവദിക്കാനും കഴിയുന്ന വ്യക്തതയാണിത്. നമ്മിൽ ഓരോരുത്തർക്കും ഉൾക്കാഴ്ചയുണ്ട്, എന്നിരുന്നാലും നമ്മുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിന് നമ്മൾ എല്ലായ്പ്പോഴും അത് ഉപയോഗിക്കുന്നില്ല. നമുക്ക് വേണ്ടത് ഉൾക്കാഴ്ചയാണ്, അറിവില്ല.
ഈ പഞ്ചശീലങ്ങൾ ശ്രദ്ധയോടെ അഭ്യസിച്ചാൽ നാം നമ്മുടെ ശരീരത്തിലെ പിരിമുറുക്കങ്ങൾ കുറയ്ക്കും, ജീവിതത്തിൽ സന്തോഷവും സമാധാനവും സദാ അനുഭവിക്കും.












