LIMA WORLD LIBRARY

ചക്കളത്തിൽ പോരാട്ടം – ഉല്ലാസ് ശ്രീധർ

പണ്ട് കാലങ്ങളിൽ ചക്കിലാണ് എണ്ണയാട്ടിയിരുന്നത്…

ചക്കിന് മുകളിൽ ഓല കൊണ്ട് കെട്ടിയ ചെറിയൊരു മേൽക്കൂരയുണ്ടാകും…

എണ്ണയാട്ടുന്നവന് വെയിലും മഴയും ഏൽക്കാതിരിക്കാനും മഴയത്ത് ചക്കിൽ വെള്ളം വീഴാതിരിക്കാനുമാണ് ഈ മേൽക്കൂര…

പാവം ഒന്നോ രണ്ടോ കാളകൾ ചക്കിന് ചുറ്റും വലം വെച്ചു കൊണ്ടേയിരിക്കും…

ഉണങ്ങിയ കൊപ്രയുമായി ആളുകൾ ചക്കുള്ളവന്റെ വീട്ടിൽ എണ്ണയാട്ടാൻ എത്തും…

കൊപ്ര ആടിയാടി എണ്ണ വരാൻ തുടങ്ങുമ്പോൾ എണ്ണയാട്ടുന്നവന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ അടി തുടങ്ങും…

ദേഷ്യം വരുന്ന എണ്ണയാട്ടുകാരൻ ഉച്ചത്തിൽ താക്കീത് കൊടുക്കും-“മിണ്ടാണ്ടിരുന്നോളണം.ഞാനങ്ങട്ട് വന്നാലുണ്ടല്ലോ…”

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം
വീണ്ടും വീടിനുള്ളിൽ ബഹളം തുടങ്ങും…

ദേഷ്യം വന്ന എണ്ണയാട്ടുകാരൻ ഭാര്യയേയും മക്കളേയും തല്ലാനായി വീടിനുള്ളിലേക്ക് പോകും…

വെറുതേയങ്ങ് പോകില്ല…

ആടിയാടി വരുന്ന കൊപ്രയേയും പിണ്ണാക്കിനേയും നിരക്കി നീക്കിയിടുന്ന എണ്ണയിൽ മുങ്ങിയ തുണിയുമായാണ് എണ്ണയാട്ടുകാരന്റെ പോക്ക്…

അകത്തു പോയ എണ്ണയാട്ടുകാരൻ തുണിയിലെ എണ്ണ മുഴുവൻ പാത്രത്തിൽ പിഴിഞ്ഞൊഴിച്ചിട്ട് തിരിച്ചു വരും…

ഇതിനിടയിൽ പിള്ളാര് വെറുതേ കരയുകയും ഭാര്യ ഉച്ചത്തിൽ എന്തൊക്കയോ പറയുകയും ചെയ്യും…

ഈ വഴക്ക് രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിക്കുമ്പോൾ ഉടമസ്ഥനറിയാതെ,
ഉടമസ്ഥനെ മുന്നിൽ നിർത്തി കൊണ്ട് എണ്ണയാട്ടുകാരന് ആവശ്യമുള്ള എണ്ണ മോഷ്ടിക്കാൻ കഴിയും…

നാട്ടുകാരെ പറ്റിക്കാൻ വേണ്ടി
എണ്ണയാട്ടുകാരനും
എണ്ണയാട്ടുകാരന്റെ ഭാര്യയും മക്കളും
തമ്മിലറിഞ്ഞു കൊണ്ട്
ചക്കിനെ സാക്ഷിയാക്കി നടത്തുന്ന പോരാണ് “ചക്കളത്തിൽ പോര്…”

എണ്ണയാട്ടുകാരന്റെ പകർപ്പവകാശികളാണ് എക്കാലത്തേയും
ഭരണപക്ഷം…

എണ്ണയാട്ടുകാരന്റെ ഭാര്യയുടെ പകർപ്പകാശികളാണ് എക്കാലത്തേയും പ്രതിപക്ഷം…

കൊപ്രയുമായി എണ്ണയാട്ടാൻ വരുന്നവരാണ് രാഷ്ട്രീയമില്ലാത്ത വോട്ടർമാരായ ജനം…

ജനം നോക്കി നിൽക്കേ,
ജനത്തിന്റെ കൊപ്രയിൽ നിന്ന്,
ജനമറിയാതെ,
ചക്കളത്തി പോരിലൂടെ,
ജനത്തിന്റെ എണ്ണ ഊറ്റുന്നവരാണ് ഭരണപക്ഷവും പ്രതിപക്ഷവും…

ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന വെല്ലുവിളികളെല്ലാം വെറും ചക്കളത്തിൽ പോരുകളാണ്…………………………………..

____ഉല്ലാസ് ശ്രീധർ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px