LIMA WORLD LIBRARY

വ്ലാഡിമർ ഇലിച്ച് ഉല്യാനോവ് ലെനിൻ

1924 ജനുവരി 21 നാണ് വ്ലാഡിമർ ഇലിച്ച് ഉല്യാനോവ് ലെനിൻ അന്തരിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് ജന്മം നൽകിയ മഹാന്മാരായ ജനനേതാക്കളിൽ ഒരാളായ ആ മനുഷ്യന് അപ്പോൾ 54 വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല പ്രായം. അദ്ദേഹത്തിന്റെ ശമമഞ്ചത്തിനരികിൽ നിന്നുകൊണ്ട് ഭാര്യ ക്രൂപ്കയ, കാര്യമാത്രപ്രസക്തമെങ്കിലും ഓജസ്സുള്ള ഒരു പ്രസംഗം നടത്തുകയുണ്ടായി അന്ന്.

“സഖാക്കളേ , തൊഴിലാളി പുരുഷന്മാരെ സ്ത്രീകളെ , കർഷക പുരുഷന്മാരെ , സ്ത്രീകളേ…”
ക്രൂപ്സ്കയ പറഞ്ഞു –
“എനിക്ക് നിങ്ങളോട് ഒരു വലിയ അഭ്യർത്ഥന നടത്താനുണ്ട്. നിങ്ങൾ ഒരിക്കലും ലെനിന്റെ പ്രതിമകൾ ഉയർത്തരുത്. മന്ദിരങ്ങൾക്ക് അദ്ദേഹത്തിന്റെ പേരിടരുത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഭക്തിഘോഷപൂർവ്വമായ ഉത്സവങ്ങൾ നടത്തരുത്. ഇവയെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളായിരുന്നു ; ഒരുവേള പീഡാവഹം പോലുമായിരുന്നു. എത്ര മനുഷ്യരാണ് നമ്മുടെ രാജ്യത്ത് പട്ടിണിയും പരിവട്ടവുമായി കഴിയുന്നത് എന്ന് ഒന്നോർത്തു നോക്കൂ. നിങ്ങൾ അദ്ദേഹത്തെ ആദരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശിശുമന്ദിരങ്ങളും നഴ്സറികളും വീടുകളും വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ആശുപത്രികളും ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്. സർവ്വോപരി അദ്ദേഹത്തിന്റെ ആദർശങ്ങൾക്ക് ജീവനുള്ള ഒരു മരണപത്രം സൃഷ്ടിക്കുകയാണ് വേണ്ടത്…”

ലെനിൻ എന്തായിരുന്നു എന്നും, എന്തായിരുന്നില്ല എന്നും ക്രൂപ്സ്കയയ്ക്ക് നല്ലതുപോലെ അറിയുമായിരുന്നു. എന്നാൽ, ആ അർത്ഥത്തിൽ നാമത് വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ..? അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങൾ, അതിന്റെ വിപ്ലവസത്ത, ചരിത്രപരത ,ഉന്നതമായ ജനാധിപത്യ ബോധം തുടങ്ങി സംഘടനയിലും സിദ്ധാന്തത്തിലും വ്യക്തിജീവിതത്തിലും ലെനിൻ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ, അദ്ദേഹം പറഞ്ഞതു പോലെത്തന്നെയാണോ നാം കേട്ടത്..? സ്വൽപ്പം അലോസരമുണ്ടാക്കുമെങ്കിലും, ലെനിനെപ്പോലുള്ള ഒരാളുടെ കാര്യമായതിനാൽ ആ വഴിക്ക് കൂടി നമുക്കിപ്പോൾ ചിന്തിക്കാവുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ യഥാർത്ഥ സത്തയിൽ, അപമാനബോധം പോലും ഒരുതരം വിപ്ലവബോധമാണ് എന്ന് മാർക്സ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ….

