പാന്റ് ഒരു പാമ്പിനെപ്പോലെയാണ്.
സാധാരണക്കാരിൽ ഒരു ഭയവും ഭക്തിയും ജനിപ്പിക്കും.
നാട്ടുമ്പുറത്ത് പാന്റിട്ട അപരിചിതനെക്കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. ആരാണ് ഈ മാന്യൻ എന്നാവും നമ്മുടെ വിചാരം.
പാന്റും ഷർട്ടും മാന്യതയുടെ ലക്ഷണമാണ്. മാന്യത വിലയ്ക്കു മേടിക്കാൻ സാധിക്കില്ലെങ്കിലും മാന്യതയുടെ അടയാളങ്ങൾ കടയിൽ വാങ്ങാൻ കിട്ടും. മികച്ച വേഷങ്ങൾ ചെറിയ വിലയ്ക്കു കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉണ്ട്. മുഖംമൂടികളും കണ്ണടകളും
അവിടെ ലഭിക്കും മാതാപിതാക്കളെ മാറി വാങ്ങാൻ സാധിക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങൾ പോലും ഇന്ന് പലയിടങ്ങളിലും ഉണ്ടത്രെ!
പണം മുടക്കാമെങ്കിൽ ഏതുവേഷവും റെഡിയാണ്, കിട്ടും. കെട്ടുന്ന വേഷം നന്നായി ഫലിപ്പിക്കുക എന്നതാണ് പ്രധാനം.
“നിന്റെ വേഷം കെട്ടൽ എന്നോടു
വേണ്ട”- എന്നാരെങ്കിലും പറഞ്ഞാൽ നമ്മൾ വേഷം അഴിച്ചു വെയ്ക്കുമോ? ഇല്ലെന്നു മാത്രമല്ല, കൂടുതൽ വേഷം കെട്ടുകയും ചെയ്യും.
പാന്റും ഷർട്ടും നല്ല ഉടയാടകളാണ്.
കാലവും സ്ഥലവും മാറുന്നതനുസരിച്ച് പാന്റും ഷർട്ടും മുണ്ടുമൊക്കെ മാറിമാറി ധരിക്കണം. ചേരയെ തിന്നുന്ന നാട്ടിലെ ത്തിയാൽ നടുക്കണ്ടം തിന്നണം. നാടോടുമ്പോൾ നടുവേ ഓടണം. പാശ്ചാത്യ വേഷങ്ങളെ കുറ്റം പറഞ്ഞ ശേഷം കാലുറ ഇടരുതെന്നു മാത്രം.
മഹാകവി ജി. ശങ്കരക്കുറുപ്പും വള്ളത്തോളും തകഴിയുമൊക്കെ
വിദേശ യാത്രാവേളകളിൽ പാന്റും കോട്ടും അണിഞ്ഞിട്ടുണ്ട്. ചങ്ങമ്പുഴയ്ക്ക് അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടമായിരുന്നു.
എസ്. കെ. പൊറ്റക്കാടിന്റെ ഏറ്റവും പ്രിയപ്പെട്ട വേഷം പാന്റും കോട്ടും അല്ലായിരുന്നോ?
പൂമുഖ ഭിത്തിയിലെ ഫോട്ടോകൾ
……………………………………………..
പണ്ടൊക്കെ ആൺകുട്ടികൾ
പത്താംക്ലാസ് പരീക്ഷ പാസാകുമ്പോൾ പട്ടണത്തിലെ സ്റ്റുഡിയോയിലേക്ക് പോയി ഫോട്ടോയെടുക്കുമായിരുന്നു. സ്റ്റുഡിയോയിൽ വാടകയ്ക്കു വെച്ചിരുന്ന പാന്റും കോട്ടും ടൈയും കെട്ടി അവർ നെഞ്ചുവിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യും. ഈ ഫോട്ടോ പിന്നീട് വീടിന്റെ പൂമുഖങ്ങളെ അലങ്കരിക്കും. പലർക്കും കോട്ടും ടൈയും പാന്റുമൊന്നും പിന്നീട് ജീവിതത്തിലൊരിക്കലും ധരിക്കാൻ
സാധിച്ചെന്ന് വരില്ലല്ലോ! ഈ നരച്ച ചിത്രങ്ങളിലെ കുട്ടികൾ ഇന്ന് പ്രായം ചെന്നവരായി മാറിയിരിക്കുന്നു.
അവരിൽ പലർക്കും പിന്നീട്
കോട്ടിടാനും ടൈ കെട്ടാനും ഭാഗ്യം കിട്ടിയില്ല. ഇവർക്ക് പാന്റും കോട്ടുമിട്ടവരോട് അസൂയ തോന്നുന്നത്
സ്വാഭാവികമല്ലേ?
മുണ്ട് അഴിച്ചുടുത്താൽ!
