1867 നവംബർ 3-ന് ജർമ്മനിയിലെ ഹാസ്സൻ എന്ന നഗരത്തിൽ തുകൽപ്പണിക്കാരനായ ഹെൻറി പീറ്ററിൻ്റെയും ഏലിസബേത്ത്മേയുടെയും പുത്രനായാണ് വോൾ ബ്രിറ്റ് നാഗൽ എന്ന ജർമ്മൻ വൈദികൻ്റെ ജനനം. 1921 മെയ് 12-ന് അദ്ദേഹത്തിൻ്റെ ആത്മാവ് താൻ പ്രിയംവച്ച അരുമനാഥൻ്റെ സന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടു.
തൻ്റെ 18-ാം വയസ്സിൽ, സുവിശേഷകനായ ഒരു ചെരുപ്പുകുത്തിയുടെ, യേശുവിനെക്കുറിച്ചുള്ള പ്രസംഗംകേട്ട് മാനസാന്തരപ്പെട്ട അദ്ദേഹം വേദപഠനത്തിനായി ലൂഥറൺ സഭയിൽ ചേർന്നു. സഭയിലെ ബാസ്സൽ മിഷൻ പ്രവർത്തനങ്ങളുമായി ചേർന്നുനിന്ന അദ്ദേഹത്തിന് ഇന്ത്യയിലെ സുവിശേഷ വേലയ്ക്കായുള്ള നിയോഗം ലഭിച്ചു. അങ്ങനെ തൻ്റെ 25-ാം വയസ്സിൽ, 1893 ഡിസംബറിൽ കണ്ണൂരിലെത്തി. ധനവും, സ്ഥാനമാനങ്ങളുമില്ലാത്ത, സ്വതന്ത്ര സുവിശേഷ പ്രവർത്തനം ലക്ഷ്യമാക്കി,
1897 ൽ യാതൊരു സഭയുടെയും ചട്ടക്കൂടുകളിൽപ്പെടാതെ സ്വതന്ത്ര ശുശ്രൂഷകനായി താൻ കുന്നംകുളത്തെത്തി. അവിടെ ദൈവവേലയിൽ വ്യാപൃതനായി. പിന്നീട് ഇംഗ്ലീഷുകാരനും ബ്രദറൺ മിഷണറിയുമായ ഹാൻലി ബോർഡിനെ പരിചയപ്പെടുകയും മുതിർന്നവർക്കുള്ള വിശ്വാസ സ്നാനം സ്വീകരിച്ച്, ബ്രദറൺ സഭയോട് ചേർന്നു നിന്ന് അദ്ദേഹം തൻ്റെ സുവിശേഷീകരണം വ്യാപകമാക്കുകയും ചെയ്തു. ജയിലിൽ തുക്കുമരണം കാത്തു കഴിയുന്ന കൊലപ്പുള്ളികളെപ്പോലും അദ്ദേഹം മാനസാന്തരപ്പെടുത്തി, അവരുടെ ആത്മാക്കളെ ക്രിസ്തുവിൻ്റെ പാളയത്തിലേക്ക് നേടിക്കൊടുത്തു. അദ്ദേഹം രചിച്ച “പാപക്കടം നീക്കുവാൻ ക്രിസ്തുവിൻ രക്തം ” എന്ന ഗാനം പാടിക്കൊണ്ട് 2 കൊലപ്പുള്ളികൾ കൊലക്കയർ ഏറ്റുവാങ്ങി. 1899-ൽ, അദ്ദേഹം തൻ്റെ 32-ാം വയസ്സിൽ പറവൂർ എത്തി.
സമ്പൂർണ്ണ സുവിശേഷ ജീവിതത്തിനിടയിൽ, 1897-ൽ ആംഗ്ലോ ഇന്ത്യൻ വംശജയായ ഹാരിയറ്റ് മിഷേലിനെ വിവാഹം കഴിച്ചു. 3 ആണും 2 പെണ്ണുമായി അദ്ദേഹത്തിന് 5 മക്കൾ ഉണ്ടായി. 2 കുട്ടികൾ നന്നേ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.