ലെനിനെ , അദ്ദേഹം ജീവിച്ച കാലഘട്ടത്തിലും , റഷ്യൻ വിപ്ലവത്തെ അതിനു മുൻപുള്ള ഒരു നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക ചരിത്ര പ്രക്രിയയിലും പ്രതിഷ്ഠിച്ച് ലോകപ്രശസ്തനായ എഴുത്തുകാരനും, കോളമിസ്റ്റും, ബുദ്ധിജീവിയും യുദ്ധവിരുദ്ധ പോരാളിയും മറ്റുമായ താരിഖ് അലി അഞ്ച് വർഷം മുൻപെഴുതിയ, ‘The Dilemmas Of Lenin : Terrorism, War, Empire, Love, Revelution’ എന്ന അത്യുജ്ജ്വലമായ ഗ്രന്ഥം , ലെനിന്റെ 98-ാം ചരമദിനത്തിൽ എല്ലാ വായനക്കാർക്കുമായി ഞാനിപ്പോൾ ശുപാർശ ചെയ്യുകയാണ്. ഒരുപോലെ, ലെനിന്റെ അനുയായികൾക്കും എതിരാളികൾക്കും അത് ഗുണം ചെയ്യും.

വിപ്ലവത്തിന്റെ മുൻപും ശേഷവുമുള്ള സമയത്ത്, താൻ അഭിമുഖീകരിച്ച വിഷമസന്ധികളെ , സിദ്ധാന്തത്തേയും പ്രയോഗത്തേയും സമന്വയിപ്പിച്ചു കൊണ്ട് ലെനിൻ മറികടന്ന ബൗദ്ധികരഥ്യയെ അനാവരണം ചെയ്യുകയാണ് താരിഖ് അലി.അതിനായി ലെനിന് ലഭ്യമായ സവിശേഷമായ ചരിത്ര സന്ദർഭങ്ങളുടെ ആനുകൂല്യത്തെയും അലി വരച്ചു കാട്ടുന്നുണ്ട്. ഒരഞ്ചു കൊല്ലം കൂടി ലെനിന് ജീവിക്കാനായിരുന്നെങ്കിൽ സോവിയറ്റ് യൂണിയന്റേയും അതുവഴി ലോകത്തിന്റെ തന്നേയും ചരിത്രം മറ്റൊന്നായിപ്പോകുമായിരുന്നു എന്ന് വ്യക്തമായ നിരീക്ഷണങ്ങളുടെ പിൻബലത്തോടെ അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. അത്രയും ഉജ്ജ്വലമായിരുന്നു സൈദ്ധാന്തികവും, പ്രായോഗികവുമായ ലെനിന്റെ വ്യവഹാരങ്ങൾ.

ജ്യേഷ്ഠനായ അലക്സാണ്ടർ ഉല്യാനോവാണ് ലെനിനെ , മാർക്സിസത്തിന്റേയും വിപ്ലവത്തിന്റേയും വഴിയിലേക്ക് തിരിച്ചുവിട്ടത്. വെറും 19-ാം വയസ്സിൽ , സാഷ എന്ന വിളിപ്പേരുള്ള ഉല്യാനോവ് സാർ ചക്രവർത്തിയാൽ തൂക്കിലേറ്റപ്പെട്ടു. ജീവിതകാലം മുഴുവൻ ആ മരണം ലെനിനെ മഥിച്ചുകൊണ്ടേയിരുന്നു. സാഷ, 1886 ൽ മൂലധനം വായിക്കുമ്പോൾ , ചെസ്സും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന താൻ തുർഗനോവിനെ വായിക്കുകയായിരുന്നു എന്ന കാര്യം ലെനിൻ തന്നെ സാക്ഷ്യപ്പെടുത്തിയതായി താരിഖ് അലി പറയുന്നു. സാഷയുടെ രക്തസാക്ഷിത്വത്തിന് ശേഷമാണ് വിപ്ലവത്തിന്റെ കനൽവഴിയിലേക്ക് ലെനിൻ ജ്ഞാനസ്നാനം ചെയ്യുന്നത്.

ആ കനൽപ്പാതയിൽ വെച്ചു തന്നെയാണ് ലെനിൻ ക്രൂപ്സ്കയയെ കാണുന്നത്. സൈബീരിയയിലേക്ക് നാടുകടത്തപ്പെടുമ്പോൾ ഇരുവരും ഒരുമിച്ചായിരുന്നു. വിവാഹിതരായതും അവിടെ വെച്ചു തന്നെ.

“ആരാണ് നിനക്ക് ഏറ്റവും പ്രിയപ്പെട്ടത്..? ഞാനോ പാർട്ടിയോ ..?”

ഒരിയ്ക്കൽ ലെനിൻ ക്രൂപ്സ്കയയോട് ചോദിച്ചു. ഒരുപാട് നേരത്തെ ഇടവേളക്ക് ശേഷം അവർ പറഞ്ഞു –
” രണ്ടും..”
അതൊരു പരീക്ഷണ ചോദ്യമായിരുന്നു. പരീക്ഷണം, പക്ഷേ, പരാജയപ്പെട്ടു. എന്നാലിതേ ചോദ്യം ക്രൂപ്സ്കയയോ, പിന്നീട് ഇന്നെസ്സയോ ലെനിനോട് ചോദിച്ചിരുന്നെങ്കിൽ, ഒരു നിമിഷം പോലും ആലോചിക്കാതെ, ‘പാർട്ടി’ എന്ന് അദ്ദേഹം ഉത്തരം പറയുമായിരുന്നുവെന്ന് താരിഖ് അലി എഴുതുന്നു. കാരണം, ജ്യേഷ്ഠനായ സാഷ തൂക്കിലേറ്റപ്പെട്ട തിന് ശേഷം , ലെനിന് പാർട്ടിയും വിപ്ലവവുമായിരുന്നു മറ്റെന്തിനേക്കാളും പ്രധാനം.

1909 ൽ , അതായത് മുപ്പത്തൊമ്പതാമത്തെ വയസ്സിൽ ഇന്നെസ്സാ അർമാൻഡ് എന്ന ഒരു യുവതിയുമായി ലെനിൻ പ്രണയത്തിലാകുന്നുണ്ട്. 35 വയസ്സ് പ്രായമായിരുന്ന അവർ ഒരു ബോൾഷെവിക് ഫെമിനിസ്റ്റായിരുന്നു. വിപ്ലവത്തിൽ മുങ്ങി ജീവിച്ച ലെനിൻ, അപൂർവ്വമായി കിട്ടുന്ന ഒഴിവ് സമയങ്ങളിൽ, നഗരത്തിന് പുറത്തുള്ള നാട്ടിൻപുറങ്ങളിൽ ഇന്നെസ്സയോടൊത്ത് സൈക്കിളിൽ വർത്തമാനം പറഞ്ഞ് കറങ്ങി. ഇന്നെസ്സ ഗംഭീരമായി പിയാനോ വായിയ്ക്കുമായിരുന്നു. ആനന്ദം മുറ്റി നിന്നിരുന്ന സായാഹ്നങ്ങളിൽ ഇന്നെസ്സ, ലെനിന് വേണ്ടി പിയാനോ വായിക്കുന്നത് പതിവായി. നന്നായി പാടുമായിരുന്ന ലെനിൻ, ഇന്നെസ്സയുടെ വായനക്കൊപ്പം പാട്ടുപാടി. വിപ്ലവത്തിന് പുറത്തുള്ള വിപ്ലവകാരിയുടെ കനിവുകൾ..!

