പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 15

Facebook
Twitter
WhatsApp
Email

രണ്ടാം ഓണം ദിനേശന്റെ ക്ഷണപ്രകാരം അവിടെയാണല്ലോ. വര്ഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുവരവുകള് മുറിഞ്ഞു പോയിരുന്നത് ഇന്ന് മക്കളായിട്ടു കൂട്ടി ഇണക്കിയിരിക്കുന്നു. അതിന്റെ ഒരു സന്തോഷം എല്ലാവര്ക്കും ഉണ്ടായിരുന്നു. അന്ന് വൈദ്യരുടെ ജന്മദിനമാണ്. എല്ലാ വര്ഷവും രണ്ടോണത്തിനു വൈദൃഗൃഹത്തില് സദ്യയാണ്. നാടടക്കം ആബാലവൃദ്ധ ജനങ്ങളും അവിടെയാണ് ഭക്ഷണം കഴിക്കുക. എന്നാല് ഈ വര്ഷം അതിനു മാറ്റം വന്നിരിക്കുന്നു. രണ്ടോണം എല്ലാവരും സ്വന്തം വീട്ടില് ആഘോഷിക്കണമെന്നു പാര്ട്ടി നിര്‌ദ്ദേശിച്ചിട്ടുണ്ട്. മൂന്നു ഓണ ദിനങ്ങള് വേണ്ടപോലെ സ്വഗൃഹത്തില് വച്ച് വിളമ്പിത്തിന്നാന് ഉള്ള വക സര്ക്കാര് നലകിയിരിക്കുകയല്ലേ. നാലോണം ശ്രീനാരായണ ഗുരുവിന്റെ ജന്മദിന ആഘോഷമായി പാര്ട്ടി ഓഫീസിലും. ഇപ്രാവശ്യം തന്റെ ജന്മ ദിനം ദിനേശനോടൊത്തു കഴിയുന്നതില് വൈദ്യരും സന്തോഷിച്ചു. അനേക വര്ഷങ്ങളായി നാട്ടുകാരോടോത്ത് ചിലവഴിച്ച ആ ദിവസം, ഇപ്രാവശ്യം ഒറ്റയ്ക്കാകുമല്ലോ എന്നൊരു ചെറിയ വേദന മനസ്സില് ഉണ്ടായിരുന്നു. അത് പോയിരിക്കുന്നു. ഇപ്രാവശ്യം അത് മറ്റൊരു പുതുമയ്ക്ക് വഴിയൊരുക്കി. ‘ ഒക്കെ ദേവീ കടാക്ഷം.’അമ്മുക്കുട്ടിയമ്മ പറഞ്ഞു. ഭര്ത്താവിന്റെ

ജന്മദിനാഘോഷങ്ങള്ക്ക് പെട്ടെന്ന് മാറ്റം വന്നതില് അവര്ക്കും ചെറിയൊരു വിഷമമുണ്ടായിരുന്നു.

രാവിലെ തന്നെ ചെല്ലണമെന്ന് ദിനേശന് പ്രത്യേകം പറഞ്ഞിരുന്നു. കാലത്തെ കാപ്പി കുടിമുതല് ഒരു മുഴുവന് ദിവസം അവിടെയാണ്. ക്ഷ്രേത ദര്ശനം കഴിഞ്ഞതും എല്ലാവരും തയ്യാറായി. അച്ഛന് പതിവ് കടയില്‌നിന്നും പതിവ് അനുസരിച്ച് വാങ്ങി കൊണ്ട് വന്ന സെറ്റ് മുണ്ട് ഉടുത്തു. അമ്മുക്കുട്ടിയമ്മ നേരത്തെ ഒരുങ്ങി നിന്നിരുന്നു. അമ്മയ്ക്കായി ജോണ്‌സണ് കൊണ്ടുവന്നിരുന്ന സെറ്റ് മുണ്ട് വൃത്യസ്തമായിരുന്നു. നന്ദിനിയ്ക്കതില് നോട്ടമുണ്ടായിരുന്നു. അവള് അതുതന്നെ ഉടുത്ത് ഒരുങ്ങി. ഒഴിഞ്ഞ കഴുത്തില് അമ്മ ഒരു ‘ചന്ദ്രമിന്നി’ എടുത്തു ചാര്ത്തി കൊടുത്തു.

‘നന്ദിനി ചേച്ചി…ഞാനും സെറ്റ് മുണ്ട് ഉടുക്കട്ടെ.’ നാരായണി ചോദിച്ചു.