അദ്ദേഹം രചിച്ച നൂറിൽപ്പരം മലയാള ക്രിസ്തീയ കീർത്തനങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയങ്ങളായിരുന്നു; സഭാഭേദമെന്യേ എല്ലാ ക്രൈസ്തവരും അവയെ ആരാധനാഗീതങ്ങളാക്കി. അവയിൽ ഏതാനും ചില ഗാനങ്ങൾ താഴെക്കൊടുക്കുന്നു.
യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു…
സ്നേഹത്തിന്നിടയനാം യേശുവേ…..
നിന്നോടു പ്രാർത്ഥിപ്പാൻ ….
വിതച്ചീടുക നാം…
ദൈവത്തിൻ്റെ ഏകപുത്രൻ…..
എപ്പോഴും ഞാൻ സന്തോഷിയ്ക്കും….
യേശുവേ നിൻ്റെ രൂപമീ….
യേശു എൻസ്വന്തം ഹാലേലൂയ്യാ…
കർത്തൃ കാഹളം യുഗാന്ത്യകാലത്തിൽ ….
ക്രിസ്തുവിൻ്റെ ദാനം എത്ര മധുരം..
ഗോഗുൽത്തായിലെ കുഞ്ഞാടേ….
വീശുക ദൈവാത്മാവേ സ്വർഗ്ഗീയമാം ….
സമയമാം രഥത്തിൽ….
പാപക്കടം നീക്കുവാൻ യേശുവിൻ രക്തം …..
അദ്ദേഹം കേരളത്തിൽവന്ന്, മലയാളിയെ ഭാഷയിൽ തോല്പിയ്ക്കുംവിധം, മലയാളത്തിൽ എഴുതാനും വായിക്കാനും പ്രാവിണ്യം നേടി. മലയാളഭാഷ എഴുതാനും വായിക്കാനും മാത്രമല്ല അദ്ദേഹം പരിശ്രമിച്ചത്. അർത്ഥ, പര്യായ, വ്യാകരണ പദങ്ങൾ നന്നായി പഠിച്ചെഴുതിയ സമയമാംരഥത്തിൽ എന്ന ക്രിസ്തീയഗാനം എത്ര അർത്ഥവത്തായ ഒരു പ്രത്യാശാഗാനമാണ്. ഈ ഗാനം 21 ലോകഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ ഗാനത്തിലെ ചിലവരികൾ വയലാർ രാമവർമ്മ മാറ്റി എഴുതുകയും, 10 വരികൾ ഒഴിവാക്കുകയും ചെയ്ത് പാറപ്പുറത്തിന്റെ അരനാഴികനേരം സിനിമയാക്കിയപ്പോൾ അതിൽ ചേർത്തു; അന്നു മുതൽ മലയാളി ഈ മധുരമനോഹര പ്രത്യശാഗാനത്തെ ക്രിസ്തീയ മരണവീടുകളിൽമാത്രം ഉപയോഗിയ്ക്കുന്ന ഒരു മരണപ്പാട്ടാക്കിമാറ്റി.
മാറ്റിയ വരികൾ:
എൻ സ്വദേശം കാൺമതിന്നായ്
ബദ്ധപ്പെട്ടോടിടുന്നു ( പാസ്റ്റർ വോൾ ബ്രീറ്റ് നാഗൽ)
ഞാൻ തനിയെ പോകുന്നു (വയലാർ).
4-ാം വരിയിൽ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ (നാഗൽ സായ്പ്),
ആകെയരനാഴിക നേരം മാത്രം ഈയുടുപ്പു മാറ്റുവാൻ (വയലാർ).
5-ഉം 6 ഉം വരികൾ സ്ഥാനഭൃംശം വരുത്തി തിരുത്തി മാറ്റി.
, രാവിലെ ഞാനുണരുമ്പോൾ ഭാഗ്യമുള്ളോൻ നിശ്ചയം. എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാളടുപ്പം. (പാ. നാഗൽ), രാവിലെ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉണരുന്നു. അപ്പോളുമെൻ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു (വയലാർ).
9-ഉം 10 ഉം വരികൾ മാറ്റി.
തേടുവാൻ ജഡത്തിൻ സുഖം ഇപ്പോളല്ല സമയം. സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ചിതം ( പാ. നാഗൽ).
ഈ പ്രപഞ്ച സുഖം തേടാൻ ഇപ്പോഴല്ല സമയം എൻ സ്വദേശത്തു ചെല്ലണം യേശുവിനെ കാണണം (വയലാർ)
പിന്നെ തേനോലുന്ന പ്രത്യാശ പകരുന്ന 10 വരികൾ വയലാർ ചേർത്തില്ല.
നാഗൽ സായ്പിന്റെ വരികളിൽ എത്രയും വേഗം പ്രിയന്റെ മുഖം കാണുവാനുള്ള വാഞ്ചയും, വയലാറിന്റെ വരികളിൽ ഈ ലോകം വിട്ടു പോകുന്നതിലുള്ള ദു:ഖവും സ്പഷ്ടമാകുന്നു.
ക്രിസ്തുവിനു വേണ്ടി കല്ലും മുള്ളും നിറഞ്ഞ സേവനപാതകൾ താണ്ടിയ അദ്ദേഹം തൃശൂർ നെല്ലിക്കുന്നത്ത് 75 ഏക്കറോളം സ്ഥലം വാങ്ങി ‘രഹബോത്ത്’ എന്ന പേരിൽ ഒരു മിഷൻ കേന്ദ്രം ആരംഭിച്ച്, അവിടെ അനാഥശാലയും, വിധവാ മന്ദിരവും സ്ഥാപിച്ചു. നൂറിൽപ്പരം വർഷങ്ങളുടെ സേവനപാരമ്പര്യങ്ങളോടെ രഹബോത്ത് ഇന്നും നിലനില്ക്കുന്നു.
ഇന്ത്യയെയും കേരള ജനതയെയും ഏറെ സ്നേഹിച്ച പാസ്റ്റർ നാഗൽ തൻ്റെ രണ്ടാൺമക്കളെ ഇംഗ്ലണ്ടിൽ പഠിപ്പിയ്ക്കാൻ ചേർത്തിട്ട് ജന്മനാട് സന്ദർശിച്ചുവരാനായി 1914-ൽ തൻ്റെ 47-ാം വയസ്സിൽ ജർമ്മനിയിലേയ്ക്ക് പോയി. ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടു. അദ്ദേഹത്തിന് ഇന്ത്യയിലേയ്ക്ക് വരാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. ഭാര്യയും ഒരു മകളും കേരളത്തിൽ. രണ്ടാൺമക്കൾ ഇംഗ്ലണ്ടിൽ. നിഷ്പക്ഷ രാജ്യമായ സ്വിറ്റ്സർലണ്ടിൽ അഭയം നേടിയ അദ്ദേഹം യുദ്ധത്തിനെതിരെ എഴുതി. “ദൈവവേലയാണ് എൻ്റെ രാഷ്ട്രീയം” എന്ന് അദ്ദേഹം അടിവരയിട്ട് സമർത്ഥിച്ചു. അക്കാലഘട്ടത്തിൽ അദ്ദേഹം എഴുതിവച്ച പുസ്തകമാണ് ‘ക്രിസ്ത്യാനിയും യുദ്ധവും’
‘ പക്ഷവാതരോഗബാധിതനായി അദ്ദേഹം 1921 May 12-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ധന്യാത്മാവേ, ഗുരുവേ! പ്രണാമം!!!
…….












