പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 14

Facebook
Twitter
WhatsApp
Email

ഉത്രാടം പിറന്നു. അകത്ത് ഓണത്തിരക്ക് പൊടിപൊടിക്കുന്നു.തിരുവോണത്തെക്കള് വിശേഷമാണ് ഉരതാടത്തിന്. പതിവിനു വിപരീതമായി അമ്മൂമ്മയും വന്നെത്തിയിട്ടുണ്ട്. ദിനേശേട്ടന് വരുന്നുണ്ടെന്നു അമ്മുമ്മയുടെ കാതില് പറഞ്ഞത് നന്ദിനി തന്നെയായിരുന്നു. മകന്റെ വഴിപിഴച്ച പോക്കില് വളരെ വിഷമിച്ചിരുന്ന അമ്മൂമ്മ ഒന്നാശ്വസിക്കുന്നത് നന്ദിനിക്ക് വളരെ സന്തോഷമായിരുന്നു. എരിശ്ശേരി, കാളന്, ഓലന്, ഇഞ്ചിപ്പുളി എന്നിവയൂടെ സമ്മിശ്ര ഗന്ധം കാറ്റില് പരന്നു കളിച്ചു. ഏത്തപ്പഴം മുറിച്ചു പുഴുങ്ങിയത് ആവി പരത്തി മേശപ്പുറത്തിരിക്കുന്നൂ. കറുത്ത തൊലിയില്‌നിന്നു മഞ്ഞക്കാമ്പ് തുറിച്ചു നിന്ന് കൊതി ഊറിക്കൂന്നു. ചേന വറുത്തു കോരുന്ന തിരക്കിലായിരുന്നൂ അമ്മുക്കുട്ടിയമ്മ. ഇന്നലെ രാത്രി ഈ നാട്ടില് ഒരു പെണ്ണും ഉറങ്ങിക്കാണില്ല. ചെറുകറികളൊക്കെ ഒരുക്കി, മാതേവരെ അണിയിക്കാന് അരിമാവ് അരച്ച് വച്ച് അവിലും മലരും, പഴവും,ഓട്ടടയും നേദിച്ച് കുളിച്ചൊരുങ്ങി ഓണക്കോടി ഉടുത്ത സുന്ദരീമണികള് അമ്പലമുറ്റത്ത് തടിച്ചു കൂടി, കോടിമണം വീശി, പരസ്പരം വസ്രതങ്ങള് പിടിച്ചു നോക്കി, കൊച്ചു വര്ത്തമാനം പങ്കിടുന്ന വിശേഷ ദിനം! പത്തു മണിക്കുമുന്പു നാക്കിലയില് വിഭവസമൃദ്ധമായ സദ്യ വിളമ്പി കുടുംബാംഗങ്ങളെ സന്തോഷിപ്പിച്ച ശേഷം വേണം അവര്ക്കും ഓണക്കേളികള് ആടാന്. ഇനി കുറച്ചു ദിനങ്ങള് ആഹ്ലാദിക്കാനുള്ളതാണ്. ഇത്തവണ മനയ്ക്കലെ മുറ്റത്ത് ആഘോഷമൊന്നുമില്ലത്രേ. പകരം വൈദ്യഗൃഹത്തിന്റെ മുറ്റത്ത് ഓണാഘോഷം പൊടിപൊടിക്കാനാണ് എല്ലാവരും തീരുമാനിച്ചത്. നാലോണത്തിന്റെ ആഘോഷം ഇത്തവണ പാര്ട്ടിക്കാര് ഏറ്റെടുത്തിരിക്കുന്നു. ര്രീനാരായണ ഗുരുവിന്റെ ജന്മനാളിനോടനുബന്ധിച്ചു നാടൊട്ടുക്ക് പായസ വിതരണവും ഏതോ നാടക കമ്പനിയുടെ വക നാടകവും, ഗാനമേളയുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളേക്കാള് വളരെ വ്യത്യസ്തമായിരിക്കുന്നു ഇത്തവണ എല്ലാ

ഇടവും. കടകമ്പോളങ്ങളെല്ലാം പാര്ട്ടി കൊടിതോരണങ്ങളാല് അലംകൃതമായിരിക്കുന്നു. തെരുവീഥികളെല്ലാം കുരുത്തോല കീറി തോരണം കെട്ടിയിരിക്കുന്നു. വഴിക്കിരുവശവും പുതിയ കച്ചവട കടകള് തുറന്നിരുന്നു. പാര്ട്ടി ഓഫീസിനു മുന്നില് അരി , പച്ചക്കറികള്, പഴം എന്നിവ അടങ്ങുന്ന പൊതിക്കെട്ടുകള് വിതരണം ചെയ്തിരുന്നു. ഒരുത്തനും പട്ടിണി അറിയാതെ ഓണം ആഘോഷിക്കാനുള്ള വലിയ ഒരുക്കം സര്ക്കാര് ചെയ്തിരുന്നു. ഈര്ക്കിലിക്കരയന് മുണ്ടും,ചുവന്ന ഷര്ട്ടും, കസവ് മേല് മുണ്ടും എല്ലാ പുരുഷന്മാര്ക്കും, കസവ് മുണ്ടും, ഒന്നരയും, ചുവന്ന റൗക്കയും, കസവ് നേരിയതും എല്ലാ സ്ത്രീകള്ക്കും വിതരണം ചെയ്തിരുന്നു. പാതയോരങ്ങളും വീടുകളുമെല്ലാം ചുവപ്പ് നിറം വീശി പരത്തി നിന്നു. രാത്രി പന്ത്രണ്ടു  മണി കഴിഞ്ഞിട്ടും പാര്ട്ടി ഓഫീസിനു മുന്നില് ഉയര്ന്ന പന്തലില് അരിയും, പച്ചക്കറികളും തുണിത്തരങ്ങളും, വെളിച്ചെണ്ണയും വിതരണം നടന്നു. ജനം ആഹ്ലാദാരവം മുഴക്കി നേരം വെളുക്കുന്നതു വരെ ചൂട്ടുകറ്റ വീശി വഴികളിലൂടെ കൂട്ടം കൂട്ടമായി നീങ്ങി. പുലരും മുന്പ് ഇതൊക്കെ ഭക്ഷണമാക്കി മാറ്റി, കുളിച്ചൊരുങ്ങി, സ്വാതന്ത്യത്തോടെ ഓണം ആഘോഷിക്കണമെന്ന് നേതാക്കള് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിരുന്നു. ഓണത്തിന് പതിവില്ലാത്തൊരു ചുവപ്പ് നിറം

വൈകുന്നേരം ജോണ്‌സണും, ജോബിയും, ദിനേശനുമൊത്തു വീട്ടില് വന്നപ്പോള് നന്ദിനി പടിഞ്ഞാറ്റീയുടെ മുറ്റത്തു ഊഞ്ഞാല് ചുവട്ടില് ചിതറികിടന്ന

മഞ്ചാടിമുത്തുകള് പെറുക്കുകയായിരുന്നു. നാരായണി ഓടി വരുന്നത് കണ്ടു നന്ദിനി അത്ഭുതത്തോടെ നോക്കി നിന്നു. പട്ടണത്തില് നിന്നും വാങ്ങിക്കൊണ്ട് വന്ന ബ്രാ അവളുടെ വലിയ മാറിടത്തിന് നല്ല ഒതുക്കവും, ആകൃതിയും നല്കിയിരിക്കുന്നു.സംശയത്തോടെയാണ് വാങ്ങിയതെങ്കിലും നാരായണി അത് അണിഞ്ഞു കണ്ടിട്ടു അമ്മുക്കുട്ടിയമ്മക്ക് വലിയ സന്തോഷം തോന്നി. അവളുടെ ശരീരവളര്ച്ച കണ്ട അവര്ക്ക് ഭയം തോന്നിയിരുന്നു. ഇത്ര മാത്രം അഴകൊത്ത ഒരു ശരീരഘടന ആര്ക്കും അവര് കണ്ടിട്ടില്ല. പതിനാറു വയസ്സില് ഇത്ര വളര്ന്നാല്, ഇനി എങ്ങോട്ട്? എന്തായാലും നന്ദിനി കൊണ്ടുവന്ന ബ്രാ അവളുടെ മാറിടത്തിന് ഇണങ്ങുന്നുണ്ട്.

‘എന്താ മോളെ നീ ഇങ്ങനെ ഓടിക്കിതച്ച്?’ ഒരു കൈ ഊഞ്ഞാലില് ഊന്നി നിന്ന് നന്ദിനി ചോദിച്ചു.

‘അവിടെ ദിനേശേട്ടനും കൂടെ ആ സാറും ഒരു പയ്യനും വന്നിട്ടുണ്ട്.’

‘ഹോ! അതാണോ? ‘നന്ദിനി വലിയ ഉത്സാഹം കാണിക്കാതെ സ്വയം ഒതുക്കി. ഹൃദയരഹസ്യം പുറത്തു പോകാതിരിക്കാന് അവള് നെഞ്ച് അമര്ത്തി നിന്നു.

‘എന്തെ, നന്ദിനിയേച്ചീ നെഞ്ചത്ത് കൈ വച്ചത്? ‘

നന്ദിനി പെട്ടന്ന് കൈ എടുത്തു. ഇവളെ പേടിച്ചേ പറ്റൂ.

‘ഹെ..ഒന്നുമില്ല. നീ എന്താ പറഞ്ഞത്? ദിനേശേട്ടൻ ഒറ്റയ്ക്കല്ലേ വന്നിരിക്കുന്നത്?’

‘അല്ല, ..കുടെ ആ ജോണ് സാറാണെന്നു തോന്നുന്നു. നന്ദിനിചേച്ചി മുന്പ് ഒരു കല്യാണം കൂടാന് പോയില്ലേ ? അവിടുത്തെ ആ സാറാ…കൂടെ ഒരു പയ്യനും ഉണ്ട്.’

‘ആ…ഞാനൊന്ന് നോക്കട്ടെ. ദിനേശേട്ടൻ ഉണ്ടല്ലോ? ഇല്ലേ? ഓണാഘോഷമൊക്കെ എവിടം വരെ ആയെന്നു ചോദിക്കാം… നീയും വാ..’

‘ഹോ…ചേച്ചിയുടെ മഞ്ചാടി മണിയൊക്കെ വീണു പോയല്ലോ… ഞാന് കുറച്ചു കൂടെ പെറുക്കിയിട്ടു വരാം.’

നന്ദിനി വേഗം നടന്നു. നാരായണി കൂടെ വരാത്തത് നന്നായി. അവള് ഒരു കാഞ്ഞ വിത്താ.. ജോണ്‌സേട്ടന്റെ മുഖത്തുനിന്നും, തന്റെ മുഖത്തുനിന്നും ഒക്കെ വായിച്ചെടുക്കും അവള്

ചന്ദന നിറത്തിലുള്ള ഫുള് കൈ ഷര്ട്ടും, കസവ് മുണ്ടും ഉടുത്തു ഒരു മണവാളനെപ്പോലെ ഉണ്ടായിരുന്നു ജോണ്‌സണ്. ദിനേശനും നീല ഷര്ട്ടും, നീലയില് വീതിക്കസവുള്ള കരയോട് കൂടിയ മുണ്ടും അണിഞ്ഞിരുന്നു. ശരിക്കും നസീര് സാറിന്റെ ഛായയിലാണ് ദിനേശേട്ടൻ ഇപ്പോള്. പണ്ടും പലപ്പോഴും ഇത് തോന്നിയി ട്ടുണ്ട്. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് മുന്പ്, ദിനേശേട്ടന്റെ ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോ എടുത്തത് കണ്ടു നന്ദിനിയുടെ സ്‌നേഹിതമാര് എല്ലാം അത് പറഞ്ഞിരുന്നു. കൂടെ ചേര്ത്ത് നന്ദിനിയെ അവര് ”ഷീല” എന്നും വിളിച്ചതോര്ക്കുന്നു. അന്നേ എല്ലാവര്ക്കും ദിനേശനും, നന്ദിനിയും, നസീര്ഷീലമാരെപ്പോലെ ജോഡി ആയിരുന്നു. ജോബി ആദ്യമായി വന്നതിന്റെ ഒരു ചമ്മലിലായിരുന്നു. അവനും ഉടുത്തിരുന്നത് കസവ് മുണ്ടും ടീഷര്ട്ടും തന്നെ. ആദ്യമായി മുണ്ടുടുത്ത ഒരു ചമ്മലാണ് പ്രധാനമായും അവന് ഉണ്ടായിരുന്നത്.

‘കയറി ഇരിക്കാത്തതെന്താ?’വണ്ടിയില് ചാരി നില്ക്കുന്ന മൂവരെയും നോക്കി നന്ദിനി ചോദിച്ചു. ജീപ്പ് വന്നു നിന്നത് അകത്ത് ആരും അറിഞ്ഞ മട്ടില്ല. ഓണം അത്ര മേല് സ്വാധീനം ചെലുത്തിയിരുന്നു എല്ലാവരിലും.

:ആതിഥേയയെ എവിടെയും കണ്ടില്ല…അതാ..’ജോണ്‌സണ് പറഞ്ഞു.

എല്ലാവരും അകത്തു കയറി. ഡ്രൈവര് ഒരു വലിയ കെട്ട് വണ്ടിയില്‌നിന്ന് പുറത്തെടുത്തു പൂമുഖത്ത് കൊണ്ടു വച്ചു.

‘ഇതെന്താ ഇതൊക്കെ? ‘നന്ദിനി ചോദിച്ചു.

‘കുറച്ചു റബ്ബര് ഷീറ്റാണ്, ഇവിടെ കൊണ്ടന്നു ഉണക്കാംന്നു വച്ചു’ജോണ്‌സണ് തമാശ മട്ടില് പറഞ്ഞു.

വൈദ്യരും, അമ്മുക്കുട്ടിയമ്മയും അമ്മുമ്മയുമൊക്കെ ധൃതിയില് പുറത്തേക്കു വന്നു.

‘കയറി ഇരിക്കു…എന്താ പുറത്തു തന്നെ നില്ക്കുന്നെ? ‘

എല്ലാവരും വൈദ്യരെ നമസ്‌ക്കരിച്ചു. പൂമുഖം നിറഞ്ഞു നിരന്നിരുന്ന അതിഥികള്ക്ക് മുന്നില് ഓണ വിഭവങ്ങള് നിരന്നു. ജോബി പുതിയതായതിനാല്, നന്ദിനി എല്ലാവരെയും പരിചയപ്പെടുത്തി. മൂന്നു ദിവസത്തെ ഓണാവധി ഇത്തവണ ദിനേശന്റെ വീട്ടിലാണെന്ന് ജോണ്‌സണ് എടുത്തു പറഞ്ഞു.

‘അപ്പൊ ഇവിടെയോ? ‘ അമ്മുക്കുട്ടിയമ്മ ചോദിച്ചു.

‘അത് ശരിയാണല്ലോ… ഇവിടേം ഓണം ആണല്ലോ.’ജോണ്‌സണ് പറഞ്ഞു.

നന്ദിനി ഒന്നും പറയാന് ആവാതെ നില്ക്കുകയായിരുന്നു.

‘രണ്ടോണം ഇവിടെ ആക്കാം..എന്താ? ‘ വൈദ്യര് പറഞ്ഞു.

‘ശരി…ശരി…പക്ഷെ, ഇവിടെ ഉള്ളവരൊക്കെ അവിടേം വരണ്ടേ? അതല്ലേ അതിന്റെ ശരി? ‘ ദിനേശനും വിട്ടില്ല.

‘തര്ക്കം വേണ്ട. തിരുവോണത്തിന് ഇവിടെയാണ് ഇത്തവണ നാട്ടുകാരെല്ലാം കൂടുന്നത്. നിങ്ങള്ക്കും വന്നു കാണാം. രാത്രി നമുക്ക് ഇവിടെ കൂടാം. പോരെ..? ര ണ്ടോണം എല്ലാവരും അവിടെ.

‘കൈകൊട്ടിക്കളി, തുടങ്ങിയ പതിവുകളൊക്കെ ഉണ്ടല്ലോ?’ ജോണ്‌സണ് നന്ദിനിയെ നോക്കി.

‘അത് മാത്രം അല്ല, പകിടകളി, കിളിപ്പന്ത്, കുടുകുടു… എന്തിന്… ഉറിയടിയും, വടംവലിയുമുണ്ട്.’ വൈദ്യര്.

‘ഹായ്… ഇതൊക്കെ എങ്ങനെ വേണ്ടെന്നു വയ്ക്കും? ‘ ദിനേശനും ജോണ്‌സണും ശരി വച്ചു.

ഇറങ്ങുമ്പോള് എല്ലാവരും കൂടെ ജീപ്പിനടുത്തേക്ക് വന്നു. അതിന്റെ പിന് സീറ്റിലേക്ക് നോക്കുമ്പോള് നന്ദിനിയുടെ മേനി കുളിരും. ജോണ്‌സന്റെ മടിയില് ചേര്ന്ന് തളര്ന്നു കിടന്ന ഒരു രാത്രി! ഓര്മ്മയില്ലാത്ത ആ നിമിഷങ്ങള് സടകുടഞ്ഞു വരുന്നു.

നന്ദിനിയുടെ അടുത്ത് വന്നു ശബ്ദം താഴ്ത്തി ജോണ്‌സണ് പറഞ്ഞു ‘മറന്നേക്കല്ലേ പൊന്നെ ‘

നന്ദിനി ആകെ കുളിരുകോരി.. മേനിയിലൂടെ ആകെ ഒരു വിറയല് ഓടി നടന്നു. ആരെങ്കിലും ശ്രദ്ധിച്ചാലുള്ള അവസ്ഥ.! സമ്മാനക്കെട്ടു തുറക്കാന് നന്ദിനിക്കായിരുന്നു ധൃതി. സാരികളും, വീതികസവുമുണ്ടുകളും പിന്നെ കുറെ മിട്ടായികളും, ബിസ്‌കറ്റുകളും.

‘എന്തൊക്കെയാ ഈ കുട്ടിയോള് കൊണ്ടോന്നിരിക്കണെ?’അമ്മുമ്മ അതിശയത്തോടെ പറഞ്ഞു.

‘ആരു തിരഞ്ഞെടുത്തതാണാവോ?? ഒക്കെ നന്നായിട്ടുണ്ട്.’നാരായണി പറഞ്ഞു.

‘എല്ലാത്തുണിത്തരങ്ങള്ക്കും ഒരു ബ്ലോക്ക് ഓഫീസര് ടച്ച് ഉണ്ട്.’

അതെന്താ മോളെ..അങ്ങനൊരു വൃത്യാസം? ‘

‘അതൊക്കെ ഉണ്ട് അമ്മെ. നോക്ക്…ഒക്കേറ്റിനും ഒരു വ്യത്യാസം ഇല്ലേ? ഒരു കലാകാരന്റെ കണ്ണുകള് തിരഞ്ഞു പിടിച്ച പോലെ.’

നന്ദിനി ഒന്നും പറഞ്ഞില്ല. ജോണ്‌സന്റെ വിരലുകള് ഓടി നടന്ന തന്റെ പൂമേനി തൊട്ടറിഞ്ഞതല്ലേ ആ സെലക്ഷന്. ആകാശ നീലിമയില് കുഞ്ഞു നക്ഷത്രങ്ങൾ  തൂകി കിടക്കുന്ന നേര്ത്ത ജോര്ജ്ജറ്റ് സാരിയെടുത്തു നിവര്ത്തി നാരായണി പറഞ്ഞു

‘ഇത് നന്ദിനിയേടത്തിയുടെ ഹൃദയം അറിഞ്ഞ സെലക്ഷന് ആണല്ലോ. ദിനേശേട്ടനോ ജോണ്‌സേട്ടനോ ഇത് തിരഞ്ഞു പിടിച്ചത്? ‘

‘പോടീ!’ നന്ദിനി അവളുടെ ചെവി പിടിച്ചു തിരിച്ചു.

‘നാക്കടക്കെടീ . പെണ്ണിന് സ്ഥലകാലബോധമില്ല.’

‘ഒക്കെ നന്നായിട്ടുണ്ട്. ‘ അമ്മൂമ്മ പറഞ്ഞു. ‘ആണ്പിള്ളാര്ക്കും നന്നായി തിരഞ്ഞെടുക്കാന് അറിയാം.’

‘ഇതൊന്നും നമ്മുടെ അങ്ങാടിയിലെ സെലക്ഷന് അല്ല അമ്മുമ്മേ. വല്യേ പട്ടണത്തീന്നു വാങ്ങിയ മുന്തിയ തരങ്ങളാ…അതിന്റെ വ്യത്യാസം കണ്ടാല് അറിയാം.’ നാരായണി പറഞ്ഞു.

ദിനേശേട്ടന്റെ തിരഞ്ഞെടുപ്പാകുമെന്നാണ് അമ്മുമ്മ കരുതിയത്. തുണിക്കടയുടെ അടയാളം നോക്കി നന്ദിനിയും നാരായണിയും മുഖത്തോട് മുഖം നോക്കി. ഭാഗ്യത്തിന് നാരായണി ആരെയും തിരുത്താന് പോയില്ല.

രാവിലെ അമ്പലത്തില് പോകുമ്പോള് സെറ്റ് മുണ്ടുടുത്തെങ്കിലും ഉച്ച  ഊണ് കഴിഞ്ഞു നാട്ടുകാരൊക്കെ മുറ്റത്തെത്തിയപ്പോള് തലേദിവസം നാരായണി ചൂണ്ടിക്കാണിച്ച ”നന്ദിനിയുടെ ഇഷ്ടം അറിഞ്ഞു’ വാങ്ങിയതെന്ന് പറഞ്ഞ ആകാശ നീലിമയില് നക്ഷത്രങ്ങള് തൂകി കിടന്ന ജോര്ജ്ജറ്റ് സാരിയില് അവളൊരു കിന്നര കന്യകയായി മിന്നി. അത് തന്റെ പ്രിയന്റെ തിരഞ്ഞെടുപ്പാണെന്നു നന്ദിനി നേരെത്തെ മനസ്സിലാക്കിയിരുന്നു.

ഉച്ച കഴിഞ്ഞു നാട്ടുകാരൊക്കെ സസന്തോഷം വന്നുകൊണ്ടിരുന്നു. ഒരു പൂരപ്പറമ്പ് പോലെ മുറ്റം നിറയെ ആളുകള്! ദിനേശനും, ജോണ്‌സണും ഒക്കെ ആള്ക്കൂട്ടം കണ്ട് അമ്പരന്നു. നാട്ടുകാര്‌ക്കൊക്കെ പ്രിയങ്കരമായ ആ ഭവനം എല്ലാവര്ക്കും സ്വന്തം പോലെയായിരുന്നു. അതാണ് നാട്ടുകാര്‌ക്കൊക്കെ ഇഷ്ടവും. സ്ര്തീകളുടെ കൈകൊട്ടിക്കളി പുരോഗമിക്കുന്നുണ്ടായിരുന്നു. കളിക്കാരുടെ കൂടെ നന്ദിനിയെ കണ്ടില്ല. പക്ഷെ, ആകാശ നീലിമയില് ചിതറി കിടക്കുന്ന വെള്ളിനക്ഷ്ത്രപ്രഭയില്, ശരീരാകൃതി വ്യക്തമാക്കുന്ന ശാലീന സൗന്ദര്യം മിന്നി മറയുന്നത് ജോണ്‌സണ് കണ്ടു പിടിച്ചു. പുറത്തു ഉറിയടിയുടെ വട്ടം കൂട്ടല് നടത്തുന്നിടത്തേക്ക് ദിനേശന് ജോബിയെ കൂട്ടി പോയപ്പോള് ജോണ്‌സണ് വെറുതെ പടിഞ്ഞാറ്റീയുടെ ഇറമ്പില് പടര്ന്നു പന്തലിച്ച ഞാവല് മരച്ചുവട്ടില് എത്തി.

 

പലപ്പോഴായി നന്ദിനിയുടെ സംസാരത്തില്‌നിന്ന് പിടിച്ചെടുത്ത പരിസരവിവരണത്തില് ഈ ഞാവല് മരവും മഞ്ചാടി കുരുക്കളും സ്ഥാനം പിടിച്ചിരുന്നു. അതൊക്കെ ഒന്ന് കണ്ടു കളയാമെന്നു കരുതിയാണ് അങ്ങോട്ട് നീങ്ങിയത്. നിറയെ പൂത്ത വാകമരത്തിനു ചുവട്ടില് ചിതറി വീണു, മഞ്ഞ പരവതാനി തീര്ത്ത് പുപ്പരപ്പിൽ എത്തി മേലേക്ക് നോക്കി നിന്നു ജോണ്‌സണ്. നല്ല കുളിര്കാറ്റ് അവിടെ പരുങ്ങി നടന്നിരുന്നതിനാല് മുന്വശത്തെ അത്ര വെയില് അടിയ്ക്കുന്നില്ലായിരുന്നു.

ശരീരത്തില് പറ്റിപിടിച്ച ഷര്ട്ട് പൊക്കി, ഒന്ന് വിയര്പ്പ് ഊതി ആറ്റി, ഇളം കാറ്റില് ആടുന്ന ഊഞ്ഞാല് ഒന്ന് ഊക്കില് ആട്ടി വിട്ട്, വാകമരച്ചുവട്ടിലെ മഞ്ഞവിരിപ്പില് കാല് നീട്ടി ഇരുന്നു ജോണ്‌സണ്. പെട്ടെന്നാണ് കുളിരോലും കൈത്തലങ്ങള് അയാളുടെ കണ്ണ് പൊത്തിയത്. ആ പരിസരത്ത് ധൈര്യപൂര്വ്വം തന്റെ കണ്ണ് പൊത്താന് ഒരാള്‌ക്കേ കഴിയു.

തിരിഞ്ഞു നോക്കാതെ, താരിളം കരങ്ങള് ചേര്ത്ത് പിടിച്ചു, ആ നീല അപ്‌സരസ്സിനെ വാരിപ്പുണര്ന്നു നിര്ത്താതെ ചുംബിച്ചു ജോണ്‌സണ്. നനഞ്ഞ പട്ടം പോലെ അയാളുടെ വിരിമാറില് ചേര്ന്നലിഞ്ഞു കിടന്നു നന്ദിനി. ആപാദം വിറയ്ക്കുന്ന, അടഞ്ഞ കണ്ണുകള് തുറക്കാന് കഴിയാതെ, തന്നെ ചേര്ത്തണച്ച സുരലോക സുന്ദരിയെ വാരിയെടുത്ത് വട്ടം കറക്കി അയാള്. മഞ്ഞമെത്തയില് മെല്ലെ കിടത്തി, ആ മൃദുമേനിയില് ചേര്ന്ന് കിടന്നു പുറത്തു തട്ടി ആശ്വസിപ്പിച്ചു അയാള്, അവളെ. ഒരു സ്വപ്ന നാടകം അവിടെ അരങ്ങേറുകയായിരുന്നു. പെട്ടെന്ന് പരിസര ബോധം വീണ്ടെടുത്ത് നന്ദിനി ചാടി എണീറ്റു. വാകമരപ്പൂക്കള് അവളുടെ കോമള കളേബരത്തില് പറ്റിപിടിച്ചു നിന്നു. ആകെ തട്ടിക്കുടഞ്ഞു ഓടാന് ശ്രമിച്ച അവളെ ജോണ്‌സണ് വീണ്ടും കൂട്ടി പിടിച്ചു. നീണ്ട കബരീഭാരത്തില് ഒട്ടി നിന്ന പുക്കള് അയാള് തട്ടി തെറിപ്പിച്ചു.

‘എന്നെ വിടൂ… എന്നെ വിടു..’അവള് പുലമ്പുന്നുണ്ടായിരുന്നു. ഒരിക്കല് കൂടി ആ അരുണാധരങ്ങള് ചുംബനമുദ്രയില് മുദ്രിതമാക്കി ജോണ്‌സണ്. ആരെങ്കിലും കാണും എന്ന ഭയം അവളെ പിടികൂടി. ആരോ അടിച്ചുടച്ച ‘ഉറിയടി’വിജയത്തിന്റെ അലയൊലി എല്ലായിടത്തും മുഖരിതമായി. ആ ശബ്ദകോലാഹലത്തിന്റെ വിജയഭേരിയില് രണ്ടുശരീരങ്ങള് ഹൃദയം കൈമാറി ആനന്ദിച്ചത് ആരും അറിഞ്ഞില്ല.

‘വന്നത് വെറുതെ ആയില്ല.’ജോണ്‌സണ് പറഞ്ഞു.

‘ഇങ്ങോട്ട് വരുന്നത് ഞാന് കണ്ടിരുന്നു.’ കിതച്ചുകൊണ്ട് നന്ദിനി പറഞ്ഞു. ‘എനിക്ക് പേടിയായിരുന്നു വരാന്, പക്ഷെ വരാതിരിക്കാന് കഴിഞ്ഞില്ല.’

‘ഇനി പൊയ്‌ക്കോ, ആരെങ്കിലും കാണും.’ ജോണ്‌സണ് ചുറ്റും നോക്കി.

‘പേടിയാണോ’ നന്ദിനി ചോദിച്ചു.

 

‘എനിക്കോ?’ ജോണ്‌സണ് അവളെ വാരിയടുപ്പിച്ച് ഒരിക്കല് കൂടെ ചുംബിച്ചു ചുണ്ട് പൊട്ടിയ പോലെ തോന്നി നന്ദിനിക്ക്.

‘ശോ! വേദനിക്കുന്നു.’അവള് ചുണ്ട് തുടച്ചു. പിന്നെ നന്ദിനി അവിടെ നിന്നില്ല. ഒരു മഴവില്ല് ഓടി മറയുന്നത് പോലെ അവള് ഓടിപ്പോയി. താഴെ നിലത്തു മഞ്ഞപ്പുക്കള് ദിശ മാറിപ്പോയ സ്ഥലത്ത് ജോണ്‌സണ് ചമ്രംപടിഞ്ഞ് ഇരുന്നു. പ്രിയതോഴിയോടൊപ്പം ഉരുണ്ടു കളിച്ച അവിടത്തെ മണല്ത്തരികള് പോലും കോള്മയിര് കൊള്ളുന്നുണ്ടായിരുന്നു. എത്ര നേരം ആ ചതഞ്ഞ പൂക്കളെ താലോലിച്ചിരുന്നെന്ന് അറിയില്ല.

അങ്ങേ തലയ്ക്കല് നാലുകെട്ടിന്റെ ഇടനാഴിയുടെ അറ്റത്ത് ചെറിയ കിളിവാതിലിലൂടെ ഈ കാഴ്ച ഒക്കെ കണ്ടു നിര്വൃതി അടയുന്നുണ്ടായിരുന്നു നന്ദിനിയുടെ നീള്മിഴികളും.

‘കടിച്ചുപൊട്ടിച്ചു കളഞ്ഞല്ലോ കള്ളന്!’

ചുണ്ടിലെ മുറിപ്പാടില് വിരല് ഓടിച്ചു നന്ദിനി പിറുപിറുത്തു. വടംവലി മത്സരത്തിന്റെ തുടക്കത്തിലാണ് ജോണ്‌സണ് സാറ് അവിടെ ഇല്ലെന്നു ദിനേശന്

മനസ്സിലാക്കിയത്. ചുറ്റും നോക്കി നടന്നപ്പോഴാണ് പടിഞ്ഞാറ്റീയുടെ പിറകില് വാകമര ചുവട്ടില്,ഊഞ്ഞാലില് അലസനായി ജോണ്‌സണ് ഇരിക്കുന്നത് കണ്ടത്.

‘സാറേ, എന്താ ഇവിടെ?’ദിനേശന് അരികിലെത്തി വിളിച്ചപ്പോള് ജോണ്‌സണ് ഞെട്ടി എണീറ്റു. പൊട്ടിത്തകര്ന്ന നന്ദിനിയുടെ നീല കുപ്പിവളപ്പൊട്ടുകള് അയാള്, അവനറിയാതെ പോക്കറ്റിലിട്ടു. വടംവലി മത്സര സ്ഥലത്ത് വെയില് ചാഞ്ഞിരുന്നു.

‘എന്തൊരു പ്രകൃതി ഭംഗിയാണ് ഇവിടെ.’ ജോണ്‌സണ് പറഞ്ഞു.

‘ഈ പടര്ന്നു പന്തലിച്ച വാകമരച്ചുവട്ടില് എന്തൊരു കുളിര്മ്മയാണെന്നോ. അവിടെ വല്ലാത്ത ചൂട് തോന്നിയപ്പോള് ഒന്ന് ചുറ്റി നടന്നതാണ്. ഇവിടുത്തെ ചെറു കാറ്റേറ്റിരുന്ന് ഒന്നു മയങ്ങിപ്പോയി.’

‘ഈ പരിസരമൊന്നും എനിക്കും അറിയില്ല. കാലങ്ങളായി രണ്ടു വീട്ടുകാരും വിരോധത്തിലായിരുന്നു. നന്ദിനിയാണ് അത് ഇല്ലാതാക്കിയത്. അവള് എന്റെ പെണ്ണാണെന്നാ ഇവിടെ എല്ലാവരും കരുതുന്നത്. പെണ്ണിന്റെ മനസ്സ് അവര്ക്ക് അറിയില്ലല്ലോ.’

ജോണ്‌സണ് ഞെട്ടിപ്പോയി.

‘എന്താ…എന്താ ഇയാള് പറയുന്നത്? ‘

 

‘ഒന്നും മറയ്‌ക്കേണ്ട സാര്.. എല്ലാം ഞാന് മനസ്സിലാക്കിയിട്ടുണ്ട്. നന്ദിനിക്ക് എന്നെ നന്നായി അറിയാം, എനിക്കവളെയും’

‘ദിനേശാ.. നിങ്ങള്! ‘

‘ജോണ്‌സാറ് വിഷമിക്കേണ്ട. നന്ദിനി എന്നും എന്റെ പെങ്ങളാണ്. അവളുടെ കൂടെ പിറക്കാത്ത സഹോദരനാണ് ഞാന്. അവളുടെ ഒരേ ഒരു സഹായിയും. നന്ദിനിയുടെ ആഗ്രഹങ്ങള്ക്ക് ഞാനൊരു വിലങ്ങുതടി ആവില്ല. എന്നെ വിശ്വസിക്കാം. ഞാനുണ്ടാവും നിങ്ങള്‌ക്കെന്നും.’

‘ദിനേശാ!’ജോണ്‌സണ് അയാളെ മാറോട് അണച്ചു.

‘നിങ്ങള് ഇവിടെ ആണോ? ഞാന് എവിടെയൊക്കെ നോക്കി?’ ജോബി ഓടി വന്നു. മൂന്ന് പേരും ചേര്ന്ന് വടംവലി കാണാന് പോയി. വികാരനിര്ഭരമായ ഈ ദൃശ്യങ്ങളെല്ലാം നന്ദിനി ഒളിച്ചു നിന്ന് കാണുന്നുണ്ടായിരുന്നു. ഒന്നും കേള്ക്കാന് കഴിഞ്ഞില്ലെങ്കിലും അവരുടെ ഭാവഹാവാദികളില്‌നിന്നു അവളെല്ലാംഊഹിച്ചു. ദിനേശന് എല്ലാം അറിയാമെന്ന് അവള് മനസ്സിലാക്കി. ദിനേശനെ അവള്ക്കു വിശ്വാസമാണ്. തന്റെ പ്രണയസായുജ്യത്തിനു ദിനേശന്റെ സഹായം പ്രതീക്ഷിക്കാം, പക്ഷെ തന്റെ വീട്ടുകാര്‌നന്ദിനിയും പുറത്തെ തളത്തില് സ്ത്രീകള് കൂടി ഇരുന്നു സൊറ പറയുന്നിടത്തെത്തി. എല്ലാവരും പുതിയ വസ്ത്രത്തിന്റെ കഥയിലായിരുന്നു. നന്ദിനി വന്നപ്പോള് അവള് അണിഞ്ഞ സാരി എല്ലാവരെയും ആകര്ഷിച്ചു. ആ നാട്ടിന് പുറത്തു അത്തരമൊരു സാരി ആരും കണ്ടിരുന്നില്ല .

‘കോളേജിന്നടുത്തു നിന്നും വാങ്ങീതാ അല്ലെ.’ കൂട്ടത്തില് ഒരു ചേച്ചി ചോദിച്ചു

‘ഉം.,’ നന്ദിനി മൂളി,

‘എന്ത് വിലയായി കാണും?’ നന്ദിനി ഒന്ന് പരുങ്ങി. പിന്നെ രണ്ടും കല്പ്പിച്ചു പറഞ്ഞു ‘ ‘നൂറ്റിപ്പത്ത്.”നൂറ്റിപ്പത്തോ?’എല്ലാവരും മൂക്കത്ത് വിരല് വച്ചു .ഒരു പവന്റെ വിലയായി. എന്തായാലും തുണിയല്ലേ? രണ്ടു വട്ടം നനച്ചാല് കഴിഞ്ഞില്ലേ?

നന്ദിനി ഒന്നും പറഞ്ഞില്ല. നാരായണി അപ്പോഴാണ് കടന്നു വന്നത്. അവള് അച്ഛൻ

വാങ്ങിയ പട്ടുപാവാടയും ദാവണിയുമാണ് ഉടുത്തിരുന്നത്. പച്ച പട്ടുവസ്ത്രത്തില് ഒരു പച്ച പനംതത്ത പോലെ അവള് പാറി നടന്നു. കയറുവലി മത്സരം കൂടെ കഴിഞ്ഞതും ജനം പിരിഞ്ഞു തുടങ്ങി.ഊട്ടുപുരയ്ക്കടുത്തു സംഭാരം വിതരണം ചെയ്യുന്നിടത്ത് മാത്രം കുറച്ചു ആളുകള് ശേഷിച്ചു.

ഉമ്മറക്കോലായില് നാട്ടുപ്രമാണിമാര് വട്ടം കൂടി മുറുക്കി രസിക്കയും വെടിപറയുകയും ചെയ്തിരുന്നു. ദിനേശനും, ജോണ്‌സണും, ജോബിയും വന്നപ്പോള് വൈദ്യര് അവരെ പരിച്യപ്പെടുത്തിക്കൊടുത്തു എല്ലാവര്ക്കും. രാത്രി സദൃ അവിടെയായതിനാല് അവര് അമ്പലക്കുളവും, ആല്ത്തറയുമൊക്കെ കാണാനെന്നു പറഞ്ഞു ജീപ്പെടുത്തു കറങ്ങാന് പോയി.

അത്താഴത്തിനു കുടുംബാംഗങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. നിലത്തു ചമ്രം  പടിഞ്ഞിരുന്നു നാക്കിലയില് അമ്മുക്കുട്ടിയമ്മയും നന്ദിനിയും വിളമ്പിയ ഭക്ഷണസമൃദ്ധി രുചിച്ചു ജോണ്‌സണ് പറഞ്ഞു. ‘അസ്സലായിട്ടുണ്ട്’!

‘ഈ പച്ചക്കറികളൊക്കെ പിടിച്ചോ? ‘ വൈദ്യര് ചോദിച്ചു.

‘നിങ്ങളൊക്കെ പച്ചക്കറി കഴിക്കുവോ?’

‘ഞങ്ങളൊക്കെ കഴിക്കും. വല്ലപ്പോഴും ഇതൊരു രസമല്ലേ. ഞങ്ങളുടെ വീടുകളിലും ഇപ്പൊ ഇത് പതിവാ.’

വിളമ്പി കഴിഞ്ഞു നന്ദിനിയും അമ്മുക്കുട്ടിയമ്മയും കുടെ ഇരുന്നു. പ്രഥമന് എല്ലാവരും സ്വയം വിളമ്പി എടുക്കുകയായിരുന്നു. രാത്രി വളരെ വൈകിയാണ് അവര് തിരിച്ചു പോയത്. ജീപ്പ് ഗേറ്റ് കടന്നപ്പോള് വൈദ്യര് പറഞ്ഞു ..’എത്ര നല്ല കുട്ടികള്.’

നന്ദിനി ഊറി ചിരിച്ചു. വാകമരച്ചുവട്ടിലെ മഞ്ഞമെത്തയില് കിടന്നുരുണ്ട സുഖ നിമിഷങ്ങള് ഓര്ത്ത് അവള് നിര്വൃതി കൊണ്ടു. അറിയാതെ കൈകള് ചുണ്ടില് സ്പര്ശിച്ചു.

‘കളളന്, കടിച്ചുപൊട്ടിച്ചത് ആരും കണ്ടില്ല…ഭാഗ്യം!’

ഇളം കാറ്റ് കുസൃതിച്ചിരിയോടെ അവളെ തഴുകി കടന്നു പോയി.

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 13

About The Author

Leave a Reply

Your email address will not be published. Required fields are marked *