LIMA WORLD LIBRARY

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 9 പെരുവഴിയമ്പലം | കാരൂർ സോമൻ

പെരുവഴിയമ്പലം
ചാരുംമൂടൻ ചിന്തിച്ചിരിക്കെ ഗേറ്റിലൂടെ ഒരു വെളുത്ത കാർ അകത്തേക്കു വരുന്നതു കണ്ടു. ആദ്യം കരുതിയത് അലങ്കാരമത്സ്യങ്ങൾ വാങ്ങാനെത്തിയവരെന്നാണ്. പക്ഷേ, കാറിൽ നിന്ന് പുറത്തിറങ്ങിയത് സ്കൂൾ മാനേജർ ശങ്കരൻ നായരാണ്. സ്കൂളിലെ ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാനായിരുന്നുവെങ്കിൽ ഫോണിൽ വിളിച്ചു പറയുമായിരുന്നു. ഭാര്യ പഠിപ്പിക്കുന്നത് ആ സ്കൂളിൽ ആണല്ലോ. അതിനാല്‍ ഇതുവഴി പോയപ്പോൾ കയറിയതാകും. സാധാരണ ഇയാളെ പുറത്തുകാണുന്നത് തെരഞ്ഞെടുപ്പ് വേളകളിലാണ്. സ്വന്തം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ കയറിയിറങ്ങി ജാതിയുടെ പേരിൽ വോട്ട് ആവശ്യപ്പെടുക. ജനങ്ങളെ അന്ധകാരത്തിലേക്ക് നയിക്കുന്ന ഈ ദുഷ്ടന്മാരെ മനസുകൊണ്ട് വെറുപ്പാണ്. എന്ത് ആദർശമാന്യതകളാണ് ഇവർക്കുള്ളത്. ജാതിയുടെ പേരിൽ കടന്നുവരുന്നവർ ജനദ്രോഹികൾ മാത്രമല്ല രാജ്യദ്രോഹികള്‍ കൂടിയാണ്. ഇയാൾ ജാതിയുടെ നേതാവ് മാത്രമല്ല വിദ്യാഭ്യാസ ചട്ടങ്ങള്‍ പലതും ലംഘിച്ച് നിയമനങ്ങൾ നടത്തുകയും സ്വന്തക്കാരായവരെ ഉന്നതസ്ഥാനങ്ങളിലേക്ക് ഉയർത്തുകയും ചെയ്യുന്നതുകണ്ട് ചിലർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി അയച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഭാര്യയിൽ നിന്നറിഞ്ഞത്.
ഭരണത്തിലുള്ളവരെ കൂട്ടുപിടിച്ച് നിയമലംഘനം നടത്തുന്ന മഹാൻ അകത്തേക്കു വരുന്നതുകണ്ട് കൂട്ടിൽ കിടന്ന നായ് കുരച്ചു. അയാള്‍ അകത്തേക്കു കയറിയപ്പോഴാണ് അതിന്റെ ശബ്ദം നിലച്ചത്.
മുറ്റത്തു വന്ന ശങ്കരനെ ചാരുംമൂടൻ സ്നേഹപുരസ്സരം അകത്തേക്കു ക്ഷണിച്ചു. മനോഹരമായ ചുവന്ന മെത്തയിലിരുന്നു. അയാളുടെ കഴുത്തിലും വിരലുകളിലും സ്വർണ്ണം തിളങ്ങുന്നു. യൗവനത്തുടിപ്പുള്ള കണ്ണുകൾ. ഓമന അവിടേക്കു വന്നു. ശങ്കരൻ സ്നേഹപുഞ്ചിരിയോടെ എഴുന്നേറ്റ് കൈകൂപ്പിയിട്ട് ഇരുന്നു. പലപ്പോഴും പ്രിൻസിപ്പലിന്റെ മുറിയിൽ കണ്ടിട്ടുണ്ടെങ്കിലും ഇടപഴകുന്ന പതിവില്ല. മനസുകൊണ്ട് ഇയാളോട് സംസാരിക്കാനും ഇഷ്ടപ്പെടുന്നില്ല. അതിന്റെ പ്രധാന കാരണം മനുഷ്യത്വം ഇയാളിൽ ഇല്ല എന്നതാണ്. അദ്ധ്യാപകരെ നിയമിക്കാൻ മാനേജർക്കും അവകാശമുണ്ട്. അങ്ങനെ നിയമിക്കുന്നവരിൽ നിന്ന് കഴുത്തറക്കുന്ന കോഴപ്പണമാണ് പോക്കറ്റിലാക്കുന്നത്. കള്ളക്കേസുണ്ടാക്കി പലരെയും ജോലിയിൽ നിന്ന് പിരിച്ചുവിടുക, കള്ള സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ലക്ഷങ്ങൾ വാങ്ങി ജോലിക്കു വയ്ക്കുക, അധ്യാപകരിൽ ജാതി ചിന്തകൾ വളർത്തുക എന്നിവയാണ് ഇയാളുടെ പ്രധാന പണി. പുതുതായി സ്കൂളിൽ ചേരാനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് കാര്യമായി സംഭാവനയും വാങ്ങാറുണ്ട്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ചില കുട്ടികൾ മാനേജരുടെ മുറിയിൽ സദാ പോകുന്നുണ്ടെന്നാണ് സംസാരം. അതെന്തിനാന്ന് മനസ്സിലാകുന്നില്ല. എന്തൊക്കെയോ രഹസ്യങ്ങൾ ഇയാളെ ചുറ്റിപ്പറ്റിയുണ്ട്. സ്കൂളിലാണെങ്കിൽ വേണ്ടത്ര സൗകര്യങ്ങൾ ഒന്നുമില്ല. പരാതികൾ ധാരാളം ലഭിക്കുന്നുണ്ടെങ്കിലും ഇയാൾക്ക് അതിൽ യാതൊരു ശ്രദ്ധയുമില്ല. കുട്ടികളെ വിരട്ടുന്നതുപോലെ സ്കൂൾ മാനേജരെ വിരട്ടാനാവുകയില്ലല്ലോ.
കുടിക്കാൻ എന്താണ് വേണ്ടതെന്ന് ആതിഥ്യമര്യാദയിൽ ചോദിച്ചു. ഒന്നും വേണ്ടെന്നറിയിച്ചിട്ട് ടീച്ചറോട് ഇരിക്കാനറിയിച്ചു. സ്നേഹവും വിനയവും ഓമന അയാളുടെ മുഖത്ത് കണ്ടു. ഓമന കസേരയിൽ ഇരുന്നു. ഇയാൾ വന്നതിന്റെ ഉദ്ദേശ്യം അപ്പോഴും ഓമനയ്ക്ക് പിടികിട്ടിയില്ല. ഏതായാലും ഇയാൾ വന്നത് നന്നായി. കുട്ടികളുടെ മൂത്രപ്പുരയെപ്പറ്റി സംസാരിക്കാൻ ഒരവസരമായല്ലോ. കുട്ടികളുടെ മൂത്രപ്പുരകൾപ്പോലും നന്നായി കെട്ടിക്കൊടുക്കാനറിയാത്തവൻ സർക്കാർ തുകകൾ വാങ്ങി കെട്ടിടങ്ങള്‍ പടുത്തുയർത്തുകയാണ്. അവിടെ കൊള്ളലാഭം കൊയ്ത് സ്വന്തം പോക്കറ്റ് നിറയ്ക്കുന്നു. താഴ്ന്ന ക്ലാസ്സുകളിലെ പ്രവേശനത്തിനും ഇയാൾ രക്ഷിതാക്കളിൽ നിന്നും പ്രവേശനഫണ്ട് വാങ്ങാറുണ്ട്. ഇതൊന്നും പുറംലോകം അറിയുന്നില്ല. പാവപ്പെട്ട മാതാപിതാക്കളും ഇയാളുടെ ചൂഷണത്തിന് ഇരയാകാറുണ്ട്. അധ്യാപകർ ആത്മാർത്ഥതയുള്ളവരായതിനാൽ നല്ല രീതിയിൽ ശിക്ഷണം നടക്കുന്നുണ്ട്.
കണ്ണാടി ഗ്ലാസ്സിലൂടെ അലങ്കാരമത്സ്യങ്ങൾ വീക്ഷിച്ചുകൊണ്ട് ശങ്കരൻ ഇരുന്നു.
“ഇങ്ങോട്ട് വരാൻ തീരുമാനിച്ചല്ല വന്നത്” ശങ്കരൻ ആമുഖത്തോടെ ഇരുന്നു.
“ഇവിടെ അടുത്തൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇതുവഴി വന്നപ്പോൾ കയറിയെന്നുമാത്രം.. അതായത്.., മന്ത്രി കാശിപ്പിള്ള തന്റെ മകന്റെ കാര്യം സാറുമായിട്ടൊന്ന് സംസാരിക്കണമെന്ന് അറിയിച്ചു. രണ്ടു കുട്ടികളുടെ ഭാവി അപകടത്തിലാണ്.”
സൗമ്യനായിരുന്ന ചാരുംമൂടന്റെ മുഖഭാവം പെട്ടെന്ന് മാറി. “കുട്ടികള്‍ തെറ്റുകൾ ചെയ്യാറുണ്ട്. അവരെ നേർവഴിക്ക് നടത്താൻ കടപ്പെട്ടവരാണ് നമ്മൾ. കൊടുത്തിരിക്കുന്ന കേസ് പിൻവലിച്ചാൽ രണ്ടു കുട്ടികൾ രക്ഷപെടും. അതിനായി നമ്മൾ കൊടുക്കുന്ന എന്ത് ശിക്ഷയും ഏറ്റെടുക്കാൻ മന്ത്രി തയ്യാറാണ്.”
ഓമനയെ ശങ്കരൻ പ്രതീക്ഷയോടെ നോക്കി. “ടീച്ചർക്കും ഇക്കാര്യത്തിൽ ഒരഭിപ്രായം കാണുമല്ലോ.”
ഭർത്താവ്് ഇടപെട്ട വിഷയത്തിൽ തനിക്കെന്തു ചെയ്യാനാണ്. എന്നിരുന്നാലും കുട്ടികളെ കോടതിയിൽ അയയ്ക്കുക, ശിക്ഷിക്കുക അതൊക്കെ കുറെ ക്രൂരതയായി തോന്നുന്നു.
“മന്ത്രിക്ക് സാറുമായി സംസാരിക്കണമെന്നുണ്ട്. വിളിക്കാതിരിക്കുന്നത്, പോലീസ് സ്റ്റേഷനിൽ വച്ച് സ്ഥലം എംഎൽഎയോട് ക്ഷുഭിതനായി സംസാരിച്ചതുകൊണ്ടാണ്. ദയവുചെയ്ത് കുട്ടികളോട് ഒരൽപം കരുണ കാട്ടണം.”
ചാരുംമൂടന്‍ പ്രതികാരബുദ്ധിയുള്ള ആളല്ലെങ്കിലും പ്രതിയോഗികളെ കാൽപാദത്തിലെത്തിക്കാൻ വളരെ മിടുക്കനാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത് മാധ്യമ ശ്രദ്ധയാകർഷിച്ചാല്‍ മന്ത്രിക്ക് അപമാനം കൂടിയാണ്. മന്ത്രികുമാരന്റെ കളികൾ കുറെ കൂടിപ്പോകുന്നുണ്ട്. ഈയിടെ ഏതോ സിനിമയിലും മുഖം കാണിച്ചതുകൊണ്ട് അവനെയും അത്യാവശ്യം ആളുകൾ അറിയും. അധികാരമുപയോഗിച്ച് എല്ലാവരെയും ഒതുക്കാനും അട്ടിമറിക്കാനും പറ്റുമോ? ഇന്നത്തെ രാഷ്ട്രീയം ഒരു സീരിയലു പോലെയാണ്. ജനങ്ങൾ കണ്ടുരസിക്കുന്നുണ്ട്. ഇത്തരക്കാരെ അധികാരത്തിലെത്തിച്ചവരോട് എനിക്ക് പുച്ഛമാണ്. ചാരുംമൂടന്റെ തീവ്രമായ വാക്കുകൾ ശങ്കരനെ വരിഞ്ഞുകെട്ടിക്കൊണ്ടിരുന്നു. ഒരു ഇടനിലക്കാരൻ എന്ന വേഷംകെട്ടി വന്നിട്ട് ഇയാളുടെ വായിലിരിക്കുന്ന തീ തുപ്പുന്ന വാക്കുകൾ എന്തിനു കേൾക്കണം എന്നു തോന്നി. ആ വാക്കുകൾ എത്ര തീവ്രവും ഗാഢവുമെങ്കിലും ഏൽപിച്ചിരിക്കുന്ന കർത്തവ്യം നേടിയെടുക്കണം. ഇയാൾ അരമനകളിൽ നടക്കുന്ന എല്ലാ രഹസ്യ കച്ചവടങ്ങളും അടുത്തറിയുന്നുണ്ട്.
