LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 4

ദിനേശേട്ടൻ ചെയ്ത വിഡ്ഢിത്തം ഇടയ്ക്കിടെ ഓർമ്മ വരുമ്പോൾ നന്ദിനിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ ഓടുന്ന പോലെ. ‘ആരുടെ കയ്യിലാണാവോ ആ കത്ത് ‘ഇടയ്ക്കതൊരു പേടി സ്വപ്നമായി വന്നെങ്കിലും നന്ദിനി ‘ആ കാര്യം’ മനസ്സിൽ നിന്നും ആട്ടി ഓടിച്ചു.കഷ്ടപ്പെട്ട് പഠിച്ച് അവൾ പരീക്ഷ നന്നായി എഴുതി തീർത്തു. വീട്ടിലെത്തിയ അവൾ മുറിയാകെ തിരിച്ചും മറിച്ചും പരിശോധിച്ചു. ദിനേശേട്ടൻ പറഞ്ഞ കടലാസ് അവൾ ഒരിടത്തും കണ്ടില്ല.

‘ആ…പോട്ടെ’ നന്ദിനി സ്വയം പറഞ്ഞു. എന്തായാലും ധൈര്യം കൈവിടാതെ ദിനേശേട്ടനോട് തന്റെ അവസ്ഥ പറഞ്ഞൊപ്പിക്കാൻ  പറ്റിയല്ലോ. പിറ്റേന്ന് രാവിലെ നന്ദിനി ഉണർന്നെങ്കിലും കട്ടിലിൽ തന്നെ കുറച്ച് അലസതയോടെ കിടന്നു. ഒന്നും ചെയ്യാൻ ഇല്ലല്ലോ ശരീരത്തെയും മനസ്സിനെയും ഭാരം പെട്ടെന്ന് കുറഞ്ഞതുപോലെ.തലയിണയിൽ മുഖമമർത്തി അങ്ങനെ കിടക്കാൻ ഒരു സുഖം.നാരായണിക്ക് പരീക്ഷ ആരംഭിച്ചിരുന്നു. രാവിലെതന്നെ എഴുന്നേറ്റിരുന്ന് അവൾ പഠിക്കാൻ തുടങ്ങിയിരുന്നു. നന്ദിനിയും നാരായണിയും ഒരു മുറിയിലാണ് പലപ്പോഴും കിടന്നിരുന്നത്.

ഈ കൊല്ലം നന്ദിനിക്ക് കൂടുതൽ പഠിക്കാൻ ഉള്ളതിനാൽ നാരായണി ഉറക്കം മറ്റൊരു മുറിയിൽ ആക്കിയിരുന്നതാണ്.നന്ദിനി രാത്രിയൊക്കെ ഉണർന്ന് പഠിക്കുമ്പോൾ നാരായണിയുടെ ഉറക്കം മുറിയുമെന്ന പരാതി പറഞ്ഞാണ് അവൾ സ്വയം മാറി കിടന്നത്. ഇനി നന്ദിനിക്ക് അവധിയല്ലേ, നീണ്ടകാലം.അതാണ് നാരായണി കൂടെ കൂടിയത്. പഠനത്തിനിടയ്ക്ക് സംശയം വല്ലതും ഉണ്ടായാൽ നന്ദിനി തിരുത്തി കൊടുക്കുകയും ചെയ്യും.പക്ഷേ ഇന്ന് ക്ഷീണാധിക്യത്തിൽ ഉറങ്ങുന്ന നന്ദിനിയെ ഒരുവിധത്തിലും ഉപദ്രവിക്കരുതെന്ന് അമ്മ നാരായണിയോട് പ്രത്യേകം പറഞ്ഞിരുന്നു. ഒന്നുരണ്ടു പ്രാവശ്യം നാരായണി നന്ദിനിയെ ഉണർത്താൻ ശ്രമിച്ചിട്ടും പിന്നീട് അത് വേണ്ടെന്നു വച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്ന് തളർന്നുറങ്ങുന്ന നന്ദിയോട് അവൾക്ക് ദയവും തോന്നിയിരുന്നു .

