LIMA WORLD LIBRARY

കർക്കടക കടലിരമ്പം – ഉല്ലാസ് ശ്രീധർ

എന്റെ കുട്ടിക്കാലത്ത്
കടലിനെ ആദ്യമറിയുന്നത് കടലിരമ്പത്തിലൂടെയാണ്…

വീട്ടിൽ നിന്ന് അകലെയായതു കൊണ്ട് കടലിനെ കണ്ടിട്ടില്ല…

കർക്കടകത്തിൽ കടൽ കലി തുള്ളും…

പണ്ടത്തെ കർക്കടകത്തിൽ എന്നും മഴയായതിനാൽ നക്ഷത്രങ്ങൾ മഴമേഘങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കും…

ടെലിവിഷൻ ഇല്ലാത്ത കാലം,
എട്ടര കഴിഞ്ഞാൽ റേഡിയോയിൽ മലയാളം പരിപാടികളും ഇല്ല…

മഴയുടെ തണുപ്പും ചെറിയ കാറ്റുമുള്ളതു കൊണ്ട് അത്താഴം കഴിഞ്ഞാലുടൻ കിടക്കും…

അപ്പോഴാണ്,
അങ്ങകലെ കടലിന്റെ ഇരമ്പം കേൾക്കുന്നത്…

പേടിയാകുന്ന,
പേടിയാക്കുന്ന കടലിരമ്പം കേൾക്കുമ്പോൾ വല്ലാതെ പേടി തോന്നും…

കടൽ കയറി കയറി വരുന്നതുപോലെ തിരമാലകൾ തീരം തല്ലി വെല്ലു വിളിക്കുന്നതു പോലെ തോന്നും…

മനസ്സിൽ പലവിധ സംശയങ്ങൾ ഉയർന്നു വരും…

കടൽ ഇങ്ങെത്തുമോ…?
കടൽ കയറിയാൽ ഓടി
രക്ഷപ്പെടാൻ പറ്റുമോ…?
ഞാൻ ഓടുന്ന വേഗതയിൽ അമ്മയും ചേച്ചിമാരും ഓടുമോ…?
ഇപ്പോഴേ ഏതെങ്കിലും മലയുടെ മുകളിലേക്ക് പോയാലോ…?

കടൽ ഇരച്ചു കയറി എല്ലാവരും മരിക്കുമെന്ന പേടിയോടെ ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയോടി അടുക്കളയിൽ നിൽക്കുന്ന അമ്മയോട് ചോദിക്കും- “കടൽ ഇങ്ങെത്തുമോ…?
നമുക്ക് അമ്മയുടെ വീട്ടിൽ പോയാലോ…?
അവിടെ കടൽ എത്തില്ലല്ലോ…?”

അമ്മ ചേർത്തു പിടിച്ചു കൊണ്ട് പറയും”ഒരുപാട് ദൂരെയാണ് മോനേ കടൽ.കിടക്കുമ്പോൾ
‘ഓം നമശിവായ’ ചൊല്ലിയാൽ മതി.കടലൊന്നും ഇങ്ങോട്ട് വരില്ല…”

പേടി മാറാൻ ചേച്ചി കൂടി വന്ന് എന്നോടൊപ്പം കിടക്കും.ചേച്ചിയേയും കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ ഉറക്കെ
“ഓം നമശിവായ” ചൊല്ലി ചൊല്ലി ഉറക്കത്തിലേക്ക് വീഴും…

പിറ്റേ ദിവസം ഉണരുമ്പോൾ
മഴ പെയ്ത് തോർന്ന ആകാശം കാണുകയും അടുക്കളയിലെ ദോശയുടെ മണം ആസ്വദിക്കുകയും ചെയ്യുമ്പോൾ കടലിനെ മറക്കും…

പകലിന്റെ ശബ്ദത്തിൽ കടലിരമ്പം കേൾക്കാൻ കഴിയില്ല…

കർക്കടക മഴയുടെ തണുപ്പിലും എന്റെ ഒരുപാട് ഉറക്കങ്ങളെ അങ്ങകലെയുള്ള കടലിരമ്പം പേടിപ്പിച്ചിട്ടുണ്ട്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px