യേശുവിൻ്റെ ഉയിർപ്പ് – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email


അരിമത്യക്കാരൻ യോസേഫും നീക്കോദീമോസും കൂടി പീലാത്തോസിനോട് യേശുവിൻ്റെ ശരീരം ചോദിച്ചു, ആചാരപ്രകാരം കുളിപ്പിച്ച് സുഗന്ധവർഗ്ഗങ്ങൾ കൊണ്ടുണ്ടാക്കിയ മേത്തരമായ തൈലം പൂശി രാജാധിരാജനു കൊടുക്കേണ്ട മഹത്വം കൊടുത്ത് സംസ്ക്കരിക്കാൻ. പീലാത്തോസ് പറഞ്ഞു; “നാലു ലഗിയോൻ സൈന്യത്തെ റോമാ ഭരണകൂടം തരുന്നുണ്ട്. ശരീരം നിങ്ങൾ എടുത്തുകൊൾക. നാലു ദിവസം മുമ്പ് ചോദിച്ചിരുന്നതാണ്. അന്ന് ലഭിച്ചിരുന്നെങ്കിൽ യേശുവിൻ്റെ ക്രൂശുമരണം ഇവ്വിധം നടത്താതിരിയ്ക്കാമായിരുന്നു. യൂദന്മാർ ഇളകി. അവർ അക്രമങ്ങൾ ചെയ്യും. അതു ഭയന്ന് അവരുടെ ഇംഗിതത്തിന് വഴങ്ങി, യേശുവിനെ ക്രൂശേല്പിച്ചു. എപ്പോഴും കൈ കഴുകുന്ന രോഗം പീലാത്തോസിനെ പിടികൂടി. അദ്ദേഹത്തിൻ്റെ ഭാര്യ ലൂസിയയ്ക്ക് ഭയവും സംഭ്രമവും പിടിപെട്ടു.
യോസേഫ് ദിവ്യ ശരീരം എടുത്ത് ആരെയും വച്ചിട്ടില്ലാത്ത, താൻ പുതുതായി പണിത കല്ലറയിൽ സംസ്കരിക്കാൻ ഒരുക്കി. ആ കല്ലറ മനോഹരമായ ഒരു തോട്ടമായിരുന്നു. ഒലീവു വൃക്ഷങ്ങൾ തുടങ്ങി വിശേഷതരമായ വൃക്ഷങ്ങൾ തോട്ടത്തെ അലങ്കരിച്ചിരുന്നു.
യോഹന്നാനും, യോസേഫും, ലാസറും, ശീമോൻപത്രോസും, ആമോസ് റബിയും മാർത്തയും മറിയയും കൂടി യേശു കിടന്ന കുരിശിനെ അതു നാട്ടിയ കുഴിയിൽ നിന്ന് പൊക്കിയെടുത്ത് കൈകളിൽ താങ്ങി, പതുക്കെ താഴ്ത്തിവച്ചു. കീറിയിരുന്ന കൈകളിലും രക്തം ഒലിച്ചിരുന്ന പാദങ്ങളിലും തറച്ചിരുന്ന ചെമ്പാണികൾ പൊട്ടിക്കരഞ്ഞുകൊണ്ടവർ പറിച്ചെടുത്തു. കെദ്രോൻ തോട്ടിൽനിന്ന് വെള്ളം കൊണ്ടുവന്നു കഴുകി കുളിപ്പിച്ചു. നീക്കോദിമോസ് കൊണ്ടുവന്ന മേത്തരം സുഗന്ധതൈലം ദേഹമാസകലംപൂശി നേരിയ വെളുത്ത ശീലയിൽ ഉടൽ പൊതിഞ്ഞു കെട്ടി.
യേശുവിനോടൊപ്പം കുരിശിൽ തൂക്കിയ കള്ളന്മാരുടെ ശവങ്ങൾ പട്ടാളക്കാർ കുരിശിൽ നിന്നു പറിച്ചെടുത്ത് ഭൂകമ്പത്താലുണ്ടായ പിളർപ്പിൽ കൊണ്ടിട്ട് കല്ലും മണ്ണുമിട്ടുമൂടി.