……………………………………………
മുണ്ടും ജുബ്ബയുമായിരുന്നു പരശുരാമവിധിപ്രകാരമുള്ള ദേശീയ വസ്ത്രങ്ങൾ. എന്നാൽ, ഗാമയുടെ ഇണ്ടാസ് പ്രകാരം പാന്റും ഷർട്ടും നടപ്പായതോടെ കുലമഹിമയോ സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ വസ്ത്രധാരണം കൊണ്ട് തിരിച്ചറിയാൻ വയ്യാതായി. കാലുറകളിലൂടെ സോഷ്യലിസം പിറന്നു എന്നു പറയാം. എങ്കിലും മുണ്ടുടുക്കുന്ന സുഖം ഒന്നു വേറെ തന്നെയെന്നു മുണ്ടു മുറുക്കിയുടുക്കുന്നവർക്ക് അറിയാം.
മുണ്ടു മുറുക്കുമ്പോൾ നമ്മൾ നാടിന്റെ പുത്രനായി മാറുന്നു. മുറുകിയ
മുണ്ടും കുഴിഞ്ഞ വയറും ഒഴിഞ്ഞ
മടിശീലയും പ്രത്യേക ദേശീയബോധവും സ്വാതന്ത്ര്യവും പകർന്നു നൽകുന്നു. വിശക്കുന്ന മലയാളിയുടെ മുണ്ടുടുപ്പു തന്നെ മറ്റുള്ളവര്‍ക്ക് അനുകരിക്കാനാകാത്ത ഒരു രീതിയാണ്. മുണ്ടു മടക്കിക്കുത്തുന്നത് അതിലേറെ വിശേഷം. മുട്ടിനു മുകളില്‍, അവരവരുടെ സ്‌റ്റൈല്‍ അനുസരിച്ച് മടക്കിക്കുത്തല്‍ ഉയര്‍ന്നുയര്‍ന്നു പോകും. ചിലപ്പോള്‍ മുണ്ടു പറിച്ചു തലയില്‍ കെട്ടിയെന്നും വരും. മലയാളിയുടെ മുണ്ടുടുപ്പു രീതിയെക്കുറിച്ച് വിശ്രുത വാസ്‌തുവിദ്യാ വിദഗ്‌ധന്‍ ലാറിബേക്കര്‍ കാര്‍ട്ടൂണുകളും ചുവർച്ചിത്രങ്ങളും വരച്ചിട്ടുണ്ട്.
വലിയ ഉദ്യോഗങ്ങളിൽ വിലസിയിരുന്ന
പെരുച്ചാഴികളിൽ പലരും പണ്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് അവധിക്കെ ത്തുമ്പോൾ പാന്റ്സ് മാറ്റി മുണ്ടും കോണകവും ഉടുക്കുമായിരുന്നു. പ്രകൃതിയോടുള്ള ഒരു വിധേയപ്പെടൽ.
മുണ്ടിൽ നിന്ന് പാന്റിലേക്കു
കടക്കുമ്പോൾ അവർക്ക്
ഒരു മെറ്റമോർഫോസിസ് സംഭവിച്ചിരുന്നു.
തരിച്ചും.
അതുകൊണ്ടാണു പോൽ ശൗചാലയങ്ങൾ ഇല്ലാതിരുന്നത്.
സനാതനമായ സത്യം
……………………………..
ഏതു വേഷം ധരിച്ചാലും കോണകം പുരപ്പുറത്തു തന്നെ കിടക്കണമെന്ന കാര്യം മറക്കരുത്. അടിസ്ഥാനപരമായി നമ്മെ നാമാക്കുന്നത് അതാണ്.
ആഢ്യത്വത്തിന്റെ ഭാഗമായി ‘ജഗന്നാഥന്‍’, ‘മല്‍മല്‍’ എന്നിങ്ങനെയുള്ള ഉയര്‍ന്നതരം മുണ്ടുകള്‍ ‘നിത്യവെള്ള’യായി ധരിച്ചാലും ഇക്കാര്യം വിസ്മരിക്കരുത്.
അടിവസ്‌ത്രങ്ങളുടെ കാര്യത്തിൽ ഈ നാട്ടിലെ സ്‌ത്രീകളും പുരുഷന്മാരും
ബ്രിട്ടീഷുകാർക്കു മുമ്പേ ഏറെക്കുറെ സ്വാതന്ത്ര്യമനുഭവിച്ചിരുന്നു
എന്നാണ് ചരിത്രം. മുണ്ടു മടക്കിക്കുത്തിയാല്‍ ഏതു
മാനവന്റെ പിന്നിലും ‘വാല്‍’ കാണും.
അതൊരു പരമാർത്ഥം മാത്രമാകുന്നു.
‘ബ്രഹ്മ സത്യം
ജഗത് മിഥ്യ’ എന്നാണല്ലോ കാലടി സർവകലാശാലയിൽ പറഞ്ഞുകേൾക്കുന്നത്.
അതായത്, വാൽ മാത്രമാണ് സത്യം!
അതു തന്നെയാണ് സനാതനമായ സത്യം!
മനുഷ്യർ ഒന്നാണെന്ന സത്യം!
‘ ഏകം സത് വിപ്രാ
ബഹുധാ വദന്തി!’












