ലേഖനം by സാം നിലമ്പള്ളില്‍ – രണ്ട് മര്‍ക്കടമുഷ്ടികള്‍, പിണറായിയും പുടിനും..

Facebook
Twitter
WhatsApp
Email

2019 പ്രളയത്തിനുശേഷം നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കി ജനങ്ങളെ മോഹിപ്പിച്ച പിണറായി വിജയനെ വാനോളം പുകഴ്ത്തി ഞാനൊരു ലേഖനം എഴുതുകയുണ്ടായി. ജനങ്ങളും അദ്ദേഹം പറഞ്ഞത് വിശ്വസിച്ചു. അതിന്‍റെയുംകൂടി ഫലമായിട്ടാണല്ലൊ ഇടതുപക്ഷത്തെ അവര്‍ രണ്ടാമതും അധികാരത്തിലേറ്റിയത്. പക്ഷേ, അദ്ദേഹം വാഗ്ദാനംചെയ്ത നവകേരളം എവിടെയും എത്തിയില്ല. കെ റെയില്‍ നടപ്പാക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഇപ്പോഴാണ് മനസിലായത്. അതിന്‍റെ മുന്നോടിയായിട്ടുള്ള കല്ലിടീലാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കല്ലിടീല്‍ വീട്ടമ്മയുടെ അടുക്കളയിലും ഗവ. ഹൈസ്കൂളിലെ എട്ട് ബീയിലും, കുഞ്ഞുങ്ങള്‍ അക്ഷരംപഠിക്കുന്ന അംഗനവാടിയിലും, ഹോസ്പിറ്റലുകളിലെ പ്രസവവാര്‍ഡിലുമൊക്കെയാണ് നടക്കുന്നത്. ജനങ്ങള്‍ പ്രതിക്ഷേധവുമായി റോഡിലിറങ്ങിയിട്ടും പിണറായിക്ക് യാതൊരുകുസലുമില്ല.
വര്‍ഷങ്ങളായി സ്വസ്ഥജീവിതം നയിക്കുന്ന കുടുംബങ്ങളെ റോഡിലേക്ക് ഇറക്കിവിടുകയെന്നുപറഞ്ഞാല്‍ അത് എന്തിന്‍റെപേരിലായാലും അംഗീകരിക്കാന്‍ സാധ്യമല്ല. വസ്തുവിലയുടെ രണ്ടോമൂന്നോ ഇരട്ടികൊടുക്കാമെന്ന് വാഗ്ദാനം ചെയ്താലും തങ്ങള്‍ തലമുറകളായി ജീവിച്ചുപോന്ന തറവാടുകള്‍ പൊളിക്കാന്‍ ആരും സമ്മതിക്കില്ല. ചെറ്റക്കുടുലായാലും അതിനോട് അത്രയധികം ആത്മബന്ധം അവര്‍ക്കുണ്ട്. ഉക്രേനിലെ ലക്ഷങ്ങള്‍ വീടുവിട്ടോടിയിട്ടും യാതൊരു കുലുക്കവുമില്ലാതെ അവരുടെ പാര്‍പ്പിടങ്ങളില്‍ ബോംബിട്ട് രസിക്കുന്ന പുടിനും, സ്ത്രീകളെയും കുട്ടികളെയും അടിച്ചമര്‍ത്തി അവരുടെ വീടിന്‍റെനടുവില്‍ ബലമായി കല്ലിടുന്ന പിണറായിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
ഈയൊരു പദ്ധതി കേരളത്തിന് അത്യാവശ്യമായ ഒന്നാണോ? ആര്‍ക്കാണ് കാസര്‍കോട്ടുനിന്ന് നാലുമണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് എത്തേണ്ടത്? മന്ത്രിമാരും എം എല്‍ എ മാരും കാണുമായിരിക്കും. സാധാരണക്കാര്‍ക്ക് കെ റയില്‍ ആവശ്യമില്ല. കുറഞ്ഞചിലവില്‍ യാത്രചെയ്യാന്‍ അവര്‍ക്ക് ഇന്‍ഡ്യന്‍ റയില്‍വേയുണ്ട്. റയില്‍വേ വികസനത്തിനുവേണ്ട സ്ഥലം ഏറ്റെടുത്തുകൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണോ കെ റയില്‍ നടപ്പാന്‍ പോകുന്നത്? സ്ഥലം ഏറ്റെടുത്തുകൊടുക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകാത്തുകൊണ്ടാണ് ഇരട്ടപ്പാത നിര്‍മ്മാണം ഇഴയുന്നതെന്നാണ് റയില്‍വെ പറയുന്നത്. ഇരട്ടപ്പാതനിര്‍മ്മാണം പൂര്‍ത്തിയായാല്‍ 150 മൈല്‍ സ്പീഡില്‍ വണ്ടികള്‍ ഓടിക്കാന്‍ റയില്‍വേക്ക് സാധിക്കും.
പിണറായി പറയുന്നതുപോലെ 200 മൈല്‍വേഗത്തില്‍ ഈ ട്രെയിന്‍ ഓടില്ല. ഇത് പറയുന്നത് ഒരു ട്രെയിന്‍ വിദഗ്ധനായ ഇ. ശ്രീധരനാണ്. 65 ആയിരംകോടികൊണ്ട് കെ റയില്‍ പദ്ധതി പൂര്‍ത്തിയാകില്ല. പണിതീരുമ്പോള്‍ നൂറ്റിഅന്‍പതോ, ഇരുനൂറോ കോടികളാകും ചെലവുവരുക. ഇതില്‍തന്നെ എത്രലക്ഷംകോടികള്‍ പാര്‍ട്ടിഫണ്ടിലേക്കും സഖാക്കന്മാരുടെ പോക്കറ്റിലേക്കും പോകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഒരുപക്ഷേ,ഇതുതന്നെ ആയിരിക്കില്ലേ പിണറായിയുടെയും സി പി എമ്മിന്‍റെയും ഗൂഢോദ്ദേശം.
ഇപ്പോള്‍തന്നെ മൂന്നുലക്ഷംകോടി കടമുള്ള കേരളത്തിന് അധികച്ചിലവ് താങ്ങനാവുന്നതാണോ? സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മാസാമാസം ശമ്പളംകൊടുക്കാന്‍തന്നെ എല്ലാമാസവും അവിടുന്നും ഇവിടുന്നുമൊക്കെ കടംവാങ്ങുകയാണ് പതിവ്. അതിന്‍റെകൂടെയാണ് ഇങ്ങനെയൊരു അധികച്ചിലവുകൂടി. കെ റയില്‍ പദ്ധതി തുടങ്ങിവച്ചാല്‍തന്നെ പൂര്‍ത്തിയാകുമെന്ന് യാതൊരു ഉറപ്പുമില്ല. മിക്കവാറും പകുതിവഴിയല്‍ ഉപേക്ഷിക്കേണ്ടിവരും. കേരളസര്‍ക്കാര്‍ ഏറ്റെടുത്ത പലപദ്ധതികളുടെയും ജാതകം അങ്ങനെയാണല്ലോ കുറിക്കപ്പെട്ടിട്ടുള്ളത്. മന്ത്രിമാര്‍ ആഘോഷപൂര്‍വ്വം സ്ഥാപിച്ച പല തറക്കല്ലുകളും ഇപ്പോള്‍ തെരുവുനായക്കള്‍ക്ക് മൂത്രാഭിപേക്ഷത്തിനാണ് പ്രയോജനപ്പെടുന്നത്.. കെ റയില്‍ കല്ലുകളുടെ ഗതിയും അങ്ങനെതന്നെ ആയിരിക്കും.
കെ റയില്‍പാത കടന്നുപോകുന്നതിന്‍റെ ഇരുവശങ്ങളിലും പത്തടി ഉയരത്തില്‍ മതില്‍കെട്ടേണ്ടിവരും. മുള്ളുവേലികെട്ടുമെന്നാണ് പിണറായി പറയുന്നത്. അത് ഇന്‍ഡ്യാഗവണ്മന്‍റ് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ല. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരംവരെ മതില്‍കെട്ടിയാല്‍ കേരളം രണ്ടായി വിഭജിക്കപ്പെടും., കിഴക്കന്‍കേരളവും പടിഞ്ഞാറന്‍ കേരളവും. കിഴക്കന്‍കേരളം തമിഴ്നാടിനോ കര്‍ണാടക്കോ വിറ്റാല്‍ കെ റയില്‍ നിര്‍മാണത്തിനുള്ള ചിലവ് വഹിക്കാനാകും. പടിഞ്ഞാറന്‍കേരളം ഒരുവാലുപോലെ നീണ്ടുകിടക്കുന്നതല്ലേ. അത് കാലക്രമത്തില്‍ അറബിക്കടലും കൊണ്ടുപോകും. അങ്ങനെ പിണറായിയുടെ നവകേരളം സാധ്യമാകും.
വിനാശകാലെ വിപരീതബുദ്ധിയെന്ന് കേട്ടിട്ടുണ്ട്. രണ്ടാംതവണയും അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ക്ക് ചെവികൊടുക്കില്ലെങ്കില്‍ ബംഗാളില്‍ അവരുടെ പാര്‍ട്ടിക്കുണ്ടായ അനുഭവം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് മനസിലാക്കിയ്ല്‍ നന്ന്.
മരണശയ്യയില്‍കിടക്കുന്ന കോണ്‍ഗ്രസ്സിന് ജീവന്‍വെയ്പിക്കാന്‍ പറ്റിയ മൃതസജ്ഞീവനിയാണ് പിണറായി വച്ചുനീട്ടുന്നത്. കെ റയിലിനെതിരായ ജനകീയ സമരത്തില്‍ പങ്കുചേരാതെ മാറിനന്നാല്‍ കിട്ടിയ അവസരം പാഴാകും.. ബംഗാളില്‍ മമതാ ബാനര്‍ജി സിംഗൂറിലും നന്ദിഗ്രാമിലും കിട്ടിയ അവസരം ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചതുകൊണ്ടാണ് അവരിന്ന് അധികാരത്തിലിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അവസരം വിനിയോഗിക്കിമെങ്കില്‍ അവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്. പിണറായി സി പി എമ്മിനെ കുഴിച്ചുമൂടാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കവരെ രക്ഷിക്കാനാകും?

About The Author

Leave a Reply

Your email address will not be published. Required fields are marked *