ആകാശവും ഭൂമിയും പവനനും അനക്കമറ്റ് നിന്നു. നീക്കോദീമോസും പത്രോസും ലാസറും യോഹന്നാനും കൂടി വിശുദ്ധ ശരീരം വളരെ ആദരവോടെ, കണ്ണീരോടെ, തോളുകളിൽ വഹിച്ചുകൊണ്ടു മന്ദം മന്ദം അരിമത്യാക്കാരൻ യോസേഫ് വെട്ടിച്ച കല്ലറയിൽ ബഹുമാനപുരസ്സരം സംസ്ക്കരിച്ചു.
അപ്പോൾ ഒരു യഹൂദൻ പീലാത്തോസിനോട് : “ആ നസറായൻ ജീവനോടെയിരുന്നപ്പോൾ ശിഷ്യന്മാരോട്, അവൻ മൂന്നാംനാളിൽ ഉയിർത്തെഴുന്നേല്ക്കുമെന്നു പറഞ്ഞിട്ടുണ്ട്. അവർ അവൻ്റെ ശരീരം എടുത്തുകൊണ്ടു പോയി ജനത്തെ വീണ്ടും മറിച്ചു കളയാതിരിയ്ക്കാൻ കല്ലറയ്ക്ക് മുദ്ര വയ്ക്കണം” എന്നപേക്ഷിച്ചു. പീലാത്തോസ് കല്ലറ പൂട്ടി മുദ്രവച്ചു, കല്ലറയ്ക്കു ചുറ്റും ഊരിപിടിച്ച വാളുമായി കാവൽഭടന്മാരെ നിയമിക്കാൻ ചെന്നു. കല്ലറ പാറയിൽ പുതുതായി വെട്ടിച്ചെടുത്ത ഒരു ഗുഹയായിരുന്നു; അപ്പോൾ പത്രോസ് ഗുഹയ്ക്കുകത്തുള്ള വിശുദ്ധ ശരീരത്തിനു താഴെ നിലത്തുവീണു മുട്ടുകുത്തികരഞ്ഞുകൊണ്ടു കിടക്കുകയായിരുന്നു. യോഹന്നാൻ വളരെ പണിപ്പെട്ട് പത്രോസിനെ പുറത്തിറക്കി. റോമാശതാധിപൻ കല്ലറമൂടിയിന്മേൽ അരക്കുകൊണ്ട് നാടുവാഴിയുടെ മുദ്രവച്ചു. കല്ലറവാതിലിൻ്റെ മുമ്പിൽ ആനവന്നാലും മാറ്റാൻ പ്രയാസമായ വൃത്താകാരത്തിലുള്ള വലിയ കല്ലുവച്ച് വാതിലടച്ചു. കല്ലറ മുദ്രവച്ചതും പാറാവുനിർത്തിയതും കണ്ട് യൂദന്മാർ സന്തോഷത്തോടെ പിരിഞ്ഞു. പട്ടാളക്കാരിൽ ഒരുവൻ ഊരിപിടിച്ച വാളുമുയർത്തിക്കൊണ്ട് കല്ലറവാതില്ക്കൽ ഉലാത്തിക്കൊണ്ടിരുന്നു. മറ്റുള്ളവർ കല്ലറയ്ക്കരികെ നിന്ന മരച്ചുവട്ടിൽ ചൂതുകളിച്ചും സംസാരിച്ചും കൊണ്ട് സമയംപോക്കി.
“മൂന്നാം നാളിൽ
യേശു ജീവിച്ചു! യേശു ഉയിർത്തെണീറ്റു. അവൻ വാസ്തവമായി ദൈവപുത്രൻ തന്നെയെന്ന് തെളിയിച്ചു. ഇനി ഞങ്ങൾക്ക് ഒരു സംശയവുമില്ല”. വഴിയിലെ ആരവം കേട്ട് യേശുവിനെക്കുറിച്ചുള്ള ചിന്തകളാൽ ഉറക്കം വരാതെ കിടന്ന അദീനയുടെ കാതിലുമെത്തി. അയ്യോ അത് മറിയയും മാർത്തയുമാണല്ലോ.
നാളെ നേരംവെളുത്താലുടൻ അവരെല്ലാരും ബഥാന്യയിലേക്കു് പോകുവാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. കാരണം, യേശുവിൻ്റെ അനുയായികളെ, യൂദന്മാർ തിരക്കിപ്പിടിച്ച് വാളിന്നിരയാക്കിക്കൊണ്ടിരിക്കുകയാണ്.
ബഹളംകേട്ട സ്ഥലത്തേക്ക് അദീന ഓടിയെത്തി. മറിയയുടെ മുഖത്തെ ശാന്തതയും പ്രകാശവും പ്രസരിപ്പും വിജയാനന്ദവും അവളെ അത്ഭുതപരതന്ത്രയാക്കി. യേശുവിനെപ്രതി കരഞ്ഞ് ഹൃദയം തകർന്നുനടന്ന മറിയത്തിൻ്റെ മുഖത്ത് എന്തൊരു തേജസ്സും ശാന്തതയും.
മറിയാം വർദ്ധിച്ച സന്തോഷത്തോടെ ഓടിവന്ന് അദീനയെ കെട്ടിപ്പിടിച്ചു ആനന്ദക്കണ്ണീർ പൊഴിച്ചു എന്നിട്ട് മെല്ലെപ്പറഞ്ഞു: “അവൻ ജീവിച്ചു, അവൻ ഉയിർത്തെണീറ്റു,
ഒരു സുഖക്കേടുമില്ലാതെ”
ഈ വിവരം അമ്മയാം മറിയത്തോടും ശിഷ്യന്മാരോടും വേഗം പറയട്ടെ.
കുരിശിൽക്കിടന്ന് യോഹന്നാന് അമ്മയെ യേശു ഏല്പിച്ചുകൊടുത്തതിനു ശേഷം യോഹന്നാൻ അമ്മയെ ആദരിച്ച് സ്നേഹിച്ച് ശുശ്രൂഷിക്കുകയാൽ അമ്മ ഇപ്പോൾ യോഹന്നാൻ്റെ ഭവനത്തിൽ അതിദു:ഖത്തോടും പ്രാർത്ഥനയോടും കഴിയുകയാണ്.
” മറിയാമേ എന്ത് ? നിനക്ക് സുഖമില്ലെ, എന്തസംബന്ധങ്ങളാണ് നീ പുലമ്പുന്നത്?” വാർത്ത കേട്ട് ഓടിവന്നവർ ചോദിച്ചു. മറിയം പറഞ്ഞു: “കർത്താവ്, ബലവാനായ നമ്മുടെ ഗുരു യേശു, പിതാവാം ദൈവത്തിൻ്റെ ഏക പുത്രൻ ജീവിച്ചിരിയ്ക്കുന്നു, അവൻ മരിച്ചവരിൽ നിന്ന് ആദ്യജാതനായി ഉയിർത്തെണീറ്റു, നല്ല സുഖത്തോടെ ജീവിച്ചിരിക്കുന്നു”
” നീ ദർശനം കണ്ടതായിരിക്കും അല്ലെങ്കിൽ മനസ്സിന് ഇളക്കം തട്ടിയതാവും” മറിയാമിനെ മറ്റുള്ളവർ പരിഹസിച്ചു.
മറിയാം യേശു കല്പിച്ചതു പോലെ ഈ വാർത്ത പത്രോസിനെയും യോഹന്നാനെയും അറിയിച്ചു.
പത്രോസും യോഹന്നാനും ആമോസ് റബിയോടും നീക്കോദീമോസിനോടും പറഞ്ഞുകൊണ്ട് കല്ലറയ്ക്കരികിലേക്കോടി. അദീനയും ഒപ്പം ഓടി.
യോസഫിൻ്റെ തോട്ടത്തിൻ്റെ പടിവാതില്ക്കലെത്തിയപ്പോൾ കാവൽ നിന്ന റോമാഭടന്മാർ ഭയവിഹ്വലരായി നഗരത്തിലേയ്ക്കു പായുന്നു. തോട്ടം കാവൽക്കാരൻ ഒരു ഭടനെ പിടിച്ചുനിർത്തി. “നിങ്ങൾ ആരെ ഭയന്നിട്ടാണ് ഓടുന്നത്?
കുര്യാസേ നീ പറയൂ” എന്ന് നിർബ്ബന്ധിച്ചു.