‘ഉടുത്തോ മോളെ…വല്ലയിടത്തും തട്ടി വീഴരുത്’

അച്ഛന് നേരത്തെ ഏര്പ്പാടാക്കിയിരുന്ന ടാക്‌സിയില് എല്ലാവരും കയറി. അച്ഛനും അമ്മുമ്മയും മുന് സീറ്റില് ഇരുന്നു. അമ്മയും നന്ദിനിയും, നാരായണിയും പുറകിലും. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. കുണ്ടും കുഴിയുമുള്ള നാട്ടു റോഡിലൂട്ടെ കാറ് ചാഞ്ഞും ചെരിഞ്ഞും നീങ്ങിയപ്പോള് നന്ദിനി, നാരായണിയുടെ കുലുങ്ങി കളിക്കുന്ന വലിയ കൊടക്കടുക്കന് നോക്കിയിരുന്നു. അത് കാണാന് നല്ല രസം.

പടിയ്ക്കു പുറത്തു രണ്ടു വന്വൃക്ഷങ്ങള് കാവല് നില്ക്കുന്നു. വാളന് പുളിങ്ങ തൂങ്ങിയാടുന്ന വലിയ പുളിമരവും അടുത്തുതന്നെ പൂക്കള് കൊണ്ട് വൃത്താകൃതിയില് കമ്പളം തീര്ത്ത ചുവന്ന പുവാകയും. പടിപ്പുരവാതിലിലേക്ക് തല നീട്ടി നില്ക്കുന്ന മഞ്ഞ കോളാമ്പി ചെടി. പടിപ്പുര മുറ്റത്തു കാറ് നിര്ത്തി എല്ലാവരും ഇറങ്ങുമ്പോഴേക്കും ആരൊക്കെയോ വീട്ടില് നിന്നിറങ്ങി ഓടി വരുന്നുണ്ടായിരുന്നു. നന്ദിനി അമ്മൂമ്മയെ പിടിച്ചിറക്കി. ചുളിഞ്ഞ മുണ്ട് ശരിയാക്കി അമ്മുമ്മ പടിപ്പുരയാകെ ഒന്ന് വീക്ഷിച്ചു, പണ്ടത്തെക്കാള് ഒരുപാട് വൃത്യാസങ്ങള് ആ പഴയ കണ്ണുകള് കണ്ടുപിടിക്കുക യായിരുന്നു.

‘കയറി വാ ‘ ആരോ വിളിച്ചു പറഞ്ഞു.

‘മോളെ..വലതു കാല് വച്ച് കേറ്.’ നന്ദിനിയുടെ കാതില് അമ്മൂമ്മ പതുക്കെ പറഞ്ഞു. നന്ദിനി വെറുതെ പുഞ്ചിരിച്ചു. അമ്മൂമ്മയുടെ സന്തോഷം നിലനില്ക്കട്ടെ പടിപ്പുര കടന്നാല് പഴയ നാലുകെട്ടാണ്. നാലുകെട്ടിന്റെ മുന്നില് അതീവസുന്ദരമായ പുതിയ മാളിക വീട്. അതിന്റെ മുന്വശം തെക്കോട്ട് തിരിഞ്ഞാണ് നില്ക്കുന്നത്. അതിലെ, പുതിയ ടാര് ഇട്ട റോഡിന്റെ പണി നടക്കുന്നു. മൂന്നു നില മാളികവീട് കാഴ്ചയില് തന്നെ അതിമനോഹരമാണ്. ദിനേശന് എല്ലാവരെയും അങ്ങോട്ടാണ് കൊണ്ടു പോയത്. റോഡു പണി കഴിഞ്ഞാല് പഴയ പടിപ്പുരയും നാലുകെട്ടും പൊളിച്ചു മാറ്റാനാണ് ഉദ്ദേശം. മാളിക വീടിന്റെ സൌകര്യങ്ങള് അതിശയകരമായിരുന്നു. അമ്മൂമ്മ ഒക്കെ കണ്ടു മൂക്കത്ത് വിരല് വച്ച് നിന്നു. മകള്ക്ക് വന്നു കയറാനുള്ള വീട് എന്ത് സുന്ദരം എന്നോര്ത്ത് അമ്മയും സന്തോഷിച്ചു.

അമ്മായിയും സഹോദരന്മാരും, ഭാര്യമാരും, കുട്ടികളുമായി ഒരുപാട് ആളുകള് ഇറങ്ങി വന്നു. നന്ദിനിയുടെ കണ്ണുകള് ഒരാളെ തേടുന്നുണ്ടായിരുന്നു. ‘ജോണ്‌സണ്’. ജോബിയേയും കണ്ടില്ല. ദിനേശന് മുഖത്ത് നിന്ന് ഇത് വായിച്ചറിയാന് കഴിഞ്ഞു.

‘സാറും ജോബിയും കൂടെ പുഴയില് കുളിക്കാന് പോയിരിക്യ..ഇപ്പൊ വരും.’ ഇരിപ്പിടങ്ങളൊക്കെ വളരെ മനോഹരങ്ങളായിരുന്നു. ചുമരില് ഉണ്ടായിരുന്ന വലിയ

എണ്ണഛായാ ചിത്രങ്ങളില് രാജകുടുംബവുമായുള്ള ബന്ധം തെളിച്ചു കാണിക്കുന്നുണ്ടായിരുന്നു. ദിനേശന്റെ അനിയത്തി തങ്കമണി ഓടി വന്നു നന്ദിനിയും നാരായണിയെയും കെട്ടിപ്പിടിച്ചു. നീണ്ടിടംപെട്ട കണ്ണുകളും തങ്ക വര്ണ്ണവും അവളെ ഒരു സുന്ദരി ആക്കുന്നുണ്ടായിരുന്നു. മഞ്ഞ പട്ടു പാവാടയും ചുവന്ന ബ്ലൌസും അവള്ക്കു നന്നായി ചേരുന്നുണ്ടായിരുന്നു. അമ്മൂമ്മയുടെ കാല്ക്കല് അവള് തൊട്ടു തൊഴുതപ്പോള് ആ വൃദ്ധ നയനങ്ങള് നനഞ്ഞു. കൊച്ചു മോളെ അമ്മമ്മ മൂര്ദ്ധാവില് മുകര്ന്നു . ആദ്യമായാണ് ഈ കുട്ടിയെ എല്ലാവരും കാണുന്നത് തന്നെ. കൈ വെള്ളയില് മൈലാഞ്ചി അണിഞ്ഞു ചുവവപ്പിച്ചിരുന്നു. വെള്ളിപാദസരം അണിഞ്ഞ കാല്വെളളയി ലും മൈലാഞ്ചി ചുവപ്പ് തിളങ്ങി നിന്നു. നീട്ടി മെടഞ്ഞിട്ട ചുരുള്മുടിയില് ഒരു മഞ്ഞ റോസാപ്പൂ പുഞ്ചിരി തൂകി നിന്നു .അമ്മുക്കുട്ടിയമ്മയും അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മേല്ച്ചുണ്ടിനു മുകളില് ഒരു കറുത്ത മറുക് അവളുടെ ഭംഗിക്ക് തൊടുകുറി അണിയിച്ചു. നുണക്കുഴി തെളിയുന്ന പൂങ്കവിളുകള് തുടുത്തു ചുവന്നു.

വിഭവസമൃദ്ധമായ മേശയില് അനേക വിഭവങ്ങള് നിരന്നു. ചൂടുള്ള ചായ മൊത്തികുടിച്ചുകൊണ്ടിരുന്നപ്പോള് പുറത്തു ജീപ്പ് വന്നു നിന്ന ശബ്ദം കേട്ടു. തോര്ത്തു മുണ്ട് തോളിലൂടെ അലസമായി ഇട്ടു നെഞ്ചത്തെ രോമക്കാടൊക്കെ പ്രദര്ശിപ്പിച്ചു സുസ്‌മേരവദനനായി ജോണ്‌സണും കൂടെ ജോബിയും കയറി വന്നു.

‘ആ… എല്ലാവരും വന്നോ? നിങ്ങള് എത്തുന്നതിനു മുന്പ് വരാന് പറ്റിയില്ല. എന്തൊരു നല്ല പുഴ! കുളിച്ചിട്ടു മതിയായില്ല.’ ജോണ്‌സണ് പറഞ്ഞു.

‘ഞങ്ങളുടെ നാടങ്ങ് പിടിച്ചു അല്ലെ? ഇവിടുത്തെ കാറ്റ് ഏറ്റാല് തന്നെ രോഗങ്ങള് മാറും.’അച്ഛന് പറഞ്ഞു.

‘ഞാന് വ്ര്രസം മാറട്ടെ.’ നന്ദിനിയെ ഇടം കണ്ണാല് ഉഴിഞ്ഞു ജോണ്‌സണ് അകത്തേക്ക് പോയി. ഒരുപാട് നീന്തി കുളിച്ചതിനാലായിരിക്കാം കണ്ണൊക്കെ കലങ്ങിയിരിക്കുന്നു. എത്ര വേഗമാണ് എല്ലായിടത്തും ഇണങ്ങി ചേരുന്നത്. ഇപ്പൊ കണ്ടാല് ഈ വീട്ടിലെ അംഗമല്ലെന്നു ആരും പറയില്ല. ജോബിയുടെ മുഖത്ത് ഒരു ചമ്മല് ഇപ്പോഴും നിലനില്ക്കുന്നു. ഷര്ട്ടിടാതെ തോര്ത്ത് മാതം പുതച്ചതിനാലായിരിക്കാം അവന് ആര്ക്കും മുഖം കൊടുത്തില്ല. ഊണ് മുറിയില്‌നിന്നു തന്നെയായിരുന്നു മേലോട്ട് കയറാനുള്ള കോണിപ്പടികള്. നന്ദിനി മെല്ലെ പാളി നോക്കിയപ്പോള് മുകളിലേക്ക് കയറുന്നതിന്നിടയില് അവളെ നോക്കി ‘കണ്ണടിച്ചു’ കാണിച്ചു ജോണ്‌സണ്. അവള് ചൂളിപ്പോയി! ആരെങ്കിലും കണ്ടാല്

വേലിച്ചെടികള് അതിരിട്ട പഴയ നാലുകെട്ടിന്റെ മുറ്റത്തു കൂടി അമ്മാവന് വേഗത്തില് നടന്നു വരുന്നത് കണ്ടു. വലിയ മീശയൊക്കെ ചെറുതാക്കിയിട്ടുണ്ട്. മുഖത്ത് ഒരു ഐശ്വര്യം പുതിയതായി കണ്ടു.

‘നിങ്ങള് എപ്പോ വന്നു? ഞാന് അമ്പലത്തില് പോയി. അവിടെ ഇന്ന് പ്രത്യേക പുജ ഉണ്ടായിരുന്നു.’ എല്ലാവര്ക്കും സന്തോഷം തോന്നി. അമ്മാമന്  ഒരുപാട് മാറ്റങ്ങള് വന്നത് പോലെ. ഒരിക്കലും ആരും പ്രതീക്ഷിച്ചതല്ല ഈ വ്യത്യാസം. വയസ്സ് കാലത്ത് ഈശ്വരന് അമ്മുമ്മയുടെ പ്രാര്ത്ഥന കേട്ടതായിരിക്കാം.

‘ഇപ്പൊ വന്നതെയുള്ളൂ.’ മകനെ തഴുകി അമ്മൂമ്മ പറഞ്ഞു. ആ നരച്ച കണ്ണുകളില് ആനന്ദാശ്രു നിറഞ്ഞു.

‘ഞാന് കുളിമുറിയിലായിരുന്നു, ഇരിക്കൂട്ടോ.’ അമ്മായി ഓടിയെത്തി.

നന്ദിനിയുടെ നെറ്റിയില് ഒരു നനഞ്ഞ ചുംബനം നല്കാന് അവര് മറന്നില്ല.

അത് കണ്ട് അമ്മുക്കുട്ടിയമ്മ കോരിത്തരിച്ചിരുന്നു പോയി.

‘ കാലം തെളിഞ്ഞു’ നാരായണി നന്ദിനിയുടെ ചെവിയില് പറഞ്ഞു.

നന്ദിനി ഒന്നും പറഞ്ഞില്ല. ദിനേശന്റെ മുത്ത അമ്മാമന് പടിപ്പുര കടന്നു വരുന്നുണ്ടായിരുന്നു. കസവ്മുണ്ടും വീതിക്കസവ് വേഷ്ടീയുമണിഞ്ഞു സ്വര്ണ്ണം കെട്ടിയ രുദ്രാക്ഷ മാല, ‘കുംഭയില്’ കിടന്ന് അടിച്ചുകൊണ്ടുള്ള ആ വരവ് ജനലിലൂടെ നോക്കി കാണുകയായിരുന്നു നന്ദിനി. പഴയ നാലുകെട്ടിലേക്ക് അദ്ദേഹം കയറി പോയി.തോര്ത്ത് മുണ്ട് കൊണ്ട് ശരീരവും കക്ഷവുമൊക്കെ തുടച്ചു, വിയര്പ്പാറ്റി അദ്ദേഹം കടന്നു വന്നപ്പോള് എല്ലാവരും എണീറ്റു നിന്നു.

‘ഇരിക്കൂ… ഭക്ഷണത്തിന് മുന്നില്‌നിന്നാ എണീക്കുന്നെ?’ നരകയറിയ ശിരസ്സിൽ രാസ്‌നാദി പൊടി തിരുമ്മി അദ്ദേഹം പറഞ്ഞു. ‘വൈദ്യ ഗൃഹത്തിലെ രാസ്‌നാദിയാ.. ഉഗ്രനാ സാധനം.’ അമ്മാമന് പറഞ്ഞപ്പോള് അച്ഛൻ  വെറുതെ ചിരിച്ചതെ ഉള്ളു.

‘ഇരിക്കൂ…ട്ടോ…ഞാന് ഇപ്പൊ വരാം..’ അദ്ദേഹവും ഉള്മുറിയിലേക്ക് കടന്നു പോയ്യി. എല്ലാവരും എഴുന്നേറ്റു കൈ കഴുകി.

‘ആരും ഒന്നും കഴിച്ചില്ലല്ലോ…ഒക്കെ അങ്ങനെ തന്നെ ഇരിക്കുന്നല്ലോ’ അമ്മായി സെറ്റ്  മുണ്ടുടുത്ത് ഒരുങ്ങി വന്നു ചോദിച്ചു. നന്ദിനി ഉടുത്തിരുന്ന അതേ മുണ്ട്. ജോണ്‌സേട്ടന്റ തിരഞ്ഞെടുപ്പ് തന്നെ. അവള് മനസ്സില് ഓര്ത്തു. അമ്മയ്ക്കും അമ്മായിക്കും ഒരേതരം നോക്കി വാങ്ങിയതാവാം. അത് മനസ്സില് വച്ചാണ് തന്നെ തറച്ചു നോക്കിയത്.

‘എല്ലാവരും എണീറ്റോ’

ജോണ്‌സണും ജോബിയും, ദിനേശനും ഭക്ഷണ മേശയില് വന്നിരുന്നു. അടുക്കി വച്ചിരുന്ന പാത്രം എടുത്തു സ്വയം വിളമ്പി കഴിച്ചു എല്ലാവരും. ആ സ്വാതന്ത്യം നോക്കി നിന്ന് ആസ്വന്ദിച്ചു നന്ദിനി.ഇഡ്ഡലിയും ചമ്മന്തിയുമൊക്കെ വേണ്ടത്ര തിന്നു മൂന്നു പേരും. മാളിക മുറ്റത്തു നല്ലൊരു പൂന്തോട്ടം ഉണ്ടായിരുന്നു. തങ്കമണി അവരെ അവിടേക്ക് കൂട്ടി. നന്ദിനിക്കും നാരായണിക്കും ആ തോട്ടം നന്നേ ഇഷ്ടപ്പെട്ടു.തോട്ടത്തിന് നടുവില് ഒരു മീന് കുളവും അതില് താമരപ്പൂക്കള് വിരിഞ്ഞാടുന്ന തിനിടയിലൂടെ പല നിറം മീനുകളും ഓടി നടന്നു. സിമന്റ് ബെഞ്ചില് അമ്മൂമ്മ  വന്നിരുന്നു. കോണ്ക്രീറ്റ് കാലുകളില് ഉറപ്പിച്ച ഊഞ്ഞാലില് നാരായണി ഇരുന്നാടി. മീന്കുളത്തിന്നപ്പുറത്തെ നീര്മാതളത്തില് ഇരുന്നു പൊന്മാനുകള് രണ്ടെണ്ണം പ്രണയിക്കുന്നുണ്ടായിരുന്നു. നന്ദിനി അവയെ നോക്കി പുഞ്ചിരിച്ചു

‘ആഹാ ഇവിടെയാണോ എല്ലാവരും?’

ദിനേശനും, ജോണ്‌സണും, ജോബിയും വന്നു.ഒഴിഞ്ഞ സിമന്റ് ബെഞ്ചില് ഇരുന്നു കുശലം പറയാന് നല്ല രസം! പൊന്മാനുകള് രണ്ടും ഉച്ചത്തിലുള്ള ചിരി കേട്ട് ഭയത്തോടെ പറന്നു പോയി.

‘ഹയ്യോ’ നന്ദിനി പറഞ്ഞു. അത്ര നേരവും അവയുടെ പ്രണയചേഷ്ടകള് കണ്ടു മനസ്സിലൊരു കവിത ഒരുക്കുകയായിരുന്നു നന്ദിനീ.

‘ഉം.. എന്ത് പറ്റി?’ ജോണ്‌സണ് ചോദിച്ചു. പറന്നകലുന്ന പൊന്മാനുകളുടെ നേരെ നോക്കി നില്ക്കുന്ന നന്ദിനി അത് കേട്ടില്ല. ജോണ്‌സണ് അടുത്ത് വന്നു നന്ദിനിയുടെ മുഖത്തേക്ക് ഒന്ന് ഊതി. നന്ദിനി പിന്നോട്ട് മാറി. അവള് പെട്ടെന്ന് വാപൊത്തി. പുറത്തേക്കു വന്ന വാക്കുകള് വിഴുങ്ങിക്കളഞ്ഞു. ജോണ്‌സണും പെട്ടെന്ന് പിന്നോട്ട് മാറി. എല്ലാ രഹസ്യങ്ങളും ഒരു നിമിഷം കൊണ്ട് പൊളിഞ്ഞേനെ! സ്വയം നിയന്ത്രണം

അത്യാവശൃമാണ്. അകലെ പൊന്മാന് ചിലയ്ക്കുന്നത് കേട്ടു.അവയുടെ സൈ്വരസല്ലാപമാണ് മുറിഞ്ഞുപോയത്.

‘എന്താ എല്ലാവരും ഇവിടേയ്ക്ക് പോന്നത്?” ദിനേശന് ചോദിച്ചു

‘എന്ത് ഭംഗിയാ..ഈ തോട്ടത്തിന്.’ഉത്തരം പറഞ്ഞത് നാരായണിയാണ്.ഊഞ്ഞാലില് നിന്നവള് ചാടി ഇറങ്ങി. അമ്മുമ്മയുടെ അടുത്തിരുന്നു തങ്കമണിയും നാരായണിയും. എവിടെ നിന്നോ പറന്നു വന്ന രണ്ടു മഞ്ഞ പുമ്പാറ്റകള് കുറ്റിമുല്ലയില് വട്ടമിട്ടു പറന്നു. നന്ദിനി അവയ്ക്ക് പിന്നാലെ ഓടി കളിക്കുന്നത് കണ്ട് ജോണ്‌സന് ആംഗൃത്തില് ചോദിച്ചു ‘വട്ടായോ’

‘എല്ലാവരും വരൂ…നമുക്കൊന്ന് ആലോചിക്കാനുണ്ട്’ ദിനേശന് പറഞ്ഞു. എല്ലാവരും ദിനേശന്റെ അടുത്തെത്തി.

‘എന്താ! ‘

‘എന്താ കാര്യം’ എല്ലാവരും ഒന്നിച്ചു ചോദിച്ചു.

‘പറയാം…’ ദിനേശനെ വട്ടമിട്ട് എല്ലാവരും നിന്നു.

‘നമുക്കീ പുല്ത്തകിടിയില് ഇരിക്കാം… എല്ലാവരും ഇരിക്ക്.. ഒരല്പം കാര്യമായി ചിന്തിക്കാനുള്ളതാ!’ജോണ്‌സണ് പറഞ്ഞു.

‘പറയൂ…ഞങ്ങളുടെ ക്ഷമ നശിക്കുന്നു.’ നാരായണിക്ക് കേള്ക്കാന് ധൃതിയായി. ജോണ്‌സണ് പറഞ്ഞ പോലെ എല്ലാവരും പുല്ത്തകിടിയില് വട്ടമിട്ട് ഇരുന്നു. സിമന്റ് ബെഞ്ചില് അമ്മുമ്മ തനിച്ചിരുന്നു. കുട്ടികളുടെ കോപ്രായം കണ്ടു ചിരിച്ചു.

 

‘നമുക്ക് ഒരു വിനോദയാത്ര പോയാലോ?’ ജോണ്‌സണ് പറഞ്ഞു.ഇനി ഒരാഴ്ച കൂടി ഒഴിവുണ്ട്…അത് മുതലാക്കണ്ടേ? ‘

എല്ലാവര്ക്കും അതിഷ്ടമാണ്. ആരും ഒന്നും മിണ്ടിയില്ല.

‘എവിടെയാ ഉദ്ദേശം? ‘ നന്ദിനി ദിനേശനെ നോക്കി ചോദിച്ചു.

‘അത് തീരുമാനിച്ചില്ല…ആദ്യം പദ്ധതി അംഗീകരിക്കപ്പെടെണ്ടേ?’

‘ഞങ്ങളൊക്കെ അംഗീകരിച്ചു… അച്ഛന്? ‘ നന്ദിനി അര്‌ദ്ധോക്തിയില് നിറുത്തി.

‘അച്ഛന്മാരും, അമ്മമാരും ഒക്കെ സമ്മതിക്കണം.’ദിനേശന് പറഞ്ഞു.

‘കേരളത്തിന് അകത്തോ പുറത്തോ? ‘ നാരായണിക്ക് അറിയേണ്ടത് അതാണ്.

നന്ദിനി അവള്‌ക്കൊരു നുള്ള് കൊടുത്തു. എന്നിട്ട് ചോദിച്ചു…’ നീ എന്തുദ്ദേശിച്ചാ പറയുന്നത്? കേരളത്തിന് പുറത്തൊക്കെ പോകാന് നമുക്ക് അനുവാദം കിട്ടുമോ? ‘

‘ഒരഭിപ്രായം ചോദിച്ചതല്ലേ. ചേച്ചി പേടിക്കേണ്ട.’

‘വല്ല അമ്പലമോ മറ്റോ ഉണ്ടെങ്കില് അമ്മമാര് തന്നെ മെനക്കെട്ട്, അച്ഛന്മാരുടെ സമ്മതം വാങ്ങിക്കും’ നന്ദിനി പറഞ്ഞു.

‘എന്നാല് തിരുനെല്ലി ആയാലോ? അമ്പലവും, വന്യമൃഗസങ്കേതവും, കാടും ഒക്കെയായി.’ ജോണ്‌സണ്.

‘കര്ക്കിടക മഴ കഴിഞ്ഞു കാണുമോ? നല്ല തണുപ്പായിരിക്കും.’ ദിനേശന് പറഞ്ഞു

‘സംഗതി കൊള്ളാം. തെക്കന്കാശി, ദക്ഷിണഗയ എന്നൊക്കെ അറിയപ്പെടുന്ന തിരുനെല്ലിക്കാട് അമ്മമാര്ക്കിഷ്ടപ്പെടും ‘ നന്ദിനി പറഞ്ഞൂ.

‘അവിടുത്തെ പക്ഷി പാതാളവും, മുനിയറയുമൊക്കെ എല്ലാവര്ക്കും ഇഷ്ടപ്പെടും’ ജോണ്‌സണ് അഭിപ്രായപ്പെട്ടു.

‘അവിടുത്തെ ശുദ്ധമായ തേനും അപൂര്വ്വങ്ങളായ കാട്ടുവിഭവങ്ങളും മരുന്നുകളുമൊക്കെ ശേഖരിക്കാം എന്നതിനാല് അച്ഛനും സമ്മതിക്കും.’ നന്ദിനി പറഞ്ഞു.

‘തിരുനെല്ലി ക്ഷേത്രം മാത്രം മതിയാകും അമ്മയ്ക്ക് ‘ തങ്കമണിയും അഭിപ്രായം പറഞ്ഞതോടെ എല്ലാവരും സ്ഥലം അതുതന്നെയെന്ന് തീരുമാനിച്ചു. പിതൃക്കൾക്ക് തര്പ്പണം ചെയ്യാനുളള സൗകര്യം ആരും ഉപേക്ഷിക്കില്ല. ഉച്ചയൂണ് ഒരു വലിയ സദ്യ തന്നെയായിരുന്നു. കൂട്ടത്തില് ‘ തിരുനെല്ലി വിഷയം’ എടുത്തിട്ടു. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ ദിനേശന്റെ അമ്മാമന് പറഞ്ഞു.

 

‘നിങ്ങള് ആരോഗ്യം ഉള്ളോരു പോയി വരിന്..കുട്ട്യോള്‌ടെ ഒരാശയലല്ലേ?’

എല്ലാവരും ആ അഭിപ്രായം കൈകൊട്ടി അംഗീകരിച്ചു.

നാലോണം തിരുനെല്ലിയില്’.ദിനേശന് പറഞ്ഞു. വിശ്വസിക്കാന് കഴിയാത്ത ഒരപൂര്വ ഭാഗ്യം! വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോള് അച്ചന് പറഞ്ഞു ‘ബ്രഹ്‌മാവിന്റെ പാദസ്പര്ശമേറ്റ സ്ഥലമല്ലേ. ബ്രഹ്‌മാവ് നേരിട്ട് പ്രതിഷ്ഠിച്ച വിഷ്ണു

വിഗ്രഹമാണവിടെ. കുട്ടിയായിരുന്ന കാലത്ത് അച്ഛന്റെ കൂടെ ബ്രഹ്‌മഗിരിയില് ഒരിക്കൽ പോയിട്ടുണ്ട്. അന്ന് വലിയ കഷ്ടപ്പാടായിരുന്നൂ യാത്രയില്. ഇപ്പോള് എങ്ങയാണാവോ? ‘

‘എങ്ങനെയാ പോണത്? കാറില് പോകാന് പറ്റുമോ?’ നന്ദിനി ചോദിച്ചു.

കോഴിക്കോട് വരെ തീവണ്ടിയാണ് നല്ലത്. അവിടുന്ന് ഒരു കാര് വിളിക്കുന്നതല്ലേ നല്ലത്? ‘

അതൊക്കെ ദിനേശനും കൂട്ടുകാരും തീരുമാനിക്കും’അമ്മ പറഞ്ഞൂ

‘നിങ്ങളൊക്കെ പോയി വാ…മക്കളെ…അമ്മുമ്മയ്ക്ക് വയ്യാട്ടോ’ അമ്മുമ്മ പറഞ്ഞപ്പോള് എല്ലാവരും മൂകരായി. കാടും, മലയുമൊന്നും അമ്മൂമ്മയ്ക്ക് കയറി ഇറങ്ങാന് പറ്റില്ല. എന്ത് ചെയ്യാം?’

‘അടുത്തെവിടെയെങ്കിലും മതിയായിരുന്നു.’ നാരായണി അമ്മുമ്മയൂടെ കൈപ്പടത്തില് തഴുകിക്കൊടുത്തുകൊണ്ട് പറഞ്ഞു.

‘അടുത്താണെങ്കിലും ഞാനില്ല മക്കളെ.. എന്റെ ഏറ്റവും വലിയ ഒരാശയാണ് ഇന്ന് നടന്നത്. എനിക്ക് ഇനി ഒന്നും വേണ്ട.’

‘ശരിയാണ് അമ്മ പറഞ്ഞത്. സുമതിയെ കൂടെ കൂട്ടേണ്ടതായിരുന്നു.ഇതറിഞ്ഞ്  അവള്ക്കു വലിയ വിഷമമാകും’

പിന്നെ ആരും ഒന്നും സംസാരിച്ചില്ല. ആകെ ഒരു മൂകത.വീട്ടുപടിക്കൽ എത്തിയപ്പോള് അവിടെ ശ്രീദേവി ഭര്ത്തൃഭവനത്തില് നിന്നെത്തിയിമുന്നു.

‘ശ്രീദേവിയെ കൊണ്ടോകാന് പറ്റില്ലല്ലോ..ഞാനും വരില്ലാട്ടോ.’അമ്മ പറഞ്ഞു.

‘നാല് ദിവസല്ലേ.. നീ ഇല്ലേലും സാരല്ല്യാ..ഞാന് ഇല്ലേ ഇവിടെ. നീ പൊയ്‌ക്കോ മോളെ.’ അമ്മൂമ്മ പറഞ്ഞു.

‘നീ ഇന്ന് വരുംന്ന് കരുതീല..അതാ ദിനേശന്റെ വീട്ടിലക്കു വിളിക്കാതിരുന്നത്’ അമ്മ പറഞ്ഞു.

‘എന്താ മോളെ ഇന്നന്യേ പോന്നത്? ‘ അമ്മ ശ്രീദേവിയോട് ചോദിച്ചു.

‘അച്ഛന്റെ പിറന്നാളല്ലേ.. ഗോപേട്ടന് പറഞ്ഞു ഇന്നിവിടെ വരണംന്നു.’

രാത്രിയില് നന്ദിനി അന്നത്തെ കാര്യങ്ങളൊക്കെ ഓര്ത്തു കിടന്നു. യാത്രയെപ്പറ്റി

ഓര്ത്തു നാരായണിക്കും ഉറക്കം വന്നില്ല. പ്രതീക്ഷിക്കാതെ വന്ന ഒരു

സുവര്ണ്ണാവസരം!

‘നല്ല രസമായിരിക്കും, അല്ലെ നന്ദിനിയേച്ചി?’ ‘ഉം… ‘നന്ദിനി അലക്ഷ്യമായി മൂളി. മനസ്സ് എവിടെയൊക്കെയോ അലഞ്ഞു നടന്നു.

‘വേഗം ഉറങ്ങിക്കോ..നാളെ ഒരു ദിവസം പോകാനുള്ള ഒരുക്കങ്ങള് നടത്തേണ്ടേ?’

നാരായണി പറഞ്ഞു.

‘ഉറങ്ങാന് കഴിയണില്ല..ഇന്ന് നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു. എന്ത് നല്ല വീടും തോട്ടവും ‘നന്ദിനി ആത്മഗതം പോലെ പറഞ്ഞു.

കട്ടിയുള്ള പുതപ്പു വലിച്ചു മുഖം കൂടെ മൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു നന്ദിനി. ജോണ്‌സേട്ടന്റെ സാന്നിധ്യത്തില് ഇത്രയും ദിവസങ്ങള്. ഇതൊരു അസുലഭ സന്ദര്ഭം തന്നെ. സ്വപ്നത്തില് പോലും ചിന്തിച്ചിട്ടില്ലാത്ത എന്തൊക്കെ പുതുമകളാണ് നടക്കുന്നത്. കഥ ഉറങ്ങുന്ന തിരുനെല്ലിയിലൂടെ അവളുടെ ഭാവന ഓടി നടന്നു. പുറത്തു ചെറിയ ചാറ്റല് മഴ ഉണ്ടെന്നു തോന്നുന്നു. ഓട്ടിന്പുറത്തു ചരല്ക്കല്ലു ചിതറിവീഴുന്ന പോലെ ഒരു സ്വരം. പറമ്പിലെവിടെയോ ഒരു തേങ്ങ വീണെന്ന് തോന്നുന്നു. ഓണനിലാവു പെട്ടെന്ന് മങ്ങി മഴയ്ക്ക് വഴിയൊരുക്കി കൊടുത്തിരിക്കുന്നു. ദുരെ എവിടെയോ ഒരു ”കുത്തിച്ചുടാന്”’ പക്ഷി ഒച്ചവച്ച് പറന്നു പോയി. ഉത്തരം പറയുന്ന പോലെ പടിഞ്ഞാറ്റീയുടെ മുറ്റത്തെ വാകയിലിരുന്നു ഒരു മൂങ്ങ നിറുത്താതെ മൂളുന്നുണ്ടായിരുന്നു.

 

 

 

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *