LIMA WORLD LIBRARY

ഇന്ന് നാടകദിനം… – ഉല്ലാസ് ശ്രീധർ

ആദ്യത്തെ നാടകാഭിനയവും ചൂരൽക്കഷായവും ഒരിക്കൽ കൂടി ഓർമ്മിക്കണമെന്ന് തോന്നി…

നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിന്റെ ഭാഗമായാണ് ഞാൻ ആദ്യമായി നാടകത്തിൽ അഭിനയിച്ചത്…

ഹെഡ്മാസ്റ്ററായ സോമൻ സാറാണ് സംവിധായകൻ…

എല്ലാവരേയും ഉപദേശിച്ച് നേർവഴിക്ക് നയിക്കുന്ന അമ്മാവന്റെ വേഷമാണ് എനിക്ക്…

എന്റെ ഭാര്യയായി അഭിനയിച്ചത് അഞ്ജുവായിരുന്നു…

സായം സന്ധ്യയിലാണ് വാർഷിക പരിപാടികൾ നടന്നത്…

നിറഞ്ഞ സദസ്…

വീട്ടിൽ നിന്ന് എന്റെ കൊച്ചേട്ടനും കൂട്ടുകാരും വന്നിട്ടുണ്ട്…

നാടകം തുടങ്ങി…

വലിയ മുണ്ടിനെ നാലായി മടക്കിയാണ് പൊക്കം കുറഞ്ഞ എന്നെ ഉടുപ്പിച്ചിരുന്നത്…

നാടകം കൊഴുക്കുന്നതിനിടയിൽ എന്റെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി…

കാരണം…,

ഭാര്യയോട് ദേഷ്യത്തോടെ സംസാരിക്കുന്ന ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ അരയിൽ നിന്നും മുണ്ട് അഴിയുന്നുണ്ടോ എന്നൊരു സംശയം…

സംശയമല്ല,മുണ്ട് അഴിയുകയാണ്…

ദൈവമേ…ഞാനെന്ത് ചെയ്യും…

മുണ്ടഴിഞ്ഞാൽ സദസിൽ നിന്ന് കൂവലുയരും,വീട്ടിൽ വന്നാൽ കൊച്ചേട്ടനും കൂട്ടുകാരും കളിയാക്കും…

ഒരു നിമിഷത്തെ പത്തായി കീറിമുറിച്ചാൽ കിട്ടുന്ന സമയത്തിനുള്ളിൽ എന്റെ കുഞ്ഞു തലച്ചോറിൽ വേവലാതിയിൽ വെന്ത ചിന്തകൾ കുന്നു കൂടി…

പെട്ടെന്ന് ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു-“എന്റെ കസേരയെവിടെ?കസേര കൊണ്ടു വരൂ…”

എന്റെ ആജ്ഞ കേട്ട അഞ്ജു അമ്പരന്നെങ്കിലും പിന്നണിയിൽ നിന്നും ഒരു കസേര കൊണ്ടു വന്നു…

നാടകം തീരുന്നതുവരെ കസേരയിലിരുന്നാണ് ഞാൻ നടിച്ചത്…

കർട്ടൻ വീണതും ഞാൻ എഴുന്നേറ്റതും മുണ്ട് തറയിൽ വീണു…

പക്ഷേ…,

അതിനു മുമ്പായി
സോമൻ സാറിന്റെ ചൂരൽ ചന്തിയിൽ വീണു കഴിഞ്ഞു…

സാറിന്റെ കണ്ണുകൾ കനലു പോലെ കത്തുകയാണ്…

“നീ ആരെടാ കസേര ആവശ്യപ്പെടാൻ?എന്തിനാടാ നീ കസേര ആവശ്യപ്പെട്ടത്?നടന്നു കൊണ്ട് പറയേണ്ടതൊക്കെ നീ കസേരയിലിരുന്നല്ലേടാ പറഞ്ഞത്?ധിക്കാരി…”

അടിയുടെ നീറ്റൽ കണ്ണീരായി ഒഴുകാൻ തുടങ്ങി…

ചോദ്യങ്ങളുടെ പെരുമഴ തീർന്നപ്പോൾ
ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു-“സാറേ…,എന്റെ മുണ്ട് അഴിഞ്ഞതു കൊണ്ടാണ് സാറേ ഞാൻ കസേരക്ക് പറഞ്ഞത്…”

സാറ് നോക്കിയപ്പോൾ ഞാൻ നിക്കറിലാണ് നിൽക്കുന്നത്…

അരങ്ങിൽ ഉടുമുണ്ടഴിഞ്ഞ് നിൽക്കേണ്ടി വരുമായിരുന്ന അമ്മാവനെ കുറിച്ചോർത്തപ്പോൾ എന്നെ തല്ലിയതിൽ സാറിന് കുറ്റബോധം തോന്നി…

അവസരോചിതമായി അഭിനയിച്ച എന്നെ തല്ലിയതിൽ വിഷമം തോന്നിയ സോമൻ സാർ സാറിന്റെ പോക്കറ്റിലിരുന്ന പേന എനിക്ക് സമ്മാനമായി തന്നു…

സ്റ്റേജിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും ചൂരൽ വീണ് നീറിയ ചന്തി തടവി ഞാൻ കരഞ്ഞു കൊണ്ടിരുന്നു…

എന്റെ
കരച്ചിലിന്റെ കാരണമറിഞ്ഞ കൊച്ചേട്ടന്റെ കൂട്ടുകാരനായ ജോയിയണ്ണൻ (ഡിക്സൺ) കഴുത്തിൽ കിടന്ന കുരിശുമാല എനിക്ക് സമ്മാനമായി തന്നു…

കുറേ വർഷങ്ങൾ സോമൻ സാറിന്റെ സമ്മാനമായ പേന ഞാൻ നിധി പോലെ സൂക്ഷിച്ചിരുന്നു…

നാലാം ക്ലാസിലെ നാടകാനുഭവങ്ങളിലൂടെ നാടകത്തെ സ്നേഹിക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും “നാടകദിനാശംസകൾ” നേരുന്നു……………………………………………

___ഉല്ലാസ് ശ്രീധർ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px