LIMA WORLD LIBRARY

ജോണും അയ്യപ്പനും പുനത്തിലും മൺമറഞ്ഞതു നന്നായി! – എം രാജീവ് കുമാർ

കോഴിക്കോട് ഒരു കോഴിക്കൂടാണെന്ന വാർത്തകളാണ് യൂടൂബിൽ വന്നുകൊണ്ടിരിക്കുന്നത്. പുരുഷന്മാർ ഇങ്ങനെ കോഴികളായാലെന്തു ചെയ്യും?അടുത്ത കാലത്ത് കോഴിക്കോട്ടെ ഒരു പ്രസാധക പുറത്തുവിട്ട പീഡന കഥ വായിച്ച് തുടർക്കഥകൾ പ്രതീക്ഷിച്ചിരിക്കുമ്പോൾ ഒരു കോഴിക്കോടുകാരി തരവത്ത് അമ്മാളുവമ്മയുടെ ഇളമുറക്കാരി ഫയർ ബ്രാന്റ് കഥാകാരി എനിക്ക് മൂടോടെ പറിച്ച് കുറെ യൂടൂബ് വിഭവങ്ങൾ അയച്ചു തന്നു. ഒക്കെയും പീഡന കഥകൾ. കോഴിക്കോട്ടെ പ്രിയ കഥാകാരന്മാരും കവികളും എഴുത്തുകാരി പൈതങ്ങളോട് കാണിച്ച  “ഡിങ്കോഡൽഫി”കളുടെ പച്ചയ്ക്കുള്ള പതിപ്പുകൾ.

അവതാരിക എഴുതിക്കൊടുക്കണമെങ്കിൽ പെൺപിള്ളേർ ഒറ്റയ്ക്ക് ചെല്ലണം പോലും. പുസ്തകത്തിൽ അച്ചടിപ്പിശാചുകൾ വരുന്നതിനു കാരണവും ഒറ്റയ്ക്ക് പ്രൂഫും കൊണ്ട് ചെല്ലാത്തതാണത്രേ! ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് ഇടനിലക്കാരിയുടെ പരാതി. പ്രസാധക സാക്ഷിയായി ആ കഥകൾ മറയില്ലാതെ എഴുതുന്നു.

ഒലിവെണ്ണ പുരട്ടിത്തിരുമ്മുന്നൊരു പ്രസാധനശാലയിൽ നിന്നാണ് പുകപടലങ്ങൾ പൊങ്ങുന്നത്. രണ്ടെല്ല് പ്രസാധനശാലയ്ക്ക് കൂടിപ്പോയാലെന്തു ചെയ്യും?

കോഴിക്കോട്‌ വ്യാപരിച്ച മറ്റൊരു സാഹിത്യകാരൻ പ്രസാധകശാലയിലെ താക്കോലായിരുന്ന കാലത്ത് കാറിൽ കയറ്റി ഒരു പെൺകുരുന്നിന്റെ കഥ പരിശോധിക്കുന്നതിനിടയിൽ മുലകൂടി ഒന്ന് പരിശോധിച്ചേക്കാമെന്നങ്ങ് കരുതിയിലെന്തു ചെയ്യും? മറ്റൊരു പരിശോധന തിരുവനന്തപുരത്തുള്ള ഒരു നാടകാചാര്യൻ അരണാട്ടുകര ചെന്ന് തിയേറ്റർ ഓഫ് ടച്ചിങ് പഠിപ്പിച്ചതും മുൻകൂർ ജാമ്യമെടുക്കാൻ കൊച്ചിയിൽ ആക്രാന്തം കാണിച്ചതും കായലിൽ ചാടി ആത്മാഹൂതി നടത്തിയാലോ എന്നു ചിന്തിച്ചതുമായ പുകില് കഴിഞ്ഞിട്ട് നാളേറെയായിട്ടില്ല. 

ഇങ്ങനെ എഴുത്തുകാരെ കുടുക്കാൻ പ്രസാധക കയറും കൊണ്ട് നടക്കുന്നതിന്റെ കൂടെയാണ് ഞാനും. ഒന്നുമില്ലെങ്കിലും ഒരു പ്രസാധകയല്ലേ? എഴുത്തുകാർ കാണിക്കുന്ന കന്നംതിരിവിനെതിരെ എഴുത്തുകാരികളെ ചേർത്തു നിർത്തി ലവന്മാർക്കെതിരെ പോരിനിറങ്ങിയില്ലേ? ഒരുത്തനെ പോലീസ് സ്റ്റേഷനിൽ കയറ്റുകയും ചെയ്തില്ലേ?

മൂന്നാലു പതിറ്റാണ്ടിനു മുമ്പ് കൊല്ലത്തുനിന്ന് സാഹിത്യത്തിൽ മാംസക്കച്ചവടം നടത്തിയിരുന്ന ഒരു വാരികയിൽ കാണാൻ ചൊവ്വും ചെതോം മൊലേം തുളയുമുള്ള പെണ്ണുങ്ങളുടെ കഥയും കവിതയുമൊക്കെയേ കൊടുക്കാറുള്ളൂ എന്നൊരാക്ഷേപമുണ്ടായിരുന്നു. മാധവിക്കുട്ടി “എന്റെ കഥ” എഴുതി പത്രാധിപരുടെ ചെകിട്ടത്തടിക്കുക മാത്രമല്ല സദാചാരികളുടെ ലിംഗത്തിൽ റൂൾത്തടി പ്രഹരം നടത്തുകയും ചെയ്തു. നമ്മുടെ പെൺപിള്ളേർക്ക് സ്വന്തം കാലിൽ നിന്ന് ചോദിക്കാനും സ്നേഹത്തെപ്പറ്റി വിളിച്ചു പറയാനും മലയാളത്തിൽ ത്രാണിയുണ്ടാക്കിയത് മാധവിക്കുട്ടിയുടെ “എന്റെ കഥ”യാണ്. ആണുങ്ങൾക്ക് പ്രണയിച്ച്‌ പെൺ ശരീരത്തിൽ കയറിപ്പറ്റാനുള്ളൊരു എളുപ്പവഴിയും ആധുനികസാഹിത്യം ഉണ്ടാക്കി. അതിരു കടന്ന കാമാർത്തിയിൽ കുതിർന്ന് പെണ്ണിനെ പുരുഷന്റെ ഭോഗോപകരണമാക്കിയ എഴുപതുകളിലെ സാഹിത്യം ഓർമ്മയില്ലേ? ആർത്തവസാഹിത്യം!

സാഹിത്യത്തിന്റെ പേരിൽ അന്യന്റെ വീട്ടിൽ കുലച്ചു നില്ക്കുന്ന ചെന്തെങ്ങിൽ നിന്ന് കരിക്കടത്തിക്കുടിക്കാൻ മൗന സമ്മതം നൽകിയിരുന്ന ആ തലമുറയുടെ ഇളം സന്തതികളാണിന്ന് വളരുന്നത്. സ്നേഹപ്പൊടിയിട്ട് വിളക്കി കരിക്കടക്കാൻ ചെന്നാൽ അവർ സമ്മതിക്കുമോ! എഴുത്തുകാരായി വിലസിയ പഴയ തലമുറയിലെ കാസിനോകൾ അക്ഷരങ്ങളുടെ മറയിൽ കാട്ടിക്കൂട്ടിയ ബലാൽക്കാരങ്ങളുടെ വീരകഥകൾ ടി വി അഭിമുഖങ്ങളിൽ പോലും നമ്മൾ കേട്ടതല്ലേ! നോവലിസ്റ്റുകളെപ്പോലെ കവികളും മോശക്കാരായിരുന്നില്ല. തന്റെ കൃതികൾ വായിച്ചു സ്നേഹത്തിൽ തെന്നിവീഴുന്നവരെയെല്ലാം ജവുളിയഴിപ്പിക്കാൻ പോരുന്ന ആരാധന കൃതിയിൽ നിറച്ചിട്ടുണ്ടെന്ന മണ്ടത്തരമാണ് എല്ലാത്തിനും കാരണം. പള്ളി വേറെ പാതിരി വേറെ.

ദാഹിക്കുന്നവർക്കു കുടിക്കാനല്ലേ കരിക്കെന്ന ബലാൽക്കാരത്തെ നിയമം കൊണ്ട് തടുക്കാൻ കൊച്ചു പെൺപിള്ളേർ മുതിർന്നിരിക്കുന്നു. അവരെ മോളേന്ന് വിളിച്ച് മടിയിലിരുത്താൻ നോക്കണ്ട! അവർക്കറിയാം അച്ഛന്റെ മടിയും അപരന്റെ മടിയും. സുഹൃത്തിന്റെ ഭാര്യയുടെ തുടയിൽ നുള്ളുന്നതിന്റെ പൊരുളും!

അമ്മമാരെപ്പോലെയല്ല മക്കൾ. അവർക്ക് പ്രൂഫ് തിരുത്തുന്നതിനിടയിൽ നോക്കിയിട്ടും വെട്ടിക്കളയാത്ത ചില്ലക്ഷരങ്ങളെ തിരിച്ചറിയാം.
ഉച്ചയൂണിന്റെ ക്ഷണത്തിനു പിന്നിലെ വാക്യഘടനയിലെ പിശകു മനസ്സിലാകും. ഏതൊരു ഗുരുവിനും കുട്ടീം കോലും കളിക്കാൻ ഇന്നത്തെ വിദ്യാർഥികൾ നിന്നു കൊടുക്കാറില്ല. ആണായാലും പെണ്ണായാലും.  പോക്സോയിൽ പിടിക്കപ്പെടുന്നതെല്ലാം ഗുരുനാഥന്മാരല്ലേ? ഒന്നു പിടിക്കുമ്പോൾ കൂടോടെയല്ലേ വന്നു ചാടുന്നത്.

അഞ്ചാറ് കൊല്ലം മുമ്പുവരെ വെളിയിൽ കാണിക്കാൻ മടിച്ചിരുന്ന തീണ്ടാരിത്തുണിയും പൊക്കിപ്പിടിച്ചു കൊണ്ടല്ലേ നമ്മുടെ പെൺകുട്ടികൾ തെരുവിൽ ഇറങ്ങി ജാഥയായി പോയത്. പെണ്ണുണരുകയാണ്. പെണ്ണുടൽ പൂത്തുലയുകയാണ്. അപ്പോഴാണ് സാഹിത്യത്തിന്റെ ലേബലിൽ പൂവിറുക്കാൻ പ്രൂഫ് തിരുത്താനും അവതാരിക എഴുതാനുമായി സാക്ഷാൽ ഉടൽ തന്നെ വരിക എന്ന് കോഴിക്കോട്ടെ എഴുത്തുകാർ പറയുന്നത്. ആരുടെയും പേരെടുത്തു പറയുന്നില്ല. നാലഞ്ച് എഴുത്തുകാരുണ്ട്. അതിൽ കവിയും ഡൽഹിയിൽ നിന്ന് കോഴിക്കോട് ചേക്കേറിയ പുസ്തകപ്രസാധക സ്ഥാപനത്തിലെ ഉദ്യോഗസ്ഥമാന്യന്മാർ വരെയുണ്ട്! എന്തായാലും അവർക്കെതിരെ കോഴിക്കോട്ടെ പെൺകുട്ടികൾ
ചൂലുമെടുത്തിറങ്ങിയിട്ടുണ്ട്.

ഇതിൽ നിന്നൊരു ഗുണപാഠം:

കയ്യെത്തുന്നിടത്ത് കുലച്ചു നില്ക്കുന്ന ചെന്തെങ്ങിൽ നിന്ന് കരിക്കടക്കുന്ന കാലം കഴിഞ്ഞു. ഇന്ന് നീതിയല്ല നിയമമാണ് പ്രധാനമെന്നറിയുക. എത്ര പറഞ്ഞാലും എഴുത്തുകാരല്ലേ അവർ നീതിയുടെ കൂടെയേ നിൽക്കൂ. ജോൺ എബ്രഹാമും എ.അയ്യപ്പനും പുനത്തിൽ കുഞ്ഞബ്ദുള്ളയും നേരത്തേ പോയതു നന്നായി!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px