പ്രിയ കാവൽക്കാരാ, ഞാൻ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ഭുതം നടന്നു. മൂന്നുദിവസം മുമ്പ് യൂദന്മാർ ക്രൂശിൽ തൂക്കിക്കൊന്ന യേശു ഉയിർത്തെണീറ്റു. ആ കാഹളശബ്ദം കാതുകളിൽ ഇപ്പോഴും മാറ്റൊലികൊള്ളുന്നു. ഒരു ഭൂകമ്പമുണ്ടായി. നേരം വെളുക്കാറായപ്പോൾ ഇരുട്ടുള്ളപ്പോൾ ഞാൻ ആ കല്ലറയ്ക്കു ചുറ്റും നടന്നുകൊണ്ടിരിക്കുകയും ബാക്കിയുള്ളവർ കിടന്നുറങ്ങുകയും ചെയ്തിരുന്നപ്പോൾ വലിയ ഒരു വാൽനക്ഷത്രം വീഴുന്നതുപോലെ ഒരു പ്രകാശം ഞങ്ങൾക്കുചുറ്റും വന്ന്മിന്നി. ആയിരമായിരം ചിറകുകൾ ഒന്നിച്ചുകൂട്ടിയടിക്കുമ്പോലെ ഒരു ശബ്ദവും കേട്ടു.
എൻ്റെ കൂട്ടുകാർ ഭ്രമിച്ചെഴുന്നേറ്റു. ചുറ്റും നോക്കിയപ്പോൾ ലക്ഷോപലക്ഷം നക്ഷത്രങ്ങൾ മിന്നുന്നു. തങ്കച്ചിറകുകളോടുകൂടിയ, വേനൽക്കാലത്തെ ഇടിവാൾപോലെ ശോഭയേറിയ വസ്ത്രം ധരിച്ചവനും ഒന്നുനോക്കാൻപോലും പാടില്ലാത്തവണ്ണം അതിശോഭയോടുകൂടിയവനുമായ ഒരാൾ ആകാശമദ്ധ്യത്തിലൂടെ പറന്നുവന്നു, നേരെ കീഴ്പോട്ടു യേശുവിൻ്റെ കല്ലറയിങ്കലേക്ക് ഇറങ്ങി വന്നു. ശോഭയേറിയ അവൻ്റെ തേജ:പുഞ്ജങ്ങളാൽ അലംകൃതനായ അവൻ്റെ നയനങ്ങൾ ശവക്കല്ലറയെ നോക്കുന്നതു കണ്ടപ്പോൾ ഞങ്ങൾ തകർന്നു പോയി. അദ്ദേഹത്തിൻ്റെ പാദം ഭൂമിയിൽ തൊട്ടപ്പോൾ ഭൂകമ്പമുണ്ടായതുപോലെ കല്ലറയിളകി. ഭടന്മാർ ഇതു കണ്ടു വിറച്ചു, അവൻ്റെ മുമ്പിൽ വീണ് ദണ്ഡനമസ്ക്കാരം ചെയ്തു. ഞാനും ഒരു മരംപോലെ നിന്നു. ആ തേജോരൂപൻ ശവക്കല്ലറയുടെ വാതില്ക്കലെ വലിയ കല്ലിനെ തൊട്ടമാത്രയിൽ വലിയ ഒരു യന്ത്രത്താലെന്നവണ്ണം ആ വലിയ കല്ലുരുണ്ടുമാറി. ആ കല്ലിന്മേൽ ആ തേജസ്വരൂപൻ കയറിയിരുന്നു.
ആ സമയം ക്രൂശിന്മേൽ മരിച്ച് ആ കല്ലറയിൽ അടക്കം ചെയ്ത യേശുവാകുന്ന ദിവ്യപുരുഷൻ കല്ലറയിൽ നിന്ന് എഴുന്നേറ്റു. വീരനായ ഒരു ജയാളിയെപ്പോലെ ഇറങ്ങിവന്നു. ഭയങ്കരതേജസ്സാൽ അലങ്കരിക്കപ്പെട്ടിരുന്ന സ്വർഗ്ഗീയദൂതൻ യേശുവിനെ കണ്ടപ്പോൾ യേശുവിൻ്റെ സാഷ്ടാംഗം വീണു ദണ്ഡനമസ്ക്കാരം ചെയ്തു. ഇതു കണ്ട ഞാൻ മോഹാലസ്യപ്പെട്ടു വീണു. പിന്നെ എന്തു നടന്നെന്ന് അറിയില്ല. ബോധം വീണ്ടു കിട്ടിയപ്പോൾ തേജസ്സേറിയ വെണ്മ ധരിച്ച സൗന്ദര്യവാന്മാരെക്കൊണ്ട് കല്ലറയ്ക്കകം നിറഞ്ഞു. ഇമ്പകരമായ ഗാനങ്ങളാൽ ആകാശം പോലും മാറ്റൊലിക്കൊണ്ടു, പ്രകമ്പിതമായി.
ശിഷ്യന്മാർ മറിയയോടു ചോദിച്ചു: ” നീ എങ്ങനെ എവിടെ വച്ചാണ് യേശുവിനെ കണ്ടത്?
മറിയ: ” ഞങ്ങൾ സുഗന്ധതൈലം പൂശുവാൻ ചെല്ലുമ്പോൾ പട്ടാളക്കാർ മരിച്ചവരെപ്പോലെ കിടക്കുന്നു. കല്ലറ വാതില്ക്കലുള്ള കല്ലിന്മേൽ പ്രധാന ദൈവദൂതൻ ഇരിക്കുന്നു. അവൻ്റെ വസ്ത്രാലങ്കാരവും മുഖശോഭയും കൊണ്ട് ഒരു ദൈവദൂതനെന്നു തോന്നിച്ചു. ആ ദൂതൻ ഞങ്ങളോട്
“അബ്രഹാമിൻ്റെ പുത്രിമാരേ നിങ്ങൾ ഭയപ്പെടേണ്ട, നിങ്ങൾ അന്വേഷിക്കുന്ന ക്രൂശിൽ മരിച്ച് ഇവിടെയടക്കിയ യേശു ഇവിടെയില്ല, അവൻ മുൻപറഞ്ഞ പ്രകാരം ഉയിർത്തെഴുന്നേറ്റിരിക്കുന്നു. കണ്ടാലും നിങ്ങൾ വന്നു ജീവൻ്റെ പ്രഭുവും മരണത്തെ ജയിച്ചവനും ലോകരക്ഷിതാവുമായവൻ കിടന്ന സ്ഥലം
കാണ്മിൻ” എന്നു പറഞ്ഞു.
ഞങ്ങൾ ഓടി അകത്തുചെന്നപ്പോൾ ശവക്കല്ലറ ഒഴിഞ്ഞുകിടക്കുന്നു. അവിടെ ഒരു നേരിയ പ്രകാശംകണ്ടു.
ദൈവദൂതൻ ഞങ്ങളോട് : “നിങ്ങൾ വേഗത്തിൽ പോയി തൻ്റെശിഷ്യന്മാരോട്, കണ്ടാലും താൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകുന്നു. അവിടെ നിങ്ങൾ അവനെ കാണുമെന്നും പറവിൻ”

ഞങ്ങൾ മംഗള വാർത്ത പത്രോസ് യോഹന്നാന്മാരോട് ചൊല്ലുവാൻ പോകുമ്പോൾ തോട്ടത്തിൻ്റെ വാതില്ക്കൽ യേശു നില്ക്കുന്നു.
“ഇസ്രായേലിൻ്റെ പുത്രിയേ വാഴുക, ഭയപ്പെടേണ്ട, മരിച്ചവനായ ഞാൻ ജീവിച്ചിരിക്കുന്നു. എന്നിൽ മരിക്കുന്നവരൊക്കെയും മരണത്തിൽ നിന്നു നിത്യജീവങ്കലേക്കു ഉയർത്തുന്നതിനായിട്ടു ഞാൻ മരിക്കയും വീണ്ടും ഉയിർക്കയും ചെയ്യേണ്ടതായിരുന്നു. മറിയമേ, നീ ചെന്നു എൻ്റെ സഹോദരന്മാരായ പത്രോസിനോടും യോഹന്നാനോടും ശേഷം പേരോടും ഞാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ഞാൻ ഞാൻ തന്നെയാകുന്നു എന്നു പറയുവിൻ. ഭയപ്പെടേണ്ട തുളയപ്പെട്ടതായ എൻ്റെ കൈകാലുകളെ നോക്കുക. ഞാൻ ഉയിർപ്പും ജീവനും ആകുന്നു എന്നു പറഞ്ഞു യേശു അപ്രത്യക്ഷനായി.
യേശു കല്പിച്ചവിധമാണ് ശിഷ്യന്മാരെ ഈ മംഗള വാർത്ത അറിയിച്ചതെന്നും മറിയം ശിഷ്യന്മരോട് പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *