സ്ക്കൂൾ ഓഫ് ഡ്രാമയിൽ
” തിയേറ്റർ ഓഫ് ടച്ചിങ് ”
അടിയന്തിരാവസ്ഥക്കു ശേഷം ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ഓഫ് ഡ്രാമയിൽ പുതിയ നാടകപ്രസ്ഥാനങ്ങൾ ആരംഭിച്ചിരിക്കുന്നതായിട്ടാണറിവ്.
തൃശൂർ അരണാട്ടുകരയിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്.
അരണയല്ലത്. ഡ്രാമാ സ്ക്കൂളിൽ എന്തോ “ഡിങ്കോ സൽഫി “നടക്കുകയാണന്ന് അവിടെ പഠിക്കുന്ന പെൺകുട്ടികൾ പറയുന്നു. അതല്ലേ ആണും പെണ്ണും കൂടോടെ സമരത്തിനിറങ്ങിയിരി
ക്കുന്നത്.
പണ്ടേ സമര കേന്ദ്രമാണ് സ്കൂൾ ഓഫ് ഡ്രാമ. അദ്ധ്യാപകരും വിദ്യാർഥികളും തമ്മിലാണ് പ്രശ്നം.
ഇപ്പോൾ വിഷയം പെണ്ണാണ്.
ഇബ്സന്റെ നോറ വാതിൽ വലിച്ചടച്ചിട്ട് ഇറങ്ങിപ്പോയ പോക്കിൽ കേട്ട ശബ്ദം യൂറോപ്പ് മുഴുവൻ മുഴങ്ങിയത് കേരളക്കരയും കേട്ടു. പക്ഷേ അന്നൊന്നും പെണ്ണുങ്ങൾ ആണുങ്ങളോട് നേർക്കുനേർ ചോദിക്കാൻ മുതിർന്നിരുന്നില്ല. ഇപ്പോൾ സംഗതി ശേലായി. രണ്ട് അദ്ധ്യാപകരെക്കൊണ്ട് തൃശൂരെ നാടകവിദ്യാർഥിനികൾ പൊറുതിമുട്ടുന്നതായിട്ടാണറിവ്. ഇന്നലെ ഒരു അദ്ധ്യാപകനെ ഇതിന്റെ പേരിൽ കോഴിക്കോട് സർവ്വകലാശാല കഴുത്തിൽ കുത്തി പുറത്താക്കുകയും ചെയ്തു. അതു പോരാ അറസ്റ്റ് തന്നെ ചെയ്യണമെന്ന് മുറവിളി കൂട്ടുകയാണ് വിദ്യാർഥിനികൾ .
അപ്പോൾ സംഗതി എന്തോ ഉണ്ട് !. സസ്പെന്റു ചെയ്തവനെക്കൂടാതൊരു നാടകാചാര്യൻ പുതിയ പാഠ്യപദ്ധതിയുമായി
തിരുവനന്തപുരത്തു നിന്ന് വണ്ടി കയറിച്ചെല്ലാറുണ്ടത്രേ! ആ ഏകാംഗനാടകാചാര്യൻ! അങ്ങനെ ആ “രാജാ” പ്പാർട്ടുകാരനും കുടുങ്ങുന്ന ലക്ഷണമാണ്. ഇടക്കിടെ രാജാവ് അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമയിൽ ചെന്ന് “ടച്ചിങ് ” കോഴ്സ് നടത്തുന്നതായിട്ടാണറിവ്. വിദ്യാർഥിനികൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഉപദ്രവം സഹിക്കാതെ പറയുന്നത് കേൾക്കണം “ട്രൂക്കോപ്പി” യിൽ സകലവന്റേയും പേരെടുത്തു പറഞ്ഞ് പെൺകൊച്ചുങ്ങൾ ഞെരിക്കുന്നുണ്ട്.
അരണാട്ടുകരയിലെ പ്രേമാഭിഷിക്തൻ മന്ത്രിയും കേരള യൂണിവേഴ്സിറ്റിയിലെ രാജ്യമില്ലാത്തരാജാവും ചേർന്നു കുറെക്കാലമായി നടത്തിവരുന്ന ടച്ചിങ് നാടകങ്ങളുടെ നിജസ്ഥിതി ഇനി പോലീസന്വേഷിച്ചാലേ വെളിച്ചത്തു വരൂ. ടച്ചിങ്ങിന്റെ പുതിയ തിയേറ്റർ തത്വങ്ങൾ അവർ പഠിപ്പിച്ചു കൊള്ളും
പെൺകുട്ടികൾ ചൂണ്ടിക്കാണിക്കുന്ന
ആ പിഴകൾ രണ്ടിനേയും പിടിച്ച് സ്റ്റേഷനനകത്തിട്ട് “തിയേറ്റർ ഓഫ് ലോക്കപ്പ് ” കളിക്കാൻ വേണ്ടതൊക്കയും അവിടെ വിദ്യാർഥിനികൾ ചെയ്യുന്നുണ്ട്. സാറന്മാർക്ക്
പുതിയ പുതിയ നാടക സങ്കേതങ്ങൾ പ്രയോഗിച്ച് പഠിപ്പിക്കാൻ ഇപ്പോഴത്തെ നമ്മുടെ പെങ്കൊച്ചുങ്ങൾ നിന്നു കൊടുത്തിട്ടു വേണ്ടേ?
