LIMA WORLD LIBRARY

പുള്ളുവക്കുടം ……ഓർമക്കുറിപ്പ് ( വള്ളുവനാടൻ ഓർമക്കുറിപ്പ് ) – രജനി സുരേഷ്

നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഒരേട്  പങ്കുവയ്ക്കുകയാണ് എഴുത്തുകാരിയായ ശ്രീമതി. രജനി സുരേഷ്
…………………………
പുള്ളുവനും പുള്ളുവത്തിയും തറവാട്ടു മുറ്റത്തെത്തിയിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ വയൽ വരമ്പുകൾ പിന്നിട്ട്, കൽപ്പടവുകൾ ചവിട്ടിക്കയറി അച്ഛമ്മയിൽ നിന്ന് നെല്ലും പുടവയും വാങ്ങിക്കാനുള്ള വരവാണ്. ദേശത്തെ നാവേറു തട്ടാതെ, കണ്ണേറു കൊള്ളാതെ പരിപാലിക്കുന്നവനാണത്രെ ഈ പുള്ളുവൻ.
സർപ്പക്കാവിലെ തുള്ളലിനെ അനുസ്മരിപ്പിക്കുന്ന, അതിന്റെ താളലയവിന്യാസങ്ങളിൽ നമ്മെ കൊണ്ടെത്തിക്കുന്ന നങ്ങേലി പുള്ളുവത്തിയുടെയും പുള്ളുവൻ അയ്യപ്പന്റെയും  പാട്ട് എന്നും ഒരു മാസ്മരികവലയത്തിലെത്തിക്കാറുണ്ട്.
ആ പുള്ളുവക്കുടം ഒന്ന് തൊട്ടു നോക്കണമെന്ന് പലതവണ വിചാരിച്ചിട്ടുള്ളതാണ്. ഇന്നെങ്കിലും അച്ഛമ്മ കാണാതെ അതിനുള്ള അവസരം ഉണ്ടാക്കണം. അതിൽ നിന്നുതിരുന്ന ശബ്ദതരംഗങ്ങൾ ചെവിയിൽ കമ്പനം കൊള്ളുന്നതു പോലെ … അങ്ങനെയാണ് ഓടി ഗോവണിപ്പടികൾ ചാടിയിറങ്ങി കിഴക്കേപുറത്തെത്തിയത്.
ചാണകം മെഴുകിയ തറയിൽ തോർത്തു വിരിച്ച് നങ്ങേലി പുള്ളുവത്തിയും ഭർത്താവ് അയ്യപ്പനും ഇരിക്കും. നങ്ങേലി പുള്ളുവത്തി ഒരു കാൽ മടക്കി മറുകാൽ തെല്ലുയർത്തി പുള്ളുവക്കുടം മിനുസമേറിയ ഉരുളൻ കല്ലുകൊണ്ട് (മീട്ടുകല്ല് ) മീട്ടാനൊരുങ്ങുകയാണ്. പുള്ളുവക്കുടത്തിന്റെ നാദപ്രപഞ്ചത്തിലേക്കു വീട്ടുകാരെ ക്ഷണിക്കുന്ന നങ്ങേലി മുറുക്കിത്തുപ്പി ഒരു ചിരി ചിരിക്കും. ആരുടെ നാവേറാണ് പാടേണ്ടതെന്ന് ചോദിക്കുമ്പോൾ അച്ഛമ്മ പറയും.
“എന്താ നങ്ങേലി ചോദിക്കാനുള്ളത് ? ഇവിടത്തെ കുട്ടീടല്ലാതെ വേറെ ആരടേയാ …?”
ഇതു കേൾക്കുമ്പോൾ എവിടെ നിന്നോ ഒരു രോമാഞ്ചം കിളിർന്ന് വരും.
കടും വർണങ്ങളിലുള്ള പട്ടുപാവാടയും ബ്ലൗസുമാണ് അന്നത്തെ വേഷം. പട്ടുപാവാട ധരിച്ച്, കണ്ണിറുക്കിച്ചിമ്മി ഒരു കുസൃതിച്ചിരി ചിരിച്ചു നിൽക്കുമ്പോൾ കേൾക്കാം…
” സുന്ദരിക്കുട്ടീടെ നാവേറ് പാടുന്നേ …”
ആയുരാരോഗ്യ സൗഭാഗ്യം ആശംസിക്കുന്ന പുള്ളുവൻ പാട്ട്. സർപ്പദോഷങ്ങളകറ്റി തറവാട്ടിലെ നാഗരാജാക്കൻമാരുടെ പ്രീതി സമ്പാദനത്തിനു വേണ്ടി നാഗങ്ങളെ ആരാധിക്കുന്ന … പ്രകീർത്തിക്കുന്ന പുള്ളുവൻപാട്ട്.
 നങ്ങേലി പുള്ളുവത്തി എന്റെ പേര് ചൊല്ലി തുടങ്ങി വയ്ക്കും. ഒടുവിലായി പേരു ചൊല്ലിത്തന്നെ അവസാനിപ്പിക്കും. ആ സമയത്ത്  ആത്മാഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിയിട്ടുണ്ടാവും.
” പെട്ടിപെട്ടകം തട്ടിതുറന്ന് ” എന്തെല്ലാമാണ് അമ്മ  നൽകുന്നതെന്ന് നങ്ങേലി പുള്ളുവത്തി ചോദിക്കുമ്പോൾ പടിഞ്ഞാറ്റയിൽ നിന്നും അമ്മയുടെ ആത്മഗതം ഉയർന്നു കേൾക്കാം. ‘ദൈവേ… ഈ അമ്മേടെ കണ്ണുവെട്ടിച്ച് ഞാനെന്താപ്പോ നങ്ങേലിയ്ക്ക് കൊടുക്കാ…”
അച്ഛമ്മ പുള്ളുവത്തിയോട് പറയുന്നുണ്ട്. ” മകരക്കൊയ്ത്തിനു മുൻപേ നങ്ങേലി വരുംന്ന് നിരീച്ചു.  വൃശ്ചികത്തിലേം ധനൂലേം പിറന്നാള് നീ മറന്നൂല്യേ…? ഇവടള്ളോര് എലേംട്ട് കാത്തിരുന്നു. “
“ഇല്യമ്പ്രാട്ട്യേ … മകരക്കൊയ്ത്ത് കഴിഞ്ഞോട്ടെന്ന് കരുതീട്ടാ. കൊറച്ച് നെല്ല്  കിട്ടോലോ .അതല്ലെ പതിവ്. പിന്ന്യേ … എപ്പൊ വന്നാലും എമ്പ്രാട്ടി തരണപോലെ വാരിക്കോരി തര്വോന്നുല്യാ ആരും. കൊയ്ത്ത് കഴിഞ്ഞാവുമ്പോ ….”
” നങ്ങേല്യേ…നിന്റെ തന്ത്രങ്ങള് ന്റടുത്ത് വെലപ്പോവില്ല ട്ടൊ. “
അച്ഛമ്മ അങ്ങനെ കുറച്ച് കളിയും കാര്യവും പറയും.
ദൈവേ…ന്റെ ഹൃദയമിടിപ്പ് വല്ലോരും കേൾക്ക്ണ്ടോ … ആവോ ? എപ്പോഴാ ആ പുള്ളുവക്കുടമൊന്ന് തൊടാൻ പറ്റാ…
പുളിയിലക്കരമുണ്ടും നേര്യേതുമായി അമ്മ വന്നപ്പോഴേക്കും നങ്ങേലിപുള്ളുവത്തി ഭർത്താവിന്റെ കൊള്ളരുതായ്മകളെ കുറിച്ച് വാതോരാതെ അച്ഛമ്മയോട് വിളമ്പുകയാണ്.
അച്ഛമ്മ കുണ്ടുമുറത്തിൽ ഇടങ്ങഴിയിൽ നെല്ലും നാഴിയിൽ ഉണങ്ങല്ലരിയും കൂമ്പിച്ച് വെച്ചിട്ടുണ്ട്.
“അമ്മേ … ഈ മുണ്ടും നേര്യതും കൂടി നങ്ങേലിക്ക് കൊടുത്താലോ…?” അമ്മ അച്ഛമ്മയോട് അനുനയ ഭാവത്തിൽ ചോദിക്കുന്നുണ്ട്.
അച്ഛമ്മയുടെ കണ്ണുരുട്ടൽ നേരിടേണ്ടിവരുമെന്ന് കരുതിയിരുന്നതാണ്.
“എന്താ ഗൗരി ഇത്ര ചോദിക്കാനുള്ളത് ? അതങ്ങട്ട് ആ കുണ്ടുമുറത്തിൽ വിലങ്ങനെ വെയ്ക്ക്യാ..” അച്ഛമ്മയുടെ സ്നേഹ ഭാഷണം .
“ആ പുള്ളുവക്കുടം മനസ്സിൽ ധ്യാനിച്ച് ഒട്ടും അമാന്തിക്കാതെ അങ്ങട്ട് വെയ്ക്കൂ കുട്ടീ”. അച്ഛമ്മ വീണ്ടും സ്നേഹ വാത്സല്യത്തോടെ ശാസിക്കുന്നു.
അമ്മ ഒട്ടും വൈകിക്കാതെ നാഗങ്ങളെ ധ്യാനിച്ച് മുണ്ടും നേര്യേതും സമർപ്പിച്ചു.
ഞാൻ പുള്ളുവക്കുടം ഒന്ന് സ്പർശിക്കാൻ കഴിയാതെ വിഷണ്ണയായി നിൽക്കുകയാണ്. പെട്ടെന്ന് എന്റെ മനസ്സ് വായിച്ചതു പോലെ അച്ഛമ്മ നങ്ങേലിപുള്ളുവത്തിയോട് പറയുന്നതു കേട്ടു.
“നമ്മടെ കുട്ടിക്ക് ആ പുള്ളുവക്കുടത്തിനുള്ളിൽ ദക്ഷിണ സമർപ്പിക്കണമത്രേ …നീയങ്ങട്ട് കാണിച്ചു കൊടുക്കെന്റെ നങ്ങേല്യേ…”
സ്തബ്ധയായി നിൽക്കുമ്പോൾ അച്ഛമ്മ രണ്ടു തുട്ടു നീട്ടി പുള്ളുവക്കുടത്തിനുള്ളിൽ നിക്ഷേപിക്കുവാൻ ആംഗ്യം കാട്ടി.
പുള്ളുവക്കുടത്തെ മനസ്സിൽ ധ്യാനിച്ച് ആ കുടത്തിന്റെ വായ രണ്ടു കൈ കൊണ്ടും അടച്ച് നാണയം അതിനുള്ളിലിട്ടു. ആ കുടത്തിൽ നിന്നും ഉയർന്ന ശബ്ദവീചികൾ ഇന്നും കാതുകളിൽ മുഴങ്ങി കേൾക്കാം.
മനസ്സിന്റെ മണിച്ചെപ്പിനുള്ളിൽ സൂക്ഷിച്ച ആ നാടോടി കാവ്യപാരമ്പര്യത്തിന്റെ അലയൊലികൾ ഗ്രാമ നൻമകളായിരുന്നു.
രജനി സുരേഷ്
സൈകതം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px