ഈ ബന്ധത്തെപ്പറ്റി ക്രൂപ്സ്കയയ്ക്ക് അറിയുമായിരുന്നു. അവർക്ക് മാത്രമല്ല, അലക്സാഡ്ര കൊലാൻതായ്ക്കും, ക്ലാരാ സെത്കിനും , ഒരു വേള റോസാ ലക്സംബർക്കിന് പോലും അറിയുമായിരുന്നു. തങ്ങൾക്ക് വേണമെങ്കിൽ പിരിയാമെന്നും, ഇന്നെസ്സയോടൊപ്പം കഴിഞ്ഞോളൂ എന്നും ഒരിയ്ക്കൽ ക്രൂപ്സ്കയ, ലെനിനോട് പറയുക പോലുമുണ്ടായി. ലെനിൻ പക്ഷേ,അത് സ്വീകരിച്ചില്ല. യാഥാസ്ഥിതികമായിരുന്നു ഇന്നെസ്സയുമായുള്ള ലെനിന്റെ ബന്ധം. അതിന്റെ കാരണമാകട്ടെ, രാഷ്ട്രീയമായിരുന്നു താനും. ഇങ്ങനെയൊക്കെയാണെങ്കിലും, ക്രൂപ്സ്കയയും , ഇന്നെസ്സയും നല്ല സുഹൃത്തുക്കളായിരുന്നു. 1920 ൽ കോക്കസസിലെ സാനറ്റോറിയത്തിൽ വെച്ച് ഇന്നെസ്സ മരണപ്പെട്ട ശേഷം, അവർക്ക് മുൻ ഭർത്താവിൽ ഉണ്ടായ രണ്ട് മക്കളെ ക്രെംലിൻ കൊട്ടാരത്തിൽ കൊണ്ടുവന്ന് വളർത്തിയത് ക്രൂപ്സ്കയയായിരുന്നു..!

സ്റ്റാലിനും , ജൂലിയസ് മാർത്തോവും, കാൾ കൗട്സ്കിയുമുൾപ്പെടെയുള്ള നേതാക്കളുമായുള്ള ലെനിന്റെ ബന്ധത്തെപ്പറ്റിയും, അവരെക്കുറിച്ചുള്ള വിമർശനങ്ങളെപ്പറ്റിയുമെല്ലാം താരിഖ് അലി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സഹനം, അധ്വാനം, ജാഗരൂകത, പഠനം എന്നിവയായിരുന്നു തന്റെ അവസാന സന്ദേശത്തിൽ ലെനിൻ പാർട്ടിക്ക് നിർദ്ദേശിച്ച ഗുണങ്ങൾ. എന്നാൽ, സ്റ്റാലിനും അദ്ദേഹം നിയന്ത്രിക്കുന്ന പാർട്ടി ബ്യൂറോക്രസിയും ഈ കാര്യങ്ങൾ എങ്ങിനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ലെനിന് തീർച്ചയായും സംശയങ്ങളുണ്ടായിരുന്നു.

“മരണാനന്തരം വിപ്ലവകാരികളെ നിരുപദ്രവമായ ബിംബങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കും….”
ലെനിൻ ഒരിയ്ക്കൽ പറഞ്ഞു.
” … അവരെ പുണ്യവാളന്മാരാക്കി പരിവർത്തനം ചെയ്യും. അവരുടെ പേരുകൾ അടിച്ചമർത്തപ്പെട്ട ജനവർഗ്ഗങ്ങളെ ‘സാന്ത്വനിപ്പിക്കാൻ’ ആത്മാർത്ഥതയില്ലാതെ ഉപയോഗിക്കും. ഇത് ചതിക്കാൻ ഉദ്ദേശിച്ച് ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ വിപ്ലവ സിദ്ധാന്തത്തിന്റെ സത്ത ചോർത്തി വിപ്ലവമുനയുടെ മൂർച്ച കളയുകയും അതിനെ അശ്ലീലമാക്കി തീർക്കുകയും ചെയ്യും.”

കൃത്യവും, മൂർച്ഛയുള്ളതുമായ ലെനിന്റെ ഈ നിരീക്ഷണത്തോടെയാണ് താരിഖ് അലി തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്. സാമ്രാജ്യത്വം അതിന്റെ വൈതാളിക ഭാവത്തോടെ ലോകത്തെയാകെ കാൽക്കീഴിലാക്കാൻ നോക്കുന്ന ഈ സമയത്ത്, നാം , ഭൂമിയിലെല്ലായിടത്തുമുള്ള മാർക്സിസ്റ്റ് – ലെനിനിസ്റ്റുകാർ ഈ അവസാനത്തിൽ നിന്നാണ് യഥാർത്ഥത്തിൽ കാര്യങ്ങൾ ആരംഭിക്കേണ്ടത്. അതത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും.

https://www.facebook.com/groups/327280122467727/permalink/328713505657722/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px