“പല്ലവഗ്രാഹിതന്യായ ” ക്കാരായ പുരുഷാദ്ധ്യാപ കരിങ്ങനെ മേയാൻ തുടങ്ങിയാണോ ? തെക്കും വടക്കു മുള്ള കേരളത്തിലെ സർവ്വകലാശാലകൾ പണ്ടേ ഇതിന് പ്രസിദ്ധമാണ്. പല പ്രായത്തിലുള്ളവർ.
ഇളം പുല്ലിന്റെ തല മാത്രം കടിച്ചു കടിച്ചു മേയുന്നവർ. സംഗതി സംസ്കൃത ന്യായമാണെങ്കിലും ടച്ചിങ്ങിന്റെ സെൻസേഷൻ അറിയാൻ ഇളം പുൽ നാമ്പു തന്നെ വേണമല്ലോ!
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പെൻഷൻ പറ്റി വന്ന വയലാ വാസുദേവൻ പിള്ള ക്കിരിക്കാൻ കേരള സർവ്വകലാശാല സ്റ്റുഡന്റ്സ് സെന്ററിന്റെ വടക്കേപ്പുറത്തെ മൂലയിൽ ഒരു മുറി ഒരുക്കിയതിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് കേരള സർവകലാശാല വി.സി. മഹാദേവൻപിള്ളയോ സിൻഡിക്കേറ്റംഗങ്ങളോ അന്വേഷിക്കുന്നുണ്ടോ?
കേരള സർവ്വകലാശാലയിൽ ഒരു നാടക വിഭാഗം പ്രവർത്തിക്കുന്നുണ്ടോ?
പിണറായി സർക്കാരിന് വോട്ടു പിടിക്കാൻ വണ്ടി വാടകക്കെടുത്ത് “തിയേറ്റർ ഓഫ് വാഗൺ ” ലോകത്താദ്യമായി കണ്ടുപിടിച്ചെന്ന് വീമ്പിളക്കുന്ന ഒരു കോത്താഴത്തു രാമൻ അവിടെയുണ്ടെന്നാണറിവ്.. പണ്ട് സൈക്കിൾ യജ്ഞത്തിനിടയിൽ പണം പിരിക്കാൻ ലോറിയിലലങ്കരിച്ച് ചിരട്ട വെച്ചുകെട്ടി കാബറയും നാടകവും കളിച്ചിരുന്ന ഏർപ്പാട് ഇവിടെയുണ്ടായിരുന്നു.
അതിനെ എന്ത് വിളിച്ചിരുന്നോ ആവോ! അതിന്റെ പരിഷ്കൃത രൂപമല്ലേ ഈ വണ്ടി നാടകം. ?ഇപ്പോൾ തുമ്മുന്നതിനേയും തുപ്പുന്നതിനേയും എല്ലാം ആംഗലീകരിച്ച് തിയേറ്റർ രൂപാന്തരങ്ങളായിക്കാണാമെങ്കിൽ രാത്രിയാകുമ്പോൾ കള്ളുകുടിച്ചിട്ട് മാന്യന്മാരുടെ ഡയറക്ടറി നോക്കി ഫോണെടുത്തു തന്തയ്ക്ക് വിളിക്കുന്ന ഒരു തിയേറ്റർ വിദ്യയുടെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം എന്നതു് കഥ വേറെ!
“തിയേറ്റർ ഓഫ് തന്തക്കു വിളി’
നാടകത്തിന്റെ പേരിൽ ഇവിടെ ചെയ്തു കൂട്ടുന്നതെന്തൊക്കയാണെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
വെള്ളത്തിൽ കിടക്കുന്ന തവള കുടിച്ചു ചത്തോ കുടിക്കാതെ ചത്തോ എന്നന്വേഷിക്കണ്ടെന്നായിരിക്കും സർവ്വകലാശാലയുടെ ന്യായം!
ഒരു നാടക സെന്റർ കേരള സർവ്വകലാശാലയ്ക്ക് ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ ആജീവനാന്തം ഒരുത്തനെ പിടിച്ചവിടെയിരുത്താൻ ഏത് നിയമമാണുള്ളത് ? വെള്ളമുണ്ടുണ്ടെങ്കിൽ തടുക്കും പായും കിട്ടുമെന്നാണോ ?
ഇപ്പോൾ അരണാട്ടുകരയിലെ “ടച്ചിങ് ” കേസിൽ അറസ്റ്റ് ചെയ്യാൻ പെൺകുട്ടികൾ മുറവിളി കൂട്ടുന്നതു് ഇവിടുത്തെ നാടകമേധാവി ചമഞ്ഞു നടക്കുന്ന നാടകാചാര്യനെയല്ലേ ?
ടച്ചിങ് പഠിപ്പിക്കാൻവിസിറ്റിങ്ങിൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പോയവനെതിരെ പെൺകൊച്ചുങ്ങൾ പോലീസിന് പരാതിപ്പെട്ടിരിക്കുന്നു.
ഇയാൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കേരളാ
വി.സി. അറിയുന്നില്ലേ?
അറിഞ്ഞിട്ടും മിണ്ടാതിരിക്കുകയാണെങ്കിൽ
ഈ വർഷം പുതിയൊരു ഡ്രാമാകോഴ്സിൽ തുടക്കം കുറിക്കാം.
” ടച്ചിങ് തിയേറ്റർ” ഐഛികം കൊടുത്ത് കൊഴുപ്പിക്കണം.
സബ്സിഡറി പേപ്പർ “സെൻസേഷ”നുമാകട്ടെ.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണമെങ്കിൽ തിരുവനന്തപുരത്തു നിന്ന് തൃശൂരു പോയി ടച്ചിങ് പഠിപ്പിക്കുന്ന ഈ വേന്ദ്രനെ സെക്രട്ടേറിയറ്റിൽ വിളിച്ചു വരുത്തി ഒരു ടച്ചിങ് ക്ലാസ്സ് അങ്ങ് എടുപ്പിക്കരുതോ ? ഇതൊന്നും ഇവിടാരും കണ്ട ഭാവമില്ല. ഇതൊക്കെ സ്വാഭാവികം എന്നാണോ ? എന്നാണെങ്കിൽ
ഒരു സർവ്വകലാശാലാ ഡിപ്പാർട്ടുമെന്റു ടച്ചിങ്ങിന് മുഴുവനായി അങ്ങ് ആരംഭിച്ചു കൂടേ? നക്കാപ്പിച്ച കൊടുക്കാതെ യുജിസി അംഗീകാരത്തോടു കൂടിത്തന്നെ തലവനായിപ്പിടിച്ചങ്ങിരുത്തരുതോ?
വിദ്യയ്ക്ക് ലജ്ജയില്ലെന്ന മൊഴി അന്വർഥവുമാക്കാം.
വിരൽ കൊടുത്താൽ കൈവിഴുങ്ങുന്ന സിൻഡിക്കേറ്റല്ലേ ഇവിടെ.
ഒന്നനക്കിക്കൊടുത്താൽ മതി.പിന്നെ ഓട്ടം നിർത്തില്ല.വില്ലിന്റെ ബലം പോലിരിക്കും അമ്പിന്റെ പാച്ചിൽ . ഇപ്പോൾ ബലം എ.കെ.ജി. സെന്ററിൽ നിന്ന് വരണം. അതിന് വനിതാ സംഘങ്ങളിപ്പോൾ കേരളത്തിൽ മഷിയിട്ടു നോക്കണമല്ലോ.
1977 ൽ തിരുവനന്തപുരം സ്റ്റുഡന്റ്സ് സെന്ററിൽ രണ്ടാഴ്ച നീണ്ടു നിന്ന ഒരു നാടകക്കളരി നടന്നു. സുരേഷ് കുറുപ്പ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്ന കാലത്തു്. പി.കെ.വേണുക്കുട്ടൻ നായരും ജി ശങ്കരപ്പിള്ളയും രാപകലുല്ലാതെ പി.എം.ജിയിലെ പ്രശാന്ത് ഹോട്ടലിൽ കുത്തിയിരുന്നെഴുതിയ പ്രോജക്ടും സിലബസ്സുമാണ് കേരള സർവ്വകലാശാലക്കു തരാതെ കാലിക്കട്ട് അടിച്ചു മാറ്റിയത്. പി.കെ. ഹരികുമാറും മുകേഷും ഈയുള്ളവനുമൊക്കെ ആ ക്യാമ്പിലുണ്ടായിരുന്നു.
അന്ന് നാടകത്തിൽ ഗവേഷണം നടത്തിയിരുന്ന കൊല്ലത്തുകാരൻ സിൻഡിക്കറ്റ് മെമ്പർ സഖാവ് എ. റസലുദീനായിരുന്നു ക്യാമ്പിന്റെ ചുക്കാൻ പിടിച്ചിരുന്നത്. പി.കെ.വേണുക്കുട്ടൻ നായരേയും ജി.ശങ്കരപ്പിള്ളയേയും താമസ സ്ഥലത്തു നിന്ന് കൂട്ടിക്കൊണ്ട് വരുന്ന ചുമതല എന്റേതായിരുന്നു. അന്നവർ സംസാരിച്ചത് മുഴുവൻ വരാനിരിക്കുന്ന ഡ്രാമാ സ്ക്കൂളിനെപ്പറ്റിയായിരുന്നു. 1978 ൽ അത് സഫലമായപ്പോൾ ജി.ശങ്കരപ്പിള്ള ആദ്യ ഡയറക്ടറായി. എന്തൊരന്തസ്സോട് കൂടി നടന്ന സ്ഥാപനമാണ്. വേലി തന്നെ വിളവ് തിന്നുന്ന ഇടമായിത്തീർന്നില്ലേ? പണ്ടേ അവിടെ സമരങ്ങളുണ്ട്.
പഞ്ചേന്ദ്രിയടച്ചിങ്ങിനെതിരെയല്ല. മാനം മര്യാദയുള്ള കുടുംബങ്ങളിൽ നിന്ന് ആ കലാലയത്തിലേക്ക് പെൺകുട്ടികളെ രക്ഷകർത്താക്കൾ അയക്കുന്നത് കണ്ട കടച്ചാണി കൾക്കെല്ലാം ടച്ചിങ് സെൻസേഷൻ ഉണ്ടോ എന്ന് പരിശോധിക്കാനല്ല. തുടക്കത്തിലേ ആ ചുണക്കുട്ടി പ്രതികരിച്ചത് നന്നായി. അല്ലെങ്കിൽ ഓരോ ഇന്ദ്രിയങ്ങളിലായി പരീക്ഷണം തുടങ്ങിയേനേ.
തിയേറ്റർ ഓഫ് ടച്ചിങ്ങിൽ വേന്ദ്രനായ കേരള സർവകലാശാലയിലെ ഏകാംഗ രാജാവ് അരണാട്ടുകരയിൽ ചെന്ന് ചെയ്തതെന്തെന്നോ! പെൺപിള്ളേർക്ക് “ടച്ചിങ് സെൻസേഷൻ ” പഠിപ്പീരാണ്.
സാമൂഹ്യ മാദ്ധ്യമത്തിൽ ഒരു പെൺകുട്ടി പറഞ്ഞതിങ്ങനെ :
“ടച്ചിങ് സെൻസേഷനെപ്പറ്റി സംസാരിക്കുന്നതിനിടെ അദ്ദേഹം എന്റെ കൈയ്യിൽ അടിച്ചു കൊണ്ട് വേദനയെടുത്തോ? എന്ന് ചോദിച്ചു എന്തിനാണ് നിങ്ങൾ എന്നെ അടിച്ചതെന്ന് ചോദിച്ചപ്പോൾ “ടച്ചിങ്ങിന്റെ സെൻസേഷ”നെപ്പറ്റി സംസാരിക്കുകയാണല്ലോ എന്നു മറുപടി. ”
ടച്ച് ചെയ്യാതെ എങ്ങനെ ടച്ചിങ് ? ഇനി സെൻസേഷന് എവിടെയൊക്കെ ടച്ച് ചെയ്യുമെന്ന് ഭയന്നിട്ടാവണം ആ പെൺകുട്ടി ലവന്റെ കരണക്കുറ്റിനോക്കി ഒന്ന് കൊടുക്കാതെ യൂണിവേഴ്സിറ്റിക്ക് പരാതി കൊടുത്തത്. എന്നിട്ടും പരാതി മുക്കി. അതുകൊണ്ടാണ് ഒന്നടങ്കം വിദ്യാർഥികൾ രംഗത്തുവന്നിരിക്കുന്നത്.
വിശപ്പിന് കറി വേണ്ട. ഉറക്കിന് പായ് വേണ്ട. എന്നു പറഞ്ഞതുപോലെ ടച്ചിങ്ങിന് ശരീരം പോലും വേണ്ട ന്നാകുമോ ? അതാർക്കുവണം!
എന്തായാലും ടച്ചിങ് തിയേറ്ററിന്റെ സ്ഥാനപതിയായി അദ്ദേഹത്തെത്തന്നെ നമുക്ക് വാഴിക്കാം.
എന്തായാലും തൃശൂരിൽ പ്രശ്നം ജനകീയമാകുകയാണ്!നോക്കിക്കോ, വിഷം തീണ്ടിയവൻ ചാവുമ്പോഴായിരിക്കും വിഷഹാരി എത്തുന്നത്!
(കളം ഓൺലൈനിൽ കലണ്ടർ എന്ന പംക്തി കാണുക)












