LIMA WORLD LIBRARY

ബഷീറിനെ ഒന്നും ഒന്നും പഠിപ്പിച്ച അദ്ധ്യാപകൻ – മിനി സുരേഷ്

” ഒന്നും ഒന്നും എത്രയാണെടാ ?,
ഗുരുനാഥൻ ഒരിക്കൽ മജീദിനോട് ചോദിച്ചു.
, ഉമ്മിണി വല്യ ഒന്ന്,
രണ്ട് നദികൾ സമ്മേളിച്ച് കുറച്ച് കൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതു പോലെ . രണ്ട് ഒന്നുകൾ ഒരുമിച്ച് ചേരുമ്പോൾ കുറച്ചു കൂടി വണ്ണം വച്ച ഒരു
വലിയ ‘ഒന്ന്, ആയിത്തീരുന്നു എന്ന് കണക്കു ശാസ്ത്രത്തിൽ പുതിയ തത്ത്വം
കണ്ടുപിടിച്ച മജീദിനെയും . വിശ്വവ്യാപകമായി ആകാശങ്ങളെയും ഭേദിച്ചു പോകേണ്ട പിഞ്ചു ഭാവനയുടെ വ്യാപ്തിയറിയാതെ
ആ അത്ഭുതകരമായ കണ്ടു പിടുത്തത്തിന് പ്രതിഫലമായി ആറു ചുട്ട അടികൾ മജീദിന്റെ കൈവെള്ളയിൽ
വച്ചു കൊടുത്ത അദ്ധ്യാപകനെയും ശ്രീ വൈക്കം മുഹമ്മദ് ബഷീർ ബാല്യകാലസഖിയിലൂടെ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
ബാല്യകാലസഖി സിനിമയായപ്പോൾ
മജീദിനെ നിർദാക്ഷണ്യം അടിക്കുന്ന
പുതുശ്ശേരി നാരായണ പിള്ള സാറിനെ കണ്ട് ചെറിയൊരു അസ്വസ്ഥതയൊക്കെ
തോന്നിയിട്ടുണ്ടല്ലേ. ശ്രീ മാമുക്കോയയാണ് ബാല്യകാലസഖിയിൽ
മിഴിവോടെ ആ വേഷമവതരിപ്പിച്ചത്.
എന്നാൽ പുതുശ്ശേരി നാരായണ പിള്ള സാർ സ്നേഹധനനും,വളരെ ഹൃദയ നൈർമ്മല്യവുമുള്ള വ്യക്തിയായാണ്
എന്റെ അമ്മയുടെ വാക്കുകളിൽ
നിന്നും അറിയുവാൻ സാധിച്ചിട്ടുള്ളത്. സ്വർണ്ണക്കുടുക്കുകളുള്ള വെളുത്ത
കുപ്പായവുമിട്ട് ഉമ്മറത്തെ ചാരു കസേരയിൽ ചാരിക്കിടന്ന് പുരാണങ്ങളും ,
പുസ്തകങ്ങളും വായിക്കാറുണ്ടായിരുന്ന
ഭർതൃ പിതാവിനെ ഏറെ ബഹുമാനത്തോടെയാണ് അമ്മ വർണ്ണിച്ചിരുന്നത്.
എന്റെ പിതാവ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനാണ്. എന്റെ ജനനത്തിന് 6 വർഷം മുൻപ് 1963 മെയ്
മാസത്തിലാണ് അദ്ദേഹം അന്തരിച്ചത്
ആ വാത്സല്യ മാധുരി നുകരുവാൻ
സാധിച്ചില്ലല്ലോ എന്ന നഷ്ടബോധം
ബാല്യകാലസഖി വായിച്ചപ്പോളെല്ലാം ഏറെ
അലട്ടിയിട്ടുമുണ്ട്.

തലയോലപ്പറമ്പ് കവലയിൽ നിന്നും
ഏറെ ദൂരത്തല്ലാതെയാണ് പുതുശ്ശേരി ഭവനം. അദ്ദേഹത്തിന്റെ ഒരു അനന്തിരവനാണ് ഇപ്പോളവിടെ താമസം. ഏക മകളുടെ മകനും , കുടുംബവും
തലയോലപ്പറമ്പിൽ തന്നെ താമസിക്കുന്നുണ്ട്.
സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യം
അദ്ദേഹത്തിനുണ്ടായിരുന്നതായി അച്ഛൻ
പറഞ്ഞറിവുണ്ട്. സന്ധ്യാനാമം ചൊല്ലിക്കഴിഞ്ഞാൽ മക്കളെ അടുത്തിരുത്തി പുരാണ ഗ്രന്ഥങ്ങൾ
ഉറക്കെ വായിപ്പിക്കുന്ന ശീലവുമുണ്ടായിരുന്നു. വൈദ്യുതി ഇല്ലാതെ മണ്ണെണ്ണ വിളക്ക് ഉപയോഗിക്കുന്ന കാലമാണെന്നോർക്കണം. . പുലർച്ചെ
നാലു മണിക്ക് എഴുനേറ്റ് പാഠഭാഗങ്ങൾ
പഠിക്കണമെന്ന നിഷ്കർഷയും നിർബന്ധമാക്കിയിരുന്നു. വിദ്യാലയത്തിൽ പോകുന്നതിന് മുൻപായി ഉച്ച ഭക്ഷണം തയ്യാറാക്കേണ്ട ചുമതല മുതിർന്ന രണ്ട്
ആൺകുട്ടികൾക്കായിരുന്നു. ഭക്ഷണം
തയ്യാറാക്കി
ഇളയ കുട്ടികൾക്ക് കൂടി പൊതി കെട്ടി കൊടുത്ത് തലയോലപ്പറമ്പു മുതൽ വൈക്കം വരെ നടന്ന് സ്കൂളിൽ പോയിരുന്ന കാലത്തെ കഥയൊക്കെ ഇന്നത്തെ കുട്ടികളിൽ തീർച്ചയായും അതിശയമുളവാക്കും. വൈകിട്ട് സ്കൂൾ വിട്ട് വന്നാൽ പാടത്തും , പറമ്പിലെയും കാര്യങ്ങൾ ശ്രദ്ധിക്കുക , പശുക്കൾക്ക്
പുല്ലരിയുക തുടങ്ങിയ കാര്യങ്ങളൊക്കെയും കുട്ടികളുടെ ചുമതലകളായിരുന്നു.
ഇത്രയും ചിട്ടയോടെ മക്കളെ വളർത്തിയ
അദ്ധ്യാപകൻ അതീവ ശ്രദ്ധയോടെ തന്നെയാവണം തന്റെ ശിഷ്യഗണങ്ങളെയും പരിശീലിപ്പിച്ചിട്ടുള്ളത്..

വിശ്വ വിഖ്യാത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയുള്ള ശിഷ്യഗണങ്ങളെയും ഇത്തരത്തിൽ
തന്നെ ഏറെ ശ്രദ്ധയോടെ തന്നെയാണ്
അദ്ദേഹം മെനഞ്ഞെടുത്തത് എന്ന് നിസ്സംശയം പറയാം.. ജാതിവ്യവസ്ഥകൾ
കൊടികുത്തി വാണിരുന്ന അക്കാലത്തും
സഹായികളായിരുന്ന കറുമ്പനും . മണിയനുമെല്ലാം സഹോദര സ്ഥാനമാണ്
ഭവനത്തിൽ ഉണ്ടായിരുന്നത്.
വടക്കേടത്ത് വീട്ടിൽ ഗൗരിയമ്മയായിരുന്നു പത്നി . നാല് ആൺ മക്കളും ഒരു പെൺകുട്ടിയുമാണ് ഈ ദമ്പതികൾക്കുണ്ടായിരുന്നത്. പരേതരായ പ്രഭാകരൻ നായർ ,ശ്രീധരൻ നായർ , സുഭദ്ര , ഭാസ്കരൻ നായർ. എന്നിവരും , എഞ്ചിനീയറായി വിരമിച്ച് മുംബൈയിൽ
താമസിക്കുന്ന
ഇളയ മകൻ ഗോപിനാഥൻ നായരും മക്കളാണ്.
രണ്ടാമത്തെ
മകൻ പരേതനായ ശ്രീധരൻ നായർ അദ്ധ്യാപകനായി അച്ഛന്റെ പാത പിന്തുടർന്നു.

അക്ഷരങ്ങളുടെ സുൽത്താൻ പഠിച്ച
തലയോലപ്പറമ്പ് ഗവ യു പി സ്കൂൾ ഇന്ന്
മേൽക്കൂര തകർന്ന് അപകടാവസ്ഥയിലാണ്. പാവനമായ സ്മാരകം പോലെ കാത്ത് സൂക്ഷിക്കേണ്ട
ആ വിദ്യാലയം സംരക്ഷിക്കുന്നതിൽ പഞ്ചായത്തും സർക്കാരും കാണിക്കുന്ന
അനാസ്ഥയിൽ ബഷീർ സ്മാരക സമിതിയും , സാഹിത്യകാരന്മാരും, പൊതുജനങ്ങളും ഒരുപോലെ പ്രതിഷേധിക്കുകയാണ്. ഈ അവഗണന
മലയാള ഭാഷയിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ സാഹിത്യകാരൻ പഠിച്ച
വിദ്യാലയത്തോടാണെന്നോർത്ത് എത്രയും
വേഗം അധികാരികൾ അതിന് പരിഹാരം
കാണേണ്ടത് അത്യാവശ്യമാണ്.

മലയാള ഭാഷ അറിയാവുന്ന
ഏതൊരാൾക്കും ബഷീർ സാഹിത്യം വഴങ്ങും. ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ട് ബഷീർ വായനക്കാരെ
ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്നു. ലാളിത്യമാണ് ബഷീർ കഥാപാത്രങ്ങളുടെ മുഖമുദ്ര. കഥാപാത്രസൃഷ്ടിയിലൂടെ ഒരു ഐതിഹ്യ പുരുഷനെപ്പോലെ ബഷീർ എന്നും മലയാളി മനസ്സുകളിൽ നിലകൊള്ളുമ്പോൾ അദ്ദേഹത്തിന് ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത
പുതുശ്ശേരി നാരായണ പിള്ള സാർ തെളിച്ച
നന്മയുടെ വെളിച്ചവും വരും തലമുറകളിലും ദീപ്തമായി പ്രകാശിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px