ഓണാവധിക്ക് മുന്പ് എല്ലാ വിഷയത്തിലും പരീക്ഷ ഉണ്ടായിരുന്നു. എല്ലാം തന്നെ നന്നായി ചെയ്തു. ഇനി രണ്ടാഴ്ച അവധിയാണ്. പോകുന്നതിനു മുന്പ് കൂട്ടുകാരൊക്കെ പല കടകളിലും പോയി തുണി സാധനങ്ങള് വാങ്ങി. നന്ദിനി ആരുടേയും കൂടെ പോയില്ല. ദിനേശനും, ജോണ്‌സണും കൂടെ വന്നു വിളിച്ചപ്പോഴും പോയില്ല. ഒക്കെ നാട്ടില് ചെന്ന് വാങ്ങാമെന്നു തീരുമാനിച്ചു. കിട്ടാത്ത സാധനങ്ങള് ഒന്നുമല്ലല്ലോ. ജോണ്‌സണ് വന്നു, ബസ് സ്റ്റോപ്പ് വരെ ദിനേശനെയും, നന്ദിനിയും ജീപ്പില് എത്തിച്ചു. അവിടെനിന്നു ഒരു ടാക്‌സി പിടിച്ച് ഇരുവരും യാത്ര പറഞ്ഞു. ജോണ്‌സണ് വിഷാദത്തിലായിരുന്നു. ഇനി ഓണാവധി കഴിഞ്ഞല്ലേ കാണാന് പറ്റു.
‘ഓണത്തിന് ഓഫീസ് മുടക്കമല്ലേ.. വീട്ടില് വരണം.’
ടാക്‌സി നീങ്ങുന്നതിനുമുമ്പ് ദിനേശന് പറഞ്ഞു.
‘നോക്കാം’ ജോണ്‌സന്റെ മുഖത്തേക്ക് പാളി നോക്കി നന്ദിനി. അതില് അവളുടെ ക്ഷണവും ഉണ്ടായിരുന്നു.
‘വരാം… ദിനേശാ… ജോബിയേയും കൊണ്ട്. നിങ്ങളുടെ നാടൊക്കെ അവനും കാണണ്ടേ.:’
ടാക്‌സി വിട്ടകന്നപ്പോള് വല്ലാത്തൊരു ഹൃദയമിടിപ്പ് തോന്നി. ഇനി ഫോണ് വിളിക്കാന് പറ്റിയെങ്കിലായി.
വീട്ടില് എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. ദിനേശനെ സ്വീകരിക്കാന് എല്ലാവരും എത്തിയിരുന്നു. അമ്മുമ്മയുടെ ഒരു സന്തോഷം കാണണം. വീടിന്റെ മുന്വശത്തെ കഴുക്കോലുകളില് വളയങ്ങളില് തൂങ്ങിയാടുന്ന വെള്ളരിക്ക, കുമ്പളങ്ങ എന്നിവയൊന്നും കണ്ടില്ല. ഓണക്കാലത്തെ പ്രത്യേക അലങ്കാരങ്ങള് ആയിരുന്നു അവ. വാതില്ക്കല് അരിമാവില് കൈപ്പടം പതിപ്പിച്ചിരുന്നു. പുതുകറ്റയില് മാവ് മുക്കി പതിച്ചതും കണ്ടു. മുറ്റത്തു ചാണകം മെഴുകിയ വട്ടക്കളത്തിനു നടുവില് ഒരു മുക്കുറ്റി പറിച്ചു വച്ചത് വാടിക്കിടക്കുന്നു. എത്ര മനോഹരമായ പൂക്കളമാണ് മുന്‌പൊക്കെ തീര്ത്തിരുന്നത്. നന്ദിനിയും നാരായണിയും തൊടിയില് നിന്നും ശേഖരിക്കുന്ന പുകള്ക്ക് പുറമേ അടിയാപ്പിള്ളേരു പൂക്കൂടകള് വീശി നിറച്ചു പുക്കള് ശേഖരിച്ചു കോണ്ട് വന്നുതരും. തുമ്പയും, കാക്കപ്പൂവും, കൂത്താടിച്ചിയും, കോളാമ്പിപ്പൂവും, പാടത്തെ ഓണപ്പൂവുമൊക്കെ അവരാണ് കൊണ്ട് വന്നു തരിക. രാവിലെ ഉറക്കം ഉണര്ന്നു ചാണകം മെഴുകിയ വട്ടക്കളത്തില് നനവോടെ പൂക്കള് വിതറി ഒരുക്കുന്ന കളം എത്ര മനോഹരമായിരുന്നു! ചില ദിവസങ്ങളില് ചാറ്റല് മഴയില് പൂക്കള് ഒഴുകി
പോകാതിരിക്കാന് വലിയ ഓലക്കുട നടുവില് കുത്തി വക്കും. ആ കാലമൊക്കെ ഇന്നിനി വരാത്തവണ്ണം കടന്നു പോയി. പുതിയ രാജ്യഭാരത്തോടെ അടിയാന്മാരും
ഇല്ലാതായി. മാറ്റങ്ങള് സംഭവിക്കേണ്ടത് ആവശ്യം തന്നെ.
തൊഴുത്തില്‌നിന്ന പൂവാലി പശു നന്ദിനിയെ കണ്ടു തലയാട്ടി. ‘മ്പേ ..!’അവള് സന്തോഷം അറിയിച്ചു.
‘പൂവാലി മറന്നില്ലാട്ടോ..’ നന്ദിനി നേരെ തൊഴുത്തില് ചെന്ന് പശുവിനെ തലോടി. അടുത്ത് നിന്ന അമ്മുവും, കറമ്പിയും തല കുലുക്കി സന്തോഷം അറിയിച്ചു. പുതിയതായി പിറന്ന മണിക്കാളക്കുട്ടന് പരിചയം ഇല്ലാത്തതിനാല് തല കുമ്പിട്ടു നിന്നു.
‘ഇവന് എന്താ ഇത്ര നാണം?’
മുഖം തടവി കൊടുത്തു നന്ദിനി കൊഞ്ചിച്ചപ്പോള് അവന് കുതിച്ചു ചാടി ഒരു വട്ടം മുറ്റം വലം വച്ചു. ദിനേശന് പോകാന് തിരക്ക് കൂട്ടി. അച്ഛനും, അമ്മയുമൊക്കെ നിര്ബന്ധിച്ചെങ്കിലും, ടാക്‌സി പറഞ്ഞുവിടാനുള്ളതിനാല് ദിനേശന് ഒട്ടും താമസിപ്പിച്ചില്ല.
‘പിന്നെ വരാംട്ടോ… നന്ദൂ.’അയാള് യാത്ര പറഞ്ഞു. ടാക്‌സി തിരിഞ്ഞു പോയി. നാടടക്കം ആഘോഷകോലാഹലങ്ങള് പതിവില് കവിഞ്ഞ് ഉണ്ടെന്നു തോന്നി. പല വീട്ടു മുറ്റങ്ങളിലും പാടത്തു നിന്നും ശേഖരിച്ച മണ്ണ് മരച്ചട്ടകളില് നിറച്ചു ഉണക്കി എടുത്ത മണ്കട്ടകള് കൂട്ടി വച്ചിരുന്നു. സര്ക്കാര് സഹായത്തോടെ ഇഷ്ടിക വീടുകള് ഉണ്ടാക്കാനുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് എല്ലാവരും നടത്തുന്നുണ്ട്. തങ്ങള്ക്ക് കിട്ടിയ പത്തുസെന്റില് ഓടിട്ട ഭവനങ്ങള് ഉയരുന്ന മധുര സ്വപ്നങ്ങള് ഉള്ളിലൊതുക്കി, ഓണക്കോടി വാങ്ങാന് തിരക്ക് കൂട്ടുന്നവരെ കണ്ടു മൂക്കത്ത് വിരല്വച്ചു മേലാളന്മാര്. മുന്പ് തറവാട്ട് മുറ്റത്തു ഓഛാനിച്ചു നിന്നവരില് യുവാക്കള് പലരും താഴ്ത്തി ഉടുത്ത ഈര്ക്കിലിക്കരമുണ്ടും മുറിക്കയന് ഷര്ട്ടും മേല്മുണ്ടും ഒക്കെ അണിഞ്ഞു തല് ഉയര്ത്തി നടന്നു. മാറ് മറയ്ക്കാതെ മുറ്റം അടിക്കാന് വന്നിരുന്ന പൊന്നി ചുവന്ന റൗക്ക അണിഞ്ഞു മുറ്റം അടിക്കാന് വന്നത് നന്ദിനിക്ക് വളരെ ഇഷ്ടപ്പെട്ടു. അടുത്തു ചെന്ന് അഭിനന്ദിച്ചപ്പോള് നാണം ഇരച്ചു കയറിയ മുഖത്തോടെ അവള് മുഖം താഴ്ത്തി.
‘പോ..മ്ബ്രാട്ടി… അടിയന് ഇത് ഇഷ്ടായില്ല്യാ..’
‘അതെന്താ പൊന്നീ? ഇപ്പൊ നന്നായിരിക്കുന്നു.’
‘വൈന്നേരം ആവുംബ്ലെക്കും ശ്വാസം മുട്ടുവാ.. ഏനെ പിടിച്ച് കെട്ടിയ പോലാ…’
‘അതൊക്കെ ശീലാവും… എന്തായാലും ഇത് നന്നായി… പെണ്ണുങ്ങള് മാറ് മറയ്ക്ക്‌കേണ്ടത് തന്ന്യാ.’
‘എന്തൊക്കെ പുകിലാ നടക്കണേന്റെ മ്ബ്രാട്ടി…മനയ്ക്കലെ പണിക്കു വരേണ്ടെന്നു പറഞ്ഞു…’
‘ആ..ഹാ… അങ്ങനൊക്കെ ഇണ്ടായോ?… എന്തായാലും ഇത നല്ലത് തന്ന്യാ..’
‘ഇവിടെ വൈദ്യര് ത്രമ്പാനും തമ്ബ്രാട്ടീം ഒക്കെ ഇതന്നെ പറഞ്ഞത്…’
നന്ദിനി അവളെ അഭിനന്ദിച്ചു. അവളുടെ എണ്ണക്കറുപ്പു മേനിയില് ചുവന്ന റൗക്ക നന്നായി ചേരുന്നുണ്ടായിരുന്നു. ചെറുപ്പക്കാര് ആഘോഷത്തോടെ ഈ മാറ്റങ്ങൾ വരവേറ്റെങ്കിലും വയസ്സായ തലപ്പുലയനും വേലൻവെട്ടുവിനുമൊന്നും ഒ ഇത് അത്ര ഇഷ്ടപ്പെട്ടില്ല. നാട് നശിക്കാൻ പോകുന്നെന്ന് ഭയമായിരുന്നു അവർക്ക്. മക്കളെ ഒന്നും അനുസരിക്കാതെ അടുക്കള മുറ്റത്തു പടർന്ന വള്ളിയിൽ ഉണ്ടായ ഏറ്റവും
വലിയ മത്തങ്ങ തലയിലേറ്റി ചെറുമന് പാപ്പു മുറ്റത്തു വന്ന് അന്തം വിട്ടു നിന്നിരുന്നു. നന്ദിനിയെ കൊണ്ടുവന്നു കാറില് നിന്നിറങ്ങിയ ദിനേശനെ കണ്ടു പാപ്പു അതിശയം കൂറിനിന്നിരുന്നു. ‘ഈ കൊച്ചംബ്രാനും ഇമ്ബ്രാട്ടിയും’എന്താ ഒരു ചേര്ച്ചയെന്ന് ആ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. കാറ് മുറ്റത്തുനിന്ന് പോയപ്പോള് മത്തങ്ങാ ഇറയത്ത് ഇറക്കി വച്ച് പാപ്പു അത് പറയുകയും ചെയ്തു. ‘ചിവനും പാറോതീം പോലുണ്ട് ചേല് ‘.
നന്ദിനിക്കൊപ്പം എല്ലാവരും പൊട്ടിച്ചിരിച്ചു. നാരായണി പറഞ്ഞു ‘എന്തൊരുപമ!’പാടത്തെയും പറമ്പിലെയും പണികള്ക്ക് കാര്യസ്ഥസ്ഥാനത്ത് നിന്നിരുന്ന പൈലോമാപ്പ്‌ള രണ്ട് ഏത്തക്കുലകളും പച്ചക്കറികളുമായി ശങ്കപ്പൂവിനെ കൊണ്ട് വലിയ ചുമട് എടുപ്പിച്ചാണ് വന്നത്. മുറ്റത്തു വന്ന കാര്യസ്ഥനോട് വൈദ്യര് കുശലം ചോദിച്ചു.
‘ഇനി, ഇതൊന്നും പാടില്ലാന്നു താന് അറിഞ്ഞില്ലേടോ പൈലോമാപ്പ്‌ളെ?’
‘അറിഞ്ഞേ… എല്ലാം അറിഞ്ഞു.. ഞങ്ങള്‌ടെ കാലംവരെ ഇതൊന്നും ആര് തടഞ്ഞാലും നിക്കില്ല.’
‘ഭരിക്കുന്നോരു പറഞ്ഞാല് കേള്ക്കണ്ടേടോ?’
ഉത്തരം പറയാതെ ദക്ഷിണയും ഓണക്കോടിയും വാങ്ങി അവരൊക്കെ തിരിച്ചു പോയി.
‘കലികാലം… കലികാലം.’ മുത്തശ്ശി പിറുപിറുത്തു.
നന്ദിനിക്കിതില് വലിയ അത്ഭുതമൊന്നും തോന്നിയില്ല. മാറ്റങ്ങള് എന്തായാലും അനിവാര്യമാണ്. രാത്രി മുറിയില് ഉറങ്ങാന് കിടന്നപ്പോള് കുറച്ചുനേരം ജോണ്‌സണ് മനസ്സില് ഓടിക്കളിച്ചു. പുറത്തു നേര്ത്ത ചാറ്റല് മഴ പെയ്യുന്നുണ്ട് എന്ന് തോന്നി. നല്ല സുഖമുള്ള കാറ്റ് ജനലിലൂടെ കടന്നു വന്നു നന്ദിനിയെ വാരി പൊതിഞ്ഞു. കാറ്റിന്റെ കൈകള്ക്ക് ജോണ്‌സന്റെ പരിരംഭണത്തിന്റെ സുഖം ഉണ്ടായിരുന്നു. നാരായണി ഇപ്പോഴേ ഉറങ്ങിയെന്നു തോന്നുന്നു. പുറത്തു വാഴക്കൈകള് കൂട്ടി ഉരുമ്മുന്നതിന്റെ പരപര ശബ്ദം. നന്ദിനി എഴുന്നേറ്റു ജനലരികില് വന്നുനിന്നു. പ്ലാവില് പടര്ന്നു കയറിയ അരിമുല്ലപ്പു വിരിഞ്ഞു സുഗന്ധം പരത്തിയിരുന്നു. ആകാശത്ത് ചിങ്ങത്തോണി തുഴഞ്ഞ് അമ്പിളിക്കല ക്ഷീണിച്ചു നിന്നു. പാമ്പിന്കാവില് ചെമ്പകം പൂത്തിരുന്നു. വീശി അടിച്ച കാറ്റില് ചെമ്പകപ്പുമണം നിറഞ്ഞിരുന്നു. ചറപറ ഞാവല്പ്പഴം ചിതറി വീണു പടിഞ്ഞാറ്റീയുടെ മുറ്റം പുള്ളിപ്പാവാട വിരിച്ചു. ഹോസ്റ്റല് മുറിയുടെ വിരസതയില് നിന്ന് അകന്നു തന്റെ നാട്ടിന് പുറത്തിന്റെ സ്ച്ഛതയിലെത്തിയതിനാലോ എന്തോ നന്ദിനിക്ക് ഉറങ്ങാന് കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി ഏറെ പിന്നിട്ടു. ഉറക്കത്തിന്റെ കൈകള് അവളെ എത്തി പിടിക്കാന് മടിയോടെ അകന്നു നില്ക്കുന്നപോലെ. വെളുപ്പാന് കാലത്ത് ഒരു സുഖനിദ്ര അവളുടെ താമരക്കണ്ണുകളെ തലോടിത്തഴുകി. ഏതോ ഒരു മലയടിവാരത്തില് കുതിച്ചു ചാടുന്ന വെള്ളച്ചാട്ടത്തിനരികെ പൊട്ടിച്ചിതറി വീഴുന്ന വെള്ളത്തുള്ളികളേറ്റു സുഖസുഷുപ്ത്തിയിലാണ്ട് കിടക്കുന്ന അനുഭവം. നനുത്ത പളുങ്ക് മണികള് ഇക്കിളി കൂട്ടി മുഖത്ത് കൂടെ ഒഴുകിയിറങ്ങുന്ന പോലെ. വഴുക്കലുള്ള പാറ ഇടുക്കിലൂടെ അവള് കഷ്ടപ്പെട്ടു നീങ്ങി. അങ്ങകലെ ഒരു പ്രകാശരശ്മി മാടി വിളിക്കുന്നുണ്ടായിരുന്നു. ബലിഷ്ഠമായ രണ്ടു കരങ്ങള് സുരക്ഷിതമായി അവളെ താങ്ങി നടത്തിയിരുന്നു.
നല്ലൊരു ഗാനം വിദുരത്തെവിടെ നിന്നോ ഒഴുകി വന്നു. ആ രാഗധാരയില് കാതോര്ത്ത് ആ ലക്ഷൃത്തിലേക്ക് അടിവച്ചടിവച്ചു നീങ്ങി. വഴുവഴുപ്പുള്ള പാറയില്
ശ്രദ്ധാപൂര്വ്വം നീങ്ങുമ്പോള് ചെവിക്കരികില് നേര്ത്ത നിശ്വാസം പതിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കാലൊന്നു വഴുതി, പക്ഷെ വീണില്ല. വീഴാതെ വിരല്ത്തുമ്പില് പിടിച്ചു നടത്തിക്കൊണ്ടിരുന്ന ആളുടെ മുഖം വ്യക്തമല്ലായിരുന്നു. എന്നാലും ആ വിരലുകള് തനിക്കു സുരക്ഷിതത്വം ഏകുന്നുണ്ടെന്ന് അവള്ക്ക് ഉറപ്പുണ്ടായിരുന്നു.നേരം വളരെ വൈകി ഉണര്ന്നപ്പോഴും സുസ്‌മേരവദനയായി ഒരു വിരിഞ്ഞ മാറിടത്തിൽ ചേര്ന്ന് നില്ക്കുന്ന അനുഭവം ആസ്വദിക്കുകയായിരുന്നു നന്ദിനി.
മുറിയില് വെളിച്ചം നിറഞ്ഞുനിന്നു. തലേന്ന് ജനല്പ്പാളികള് അടയ്ക്കാതെയാണ് കട്ടിലില്വന്നു കിടന്നത്. സൂരൃതാപം നന്ദിനിയുടെ കവിളില് ആഘാതം ഏല്പ്പി ക്കുന്നുണ്ടായിരുന്നു. മുല്ലപ്പൂവിന്റെയും ചെമ്പകത്തിന്റെയും സമ്മിശ്ര ഗന്ധം മുറിയിൽ നിറഞ്ഞുനിന്നു. ബ്രഷും പേസ്റ്റും എടുത്തു മുറ്റത്തിറങ്ങി നന്ദിനി പടിഞ്ഞാ റ്റീയുടെ ഇറയത്തെത്തി. ഞാവല്പ്പഴങ്ങള് തലങ്ങും വിലങ്ങും വീണു മുറ്റത്തു നിറഞ്ഞു കിടന്നിരുന്നു. കൂടെ അവിടവിടെ തിളങ്ങി കിടന്ന മഞ്ചാടി മണികള് പവിഴം പോലെ കാണപ്പെട്ടു. ഇന്നലെ രാത്രി ചാറ്റല് മഴ ഉണ്ടായ ലക്ഷണം ഇല്ലാതെ ആകാശം തെളിഞ്ഞു നിന്നു. തെങ്ങോലത്തുമ്പുകള് തലേന്നത്തെ മഴത്തുള്ളികള് ഏറ്റു മിന്നി, കദളിവാഴക്കൂമ്പില് നിന്ന് തേന് മുത്തിക്കുടിച്ച് ഓണത്തുമ്പികള് ചിറകു വീശി പറന്നു. ചെന്തെങ്ങിന് പൂങ്കുലയോട് ചേര്ന്നിരുന്നു ഒരു മഞ്ഞക്കിളി നീട്ടി പാടി. നന്ദിനിക്ക് എന്നെന്നില്ലാത്ത സന്തോഷം തോന്നി. തന്റെ ഗ്രാമം എന്ത് മനോഹരമാണ്! പട്ടണത്തിനു കൈവരിക്കാന് കഴിയാത്ത ഒരു ഉണര്വും ഉത്സാഹവും.
ഓണനാളുകളില് ഏറ്റവും അത്യാവശ്യമായ ഏത്തക്കായ വറുക്കാന് അരിയുക യായിരുന്നു അമ്മുക്കുട്ടിയമ്മ.സൗന്ദര്യം നന്ദിനിയില് നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നത് അഭിമാനത്തോടെ നോക്കിയിരുന്നു അവര്. കല്യാണപന്തലില് ഇറക്കി നിര്ത്താന് പറ്റിയ പ്രായം. പക്ഷെ, ഈ കുട്ടി ഇങ്ങനെ പഠിച്ചുകൊണ്ടു നടന്നാല്, ആ മംഗള മുഹൂര്ത്തം ഇനി എന്നാണ് കടന്നു വരിക!
ഓര്ത്തപ്പോള് നെടുതായൊരു നിശ്വാസം അവരില് നിന്നുയര്ന്നു. കായ
അരിയുന്ന അമ്മയുടെ അടുത്ത് ചമ്രം പടിഞ്ഞിരുന്നു നന്ദിനി. വീട്ടില് മരുന്ന് അരയ്ക്കുന്ന കൗസല്യയും അമ്മയ്ക്ക് സഹായിയായി ഉണ്ട്. തൊലി മാറ്റിയ ഏത്തക്കായകള് മഞ്ഞള്വെള്ളത്തില് ഇട്ടു കറ മാറ്റുന്നു കൗസല്യ. അവള് നന്ദിനിയെ കണ്ടു കുശലം ചോദിച്ചു.
‘അവിടെ കോളേജില് ആണ്കുട്ടിയോളും ഉണ്ടോ?’
‘എന്താ, ഞാന് വല്ലവനേം നോട്ടം ഇട്ടോന്ന് അറിയാനാ?’
‘ശേ! കുഞ്ഞതൊന്നും ചെയ്യില്ല… എന്നാലും ഈ ഭംഗി കണ്ടു കണ്ണില്ലാത്തോനും നോക്കി നില്ക്കില്ലേ?’
‘ഓ… അത്, വല്ല കണ്ണ്‌പൊട്ടനേം ഞാന് വട്ടത്തിലാക്കുമെന്നാണോ?’
‘പോ.. കുഞ്ഞേ… എന്താ ഈ പറയണേ?’
അമ്മുക്കുട്ടിയമ്മ പുഞ്ചിരി തത്തുന്ന മുഖത്തോടെ പറഞ്ഞു.. ‘അവളുടെ പഠിപ്പ് കഴിയട്ടെ.. അത് വരെ കാത്തു നിക്കാന് ചെക്കന്മാരും കാണും.’
അമ്മയുടെ മനസ്സില് ദിനേശേട്ടൻ ആണെന്ന് വ്യക്തം ആകുന്നുണ്ട്. അത് അങ്ങനെതന്നെ നില്ക്കട്ടെ. ഒരു സംരക്ഷണമതിലായി. എന്നാലും നന്ദിനി വെറുതെ ചോദിച്ചു.
‘ആരാ അമ്മ വല്ലോരേം കണ്ടു വച്ചിട്ടുണ്ടോ?’
‘ഉം..’ അമ്മ ഈറി ചിരിച്ചു. ‘നിന്നെ ഇറക്കീട്ടു വേണ്ടേ നാരായണീയെ ഇറക്കാന്. അതാ ഒരു പ്രയാസം.’
അവള് ടൈപ്പ് പഠിക്കുന്നില്ല? ഷോര്ട്ട് ഹാന്ഡും പഠിക്കട്ടെ. പഴയ കാലമല്ല. സ്ത്രീകളൊക്കെ ജോലിയുള്ളവരാ ഇപ്പോള്.’
‘പഠിക്കുന്നുണ്ട് എന്നാലും അമ്മേടെ മനസ്സില് ആധിയാ..’
‘ഈ കൗസല്യയൊക്കെ നാലക്ഷരം പഠിച്ചിരുന്നെങ്കില് ഇപ്പോള് എന്ത് നല്ല ജീവിതം കിട്ടിയേനെ?’
‘എനിക്കിവിടെ സുഖം അല്ലെ കുഞ്ഞേ, എനിക്കീ പണി മതി’
‘അവളുടെ കല്യാണം ഈ ഓണം കഴിഞ്ഞാല് ഉണ്ട്. ചെക്കനൊക്കെ വന്നു കണ്ടു ഉറപ്പിച്ചിരിക്കാ…ചെക്കന് പാര്ട്ടി ഓഫീസിലെ കാവലാ പണി.’
‘ഓ..രാഷ്രീയക്കാരനാണോ? എന്നാല് പിന്നെ കുറച്ചു കാലം കഴിയുമ്പം ഇവള് മന്ത്രി പത്‌നിയായിരിക്കും. നമ്മളൊക്കെ വഴിയില് കാത്തു നിന്ന് കാണേണ്ടി വരും.’ ‘ ‘പോ.. പോ..കുഞ്ഞേ ഇങ്ങനത്തെ തമാശ പറയരുതുട്ടോ.
മുഖത്ത് ചുവപ്പ് പരത്തി കൌസല്യ ചിരിച്ചു പരിഭവം പറഞ്ഞപ്പോള് നന്ദിനി അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. ദേവിയേടത്തിയുടെ സമപ്രായക്കാരിയാണ് കൌസല്യ.
‘ഏടത്തി എവിടെ അമ്മെ?’
‘അവളെ നന്ദഗോപന്റെ വീട്ടീന്ന് വയറു കാണാന് വന്നു കൊണ്ടുപോയിരി ക്ഷ്യാ..ഓണം കഴിഞ്ഞേ വരൂ.’
‘അത് ശരി. അപ്പൊ ഞാനിന്ന് അവിടെ ഒന്ന് പോകുന്നുണ്ട്. നീ വരുന്നോ കൗസല്യേ, നമ്മുടെ ഒപ്പം പഠിച്ചതാ ഗോപേട്ടന്റെ പെങ്ങള് കല്യാണിക്കുട്ടി.’
‘അതുപിന്നെ എനിക്ക് അറിയില്ലേ? ഇന്ന് മരുന്നൊന്നും അരയ്ക്കാനില്ല. ഉച്ച കഴിഞ്ഞു ഞാനും വരാം കുഞ്ഞേ.’
അമ്പലപ്പറമ്പ് ചുറ്റി വേലി വളച്ചു കെട്ടിയ വൈദ്യമഠത്തിലെ നാലേക്കര് പുരയിടം മുഴുവന് കഷണം കഷണമായി മുറിച്ചു മുള്ള് വേലികള് കെട്ടി ഉറപ്പിച്ചിരിക്കുന്നു. അവിടെ ഒക്കെ ഇഷ്ടികകള് പണിത് ഓല മറയിട്ട് സൂക്ഷിച്ചിരിക്കുന്നു. ഒക്കെ പോയി എന്ന് നന്ദിനി മനസ്സിലാക്കി. പുതിയ നിയമം വന്നപ്പോള് കുടിയാന്മാര്ക്കായി വീതിച്ചു നല്കിയതായിരിക്കാം.
‘ഒക്കെ പോയി കുട്ട്യേ…നേരത്തെ അറിഞ്ഞോരൊക്കെ കുടിയാന്മാരെ മാറ്റിയിരുന്നു. വൈദ്യര് ആ കളിക്കൊന്നും പോയില്ല. കുടിയാന്മാരെ മാറ്റിയവരെയൊന്നും പാര്ട്ടിക്കാര് വിട്ടില്ല. ഒക്കെ കേസും പുക്കാറുമായി കിടക്കുന്നു’
‘മാറ്റങ്ങള് വരണം. ജോലി ചെയ്തവന് അവകാശം ഉണ്ട്. എന്നാലും ഒരുപാട് പേര് കഷ്ടപ്പെടും.’
‘നമ്മടെ വല്യെ മനയ്ക്കലൊക്കെ പട്ടിണിയാന്നാ പറയണേ.. അവിടെ പണി എടുത്തിരുന്നോരും കഷ്ടത്തിലാ…പത്തു സെന്റു കൊണ്ട് കാലാകാലം ജീവിക്കാന് പറ്റുവോ? നാട്ടില് സമാധാനം പോയി. രാത്രിയൊക്കെ മോഷണമാണ്.’
‘എല്ലാം കുറച്ചു കാലം കൊണ്ട് ശരിയാകും. സമയം എല്ലാറ്റിനും മാറ്റം ഉണ്ടാക്കും. എല്ലാവരും ജീവിക്കാന് പഠിക്കും.’
വലിയ വയറുമായി ശ്രീദേവി ഇറങ്ങിവന്നു നന്ദിനിയെ കെട്ടിപ്പിടിച്ചു. നന്ദിനി വേഗം
പിടി വിടുവിച്ചു. ചേച്ചിയുടെ വയറെങ്ങാനും അമങ്ങിയാലോ? അതിനകത്തെ കുസൃതിക്കുഞ്ഞിനു വീര്പ്പു മുട്ടിയാലോ!
‘വാ നന്ദു…’
അകത്തു നിന്നും എല്ലാവരും ഇറങ്ങി വന്നു. രണ്ടു മക്കളുമായി കല്യാണിക്കുട്ടിയും. കൗസല്യ ഇറക്കി വച്ച ചുമടില്‌നിന്നു കാരോലപ്പമെടുത്തു കുട്ടികളുടെ കയ്യില് പിടിപ്പിച്ചു.
‘എല്ലാരും പുറത്തു തന്നെ നില്ക്കുകാ’ നന്ദഗോപന് ഇറങ്ങി വന്നു. നന്ദിനി വരുന്ന വിവരം നേരത്തെ എത്തി അറിയിച്ചിരുന്നു ഗോപന്. ഏതോ ഒരു അപൂര്വ്വ വ്യക്തിയെ കാണുന്നപോലെ എത്രയോപേര് ഇറങ്ങി വന്നു. നന്ദിനിക്ക് അതിശയമായി. ഇത്രയധികം ആളുകള് ഉണ്ടോ ഇവിടെ?
‘ഇതൊക്കെ അയല്പക്കക്കാരാ. എല്ലാവരോടും നിന്റെ വിശേഷം പറയലല്ല ശ്രീദേവിക്ക് പണി. എല്ലാവരും മോഹത്തോടെ ഒന്ന് കാണാന് കാത്തിരുന്ന അതിഥികളാ.. ഇനിയൊരാളും കൂടെ ഉണ്ട്.’
‘എന്താ നന്ദു…പേടിച്ചു പോയോ ‘ ദിനേശന് ഇറങ്ങി വന്നപ്പോള് നന്ദിനി ശരിക്കും അതിശയിച്ചു. മുറ്റത്തു ദിനേശന്റെ ബൈക്ക് ഇരുന്നത് നന്ദിനി ശ്രദ്ധിച്ചിരുന്നില്ല. ദിനേശനെ പറ്റി ഓര്ത്തതു കൂടി ഇല്ല.
‘നല്ല ചേര്ച്ചയാ.’ ആരോ പരസ്പരം പിറുപിറുക്കുന്നത് കേട്ട് നന്ദിനി ചൂളിപ്പോയി. തന്റെ പ്രതിശ്രുത വരനായി ദിനേശനെ ഇവിടെ എല്ലാവരും അംഗീകരിച്ചിരിക്കുന്നതിന്റെ
പ്രതികരണമാണതെന്ന് നന്ദിനി ഈഹിച്ചു. അകത്തു വലിയ ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ടായിരുന്നു.
‘എന്താ ഇതൊക്കെ? ‘ നന്ദിനി ശ്രീദേവിയോട് ചോദിച്ചു.
‘ഇതൊക്ക്യാ ഇപ്പൊ ഇവിടെ. വലിയ ഒരു ഉത്സാഹത്തിലാ എല്ലാവരും. കൂടെ ഇന്ന് അതിഥികളായി നീയും ദിനേശനും.’
നന്ദിനി ദിനേശനെ കണ്ടതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു.
‘ഇന്നലെ ഒന്നിച്ചു വന്നതാണെന്ന് ഞാന് മറന്നു പോയി ദിനേശേട്ടാ.”
‘വേറെ ആരെയെങ്കിലും ഓര്‌ത്തോ ‘ ദിനേശന് കള്ളച്ചിരി ഒതുക്കി ചോദിച്ചു.നന്ദിനി ചൂളിപ്പോയി. ദിനേശന് വല്ലതും അറിയുമോ..അവള് മനസ്സില് ചോദിച്ചു.
‘ഓണാഘോഷമൊക്കെ എവിടെ വരെ ആയി നന്ദൂ..?’ ദിനേശന് മന:പ്പൂര്വ്വം വിഷയം മാറ്റി. അന്നുതന്നെ തിരിച്ചു പോകുന്നത് അവിടെ എല്ലാവര്ക്കും വിഷമമായിരുന്നു.ഇരുട്ട് ആവുന്നതിനു മുന്പ് ദിനേശന് പോകാനൊരുങ്ങി. പോകുന്നതിനു മുൻപ് നന്ദിനിയോട് രഹസ്യം പറഞ്ഞു..’ഉത്രാടത്തിനു തന്നെ ജോണ്‌സണ് സാറ് വരും.’
‘ഉവ്വോ?’നിസ്സംഗഭാവത്തില് നന്ദിനി ചോദിച്ചു. മനസ്സ് ശക്തിയായി മിടിക്കുന്നത് ആരും അറിയാതിരിക്കാന് നന്ദിനി സാരിയുടെ മടക്കുകള് ശരിയാക്കിക്കൊണ്ട് ഇരുന്നു.ബൈക്ക് സ്റ്റാര്ട്ട് ആയപ്പോള് കൈ വീശി, നന്ദിനി കൈകള് നെഞ്ചില് ചേര്ത്ത് വച്ചു.ബൈക്കിന്റെ പടപട ശബ്ദം അവളുടെ ഹൃദയത്തിലും പ്രതിഫലിക്കുന്ന പോലെ.
About The Author
No related posts.