LIMA WORLD LIBRARY

പ്രണയം – ഡോ. വേണുതോന്നയ്ക്കൽ

ഞാൻ
ഒരു കാൻസർ രോഗി
അർബുദ കോശങ്ങളുടെ
അഭയാർത്ഥി
അർബുദ കോശങ്ങൾ –
ക്കൊപ്പമുണ്ണുകയും
ഉറങ്ങുകയും ചെയ്യുന്നു.
ഞണ്ടിന്റെ ആകൃതിയിൽ
കാമനകൾക്ക്
മനസ് പകുത്ത
കാൻസറാണെന്റെ
ആത്മാവും ശരീരവും.

ഞാൻ
കാൻസറിനെ
സ്നേഹിക്കുന്നു.
വാക്കും മനസും
പകുക്കാനാവാതെ
ആഴിമധ്യത്തിൽ
വിലപിക്കുമ്പോഴും
കീമോതെറാപ്പി തിന്ന്
ചുവന്ന മേനി
കാളകൂടം കണക്കെ
കറുക്കുമ്പോഴും
രോമം കൊഴിഞ്ഞ ഉടൽ
തൂവലുരിച്ച കിളി കണക്കെ
ചടക്കുമ്പോഴും
ഞാൻ, കാൻസറിനെ
സ്നേഹിക്കുന്നു.

കാൻസറിനെ
പുണർന്ന്
ആൾക്കൂട്ടത്തിൽ
ഒറ്റപ്പെടുമ്പോഴും
മനസിൽ പെരുകുന്ന
ഏങ്ങലുകളെ
നെഞ്ചിൻ കൂടിലൊതുക്കി
വിതുമ്പുമ്പോഴും
ഞാൻ കാൻസറിനെ
സ്നേഹിക്കുന്നു.

ഉടലാകെ
തരിപ്പുണർത്തി
ജീവനെ
ചുറ്റിവരിയുന്ന
അർബ്ബുദ നാരുകളെ
ഞാൻ നമിക്കുന്നു.

തീവ്രാനുഭവങ്ങൾ നൽകി
ജീവിതത്തിന്റെ
നിരർത്ഥകത കാട്ടിത്തന്ന
മരണം സ്വപ്നം കാണാൻ
പഠിപ്പിച്ച അർബുദ –
കോശങ്ങൾക്ക് വന്ദനം

അർബുദത്തിന്
കാലന്റെ നിറമാണ്
മരണത്തിന്റെ ഗന്ധമാണ്
പ്രണയം മരിച്ച മുഖമാണ് .

പെറ്റു വീഴുന്ന
ചോരക്കുഞ്ഞുങ്ങൾക്കും
കാൻസറിന്റെ നിറം
അർബുദത്തിന്റെ മണം

നാടാകെ കാൻസർ
നിറയുമ്പോൾ
മനസ് വേകാതെ
ഇണക്ക് മേൽ മധുരം
സ്വപ്നം കണ്ടുറങ്ങുന്ന
യുവരാജാക്കൻമാർക്ക് സ്തുതി.

ഔഷധ കുത്തകകൾക്കും
ബയോ മെഡിക്കൽ
വമ്പൻ മാർക്കും
മുന്നിലോഛാനിച്ച്
എച്ചിൽ നുണയുന്ന
അധികാരി വർഗ്ഗങ്ങൾ.

കാൻസർ കുത്തകകൾക്കായി
പഞ്ചനക്ഷത്ര സൗഖ്യങ്ങൾ
ആതുരാലയങ്ങളെ തിന്ന്
ഗജ രൂപമാർന്ന
ധർമ്മാശപത്രി
യജമാനൻമാർ .

ദേവരൂപം വരച്ച്
പിശാചിനെ
പൊറുപ്പിക്കുന്ന വർ
രാസൗഷധങ്ങളുടെ
മികവു രക്കാൻ
അശരണരായ
കൂലികൾ.
ദൈവത്തിന്റെ
സ്വന്തം നാട്ടിൽ
ഇതിൽ പരമെന്തു വേണം?

അക്ഷരക്കൂട്ടായ്മകളിൽ
കഥകൾ പറഞ്ഞും
ആകാശത്തെരുവിലെ
നക്ഷത്രങ്ങളെ
പ്രണയിച്ചും
കടലിന്റെ നീല ഗർഭത്തിൽ
ഉണ്ണി പിറക്കുന്നതു കണ്ടും
എന്റെ രാപകലുകൾ
ഒക്കെയും വിഭ്രമാകാശത്തിലെ
സ്വപ്നക്കാഴ്ചകൾ

അർബുദ നാമത്തെ
ഞാൻ വെറുക്കുകയും
ഭയക്കുകയും ചെയ്യുന്നു.
അർബുദ ശബ്ദമെന്റെ
ഹൃദയം
തപിപ്പിക്കുന്നു.
അർബുദ നാമത്തിൽ
മരണഗന്ധ-
മുറഞ്ഞു ചീയുന്നു.

വീട്ടുമൃഗമായ
നായയ്ക്കും പൂച്ചയ്ക്കും
പേരെന്ത് സുന്ദരം ?
ഭ്രാന്തിന് ചിത്തരോഗം
കുഷ്ഠത്തിനോ
ഹാൻസൺസ് ഡിസീസ്
അർബുദത്തിനു മാത്രം
മരണഗന്ധം പേറുന്ന നാമധേയം.

ഞാൻ
എന്റെ ചിതൽ വീണ
മേനി കത്തിച്ച്
ചിന്തയ്ക്ക്
തീറ്റ നൽകുന്നു.
അഗ്നിയിൽ
ഉറയുന്ന ചിന്തയെ
മാനത്തോളമുയർത്താൻ
മേഘം താങ്ങാവുന്നു.
ഞാൻ , സ്വയമാത്മാവായി
കാൻസർ ദേഹി യിൽ
പ്രണയ മർപ്പിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px