LIMA WORLD LIBRARY

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 5 ശീവേലിപ്പൂക്കൾ | കാരൂർ സോമൻ

നീണ്ടു കിടക്കുന്ന പുഞ്ചപ്പാടത്ത് തെളിഞ്ഞ പ്രകാശത്തിൽ ഏതാനും സ്ത്രീജനങ്ങളും പുരുഷന്മാരും കണ്ടത്തിൽ വളർന്നു നിൽക്കുന്ന നെൽക്കതിരുകൾക്കിടയിൽ നിന്ന് കളകൾ പറിച്ചെടുക്കുകയും പുരുഷന്മാർ നെൽക്കതിരുകൾക്കിടയിലേക്ക് രാസവളം വീശിയെറിയുകയും ചെയ്തുകൊണ്ടിരുന്നു. കണ്ടത്തിന്റെ ഒരു ഭാഗത്തായി ഏഴുവയസ് പ്രായം വരുന്ന ഒരു ആൺകുട്ടി നെല്ലുകൾക്കിടയിൽനിന്ന് കള പറിച്ച് മാറ്റി വയ്ക്കുന്നത് ആരും ശ്രദ്ധിച്ചില്ല. ഒരു കണ്ടത്തിൽനിന്ന് മറ്റൊരു കണ്ടത്തിലേക്ക് കുഞ്ഞരുവികൾ നിശബ്ദമായി ഒഴുകിക്കൊണ്ടിരുന്നു. പുഞ്ചപ്പാടം സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങി പാടങ്ങൾക്ക് മുകളിലൂടെ വയൽക്കിളികൾ കൂട്ടമായി പറന്നു. പാടത്തിന്റെ പലഭാഗത്തും ആളുകൾ ജോലി ചെയ്യുന്നുണ്ട്. പാടത്തിന്റെ ഉടമയായ ചാരുംമൂടൻ വക്കീൽക്കുപ്പായം അഴിച്ചുമാറ്റി കൃഷിയിലും സാഹത്യത്തിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
വരമ്പത്തിരുന്ന വളമെടുക്കാൻ മുന്നോട്ടു വരുമ്പോൾ പുതിയൊരാൾ കണ്ടത്തിൽ നിൽക്കുന്നത് കണ്ട് ശങ്കിച്ചു നിന്നു. ഇവൻ എവിടെനിന്നു വന്നു? പണി ചെയ്യുന്നവരുടെ മകനാണോ? അതിനുള്ള സാദ്ധ്യതയില്ല. ചിലപ്പോൾ ആടുമാടുകൾക്ക് കൊടുക്കാൻ കള പറിക്കാൻ വന്നതായിരിക്കും. വരമ്പിൽ നിന്ന് കളകൾ കാര്യമായി പറിച്ചെടുക്കുന്ന കുട്ടിയെ സൈമൺ നിമിഷങ്ങൾ നോക്കിനിന്നു. അവൻ ഇട്ടിരിക്കുന്നത് ഒരു കീറിയ നിക്കർ മാത്രമാണ്. ശരീരത്തും നിക്കറിലും ചെളി പറ്റിയിരിക്കുന്നു.
സ്നേഹപൂർവ്വം ചോദിച്ചു “എടാ കൊച്ചനെ നീ ഏതാ?”
അവന്റെ തല മുകളിലേക്കുയർന്നു. മ്ലാനമായ മുഖഭാവത്തോടെ നോക്കി. ചാരുംമൂടൻ തറപ്പിച്ചു നോക്കിയത് കണ്ട് തലച്ചോറിൽ ഒരൽപം പേടി തോന്നി. അനുവാദമില്ലാതെയല്ലേ കള പറിക്കാനിറങ്ങിയത്. ആ കാട്ടിയത് അനുസരണക്കേടല്ലേ? വിഷാദഭാവത്തോടെ അടുത്തേക്കു ചെന്നു ഭയത്തോടെ നോക്കി. മുഖഭാവം ആകെ മാറിയിരിക്കുന്നു.അദ്ദേഹം വഴക്കു പറയുമോ? അടിക്കുമോ?
മുഖത്തെ അമ്പരപ്പുകണ്ട് ചാരുംമൂടൻ വീണ്ടും ചോദിച്ചു. “നീ ഏതാ? ഏതാ നിന്റെ വീട്?” ചാരുംമൂടന്റെ ശാന്തമായ ശബ്ദം കേട്ട് അവന്റെയുള്ളിലുണ്ടായിരുന്ന ഭയം മാറി. അവൻ പറഞ്ഞു, “അക്കരെയാ വീട്.” ചാരുംമൂടന്റെ അടുത്ത ചോദ്യമുയർന്നു “ഈ പറിക്കുന്നത് പശുവിന് കൊടുക്കാനോ അതോ കാളക്കോ?” അവൻ പെട്ടെന്നു പറഞ്ഞു, “ഇതു വിക്കാനാ.” ചാരുമൂടൻ തുറിച്ചുനോക്കിയിട്ട് ഒരുകാര്യം തീർച്ചപ്പെടുത്തി. ഇതിനുമുമ്പും പാടത്തിറങ്ങി ആരോ കള പറിച്ചിട്ടുണ്ട്. അത് ഇവൻ തന്നെയാണോ? “ഇതിനു മുമ്പ് പാടത്തിറങ്ങി നീ കള പറിച്ചിട്ടുണ്ടോ?” അവൻ തറപ്പിച്ചുനോക്കി. സത്യം പറഞ്ഞാൽ ഇദ്ദേഹം വഴക്കു പറയുമോ? കള്ളനെ കയ്യോടെ പിടികൂടിയാൽ തല്ലുമോ? എന്തായാലും കള്ളം പറയാൻ വയ്യ. ഇപ്പോഴും സ്വന്തം കൺമുന്നിലല്ലേ പറിച്ചത്. ഞാൻ കള പറിച്ചുമാറ്റുന്നതിന് കാശൊന്നും തരുന്നില്ലല്ലോ.
അവൻ കുറ്റവാളിയെപ്പോലെ പറഞ്ഞു. “ഒണ്ട്. വെശപ്പു വരുമ്പം കള പറിച്ച് വിൽക്കും. എന്നുവച്ച് ഒരു നെല്ലുപോലും ഞാൻ പറിക്കത്തില്ല സാറെ.”
ആ വാക്കുകൾ ചാരുംമൂടന്റെ ആത്മാവിന്റെ ആഴങ്ങളിലെവിടെയോ ചെന്നു തൊട്ടു. അവനെ കണ്ടാലറിയാം ഏതോ പാവപ്പെട്ട കുടുംബത്തിലേയാണെന്ന്. എണ്ണ തേക്കാത്ത ചെമ്പിച്ച മുടിയും എല്ലുന്തിയ നെഞ്ചിൻകൂടം അതിനുള്ള തെളിവാണ്. ആ ശരീരത്തിലേക്ക് സൂക്ഷിച്ചുനോക്കി ചോദിച്ചു, “നിന്റെ പേരെന്താ?”
“കരുണാകരൻ. വീട്ടിൽ വിളിക്കുന്നത് കരുണെന്നാ.” “ഏതുക്ലാസ്സിലാ പഠിക്കുന്നെ.” അവൻ വളരെ താൽപര്യത്തോടെ പറഞ്ഞു. “രണ്ടിലാ പഠിക്കുന്നെ. ഇപ്പം പോണില്ല.” ചാരുംമൂടന്‍ സംശയത്തോടെ നോക്കി. “അതെന്താ കരുൺ?” ഒരു നിമിഷം ആ മുഖത്തേക്ക് അവൻ നോക്കി. ഇന്നുവരെ ആരും ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല.
“അമ്മയ്ക്ക് വയ്യ. മരുന്നിനൊക്കെ കാശ് വേണം സാറെ. പിന്നെ പട്ടിണി.” ചാരുംമൂടന്റെ മുഖത്ത് വിവിധ വികാരങ്ങൾ മിന്നി മറഞ്ഞു. എന്താണ് ഈ കുട്ടിയിൽനിന്ന് കേൾക്കുന്നത്. അവർക്കിടയിൽ വലിയൊരു ബന്ധം ഉടലെടുത്തതായി അനുഭവപ്പെട്ടു. ഒരു നിമിഷം അവന്‍ സ്വന്തം മകനെന്നുപോലും തോന്നി. അവനും അദ്ദേഹത്തോട് ഏറെ താൽപര്യം തോന്നി. ആദ്യം കരുതിയത് കണ്ടത്തിലിറങ്ങി കള പറിച്ചതിന് വഴക്കുപറയും എന്നാണ്. അതുണ്ടായില്ല. ഓമനത്തമുള്ള അവനെ ചാരുംമൂടൻ അഭിമാനത്തോടെ നോക്കി. സ്വന്തം പഠനം ഉപേക്ഷിച്ച് അമ്മയെ നോക്കാൻ ഈ ചെറുപ്രായത്തിലേ തയ്യാറായിരിക്കുന്നു. അവനെപ്പറ്റി കൂടുതലായി അറിയണമെന്ന് തോന്നി. അവൻ ദയനീയ സ്വരത്തിൽ പറഞ്ഞു.
“സാറിന്റെ കണ്ടത്തിലെ എല്ലാ കളകളും ഞാനിന്ന് പറിച്ചു തരാം. എനിക്ക് പൈസ തന്നാൽ മതി. നെല്ലൊന്നും പറിക്കത്തില്ല. ഞാൻ പറിച്ചത് കാണിക്കാം.” പെട്ടെന്നവൻ വരമ്പിൽ പറിച്ചുവച്ച കളകൾ ഓരോന്നായി എടുത്തു കാണിച്ചു. അവനിലെ ഉത്സാഹവും ആഗ്രഹവും നിശ്ചയദാർഢ്യവുമെല്ലാം കണ്ട് ചാരുംമൂടന് ആശ്ചര്യം തോന്നി. ഈ പ്രായത്തിൽ അവന് ഇത്രമാത്രം ചെയ്യാനെ ശക്തിയുള്ളൂ. എന്തും ചെയ്യാൻ തയ്യാറായി മുന്നിൽ നിൽക്കുന്ന കുട്ടിയെ ആദ്യമായി കാണുകയാണ്. പ്രതീക്ഷകളോടെ നോക്കിനിൽക്കെ അദ്ദേഹം അവന്റെ തലയിൽ തലോടി പുഞ്ചിരിച്ചു.
കരുണിന്റെ കാര്യങ്ങൾ ചാരുംമൂടൻ വിശദമായിത്തന്നെ ചോദിച്ചറിഞ്ഞു. ഇത്ര ചെറുപ്പത്തിലേ ജീവിതത്തോട് പൊരുതേണ്ടി വന്നല്ലോ എന്ന ചിന്ത മനസ്സിനെ മഥിച്ചു. ഒരു കുട്ടി സ്കൂളിൽ പോയി പഠിക്കേണ്ടതിന് പകരം പഠിക്കുന്നത് ജീവിതഭാരങ്ങളാണ്. അവന്റെ കുടുംബത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. അവനോട് സ്നേഹവും അനുകമ്പയും തോന്നി. അവർ ജോലി തുടർന്നു. ഉച്ചയ്ക്ക് വീട്ടിൽ നിന്നെത്തിയ ഭക്ഷണം കഴിക്കാൻ മറ്റുള്ളവർക്കൊപ്പം കരുണുമുണ്ടായിരുന്നു. വയൽവരമ്പിന്റെ മദ്ധ്യഭാഗത്ത് തെങ്ങുകൾ നിരനിരയായി വളർന്നു നിൽക്കുന്നു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തെങ്ങോലകളിലിരുന്ന കാക്കകൾ ഒളികണ്ണിട്ടുനോക്കി. വരമ്പിനോട് ചേർന്ന് ചെറിയൊരു തോടും ഒഴുകുന്നുണ്ട്. വയറുനിറയെ ഭക്ഷണം കഴിച്ച കരുൺ അതീവ സന്തോഷവാനായിരുന്നു.
വരമ്പത്തൂടെ നാട്ടുകാർ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പാടത്തും വരമ്പത്തും കൃഷിക്കാർക്കൊപ്പം പണി ചെയ്യുന്ന ചാരുംമൂടനെ നാട്ടുകാർക്ക് വളരെയിഷ്ടമാണ്. നാടു ഭരിക്കുന്നവർ ഇദ്ദേഹത്തെ കണ്ടുപഠിക്കണം. മാവേലിക്കരയിലെ സമ്പന്ന കുടുംബമായ പുതുക്കാടൻ പുത്തൻവീട്ടിലാണ് ജനനം. പിതാവ് ഡാനിയേൽ സിങ്കപ്പൂരിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തെ സേവിച്ചതിന് ധാരാളം പാരിതോഷികങ്ങൾ വാങ്ങിയ വ്യക്തി. ഇപ്പോഴും രാജ്യസേവനത്തിനായി പലരും കുടുംബങ്ങളിൽ നിന്നുണ്ട്. അനുജൻ കുഞ്ഞുമോൻ ലണ്ടനിലാണ് സ്ഥിരതാമസം. അദ്ദേഹത്തിന്റെ ഏതാനും സാഹിത്യകൃതികൾ പുറത്തിറക്കിക്കഴിഞ്ഞു. എപ്പോഴും ദുർബലരായ മനുഷ്യർക്കൊപ്പമാണ് സഹവസിക്കുന്നത്. പാവങ്ങളുടെ രക്ഷയ്ക്കായി പലപ്പോഴും എത്താറുണ്ട്.
മൂന്നുമണിയോടെ ജോലിക്കാർക്ക് ശമ്പളം കൊടുത്തിട്ട് അതിലെ പ്രധാനിയോട് അവിടെ കിടക്കുന്ന സാധനങ്ങളും പുല്ലും മറ്റും വീട്ടിലെത്തിക്കാൻ പറഞ്ഞിട്ട് കരുണിനെ മോട്ടോർ സൈക്കിളിന്റെ പിന്നിലിരുത്തി യാത്ര തിരിച്ചു. എന്തോ അറിയാനുള്ള വ്യഗ്രത ചാരുംമൂടന്റെ മുഖത്ത് വ്യക്തമായിരുന്നു. ഇതിനുമുമ്പും ഇവൻ വയലിൽ കള പറിച്ചെടുക്കുന്നത് കണ്ടിട്ടുണ്ട്. പശുക്കൾക്ക് കൊടുക്കാനാവുമെന്നാണ് കരുതിയത്. ഒരു കുട്ടിയുടെ പഠിത്തവും മറ്റും മുടങ്ങുകയെന്നത് ഉള്ളിൽ ആശങ്കയാണുണ്ടാക്കുന്നത്. ജീവിതലക്ഷ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന കുട്ടിയെ കണ്ടപ്പോൾ അവന്റെ വേദനയില്‍ ചേരാതെയിരിക്കുക മനുഷ്യത്വമുള്ള കാര്യമല്ല. ഇതുപോലൊരു മോൾ തനിക്കുണ്ട്. അവളുടെ സ്ഥാനത്താണ് ഇവനെയും കരുതുന്നത്. ഒരു കുട്ടിയും പഠിക്കാതിരിക്കരുത്. പഠിക്കാത്ത കുട്ടികൾ അടിമകളെപ്പോലെ ജീവിക്കേണ്ടി വരും. ഈ കൂട്ടരാണ് മറ്റുള്ളവരെ അനുസരിച്ചും ആശ്രയിച്ചും ജീവിക്കുന്നത്. ഒരു പൗരൻ സ്വതന്ത്രനും മനുഷ്യനുമാകണമെങ്കിൽ അക്ഷരങ്ങൾ വായിച്ച് വളരണം. ആത്മവിശ്വാസം നേടിയെടുക്കണം. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്ന ഈ കാലത്ത് അറിവിന്റെ വിശാലലോകത്തേക്ക് കുട്ടികൾ ധാരാളമായി വായിച്ച് അറിവുണ്ടാക്കണം. അത് സാമൂഹിക പരിവർത്തനത്തിന് വഴിയുണ്ടാക്കും.
മോട്ടോർ സൈക്കിളിന്റെ പിന്നിലിരുന്ന കരുണിന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി. പരുന്തിനെപ്പോലെ മോട്ടോർ സൈക്കിളിന്റെ പിന്നിലിരുന്ന് പറക്കുമ്പോൾ ആഹ്ലാദത്തുടിപ്പായിരുന്നു. പുഞ്ചപ്പാടത്തിന്റെ ഒരു കോണിലാണ് അവന്റെ വീട്. വീടും പാടങ്ങളും മുഖാമുഖം കാണാം. ആ ഭാഗത്തുകൂടി ചെറിയൊരു തോട് ഒഴുകുന്നുണ്ട്. ആ തോട്ടിൽ വരാലും മുശിയും കൈക്കോരയുമുണ്ട്. കരുൺ അവിടെ ചൂണ്ടയിൽ മീൻ പിടിക്കാറുണ്ട്. സൂര്യപ്രഭയിൽ പരൽ മീനുകൾ വെള്ളത്തില്‍ നീന്തിത്തുടിച്ചുകൊണ്ടിരുന്നു.
മകനെ കാണാതെ ബിന്ദു വിഷമിച്ചിരിക്കുമ്പോഴാണ് ഒരു മോട്ടോർ സൈക്കിളിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞത്. ചെറിയ വീടിന്റെ ചെറുവരാന്തയില്‍ ചക്ക പൊളിച്ചുകൊണ്ടിരുന്ന ബിന്ദു തിരിഞ്ഞുനോക്കി. മുറ്റത്തുവന്ന മോട്ടോർ സൈക്കിളിന്റെ ശബ്ദം കേട്ട് നായ കുരച്ചു. കരുണിന്റെ ശാസനകേട്ട് നായ വായടച്ചു വാലാട്ടിക്കാണിച്ചു.അടുത്ത വീട്ടിലുള്ളവർ എത്തി നോക്കി. ബിന്ദു അടുത്തിരുന്ന ഊന്നുവടിയെടുത്ത് മുകളിലേക്ക് ഉയരാൻ ശ്രമിച്ചു. എണീറ്റയുടനെ വടി കയ്യിൽനിന്ന് താഴെ വീണു. കരുൺ ഓടിച്ചെന്ന് അമ്മയെ പിടിച്ച് വീണ്ടും തറയിലിരുത്തി. വീണ്ടും എഴുന്നേൽക്കാനാഞ്ഞ ബിന്ദുവിനോട് ചാരുംമൂടന്‍ പറഞ്ഞു. “ഇരുന്നോളൂ, എണീക്കണ്ട.” ബിന്ദുവിന്റെ ഹൃദയമിടിപ്പ് കൂടി. ആരാണീ വന്നിരിക്കുന്നത്? നാടിന്റെ പ്രിയങ്കരനായ നോവലിസ്റ്റ്. എന്തിനാണ് ഇദ്ദേഹത്തെ ഇങ്ങോട്ടു കൊണ്ടുവന്നത്. വലിയ ആൾക്കാർക്ക് ഇരിക്കാൻ നല്ലൊരു കസേര പോലുമില്ല. അവൻ അകത്തേക്ക് പോയിക്കഴിഞ്ഞു.
ബിന്ദു ശബ്ദമുയർത്തി പറഞ്ഞു, “എടാ സാറിന് ഇരിക്കാൻ…” കരുൺ ഉടനടി മറുപടി കൊടുത്തു, “കൊണ്ടുവരുന്നമ്മേ…” അകത്തെ മുറിയിൽ പൊടിപിടിച്ചു കിടന്ന ഒരു കസേര തുടച്ചിട്ട് മുറ്റത്തേക്കു കൊണ്ടുവന്നിട്ട് പറഞ്ഞു, “സാറെ ഇരിക്ക്.” ഒപ്പം വന്ന ആളിനെപ്പറ്റി അവന് ഒന്നുമറിയില്ല. അമ്മയ്ക്ക് അറിയാമെന്ന് തോന്നുന്നു. ചാരുംമൂടൻ ഇരുന്നിട്ട് ബിന്ദുവിന്റെ ശോകാകുലമായ മുഖത്തേക്ക് നോക്കി. യൗവനപ്രസരിപ്പുള്ള ആ കണ്ണുകൾ തിളങ്ങുന്നുണ്ട്. മുഖമാകെ പ്രസന്നമാണ്. ഇതിനുമുമ്പവൾ ഇന്നത്തെക്കാൾ സുന്ദരിയായിരുന്നിരിക്കണം. മുഖത്ത് ചായം തേച്ച് സൗന്ദര്യം വരുത്തേണ്ട ആവശ്യമില്ല. ഇരുപത്തഞ്ച് വയസ് കാണുമെന്ന് തോന്നുന്നില്ല. അമ്മയേയും മകനെയും സൂക്ഷ്മതയോടെ നോക്കി. കറുത്തമ്മയ്ക്ക് നല്ല വെളുത്ത നിറമുള്ള മോൻ. കേട്ടിടത്തോളം ഈ ജീവിതത്തിൽ ധാരാളം മുറിവുകൾ ഏറ്റുവാങ്ങിയ പെൺകുട്ടി. മകന്റെ പ്രസവത്തോടെ ഒരു കാൽ തളർന്നുപോയ അമ്മ. ഭർത്താവ് അപകടത്തിൽ മരിച്ചപ്പോൾ ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു എന്നു തോന്നുന്ന ഭാര്യ.
മൃദുവായി ചോദിച്ചു, “എന്താണ് ഈ കുട്ടിയുടെ പഠിപ്പ് നിർത്തിയത്? ബിന്ദു എത്രവരെ പഠിച്ചു?” “രണ്ടു വർഷം കോളേജിൽ പഠിച്ചു. കോളേജിൽ സാർ പ്രസംഗിക്കാൻ വന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്.” അത്രയും കേട്ടതോടെ അവളോടു താൽപര്യമേറി.
“സാറിന്റെ ഒരു നോവൽ ഞാൻ വായിച്ചു. അകത്തിരിപ്പുണ്ട്.” അവൾ വളരെ ആത്മാർത്ഥമായി സംസാരിക്കുന്നത് കണ്ട് കൗതുകമുണ്ടായി. പലപ്പോഴും പെൺകുട്ടികൾ ഇത്തരമൊരു അവസ്ഥയിൽ കണ്ണീർ വാർത്ത് ജീവിതത്തോട് വെറുപ്പും അമർഷവും കാട്ടാറുണ്ട്. ഇവൾക്ക് അത്തരത്തിലുള്ള വെറുപ്പും വിദ്വേഷവും ഒന്നുമില്ല. അതുകൊണ്ട് പ്രയോജനമില്ലെന്നറിയാമായിരിക്കും. നഷ്ടവസന്തങ്ങൾക്കിടയിൽ ഒരു പൂവ് വിടർന്നു നിൽക്കുന്നു. അതാണ് കരുൺ. എല്ലാ നിരാശകളിൽ നിന്നും മോചനം നേടാൻ അതവളെ സഹായിക്കും. അവന്റെ പഠനമാണ് ചാരുംമൂടനെ അസ്വസ്ഥനാക്കിയത്. ഏതാനും മണിക്കൂറുകൾക്കിടയിൽ അവൻ എന്നിലേക്ക് വളരുകയായിരുന്നു. ഇത്രയും മിടുക്കനായ ഒരു കുട്ടി പഠിക്കാതെപോകാൻ പാടില്ല. പഠിച്ചു വളരുകതന്നെ ചെയ്യണം. ബിന്ദുവിനെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു. “കരുണിനെ പഠിപ്പിക്കാനുള്ള എല്ലാ ചിലവുകളും ഞാൻ ഏറ്റെടുത്തുകൊള്ളാം. ഉടൻ സ്കൂളില്‍ വിടണം. അടുത്ത തിങ്കളാഴ്ചതന്നെ മാവേലിക്കര സ്കൂളിൽ രാവിലെ പത്തുമണിക്ക് എത്തുക. ഞാനവിടെ കാണും. മറ്റു മൂന്നുകുട്ടികളെക്കൂടി ഞാൻ പഠിപ്പിക്കുന്നുണ്ട്. എന്തു പറയുന്നു?”
സ്വന്തം അച്ഛനെപ്പോലെ അവൾ അദ്ദേഹത്തെ വിടർന്ന കണ്ണുകളോടെ ഹൃദയസംതൃപ്തിയോടെ നോക്കി. സ്വന്തം അച്ഛനുപോലുമില്ലാത്ത വ്യഥകൾ മറ്റൊരാൾക്ക് ഉണ്ടായിരിക്കുന്നു. അത് ആഹ്ലാദത്തുടിപ്പുകളായി അവളിൽ അലയടിച്ചു. കഴിഞ്ഞ കാലങ്ങളിൽ ജീവിതം എന്നോടു ചെയ്തത് ക്രൂരത മാത്രമാണ്. അതിനടുത്തായി ഇത്രമാത്രം സ്നേഹവും കാരുണ്യവും ഉള്ളതായി അറിഞ്ഞില്ല. അവന്റെ ഭാവിയെപ്പറ്റി ആശങ്കയുമായി കഴിഞ്ഞു. രണ്ടുകാലിനും ആദ്യം തളര്‍ച്ച അനുഭവപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞാണ് ഒരു കാലിന് അൽപം ആശ്വാസം അനുഭവപ്പെട്ടത്. ഇതിനിടയിൽ വീട്ടുജോലികൾ ചെയ്യാന്‍ ഒരു സഹായി ആവശ്യമായി. മറ്റൊരു വഴിയുമില്ലാതെ മനസ് വേദനിച്ചപ്പോൾ മകൻ മുന്നോട്ടു വന്നു. “അമ്മയെ നോക്കാൻ ഞാനില്ലേ, ഞാൻ പോവില്ല സ്കൂളിൽ.” രണ്ടാം ക്ലാസിൽ നിന്ന് മുകളിലേക്കുയരാൻ അവന് കഴിഞ്ഞില്ല.
ചാരുംമൂടൻ ചോദിച്ചു “നീ മർത്തോമാ സ്കൂളിലല്ലേ പഠിച്ചത്?” ബിന്ദു അതെയെന്ന് മറുപടി പറഞ്ഞു. വീട്ടിലെത്തിയ ദൈവത്തെ അവൾ കൺനിറയെ കണ്ടു. അവൾ സന്തോഷത്തോടെ പറഞ്ഞു. “ഒത്തിരി നന്ദിയുണ്ടു സാറെ, എന്റെ കുഞ്ഞിന്റെ ഭാവിയെ ഓർത്തുള്ള ദുഃഖം മാത്രമാണ് ഇന്നേവരെ ഉണ്ടായിരുന്നത്.”
അവൾക്ക് ധൈര്യം കൊടുത്തിട്ട് പറഞ്ഞു. “ജീവിതം നമ്മെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും. ആ ഭീഷണിയെ നേരിടാനല്ലെ ദൈവം നമുക്ക് ബുദ്ധിയും ശക്തിയും തന്നിരിക്കുന്നത്. എന്തിനേയും നേരിടാനുള്ള ധൈര്യം വേണം. ആ തിരിച്ചറിവില്ലാത്തവരാണ് ആത്മഹത്യയിലേക്കും മറ്റും പോകുന്നത്. എന്തായാലും നിങ്ങൾ വിഷമിക്കേണ്ട.”
അവൾ ദുഃഖഭാരത്തോടെ പറഞ്ഞു. “ഞങ്ങൾ പാവങ്ങളായിപ്പോയി. ആരും സഹായിക്കാനില്ല സാറെ. പിന്നെ നല്ല അയൽക്കാരാണ്. അവർ സഹായിക്കും സാറെ. സാറും കൂടിയായപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി.” അപ്പോഴേയ്ക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. അത് ഏങ്ങലായി മാറി. അവൾ കണ്ണുകൾ തുടച്ചു. മരുഭൂമിയുടെ മദ്ധ്യത്തിൽ ഒരു നീരുറവ ഒഴുകുന്നതായി അനുഭവപ്പെട്ടു.
കസേരയിൽ നിന്നെഴുന്നേറ്റിട്ട് ചാരുംമൂടൻ കരുണിനോട് പറഞ്ഞു “കരുൺ നിനക്ക് സ്കൂളിൽ പോകണ്ടായോ?”
അവൻ ഒരു നാണംകുണുങ്ങിയെപ്പോലെ മറുപടി പറഞ്ഞു, “പോണം.” “മിടുക്കൻ”
ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും കുറെ നോട്ടുകൾ എടുത്തിട്ട് ബിന്ദുവിനെ ഏൽപിച്ചിട്ടു പറഞ്ഞു “വിഷമിക്കേണ്ട. എല്ലാ വിശ്വാസങ്ങളും രക്ഷയിലേക്കുള്ള ഒരു യാത്രയാണ്. നാളത്തന്നെ കുറെ അരിയും മറ്റും ഞാനിവിടെ എത്തിക്കാം. മരുന്നൊക്കെ മുടങ്ങാതെ കഴിക്കുക. നാളെയും പാടത്ത് പണിയുണ്ട്. കരുൺ വരണം, പണിയെടുക്കാനല്ല, നിന്നോട് എനിക്ക് ചിലതൊക്കെ ചോദിക്കാനുണ്ട്.”
കരുൺ ആഹ്ലാദത്തുടിപ്പോടെ തലയാട്ടി. ചാരുംമൂടൻ മോട്ടോർ സൈക്കിളിൽ യാത്ര തിരിച്ചു. ബിന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയും നോട്ടുകൾ കയ്യിലിരുന്ന് വിറയ്ക്കുകയും ചെയ്തു. സമ്പത്ത് കൂട്ടിവയ്ക്കാൻ ശ്രമിക്കുന്നവരുടെ മധ്യത്തിൽ ഇങ്ങനെയും മനുഷ്യരുണ്ടല്ലോ. മറ്റുള്ളവരുടെ വേദനയിൽ പങ്കാളിയാകാൻ ഈ ലോകത്ത് എത്രപേർക്ക് കഴിയുന്നു. ഇന്നുവരെ ഒരാളെപ്പോലും കണ്ടിട്ടില്ല. വാഗ്ദാനങ്ങൾ നൽകാനും വാ തോരാതെ പ്രസംഗിക്കാനും വഞ്ചിക്കാനും ചതിക്കാനും അവർക്കൊപ്പം കൂട്ടുകൂടാൻ ധാരാളം പേരുണ്ട്. ബിന്ദു മകനെ അടുത്തിരുത്തി അവന്റെ കവിളിൽ ചുംബിച്ചു. വേദനാജനകമായ ഭൂതകാലത്തിൽ നിന്നും ആനന്ദകരമായ ഒരു വർത്തമാനകാലത്തിലേക്ക് വന്നിരിക്കുന്നു. അഞ്ഞൂറിന്റെ നോട്ടുകൾ മടിയിൽ തിരുകി വച്ചിട്ട് മകന്റെ കയ്യിൽ പിടിച്ച് ബിന്ദു ഒറ്റക്കാലിൽ എഴുന്നേറ്റുനിന്നു. ഉടനടി ഊന്നുവടി അമ്മയുടെ കക്ഷത്തിൽ വച്ചുകൊടുത്തു. ഒരു കൈ വിറച്ചു. ഒറ്റക്കാലിൽ ആണെങ്കിലും അധികനേരം നിൽക്കരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. തുടർന്ന് അമ്മയുടെ മിക്ക ജോലികളും കരുണാണ് ചെയ്യുന്നത്.
അടുക്കളയിലേക്ക് വടിയിൽ കുത്തി ബിന്ദു നടന്നിട്ട് അതിനുള്ളിലെ ചെറിയ ബഞ്ചിലിരുന്നിട്ട് ചോദിച്ചു. “കരുണേ നീ ഉച്ചയ്ക്ക് എന്തെങ്കിലും കഴിച്ചോ?” അവൻ ആ മുഖത്തേക്ക് സന്തോഷത്തോടെ നോക്കി തലയാട്ടി കാണിച്ചു.
പല ദിവസവും അടുത്ത വീട്ടിലെ മാവിലെ പച്ചയും പഴുത്തതുമായ മാമ്പഴവും അയലത്ത് നിന്ന് കൊടുക്കുന്ന ചക്കപ്പഴവും തിന്നാണ് വയറു നിറയ്ക്കുന്നത്. ആ വീടുകളിലെ തെങ്ങിലും പ്ലാവിലും കയറാൻ കരുണിനെയാണ് അയൽക്കാർ സമീപിക്കുന്നത്. ബിന്ദുവിന്റെ മനസ്സിൽ ദുഃഖവും കുറ്റബോധവും നിറയാറുണ്ടെങ്കിലും ആരെങ്കിലും ആഹാരം കൊടുക്കുമെന്ന് അവൾക്കറിയാം. ഉച്ചയ്ക്ക് വീട്ടിൽ വരാത്തതിനും ഒരു കാരണമുണ്ട്. അമ്മ വയറുനിറയെ ആഹാരം കഴിക്കട്ടെയെന്നാണ് മകൻ ആഗ്രഹിക്കുന്നത്. അതിനാൽ ഉച്ചയ്ക്ക് വീട്ടിൽ വരാറില്ല. തോട്ടിലൂടെ ഒഴുകുന്ന തെളിനീർ അവന്റെ ദാഹമകറ്റാറുണ്ട്. അടുപ്പിൽ തീ കത്തിച്ചിട്ട് കൊതുമ്പും ചെറിയ ചുള്ളികളും വച്ച് ഊതിക്കൊടുത്തു. അമ്മയുടെ നിർദേശപ്രകാരം ഒരു മൺകലത്തില്‍ ചക്ക അടുപ്പിൽ വച്ചു. ചക്ക വെന്തു തുടങ്ങി. ഇന്നവന് എല്ലാ അടുക്കളപണിയും അറിയാം. മീൻ വെട്ടി കറിവയ്ക്കാൻ വരെ പഠിച്ചു. തോട്ടിൽ പോയി അമ്മയുടെ തുണികൾ കഴുകിയുണക്കുന്നതും അവനാണ്.
ദിവസങ്ങൾ മുന്നോട്ടു പോയി. നീണ്ടുവളർന്നുകിടന്ന മുടി വെട്ടി. കീറിയ തുണികൾക്കു പകരം നല്ല തുണികൾ ധരിച്ചു. നല്ല ഭക്ഷണങ്ങൾ പാകം ചെയ്തു. ആറു മാസത്തേക്കു കഴിയാനുള്ള അരി ഒരു ചാക്കിലാക്കി ചാരുംമൂടന്റെ ജോലിക്കാര്‍ എത്തിച്ചു കൊടുക്കുക പതിവാക്കി. അതിനൊപ്പം തേങ്ങ, ചക്ക, ചേന, ചേമ്പ് മുതലായവയുമുണ്ടായിരുന്നു. പുഞ്ചപാടത്ത് അവൻ ചാരുംമൂടന്റെ നിഴലായി എപ്പോഴും കൂടെയുണ്ടാകും. പഠനത്തിനൊപ്പം പാടത്തും കരയിലുമായി അവൻ പച്ചക്കറികൾ വച്ചുപിടിപ്പിച്ചു. ആ പച്ചക്കറി തോട്ടങ്ങൾ പഠിക്കുന്ന സ്കൂളിലും കൂട്ടുകാരുടെ വീട്ടിലും നട്ടുവളർത്തി. കടകളിൽ പോയി വിഷാംശമുള്ള പച്ചക്കറികൾ വാങ്ങാതെ സ്വന്തം വീട്ടിൽ അവയുണ്ടാക്കാൻ അവൻ കൂട്ടുകാരെ ഉപദേശിച്ചു. ഓരോരോ വീടുകളിൽ പാവയ്ക്ക, പയർ, പച്ചമുളക്, വെള്ളരി, മത്തങ്ങ, ചീര, പടവലങ്ങ, കാബേജ്, കോവയ്ക്ക മുതലായവ വളർന്നു. കരുൺ പലരുടെയും കണ്ണിലുണ്ണിയായി മാറി. പക്വമായ സ്വഭാവം. അനുസരണ, ബഹുമാനം, സ്നേഹം അവന്റെ കൂടപ്പിറപ്പുകളായി. ഇന്നത്തെ കുട്ടികൾക്ക് ഒരു വഴികാട്ടിയായി അവനെ പലരും കണ്ടു. പഠനവും കൃഷിയും ഒരുപോലെ തുടർന്നു. ഒരു കൃഷിക്കും രാസവളം ഉപയോഗിക്കാതെ ജൈവവളമാണ് ഉപയോഗിക്കുന്നത്. കൃഷിയുടെ എല്ലാ ബാലപാഠങ്ങളും പഠിച്ചത് ഗുരുതുല്യനായ ചാരുംമൂടനിൽ നിന്നാണ്.
ഇന്നവൻ പുതുക്കാടൻ പുത്തൻവീട്ടിലെ കാര്യസ്ഥനാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കരുണിനെ കോളേജിൽ പഠിപ്പിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px