ഒഴിവുദിവസം നോക്കി തുണിക്കടയിലൊന്നു പോകണമെന്ന് നളിനി പറഞ്ഞിരുന്നു. കൂടെ പോകണമെന്ന് നന്ദിനിയും കരുതിയിരുന്നു. കുറച്ചു ബ്രാകള് വാങ്ങണം. ഇപ്പോള് അച്ഛന് ബാങ്കില് പണം ഇട്ടു തന്നതിനാല് ചെറിയ ആശ്വാസമുണ്ട്. കണക്കൊന്നും ആരും ചോദിക്കാനില്ലേേല്ലാ. പ്രധാനമായും അത് വാങ്ങാനാണ് പട്ടണത്തിലേക്ക് പോയത്. ഓണാവധി വരുകയാണ്. പട്ടണത്തില് നിന്നും നല്ല തുണിത്തരങ്ങള് വാങ്ങിക്കൊണ്ട് വേണം നാട്ടില് പോകാനെന്നാണ് നളിനി പറഞ്ഞത്. അവള് മാത്രമല്ല, രമണിയും, മോളിയും, കവിതയുമൊക്കെ കൂടെ വന്നിട്ടുണ്ട്. മക്കന ധരിക്കുന്ന കമറും കൂടെ വരുന്നത് കണ്ടപ്പോള് നന്ദിനിക്ക് അതിശയം തോന്നി. ബസ്സില്, ഹോസ്റ്റലിനു മുന്നില് നിന്നും കയറിയപ്പോള് നളിനി പറഞ്ഞു ”സൂക്ഷിക്കണം പോക്കറ്റടിക്കാര് ഉണ്ടാകും.”
പേഴ്‌സ് ശ്രദ്ധാപൂര്വ്വം ബ്ലൌസിനടിയില് ഇറക്കിവച്ചു എല്ലാവരും. പട്ടണത്തില് ഇപ്പോള് പോക്കറ്റടിക്കാര് വിലസ്സുന്നുണ്ട്. പെണ്കുട്ടികള് ആണ് അവരുടെ ഇര.കഴുത്തിലെ മാലയുമൊക്കെ നഷ്ടപ്പെട്ട കഥകള് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. രാവിലെതന്നെ ബസ്സില് നല്ല തിരക്കാണ്. പച്ചക്കറിക്കുട്ട തലയില് വച്ച് കര്ഷക സ്ത്രീകൾ കൂട്ടംകൂട്ടമായി കയറി കൂടി ഇരിക്കുന്നു. വലിയ അങ്ങാടിയിലെ പച്ചക്കറി ചന്തയില് അവര് ഇറങ്ങും. പക്ഷെ തമിഴ് കലര്ന്ന മലയാളത്തില് എന്തൊരു കലപില ശബ്ദമാണ് ബസിനുള്ളില്! വട്ടക്കുട്ടകളില് ചീര, ചേന, വഴുതിനങ്ങ, വെണ്ടയ്ക്ക ഒക്കെ നിറച്ചു അട്ടിവെച്ചിരിക്കുന്നതിനാല് ശരിക്ക് കാല് ചവുട്ടി നില്ക്കാന് പോലും ഇടമില്ല. കുറച്ചു കഴിഞ്ഞാല് അവര് ഇറങ്ങും. പിന്നെ യാത്രയ്ക്ക് വിഷമം കാണില്ല. ചന്ത കഴിഞ്ഞു ബസ്റ്റ് വളവു തിരിഞ്ഞപ്പോള് ജോണ്‌സന്റെ ജീപ്പ് ബസ്സിനെ മറി കടന്നു പോകുന്നത് കണ്ടു. മുന്‌സീറ്റില് സാറിന്റെ അടുത്ത് ജോബിയുമുണ്ട്. അപ്പോള്, ബോയ്‌സ് ഹോസ്റ്റലില് നിന്നും അനിയനെയും കൂട്ടി ഒന്നു ചുറ്റിയടിക്കാനായിരിക്കും തീരുമാനം. പോകുന്ന വഴി, ദിനേശനേയും കൂട്ടും. എങ്കില്, ഗേള്‌സ് ഹോസ്റ്റലിലും, ഇന്ന് സന്ദര്ശനം കാണും. താന് കടയില് പോയ വിവരവും അറിയും.
നല്ല വെയിലുള്ള ദിവസമായിരുന്നു. ബസ് സ്റ്റോപ്പില് ഇറങ്ങി കടയിലേക്ക് നടക്കുന്ന വഴിയില് കരിക്ക് വിലപ്പനക്കാരന്റെ കയ്യില് നിന്നും ഓരോ കരിക്ക് വാങ്ങി
കുടിച്ചു. നല്ല ഇളയ കരിക്കാണ്. പക്ഷെ, പുറത്തെ ചൂട് കരിക്ക് വെള്ളത്തിനും ബാധിച്ചിരുന്നു. വീട്ടിലെ തൊടിയില്‌നിന്നും ഗൗളി തെങ്ങിന് കരിക്കടര്ത്തി കുടിക്കുമ്പോഴത്തെ സ്വാദ് ഓര്ത്തുപോയി. നാട്ടിന്പുറം പോലെയല്ലല്ലോ നഗരം. കാശ് കൊടുത്താല് എല്ലാം കിട്ടും. പക്ഷെ, ഗുണം പോരാ.
വഴിയിലെ ഐസ് വില്പ്പനക്കാരന്റെ കയ്യില്‌നിന്നും ഓരോ ഐസ് സ്റ്റിക്കും വാങ്ങി നുണഞ്ഞു കലപില സംസാരിച്ചു സാവകാശം നടന്നു. ചുട്ടു പൊള്ളുന്ന വെയില് തലയ്ക്കു മേലെ നൃത്തം വച്ച് കളിച്ചു. ദേഹം ആസകലം വിയര്പ്പില് നനഞ്ഞ് ഒട്ടുന്നുണ്ടായിരുന്നു. പെണ്കുട്ടികള് കൂട്ടമായി നടക്കുന്നതിനെ ചുറ്റിപ്പറ്റി ചില വിരുതന്മാര് സൈക്കിളില്, ചെവി തുളയ്ക്കുമാറ് മണിയടിച്ചു ചൂളം കുത്തി കടന്നുപോകുന്നുണ്ട്. ചില അശ്ലീല ശബ്ദങ്ങളും മൂളിപ്പാട്ടുമൊക്കെയായി അവര് കടന്നു പോകുന്നത് ശ്രദ്ധിയ്ക്കാതെ നന്ദിനി കൂട്ടുകാരുടെ കൂടെ തന്നെ നടന്നു. ആദ്യമായാണ് ഇങ്ങനെ ഒരു ജനക്കൂട്ടത്തിലൂടെ കാല് നടയായി യാത്ര ചെയ്യുന്നത്. പുതിയ സ്ഥലം ആയതിനാല് ശരിക്ക് വഴിയും സ്ഥലവുമൊക്കെ അറിയുന്നത് ശാരദ ചേച്ചിക്ക് മാത്രമാണ്. ചേച്ചിയാണ് ലീഡര്. അവസാനം വര്ഷ ഡിഗ്രിക്ക് പഠിക്കുന്ന ചേച്ചി കൂടെ ഉള്ളതിനാലാണ് വാര്ഡന് ഈ യാത്ര അനുവദിച്ചത് തന്നെ. പത്തു നിമിഷത്തോളം നടന്നപ്പോള്, വലിയ വലിയ കടകള് കണ്ടു തുടങ്ങി. സ്വര്ണ്ണക്കടകളും, തുണിക്കടകളും ആണ് കൂടുതല്. കടകളിലൊക്കെ നല്ല തിരക്കും ഉണ്ട്. റോഡില് വഴിയോരം മുഴുവന് ചെറുകിട കച്ചവടക്കാര് കയ്യടക്കിയിരിക്കുന്നു. പഴം, മാങ്ങ, കപ്പലണ്ടി എന്നിവയ്ക്ക് പുറമേ, പൂക്കാരികളും നിരന്നിരിക്കുന്നു. മുല്ല മാലകളും, കനകാംബരവും, ജമന്തിയുമൊക്കെ പൊക്കി പിടിച്ചു പലരും പെണ്കുട്ടികളെ മാടി വിളിച്ചു. ഒരിടത്തും നില്ക്കരുതെന്ന് ശാരദ ചേച്ചി പ്രത്യേകം പറഞ്ഞിരുന്നു. വഴിയോര കച്ചവടക്കാരെ ഒട്ടും ശ്രദ്ധിക്കാതെ, അവര് കൂട്ടം തെറ്റാതെ നടന്നു നീങ്ങി.
സാമാന്യം വലിയൊരു തുണിക്കടയില് എല്ലാവരെയും കയറ്റി ശാരദ ചേച്ചി പറഞ്ഞു.’ആദ്യം സാരികള് നോക്കാം. പിന്നെ മറ്റു വിഭാഗങ്ങളില് പോകാം.’
എല്ലാവരും സാരിയുടെ ഭാഗത്തേക്ക് നീങ്ങി. കോട്ടണ്, സില്ക്ക്, ഷിഫോണ് എന്നീ സാരികള് വലിച്ചു വാരിയിട്ടു വില്പ്പന വിഭാഗക്കാര്. ഒരു കൂട്ടം കോളേജുകുമാരിമാര് ഒന്നിച്ചു വന്നിരിക്കയല്ലേ. നല്ലൊരു കച്ചവടം അവര് പ്രതീക്ഷിക്കുന്നുണ്ട. കുന്നുകൂടി സാരികള് മുന്നില്. തിരിച്ചും മറിച്ചും നോക്കി രസിച്ചു എല്ലാവരും. വില തരക്കേടില്ല. പട്ടു സാരികളും, വിലകൂടിയ മറ്റു സാരികളും വിതിര്ത്തു നോക്കുന്ന യുവ മിഥുനങ്ങളും ഉണ്ടായിരുന്നു. നന്ദിനി ഇളം നീലയില് കറുത്ത പൂക്കളും ചെറിയ വീതിയില് കരയുമുള്ള ഒരു സാരി എടുത്തു. എല്ലാവരും സാരികള് വാങ്ങിയിരുന്നു. സാരിക്ക് ചേരുന്ന ബ്ലൌസ് തുണികളും അടിപ്പാവാടയും ഒക്കെ വാങ്ങി. അവസാനമാണ് ബ്രാ വിഭാഗത്തേക്ക് പോയത്. തനിക്കു വേണ്ട ബ്രായുടെ അളവ്വെത്ര എന്ന് നന്ദിനിക്ക് അറിയില്ലായിരുന്നു. നളിനിയുടെ അളവില് തന്നെ വാങ്ങാമെന്നാണ് തീരുമാനിച്ചിറ ങ്ങിയത്. ആ വിഭാഗത്തില് ചെറുപ്പക്കാരായ ആണുങ്ങളാണ് മുഴുവന്. അവരെല്ലാം നിര്വികാരമായ മുഖഭാവത്തോടെ വളരെ താല്പര്യം ഉണര്ത്തുന്ന തരത്തില് പല വിധത്തിലുള്ള സാധനങ്ങള് എടുത്തു നിരത്തിയിട്ടു. എല്ലാവരും അവയെല്ലാം തിരിച്ചും മറിച്ചും ഇട്ടു നന്നായി പരിശോധിക്കുന്നുണ്ടായിരുന്നു. നന്ദിനിക്ക് വേണ്ടത് കൂടെ നോക്കി എടുക്കാന് നളിനിയെ ചട്ടം കെട്ടിയിരുന്നതിനാല് നന്ദിനി ഒരല്പ്പം മാറിനിന്നു. മുറിയില്
കോളേജില് നിന്നുവന്നവര് മാതമേ ഉണ്ടായിരുന്നുള്ളൂ. അധികം തിരക്ക് സാരി വിഭാഗത്തു മാത്രമായിരുന്നു.
പെട്ടെന്നാണ് അയാള് കടന്നു വന്നത്. ജയദേവന്! പൊട്ടി വീണത് പോലെ അയാള് വന്നതും കച്ചവട വിഭാഗത്തിലുള്ളവര് എല്ലാം ഒന്ന് പകച്ചു. നന്ദിനിയും കൂട്ടുകാരും ശരിക്കും ഞെട്ടിപ്പോയി. വന്ന ആള് കടയുടമയാണെന്നു അയാളുടെ ആഗമനത്തില് വന്ന പരിസരമാറ്റത്തില് മനസ്സിലായി. ശാരദയ്ക്കും മറ്റാര്ക്കും ജയദേവനും
കടയുമായുളള ബന്ധം അറിയില്ലായിരുന്നു.
എല്ലാവരും ഒന്ന് ഞെട്ടിയെന്നു തന്നെ പറയാം. ജയദേവന് വലിയ ഗമയില് ഉളളിലെ മുറിയിലേക്ക് കടന്നു പോയി. വല്ലവിധവും അവിടെനിന്നും പുറത്തു കടന്നാൽ മതിയെന്നായിരുന്നു നന്ദിനിക്കും നളിനിക്കുമൊക്കെ. പക്ഷെ, എടുത്ത സാധനങ്ങളുടെ ബില് ഇട്ടിട്ടില്ല. പലരും പലതും നോക്കിക്കൊണ്ട് നില്ക്കുന്നു. പുതിയ കുട്ടികള്ക്ക് ജയദേവനെ അറിയുക പോലും ഇല്ല. നന്ദിനിക്ക് ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. ഈ അപകടം തീരെ പ്രതീക്ഷിച്ചതല്ല. എങ്കിലും അവള് സ്വയം ആശ്ചസിച്ചു. അവന് ആരെയും പ്രത്യേകം ശ്രദ്ധിക്കാതെ ഉള്മൂറിയിലേക്ക് കടന്നു പോകയല്ലെ ചെയ്തത്. പിന്നെ എന്തിനു പരിശ്രമിക്കണം! എന്നാലും ആ നിസ്സംഗതയില് ഒരപകടം പതിയിരിക്കുന്നുണ്ടോ? നന്ദിനി ശാരദയുടെ അടുത്ത് ചേര്ന്നുനിന്നു.
‘പേടിക്കേണ്ട… ട്ടോ. നമ്മളൊക്കെ ഇല്ല?’ ശാരദ അവളെ ആശ്വസിപ്പിച്ചു. എടുത്ത സാധനങ്ങള് വാരി കൂട്ടി ബില് ഇടാന് പറഞ്ഞു ശാരദ . എന്നിട്ട് എല്ലാവാരോടുമായി പറഞ്ഞു ‘ഇനിയൊക്കെ അടൂത്ത ആഴ്ച വന്നു വാങ്ങാം. ഇപ്പോള് ഇത മതി കേട്ടോ? ‘
ശാരദ പറഞ്ഞത് എല്ലാവരും അനുസരിച്ചു. പെട്ടെന്ന് ജയദേവന് പുറത്തു കടന്നു വന്നു. നന്ദിനി ആയിരുന്നു അയാളൂടെ ലക്ഷ്യം. നന്ദിനിയുടെ അടുത്ത് വന്നു ഒന്ന് ചിരിച്ചു. തോളില് കൈ വച്ച് ഒരു ചോദ്യം ‘ശരിക്ക് അളവ് നോക്കി എടുത്തോ?’
നന്ദിനി ആകെ ചൂളിപ്പോയി. നന്ദിനിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു അവന് പറഞ്ഞു ‘ഇതാണ് അളവ്.’
സ്തംഭിച്ചു നില്ക്കുന്ന വില്പനക്കാരനോട് അയാള് പറഞ്ഞു ‘ഈ അളവ് നോക്കി
എടുക്ക്.’
മലമ്പാമ്പിന്റെ പിടിയില്‌പ്പെട്ട കുഞ്ഞാട് പോലെയായി നന്ദിനി.എല്ലാവരും
അസ്വസ്ഥരായി. എന്ത് ചെയ്യണം എന്ന് അറിയാതെയായി. പിടിയില് നിന്നു വഴുതിയിറങ്ങി നന്ദിനി പുറത്തേയ്ക്ക് ഓടി. കൂടെ മറ്റുള്ളവരും. ജീപ്പില് നിന്നിറങ്ങി ജോണ്‌സണും, ദിനേശനും ജോബിയും കടയുടെ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. നന്ദിനി ഓടി ഇറങ്ങി വന്നതും എന്തോ പന്തികേട് അവര് മനസ്സിലാക്കി കാണും. പെണ്കുട്ടികള്ക്ക് പിന്നാലെ ചാടി ഇറങ്ങി വന്ന ജയദേവനെ കണ്ടപ്പോള് കാര്യം മനസ്സിലായി. അവന്റെ കാല്കുഴയ്ക്ക് വട്ടക്കാലിട്ടു അവനെ താഴെ വീഴ്ത്തി ജോണ്‌സണ്. തൂക്കി എടുത്തു പടപടാന്നു രണ്ടു കവിളും ആഞ്ഞു കൊടുത്തൂ.
‘പെണ് പിള്ളേരോടാണോടാ കളി’. പ്രതീക്ഷിക്കാത്തത് കിട്ടിയപ്പോള് ജയദേവൻ അന്തം വിട്ടു. നിമിഷങ്ങള്ക്കകം നന്ദിനിയെ തുക്കി എടുത്ത് ജീപ്പില് ഇട്ടു ജോണ്‌സണ്. ദിനേശനും ജോബിയും ചാടി കയറി. ജീപ്പ് ശരവേഗത്തില് ഓടിച്ചു പോയി. എല്ലാം ഞൊടിയിടയില് കഴിഞ്ഞു. ബില്ലും വാങ്ങിയ തുണിത്തരങ്ങളുമായ കച്ചവടവിഭാഗക്കാര് ഓടിവന്നു. ഒന്നും സംഭവിക്കാത്തത് പോലെയായിരുനു; അവരെല്ലാം എന്ന് പിന്നീട് നളിനി പറഞ്ഞു. തുണികളും മറ്റുമായി അവര് വരുമ്പോൾ നന്ദിനി മുറിയില് വാതില് അടച്ചു കിടക്കുകയായിരുന്നു. ഹോസ്റ്റലില് അവളെ ആക്കിയിട്ടു ദിനേശനും, ജോണ്‌സണും, ജോബിയും അപ്പോള് തന്നെ പോയിരുന്നു .
നന്ദിനിക്ക് ദേഹത്തിന്റെ വിറയല് നിന്നിരുന്നില്ല. പോയവര് വീണ്ടും വല്ല വഴക്കും ഉണ്ടാക്കുമോ എന്നൊക്കെ ഓര്ത്തു അവള് ആകെ തളര്ന്നു പോയി. ശാരദയും മറ്റുള്ളവരും തിരിച്ചു വന്നപ്പോഴാണ് ഒരാശ്വാസം തോന്നിയത്. അപ്രതീക്ഷിതമായി ഒരു സിനിമയിലെ തല്ലു സീന് പോലെ എന്തൊക്കെയാണ് നടന്നത്. വിറയല് മാറാതെ
തന്നെ തുടര്ന്നു. ഓര്ക്കുമ്പോള് ഒരു നടുക്കം! ഇപ്രാവശ്യം അവന് ജോണ്‌സണെ തിരിച്ചറിഞ്ഞിരിക്കുന്നു. ജോബിയും ദിനേശനും അവന്റെ നോട്ടപ്പുള്ളികളായിരിക്കുന്നു.
‘ഞാനെന്ത് തെറ്റ് ചെയ്തിട്ടാ.. എന്റെ ദേവീ?’ നന്ദിനി ആത്മഗതം ചെയ്തു.
‘ഇത്രയ്ക്കു സൗന്ദര്യം വാരി എടുത്തതെന്തിനാ ദൈവത്തില്‌നിന്ന്? കുറച്ചൊക്കെ ഞങ്ങള്ക്കും തരായിരുന്നില്ലേ?’നളിനിയുടെ കമന്റ്
‘പോടി…നിനെക്കെന്താ സൌന്ദര്യം ഇല്ലേ.’
‘നിന്റെ അത്രേം ഇല്ല… നീ ശരിക്കും കോളേജു ബ്യൂട്ടി അല്ലെ?’
‘അപ്പൊ, നമ്മുടെ സിനിമാനടികളോ?’
‘അവര്‌ക്കൊക്കെ വെച്ചുകെട്ടല്ലേ! പിന്നെ അവര് ആരും ഇങ്ങനെ ഇറങ്ങി നടക്കുന്നതുമില്ലല്ലോ.’
‘എന്റെ ദുര്വ്വിധി!ഒന്ന് പുറത്തിറങ്ങാന് കൊതിയാണ്.’
‘ഇനി അതൊക്കെ മനസ്സില് വച്ചോ. പേടിക്കാനൊന്നുമില്ല. രക്ഷകര് മൂന്നല്ലേ?’
‘എനിക്ക് അവരെ പറ്റിയാണ് ഏറെ പേടി. അവര്ക്ക് എന്തെങ്കിലും ആപത്ത്… ‘
‘പിന്നെ, ഇത് വെള്ളരിക്കാപട്ടണം അല്ലെ? ആ ബ്ലോക്കിലെ സാറിനു അടുത്ത പ്രാവശ്യം വരുമ്പോള് ഒരു കൈ കൊടുക്കണം. പ്രേം നസീറിനെ പോലെയല്ലേ ചാടി വീണത്.’
‘പ്രേം നസീറോ? പോടി… എനിക്കെന്തോ പേടിയാവുന്നു.’
‘നാട്ടിലെ ഝാൻസിറാണി ഇവിടെ പെടിത്തൊണ്ടി ആവല്ലേ. ഞങ്ങള്ക്ക് നീ ഒരു അഭിമാനമാണ്’.
നളിനി മുറി വിട്ടു പോയപ്പോള് നന്ദിനി തനിയെ പറഞ്ഞു ‘ഇവളുടെ വാചകമടി.’
വൈകുന്നേരം ദിനേശന് വിളിച്ചു. ‘പട്ടണത്തിലെ മിക്ക സ്വര്ണ്ണക്കടകളും തുണിക്കടകളും ജയദേവന്റെ അച്ഛന്റെ ഷെയര് ഉള്ളവയാണ്. വലിയ കോടീശ്ചരന്മാരാണ് അവര്.’
‘ഞാന് ഇനി ഒരിടത്തും പോകില്ല…’നന്ദിനി പറഞ്ഞു.
‘അതെങ്ങനെ സാധിക്കും നന്ദൂ… ഇയാള് അത്രയ്ക്കങ്ങു പേടിക്കാതെ. ഞങ്ങള് വന്നു കൂട്ടി കൊണ്ട് പോകാം… പോരെ!’
നന്ദിനി വെറുതെ മൂളി.
‘പേടിക്കെണ്ടാട്ടോ…’ ജോണ്‌സന്റെ സ്വരം അവള് തിരിച്ചറിഞ്ഞു ‘അവനു കളി പഠിപ്പിക്കുന്നുണ്ട്.’
‘വേണ്ടാട്ടോ.. എനിക്ക് പേടിയാകുന്നു എന്റെ പേരാ നാറുന്നത്… അച്ഛന് അറിഞ്ഞാല് പഠിപ്പും നിര്ത്തും ‘.
‘അങ്ങനെയങ്ങ് പതറാതെടോ. ഞങ്ങള് ഇവിടെ തന്നെ ഉണ്ടല്ലോ.’
‘അതാ… ഇപ്പൊ ഏറെ പേടി. പണ്ട് അവന് ആരാണ് അടിച്ചതെന്ന് അറിയില്ലായിരുന്നു. ഇത്തവണ അങ്ങനെ അല്ലല്ലോ. ഓട്ട് ഡോര് ഷൂട്ടിംഗ് അല്ലെ? നളിനി പറഞ്ഞു പ്രേം നസീര് ആണു സ്റ്റണ്ട് സീന് നായകനെന്ന്.’
‘അങ്ങനെയാ പെണ്കുട്ടികള്. ഇയാള് ആണോ ദിനേശന് പറയുന്ന ത്ധാന്‌സി റാണി? ഞാന് കരുതി…’
‘ദിനേശേട്ടൻ അങ്ങനെയൊക്കെ പറയും. എനിക്കതില് വിശ്വാസമില്ല. നാട്ടില് ആരും എന്നോട് ഇങ്ങനെ…’
‘ഒരു രഹസ്യം ചോദിക്കട്ടെ… അളവ് ശരിയായോ?’
‘ശേ… ദിനേശേട്ടൻ…’
‘അവന് അകത്താണ്. ‘
‘എന്താ ചോദിച്ചത്? ജയദേവന് എടുത്ത അളവോ?’
‘ഹേ…! അവന് അളവെടുത്തോ?’
‘പിന്നില്ലാതെ…അതല്ലേ സംഭവിച്ചത്.’
‘അത് ഞാന് അറിഞ്ഞില്ല. എങ്കില് തല്ലി ഒടിക്കേണ്ടത് അവന്റെ കയ്യായിരുന്നല്ലോ.’
‘വേണ്ടാട്ടോ…ഇനി ഒന്നും വേണ്ടാ..’
‘ഉം… വാങ്ങാനുള്ളതൊക്കെ എന്നോട് പറയണം. ഞാന് കൂടെ വരാം. ഒറ്റയ്ക്കല്ല ദിനേശനെയും കൂട്ടാം.’
‘ശരി..’നന്ദിനി ഫോണ് വച്ചു.
സംഭവം ആരൊക്കെയോ പറഞ്ഞു വാര്ഡന് അറിഞ്ഞിരുന്നു. നന്ദിനിയെ അവർ ആശ്വസിപ്പിച്ചു. ഇനി പുറത്തു പോകുമ്പോള് അവര് കൂടെ വരാമെന്ന് പറഞ്ഞു.പിന്നെ രണ്ടു ദിവസം കൂടെ അവധി ആയതിനാല് ഹോസ്റ്റലില് പലരും വീട്ടി പോയിരുന്നു. കോളേജു തുടങ്ങി ആദ്യം ക്ലാസ്സിലേക്ക് നടന്നപ്പോള് ആണ്കുട്ടികളുടെ ഹോസ്റ്റലില് നിന്നും ഒരൊറ്റപ്പെട്ട സ്വരം കേട്ടു. ‘അളവ് ശരിയാണോ…?’നന്ദിനി ചൂളിപ്പോയി. കൂടെ കൂട്ടുകാര് ഉണ്ടായിരുന്നു അവരുടെ മധ്യത്തിലാണ് നന്ദിനി നടന്നത്. ഒരു ഭയം ഉള്ളിലൂടെ അരിച്ചു കയറി. പിന്നെ ഒന്നും ഉണ്ടായില്ല.ക്ലാസ്സില് ഒന്നും ഒരു ശല്യവും ഇല്ലായിരുന്നു. പ്രിന്‌സിപ്പാള് വിവരം അറിഞ്ഞിരുന്നന്നും ജയദേവന്റെ പിതാവിനെ വിളിച്ചു സംസാരിച്ചെന്നും വാര്ഡന് നന്ദിനിയോട് പറഞ്ഞു. നന്ദിനി ഒരിക്കല് കൂടെ മനസ്സില് പറഞ്ഞു. മുള്ള് ഇലയില് വീണാലു ഇല മുള്ളില് വീണാലും കേട് ഇലയ്ക്കു തന്നെ.
രാത്രി വളരെ വൈകി ഉറങ്ങാന് കിടന്നപ്പോള് നന്ദിനിക്ക് തോന്നി പുതിയ ബ്രാ ഒന്നെടുത്ത് ഇട്ടു നോക്കാന്. കുളിമുറിയില് കയറി അണിഞ്ഞു നോക്കി. കുറച്ച് ഇറുക്കമുണ്ട്. നളിനിയുടേതിനേക്കാള് അടുത്ത സൈസ് വേണം. പുതിയ ബ്രാ അണഞ്ഞു കണ്ണാടിയില് നോക്കിയപ്പോള് എന്തൊരാകാര സൗഷ്ടവം. നന്ദിനിക്ക് സ്വയം നാണം തോന്നി. തന്റെ മേനി അല്പ്പം നേരത്തേക്കെങ്കിലും ആ കശ്മലന് ജയദേവൻ കയ്യടക്കിയതോര്ത്തു നന്ദിനിക്ക് കലി കയറി. തക്ക ശിക്ഷ ജോണ്‌സണ് കൊടുത്തെങ്കിലും അതിനു തനിക്കായില്ലല്ലോ എന്ന സ്വയം അധമബോധം നന്ദിനിക്ക് ഉണ്ടായി. അവന് വാരി പുണര്ന്നപ്പോള് അണിഞ്ഞിരുന്ന സാരിയും ബ്ലൌസും അന്നു തന്നെ നന്ദിനി ചവറ്റു കൊട്ടയില് ഉപേക്ഷിച്ചിരുന്നു. വാസന സോപ്പിട്ടു ദേഹം വളരെ
നേരം കഴുകി. ആ കശ്മലന്റെ വിയര്പ്പുമണം തന്റെ ശരീരത്തില് ഒഴുകി നടക്കാര് അവസരം ഉണ്ടാകരുതല്ലോ.
രാവിലെ ചായയുടെ കൂടെ എല്ലാവര്ക്കും മധുരം വിളമ്പി വെറോനിക്കാമ്മ. മകന് മൂന്നാമതും ഒരു കുഞ്ഞു പിറന്നിരിക്കുന്നു. രോഗമോചിതനായി കുടുംബം സംരക്ഷിച്ചു സമാധാനത്തോടെ കഴിയുന്ന അവസ്ഥയിലെത്തിച്ചതിന് അച്ഛനോടുള്ള നന്ദിയും കടപ്പാടും വെറോനിക്കാമ്മ ഇപ്പോഴും പ്രകടിപ്പിക്കും. നന്ദിനിക്കുണ്ടായ മാനസീക പ്രയാസങ്ങള്ക്ക് പകരം ചോദിയ്ക്കാന് മകനെ അയയ്ക്കാമെന്നു പോലും അവർ പറഞ്ഞു. അതിന്റെ മറുവശം കൂടെ കണക്കിലെടുക്കേണ്ടെ? ആ മനുഷ്യൻ
രോഗവിമുക്തനായി ഒരു ജീവിതം തുടങ്ങിയിട്ടേയുള്ളു. ഇത്തരം വിഷയങ്ങള് ഒന്നും അറിയിക്കപോലും അരുതെന്ന് നന്ദിനി അവര്ക്ക് പറഞ്ഞു മനസ്സിലാക്കി. അതുമല്ല, ഇത്തരം നാണം കേട്ട കാര്യങ്ങള് ഈതി പെരുപ്പിക്കാതെ വിട്ടു കളയുകയാണ് ഉചിതം. അങ്ങനെ എന്തൊക്കെ അനുഭവങ്ങളിലൂടെ ബലവത്താക്കാനുള്ളതാണ് ഈ ജീവിതം എന്ന് നന്ദിനി ആശ്വസിച്ചു. തക്ക സമയത്ത് ദിനേശനും, ജോണ്‌സണുമൊക്കെ അവിടെ എത്തി വേണ്ടത് ചെയ്തു, തന്നെ ആ പരിസരത്ത് നിന്ന് തന്നെ രക്ഷിച്ചത് ദൈവകൃപ ഒന്ന് കൊണ്ട് മാത്രമാണ്. അത്രയൊക്കെ തന്നെ ധാരാളം. നന്ദിനി, വെറോനിക്കാമ്മയുടെ സന്തോഷത്തില് പങ്കുകൊണ്ടു. അവര് വിളമ്പിയ മധുരത്തിന് ”തിരുമധുരത്തിന്റെ’ സ്വാദുണ്ടായിരുന്നു.
About The Author
No related posts.