 

സ്‌കൂളിൽ പോകാൻ സമയമായപ്പോൾ നന്ദിനിയെ നന്നായി ഒന്നുകൂടെ പുതപ്പിച്ച് ശേഷം നാരായണി പുറത്തു പോയി. പരീക്ഷയായതിനാൽ പഠിച്ചുകൊണ്ടിരുന്ന എല്ലാ പുസ്തകങ്ങളും അവൾ കൊണ്ടു പോയിരുന്നില്ല. എല്ലാം ബെഡ്ഡിൽ തന്നെ പരന്നുകിടന്നു. പത്തു മണി കഴിഞ്ഞു കാണും അമ്മുക്കുട്ടിയമ്മ ചായയുമായി നന്ദിനിയെ ഉണർത്താൻ വന്നപ്പോൾ നാരായണി അലങ്കോലമാക്കി  ഇട്ടു പോയ അവളുടെ ബെഡിലെ പുസ്തകങ്ങൾ അടുക്കി വച്ച്, ബെഡ്ഷീറ്റ് മടക്കിയിട്ടു തലയണ എടുത്തു യഥാസ്ഥാനത്ത് വച്ച്,കത്തിനിന്ന ബൾബും അണച്ച ശേഷമാണ് അവൾ നന്ദിനിയുടെ അടുത്ത എത്തിയത്.നിഷ്‌കളങ്കമായ ഒരു ചിരിയും ചുണ്ടിൽപൂശി നന്ദിനി സുഖനിദ്രയിൽ തന്നെയാണ്.

‘ നന്ദിനീ…’കണ്ണുതുറന്നപ്പോൾ കയ്യിൽ ചായയുമായി ചിരിച്ചുനിൽക്കുന്ന അമ്മയെയാണ് നന്ദിനി കണ്ടത്.അമ്മുക്കുട്ടിയമ്മ കട്ടിലിൽ ഇരുന്നു.നന്ദിനിയുടെ തലയെടുത്ത് മടിയിൽ വച്ച് അവർ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. തന്റെ മകൾ വലിയ ബുദ്ധിമതിയാണെന്ന് അവർക്ക് അറിയാം.എന്നാലും പരീക്ഷ അവൾക്ക് എങ്ങനെ ഇരുന്നെന്ന്  അറിയില്ലല്ലോ. ഇന്നലെ വന്നു കയറിയപ്പോൾ അതൊന്നും ചോദിച്ചു അവർ നന്ദിനിയെ അലോസരപ്പെടുത്തിയുമില്ല.

‘ചായ കുടിക്കൂ മോളെ, നേരം ഉച്ചയായി ‘.

‘ഹോ അത്രയൊക്കെയായോ അമ്മേ!’

‘ അത്രയ്ക്കായില്ല… എന്നാലും ഇത് കുടിച്ചു കുളിയൊക്കെ കഴിഞ്ഞ് പ്രാതലും കഴിച്ചു മോൾ ഇനിയും ഉറങ്ങിക്കോ’.

‘ ശരിയമ്മേ’ നന്ദിനി എഴുന്നേറ്റ് അമ്മയുടെ തോളിൽ തല ചാരി ഇരുന്നു. അമ്മ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു പുറം തലോടി വാത്സല്യം വാരിക്കോരി കൊടുത്തു. മക്കളിൽ മെച്ചപ്പെട്ട സ്വഭാവ വൈശിഷ്ട്യവും, ബുദ്ധിയും, തികഞ്ഞ കുടുംബ സ്‌നേഹമുള്ള മകൾ അമ്മയ്ക്ക് എത്രമാത്രം ആശ്വാസദായിനിയാണെന്നോ.

‘ നാരായണി പോയോ അമ്മേ’

‘ അവൾ എപ്പോഴേ പോയി… പരീക്ഷ തുടങ്ങുകയല്ലേ.’

ചായകുടി കഴിഞ്ഞു ഗ്ലാസ്സുംമെടുത്തു പുറത്തിറങ്ങുമ്പോൾ അമ്മുക്കുട്ടിയമ്മ പറഞ്ഞു.

‘ വന്നു കുളിച്ചു വല്ലതും കഴിച്ചിട്ട് മോള് ഉറങ്ങിക്കോ.’

