ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 15 കാലങ്ങള്‍ക്കപ്പുറത്ത് | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

ഒരു ശനിയാഴ്ച.
ശങ്കരന്‍ നായരുടെ പുതിയ ബംഗ്ലാവിന്‍റെ മുറ്റത്ത് മണ്ടന്‍ മാധവന്‍ കഴിഞ്ഞ രാത്രിയില്‍ കെണിയില്‍ വീഴ്ത്തിയ രണ്ട് പന്നിയെലികളെ നിരീക്ഷിച്ചുകൊണ്ട് നില്ക്കുമ്പോഴാണ് മുറി തുറന്ന് പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി പുറത്തേക്ക് പോയത്. മാധവന്‍ മനസ്സിലാക്കിയിരിക്കുന്നത് പെണ്‍കുട്ടികളില്‍ ചിലരൊക്കെ വരുന്നത് അകത്തിരിക്കുന്ന കമ്പ്യൂട്ടര്‍ ജോലിക്കെന്നാണ്. അകത്ത് നടക്കുന്ന ചുംബനങ്ങളോ തലോടുകളോ മറ്റുള്ളതൊന്നും അയാള്‍ക്കറിയില്ല.
വീട്ടിലെ കാവല്‍ക്കാരനെങ്കിലും മാധവന് ഏറെ ഇഷ്ടം രാത്രികാലം കിഴങ്ങുകള്‍ കരണ്ടുതിന്നുന്ന എലികളെ പിടിക്കാനാണ്. മണ്ണ് മാന്തി അതിനുള്ളില്‍ ചൂരല്‍ കൊണ്ടുള്ള കെണിയിലാണ് അതിനെ വീഴ്ത്തുന്നത്. ഇത് തലമുറകളായി ചെയ്യുന്ന തൊഴിലാണ്. കിട്ടുന്ന എലികളെ ചുട്ടുതിന്നുകയാണ് പതിവ്. വാതില്‍ തുറന്ന് തറവാട്ടിലേക്ക് പോകാനിറങ്ങിയ ശങ്കരന്‍ അകലെ കിടക്കുന്ന വലിയൊരു എലിയെ കണ്ടു.
“എടാ, തൊരപ്പന്‍ മാധവാ, എന്തിനാ ഈ എലിയെ ഇവിടെയിട്ടിരിക്കുന്നേ?”
ഉടന്‍തന്നെ തോളില്‍ കിടന്ന തോര്‍ത്തെടുത്ത് വണങ്ങിയിട്ട് പറഞ്ഞു, “ഇപ്പം മാറ്റാം തമ്പ്രാ.”
ശങ്കരന്‍ തറവാട്ടിലേക്ക് പേയി. മാധവന്‍ എലിയെ ഒരു പ്ലാസ്റ്റിക് കവറില്‍ രാത്രിയില്‍ ചുട്ടു തിന്നാനായി പൊതിഞ്ഞ് വരാന്തയുടെ മൂലയില്‍ ഒതുക്കി വച്ചിട്ട് മുറ്റത്തിറങ്ങിനിന്ന് തറവാട്ടിലേക്ക് നോക്കി.
പറമ്പിലെ പ്ലാവില്‍ നിന്നും താഴെ വീണ പഴുത്ത ചക്കയ്ക്ക് ചുറ്റും അതിന്‍റെ അവകാശികളായി ഉറുമ്പും ഈച്ചകളും മത്സരിച്ചു. രണ്ട് കൂട്ടരും ഞാനാണ് അവകാശിയെന്ന് ഭാവത്തില്‍ മത്സരിക്കയാണ്. ഉറുമ്പുകള്‍ ഇഴഞ്ഞ് ചെല്ലുന്നത് കണ്ട് ഈച്ചകള്‍ പറന്നുയരും. മരക്കൊമ്പിലിരുന്ന അണ്ണാറക്കണ്ണന്മാര്‍ ഒളിച്ചുനോക്കി. ചക്കയ്ക്ക് മുകളില്‍ രണ്ടുകൂട്ടരും പോരടിയാണ്. അവിടേക്ക് സിംഹഗര്‍ജനവുമായി വണ്ടുകള്‍ പാഞ്ഞടുക്കുന്നത് കണ്ട് ഈച്ചകള്‍ പറന്നുയര്‍ന്നു. മാധവന്‍ അവിടേക്ക് നോക്കി നില്ക്കുമ്പോഴാണ് ജില്ലാ കോടതി ന്യായാധിപന്‍ സുധാകരന്‍ സമ്പത്ത് മുറ്റത് കാറില്‍ വന്നിറങ്ങിയത്.
മുറ്റത്തു നിന്ന് മാധവന്‍ “തമ്പാ… തമ്പ്രാ…” എന്നുച്ചരിച്ച് തറവാട്ടിലേക്കോടി. അപ്പോഴേയ്ക്കും ശങ്കരന്‍ പുറത്തേക്ക് വന്നിരുന്നു. മാധവന്‍ തോളില്‍ കിടന്ന തോര്‍ത്തെടുത്ത് കൈകൂപ്പി ഓച്ഛാനിച്ചു നിന്നു. ശങ്കരന്‍ വേഗത്തിലെത്തി സമ്പത്തുമായി ഹൃദയവികാരങ്ങള്‍ പങ്കുവച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
നീതിന്യായ വകുപ്പിന്‍റെ വിശ്വാസ്യത സംസ്ഥാനത്ത് ഇപ്പോള്‍ ചോദ്യം ചെയ്യുന്നതിന്‍റെ പ്രധാന കാരണത്തിലൊന്ന് സുധാകനെപ്പോലുള്ള ന്യായാധിപന്മാരുടെ സമൂഹത്തിലെ അവിഹിത കൂട്ടുകെട്ടാണ്. സുപ്രീം കോടതിയിലുള്ള ന്യായാധിപന്മാരുടെ വിധികളെ ജനങ്ങള്‍ പ്രകീര്‍ത്തിക്കുമ്പോള്‍ ചില ന്യായാധിപന്മാരത് ദുര്‍വിനിയോഗം ചെയ്യുന്നു. പണത്തോടുള്ള അടങ്ങാത്ത ദാഹമാണിത്. പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാധ്യമരംഗം. അതും മതരാഷ്ട്രീയത്തിന്‍റെ നിലനില്പിനെ മാനിച്ചു മാത്രം. ശങ്കരനെ സമ്പത്ത് കാണാന്‍ വന്നതിന്‍റെ പിന്നിലുള്ളത് ശങ്കന്‍റെ സുപ്രധാനമായ ഒരു കേസ് കോടതിയില്‍ നടക്കുന്നതാണ്. പാടശേഖരത്തര്‍ക്കവും കേസും തുടങ്ങിയിട്ട് നീണ്ട വര്‍ഷങ്ങളായി. പാട്ടത്തിനെടുത്ത പാടങ്ങള്‍ വിട്ടുകൊടുക്കാന്‍ ശങ്കരന്‍ തയ്യാറല്ല. സ്വന്തം സമുദായത്തിലെ ഒരു മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അടിയന്തിരമായി ശങ്കരനെ കാണാന്‍ സുധാകരന്‍ എത്തിയത്.
കേസിന്‍റെ ന്യൂനതകള്‍ സുധാകരന്‍ വിവരിച്ചു. എന്തു തുക മുടക്കിയും അനുകൂലമായൊരു വിധിയാണ് ആവശ്യമെന്ന് ശങ്കരനും വാദിച്ചു. വരാന്തയില്‍ ബെല്‍ ശബ്ദിച്ചു. മാധവന്‍ പെട്ടെന്ന് തോളില്‍ കിടന്ന തോര്‍ത്തെടുത്ത് കതക് തുറന്ന് ചെന്ന് കൈ കൂപ്പി നിന്നു. അകത്ത് നടക്കുന്നത് കേസ് വിസ്താരമെന്ന് മാധവനറിയില്ല. അല്ലെങ്കിലും അകത്തേ കാര്യങ്ങള്‍ മാധവന്‍ ശ്രദ്ധിക്കാറില്ല. മണ്ടനായ തനിക്കതിനുള്ള യോഗ്യതയില്ലെന്നുമറിയാം.
ശങ്കരന്‍റെ കണ്ണുകള്‍ മാധവനിലമര്‍ന്നു. “മാധവാ, നീ ചെന്ന് കഴിക്കാനുള്ളതൊക്കെ എടുത്തിട്ട് വാ”.
പറഞ്ഞുതീരുംമുമ്പെ മാധവന്‍ കാല്‍ വലിച്ച് തറവാട്ടിലേക്ക് നടന്നു. തറവാട്ടിലെത്തി തമ്പുരാട്ടിയോട് കാര്യമറിയിച്ചു. ശങ്കരന്‍ ഭാര്യയോട് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. വലിയൊരു പാത്രത്തില്‍ വറുത്ത കോഴിക്കാലുകള്‍, അച്ചാര്‍, മീന്‍ പൊരിച്ചത്, ഉള്ളി കഷണങ്ങള്‍, നാരങ്ങ മുതലായവ എടുത്തു കൊടുത്തു. അത് കഴിഞ്ഞാലുടന്‍ ഉച്ചയ്ക്കുള്ള ഭക്ഷണവും ഇവിടുന്നാണെന്നാണ് അറിയിച്ചിട്ടുള്ളത്.
മാധവന്‍ അത്യാര്‍ത്തിയോടെ ഒരു പാത്രം നിറയെ ഇരിക്കുന്ന കോഴിക്കാലുകളെ നോക്കി. ഒരു കഷണം കഴിക്കണമെന്നുണ്ട്. തിടുക്കത്തില്‍ നടന്ന് വരാന്തയിലെത്തി രണ്ട് പാത്രങ്ങളും മേശപ്പുറത്ത് വച്ചു. ഒരു പേപ്പര്‍ എടുത്ത് ഒരു കഷണം അതില്‍ പൊതിഞ്ഞ് ഒളിച്ചു വച്ചിട്ട് അകത്തേക്കു ചെന്നു.
ഓഫീസ് മുറിയില്‍ ആരെയും കണ്ടില്ല. ഇവര്‍ എവിടെ പോയി. അപ്പോഴാണ് ശങ്കരന്‍റെ വിളി കാതില്‍ പതിഞ്ഞത്. അവര്‍ അകത്തേ മുറിയിലാണ്. വേഗത്തില്‍ അവിടേക്ക് ചെന്നു. തീന്‍ മേശക്ക് മുന്നില്‍ ഏതാനും വിദേശ കുപ്പികള്‍ നിരന്നിരിക്കുന്നു. ഒരല്പം അകത്താക്കണമെന്ന് മാധവനും തോന്നി. പലപ്പോഴും ഈ മുറിക്കുള്ളില്‍ മദ്യപാര്‍ട്ടികള്‍ നടക്കാറുണ്ടെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാകാറില്ല. കാലിക്കുപ്പികളാണ് ലഭിക്കുക. അതില്‍ വെള്ളമൊഴിച്ച് കുടിച്ചാണ് ആഗ്രഹമടക്കുക.
ഇന്നെങ്കിലും ഒരല്പം ബാക്കി കിട്ടണമേയെന്ന പ്രാര്‍ത്ഥനയോടെ പുറത്തേക്ക് നടക്കാനൊരുങ്ങുമ്പോള്‍ അറിയിച്ചു. “ഡ്രൈവര്‍ക്ക് തറവാട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്ക്.”
അനുസരണയുള്ള കുട്ടിയെപ്പോലെ മാധവന്‍ പുറത്തേക്ക് പോയി. എ.സി. മുറിയില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ നല്ല ചൂട് അനുഭവപ്പെട്ടു. ഡ്രൈവര്‍ കാറിലിരുന്ന് എന്തോ വായിക്കുകയായിരുന്നു. ഡ്രൈവറെ വിളിച്ചിട്ട് തറവാട്ടിലേക്ക് വേഗത്തിലെത്തി ചുറ്റുപാടുകള്‍ കണ്ണോടിച്ചിട്ട് കോഴിക്കാലുകള്‍ കടിച്ചു മുറിച്ചു തിന്നു. ചേര തവളയെ വിഴുങ്ങുന്ന ഒരനുഭവമാണ് ഉണ്ടായത്.
കരുണ്‍ പഞ്ചായത്ത് മെമ്പര്‍ ആയതിന് ശേഷം നാട്ടുകാരില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. ജനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രതിഷേധങ്ങള്‍ നടത്തി. കിരണ്‍ ഒരാത്മ പങ്കാളിയെന്ന വിധത്തില്‍ ആകാംക്ഷയോടെ ഫോണില്‍ വിളിച്ച് ഓരോരോ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അവളുടെ ഭയം മുഴുവന്‍ കരുണ്‍ മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കുമോ എന്നുള്ളതായിരുന്നു. അതുകൊണ്ടാണവള്‍ മണ്ണിനെ ഉഴുതുമറിക്കുന്നതുപോലെ അവനെ ഉഴുതുമറിച്ചുകൊണ്ടിരിക്കുന്നത്. അവന്‍ മഞ്ഞുമൂടിയ ആകാശത്തേക്കു നോക്കി. എല്ലാം വെറും നിറങ്ങളുള്ള ചിത്രങ്ങള്‍ മാത്രം. വിവിധ നിങ്ങളാല്‍ പൊതിയപ്പെട്ട് തിളങ്ങുന്ന ആകാശം. ഈ ആകാശത്തിന് ദുഃഖവും കണ്ണുനീരുമില്ലേ. അവര്‍ ദുഃഖിതരെങ്കിലും വെളിച്ചത്തിന്‍റെ മുഖമുദ്രയാണ് കാണാന്‍ കഴിയുന്നത്. അവരുടെ ഭീകരമുഖം തെളിയുന്നത് ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ മാത്രമാണ്. തന്‍റെ ജീവിതവും മഞ്ഞുമൂടിക്കിടക്കുന്ന ആകാശം പോലെയാണ്.
ലണ്ടനില്‍ പോയിട്ടും അവള്‍ തന്നെ മറക്കാന്‍ തയ്യാറായിട്ടില്ല. എനിക്കായി എന്തും ത്യജിക്കാന്‍ തയ്യാറുള്ളവള്‍. സ്നേഹത്തിന്‍റെ മറ്റൊരു മുഖമാണ് അവള്‍. സ്നേഹിക്കുന്നവര്‍ ഇണക്കിളികളെ പോലെയാണ്. സ്നേഹത്തിന്‍റെ തീജ്വാലയില്‍ വെന്തുരുകി മരിക്കാനാണവരുടെ ആഗ്രഹം. അവളുടെ സ്നേഹം ക്ഷണികമാണെന്ന് തെറ്റിദ്ധരിച്ച തന്നിലും അത് അനുരാഗമായി വളരുകയാണോ? അവളുടെ വാക്കുകള്‍ മനസ്സില്‍ മാധുര്യം തുടിച്ചു നില്ക്കുന്നത് എന്താണ്? ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ അവളെന്നെ ചുറ്റി വരിയുന്നത് എന്തിനാണ്. യജമാനന്‍റെ മകളെ അടിയാന്‍ പ്രണയിക്കുക. ഒരിക്കലും പൊരുത്തപ്പെടാത്ത കാര്യങ്ങള്‍. ഇതൊക്കെ അവരറിഞ്ഞാല്‍ വെറുപ്പും വിദ്വേഷവും ദേഷ്യവുമല്ലാതെ എന്താണുണ്ടാകുക.
ജീവനും ജീവിതവും തന്നവന്‍റെ മകളെ സ്വന്തം കൈകളിലൊതുക്കി ആശ്വസിക്കാന്‍ എന്നോപ്പോലെയുള്ളവനാകില്ല. അത് സ്വാര്‍ത്ഥതയുടെ ലക്ഷണമാണ്. ഇന്നുവരെ ആ കുടുംബത്തില്‍ നിന്ന് ലഭിച്ചിട്ടുള്ളത് സ്നേഹവും കരുതലും മാത്രമാണ്. അത് പൊട്ടിച്ചെറിയുവാനാകില്ല. അത് ഹൃദയബന്ധമാണ്. അതെങ്ങനെ നൊമ്പരമാകും. ഇന്നുവരെ ജീവിച്ചത് ആ സന്തോഷത്തിലാണ്. അവളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ട്. അതൊന്നും ചെവിക്കൊള്ളാന്‍ അവള്‍ തയ്യാറായിട്ടില്ല. ലണ്ടനില്‍ പോയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പ്രണയം അവളില്‍ തുടിക്കുകയാണ്. ഒരു സേവകനായ എന്‍റെ കടമ യജമാനന്‍റെ ഇച്ഛ നടപ്പാക്കുകയാണ്. അവളും യജമാനത്തിയെപ്പോലെ ആജ്ഞാപിക്കുകയാണ്. സേവകനോട് ദാക്ഷിണ്യം കാട്ടേണ്ട കാര്യമൊന്നും അവനില്ല. വെറുതെയിരിക്കുമ്പോള്‍ ഈ ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്.
അവള്‍ ഒരു സ്വര്‍ണനാണയം തനിക്കുനേരെ നീട്ടുമ്പോള്‍ താനെന്തിനാണ് അതിനെ കള്ളനാണയമായി കരുതുന്നത്. മനസ്സാകെ പതറുകയാണ്. ഉചിതമായ ഒരു തീരുമാനമെടുക്കാനാവുന്നില്ല.
പറമ്പിലെ ഔഷധച്ചെടികളും തേക്കും മറ്റും കിളച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍റെയടുത്തേക്ക് വടിയുമൂന്നി ബിന്ദു വന്നത്.
അമ്മ ഊഷ്മളമായ സ്നേഹത്തോടെ അവനെ നോക്കി ചോദിച്ചു, “നീ വലിയ കാര്യത്തില്‍ ഓരോരോ വീടുകളില്‍ ഇത് നട്ടുകൊടുക്കുമ്പോള്‍ അത് വളരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാറുണ്ടോ?”
അമ്മയുടെ ജീവിതം ഉണങ്ങി വരണ്ടുപോയതുപോലെ സസ്യങ്ങള്‍ ഉണങ്ങി വരണ്ടുപോകാന്‍ അമ്മ ആഗ്രഹിക്കുന്നില്ല. ഈ മണ്ണും പെറ്റമ്മയ്ക്ക് തുല്യമാണ്. അവിടെ വളരുന്ന സസ്യങ്ങള്‍ മണ്ണിന്‍റെ മക്കളുപം. അത് മനുഷ്യന്‍റെ പോറ്റമ്മയാണ്. ഈ മണ്ണില്‍ പെറ്റുവളരുന്ന ഒരു ജീവനും ഉണങ്ങിക്കരിഞ്ഞുപോകാന്‍ ഭൂമിദേവി ആഗ്രഹിക്കുന്നില്ല. അത് സന്തോഷത്തിന്‍റെ നിര്‍വൃതിയും സ്നേഹത്തിന്‍റെ നനവുമാണ്. ഭൂമിദേവി ഈ മണ്ണിന്‍റെ മാറില്‍ നിക്ഷേപിച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍പോലും മനുഷ്യന് ഭക്ഷിക്കാനുള്ളതാണ്.
പെറ്റമ്മ തന്‍റെ കുഞ്ഞിന് നിറുകയില്‍ ചുംബനം കൊടുക്കുന്നതുപോലെ പ്രകൃതിയില്‍ നിന്നുള്ള എന്തെല്ലാം വിഭവങ്ങളാണ് ഓരോരോ ചുംബനങ്ങളായി മനുഷ്യന് ലഭിക്കുന്നത്. അമ്മയും കുഞ്ഞും പോലുള്ള ബന്ധമാണ് മനുഷ്യനും മണ്ണും തമ്മില്‍. മനുഷ്യനെ വളര്‍ത്തുന്ന മണ്ണിനോട് നാം നീതി പുലര്‍ത്തുന്നുണ്ടോ? പ്രകൃതിയുടെ സൂക്ഷിപ്പുകാരായി മാറിയ മനുഷ്യന്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി പ്രകൃതിയെ ചൂഷണം ചെയ്തു തുടങ്ങിയിരിക്കുന്നു.
നീണ്ടു നിവര്‍ന്നു കിടക്കുന്ന പുഞ്ചപ്പാടത്തേക്ക് നോക്കിയിട്ട് ബിന്ദു വടിയൂന്നി അടുത്ത വീട്ടിലേക്ക് നടന്നു. അയല്‍പക്കത്തുള്ള വീട്ടുകാരുടെ സ്ഥലങ്ങളിലും ഓരോരോ വിത്തുകളും തൈകളും കരുണ്‍ നട്ടിട്ടുണ്ട്. ഒരു വീടിന് ഒരു തൈ എന്ന കണക്കില്‍ നട്ടുകൊടുക്കുകയാണ് കരുണിന്‍റെ പതിവ്. പച്ചക്കറികളും പച്ചിലകളും അവന്‍റെ അടുത്ത സുഹൃത്തുക്കളാണ്. പ്രകൃതിയുടെ പ്രതിനിധിയെന്നാണ് നാട്ടുകാര്‍ അവനെ വിളിക്കുന്നത്. ഇളക്കിയെടുത്ത മരത്തൈകള്‍ ഒരു കുട്ടയിലാക്കി സൈക്കിളില്‍ കെട്ടിവച്ച് റോഡിലേക്കിറങ്ങി.
പോകുന്നതിനിടയില്‍ അടുത്ത വീട്ടിലിരിക്കുന്ന അമ്മയെ വിളിച്ചു പറഞ്ഞു, “അമ്മേ ഞാന്‍ പോകുന്നു.”
ഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയിലും മറ്റു വീടുകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിലായിരുന്നു അവന്‍റെ ശ്രദ്ധ. എതിര്‍ സ്ഥാനാര്‍ത്ഥികളൊക്കെ ധാരാളം പ്രചരണ തന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അവനാകട്ടെ സ്വന്തം സൈക്കിളില്‍ ഓരോരോ വീടുകളിലെത്തി തനിക്ക് വോട്ടു തരണമെന്ന് അഭ്യര്‍ത്ഥിച്ചു. മതതീവ്രതയുള്ള മനുഷ്യര്‍പോലും അവനാണ് വോട്ടു നല്കാന്‍ തയ്യാറായത്. പഞ്ചായത്തിലോ ഓരോരോ വീടുകളിലും ഓരോരോ മരങ്ങള്‍ വച്ചുപിടിക്കയാണ് അവന്‍റെ ലക്ഷ്യം.
ഒരു വീട്ടില്‍ പറമ്പില്‍ കുഴിയെടുത്ത് വൃക്ഷത്തെ നട്ടു വെള്ളമൊഴിച്ചുകൊണ്ടിരുന്നപ്പോള്‍ വീട്ടിലെ കാരണവര്‍ സുകുമാരന്‍ സ്വന്തം മക്കളെ വേദനയോടെ ഓര്‍ത്തു. അവരൊക്കെ മോട്ടോര്‍ വാഹനങ്ങളില്‍ പണമുണ്ടാക്കാനുള്ള ബദ്ധപ്പാടിലാണ്. പ്രകൃതിയുടെ ജീവന്‍ നിലനിറുത്താന്‍ ഇതുപോലെ എത്രയുവാക്കള്‍ മുന്നോട്ടു വരുന്നുണ്ട്. അവര്‍ക്ക് മരത്തിന് കോടാലി വെക്കാനല്ലേ അറിയൂ. അവനറിയുന്നില്ല അവനും ഫലം കായ്ക്കാത്ത വിഷമായി മണ്ണില്‍നിന്ന് വന്നതുപോലെ മണ്ണിലേക്ക് പോകുമെന്ന്. മനുഷ്യനായാലും വൃക്ഷങ്ങളായാലും നല്ല ഫലം തരണം. ഇല്ലെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനം.
സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന ഫോണ്‍ ശബ്ദിച്ചു. ലണ്ടനില്‍ നിന്ന് കിരനാണ്.
“ഹലോ കരുണ്‍, എന്തുണ്ട് വിശേഷം?”
പ്രണയപരവശതയോടെയാണവള്‍ സംസാരിക്കുന്നത്.
“സത്യത്തില്‍ കരുണിനെ ഞാന്‍ ഒത്തിരി മിസ് ചെയ്യുന്നു. കാണാനുള്ള തിടുക്കമാണ്.”
ദൂരെയിരുന്നവളെ കുറ്റപ്പെടുത്താനോ നിരുത്ഹാസപ്പെടുത്താനോ താല്പര്യമില്ല. അതവളുടെ മനസ്സിനെ മാത്രമല്ല പഠനത്തെയും ബാധിക്കും. അവളുടെ പരാതി കേട്ടാല്‍ തോന്നും താനവളുടെ കാമുകനാണെന്ന്. അതല്ലെന്ന് ബോധ്യപ്പെടുത്തി കൊടുത്തതുമാണ്.
അവളുടെ ശ്രദ്ധ തിരിക്കാനായി ചോദിച്ചു, “പഠനമൊക്കെ എങ്ങിനെ പോകുന്നു?”
“നമ്മുടെ നാട്ടിലേതുപോലെ റാഗിംഗ് ഇവിടെയില്ല. ഇവിടുത്തെ പഠനരീതികളും വ്യത്യാസമാണ്. ആരും കാണാപാഠം പഠിച്ച് പരീക്ഷയെഴുതാറില്ല. അധ്യാപകന്‍ ഒരു വിഷയം തന്നാല്‍ ആതൊരു പ്രൊജക്ടായി കുട്ടികള്‍ തന്നെ തയ്യാറാക്കണം. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ക്ലാസ്സുകളിലുണ്ട്. കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിദ്യാഭ്യാസമാണ് നടക്കുന്നത്. പതിനെട്ടു വയസുവരെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ആദ്യമായി ക്ലാസ്സില്‍ വരുന്ന കുട്ടികളെ പഠിപ്പിക്കുന്നത് എങ്ങിനെ ക്ലാസ്മുറികള്‍ വൃത്തിയാക്കണമെന്നാണ്. പറഞ്ഞാല്‍ തീരില്ല കരുണ്‍. നല്ല നല്ല പഠനാനുഭവങ്ങളാണ് കാണാന്‍ കഴിയുന്നത്. നീ മെമ്പര്‍ ആയപ്പോള്‍ തിരക്കായിരിക്കുമല്ലോ അല്ലെ.”
“അതെ കിരണ്‍. തിരക്കു തന്നെയാണ്. എന്‍റെ ആദ്യത്തെ ദൗത്യം ഈ പഞ്ചായത്തിലെ ഓരോ വീട്ടിലും വൃക്ഷത്തൈകള്‍ വച്ചുപിടിക്കയാണ്. അവിടുത്തെ വിദ്യാഭ്യാസംപോലെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഗുണപരമായ ഒരു മാറ്റത്തിനാണ് ഞാനും ശ്രമിക്കുന്നത്. ചൂടില്‍ നിന്ന് രക്ഷപെടാനും പ്രകൃതിയെ സംരക്ഷിക്കാനും തണല്‍ മരങ്ങള്‍ ആവശ്യമാണ്. ഈ പദ്ധതിയുടെ ഭാഗമായി ഞാനിപ്പോള്‍ ഓരോരോ വീടുകളില്‍ കയറിയിറങ്ങുകയാണ്. കാറിലിരുന്ന് സഞ്ചരിക്കുന്നവരും വഴിയാത്രക്കാരും അവനെ കണ്ട് വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്.”
അവന്‍റെ വാക്കുകളില്‍ ലയിച്ചിരുന്ന കിരണിനോട്, “ഹലോ, ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, “പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ട്. നിന്‍റെ ശബ്ദം വാക്കുകള്‍ എല്ലാം എനിക്ക് മധുരം തന്നെയാണ്. അലച്ചിലുകളില്ലാതെ പഠിക്കാനും കിടന്നുറങ്ങാനും കഴിയുന്നത് അതുകൊണ്ടാണ്. ഞാന്‍ ഗാഢനിദ്രയിലാണെങ്കില്‍പോലും നിന്‍റെശബ്ദം കേട്ടാല്‍ ഉണര്‍ന്നുവരും. ഇനിയും നിന്നെ ശല്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.”
ആ കൂട്ടത്തില്‍ ചോദിച്ചു, “ഇപ്പോഴും കരണ്ടുകട്ടുണ്ടോ കരുണ്‍?”
“അത് മുറപോലെ നടക്കുന്നുണ്ട്. അവിടെയുണ്ടോ ഈ പ്രതിഭാസം?”
“ഹേയ് ഇവിടെ വെള്ളത്തിനും വെളിച്ചത്തിനും ഒരു പഞ്ഞവുമില്ല. പിന്നെ ഒരു കാര്യം. ഞാനെപ്പോഴും ഒരു നിഴലായി ഒപ്പമുണ്ടെന്നുള്ള കാര്യം മറക്കേണ്ട.”
ചെറുപുഞ്ചിരിയോടെയവള്‍ ഒരു ചുംബനം കൊടുത്ത് ഫോണ്‍ വച്ചു.
അവന്‍ സ്വയം ചോദിച്ചു. ഈ പ്രണയരോഗത്തിന് എത്രനാളത്തെ ആയുസ്സാണ് ഉള്ളത്.
അവന്‍ ഒരു നെടുവീര്‍പ്പോടെ അടുത്ത വീട്ടിലേക്ക് കയറി. കുശലങ്ങള്‍ പങ്കുവച്ചു. വീട്ടില്‍ ഒരു യൂക്കാലി മരം നടാന്‍ അനുവാദം തരണമെന്നറിയിച്ചു. പ്രൊഫസര്‍ സന്തോഷത്തോടെ പറഞ്ഞു, “ഔഷധമരമല്ലേ. അത് വീടിന് മുന്നില്‍ തന്നെ വളരട്ട്.”
അത് കുഴിച്ചുവയ്ക്കാനുള്ള സ്ഥലം കാണിച്ചു കൊടുത്തു. ഏലിയാസ് കിണറ്റില്‍ നിന്ന് ഒരു തൊട്ടി വെള്ളം കോരിയെടുത്ത് ബക്കറ്റിലാക്കി അവന്‍റെ അടുത്തേക്കു വച്ചു. കുഴിയെടുക്കുന്ന നോക്കിനിന്ന ഏലിയാസിന് അവനോട് സ്നേഹം മാത്രമല്ല ആദരവും അനുകമ്പയും തോന്നി. മരങ്ങള്‍ വളരാതെ മനുഷ്യര്‍ മാത്രം വളര്‍ന്നിട്ട് എന്ത് ഫലമാണുള്ളത്.
അവനോടും പറഞ്ഞു, “നിന്‍റെ പേര് ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നിന്നെപ്പോലുള്ള കുട്ടികള്‍ വളര്‍ന്നുവരണം. ആ നാടും നാട്ടുകാരും ഒരിക്കലും നശിക്കില്ല. ഞങ്ങള്‍ നിന്‍റെ വാര്‍ഡല്ലെങ്കിലും നിന്നെപ്പറ്റി മക്കള്‍ ഇവിടെ പറയാറുണ്ട്. ഇതൊക്കെ ചെയ്യാന്‍ നിനക്ക് പ്രചോദനം തരുന്നത് ആരാണ്? നിന്നെപ്പോലെ അര്‍പ്പണബോധമുള്ള പിള്ളാരെ കാണുമ്പോള്‍ എനിക്കഭിമാനമാണ്. സ്വന്തം ദേശത്തെ സ്നേഹക്കുക ദേശം നന്നായി കാണണമെന്ന് ആഗ്രഹിക്കുക.”
അവന്‍ ആ മുഖത്തേക്കു നോക്കി സ്നേഹപൂര്‍വ്വം പറഞ്ഞു, “ഇതിനൊക്കെ എനിക്ക് മാര്‍ഗ്ഗദീപം ചാരുംമൂടന്‍ സാറാണ്. പ്രപഞ്ചനാഥന്‍റെ ഔദാര്യമാണ് നമ്മളെന്നും സാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ആ പ്രപഞ്ചനാഥനെ മനുഷ്യര്‍ ആരാധിക്കുമ്പോള്‍, ധ്യാനിക്കുമ്പോള്‍ നമ്മുടെ ജീവന്‍ നിലനിറുത്തുന്ന പ്രകൃതിയെ നമ്മള്‍ ആരാധിച്ചില്ലെങ്കിലും സ്നേഹിക്കേണ്ടതല്ലേ. എന്തിന് മുറിവ് നല്കണം. ഇത് പ്രകൃതിയോടുള്ള എന്‍റെ ചെറിയൊരു ആരാധനയാണ്. ഈ തൈകള്‍ നടുന്നത് ഞാന്‍ ഭൂമിദേവിക്ക് കൊടുക്കുന്ന പ്രസാദമാണ്. ഈ കുഞ്ഞുമരം ഒരു കുഞ്ഞ് വളരുന്നതുപോലെ വളരട്ടെ. അത് ആകാശത്തോളം വളര്‍ന്ന് നമുക്ക് ഫലങ്ങള്‍ തരട്ടെ. മനുഷ്യരെപ്പോലെ മറ്റൊരു ജീവിയെയും അവര്‍ ഉപദ്രവിക്കുന്നില്ല, വേദനിപ്പിക്കുന്നുമില്ല. എന്‍റെ അഭിപ്രായത്തില്‍ മനുഷ്യരെക്കാള്‍ നന്മയും സത്യവുമുള്ളവരാണ് മരങ്ങള്‍. ദുഷ്ടമനസ്സുള്ള മനുഷ്യരെപ്പോലെ കൊടുങ്കാറ്റടിച്ചും വെട്ടിമുറിച്ചും തകര്‍ക്കാതിരുന്നാല്‍ മതി.”
പ്രൊഫസര്‍ അകത്തേക്കു ചെന്ന് ഒരു അഞ്ഞൂറിന്‍റെ നോട്ടുമായി പുറത്തുവന്നു. കൈകള്‍ കഴുകിയിട്ട് ആ വെള്ളം അതിന്‍റെ ചോട്ടില്‍ ഒഴിച്ചിട്ട് പറഞ്ഞു. രണ്ട് ദിവസത്തിലൊരിക്കല്‍ അല്പം വെള്ളം തളിച്ചു കൊടുക്കണം. ചൂടുകാലത്ത് തണലുകൊടുക്കുന്നതും നല്ലതാണ്. അവന്‍ യാത്ര പറഞ്ഞ് സൈക്കിള്‍ എടുക്കാന്‍ തിരിഞ്ഞപ്പോള്‍ കയ്യിലിരുന്ന നോട്ട് അവന്‍റെ കൈയില്‍ വച്ചു കൊടുത്തു.
“ഇത് ഈ അമ്മയുടെ സന്തോഷത്തിന് തരുന്നതാ. നീ ഈ നാടിന് ഒരു സന്ദേശം തന്നെയാണ്.”
അവന്‍ ആഹ്ലാദത്തോടെ നിമിഷങ്ങള്‍ നോക്കി നിന്നു. പിന്നെ, സ്നേഹാദരങ്ങളോടെ തന്നെ ആ പണം നിരസിച്ചു സൈക്കിളുരുട്ടി നടന്നു മറഞ്ഞു.
മനസ്സിന്‍റെ കോണില്‍ ഒരാനന്ദം. പ്രകൃതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രൊഫസറും അത്യധികം ആഗ്രഹിക്കുന്നു. കരുണിന്‍റെ ഈ സമര്‍പ്പണമനോഭാവം ഹൃദയത്തെ സന്തോഷിപ്പിക്കുക തന്നെ ചെയ്തു. സ്വന്തം മനസാക്ഷിയെ തൊട്ടുണര്‍ത്തിയ അനുഭവം. അവന്‍റെ അതേ വികാരമാണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നത്. ഇത്രയും നാളുകള്‍ ഈ മണ്ണില്‍ ജീവിച്ചിട്ട് ഒരു പ്ലാവിന്‍ തൈ പോലും വച്ചു പിടിപ്പിക്കാന്‍ മനസ്സുണ്ടായില്ലല്ലോ. അതിന് തൃപ്തികരമായ ഒരു മറുപടി കണ്ടെത്താന്‍ ഏലിയാമ്മയ്ക്ക് ആയില്ല. അതിന് പരിഹാരമായി ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ വീടുകളില്‍ മരങ്ങള്‍ നട്ടുവളര്‍ത്തണമെന്ന് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നുതന്നെ ഏലിയാമ്മ പഠിച്ചു.
മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തിന് മുന്നില്‍ എത്രയോ പേരുടെ അധ്വാനമാണുള്ളത്. അധ്വാനിക്കുന്ന കൃഷിക്കാര്‍ ഈശ്വരന് തുല്യരാണ്. സമ്പന്നരായവര്‍ സുഖവാസജീവിതം നയിക്കുമ്പോള്‍ യേശുക്രിസ്തു കണ്ടെത്തിയത് അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയുമാണ്.
വാക്കിനേക്കാള്‍ കര്‍മ്മത്തിനാണ് പ്രാധാന്യമെന്ന് അവന്‍ പഠിച്ചിരിക്കുന്നു. മനുഷ്യര്‍ നല്കുന്ന പരമോന്നത പദവിയെക്കാള്‍ എത്രയോ പരമപ്രാധാന്യം നിറഞ്ഞ ഒരു പദവിയാണ് അവന്‍ വഹിക്കുന്നത്. മണ്ണിന്‍റെ നെടുംതൂണാണവന്‍. എല്ലാം പ്രകൃതിയുടെ കടാക്ഷം എന്നോര്‍ത്ത് നില്ക്കുമ്പോഴാണ് വീട്ടിലേക്ക് മകന്‍റെ കാര്‍ വരുന്നത് കണ്ടത്.
സെക്കിളില്‍ മുന്നോട്ടുപോയ കരുണിന്‍റെ ഫോണ്‍ ശബ്ദിച്ചു. സൈക്കിളില്‍ നിന്നുമിറങ്ങി ഫോണില്‍ സംസാരിച്ചു. പുതിയതായി രൂപംകൊടുത്ത കേരളദേശം സംഘടനയുടെ കണ്‍വീനര്‍ ജോസഫാണ്. സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
സ്വന്തം പഞ്ചായത്തിനെ അഴിമതി മുക്തമാക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കുക, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക. മാതൃഭാഷയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുക, മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്ക, സാമൂഹ്യപുരോഗതിക്കായി മുന്നോട്ടു വരിക, സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ സുപ്രധാനമായ തീരുമാനങ്ങളാണ് കേരളദേശം മുന്നോട്ടു വയ്ക്കുന്നത്.
പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും നാലുപേരടങ്ങുന്ന ഒരു കര്‍മ്മസേ അവര്‍ രൂപീകരിച്ചു കഴിഞ്ഞു. നൂറ്റാണ്ടുകളായി തടവുകാരനുഭവിക്കുന്ന ദുരിതങ്ങള്‍ പോലെയാണ് പാവങ്ങളായ മനുഷ്യര്‍ ശിക്ഷകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതെന്ന് യുവതിയുവാക്കള്‍ മനസ്സിലാക്കി കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രി, പോലീസ് ഇവിടെയെല്ലാം കര്‍മ്മസേനയുടെ സാന്നിദ്ധ്യം നീതി ലഭ്യമാക്കുന്നതി നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. നാട്ടുകാര്‍ക്കത് ഉണര്‍വ്വും ഉന്മേഷവും നല്കി. അക്ഷരമാല പഠിക്കുന്നതുപോലെ പലയിടത്തും അവര്‍ ഓരോരോ വിഷയങ്ങളില്‍ പാഠ്യപദ്ധതികള്‍ തയ്യാറാക്കി ജനങ്ങളെ ബോധവത്ക്കരിച്ചുകൊണ്ടിരുന്നു. അതിലെല്ലാം ചാരുംമൂടനും പ്രമുഖ അഭിഭാഷകരും സാമൂഹ്യ പരിതസ്ഥിതി പ്രവര്‍ത്തകരും ആരോഗ്യരംഗത്ത് നിന്നുള്ളവരും പങ്കെടുത്തു. ഈ നേട്ടത്തിനെല്ലാം നേതൃത്വം നല്കിയത് കരുണായിരുന്നു. വിവിധ ക്ലാസ്സുകളില്‍ പങ്കെടുത്തവരെയും ആത്മവിശ്വാസവും ധൈര്യമുള്ളവനായി മാറി. ഇത് ഗുണപപരമായ ഒരു മാറ്റമെന്നും സമൂഹത്തില്‍ സഹകരണവും കാര്യക്ഷമതയും പ്രതീക്ഷകളും വളര്‍ത്തികൊണ്ടുവരാന്‍ സഹായകമാകുമെന്ന് മാധ്യമങ്ങളുമെഴുതി കരുണിനെ പ്രോത്സാഹിപ്പിച്ചു. കര്‍മ്മസേനയുടെ ശക്തമായ ഇടപെടല്‍ മൂലം പല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ശത്രുക്കളായി മാറിക്കൊണ്ടിരുന്നു.
കരുണ്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സൈക്കിള്‍ വച്ചിട്ട് അകത്തേക്കു ചെന്നു. എല്ലാവരും കണ്ണുകള്‍ മിഴിച്ച് പഞ്ചായത്ത് ക്ലാര്‍ക്കിനെ നോക്കുന്നു. അയാളാകട്ടെ അയാളുടെ കനത്ത മീശയൊന്ന് തടവിയിട്ട് മുന്നില്‍ നിന്നവരെ ഗൗരവത്തിലെടുക്കാതെ എന്തോ എഴുതുന്നു. പരാതിക്കാരിയായ ഒരു പാവം സ്ത്രീ അയാളുടെ കാരുണ്യത്തിനായി കാത്തു നില്ക്കുന്നു. എന്‍ജിനീയറിംഗ് ബിരുദധാരിയായ ജോസഫ് കരുണിനോട് കാര്യങ്ങള്‍ വിവരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി അച്ഛന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇവിടെ കയറിയിറങ്ങുന്നു. ക്ലാക്കിന്‍റെ മറുപടി നാളെ വാ….നാളെ വാ… ഇന്നല്പം തിരക്കാണ്.
കൈക്കൂലി കൊടുക്കന്നവരൊക്കെ അവരുടെ കാര്യങ്ങള്‍ നടത്തി പോകുന്നുണ്ട്. കൈക്കൂലി കൊടുക്കാത്തവരെ തട്ടി കളിക്കുന്നുവെന്ന് മനസ്സിലാക്കിയ കരുണ്‍ അയാളുടെ അടുക്കല്‍ സ്ത്രീയുടെ അപേക്ഷയുമായി ചെന്നിട്ട് ചോദിച്ചു, “സാറെ ഈ സ്ത്രീ മരണസര്‍ട്ടിഫിക്കേറ്റിനായി മൂന്നാമത്തെ ദിവസമാണ് ഇവിടെ വരുന്നത്. ഇതൊന്ന് എഴുതി കൊടുക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ?”
അയാള്‍ മുഖമുയര്‍ത്തി ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു. ഇവനുമായി ഒരു തര്‍ക്കത്തിന് നില്ക്കുന്നത് നല്ലതല്ല. ഒരു ആയിരം രൂപ പ്രതീക്ഷിച്ചതാണ്. അത് നഷ്ടമായി. ഇവനെപ്പോലെ കുറച്ചുപേര്‍ ഇറങ്ങിതിരിച്ചാല്‍ ഇന്‍ഡ്യാ മഹാരാജ്യം രക്ഷപെടുമോ? ഇപ്പോള്‍ ജോലിയോടുള്ള ഉത്തരവാദിത്വമാണ് പ്രധാനം. എത്രയും വേഗത്തില്‍ അതങ്ങ് എഴുതിക്കൊടുക്കുന്നതാണ് നല്ലത്. തെറ്റിദ്ധാരണകള്‍ക്ക് ഇടം കൊടുക്കരുത്. കഴിഞ്ഞമാസം ഇവന്‍ കളക്ടറെ കാണാന്‍ പോയതും മനസ്സിലേക്ക് ഓടിയെത്തി. ഇപ്പോള്‍ പിടിച്ചു നില്ക്കാനുള്ള ഏകമാര്‍ഗ്ഗം എഴുതികൊടുക്കുക തന്നെ.
പേപ്പര്‍ വാങ്ങിയിട്ട് പറഞ്ഞു, “കഴിഞ്ഞ ദിവസങ്ങളില്‍ ഓഡിറ്റുമായി ബന്ധപ്പെട്ട് അല്പം തിരക്കിലായിപ്പോയി.”
ആ മറുപടി കരുണിന് തൃപ്തികരമായിരുന്നില്ല. അയാള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതുകൂടി പറഞ്ഞിട്ട് പോകാം. കര്‍മ്മസേനയുടെ കാല്പാടുകള്‍ ഇവിടയുള്ളവരും അറിഞ്ഞിരിക്കേണ്ടതായുണ്ട്.
ജോസഫിനെ നോക്കി ബാക്കി പറയാന്‍ കണ്ണുകാണിച്ചു, “എന്തായാലും ഒരു കാര്യം പറഞ്ഞേക്കാം. ഓഡിറ്റെന്ന് ഒഴിവുകഴിവു പറഞ്ഞ് ഇതില്‍ നിന്ന് തലയൂരാമെന്ന് കരുതരുത്. ഇതത്ര നിസ്സാരമായിട്ടുള്ള കാര്യമല്ല. എന്തെങ്കിലും അത്യാവശ്യവുമായി വരുന്നവരെ ബുദ്ധിമുട്ടിക്കുന്നത് എത്രയോ വര്‍ഷങ്ങളായി കാണുന്നു. ഇനിയും ഇതാവര്‍ത്തിക്കുന്നതു കണ്ടാല്‍ കര്‍മ്മസേന വെറുതെയിരിക്കുമെന്ന് കരുതേണ്ട.”
അവിടെയിരുന്നവര്‍ അന്യേന്യം തുറിച്ചു നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. ഉള്ളില്‍ പറഞ്ഞു, മറ്റുള്ളവര്‍ക്ക് പാരകളായി വന്നിരിക്കുന്നു, നാടു നന്നാക്കാന്‍. അവര്‍ക്ക് ഒരു താക്കീതുകൂടിയായിരുന്നു. ഇവന്മാരുടെ കണ്ണില്‍പെട്ടാല്‍ അപകടമെന്നാണ് ആ പറഞ്ഞതിന്‍റെ അര്‍ത്ഥം. നിത്യവും പോക്കറ്റില്‍ അഞ്ഞൂറും ആയിരവും വീഴുന്നത് നിന്നുപോകുന്നതോര്‍ത്ത് കുണ്ഠിതപ്പെടുക മാത്രമല്ല ഭയവും ആശങ്കയുമുണ്ടായി. കൈക്കൂലി ഇവിടെവച്ച് വാങ്ങാന്‍ ഇവന്മാര്‍ അനുവദിക്കുന്നില്ലെങ്കില്‍ എവിടെ വച്ച് വാങ്ങിക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ആലോചിച്ചത്. അവര്‍ മുറി വിട്ട് പോയപ്പോള്‍ അവരുടെ സംസാരം കൊഴുക്കുകതന്നെ ചെയ്തു.
“ഇവന്മാര്‍ സേവനം ചെയ്യേണ്ടത് പട്ടാളത്തിലല്ലേ ഇല്ലാതെ നമുക്ക് ആരെങ്കിലും പണം തന്ന് സഹായിക്കുന്നതില്‍ ഇവനൊക്കെ എന്തിന് കണ്ണുകടിക്കണം. ഇന്ത്യയിലെ വന്‍സ്രാനവുകള്‍ ഭരണത്തിലും ക്രിക്കറ്റിലും ബിസിനസ്സുകളിലുമിരുന്ന് കോടാനുകോടികള്‍ കൊള്ളയടിക്കുന്നതില്‍ യാതൊരു പരാതിയുമില്ല. നമ്മളെപ്പോലുള്ളവര്‍ ഈ പരല്‍മീനുകളുടെ പിറകെ ഇവന്മാര്‍ എന്തിന് നടക്കണം. ഈ കൈക്കൂലി ഒരു കാന്‍സറായി വളരുമ്പോള്‍ അത്രവേഗത്തില്‍ ചികിത്സിച്ച് സുഖപ്പെടുത്താന്‍ പറ്റുമോ? സത്യത്തില്‍ ചികിത്സയും ശുദ്ധികലശവുമൊക്കേ നടത്തേണ്ടത് മുകളില്‍ നിന്നല്ലേ. അല്ലാതെ ഇവനെപ്പോലുള്ള കൂനന്മാര്‍ കുലുക്കിയാല്‍ നമ്മുടെ കൈക്കൂലി ഗോപുരം കുലുങ്ങുമോ? ഞങ്ങളും കൈക്കൂലി കൊടുത്തല്ലേ ഈ തൊഴില്‍ നേടിയത്. അത് എങ്ങിനെ ഈടാക്കും?”
ജോസഫും കരുണും പുഞ്ചപ്പാടത്തിനടുത്തുള്ള തോട്ടില്‍ മാലിന്യം കുന്നുകൂടുന്നതും പകര്‍ച്ചവ്യാധിമൂലമുള്ള മരണത്തെപ്പറ്റിയും സംസാരിച്ചു നില്ക്കവേ സുലൈമാന്‍ റാവുത്തര്‍ അവരുടെ അടുത്തേക്കു വന്നു. അയാളുടെ വെളുത്ത താടിയും തലയിലെ വെള്ളത്തൊപ്പിയും മുഖത്തെ പ്രസന്നതയും കാണാനഴകാണ്. കരുണ്‍ അയാളെ കണ്ടയുടെനെ പറഞ്ഞു, “അസലാമു അലൈക്കും”.
സുലൈമാനും “വ അലൈക്കും ഉസലാം” പറഞ്ഞ് പ്രതികരിച്ചു.
അയാള്‍ കരുണാര്‍ദ്രമായി നോക്കിയിട്ട് പറഞ്ഞു. “കരുണേ ഞമ്മക്കൊരു ആയിരം ഉറുപ്പിക വേണം. ഒണ്ടോ ഓന്‍റെ കയ്യില്”.
കരുണ്‍ ആദ്യം കരുതിയത് ഏതെങ്കിലും മരത്തൈ വാങ്ങാനായിരിക്കുമെന്നാണ്. സുലൈമാന്‍റെ വീട്ടിലും മരം തൈയ്യും പച്ചക്കറി കൃഷിയും കരുണ്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് നല്ലൊരു സ്നേഹവും സൗഹൃദവും അവര്‍ തമ്മിലുള്ളത്. സുലൈമാനെ എല്ലാവരും വിളിക്കുന്നത് ഹാജിയാര്‍ എന്നാണ്. മക്കയില്‍ പോയിട്ട് വന്നതിനുശേഷം കിട്ടിയ പേരാണത്. മോട്ടോര്‍ സൈക്കിളുകളും കാറുകളും ബസുകളും പൊയ്ക്കൊണ്ടിരുന്നു. ഹാജിയാരുടെ ആണ്‍മക്കളും സൗദിയിലാണ്. പണത്തിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ആരോടും കടം ചോദിക്കാറുമില്ല. പിന്നെ ഇപ്പോള്‍ ഈ ആവശ്യം എങ്ങിനെ വന്നു. അതൊക്കെ താനെന്തിന് തിരക്കണം. കയ്യിലുണ്ടെങ്കില്‍ കൊടുക്കുക.
അവന്‍ പോക്കറ്റില്‍ നിന്ന് ഏതാനും നോട്ടുകളെടുത്ത് അതില്‍ നിന്ന് ആയിരത്തിന്‍റെ ഒരു നോട്ട് ഹാജിയാരുടെ നേരെ നീട്ടി. അതിന്‍റെ ആവശ്യകത വിവരിച്ചപ്പോള്‍ രണ്ടുപേരും അന്തംവിട്ടുനോക്കി.
“വില്ലേജ് ആഫീസില്‍ രണ്ട് പ്രാവശ്യം പുതുയായി വാങ്ങിയ പുരയിടം പേരില്‍ കൂട്ടാന്‍ അപേക്ഷ കൊടുത്തു. ഇതുവരെ ആ വസ്തു ഒന്നു നോക്കാന്‍പോലും അവര്‍ വന്നില്ല. കൈക്കൂലി കൊടുക്കുന്നതിന് മനസ്സുകൊണ്ട് വെറുപ്പാണ്. ഇന്ന് വന്നപ്പോഴാണ് വില്ലേജ് ഓഫീസര്‍ മൂവായിരം രൂപ മറ്റാരും കേള്‍ക്കാതെ പരമരഹസ്യമായി ആവശ്യപ്പെട്ടത്. അതൊരു വലിയ തുക അല്ലല്ലോ. മക്കള്‍ മൂന്നുപേരും ഗള്‍ഫിലല്ലേ എന്നൊരു ഉപദേശവും. എന്‍റെ കയ്യിലാണെങ്കില്‍ രണ്ടായിരം രൂപ മാത്രമേ ഉള്ളൂ. അതാണ് നിന്നോട് കടം വാങ്ങിയത്.”
ജോസഫും കരുണും കൊല്ലംകാരനായ വില്ലേജ് ആഫീസര്‍ അടക്കമുള്ളവരുടെ കൈക്കൂലിയെപ്പറ്റി സംസാരിച്ചു. കര്‍മ്മസേനയിലുളള ചിലര്‍ ഈ വിഷയത്തില്‍ ഒരിക്കല്‍ അവര്‍ക്ക് താക്കീത് കൊടുത്തിട്ടുള്ള കാര്യം ജോസഫ് കരുണിന്‍റെ ശ്രദ്ധയില്‍ പെടുത്തി. കരുണിന്‍റെ കണ്ണുകളില്‍ നിഴലിച്ച ഭാവമാറ്റം ഹാജിയാര്‍ പ്രത്യേകം ശ്രദ്ധിച്ചു. വില്ലേജ് ഓഫീസിന്‍റെ കൃത്യവിലോപത്തെപ്പറ്റി ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചാര ഇരുട്ടത്തും മധുരിക്കും എന്നു പറഞ്ഞതുപോലെയാണ് കൈക്കൂലി വാങ്ങുന്നവരുടെ കാര്യം. എത്ര കിട്ടിയാലും തൃപ്തി വരില്ല. അവരുടെ മുഖമാകെ ആകാശമിരുണ്ട അന്തരീക്ഷം പോലെയായിരുന്നു. ഇനിയും മഴ വരാതെ ഒരു സ്വസ്ഥതയുമില്ല. സമൂഹം എപ്പോഴും പുരോഗതിയിലേക്ക് കുതിക്കാനാണ് ആഗ്രഹിക്കുന്നത്. ഇവിടെ സര്‍ക്കാരിന്‍റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി കൈക്കൂലിക്കായി പാവങ്ങളെ വലവീശി പിടിക്കുന്ന പുരോഗതിയാണ് നടക്കുന്നത്.
വളരെ ഉത്കണ്ഠാകുലനായി നിന്ന ഹാജിയാരെ കരുണ്‍ സമാധാനിപ്പിച്ചിട്ട് പറഞ്ഞു, “ഹാജിയാരെ ഇവന്മാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല. ഇത് ചതിയില്‍ വീഴ്ത്തി ആളുകളെ കൊല്ലുന്നതിന് സമമാണ്. ഈ നാട്ടില്‍ ആണുങ്ങള്‍ ഉണ്ടെന്ന് അവന്മാര്‍ അറിയണം. ഹാജിയാരെ ഇത് പടച്ചോന്‍പോലും പൊറുക്കില്ല. ഹാജിയാര്‍ക്കും അറിയാവുന്ന സത്യമാണത്. ആരാണ് അവരോട് ചോദിക്കാനുള്ളത്. അവരുടെ അഹങ്കാരം നിറഞ്ഞ നോട്ടവും പെരുമാറ്റവും കണ്ടാല്‍ അമ്പരപ്പാണുണ്ടാകുക. അധികാരം കൊടുത്താല്‍ അത് താവളമാകുമോ? ഇവരെ കയറൂരി വിട്ട് പ്രോത്സാഹിപ്പിക്കുന്നത്, സ്ഥീകരിക്കുന്നത് ആരൊക്കെയാണ്. അതിലൂടെ ആസ്വദിക്കുന്നത് ആരൊക്കെയാണ്? ഇതിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങാത്തത് എന്താണ്? ഈ ഹമുക്കുകളെ കയ്യോടെ പിടികൂടാന്‍ എന്തേലും മാര്‍ഗ്ഗമുണ്ടോ? അതാലോചിക്കിന്‍.”
അതൊരു നല്ല നിര്‍ദ്ദേശമായി അവര്‍ക്ക് തോന്നി. ജോസഫ് ഉടനടി ആന്‍റീ കറപ്ഷന്‍ സെല്ലിലേക്ക് വിളിക്കാന്‍ മൊബൈലെടുത്തു. ഹാജിയാരുടെ അനുവാദത്തോടെ അവരെ വിളിച്ച് കാര്യങ്ങളറിയിച്ചു. അവര്‍ ആടുത്തുള്ള ഒരു ചായക്കടയില്‍ കയറി ചായ കുടിച്ചിട്ട് പുറത്തിറങ്ങി നില്ക്കുമ്പോള്‍ രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളിലെത്തി. ജോസഫിന് അതിലൊരാളെ പരിചയമുണ്ട്. അവര്‍ റോഡിന്‍റെ ഭാഗത്തായി മാറിനിന്ന് കാര്യങ്ങള്‍ സംസാരിച്ചു. ഹാജിയാര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ട് നോട്ടില്‍ എന്തോ എഴുതിയിട്ട് വില്ലേജ് ഓഫീസിലേക്ക് അയച്ചു. അല്പസമയത്തിനുള്ള മുഷിഞ്ഞ വേഷധാരിയായ ഒരു ഉദ്യേഗസ്ഥനും ഏതാനും പേപ്പറുകള്‍ കൈയില്‍ വച്ചിട്ട് അവിടെനിന്നുപോയി. കരുണ്‍ ടൗണിലുണ്ടായിരുന്ന പത്രക്കാരെയും വിവരമറിയിച്ചു. വില്ലേജാഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഏതോ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നയാളില്‍ നിന്ന് മറഞ്ഞുനിന്ന് പണം വാങ്ങുന്നത് ആന്‍റീ കറപ്ഷന്‍ ഉദ്യോഗസ്ഥന്‍ നേരിട്ടു കണ്ടു. അയാള്‍ എല്ലാവരുടെയും പിറകില്‍ വളരെ നിശബ്ദനായി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. തിളങ്ങി നിന്ന ആകാംക്ഷ ഇരുണ്ടു തുടങ്ങിയിരുന്നു.
അകത്തേക്ക് ചെന്ന ഹാജിയാരെ വില്ലേജാഫീസര്‍ മുഖമുയര്‍ത്തി നോക്കി. ആ കണ്ണുകള്‍ തിളങ്ങിയും ഹാജിയാരുടെ മുഖം വിളറിയുമിരുന്നു. ചുറ്റുപാടുകള്‍ നോക്കിയിട്ട് അപേക്ഷയ്ക്കൊപ്പം മൂന്ന് ആയിരത്തിന്‍റെ നോട്ടുകളും വെച്ചു. അയാള്‍ അകത്തേ മുറിയിലേക്കും വരാന്തയിലേക്കും നോക്കിയിട്ട് ആ നോട്ടുകല്‍ മേശക്കുള്ളിലേക്ക് തള്ളി. നിമിഷങ്ങള്‍ക്കുള്ളില്‍ ആന്‍റീ കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ അവിടേക്ക് ഇരച്ചു കയറി. വില്ലേജാഫീസര്‍ പരിഭ്രമത്തോടെ ഞെട്ടിയെഴുന്നേറ്റു. അവര്‍ സ്വയം പരിചയപ്പെടുത്തിയിട്ട് മേശ തുറന്ന് കാണിക്കാനാവശ്യപ്പെട്ടു. പത്രക്കാരും പാഞ്ഞെത്തി. അവര്‍ക്കൊപ്പം കരുണും ജോസഫുമുണ്ടായിരുന്നു. മേശക്കുള്ളില്‍ അവര്‍ കൊടുത്തുവിട്ട നോട്ടുകളല്ലാതെ പതിനായിരത്തി ഇരുന്നൂറു രൂപകൂടി ഉണ്ടായിരുന്നു. ദുഃഖത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും നടുവില്‍ നിന്ന് വന്നവരുടെ നൊമ്പരങ്ങളും ഗദ്ഗദങ്ങളും ആ നോട്ടുകളിലുണ്ടായിരുന്നു.
കൈക്കൂലിയായി വാങ്ങിയ പണമെന്ന് വില്ലേജാഫീസര്‍ സമ്മതിച്ചു. വില്ലേജാഫീസിലെ എല്ലാ ഉദ്യോഗസ്ഥരും സ്തബ്ദരായി നിന്നു. അന്വേഷണം അവരിലേക്ക് ചെല്ലുമോ എന്നവര്‍ ഭയന്നു. കര്‍മ്മസേനയിലുള്ളവരെ കണ്ടപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഹാജിയാരുടെ പേപ്പറുകള്‍ ഉദ്യോഗസ്ഥരെ ഏല്പിച്ചിട്ട് എത്രയും വേഗം പേരില്‍ കൂട്ടാന്‍ ആവശ്യപ്പെട്ടു. പൊതുജനത്തെ രൊള്ളയടിക്കുന്ന ഇവനൊക്കെ ജയിലുതന്നെ കൊടുക്കണമെന്ന് വടിയൂന്നി നിന്ന ഒരു വല്യമ്മ ആവശ്യപ്പെട്ടു.
കരുണ്‍ അകത്തേക്കു ചെന്ന് ഉച്ചത്തില്‍ പറഞ്ഞു, “ഈ പഞ്ചായത്തിലെ ആരില്‍ നിന്നെങ്കിലും നിങ്ങള്‍ കൈക്കൂലി വാങ്ങിയതായി കര്‍മ്മസേനയിലുള്ളവര്‍ക്ക് വിവരം ലഭിച്ചാല്‍ ഒളിച്ചോടാനോ രക്ഷപെടാനോ ആരെയും അനുവദിക്കില്ല. ഇവിടുത്തെ നല്ലൊരുപറ്റം പൊതുപ്രവര്‍ത്തകരും ഇതിനോട് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ മുന്നോട്ട് വരികയില്ലെന്ന് ഓര്‍ത്തുകൊള്ളൂ. ഇനിയും കിട്ടുന്നതിന്‍റെ ഒരു പങ്ക് അങ്ങോട്ടും കൊടുക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ടതില്ല.”
വളരെ ശക്തമായ ഒരു താക്കീത് കൊടുത്തിട്ടാണ് അവര്‍ പുറത്തേക്ക് പോയത്.
അടുത്ത ദിവസംതന്നെ കര്‍മ്മസേനയിലുള്ളവര്‍ പുതിയ പുതിയ കാര്യപരിപാടികള്‍ക്ക് രൂപംകൊടുത്തു. ജനങ്ങളുടെ ആവശ്യങ്ങളില്‍ പങ്കാളികളാകാന്‍ അവര്‍ തീരുമാനിച്ചു. സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍ പൂര്‍ണ്ണമായി തുടച്ച് മാറ്റാനായില്ലെങ്കിലും അതിന്‍റെയൊരംശമെങ്കിലും നടന്ന് കണ്ടാല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍മ്മസേന ജനങ്ങളില്‍ ഒരു തരംഗമായി മാറിക്കഴിഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *