തൃശ്ശൂർ ജില്ലയുടെ വടക്കൻ തീരമായ ചാവക്കാട് കടലാമകളുടെ ഹൃദയഭൂമിയാണ്, ഒലീവ് റിഡ്ലി എന്ന കടലാമകൾ ധാരാളമായി മുട്ടയിടാനെത്തുന്ന കേരളത്തിലെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്ന്. എന്തുകൊണ്ടായിരിക്കും കടലാമകൾ മുട്ടയിടാനായി ചാവക്കാട് തീരം തന്നെ തേടിയെത്തുന്നത്? ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണോ ? അതോ മറ്റെന്തെങ്കിലും കാരണമായിരിക്കുമോ? ലോകത്തിൽ ഏഴ് തരം കടലാമകളാണ് ഉള്ളത്. അതിൽ തന്നെ വലുപ്പം കുറഞ്ഞ കൂട്ടരാണ് ഒലീവ് റിഡ്ലികൾ. നമ്മുടെ കടൽ തീരങ്ങളിൽ മുട്ടയിടാനെത്തുന്ന ആമകൾ ഇവരാണ്. ഒരു കാലത്ത് നമ്മുടെ എല്ലാ കടൽതീരങ്ങളിലും ഇവർ മുട്ടയിടാനെത്തിയിരുന്നു എന്ന് വേണം അനുമാനിക്കാൻ. എന്നാൽ ഇന്ന് ഇവ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്. നമ്മൾ മനുഷ്യർക്ക് ഇക്കാര്യത്തിൽ നിഷേധിക്കാനാവാത്ത വലിയ പങ്ക് ഉണ്ട്. ചാവക്കാടിനെ കുറിച്ചും അവിടെത്തെ കടലാമസംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ചും എല്ലാവർഷവും പത്രങ്ങളിൽ വാർത്തകൾ വരാറുണ്ട്. അങ്ങനെയാണ് കടലാമകളെ കുറിച്ച് അറിയാനും പഠിക്കാനും ഞങ്ങൾ ചാവക്കാട് എത്തിയത്. കടലാമകൾ ചാവക്കാട് തീരത്തേയ്ക്ക് ഇങ്ങനെ ധാരാളമായി മുട്ടയിടാനെത്തുന്നതിന്റെ പ്രധാന കാരണം അവിടെ നടക്കുന്ന കടലാമസംരക്ഷണ പ്രവർത്തങ്ങൾ തന്നെയാണ്. പക്ഷേ അവിടെ തങ്ങളുടെ മുട്ടകൾ വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഈ കടലാമകൾക്ക് എങ്ങനെ അറിയാം? കടലാമകൾ ചാവക്കാടിന്റെ തീരത്ത് നടക്കുന്ന കടലാമസംരക്ഷണ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടല്ല അവിടെ എത്തുന്നത്. പക്ഷേ ഈ സംരക്ഷണ പ്രവർത്തനങ്ങളും അവിടെയെത്തുന്ന ആമകളും തമ്മിൽ അദൃശ്യമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. അതിന് കാരണം കടലാമകളുടെ പ്രത്യേക സ്വഭാവമാണ്. കടലാമകൾ മുട്ടയിടാനായി അവർ ജനിച്ച തീരത്തേയ്ക്ക് തന്നെ മടങ്ങിയെത്തും എത്തും എന്ന ഒരു പ്രത്യേകതയുണ്ട്. അതിനുവേണ്ടി ചിലപ്പോൾ അവയ്ക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ കടലിലൂടെ സഞ്ചരിക്കേണ്ടി വന്നേക്കാം. എന്തിനായിരിക്കും ഇങ്ങനെ ഒരു പ്രത്യേക സ്നേഹം ഇവർ സ്വന്തം ജന്മദേശത്തിനോട് കാണിക്കുന്നത്? കോടിക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ നേടിയ ചില തിരിച്ചറിവുകൾ ആണ് ഇതിന് കാരണം എന്ന് ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു. കടലാമകൾ ഒരു സമയത്ത് നൂറിലേറെ മുട്ടകൾ ഇടാറുണ്ട്. എന്നാൽ ഇതിൽ ഭൂരിഭാഗം മുട്ടകളും പാഴായിപ്പോകാറാണ് പതിവ്.