അമ്മ പോയപ്പോൾ നന്ദിനി എഴുന്നേറ്റു. പുതച്ചിരുന്ന പുതപ്പെടുത്തു കുടഞ്ഞു മടക്കാമെന്ന് കരുതി പുതപ്പ് വലിച്ചെടുത്തപ്പോൾ നാലായി മടക്കിയ ഒരു കടലാസ് താഴെവീണു. എടുത്ത് നിവർത്തി വായിച്ചപ്പോൾ നന്ദിനി ഞെട്ടിപ്പോയി. ദിനേശേട്ടൻ പറഞ്ഞ കത്ത് അവളുടെ കൈയ്യിലിരുന്ന് ആ കടലാസ് വിറപൂണ്ടു.  ഇത്രയും ദിവസം ഇതെവിടെയായിരുന്നു?പുതപ്പെടുത്തു കുടഞ്ഞപ്പോൾ ഇത് താഴെ വീണതെങ്ങനെ? കുറച്ച് ആലോചിച്ചപ്പോൾ അവൾക്കുറപ്പായി അത് നാരായണിയുടെ കയ്യിൽനിന്ന് അവിടെ വീണു പോയതായിരിക്കാമെന്ന്. പിന്നെയും വളരെ വൈകി ദിനകൃത്യങ്ങൾ നിറവേറ്റിയ ശേഷം നന്ദിനി നാരായണിയെ പ്രതീക്ഷിച്ചിരുന്നു. ഉച്ചവരെ നാരായണിക്ക് പരീക്ഷയുണ്ടായിരുന്നുള്ളു. അവൾ വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടനെ നന്ദിനി അവളെ മുറിയിലേക്ക് വിളിച്ചു. പരീക്ഷയെ പറ്റിയൊക്കെ അന്വേഷിച്ചറിഞ്ഞ ശേഷം നന്ദിനി കത്ത് എടുത്തു കാണിച്ചു. നാരായണി സ്തംഭിച്ചു പോയി. കത്ത് കിട്ടിയ വഴിയൊക്കെ അവൾ പറഞ്ഞപ്പോൾ നന്ദിനിക്ക് ആശ്വാസം തോന്നി. മറ്റാരുടെ കയ്യിലും അറിവിലും അതെത്തിയില്ലല്ലോ. എന്നാലും നാരായണിയുടെ അന്വേഷണത്വര അറിഞ്ഞു നന്ദിനി അവളെ ശാസിച്ചു. എന്തായാലും താൻ ദിവസങ്ങളായി നടത്തിയ ഒരു രഹസ്യ അന്വേഷണത്തിൽ കഴമ്പ് ഇല്ലെന്നറിഞ്ഞ് ചെറിയ നിരാശ തോന്നാതിരുന്നില്ല നാരായണിക്ക്. ദിനേശേട്ടനെ അവൾക്ക് വളരെ ഇഷ്ടമാണ് . നന്ദിനി ചേച്ചിയെ ദിനേശേട്ടൻ കല്യാണം കഴിച്ചാൽ കുടുംബത്തിനും നേട്ടം മാത്രമേയുള്ളൂ. എന്നിട്ടും ഈ നന്ദിനി ചേച്ചി എന്താ ഇങ്ങനെ? നാരായണി ചിന്തിച്ചു. എന്തായാലും ഇക്കാര്യം വീട്ടിൽ ആരോടും പറയരുതെന്ന്  നന്ദിനി അപ്പോൾ തന്നെ നാരായണീയേകൊണ്ട് സത്യം ചെയ്യിച്ചു.

‘ ഇത്തരം ഒരു കാര്യം ഉണ്ടായതായി പോലും ആരും അറിയരുത് ‘. നന്ദിനിയുടെ ആജ്ഞക്ക് നാരായണി ഉറപ്പും കൊടുത്തു.

വീട്ടിൽ കല്യാണാലോചനകൾ വന്നുകൊണ്ടേയിരുന്നു പത്താംക്ലാസ് കഴിഞ്ഞ ഒരു പെണ്ണിന് മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. വരുന്ന  കാര്യങ്ങളൊക്കെ ഒന്നിനൊന്നു മെച്ചം. അമ്മുക്കുട്ടിയമ്മക്കും വൈദ്യർക്കും വളരെ സന്തോഷമായിരുന്നു.

പക്ഷെ, വിവാഹർത്ഥികളുടെ മുൻപിൽ വരാൻ പോലും നന്ദിനി തയാറായില്ല. തനിക്കായി ഇപ്പോൾ വിവാഹം ആലോചിക്കേണ്ടെന്ന് നന്ദിനി തീർത്തു പറഞ്ഞു.

‘പിന്നെ നീ എന്ത് ചെയ്യാൻ പോകുന്നു മോളെ?’അമ്മുക്കുട്ടിയമ്മ തളർച്ചയോടെ

ചോദിച്ചു.

‘ എനിക്കിനിയും പഠിക്കണം’.

‘ കോളേജിൽ ചേരാൻ അച്ഛൻ സമ്മതിക്കുമോ?’ അമ്മുക്കുട്ടിയമ്മയ്ക്കാകെ അങ്കലാപ്പായി.

‘ സമ്മതിച്ചേ പറ്റൂ… അമ്മേ… അമ്മ തന്നെ അച്ഛനോട് പറയണം.’

‘ എന്റെ കുട്ടീ… അച്ഛനെ സമ്മതിപ്പിക്കാനോ?

‘ അമ്മ അത് ചെയ്‌തേ പറ്റൂ.’ നന്ദിനിയുടെ ഇംഗിതം അറിഞ്ഞു വൈദ്യർ ഞെട്ടിപ്പോയി. കാലാകാലം പെൺകുട്ടികളെ സമയത്ത് വിവാഹം കഴിച്ചയയ്ക്കുന്ന പാരമ്പര്യമാണ് വൈദ്യ ഗ്രഹത്തിന് ഉള്ളത്. ഇവിടെ ഒരു പെൺകുട്ടി വിവാഹം തള്ളിപ്പറഞ്ഞു കലാലയ പഠനത്തിന് വാശി പിടിക്കുന്നു. നന്ദിനി അല്പം പിടിവാശിക്കാരിയാണെന്ന് വൈദികർക്ക് അറിയാം. എന്നാലും അനുനയത്തിൽ അവളെ വിവാഹത്തിന് സമ്മതിപ്പിക്കാമെന്ന് തന്നെ ആ അച്ഛന് തോന്നി. അമ്മുക്കുട്ടിയമ്മ തന്നെ ശ്രമിക്കട്ടെ. ശ്രീദേവിയും നന്ദഗോപനുമൊക്കെ ഒരു കൈ നോക്കട്ടെ.

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. എല്ലാവരും നന്ദിനിയെ സ്‌നേഹം കൊണ്ട് മൂടി. അനു നയവും ഉപദേശവുമൊക്കെ അലസിപ്പോയി. പഠിച്ചു നല്ലൊരു ജോലി നേടി സ്വന്തംകാലിൽ നിന്ന ശേഷമേ വിവാഹം കഴിക്കൂ. വിവാഹം വേണ്ടെന്നൊന്നും പറഞ്ഞില്ലല്ലോ. കുറച്ചു സാവകാശം ആഗ്രഹിക്കുന്നതൊക്കെ നേടി കഴിഞ്ഞും വിവാഹിതയാകാമലോ. നന്ദിനിയുടെ വാദമുഖങ്ങൾക്കൊരു മാറ്റവും ഉണ്ടായില്ല.

നന്ദിനിയുടെ റിസൽട്ട് അറിഞ്ഞു. ഉയർന്ന ഫസ്റ്റ് ക്ലാസ്! സ്‌കൂളിനു തന്നെ അഭിമാനമായ നന്ദിനിയെ എല്ലാവരും പുകഴ്ത്തി. സ്‌കൂളിന്റെവക ഒരനുമോദന സമ്മേളനവും സമ്മാനദാനവും ഉണ്ടായി. ആകാശത്തോളം ഉയരുന്ന അനുഭവമുണ്ടാവേണ്ടതായിട്ടും നന്ദിനിക്ക് സന്തോഷിക്കാനായില്ല. സ്‌കൂളിൽ നിന്നും ഹെഡ്മാഷും  പല ടീച്ചർമാരും വീട്ടിൽവന്ന് നന്ദിനിയെ ഉപരിപഠനത്തിനായയ്കാൻ അച്ഛനോട് പറഞ്ഞു. സതീദേവി ടീച്ചറും വീട്ടിൽ വന്നിരുന്നു. വലിയൊരു കോവിലകത്തെ അതിസുന്ദരിയായ പെൺകുട്ടി പഠിച്ച് ഒരു നാട്ടിൻപുറത്തെ സ്‌കൂളിൽ ജോലിക്കാരിയായി തുടരുന്നു എന്നത് അച്ഛന് ഒരു പുതിയ അറിവായിരുന്നു. ഒരു ചെറിയ ആശ്വാസം ഇതോടെ നന്ദിനിക്ക് തോന്നി. പക്ഷേ ഒരു ഉറച്ച തീരുമാനം എടുക്കാൻ എന്നിട്ടും ഒരു മടി. വല്ല പേരുദോഷവും വന്നാൽ പിന്നെ വീടിന്റെ ‘വിട്ടത്തിൽ’താൻ കെട്ടിതുങ്ങേണ്ടി വരും.

കോളേജിൽനിന്നും ആപ്ലിക്കേഷൻ ഫോം വാങ്ങികൊണ്ട് ആദ്യമായി വൈദ്യഗൃഹത്തിൽ വന്നു കേറിയ സുമുഖനായ യുവാവിനെ കണ്ടു വൈദ്യർ ഞെട്ടി. അമ്മുക്കുട്ടിയമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സഹോദര പുത്രനെ അവർ വാരിപ്പുണർന്നു. നന്നേ ചെറിയ കുട്ടിയായിരുന്നപ്പോൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ എത്ര വളർന്നിരിക്കുന്നു.

‘ പെൺകുട്ടികൾ പഠിക്കണം.’ വൈദ്യരോട് ദിനേശൻ നേരിട്ട് പറഞ്ഞു. പഠിക്കാൻ കഴിവുള്ള നന്ദിനി പഠിച്ചാൽ എന്താണ് ദോഷം? കോളേജിൽ എത്രയെത്ര പെൺകുട്ടികൾ ഉണ്ടെന്നോ? വലിയ കുടുംബത്തിലെ കുട്ടികൾ തന്നെയാണ് അവരിലധികവും. ദിനേശന്റെ വാക്കുകൾക്കവിടെ വലിയ വിലയുണ്ടായിരുന്നു. പിറ്റേന്ന് തന്നെ പൂരിപ്പിച്ച അപേക്ഷ ഫോം വാങ്ങാൻ ദിനേശൻ തന്നെ വന്നു.

വൈദ്യരും അമ്മുക്കുട്ടിയമ്മയും കിടപ്പറയിൽ ദീർഘനേരം ചർച്ച ചെയ്തിരുന്നു.

ദിനേശൻ നന്ദിനിയിൽ ആകൃഷ്ടനാണെന്നും, പഠനം കഴിഞ്ഞാൽ വിവാഹം നടക്കുമെന്നും അവർ ഊഹിച്ചു. അതൊരു നല്ല കാര്യം തന്നെയാണ്.

‘ അവനു പഠിച്ച പെണ്ണ് തന്നെ വേണമെന്നായിരിക്കും.’ അമ്മുക്കുട്ടിയമ്മ പറഞ്ഞു.

‘ അതും ഒരു കണക്കിൽ ശരിയാണ്. അതല്ലേ അവൻ നേരിട്ട് വന്നത്.’ വൈദ്യരും അത് ശരി വച്ചു.

‘ ഇതാദ്യമായാണ് അവൻ സ്വമേധയാ വന്നത്. അവന്റെ ഇംഗിതം അതായിരിക്കും’ ഇരുവരും ആശ്വസിച്ചു. ദിവസങ്ങളായി അന്തരീക്ഷത്തിൽ ചൂട് പിടിച്ചു നിന്ന വിഷയം പെട്ടെന്ന് ആറി തണുത്തു. കോളേജിൽ നിന്നും ആദ്യമായി അയച്ച അഡ്മിഷൻ കാർഡുകളിൽ നന്ദിനിയുടെ കാർഡും ഉണ്ടായിരുന്നു. വൈദ്യർ ഒരുദിവസം നേരിട്ട് പോയി കോളേജും പരിസരവും അവലോകനം ചെയ്തു. ഹോസ്റ്റൽ സൗകര്യങ്ങൾ ഒക്കെ കണ്ടു തൃപ്തിപ്പെട്ടു. അഡ്മിഷൻ ആയി അറിയിച്ച ദിവസം നന്ദിനിയും വൈദ്യരും കോളേജിൽ എത്തി. ഗേറ്റിൽ തന്നെ ദിനേശൻ കാത്തു നിന്നിരുന്നു. തന്റെ ബന്ധുവാണെന്നു പറഞ്ഞു പല സുഹൃത്തുക്കൾക്കും അയാൾ നന്ദിനിയെ പരിചയപ്പെടുത്തി. അഡ്മിഷനു വന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരയിൽ നന്ദിനിയും നിന്നു. ഓഫീസിനകതു കയറിയപ്പോൾ വൈദ്യർക്കല്പം പരുങ്ങൽ ഉണ്ടായി. പക്ഷേ പ്രിൻസിപ്പലും മറ്റ് അംഗങ്ങളും സ്‌നേഹ ബഹുമാനങ്ങളോടെ സംസാരിച്ചു. പഠനത്തിലെ ഈ മിടുക്ക് കലാലയത്തിനും സൽപ്പേര് നൽകാൻ സഹായകമാക്കണമെന്നു നന്ദിനിയെ  ഉപദേശിച്ചു.

പ്രശസ്തനായ വൈദ്യരുടെ ചികിത്സ  പാരമ്പര്യമൊക്കെ അവർ ശ്ലാഘിച്ചു. വളരെ സന്തോഷവാനായാണ് വൈദ്യർ തിരിച്ചു വന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിയപ്പോൾ മാത്രം ഒരു ചെറിയ വിഷമം തോന്നി. തടിച്ചുകൊഴുത്ത് താടകയെപോലെ  രൂപമുള്ള ഹോസ്റ്റൽ വാർഡൻ നന്ദിനിയെ ആകെ ചുഴിഞ്ഞു നോക്കി.

‘ഹോ!… എന്തൊരു സൗന്ദര്യം!’ അവർ മനസ്സിൽ പറഞ്ഞു.സുന്ദരികളായ പെൺകുട്ടികളെ കാണുന്നത് തന്നെ അവർക്ക് സഹിക്കാൻ വിഷമമാണ്.പക്ഷേ, വരുന്നതൊക്കെ ഒന്നിനൊന്നു മെച്ചം. ഇത്രയും കാലം കണ്ടതിനേക്കാൾ കുറെകൂടെ കൂടിയ ഈ  സൗന്ദരി പെൺകുട്ടിയെ കണ്ട് അവർ എങ്ങനെ സഹിക്കും? വൈദ്യരുടെ മുഖത്തും ഒരു ‘രാജകല’ തിളങ്ങുന്നു.

മകളെ ഹോസ്റ്റലിൽ ആക്കി തിരിച്ചുള്ള യാത്രയിൽ വൈദികർക്കും അല്പം വിഷമം ഉണ്ടായിരുന്നു. പിന്നെ ദിനേശന്റെ സാമീപ്യമുള്ള സ്ഥലം ആണല്ലോ. അതും ഒരു ആശ്വാസം തന്നെ.  വെക്കേഷന് അവന്റെ കൂടെ തന്നെ വരണമെന്ന് പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട്. അവൾ അത്തരക്കാരിയല്ല. ഒരല്പം തന്നിഷ്ടക്കാരിതന്നെ തന്റെ മകൾ. എന്നാലും ഇത്ര നീണ്ട യാത്രയൊന്നും ഒറ്റയ്ക്ക് ചെയ്യില്ലായിരിക്കും. ദിനേശനോടും അതൊക്കെ പറഞ്ഞേല്പിച്ചിട്ടുണ്ടല്ലോ.

വീട്ടിൽ എല്ലാവരും വഴിക്കണ്ണുമായി കാത്തിരിക്കയായിരുന്നു. വൈദ്യർ വന്നു വിവരം ഒക്കെ അറിഞ്ഞു. ദിനേശൻ കാത്തുനിന്നതും സഹായിയായി കൂടെ നടന്നതുമൊക്കെ വലിയ ആശ്വാസം നല്കി എല്ലാവർക്കും. സുരക്ഷിതയായി ഹോസ്റ്റലിൽ നില്ക്കുകയാണല്ലോ. വല്ലപ്പോഴും വീട്ടിൽ വരുമ്പോൾ കൂട്ടിനു ദിനേശനും ഉണ്ടല്ലോ.

‘ രണ്ടു പേരും കൂടെ ജീവിതത്തോണി ഇപ്പോഴേ തുഴഞ്ഞു പഠിക്കട്ടെ.’ അമ്മുക്കുട്ടിയമ്മയ്ക്ക് മുൻപത്തേക്കാൾ സന്തോഷമായിരുന്നു.ചേരേണ്ടിടത്ത് മകളെ ചേർത്ത ഒരു    സുഖം

നന്ദിനി കോളേജിലെ ആദ്യ വർഷാനുഭവങ്ങളിലായിരുന്നു.ഹോസ്റ്റൽ ഭക്ഷണം വലിയ പ്രശ്‌നം തന്നെയായിരുന്നു. രാവിലെ ലഭിക്കുന്ന ദോശയ്ക്കും ചപ്പാത്തിക്കും എന്തിന്, ഇഡലിക്കുപോലും തൂക്കംവളരെകൂടുതലായിരുന്നു.എല്ലാറ്റിനും ഒരേ രുചിയും.വീട്ടിലെ ദോശയുടെ നേർമ്മയും രുചിയുമൊന്നും  പ്രതീക്ഷിച്ചില്ലെങ്കിലും ഇങ്ങനെയുള്ള രൂപങ്ങൾക്ക് ദോശ,ഇഡ്ഡലി എന്നീ പേരുകൾ ഒട്ടും ചേരാത്തവ തന്നെ. അതുപോലെതന്നെ ഉപ്പുമാവ്, ചെറുപയർ കറി എന്നിവയെല്ലാം. ഉച്ചക്ക് ഭക്ഷണത്തിന് നോൺ വിഭവങ്ങളും കാണും. നന്ദിനി ആണെങ്കിൽ പ്യൂർ വെജിറ്റേറിയൻ ആയതിനാൽ അല്പം വിഷമം ഉണ്ടാക്കി. വെജ്കാർക്ക് വായിൽ വച്ച് കൂട്ടാവുന്നതായി ഒന്നും ഉണ്ടാകാറില്ല. വീട്ടിൽ നിന്നും പോരുമ്പോൾ അച്ചാറും, ഉപ്പിലിട്ടതും, കൊണ്ടാട്ടങ്ങളുമ്മോക്കെ  വേണ്ടത്ര കൊണ്ട് വന്നിരുന്നെങ്കിലും, ആഭരണികളൊക്കെ  സീനിയേഴ്‌സ് അപ്പോഴേ കൈക്കലാക്കി  കൊണ്ടുപോയിരുന്നു.

ഭക്ഷണം അല്ലല്ലോ പ്രധാനം! നന്ദിനി വന്നത് പഠിക്കാനാണ്. എത്രയോ ശ്രമഫലമായാണ് കോളേജ് പഠനം തന്നെ സാധ്യമായത്. ഉദ്ദേശലബ്ധിക്ക്  മാത്രം പ്രാധാന്യം കൊടുക്കാനും സഹപാഠികളുടെ സ്‌നേഹാദരങ്ങൾ നേടി എടുക്കാനും, പഠിപ്പിക്കുന്ന അധ്യാപകർകൊക്കെ ഇഷ്ടപ്പെടാനും നന്ദിനി വളരെ ശ്രദ്ധിച്ചു.

ദിവസങ്ങൾക്കകം അതൊക്കെ മനസ്സിനെ പഠിപ്പിക്കാനും അതനുസരിച്ച് മുന്നോട്ടുപോകാനും നന്ദിനിക്ക് വലിയ വിഷമമൊന്നും വേണ്ടി വന്നില്ല. ഉദ്ദേശശുദ്ധിയോടെ  ഒരു പ്രവർത്തനശൈലി അവൾ സ്വായത്തമാക്കി. വെട്ടുപോത്തുപോലെ വന്ന ഹോസ്റ്റൽ വാർഡൻ അല്പം ദിവസങ്ങൾ കൊണ്ടു തന്നെ നന്ദിനിയെ സ്‌നേഹിക്കാൻ തുടങ്ങി . ഇത്രയൊക്കെ സൗന്ദര്യമുള്ള ഒരു കുട്ടിയിൽ ഇത്രയും വിനയം അവർ ആദ്യമായി കാണുകയായിരുന്നു. ഒരുവിധ ആ പ്രീതിയും പ്രകടിപ്പിക്കാത്ത ഒരേ ഒരു കുട്ടി. കാഴ്ചയിൽ ഒരു സമ്പന്ന  കുടുംബാംഗമാണെന്ന് തോന്നിയിട്ടും സാധാരണ കാണാറുള്ള പുതുമുഖങ്ങളുടെ ദാർഷ്ട്യംമൊന്നും ആ കുട്ടിയിൽ കാണാത്തതിൽ വാർഡന് അവൾ പ്രിയപ്പെട്ടവളായി. ഇന്നുവരെ ഒരു കുട്ടിയെ പോലും സ്‌നേഹിക്കാനോ അംഗീകരിക്കാൻ കഴിയാത്ത അവർ നന്ദിനിയുടെ വിനീത സ്വഭാവത്തിൽ ആകൃഷ്ടയായി എന്നു പറയാം. അതിനാൽ തന്നെ സസ്യഭുക്കാണ് എന്നറിഞ്ഞപ്പോൾ പപ്പടം, തൈര് എന്നിവ എക്‌സ്ട്രാ കൊടുക്കാനും അടുക്കളക്കാർക്ക് അവർ നിർദ്ദേശം നൽകി. അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന ജെസ്സി  ടീച്ചർക്ക് സീമന്ദിനി വാർഡന്റെ ഈ മാറ്റം വിശ്വസിക്കാൻ വലിയ വിഷമമായിരുന്നു.

‘ഇതെന്തു മായാജാലം’

രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് തലമുടി കൈ കൊണ്ട് വിതർത്തുണക്കി, വെള്ളയിൽ ബോർഡറുള്ള നീണ്ട പാവാടയും ഹാഫ് സാരിയും അണിഞ്ഞു, വിടർന്ന മുല്ലപ്പൂപോലെ കോളേജിലേക്ക് പോകുന്ന മിടുക്കിയും സുന്ദരിയുമായ ഈ കുട്ടിയെ കണ്ടു മറ്റുള്ള പെൺകുട്ടികൾ അനുസരിച്ചിച്ചെങ്കിൽ!

‘ ഹോ!അതൊക്കെ നടക്കുമോ?’

‘ എന്താ ടീച്ചറെ സ്വയം നിന്ന് പിറുപിറുക്കുന്നത്?’ വിവിധ വേഷവിതാനത്തോടെ ഇറങ്ങി വന്ന ഒരു കാക്കക്കൂട്ടത്തിന്റെ ലീഡർ ഇന്ദിരാ രാമചന്ദ്രനാണ്.

‘ഉം.. ഉം…’

ജെസി ടീച്ചർ മുഖം തിരിച്ചു. എന്തൊരു നാറ്റം  എന്തൊക്കെ വാരി പൂശിയാണ്

ഇതൊക്കെ വരുന്നത്? രാത്രി ഇവരുടെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദകോലാഹലങ്ങൾ കേട്ട് ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നതാണ്.  ഇനി ഇപ്പോൾ എവിടെയാണാവോ ഈ കൂട്ടത്തിൽ ഒന്നും പെടാത്ത ഒരു പെൺകുട്ടിയെ ഇവർ എത്രകാലം ഇവിടെ പൊറുപ്പിക്കുമോ ആവോ?

പെട്ടെന്ന് ഒരു ബെൽ ശബ്ദം. ആരോ വിസിറ്റിംഗ് റൂമിൽ എത്തിയിരിക്കുന്നു. അറ്റെൻഡർമാർ ഒക്കെ എഴുന്നേറ്റുവോ ആവോ. എന്തായാലും ഒന്ന് നോക്കി വരാം! ജെസ്സി ടീച്ചർ വിസിറ്റിംഗ് റൂമിൽ ചെന്ന് അവിടെ നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടു ഞെട്ടി. കാരണം ഒരിക്കലും ലേഡീസ് ഹോസ്റ്റൽ പരിസരത്ത് ചുറ്റിക്കറങ്ങാത്ത, ക്ലാസിലെ ടോപ് സ്‌കോറർ ആയ ഈ ചെറുപ്പക്കാരനെന്താ ഇവിടെ?

 

‘ ഹലോ… ദിനേശനെന്താ ഇവിടെ?’

‘ഹോ… ടീച്ചറോ,എന്റെ കസിൻ ഇവിടെ ഉണ്ട്. ഒരു മിസ്സ് നന്ദിനി…അവളെ ഒന്ന് കാണാനാ!’

‘ ഹോനിനക്കും തുടങ്ങിയോ കസിൻ ബന്ധം?’

‘ അല്ല ടീച്ചർ, ഇത് റിയൽ കസിൻ ആണ്.!’

‘ഓക്കേ…ഓ…കെ…  ഞാൻ വിളിക്കാം’

ഒന്നും പറയാതെ ടീച്ചർ അകത്തു പോയി. ദിനേശൻ  നന്ദിനയെ  കാത്ത് ഇരുന്നു.കലപില സംസാരിച്ച് ഒരു  കൂട്ടം പെൺകുട്ടികൾ കോണിയിറങ്ങി വന്നു ദിനേശനെ കണ്ട് അത്ഭുതപ്പെട്ടു.

‘ ഹലോ… ദിനേശനെന്താ ഇവിടെ?’ രമാ പിള്ള ചോദിച്ചു.

‘ഇവിടെ… എന്റെ കസിൻ…’

‘ നിനക്കും കസിൻ?… വേണ്ടാട്ടോ!’

ദിനേശൻ ആകെ ചമ്മിപ്പോയി. പെൺകുട്ടികൾ മുഖത്തോട് മുഖം നോക്കി കണ്ണിറുക്കി.അവർ കടന്നു  പോയപ്പോൾ ദിനേശൻ ആശ്വാസനിശ്വാസമുതിർത്തു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px