അൻപത് വർഷത്തിന് മുമ്പ് കാക്കനാടൻ എഴുതിയ ഒരു നോവലുണ്ട് “ഉഷ്ണമേഖല”. കാക്കനാടന്റെ മികച്ച നോവലും അതാണ്. ഒളിവിൽ കഴിയുന്ന സഖാവ് കരിമീൻ തിന്നുന്നതാണ് തുടക്കം. ഉപ്പ് പോരെന്ന് പറയുന്ന സഖാവ് പിന്നെ ഭരണത്തിൽ വരുമ്പോൾ പാവം പിടിച്ച ജനതയുടെ ഉപ്പ് ഊറ്റിക്കുടിക്കുന്നൊരു ജന്മമായി വളരുകയാണ്. ഒരെഴുത്തുകാരൻ ദീർഘദർശിയാകുന്നതവിടെയാണ്. അൻപതു വർഷത്തിനു ശേഷമുള്ള ഭാവിയിലേക്ക് കാക്കനാടൻ എഴുതിയിട്ട ഉഷ്ണമേഖലയിലൂടെയാണ് കേരളം ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
ഏറ്റവും കൂടുതൽ വരുമാനം മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമാണ് കേരളത്തിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തുന്നത്. കുടിപ്പിച്ചും ഭാഗ്യാന്വേഷികളാക്കിയും കേരള ജനതയെ മാറ്റിയതിന്റെ ഉത്തരവാദിത്വം ആർക്കാണ്? ആശിക്കാനൊന്നുമില്ലാതെ വരുമ്പോൾ സ്വർഗ്ഗരാജ്യം പോലൊരാശ കൊടുത്താൽ അഞ്ചു കൊല്ലമങ്ങ് അടിച്ചു മാറ്റി ഭരിക്കാമെന്നു തന്നെയാണ് സർക്കാർ മനക്കോട്ട കെട്ടുന്നത്. അതുകൊണ്ടല്ലേ, ആകാശക്കോട്ടയായി കെ റയിൽ സ്വപ്നം ഇടക്കിടെ പകുക്കുന്നത്. വെള്ളമടിച്ച് കിറുങ്ങുന്നവന്റേയും ലോട്ടറി എടുത്തു മുടിയുന്നവന്റെയും മുന്നിലേക്ക് എടുത്തിട്ടുന്നത്.
ചെറിയൊരു വികസനം പോലും നേരെ ചൊവ്വേ നോക്കി നടത്താനറിയാത്തൊരു സർക്കാരാണിത്. അല്ലെങ്കിൽ ശംഖുമുഖത്തേക്ക് പോയി നോക്കുക. വിമാനത്താവളത്തിലേക്കു പോകുന്ന ശംഖുമുഖം റോഡ്. കൊട്ടിഘോഷിച്ചു കൊണ്ട് രണ്ടുമാസം മുമ്പ് നാല് കോടി രൂപയ്ക്കു നിർമ്മിച്ചതാണ്. മാർച്ച് 14 ന് ഉദ്ഘാടനം ചെയ്തു. ഇന്നത് പെറ്റമ്മ കണ്ടാൽ പൊറുക്കില്ല. ഇനി ഒരിക്കലും കടൽ കയറാത്ത സാങ്കേതിക വിദ്യയെന്നൊക്കെ വീമ്പിളക്കിയിട്ട് ഒന്നു കാണണം അതിന്റെ കിടപ്പ്. കുഴികളാണു നിറയെ. റോഡടച്ചിട്ട് ആരെയും കാണിക്കാതെ പണിയുകയാണ്.
തിരുവനന്തപുരത്തെ റോഡുകളെല്ലാം കുളങ്ങളായി. കുഴികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
സുനാമിയൊന്നും വന്നില്ല. ഒറ്റ മഴക്ക് തകരുന്ന റോഡുകളല്ലാതെ എന്ത് പണിയാനാവും പൊതുമരാമത്തിനെന്നല്ലാതെ നമ്മുടെ വികസനത്തിന് ഭാഷ്യം വേറെ വേണോ? വടക്കൊരു പാലം പണിയും മുമ്പേ നിലംപരിശായത് ആഴ്ചകൾക്കു മുമ്പാണ്. ഇരുട്ടു കൊണ്ട് ഓട്ടയുമടച്ചു!
തിരുവനന്തപുരം മുഴുവൻ സ്മാർട്ട് റോഡ് പദ്ധതിയാണ്. 54 കിലോമീറ്റർ റോഡുകൾ സ്മാർട്ടാക്കുന്നു. കേരള റോഡ് ഫണ്ട് ബോർഡിനെയാണ് പണി ഏൽപ്പിച്ചിരിക്കുന്നത്. 18 മാസത്തെ കരാർ. ആഗസ്റ്റിൽ കാലാവധി തീരും. പണി പാതി പോലും എത്തിയിട്ടില്ല. രാമേശ്വരത്തെ ക്ഷൗരം പഠിച്ച ക്ഷുരകന്മാർ പദ്ധതിയുടെ മേൽനോട്ടക്കാരായി വന്ന് എല്ലാം അവതാളത്തിലാക്കി. വൈദഗ്ധ്യമില്ലാത്ത പണിക്കാരെന്ന് അവർ തന്നെ പറയുന്നു. എന്തിന് വിഴിഞ്ഞം രാജ്യാന്തര പദ്ധതിയുടെ കാര്യമോ? 2015 ആഗസ്റ്റ് 17 ന് കരാറിലൊപ്പുവച്ചതാണ്. 7000 കോടി പദ്ധതിച്ചെലവ്. കരാർ പ്രകാരം 2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടതാണ്. ഇപ്പോൾ പറയുന്നു 2023 ഡിസംബറിലെന്ന്! കമ്പനി ഇതിനകം 3500 കോടി ചെലവാക്കി. കേരള സർക്കാർ 1553 കോടിയും. ഇപ്പോൾ കല്ല് കിട്ടാനില്ലത്രേ. ബഫർ സോൺ പ്രശ്നം വേറെയും. കേന്ദ്ര സർക്കാരിന്റെ 815 കോടി കിട്ടിയിട്ടില്ലന്ന് കേരളം പറയുന്നു. 17 തടസ്സങ്ങൾ വേറെ. പാതി പണി പോലും ആയിട്ടില്ല. ഇപ്പോൾ വിഴിഞ്ഞം എല്ലാവരും മറന്ന മട്ടാണ്.
ആക്കുളം കായൽ പുനരുജീവന പദ്ധതിയും കഴക്കൂട്ടം – കാരോട് ബൈപാസ് പദ്ധതിയും മലയോര ഹൈവേയും ശ്രീകാര്യം മേൽപ്പാലവുമൊക്കെ സ്വാഹ!
വട്ടിയൂർക്കാവ് ജംഗ്‌ഷൻ വികസനമാണെങ്കിൽ അതും അവതാളത്തിൽ. ശാസ്തമംഗലം വട്ടിയൂർക്കാവ് പേരുർക്കട റോഡിന്റെ വികസനമാണ്. 10.75 കിലോമീറ്റർ ദൂരത്തിൽ 18.5 മീറ്റർ വീതിയിലുള്ള റോഡുണ്ടാക്കണം. 570 ചെറുകിടക്കച്ചവടക്കാരുടെ പള്ളക്കടിക്കും. ഇരുന്നൂറോളം വ്യാപാര സ്ഥാപനങ്ങളെ പുനരധിവസിപ്പിക്കാൻ 3 ഏക്കർ സ്ഥലമെങ്കിലും കണ്ടെത്തണം. ഇലക്ഷനിൽ വോട്ടു കിട്ടാൻ വട്ടിയൂർക്കാവ് വികസനമല്ലേ നല്ല തുറുപ്പ് ചീട്ട്. ആ ചീട്ട് കീറിക്കളയണ്ട.!
പദ്ധതികൾ വീമ്പിളക്കിയതു പോലെ ഒന്നും നടന്നു കാണുന്നില്ല. ഇനി സർക്കാർ പദ്ധതികളിൽ ക്ലച്ചു പിടിച്ചത് 20 രൂപ ഊണു വിളമ്പുന്ന സുഭിക്ഷാ പദ്ധതിയും താലൂക്ക് ആശുപത്രികളിലേയും സർക്കാർ സ്കൂളുകളിലേയും സ്മാർട്ടാകലുകളും മാത്രമാണ്. അല്ലാതെന്തിരിക്കുന്നു? “ലൈഫ്” മുഴവൻ വെട്ടിപ്പല്ലേ? 59 ലക്ഷം പേർക്ക് നക്കാപ്പിച്ച “ക്ഷേമപ്പെൻഷൻ” കൊടുത്ത് കണ്ണിൽ മണ്ണിടുന്നു! മറ്റൊരു കിറ്റ് പ്രയോഗം. അല്ലാതെന്തുണ്ട്? കെ.എസ്.ആർട്ടിസിയിൽ സ്വിഫ്റ്റ് ബസ്സിട്ട് അഭിമാനിക്കുന്ന തൊഴിലാളി സർക്കാർ, അതിലെ ജീവനക്കാർക്ക് നേരത്തിനും കാലത്തിനും ശമ്പളം കൊടുക്കാതെ കൂലി ചോദിക്കുന്ന തൊഴിലാളികളോട് മാടമ്പിത്തം കാണിക്കുകയും ചെയ്തത് കേരളം കണ്ടതല്ലേ? എണ്ണിയെണ്ണിപ്പറഞ്ഞാൽ ആറു മണി സീരിയലിലെ നായകന് തലയിൽ മുണ്ടിടേണ്ടിവരും.
എന്തായാലും തിരുവനന്തപുരത്തെ പ്രധാന റോഡുകളെല്ലാം പറണ്ടിപ്പറണ്ടിയിട്ടിരിക്കുകയാണ്. നല്ല രസികൻ റോഡുകൾ നെടുകയും കുറുകയും വരഞ്ഞിട്ട് വികസനം സാദ്ധ്യമാക്കുകയാണ്. നമ്മളറിയാത്ത നഗര വികസനം. കുഴിക്കലാണ് പ്രധാനമായും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ മുഖമുദ്രയും കുഴി തോണ്ടലാണ്. കടം മേടിച്ച് കുഴിയെടുക്കുകയാണ്. എവിടുന്നൊക്കയോ പണം വരുന്നു എവിടോട്ടൊക്കയോ പണം പോകുന്നു. ഒന്നു മാത്രം നഗരവാസികൾക്കു കാണാം. കുഴിയടക്കുന്നില്ല.
എന്തിന് ശംഖുമുഖം കാണിച്ചു തരുമല്ലോ എല്ലാം. കൂറ്റൻ ശമ്പളവും വാങ്ങി ഈച്ചയടിച്ചിരിക്കുന്ന അനൗദ്യോഗിക ശമ്പളക്കാരാണോ കുഴി വെട്ടുന്നതിന് നേതൃത്വം കൊടുക്കുന്നവർ! ലക്ഷക്കണത്തിന് ശമ്പളവും കൊടുത്ത് എത്ര വേന്ദ്രൻമാരെയാണ് മുഖ്യൻ തീറ്റിപ്പോറ്റി ഇരുത്തിയിരിക്കുന്നത്. പട്ടിണി കിടന്ന് പാവം ജനമുണ്ടാക്കിയ ഖജനാവിലെ പണമല്ലേ, വികസന പദ്ധതികളുടെ ഓരോ പേരും പറഞ്ഞ് ഹൈടെക്ക് കോർപ്പറേറ്റ് കൈയ്യിട്ടു വാരികൾ കൊണ്ടുപോകുന്നത്.
കൊച്ചിയിലൊന്ന് കാറ്റടിച്ച് മഴ ചാറിയാൽ പരക്കുന്ന വെള്ളക്കെട്ടിന് പ്രതിവിധി കണ്ടെത്താനാവാത്ത സർക്കാരല്ലേ ഇത്! ജീവിക്കാൻ കൊള്ളാത്തവണ്ണം വികസനം തിരുവനനന്തപുരത്തിന്റെ ചങ്കിലാണിയടിച്ചിരിക്കുന്നു. എന്നിട്ടും സർക്കാരിന്റെ ഒന്നാം വാർഷികവീമ്പിളക്കിൽ സിൽവർ ലൈനിന് കല്ലിട്ടേ അടങ്ങൂ എന്നാണ് മുഖ്യൻ പറയുന്നത്. ജനങ്ങളുടെ നെഞ്ചിൽ കല്ലിട്ടേ അടങ്ങൂ എന്ന വാശിയാണ് അദ്ദേഹത്തിന്. മനസ്സിലിരുപ്പ് പെട്ടന്ന് പുറത്തുചാടിയിരിക്കുന്നു. ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തെഴുതി കല്ലിടൽ പിൻവലിപ്പിച്ച് തൃക്കാക്കര ഇലക്ഷനെ മറികടക്കാൻ. വോട്ടറൻമാരുടെ കണ്ണിൽ പൊടിയിട്ടിട്ടൊന്നും കാര്യമില്ലെന്നു മനസ്സിലാക്കിക്കാണും. എങ്ങനെയെങ്കിലും നാലോട്ട് നേടാനുള്ള തന്ത്രം തുടക്കത്തിലേ പിഴച്ചിരിക്കുന്നെന്ന് തോന്നി പിഴിയാൻ തുടങ്ങുന്നതാണ്. അല്ലെങ്കിൽ ജനങ്ങളെ ദ്രോഹിക്കാൻ ധാർഷ്ട്യത്തിന്റെ സിൽവർ ലൈൻ കുറ്റികളുമായി ഇങ്ങനെ ഒരു മുഖ്യൻ വരുമോ? നേരെ ചൊവ്വേ ഒരു പാലം കെട്ടിക്കാനറിയാത്ത ഒരു സർക്കാരല്ലേ ഇത്! നേരെ ചൊവ്വേ ഒരു റോഡ് നിർമ്മിക്കാനറിയാത്ത ഒരു ഭരണകൂടമേല്ലേ ഇത്! ജനത്തിന്റെ നെഞ്ചിൽ കൂടം കൊണ്ടടിക്കാൻ മാത്രമറിയുന്നൊരു സർക്കാർ! എന്തിന്, ഒന്നാം തീയതി ശമ്പളം കൊടുക്കാൻ പാങ്ങില്ലാത്തൊരു സർക്കാർ! ഒരു വർഷം തികഞ്ഞില്ല.
രാമൻ വാണാലും രാവണൻവാണാലും… കേരളത്തിന്റെ വികസനം ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കു പുറത്ത്. അല്ലെങ്കിൽ ചരിത്രം തെളിയിക്കട്ടെ. ആറുമണി സീരിയലിലെ തള്ളിനു മാത്രം ഒരു കുറവുമില്ല! വികസനം അപഹാസ്യമാവുകയാണ്. കേരളത്തിന് സാമ്പത്തികമായി ഒരു പ്രശ്നവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചാരിയ ഏണിയും കൊണ്ട് കേന്ദ്രം പോയെന്ന്. ഇറങ്ങാൻ നിവൃത്തിയില്ലെന്ന്. നാഴികക്ക് താൽപ്പതുവട്ടം കേന്ദ്രത്തെ പഴിക്കാനല്ലാതെ തിരുനാവ് വളച്ച് ഒരു പരമാർഥം പറയുന്നത് കേൾക്കാനാണ് കേരളജനത ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്.
കാര്യങ്ങളുടെ ഗതി പരമദയനീയമാണ്! ഒരാദർശവും കാഴ്ചപ്പാടുമില്ലാത്ത ഭരണാധിപന്മാർ. ഇവരെല്ലാം കൂടി കാക്കനാടന്റെ “ഉഷ്ണമേഖല”യുടെ പൊരുൾ വ്യക്തമായിക്കൊണ്ടിരിക്കുന്നു.
About The Author
No related posts.