മൂകനായി നടക്കുന്ന സാഹിത്യകാരന്മാർ അദൃശ്യക്കീറുള്ളവരായതുകൊണ്ടല്ലേ ഇങ്ങനെയുള്ള നഗ്നസത്യങ്ങൾ അടുത്തറിയുന്നത്. മൂടിവയ്ക്കുന്നത് പലതും ചാനലുകൾ വന്നതോടെ പുറത്താവാൻ തുടങ്ങി. സദാചാരം പ്രസംഗിക്കാൻ എളുപ്പമാണ്. അധികാരത്തിലുള്ളവർ വിശുദ്ധിയും വെടിപ്പുമുള്ളവരായാൽ അങ്ങനെ സംഭവിക്കാൻ അവർ അനുവദിക്കുമോ? ചാരുംമൂടൻ പറയുന്നത് യാഥാർത്ഥ്യമാണ്. മറ്റാർക്കുമറിയാത്ത പരമരഹസ്യങ്ങൾ. അധിമാരമുള്ളിടത്തോളം ച്യുയിംഗം ചവയ്ക്കുന്നതുപോലെ മധുരം നുണഞ്ഞിറക്കുമെന്ന് പറയണമെന്ന് തോന്നിയെങ്കിലും മൗനമായിരുന്നു. അധികാരമെന്ന കോഴിയുടെ പൂട പറിക്കാനും കൊന്നു തിന്നാനും ഇയാളെപ്പോലെ ചിലരുണ്ടെങ്കിലും അരമനരഹസ്യങ്ങൾ അങ്ങാടിയിൽ വരാറില്ല. തൽക്കാലം ഇയാൾ പറയുന്നത് മലയെ നോക്കി നായ് കുരയ്ക്കുന്നതുപോലെ കണ്ടാൽ മതി. അങ്ങനെയങ്ങ് തള്ളിക്കളയരുത്. ഇയാളെപ്പോലെ ചാനലുകളടക്കം കുറെ പേർ മുന്നോട്ട് വന്നാൽ ഇന്നത്തെ ജനാധിപത്യത്തിന്റെ അന്ത്യകൂദാശ നടക്കും. നാട്ടിലെ എല്ലാ നായ്ക്കളും കുരയ്ക്കും. ബ്രഹ്മാവു വിചാരിച്ചാലും രക്ഷപ്പെടില്ല. ഇന്ന് നടക്കുന്നത് മാധ്യമസൃഷ്ടിയെന്നും അപവാദങ്ങളെന്നും പ്രതിപക്ഷ വിരോധമെന്നുമൊക്കെ പറഞ്ഞാൽ ഇവിടുത്തെ കുറെ പാവങ്ങൾ വിശ്വസിക്കും. അതൊന്നും ഇയാളെപ്പോലുള്ളവരുടെ അടുത്ത് വിലപ്പോവില്ല.
ഈ ഭരണത്തെക്കാൾ നല്ലത് വെള്ളക്കാരുടെ ഭരണമായിരുന്നുവെന്നുകൂടി കേൾക്കുന്നതിന് മുമ്പു തന്നെ താഴ്മയോടെ അറിയിച്ചു, “അങ്ങ് പറയുന്നതിനൊന്നും ഞാൻ എതിരല്ല. യാഥാർത്ഥ്യമാണ്. നല്ലൊരു ഭാവിക്കായി സ്വപ്നം കാണുന്ന ജനതയ്ക്ക് നീതി നിഷേധിക്കുന്നു. രാജ്യം അഴിമതിയിൽ മുങ്ങിയിരിക്കുന്നു. സത്യത്തില്‍ ഇങ്ങനെയുള്ളവരെ ജയിപ്പിച്ച് അധികാരത്തിലെത്തിക്കുന്നവരും കുറ്റവാളികളല്ലേ. അങ്ങയെപ്പോലുള്ളവർ ഇതിൽ ശക്തമായി ഇടപെട്ടാലേ ഇവിടെ ഒരു രക്തരഹിത വിപ്ലവമുണ്ടാക്കി സാമൂഹ്യനീതി നടപ്പാക്കാനാകൂ. ശങ്കരന്റെ ഭാവമാറ്റം ചാരുംമൂടൻ പ്രത്യേകം ശ്രദ്ധിച്ചു. സ്വന്തം സ്കൂളില്‍ വരെ ചൂഷണം നടത്തുന്നവന്റെ വാചാലതയിൽ ഓമന തെല്ലൊന്ന് അമ്പരന്നു. ചാരുംമൂടനറിയിച്ചു. അധികാരത്തിലിരുന്ന് തിരക്കഥകളുണ്ടാക്കുന്നത് ആരെന്നും എന്തിനെന്നും നമ്മളെപ്പോലെ കുറച്ചുപേർക്കറിയാം. എന്തായാലും താങ്കൾ എന്റെ പക്ഷത്തല്ലെന്നറിയാം. കാരണം അധികാരത്തിന്റെ ഒരു ചെങ്കോലും കിരീടവുമില്ലാതെയാണ് എന്നെപ്പോലുള്ളവർ ചില സത്യങ്ങൾ തുറന്നു പറയുന്നത്. നമ്മൾ മന്ത്രി മന്ദിരങ്ങളിലേക്ക് മാത്രം പോയാല്‍ മതിയോ? താങ്കളുടെ വിദ്യാഭ്യാസസ്ഥാപനം ഒരു മാതൃകാവിദ്യാലയമാണെന്ന് പറയാൻ താങ്കൾക്കു കഴിയുമോ? കുട്ടികളിൽ നിന്ന് ആവശ്യത്തിലധികം തുക കൈപ്പറ്റുന്നുണ്ടല്ലോ. അടിസ്ഥാനപരമായി നല്ലൊരു മൂത്രപ്പുരയെങ്കിലും അവർക്ക് ഉണ്ടാക്കി കൊടുക്കാൻ താങ്കൾക്കു കഴിഞ്ഞോ?” ഓമന സന്തോഷത്തോടെ നോക്കി.
“അവിടെ നടക്കുന്ന മറ്റുള്ള കാര്യങ്ങൾ അതിനുള്ളിലെ ആഭ്യന്തര കാര്യങ്ങളായതിനാൽ പറയുന്നില്ല. കച്ചവടതാൽപര്യവും മതവിജ്ഞാനവും മാത്രമല്ല പുതിയ തലമുറയ്ക്ക് പഠിക്കേണ്ടത്. അധികാരവും സമ്പത്തുമുള്ളവന്റെ മുന്നിൽ എല്ലാ വാതിലുകളും തുറന്നിടുകയും അതില്ലാത്തവന്റെ മുന്നിൽ വാതിൽ അടയ്ക്കുകയും ചെയ്യുന്ന സംവിധാനത്തെയാണോ നിങ്ങൾ സാമൂഹ്യനീതിയെന്ന് പറയുന്നത്. ആ നീതിക്ക് വിലങ്ങണിയുന്നത് എന്നാണ്.”
ശങ്കരന്റെ മനസ് ഒന്നാളി. പരമേശ്വരനെ ഭദ്രകാളി പിടിച്ചതുപോലെ ശങ്കരൻ ചാരുംമൂടനെ തുറിച്ചു നോക്കി. ഭാര്യ ഭർത്താവിന്റെ മുന്നിൽ എല്ലാം നിരത്തിയിട്ടുണ്ട്. ഇത്രനേരമായിട്ടും ടീച്ചർ ഒരക്ഷരം ഉരിയാടിയിട്ടില്ല. അവരുടെ മനസ്സിലും എതിർപ്പുണ്ടെന്ന് മനസ്സിലായി. ഉള്ളിൽ അടങ്ങാത്ത വിദ്വേഷമുണ്ടെങ്കിലും ചെറുപുഞ്ചിരിയോടെയാണ് എല്ലാം കേട്ടിരുന്നത്. എന്നെ മാത്രമല്ല തന്റെ സ്വപ്നങ്ങളെയും അടച്ചാണ് ആക്ഷേപിച്ചിരിക്കുന്നത്. ഈ വീട്ടിൽ വന്നത് ഒരു വാദപ്രതിവാദത്തിനല്ല. ഇനി മേലിലും സ്കൂളിലെ ഒരു പരിപാടിക്കും ഇയാളെ വിളിക്കില്ലെന്ന് മനസ്സിലുറച്ചു. പറഞ്ഞതിലൊന്നും എതിർപ്പ് രേഖപ്പെടുത്തിയില്ല. ഈ വരവ് ആദ്യത്തേതും അവസാനത്തേതുമാണ്. സ്വന്തം സ്കൂളിനെ സംശയത്തിന്റെ നിഴലിൽ നോക്കുന്ന ടീച്ചറോടും വെറുപ്പുതോന്നി. സ്കൂൾ കാര്യങ്ങൾ സംസാരിക്കുന്നതിനല്ല ഇവിടെ വന്നത്. സുഹൃത്ത് ഏൽപിച്ച കാര്യത്തിനാണ്. കയ്യിലിരുന്ന കറുത്ത കൂളിംഗ് ഗ്ലാസ് മൂക്കിലേക്ക് വച്ചു. വന്നിരിക്കുന്ന കാര്യത്തിന് എങ്ങിനെയും തീർപ്പ് ഉണ്ടാക്കണം.
അപ്പോഴാണ് കിരൺ സ്കൂട്ടറിൽ മുറ്റത്തു വന്നിറങ്ങിയത്. അകത്തേക്ക് കയറിവന്ന സുന്ദരിയെ ശങ്കരൻ മിഴിച്ചു നോക്കി. അവളും അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അകത്തേക്കു പോയി. ഓമനയും പിന്നാലെ പോയി.
ശങ്കരൻ പറഞ്ഞു, “സാറിന്റെ മോളെ ചെറുപ്പത്തിൽ കണ്ടതാ. ട്യൂഷന് പോകാറുണ്ടോ?”
“ഇല്ല കരാട്ടേ ക്ലാസിൽ പോയിട്ടു വരുന്നതാണ്. അതിന്റെ കാരണവും അറിയാമല്ലോ. പണ്ട് ഇവിടുത്തെ പെൺകുട്ടികൾ നിർഭയമായി നടന്ന റോഡുകളിൽ ഇന്നവർക്ക് നടക്കാൻ ഭയമാണ്. നിങ്ങളെപ്പോലുള്ളവർ പറയും ഭരണത്തിലുള്ളവർ എന്തു പിഴച്ചു എന്ന്. പക്ഷേ, പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുകയല്ലേ. ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമോ? തുണയില്ലാത്തവന് ദൈവം തുണ അല്ലേ? കരാട്ടെയും കളരിപ്പയറ്റും യോഗയും മറ്റും ദൈവമായി വന്നു എന്ന് മാത്രം. എന്തുകൊണ്ട് നിങ്ങളുടെ സ്കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കാൻ ആയോധനകലകൾ പഠിപ്പിച്ചുകൊടുക്കുന്നില്ല.”
“അതൊക്കെ നല്ലതുതന്നെ,” ശങ്കരൻ പുകഴ്ത്തി പറഞ്ഞു.
“അത് മന്ത്രിമാരും പറയാറുണ്ട്. പക്ഷേ പ്രവൃത്തിയില്ല. അതുപോലെ താങ്കളുടെ സ്കൂളിലെ വിദ്യാർത്ഥികൾ മാലിന്യനിർമ്മാർജ്ജന വിഷയത്തിൽ ഒരു മുഖ്യപങ്ക് വഹിച്ച് നാടിന് മാതൃകയാകണം. മറ്റൊന്ന് ലൈബ്രറിയിൽ പുതിയ പുസ്തകങ്ങളൊന്നും ലഭ്യമല്ല. പഴയ പുസ്തകങ്ങൾ ആണ് ഇന്നുള്ളത്. അതിലും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ പ്രമുഖരായ പുസ്തകപ്രസാദകരുടെ കൈവശം നല്ല സാഹിത്യകാരന്മാരും എഴുത്തുകാരുമുണ്ട്. അവരുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾ വായിക്കണം. അല്ലാതെ വിലകുറഞ്ഞ പുസ്തകങ്ങൾ വാങ്ങി വയ്ക്കരുത്.”
എത്രയും വേഗം അവിടുന്നൊന്ന് രക്ഷപെട്ടാൽ മതിയെന്നായി ശങ്കരന്. ഇയാളാരാണ് തന്നെ പഠിപ്പിക്കാൻ. മനസ്സിലുണ്ടായിരുന്ന വെളിച്ചം ഇയാൾ തല്ലിക്കെടുത്തി. ഇയാൾ വിചാരിക്കുന്നതുപോലെ ചെയ്യാൻ എല്ലാവർക്കും പറ്റുമോ? അല്ലെങ്കിൽ അതുപോലുള്ള അധികാരികൾ വരണം. അതിന് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുന്നവർ അനുവദിക്കുമോ. പുതുയുഗം നല്ലതാണ്. ആ യുഗത്തിലെ പങ്കാളികളാകാൻ എത്രപേർ മുന്നോട്ടു വരും? ഇന്നും ഇദ്ദേഹം തിരിച്ചറിയാത്ത ഒരു സത്യമുണ്ട്. എന്താണത്? ഇന്നത്തെ സമൂഹം ആർക്കൊപ്പമാണ്. സമ്പത്തും അധികാരവുമുള്ളവന്റൊപ്പമാണ്. അതിനിടയിൽ ആരെങ്കിലും കലഹിച്ചാൽ ആ പ്രകാശത്തെ അണയ്ക്കാനേ അധികാരികൾ ശ്രമിക്കൂ.
ഓമന ചായയുമായെത്തി രണ്ടാൾക്കും കൊടുത്തു. ശങ്കരൻ വീണ്ടും തന്റെ ദൗത്യത്തെപ്പറ്റി പറഞ്ഞു. ഓമനയും ചായയുമായി അവർക്കടുത്തിരുന്നു. ഇതിൽ തീരുമാനമെടുക്കേണ്ടത് താനല്ലെന്ന് ചാരുംമൂടൻ പറ‍ഞ്ഞു. ഇതിലെ ഇരകളാണ് തീരുമാനമെടുക്കേണ്ടത്. മാനസികമായും ശാരീരികമായും ദുഃഖങ്ങൾ അനുഭവിച്ചവർ. നമ്മളൊക്കെ വെറും കാഴ്ചക്കാർ മാത്രം. ഈ ലോകത്തിന്റെ നെറുകയിലെന്ന് കരുതുന്നവരുടെ തലച്ചോർ അടിച്ചുപൊട്ടിക്കാൻ കിട്ടിയ അവസരമായിട്ടാണ് ചാരുംമൂടൻ ഇതിനെ കണ്ടത്. ഇവിടെ മൃദുസമീപനം പാടില്ല. അത് അരക്ഷിതത്വം മാത്രമേ ഉണ്ടാക്കൂ. ഇതുപോലെ എത്രയോ പെൺകുട്ടികളെ പലപ്പോഴും ദ്രോഹിച്ചു കാണും. അതാണ് സാമൂഹ്യനീതിയുടെ മറ്റൊരു ശാപം. സമൂഹത്തിൽ ഈ കൂട്ടരെ ഇങ്ങനെ കയറൂരി വിടാൻ സാധ്യമല്ല.
എന്തായാലും ഭാര്യ പഠിപ്പിക്കുന്ന സ്കൂളിന്റെ മാനേജർ ഇടനിലക്കാരനായി വന്നതല്ലേ. അതിനുള്ള ഉത്തരവും കൊടുക്കേണ്ട ബാധ്യതയുണ്ട്. ചാരുംമൂടൻ അകത്തേക്കുനോക്കി മകളെ വിളിച്ചു. ചായയുമായി അവൾ പുറത്തേക്കു വന്നു. ഇരിക്കാൻ ആവശ്യപ്പെട്ടു. അവൾ അനുസരിച്ചു.
“നിനക്കറിയാമോ, ഈ ഇരിക്കുന്നത് ആരെന്ന്?”
“അറിയാം, മമ്മി പഠിപ്പിക്കുന്ന സ്കൂളിന്റെ മാനേജർ.”
ആ വാക്കുകളിൽ ഒരൽപം ആനന്ദം ശങ്കരൻ കണ്ടു. ഇവളും തന്തയെപ്പോലെ തീവ്രവാദിയാണോ എന്നായിരുന്നു ശങ്ക.
“ഇദ്ദേഹം വന്നത് എന്തിനെന്നറിയാമോ?”
“അറിയാം, മമ്മി പറ‍ഞ്ഞു.”
“മോളെ, ഇതിൽ എന്റെ പങ്ക് കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ്. ഇതിലെ ഇരകൾ നീയും നിന്റെ കൂട്ടുകാരിയുമാണ്. നിങ്ങൾക്കൊപ്പം പഠിക്കുന്ന കുട്ടികളുടെ ഭാവി ഒരു പ്രധാന വിഷയമാണ്. എന്നുകരുതി അപരാധിയെ നിരപരാധിയാക്കാനുള്ള ശ്രമമല്ല. നിങ്ങൾ മാപ്പുകൊടുക്കാൻ തയ്യാറായാൽ അവർ കേസ്സിൽ നിന്ന് രക്ഷപ്പെടും.”
“വീണ്ടും അടുത്ത ഇരയെത്തേടിപ്പോകും,” ബാക്കി പറഞ്ഞത് കിരണാണ്. “അവന്റെ തന്ത മന്ത്രിയായതുകൊണ്ട് പെൺകുട്ടികൾ എന്തും സഹിക്കണമെന്നാണോ പപ്പ പറയുന്നത്? സോറി പപ്പാ, അതിന് എന്നെ കിട്ടില്ല.”
“നോ. നീ വെറുതെ തെറ്റിദ്ധരിക്കേണ്ട. എന്റെ നിലപാട് ഞാൻ വ്യക്തമാക്കിക്കഴിഞ്ഞു. അവന്റെ തന്ത മന്ത്രിയോ പ്രധാനമന്ത്രിയോ, അതൊന്നും നീതിന്യായ സംവിധാനത്തിനു മുന്നിൽ ഒരു വിഷയമേയല്ല. ഇദ്ദേഹം വന്നിരിക്കുന്നത് ഒരു മധ്യസ്ഥനായിട്ടാണ്. കോടതിയിൽ പോകാതെ ഒരു ഒത്തുതീർപ്പിന് ശ്രമിച്ചാൽ ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടാകും. നീ ഒന്നുകൂടി ആലോചിച്ച് തീരുമാനമെടുത്താൽ മതി.”
അദ്ദേഹം പറഞ്ഞുനിർത്തിയ ശേഷം ഭാര്യയോടായി ചോദിച്ചു, “ടീച്ചർ ഈ കാര്യത്തിൽ എന്തു പറയുന്നു?”
“ശങ്കരൻ സാർ വന്ന് ഇങ്ങനെയൊരു കാര്യം പറയുമ്പോൾ തള്ളിക്കളയാനാകുന്നില്ല. മറ്റൊന്ന് ഞാൻ ഒരമ്മയും ടീച്ചറുമല്ലേ? ഒരിക്കൽ മാപ്പ് കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.” കിരൺ മമ്മിയെ രൂക്ഷമായി നോക്കി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts