കുട്ടനാട്ടുകാർ ഒന്നല്ല രണ്ടല്ല മൂന്ന് രാമകൃഷ്ണപിള്ളമാരുണ്ടായിരുന്നു ,സാഹിത്യത്തിൽ അറിയുന്നവരായി !
അതിലൊന്നാമൻ സ്റ്റേറ്റ് കോൺഗ്രസ്സുകാർക്ക് വലിയ ജൂബ തയ്ച്ചു കൊണ്ട് പുളിമൂട്ടിൽ മിഷ്യനിട്ട് തയ്ച്ചു കൊണ്ടിരുന്ന ജൂബാ രാമകൃഷ്ണപിള്ള !
പിന്നൊന്ന് തോട്ടികളെ സംഘടിപ്പിച്ച് വിപ്ലവം നടത്തിയ തിരുവിതാംകൂർ സ്റ്റേറ്റ് കോൺ ഗ്രസ്സ് പ്രസിഡന്റും തിരുവിതാംകൂർ എം.എൽഎയും തിരു-കൊച്ചി നിയമസഭാ കോൺഗ്രസ്സ് കക്ഷി സെക്രട്ടറിയുമായ കുട്ടനാട്ട് രാമകൃഷ്ണപിള്ള.
എന്റെ തപ്തബാഷ്പം, നിഴലുകൾ, പ്രതിമ, ജാതകം മാറുന്നു , തൂക്കുമുറിയിൽ , കമണ്ഡലു തുടങ്ങിയ നാടകങ്ങളും എഴുതിയ ബി.എ.,എൽ. എൽ ബിക്കാരൻ
ഇനി മൂന്നാമൻ കവിയാണ്. സാക്ഷാൽ മലേഷ്യ മുഴുവൻ വെട്ടിപ്പിടിച്ച് പേരിന്റെ മുന്നിൽ ചാർത്തിയ മലേഷ്യാ രാമകൃഷ്ണപിളള !
മറ്റു രണ്ടു രാമകൃഷ്ണപിള്ളമാരും തിരുവിതാംകൂറിൽ സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി മുറവിളി കൂട്ടുമ്പോൾ മലേഷ്യ രാമകൃഷ്ണപിള്ള കവിതാ കാമിനിയുടെ കൂടെ കലവികളാടി ഡോക്ടർ പണിയും ചെയ്ത് മലേഷ്യയ്ക്ക് മാറ്റുകൂട്ടുകയായിരുന്നു എന്നു പറഞ്ഞാൽ മതിയല്ലോ.
ഇപ്പോൾ മലേഷ്യാ രാമകൃഷ്ണപിള്ളയെപ്പറ്റി പറയാൻ കാരണമെന്ത് എന്നാണെങ്കിൽ അദ്ദേഹത്തിന്റെ “ആന” എന്നൊരു കവിതയെ ഓർത്തിട്ടാണ്. സിൽവർ ലൈൻ പദ്ധതിക്കും ആനയ്ക്കും തമ്മിലൊരു ബന്ധമുണ്ട്. ഉപേക്ഷിച്ചെന്ന് കരുതണ്ട. ഇപ്പോഴും പദ്ധതിക്ക് കല്ല് മേടിച്ച് കൂട്ടുകയാണ്. ഈ സർക്കാർ അതെല്ലാം നടത്തുക തന്നെ ചെയ്യും. ഭസ്മാസുരസർക്കാരാണ്.!
തന്തക്ക് മുമ്പുണ്ടായവൻ എന്നു പറയാറില്ലേ അതുപോലെ ഇന്ത്യൻ ഭരണഘടനയ്ക്ക് മുമ്പുണ്ടായ ഒരു സർക്കാരാണിത്!
സംസ്ക്കാരം കണ്ടുപിടിച്ചൊരു മന്ത്രിയും. സജി ചെറിയാൻ ! ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് അംബേദ്‌കർ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടനയെന്ന് വലിയ വായിൽ പറഞ്ഞാലും ചൂഷകരുടെ കൂടെ നില്ക്കുന്ന ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞപ്പോൾ അംബേദ്‌കർ കേട്ടെഴുതിയതാണെന്ന് തട്ടിവിട്ടാലും കോത്താഴത്തെ സംസ്ക്കാരിക മുതലാളിയാണ് അത് പറഞ്ഞതെന്ന് അണികൾ കയ്യടിക്കും.
“അടിക്കല്ലേ അമ്മാവാ ഞാൻ നന്നാവത്തില്ല ” എന്ന മട്ടിലാണ് പിണറായി സർക്കാരിന്റെ പോക്ക്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് എന്ത് ഭരണഘടന ? തൊഴിലാളികളെ പാരവച്ച് അംബാനിമാർക്ക് കുടപിടിക്കുന്ന ഭരണഘടന എന്നല്ലേ അദ്ദേഹം പറഞ്ഞത് ! സംസ്ക്കാരമേ ലജ്ജിക്കുക ! മുഖ്യമന്ത്രി തിരുത്തിപ്പറയുന്നതുവരെ
അതു തന്നെ ശരി തന്നെയെന്നല്ലേ നാണംകെട്ട സാംസ്ക്കാരിക വകുപ്പുമന്ത്രിയുടെ ഉളുപ്പില്ലായ്മയും പറഞ്ഞു കൊണ്ടിരിക്കുന്നതു്. പാർട്ടിക്കപ്പുറമല്ല ഇന്ത്യൻ ഭരണഘടനയെന്ന് തോന്നിയാൽ പാവം ജനത്തിനെന്തു് ചെയ്യാൻ പറ്റും? ഈ ഭസ്മാസുരൻ ഗവണ്മന്റിനെയോർത്ത് കേരളീയർക്ക് ലജ്ജിച്ചു തലതാഴ്ത്താം.
നമുക്ക് കേരളത്തിൽ നിൽക്കണ്ട മലേഷ്യയിലേക്ക് തന്നെ പോകാം.
കെ.രാമകൃഷ്ണപിള്ള എഫ്.എ.എസ് എന്ന പേരിലായിരുന്നു ആദ്യം മലേഷ്യ കവിതകൾ എഴുതി വന്നത്. അതിന് മുമ്പ് ചാലയിൽ മാധവപ്പണിക്കർ ഇംഗ്ലണ്ട് എന്നൊരാൾ
കവനകൗമുദിയിൽ കവിതകളെഴുതുമായിരുന്നു. അദ്ദേഹമാണ് പിന്നെ സർദാർ കെ.എം. പണിക്കരായിത്തീർന്നത്.
1910 ഫെബ്രുവരി 15 ന് ആലപ്പുഴയിലെ തലവടിയിൽ ജനിച്ച രാമകൃഷ്ണപിള്ള ഹൈസ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 1928 ൽ നേരെ അമ്മാവന്റെ കൂടെ മലേഷ്യയ്ക്കു കപ്പൽ കയറിയതാണ്, ജോലി അന്വേഷിച്ച്.
1934 ൽ മലയായിലെ ഹോസ്പിറ്റൽ അസിസ്റ്റന്റ് പരീക്ഷ ജയിച്ച് വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്തതോടെയാണ് മലേഷ്യ രാമകൃഷ്ണപിള്ളയായത്.
“കവിതാ വല്ലരി ” എന്ന കോട്ടയം മാസികയിൽ ഇന്ത്യയുടെ സ്വാതന്ത്യലബ്ധി സ്വപ്നം കണ്ടെഴുതിയ ദിവാസ്വപ്നമാണ് അച്ചടിക്കുന്ന ആദ്യത്തെ കവിത. അന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു നരിന്തു പയ്യൻ എഴുതി:
“മാരുതപരിഛിന്ന വാരിദ സമാനമായ് /
ചാരുതഗാത്രിതൻ ലുപ്തബന്ധമാം വാർകുന്തളം ”
അന്നേ ലവന്റെ മനസ്സിന് ആസ്വാദകർ മാർക്കിട്ടതാണ്.
അച്ഛനും അമ്മയും നല്ല സഹൃദയർ. അമ്മയാണെങ്കിൽ സംഗീതവിദുഷി തിരുവാതിരക്കളിയിലും കിളിപ്പാട്ടിലും അഗ്രഗണ്യ . രാമചന്ദ്രവിലാസം ഉമാകേരളം, കേശവീയം, രുഗ്മാംഗദചരിതം മുതലായ മഹാകാവ്യങ്ങൾ തൊട്ട് വള്ളത്തോളിന്റെ ആദ്യകാലകൃതികൾ വരെ പള്ളിക്കൂടത്തിൽ പഠിക്കുമ്പോഴേ ഹൃദിസ്ഥമാക്കി.
മലേഷ്യയിൽ ചെന്ന് ഇംഗ്ലീഷ് സാഹിത്യവുമായി കൂട്ടുകൂടി. ഇരുനൂറിൽപ്പരം ഭാവഗീതങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തു. ടാഗോറിന്റെ ചിത്ര, ഇന്ദുലേഖ ഇവയുടെ പരിഭാഷയും കാളിദാസന്റെ വിക്രമോർവശീയവും പരിഭാഷപ്പെടുത്തി.
മലയായിലെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവലും അങ്ങ് എഴുതി.
“പള്ളിയിൽ കളഞ്ഞ സമയം നമുക്ക് ചാരായക്കടയിൽ പരിഹരിക്കാം ” എന്ന ഒമർ ഖയാം വരികൾ കടമെടുത്തു കൊണ്ടുള്ള മലേഷ്യാ രാമകൃഷ്ണപിള്ളയുടെ കവിത തരുന്ന വീര്യം വായിച്ചു തന്നെ മനസ്സിലാക്കുക.
കാര്യം പറയുമ്പോഴും കലയെ ബഹിഷ്ക്കരിക്കരുതെന്ന് നിർബന്ധമുണ്ട് മലേഷ്യയ്ക്ക് .
“മധുരിമ തന്നിലുദിച്ചു നീളും / മലയാണ്മ തന്റെ നനുത്ത കാലിൽ /
അനവദ്യ ഭാവന മേൽ വിടരും / പനിനീരലരുകൾ കോർത്തിണക്കി / പുളകമിളകും പുലരി വിണ്ണിൽ /
പുതുമയെഴുമൊരു മാല തീർത്തേൻ / അഴകിന്നരുമയാം പൂങ്കഴുത്തി /
ന്നണിയായ് തീരുമെന്നാശയോടെ ”
. എന്ത് ലളിതമായ പദങ്ങളാണ് ആ വരികൾക്ക് !
സ്വാതന്ത്ര്യഭാവത്തിന്റെ കവിതകളാണ് മലേഷ്യയുടേത്. കാപാലികൻ, വിളംബരം, യുദ്ധം, മനുഷ്യൻ എങ്ങോട്ട് എന്നീ കവിതകൾ മാത്രം മതിയല്ലോ മലേഷ്യാ രാമകൃഷ്ണപിള്ളയെ മനസ്സിലാക്കാൻ !
സാമ്രാജ്യവാദികളെ നോക്കി കവി ചോദിക്കുന്നു :
” താഴത്തുവീഴാറായ സാമ്രാജ്യ യുഗം താങ്ങി /
ത്തോളത്തു ചുമന്നെത്തും കൂട്ടരോടൊന്നോതട്ടെ /
നിങ്ങൾ തന്നെയിത്തേരിൻ കീഴിലായകപ്പെട്ടു /
ഞെങ്ങിപ്പോം , നിൽപ്പിൻ ദൂരെയതു വീണുയട്ടെ /
ഇരമ്പിക്കുതിക്കു മീ ജനതാ ശക്തിയേതു /
വരമ്പും തകർത്തല്ലീമുന്നേറിപ്പാഞ്ഞീ
ടുന്നു / ”
ആ സ്വരം വിപ്ലവകാരിയുടേതാണോ സമാധാനപ്രിയന്റേതോ?
മലേഷ്യയിലുള്ള കാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ സേനയിലുമുണ്ടായിരുന്നു രാമകൃഷ്ണപിള്ള. ഐ.എൻ .എയുടെ സിവിൽ സംഘടനയായ ഇൻഡിപെൻഡൻസ് ലീഗിന്റെ ഒരു ജില്ലാ കമ്മിറ്റി ചെയർമാനായിരുന്നു.
1968 ൽ നാട്ടിൽ തിരിച്ചെത്തി ഫുൾ ടൈം കവിയായി.
“നർത്തകിയും ഗായികയും ” “ചിത്ര”, “ലീലാശുകം “, “കൊയ്ത്തുകാരൻ ” “മുകുളാമോദം”, “ചന്ദ്രലേഖ ” എന്നീ കാവ്യസമാഹാരങ്ങളാണ് മലേഷ്യാ രാമകൃഷ്ണപിള്ളയുടേത്.
1990 ഏപ്രിൽ 8 ന് അദ്ദേഹം അന്തരിച്ചു.
മാതൃഭൂമിയിൽ തുടർച്ചയായി കവിതകളെഴുതിയിരുന്ന നാളുകളിൽ അദ്ദേഹം ഓർത്തിരിക്കുമോ ആവോ! പുതിയ കവിത ചാൽ കീറിപ്പോകുന്ന വഴികളെപ്പറ്റി!
ഇന്നാരോർക്കുന്നു, മലേഷ്യാ രാമകൃഷ്ണപിള്ളയെ ! എന്നാൽ ഇദ്ദേഹത്തിന്റെ ഒരു കവിതയുടെ പേർ കുറിക്കാം. “ആന”.
അയ്യപ്പൻ കോവിലിലേക്ക് പതിനായിരം രൂപക്ക് ഒരു കൊമ്പനാനയെ വാങ്ങിച്ചു ദേവസ്ഥാനക്കാരും പ്രമാണിമാരും അർമാദിക്കുമ്പോൾ കവി കാണുന്നത് അയ്യപ്പനോട് സങ്കടം പറയാനെത്തിയ പട്ടിണിക്കോലങ്ങളായ ഒരു സ്ത്രീയേയും നാലഞ്ചു കുട്ടികളേയും അങ്ങേപ്പുറത്തെ മേൽക്കൂരയഴിച്ച് വിറ്റ് പെരുച്ചാഴി കുത്തിയതപ്പെടും ഇടിഞ്ഞ കൽക്കെട്ടുമായി നിൽക്കുന്ന ഒരു വിദ്യാലയ പ്രേതത്തേയും കടും ചിതലു തിന്ന് എല്ലാം നശിച്ച് ആദിമദ്ധ്യാന്തമില്ലാത്ത ഏതാനും ഗ്രന്ഥങ്ങൾ ശേഷിച്ചിരിക്കുന്ന ഗ്രന്ഥശാലയുമാണ്.
വിദ്യാലയങ്ങളുടേയും ഗ്രന്ഥശാലകളുടേയും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അകപ്പൊരുൾ ശോചനീയം തന്നെ. കൊമ്പനാനയെ വാങ്ങി മുന്നിൽ എഴുന്നള്ളിച്ചിട്ടു കാര്യമുണ്ടോ? ഇന്നും കേരളത്തിൽ നടക്കുന്നതു് പത്ത് തൊണ്ണൂറു വർഷത്തിനു മുമ്പ് മലേഷ്യാ രാമകൃഷ്ണപിള്ള എഴുതിയ “ആന ” കാര്യമല്ലേ !
എല്ലാ പ്രധാനവേഷവും കുണ്ടിക്കുതന്നെ എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏത് മലേഷ്യാ രാമകൃഷ്ണപിള്ള ? അയാൾക്ക് മലേഷ്യയിൽ കിടന്നാൽപ്പോരേ മലയാള കവികൾക്കിടയിലെന്തു സ്ഥാനം എന്നാലോചിക്കുകയാണോ?













Great. 👍