കലണ്ടർ | എം രാജീവ് കുമാർ എന്തായിരുന്നു വെടിവച്ച്‌ കൊല്ലാൻ മാത്രം നീലകണ്ഠപ്പിള്ള ചെയ്ത കുറ്റം?

Facebook
Twitter
WhatsApp
Email

29 വർഷം നാടു വാണ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തെ ഒരു കൊടുംക്രൂരതയ്ക്കിരയായവനെയാണ് ഇന്ന് വത്തിക്കാൻ വാഴ്ത്തപ്പെട്ടവന്റെ പദവി നൽകി വിശുദ്ധനാക്കുന്നത്. സി.വി.രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മയിലോ ചരിത്രത്തിലോ ആ കൊടുംക്രൂരത രേഖപ്പെടുത്തിയിട്ടില്ല. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് ഒരു 39 കാരനെ വെടിവച്ച് കൊന്ന കഥ!

ഏതാണ്ട് 270 വർഷം മുമ്പുള്ള കഥയാണ്. പഴയ തിരുവിതാംകൂർ കന്യാകുമാരിയുമായി ചേർന്നു കിടന്ന കാലം. ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ ശാന്തിക്കാരൻ വാസുദേവൻ നമ്പൂതിരി കായം കുളത്തു നിന്ന് തിരുവട്ടാറുകാരി ദേവകിയമ്മയെ സംബന്ധം ചെയ്തു. അതിൽ നീലകണ്ഠപ്പിള്ള ജനിച്ചു. 1712 ഏപ്രിൽ 23 ന്! ശാന്തിക്കാരൻ നമ്പൂതിരിക്ക് പിന്നെ പൊടീം തട്ടിപ്പോകാം. അതായിരുന്നല്ലോ അന്നത്തെ സംബന്ധവ്യവസ്ഥ. അമ്മയ്ക്ക് വേറൊരു നായര് വരും. വന്നിട്ടും കാര്യമില്ല. അമ്മാവന്മാരു വളർത്തിക്കൊള്ളും. അതാണ് മരുമക്കത്തായം.
അങ്ങനെ നീലകണ്ഠപ്പിള്ളയെ അമ്മാവന്മാർ വളർത്തി. വീട്ടുകാരെല്ലാം പരമ രാജഭക്തർ. അന്ന് രാജകൊട്ടാരം പത്മനാഭപുരത്താണ്.  മാർത്താണ്ഡവർമ്മ സഹസ്രകിരണങ്ങളും വിടർത്തി നില്ക്കുന്ന കാലം. എട്ടുവീട്ടിൽ പ്പിള്ളമാരെയും എതിർ വായ് നാവുകളെയും അരിഞ്ഞു വീഴ്ത്തി കേരളത്തിന്റെ തെക്ക് മനുഷ്യക്കുരുതി നടത്തി നാട്ടുരാജാക്കന്മാരെ വെട്ടിപ്പിടിച്ച് സാമ്രാജ്യ വിപുലീകരണം നടത്തുന്ന കാലം. 

ഡച്ച് നാവികസേനയോട് എതിർത്ത് അതിലെ പടനായകനായ ദിലനോയിയെ പിടിച്ച് ജയിലിലിട്ട് മെരുക്കി സ്വന്തം പടനായകനാക്കിയപ്പോൾ മാർത്താണ്ഡൻ ഓർത്തു കാണില്ല ഇങ്ങനെ ഒരു കുരിശ് രാജ്യത്ത് വരാൻ പോകുന്നെന്ന്! നമ്മുടെ കഥനായകൻ നീലകണ്ഠപ്പിള്ള മാർത്താണ്ഡ വർമ്മയുടെ ദളവ രാമയ്യന്റെ ശിങ്കിടിയായി കൊട്ടാരസൈന്യത്തിലെ യുവതുർക്കിയായങ്ങ് വളരുമ്പോഴാണ് ദിലനോയിയുടെ വരവ്. സർവ്വസൈന്യാധിപനായ ദിലനോയിയുടെ കൂടെയായി പിന്നെ നീലകണ്ഠപ്പിള്ളയുടെ ഊണും ഉറക്കവും. ദിലനോയി ആരാ മോൻ! പട്ടാളത്തിലെ നാടൻ മുറകളൊക്കെ മാറ്റി എല്ലാം പാശ്ചാത്യമാക്കി. “ഓലക്കാൽ ശീലക്കാൽ”മാറ്റി ലഫ്റ്റ് റൈറ്റ് ആക്കി. ചിട്ടയോടെ ആയുധം ഉപയോഗിക്കാൻ പഠിപ്പിച്ചു. സൈന്യത്തെ മാറ്റിമറിച്ചു. വാളും പരിചേം കുന്തോം ദൂരെക്കളഞ്ഞ് വെടി മരുന്ന് പീരങ്കിയിലും തുപ്പാക്കിയിലും നിറച്ച് പൊട്ടിക്കാൻ സൈന്യത്തെ പഠിപ്പിച്ചു! ഒപ്പം ചിലതുകൂടങ്ങു പഠിപ്പിച്ചു. ബൈബിളിന്റെ വഴി.

അങ്ങനെ സംസർഗ്ഗം നിമിത്തം വാസുദേവൻ നമ്പൂതിരിയുടെ മകൻ നീലകണ്ഠപ്പിള്ള തിരുവട്ടാർ ആദി കേശവനും ഉലക പിതാവായ ക്രിസ്തുവും ഒന്നാണെന്ന സാരം ഗ്രഹിച്ചു. തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞെന്നു മാത്രമല്ല 1745 ൽ കുരിശിന്റെ വഴി സ്വീകരിച്ച്‌ ജ്ഞാനസ്നാനം ചെയ്യുകയും ചെയ്തു. ലാസറെന്ന പേരു സ്വീകരിച്ചു. ക്രമേണ ദൈവസഹായം പിള്ളയായി നാട്ടുകാരിൽ അറിയാനും തുടങ്ങി.

(രാജാവാണെങ്കിൽ യുദ്ധ ലഹരിയിലും. കായംകുളം കീഴടക്കി തുടർന്ന് അമ്പലപ്പുഴയേയും ജയിച്ച് അവിടുത്തെ രാജാവിനെയും കൊണ്ട് തിരുവനന്തപുരത്ത് തടവിലാക്കി. കായംകുളത്തിന് അനുകൂലമായി നിന്നുകൊണ്ട് തിരുവിതാംകൂറിനെപാരവച്ച തെക്കുംകൂർ രാജാവിനെ ആക്രമിക്കാരുള്ള വട്ടം കൂട്ടലിലുമായിരുന്നു. ദിലനോയിയും കട്ടയ്ക്ക് കൂടെയുണ്ട്. രണ്ട് കായംകുളം വാളുകളും അന്ന് തിരുവിതാംകൂറിലുണ്ട്. മാത്തൂർ പണിക്കരും തെക്കേടത്തു ഭട്ടതിരിയും. തിരുവിതാംകൂറിനെക്കണ്ടു പേടിച്ച് മറ്റു കണ്ടം ചാടിയ അമ്പലപ്പുഴയുടെ സൈന്യാധിപന്മാർ. അത് കഥ വേറെ!)

നാട്ടിലോ, തിരുവട്ടാർ നായന്മാർ വെറുതെയിരിക്കുമോ? ജന്മിമാരും ഇടപ്രഭുക്കന്മാരും കൂടി സംഘടിച്ച്‌ പ്രശ്നമുണ്ടാക്കി. കുഞ്ചു വീട്ടിൽ ഭാർഗ്ഗവിയമ്മയുടെ നായര് നീലകണ്ഠപ്പിള്ള പളളിയിൽ പോക്കു തുടങ്ങിയോ! അവന്റെ പണി ഇനി പള്ളീൽത്തന്നെ തീർത്തേക്കാം! 

തിരുവിട്ടാറുനിന്ന് നായന്മാരുടെ പട പത്മനാഭപുരത്തേക്ക് കുതിച്ചു. ദളവരാമയ്യനോട് ഏഷണി കേറ്റി. പൊന്നുതമ്പുരാൻ പത്മനാഭദാസനായി സകലതതും പത്മനാഭനു സമർപ്പിക്കാൻ അവിടെ നെട്ടോട്ടമോടുമ്പോൾ ഇവിടെ ഒരുത്തൻ കണ്ടോ, ദൈവസഹായം പിള്ള! പേരു പോലും കളഞ്ഞ് ലാസറായി  ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ മുട്ടുകുത്തുന്നു! നമ്മുടെ പ്രജകളെല്ലാം ആദി കേശവനെ വിട്ട് കോട്ടാർ പള്ളിയിലെ കുരിശിനെ വണങ്ങാനാണിനി  പോകുന്നത്. തടഞ്ഞില്ലെങ്കിൽ തടവീഴുമേ! ഇവനെയൊക്കെയാണോ സൈന്യത്തിൽ വച്ചോണ്ടിരിക്കുന്നത്! അവനെ ഇങ്ങനാക്കിയ ദിലനോയി സായ്പ്! ആ, പറട്ടയെക്കൂടങ്ങ് പിരിച്ചയയ്ക്ക്.!

അത് കളി വേറെ. സർവ്വ സൈന്യാധിപനെ തൊടണ്ട. ദിവാൻ രാമയ്യൻ, പട്ടാളത്തിൽ നിന്ന് നീലകണ്ഠപ്പിള്ളയെ പിരിച്ചു വിട്ടു. തീർന്നില്ല. വീണ്ടും നായന്മാരിളകി. “അവനെ വെറുതെ അങ്ങനെ വിട്ടാൽ പറ്റില്ല. അവന്റെ കുടുംബക്കാരും ഓരോരുത്തരായി പള്ളീൽ പോകാൻ തുടങ്ങി.”

പിന്നെ അധികം വൈകിച്ചില്ല. കള്ളക്കേസിൽ കുടുക്കി അകത്താക്കി. മൂന്നുവർഷക്കാലം കൊടും പീഡനമായിരുന്നു. ചങ്ങലക്കിട്ടു. ചാട്ടവാറുകൊണ്ടടിച്ച് പുറം തൊലി ഉരിച്ചു. അതിൽ കുരുമുളകുപൊടി വിതറി. പോത്തിന്റെ പുറത്തു കയറ്റി കുഴിക്കാട്ടു കൊണ്ടുപോയി കൊല്ലാൻ പലതവണ നോക്കി. നാടിന്റെ നാനാഭാഗത്തും പോത്തിൻ പുറത്തിരുത്തി പുള്ളി കുത്തി കൊണ്ടുപോയി ജനവാസം ഏറെയുള്ളിടത്ത് ചാട്ടകൊണ്ടടിച്ച് മറ്റുള്ളവർക്കും കുരിശിന്റെ വഴി സ്വീകരിച്ചാലുള്ള ശിക്ഷ ദൈവസഹായം പിള്ളയുടെ ദേഹത്തു കാണിച്ചു കൊടുത്തു. ക്രിസ്ത്യാനികൾ ഏറെയുള്ള പുലിയൂർക്കുറിച്ചിയിൽ പോത്തിൻ പുറത്തിരുത്തി ചാട്ടകൊണ്ട് 80 അടിയാണടിച്ചത്. ദാഹിച്ചപ്പോൾ തുള്ളി വെള്ളം കൊടുത്തില്ല. പ്രകൃതിയുടെ കണ്ണുനീർ ചാലായി ഒഴുകി വന്ന് ദൈവസഹായം പിള്ളയ്ക്ക് കുടിനീരായി. അതു മുതൽ തുടങ്ങുന്നു അനുതാപകരുണാകടാക്ഷങ്ങൾ!

പെരുവിളയിലെ വേപ്പിൻ മരത്തിൽ കെട്ടിയിട്ടു. പ്രകൃതി ആ യുവാവിനോട് കരുണ കാണിച്ചു കൊണ്ടിരുന്നു. ഒന്നിലും തളരുന്നില്ലെന്നു കണ്ടപ്പോൾ 1752 ൽ രാജാവിന്റെ അനുമതിയോടെ ദിവാൻ കല്പന കൊടുത്തു. ദൈവ സഹായം പിള്ളയെ നാടുകടത്തുക! അങ്ങനെ ആരുവാമൊഴിക്കടുത്തുള്ള കാട്ടിലേക്ക് പോത്തിൻ പുറത്തിരുത്തി, പത്മനാഭപുരത്തു നിന്ന് നാടുകടത്തി. എന്നിട്ടും അത്‌ഭുതങ്ങൾ തുടർന്നു. എഴാം മാസം മരിക്കാൻ പോയ കുഞ്ഞിനേയും തള്ളയേയും രക്ഷപെടുത്തൽ. മരിച്ചവരെ ജീവിപ്പിക്കൽ എന്നു വേണ്ട ക്രിസ്തുവിന്റെ പ്രതിപുരുഷനായി!

നോക്കിയിരിക്കുമോ, നായന്മാർ ഇടപെട്ടു! അവനെ ഈ ഭൂമുഖത്തു ജീവിക്കാൻ അനുവദിച്ചാൽ പ്രശ്നമാണ്. അങ്ങ് തീർത്തേക്കുക! ഉടനെ രാജാവിന്റെ കല്പന ശിരസാവഹിച്ച് കാറ്റാടി മലയിലേക്ക് തോക്കും കൊണ്ട് അഞ്ചു ഭടന്മാർ. 1750 ജനുവരി 3 ന് തൃപ്പടിദാനം നടത്തി മാർത്താണ്ഡവർമ്മ എല്ലാം പത്മനാഭന്റെ കാലടികളിൽ വണങ്ങി ഭക്തിമാർഗത്തിലിരിക്കുമ്പോഴാണ് പോയി ആ പാവത്താനെ കൊല്ലാൻ ഉത്തരവിട്ടത്.

ദേവസഹായം പിള്ളയെ കൈകൾ ബന്ധിച്ച് കൊണ്ടുവന്ന് കെട്ടഴിച്ച്‌ കുനിച്ചു നിർത്തി. തോക്കു ചൂണ്ടി കാഞ്ചി വലിച്ചു. പലതവണ! ങേ! അതിശയമായിരിക്കുന്നുവല്ലോ. കാഞ്ചിവലിച്ചിട്ടും വലിച്ചിട്ടും പൊട്ടുന്നില്ലല്ലോ. ഇതെന്ത് മറിമായം!

മുട്ടുകുത്തി നിന്ന ദേവസഹായം പിള്ള പട്ടാളക്കാരുടെ കയ്യിൽ നിന്ന് തോക്കു വാങ്ങി പ്രാർഥിച്ചിട്ട് തിരിച്ചു കൊടുത്തു. ഇനി വേണമെങ്കിൽ നിങ്ങൾക്ക് എന്നെ കൊല്ലാം. രാജാവിന്റെ നീതി നടപ്പാക്ക്” 5 പ്രാവശ്യമാണ് മുട്ടുകുത്തി കയ്യുയർത്തി നിന്ന ആ പാവത്തിന്റെ നേരെ നിറയൊഴിച്ചത്. കാറ്റാടി മലയിൽ നിന്ന് താഴേക്ക് തൊഴിച്ചാണ് വലിച്ചെറിഞ്ഞത്.

മൃതദേഹം കോട്ടാർ പള്ളിയിലേക്കു കൊണ്ടുവന്നു. സെന്റ് സേവിയേഴ്സ് ചർച്ചിലേക്ക്. 1752 ജനുവരി 14. 39-ാം വയസ്സിൽ ദൈവസഹായം പിള്ളയെ കൊല്ലുമ്പോൾ മാർത്താണ്ഡവർമ്മയ്ക്ക് വയസ്സ്  46. മരിക്കുന്നത് 52 വയസ്സിൽ! അപ്പോഴും യുദ്ധക്കൊതി തീർന്നു കഴിഞ്ഞിരുന്നില്ല. വടക്കൻ പ്രദേശങ്ങൾ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള പുറപ്പാടിലായിരുന്നു.

നോക്കണേ, ജീവനോടെ കുഴിച്ചിട്ടതെല്ലാം പൊങ്ങി വരുന്നത്. പുകഴ്ത്തിയവരെ ചരിത്രം പഴിക്കുന്നത്? എന്തായിരുന്നു ദൈവസഹായം പിള്ള ചെയ്ത കുറ്റം? ഇഷ്ടമുള്ള മതം സ്വീകരിച്ചതു തന്നെ. ലോകം ഇന്ന് ദൈവം സഹായം പിള്ളയക്കരികിൽ മുട്ടുകുത്തുന്നു. വത്തിക്കാനിൽ ആ പേരു് ഉച്ചരിക്കപ്പെടുന്നു. ലോകം കാറ്റാടി മലയിൽ കൊണ്ടു നിർത്തി വെടിവച്ചു കൊന്ന ഒരു യുവാവ്
വാഴ്ത്തപ്പെട്ടവനായിത്തീർന്നിരിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *