LIMA WORLD LIBRARY

ഋതുഭേദകല്പനകൾ – സ്വപ്ന ജേക്കബ് 

ഋതുക്കളുമായോ മാസങ്ങളുമായോ ബന്ധപ്പെട്ട മലയാളസിനിമാഗാനങ്ങൾ വലിയ ജനപ്രീതി നേടാറുണ്ട്. നമ്മുടെയൊക്കെ ജീവിതവുമായും, ഓർമ്മകളുമായും ഇഴചേർന്നു കിടക്കുകയാണ് പലതും. കേരളത്തിൽ മൂന്നു ഋതുക്കളാണ് പ്രധാനമായും ഉള്ളതെങ്കിലും, നമ്മുടെ കവികൾ ഇന്ത്യയിലെ മുഴുവൻ ഋതുക്കളെയും എടുത്തു ഉപയോഗിക്കാറുണ്ട്. വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം എന്നിങ്ങനെയാണ് കേരളത്തിലെ ഋതുക്കളെങ്കിലും ഇന്ത്യ മുഴുവൻ ഉള്ള ഋതുക്കൾ ആറെണ്ണമാണ്. മാർച്ച്, ഏപ്രിൽ-വസന്തം, മെയ്, ജൂൺ-ഗ്രീഷ്മം, ജൂലൈ, ഓഗസ്റ്റ്-വർഷം,  സെപ്റ്റംബർ, ഒക്ടോബർ-ശരത്, നവംബർ, ഡിസംബർ-ഹേമന്തം, ജനുവരി, ഫെബ്രുവരി-ശിശിരം.

ഏറ്റവും കൂടുതൽ പാട്ടുകൾ വസന്തത്തെയും ഹേമന്തത്തെയും കുറിച്ചാണെന്ന് കരുതിയിരുന്നെങ്കിലും മഴപ്പാട്ടുകളും ഒട്ടും പിന്നിലല്ല എന്ന് തിരഞ്ഞപ്പോൾ മനസ്സിലായി.  മരുഭൂമിയല്ലാത്തിടത്തെല്ലാം വസന്തം വർണ്ണങ്ങൾ നിറഞ്ഞ ആകാശമാണ്. കേരളത്തിൽ കണിക്കൊന്ന ഉൾപ്പടെ മഞ്ഞയും, റോസും, ചുവപ്പും, വയലറ്റും നിറമുള്ള പൂമരങ്ങൾ ആകാശം നിറയ്ക്കുമ്പോൾ കവികൾ എഴുതിയില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ.  വസന്തത്തിൽ നിന്ന് തന്നെ തുടങ്ങാം.

പത്മരാജന്റെ ‘കൂടെവിടെ?’ എന്ന സിനിമയിലെ ‘പൊന്നുരുകും പൂക്കാലം’ ആണ് ആദ്യം ഓർമ്മയിലെത്തുന്നത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോൺസൺ മാഷുടെ പാട്ടും ഒ.എൻ.വി എഴുതിയ ‘പൊന്നുരുകും പൂക്കാലം’ തന്നെ. ‘പൂവാക കാടിനുപൊൻ കുട ചൂടി ആലോലം’ എന്നും ‘കാടാകെ കാവടിയാടുകയായി തന്നാനം’ എന്നും കവി. ജാനകിയമ്മയുടെ ശബ്ദവും.

ഒ.എൻ.വി തന്നെ എഴുതിയ മദനോത്സവത്തിലെ ‘മേലെ പൂമല, താഴെ തേനല’ വസന്തത്തിന്റെ നിറവും, താളവും, ഈണവും എല്ലാം ഓർമ്മപ്പെടുത്തുന്നു. സലിൽ  ചൌധരിയുടെ ഏറ്റവും നല്ല പാട്ടുകളിലൊന്നാണിത്.

ശ്രീകുമാരൻ തമ്പി എഴുതിയ

‘പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം

നീ കനിഞ്ഞാൽ  ഓർമ്മകളിൽ അതിമധുരം”

പൂക്കളെയും ജീവിതത്തെയും കൂട്ടിവായിക്കുന്ന, തമാശയും  കൂട്ടിക്കലർത്തി എഴുതുയിരിക്കുന്ന, മനസ്സില് വസന്തം നിറയ്ക്കുന്ന സലിൽദായുടെ മറ്റൊരു പാട്ട്.

‘വസന്തമേളയിതിൽ നാമലിയും

വാസരസങ്കല്പ സുഖം നുകരും’  എന്നും കവി തുടരുന്നു.

ചില്ലിലെ ‘ചൈത്രം ചായം ചാലിച്ചു  നിന്റെ ചിത്രം വരയ്ക്കുന്നുവോ’

എന്ന പാട്ട് ചില്ലിലെ മറ്റ് ഗാനങ്ങളെ പോലെ തന്നെ ഞങ്ങളുടെ തലമുറയെ എങ്കിലും കീഴടക്കിയ ഒരു പാട്ടാണ്. ഒ.എൻ.വി എഴുതി, എം. ബി ശ്രീനിവാസൻ സംഗീതം കൊടുത്തിരിക്കുന്നു,  ചൈത്രം ഏത് മാസമാണെന്ന് തിരക്കി ചെന്നപ്പോഴാണ് വസന്തം തന്നെയാണെന്ന് മനസ്സിലായത്. ശകവർഷത്തിലെ ആദ്യ മാസമാണ് ചൈത്രം. സൂര്യരാശിചക്രത്തിലെ ആദ്യ രാശിയായ Aries ആരംഭിക്കുന്ന മാർച്ച് 21 ന്  തന്നെയാണ് ചൈത്രവും ആരംഭിക്കുന്നത്.  പകലും രാത്രിയും ഒരു പോലെ വരുന്ന വസന്ത വിഷുവം ആയ മാർച്ച് 21 ആണ് ശകവർഷാരംഭം. മുപ്പതും മുപ്പത്തൊന്നും ദിവസങ്ങളുള്ള മാസങ്ങളാണ് ശകവർഷത്തിനുള്ളത്.  A.D.78ൽ മഹാരാഷ്ട്രയിൽ നിന്നും ഭാരതം ഭരിച്ചിരുന്ന ശതവാഹന രാജാവായ ശാലിവാഹനൻ ശകവർഷം  ആരംഭിച്ചു. ഇപ്പോഴത്തെ 1957-ൽ ഭാരതത്തിന്റെ ദേശീയ കലണ്ടർ ആയി ശാകകലണ്ടറിനെ തിരഞ്ഞെടുത്തു. ഗ്രിഗോറിയൻ(ഇംഗ്ലീഷ്) കലണ്ടറിലെ തീയതികൾക്കൊപ്പം തന്നെ ശകവർഷത്തിലെ തീയതികളും ഇന്ത്യൻ ഗവർമെന്റിന്റെ വിനിമയങ്ങളിലും, ഗസ്സറ്റിലും, All India Radio യിലും ഉപയോഗിക്കുന്നുണ്ട്. കൂടാതെ നേപ്പാളിലും ഇൻഡോനേഷ്യയിലും ശാകകലണ്ടർ പ്രചാരത്തിലുണ്ട്.

ചൈത്രമാസം കഴിഞ്ഞാൽ വൈശാഖമാസമാണ്. നമ്മുടെ കവികൾ എന്തായാലും ശകവർഷത്തെ ശരിക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

‘വൈശാഖപൌർണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാരപദമോ കോകിലകൂജനമോ’ എന്ന പരിണയത്തിലെ പാട്ടും വസന്തരാത്രിയെക്കുറിച്ച് തന്നെ. ഏപ്രിൽ-മെയ് മാസങ്ങളിലെ രാത്രികളെക്കുറിച്ച്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബേ രവി ഈണം കൊടുത്തിരിക്കുന്നു.

‘പൂവുകൾക്ക് പുണ്യകാലം മെയ്മാസരാവുകൾക്ക് വേളിക്കാലം  ക്ഷത്രത്തിരി കൊളുത്തും നിലാവിന്റെ കൈകളിൽ  നിശ്ചയതാംബൂല താലം’  കുട്ടിക്കാലം തൊട്ടേ കേൾക്കുന്ന മറ്റൊരു പാട്ടാണ്. വയലാർ-ദേവരാജൻ ടീമിന്റെ ഒരു അനശ്വര ഗാനം.

നഷ്ടവസന്തത്തെ ഓർമ്മിപ്പിക്കുന്ന ‘മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ എന്ന ഗാനം മിക്കവാറും എല്ലാ ഋതുക്കളെയും തഴുകി കടന്നു പോകുന്നു.

‘താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ  എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാൻ’ എന്നു ബിച്ചു തിരുമല എഴുതുന്നു. ജെറി അമൽദേവ് സംഗീതം കൊടുത്തിരിക്കുന്നു.

* * *

വീണ്ടും ചില്ലിലേക്ക് മടങ്ങി വന്നാൽ ‘പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു  പൂക്കളായി അലകളിൽ ഒഴുകിപ്പോകെ’ എന്നത് പോലെ പൂക്കളെല്ലാം മഴയിൽ ഒഴുകിപ്പോകുമ്പോൾ ആഷാഢമെത്തുകയായി. ജൂൺ 22 മുതൽ ജൂലൈ 22 വരെയാണ് ആഷാഢം. എത്ര മനോഹര ഗാനങ്ങളാണ് ആഷാഢത്തെക്കുറിച്ചുള്ളത്. ആദ്യം ഓർമ്മയിൽ വരുന്നത് ‘ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാം അന്തരീക്ഷം’ എന്ന പാട്ട് തന്നെ. എ. ആർ. റഹ്മാന്റെ പിതാവ് ആർ. കെ. ശേഖർ സംഗീതം കൊടുത്തിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചനയും. എന്നാൽ പാട്ടോർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് വാണി ജയറാമിന്റെ ശബ്ദമാണ്.

മറ്റൊരു പാട്ട് ശ്രീകുമാരൻ തമ്പി എഴുതി, ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത

‘ആഷാഢം മയങ്ങി നിൻ മുകിൽവേണിയിൽ ആകാശം തിളങ്ങി നിൻ നയനങ്ങളിൽ രാഗം നിന്നധരത്തിൽ തപസ്സിരുന്നു അനുരാഗമെൻ മനതാരിൽ തുടിച്ചുയർന്നു.’  എന്ന പാട്ടാണ്. ആയിരക്കണക്കിന് പാട്ടുകളാണ് ശ്രീകുമാരൻ തമ്പി മലയാള സിനിമയ്ക്ക് വേണ്ടി എഴുതിയിട്ടുള്ളത്. ശ്രീകുമാരൻ തമ്പിയുടെ ചിന്തകൾ മറ്റാരേക്കാളും നമ്മുടെയൊക്കെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുമുണ്ട്. എങ്കിലുമത് സമ്മതിച്ചു കൊടുക്കാൻ നമ്മൾ എന്നെങ്കിലും തയ്യാറാവുമോ എന്നറിയില്ല.

എനിക്കേറ്റവും ഇഷ്ടപ്പെട്ട മഴപ്പാട്ട് മഴ എന്ന സിനിമയിലെ

‘ആഷാഢം പാടുമ്പോൾ.. ആത്മാവിൻ രാഗങ്ങൾ..  ആനന്ദനൃത്തമാടുമ്പോൾ                               വെള്ളാരം മുത്തുംകൊണ്ടാകാശം പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം..’ ആണ്.

ഏറ്റവും മനോഹരമായ കുറച്ചു പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച കെ. ജയകുമാർ എഴുതി രവീന്ദ്രൻ മാഷ് സംഗീതം കൊടുത്തിരിക്കുന്നു.മഴയിൽ തുടങ്ങുന്ന കുറച്ചു നല്ല പാട്ടുകളും ഓർമ്മയിൽ വരുന്നു. താരതമ്യേന പുതിയ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ

‘മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ..                                  പ്രണയത്തിനാൽ മാത്രമെരിയുന്ന, ജീവന്റെ                                                    തിരികളുണ്ടാത്മാവിനുള്ളിൽ..’ എന്ന പാട്ട് ഒരുദാഹരണം.

റഫീക്ക് അഹ്മെദ് എഴുതി, ഷഹബാസ് അമൻ സംഗീതം കൊടുത്തിരിക്കുന്നു. വിജയ് യേശുദാസിന്റെ ശബ്ദവും ഓർമ്മയിൽ. കഥ എന്ന സിനിമയിലെ

‘മഴയുള്ള രാത്രിയിൽ, മനസ്സിന്റെ തൂവലിൽ വിരൽ തൊട്ടുന്നർത്തുന്നതാരെ അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ് പരിഭവം പകരുന്നതാരെ’ മറ്റൊരു മഴപ്പാട്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി, ഔസേപ്പച്ചൻ സംഗീതം കൊടുത്തിരിക്കുന്നു.എന്നാൽ മഴയുടെ ഈണവും താളവും നൃത്തവും അനുഭവിപ്പിക്കുന്ന പാട്ട് സരിത എന്ന പഴയ സിനിമയിലേതാണ്.

‘മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടി വരും വാനിൽ വർഷമേഘങ്ങൾ പീലി നീർത്തുന്നു                             പ്രേമസംഗീതം പാടുന്നു എന്നിൽ നിന്നിൽ മോഹം ഛിലും..ഛിലും..ഛിലും..ഛിലും…’

ശ്യാമിന്റെ സംഗീതം, സത്യൻ അന്തിക്കാട് രചനയും നിർവ്വഹിച്ചിരിക്കുന്നു.

* * *

ശകവർഷത്തിൽ ആഷാഢം കഴിഞ്ഞാൽ പിന്നെ ശ്രാവണമാണ്. അതായത് ഓണക്കാലം. ശ്രാവണം ആവണമായി, ആവണം ഓണമായി എന്നൊക്കെ പറയാറുണ്ട്. ശ്രാവണത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പാട്ട് എഴുതിയത് ഒ.എൻ.വി. ആണ്.

‘ശ്രാവണം വന്നൂ നിന്നെ തേടി ശ്യാമയാം ഭൂമി തൻ ചന്ദ്രശാലാങ്കണം                                              ഋതുഗാനം മുളംതണ്ടിൽ മൂളി എതിരേൽക്കും വനസന്ധ്യ പോൽ പോരൂ നീ’

അത്ഭുതം എന്നു തന്നെ പറയണം ഓണക്കാലത്തെക്കുറിച്ചുള്ള പ്രധാന പാട്ടുകളെല്ലാം സംഗീതം ചെയ്തത് ബംഗാളിയായ സലിൽദാ ആണ്. ഓണപ്പൂവേ പൂവേ.., പൂവിളി പൂവിളി പൊന്നോണമായി, ചാകര കടപ്പുറത്തിനി ഉത്സവമായി.. ഓണമായി പൊന്നോണമായി… മൂന്നുപാട്ടുകളും യഥാക്രമം ഒ.എൻ.വി. യും, ശ്രീകുമാരൻ തമ്പിയും, വയലാറും എഴുതിയിരിക്കുന്നു.

* * *

ശരത്കാലം നമ്മുടെ നാട്ടിൽ അത്ര ദൃശ്യമല്ലെങ്കിലും ഒന്നുരണ്ടു നല്ല പാട്ടുകളുണ്ട്.

‘ശരദിന്ദു മലർദീപനാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതിമീട്ടി’ വല്ലാത്തൊരു ഗൃഹാതുരത്വമുണ്ടാക്കുന്ന പാട്ട്,  ചില്ലിലെ പാട്ടുകൾ തന്ന  ഒ.എൻ.വി., എം. ബി. ശ്രീനിവാസൻ ടീമിന്റെ തന്നെയാണ്.

ദയ എന്ന സിനിമയിലെ ഒ.എൻ.വി. രചിച്ചു, വിശാൽ ഭരദ്വാജ് ഈണമിട്ട

‘ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി നീലരാവിൽ ഈ നിലാവിൻ ചിത്രകംബളം  താരകപൂമ്പൊട്ടു കുത്തിയ രത്നകംബളം ആരെയാരെയാരെ വരവേൽക്കുവാൻ’  എന്ന പാട്ട് മറക്കാനാവാത്ത പാട്ടുകളിലൊന്നാണ്.ശരത്കാലം കഴിയുന്നതോടെ ഹേമന്തം വരവായി. മഞ്ഞിൽ കുളിച്ച നിലാവുള്ള രാത്രികൾ എന്നും കവികൾക്ക് പ്രിയം തന്നെ.

* * *

പഴയ സിലോൺ റേഡിയോയിൽ കേട്ടിരുന്ന

‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്തനീല നിശീഥിനി                                                മാനസദേവന്റെ ചുംബനപ്പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയിൽ ചൊടിയിണയിൽ’ എന്ന പാട്ടാണ് ആദ്യം ഓർമയിൽ വരുന്നത്. ഭരണിക്കാവ് ശിവകുമാർ എഴുതി, എം. കെ. അർജുനൻ സംഗീതം കൊടുത്തിരിക്കുന്നു. ഇതിലും വാണി ജയറാമിന്റെ ശബ്ദമാണ് ആദ്യം ഓർമയിൽ എത്തുന്നത്.

 

ഭരണിക്കാവ് ശിവകുമാർ, എം. കെ. അർജുനൻ ടീമിന്റെ, സിലോൺ റേഡിയോയിൽ കേട്ടിരുന്ന മറ്റൊരു പാട്ടാണ്  ‘സുമംഗലാതിര രാത്രി ഇന്ന് സോപാന സംഗീതരാത്രി സ്വപ്നങ്ങൾ സ്വർണ്ണചൂഢാമണി ചൂടും സ്വർഗീയസുന്ദരരാത്രി.’ ധനുമാസരാവുകളെ ഓർമ്മിപ്പിക്കുന്ന പാട്ടുകളിൽ ഉൾപ്പെടുന്ന പാട്ടാണിത്.

 

‘ഈ കുളിർ നിശീഥിനിയിൽ ഉറങ്ങിയോ ഓമനത്തിങ്കളേ ഹേമന്തരാവിൻ മണിയറയിൽ ഈ ഹേമന്തരാവിൻ മണിയറയിൽ ഇന്നെന്റെ ആദ്യരാത്രി അല്ലേ’ മറ്റൊരു പാട്ട്.ഉണ്ണി മേനോനും, എസ്. ജാനകിയും പാടി മനോഹരമാക്കിയ പാട്ട് ഷിബു ചക്രവർത്തി എഴുതി, രഘുകുമാർ സംഗീതം കൊടുത്തിരിക്കുന്നു.പഴയ പാട്ടുകളെക്കാൾ മനോഹരമാണ് അടുത്ത കാലത്തിറങ്ങിയ ‘കോഹിനൂർ എന്ന സിനിമയിലെ ഹരിനാരായണൻ രചിച്ച്, രാഹുൽരാജ് സംഗീതം നല്കിയ

‘ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവ് നീ പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാനിതാ  കിളി പാടുന്ന പാട്ടെന്റെ കാതിൽ കളിയോതുന്ന നിൻ വാക്ക്  പോലെ   അതിലോലം അനുരാഗം തേന്മാരിയായ്..’  എന്ന പാട്ട്. വിജയ് യേശുദാസിന്റെ മനോഹരശബ്ദവും ഓർമ്മയിൽ.

* * *

ഹേമന്തം കഴിഞ്ഞാൽ ശിശിരം വരവായി. മിക്കവാറും സ്ഥലങ്ങളിൽ നല്ല തണുപ്പുള്ള സമയമാണെങ്കിലും കേരളത്തിൽ ജനുവരി കഴിഞ്ഞാൽ പിന്നെ ചൂട് തുടങ്ങും. ശിശിരത്തെക്കുറിച്ച് ആദ്യം ഓർമ്മ വരുന്ന പാട്ട് ദേവരാഗത്തിലെ എം. ഡി. രാജേന്ദ്രൻ എഴുതി, എം. എം. കീരവാണി ഈണമിട്ട

‘ശിശിരകാല മേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ  അതോ ദേവരാഗമോ ഇന്ദ്രിയങ്ങളിൽ ശൈത്യനീലിമ….’ എന്ന പാട്ടാണ്.

പിന്നെ ‘പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ’ എന്ന ഹിറ്റ് പാട്ടിൽ  ഗ്രീഷ്മത്തെയും, വസന്തത്തെയും കുറിച്ച് പറയുന്നത് പോലെ ശിശിരത്തെക്കുറിച്ചും പറയുന്നു.

‘കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്  ഊറി വന്ന ശിശിരം നമ്മൾ’ എന്നു ബിച്ചു തിരുമല എഴുതുന്നു. ഇളയരാജ സംഗീതം കൊടുത്തിരിക്കുന്നു.

ശകവർഷത്തിൽ ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ള മാസമാണ് മാഘമാസം. മാഘമാസത്തിൽ തുടങ്ങുന്നതും, അല്ലെങ്കിൽ പരാമർശിക്കുന്നതുമായ കുറച്ചു പാട്ടുകളെങ്കിലും മലയാളത്തിൽ ഉണ്ട്.

‘മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ മേഘമാകും തിരശ്ശീല നീങ്ങും രാവിൽ  അഷ്ടപദീ ഗാനങ്ങൾ അലയിളകീ അനുരാഗം ഈണത്തിൽ വീണമീട്ടി..’ ഒരുദാഹരണം.  ശരത് വയലാറിന്റെ രചനയ്ക്ക് ദേവരാജൻ മാസ്റ്റർ ഈണം നല്കിയിരിക്കുന്നു.

ഇപ്പോൾ ഈ വൈശാഖമാസത്തിന്റെ അഥവാ മെയ്മാസത്തിന്റെ അവസാനത്തിൽ അല്പം നേരത്തെ വന്ന ഇടവപ്പാതിയെന്നു ചിലരും, ക്ലൈമറ്റ് ചേഞ്ചിന്റെ ഭീതിപ്പെടുത്തുന്ന അവസ്ഥകളുടെ തുടക്കമെന്ന് മറ്റ് ചിലരും ആരോപിക്കുന്ന മഴയെക്കുറിച്ച് ആലോചിച്ച് ഗൾഫിലെ പൊള്ളുന്ന ചൂടിലേക്ക് നോക്കിയിരിക്കുമ്പോൾ ഒരു പാട്ട് വെറുതെ മൂളിപ്പോകുന്നു. ഗിരീഷ് പുത്തെഞ്ചേരിയുടെയും, രവീന്ദ്രൻ മാഷിന്റെയും ഗാനം.

‘മനസ്സിൻ മണിച്ചിമിഴിൽ പനിനീർ തുള്ളിപോൽ വെറുതെ പെയ്തു നിറയും രാത്രിമഴയായ് ഓർമ്മകൾ.

സ്വപ്ന ജേക്കബ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px