ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 17 പിന്‍വാക്ക് | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

വീട്ടിലെത്തിയ കിരണിനെ ഓമന കെട്ടിപ്പിടിച്ച് ചുംബിച്ചു. അവള്‍ ഓടിച്ചെന്ന് പപ്പയെയും ചുംബിച്ചു.
സൂര്യന്‍ ആകാശത്ത് തിളച്ചുനിന്നു. മകളെ കണ്ടമാത്രയില്‍ ഓമനയുടെ എല്ലാഭയാശങ്കകളും മാറി. സന്തോഷം അലതല്ലുന്ന നിമിഷങ്ങള്‍. പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകള്‍. നീണ്ട മാസങ്ങള്‍ക്കുശേഷം മകളുടെ ശബ്ദം നേരില്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ എന്തെന്നില്ലാത്ത ആഹ്ലാദം. എല്ലാം കണ്ട് വീര്‍പ്പടക്കി നിന്ന കരുണ്‍ കാറിന്‍റെ താക്കോല്‍ ചാരുംമൂടനെ ഏല്പിച്ചു. ഉടന്‍ പോകണമെന്ന് പറഞ്ഞിട്ട് പുറത്തിരുന്ന കിരണിന്‍റെ സൈക്കിളില്‍ മണല്‍ലോറി കിടന്ന ഭാഗത്തേക്ക് ഓടിച്ചുപോയി.
ഓമന മകളെ അടുത്തിരുത്തി തലയില്‍ തലോടി. ചാരുംമൂടന്‍ മകളുടെ യാത്രയെപ്പറ്റി ആരാഞ്ഞു. വിദേശത്ത് പഠിക്കാന്‍പോയ മകളില്‍ ധാരാളം മാറ്റങ്ങളുണ്ട്. മുഖത്ത് നല്ലൊരു പ്രസരിപ്പ് നിറഞ്ഞുനിന്നു. പുറത്തുള്ള ജീവിതാനുഭവങ്ങള്‍ ജീവിതത്തെ ധാരാളമായി സ്വാധീനിക്കും. പലര്‍ക്കും അതിനുള്ള ഭാഗ്യം ഉണ്ടാകാറില്ല. അവരുടെയൊക്കെ ജീവിതം വെറും മുത്തശ്ശിക്കഥകള്‍ പോലെയാണ്. ജീവിതം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. മടിയന്മാര്‍ക്കതിനാകില്ല. അന്വേഷകര്‍ എത്തേണ്ടിടത്ത് എത്തും. അതുവരെ അവര്‍ യാത്ര ചെയ്യും. അത് ജീവിതത്തെ മാറ്റി മറിക്കും.
അച്ഛനും മകളും കുശലംപറഞ്ഞിരിക്കെ ഓമന ചായയും പലഹാരങ്ങളുമായെത്തി. ചായ കുടിച്ചുകൊണ്ടിരിക്കെ ഓമനയുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചത് മകളുടെ വിദേശജീവിതമാണ്. അവിടുത്തുകാര്‍ വിദ്യാസമ്പന്നരും സമര്‍ത്ഥരുമാണെങ്കിലും മകളും ആ സംസ്കാരത്തില്‍ ജീവിക്കുമോ എന്ന ഭയമായിരുന്നു. മകള്‍ നാളെ ഒരാളുടെ ഭാര്യയാകേണ്ടവളാണ്. ഇവിടുത്തെ സ്ത്രീകളെപ്പോലെ അവിടുത്തെ സ്ത്രീകള്‍ മഹാമനസ്ക്കരല്ല. ഭര്‍ത്താക്കന്മാരെക്കൊണ്ടും അടുക്കളപ്പണികള്‍ ചെയ്യിക്കുന്നതില്‍ അവര്‍ സമര്‍ത്ഥരാണ്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ എല്ലാം ചെറുപ്പം മുതലെ പഠിച്ചു വളരുന്ന ഒരു ജനതയുടെ മധ്യത്തില്‍ ജീവിക്കുന്ന മകള്‍ ഏതെങ്കിലും അവിഹിതബന്ധത്തില്‍ കുഴഞ്ഞുവീഴുമോ? സത്യത്തില്‍ ദൂരത്തായിരിക്കുന്ന മകളെയോര്‍ത്ത് നിത്യവും നീറിപുകഞ്ഞാണ് ജീവിച്ചത്.
വിവാഹത്തിന്ശേഷം ഒരിക്കല്‍ മാത്രമേ ലണ്ടനില്‍ ഭര്‍ത്താവുമായി പോയിട്ടുള്ളു. താളംതെറ്റിപ്പോകുന്ന ധാരാളം കുടുംബങ്ങളെ കാണാന്‍ കഴിഞ്ഞു. അതിലൊട്ട് ആശങ്കയും തോന്നിയില്ല. വിവാഹത്തിന് മുമ്പുതന്നെ പ്രേമിച്ചും ഒന്നിച്ചുറങ്ങിയും കഴിയുന്നവര്‍ വിവാഹശേഷം പിണങ്ങിപ്പിരിയുന്നതില്‍ എന്താശ്ചര്യം. രണ്ടുകൂട്ടരും ചെന്നത്തുന്നത് അവിശ്വാസത്തിലാണ്. ആ കൂട്ടത്തില്‍ ആത്മവഞ്ചന നടത്താത്ത സ്ത്രീപുരുഷന്മാരുമുണ്ട്. ഇന്നുള്ള ഇന്‍റര്‍നെറ്റിലൂടെയും മൂല്യങ്ങളില്ലാത്ത സിനിമ, ടി.വി. പരിപാടികളിലൂടെയും ധാരാളംകുട്ടികള്‍ വഴിതെറ്റിപ്പോകുന്നുണ്ട്. മനുഷ്യന് സുഖസൗകര്യങ്ങള്‍ കൂടുന്നതനുസരിച്ച് തിന്മകളും വര്‍ദ്ധിച്ചു വരുന്നു. സമൂഹത്തിന് മാതൃകയാകേണ്ടവര്‍പോലും അപകടകാരികളാകുന്ന കാലം. മകളില്‍ ഒരു വിശ്വാസമുണ്ട്.
അവിടുത്തുകാരെപ്പോലെ തന്നിഷ്ടക്കാരിയായി എന്‍റെ മകള്‍ ജീവിക്കില്ല. അറിവും വിവേകവും അവള്‍ക്കുണ്ടെന്നാണ് പ്രതീക്ഷ. മകളുടെ പഠനകാലം തീരുന്നതുവരെ മനസ്സിനൊരു ശാന്തി ലഭിക്കില്ലെന്നുറപ്പാണ്. മനസ്സിനെ എത്രമാത്രം നിയന്ത്രിക്കാനും ലഘൂകരിക്കാനും ശ്രമിക്കുന്നുവോ അത്രമാത്രം മനസ് ഒറ്റപ്പെടുകയാണ്. മകളില്‍ നിന്ന് കൂടുതല്‍ കേള്‍ക്കാനുള്ള ഔത്സുക്യം അവര്‍ക്കുണ്ടായിരുന്നു.
ഓമന മകളുടെ മുഖത്തേക്ക് കണ്ണുംനട്ടിരുന്നപ്പോള്‍ അവള്‍ ചോദിച്ചു, “മമ്മി ഇവിടെത്തന്നെയാണോ, ഞാനിങ്ങ് എത്തിയെന്നേ.”
മകളുടെ നിഷ്കളങ്കമുഖത്തേക്ക് നോക്കി ഓമന പറഞ്ഞു. “അതെ, പെറ്റവര്‍ക്കല്ലേ പ്രസവവേദന അറിയൂ. നീ പോയി കുളിക്കൂ.”
ചാരുംമൂടന്‍ ഭാര്യ ചായക്കപ്പുമായി പോകുന്നത് നിമിഷങ്ങള്‍ നോക്കി നിന്നു.
“നിന്‍റെ മമ്മി ഉള്ളില്‍ ഒളിപ്പിച്ചുവച്ച ഒരു സത്യം ഞാനുംകൂടി അറിയാന്‍ പറഞ്ഞതാണ്. നിന്നെ അങ്ങോട്ടു വിട്ടതില്‍ കക്ഷിക്ക് ഒട്ടും സന്തോഷമില്ല.”
അവള്‍ പുഞ്ചിരി തൂകി പപ്പായെ നോക്കി. ഒരമ്മയുടെ മാനസികനില അവള്‍ക്കറിയാം. എത്രയോ രാജ്യത്തെ കുട്ടികളാണ് അവിടെ പഠിക്കുന്നത്. അവര്‍ക്കൊന്നും സ്വന്തം നാട്ടിലേക്ക് തിരികെ പോകണമെന്ന് ആഗ്രഹം ഇല്ല. അതിന്‍റെ പ്രധാനകാരണം പൗരസ്വാതന്ത്ര്യം മനുഷ്യര്‍ അനുഭവിക്കുന്നുണ്ട്. രാഷ്ട്രീയമോ മതമോ ഒന്നും അവരില്‍ ആരും കുത്തി നിറയ്ക്കില്ല. ആരും ആര്‍ക്കും തടവുകാരല്ല. അധികാരം പിടിച്ചടക്കാനും കലാപങ്ങള്‍ക്ക് തിരികൊളുത്താനും ആരും മുതിരുന്നില്ല. രണ്ടുപേര്‍ തമ്മില്‍ വഴക്കുണ്ടായി ഒരാളുടെ നാവില്‍ നിന്ന് അസഭ്യവാക്കുകള്‍ വന്നാല്‍ അതും പൗരാവകാശലംഘനമായി കണ്ട് അയാളുടെപേരില്‍ കേസെടുക്കും. നിയമങ്ങള്‍ എല്ലാവരുടെയും തലയ്ക്ക് മുകളില്‍ കഴുകനെപ്പോലെ പറക്കുകയാണ്. ഇന്ത്യയില്‍ മനുഷ്യനെ ജാതി-മതത്തിന്‍റെ പേരില്‍ തരംതിരിച്ച് കാണുമ്പോള്‍ നാരായണഗുരു പ്രവചിച്ച ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ഹിന്ദുപുരാണത്തിലെ ഹരേ കൃഷ്ണ ഹരേ രാമ എന്ന സന്തോഷവും യേശുക്രിസ്തു പഠിപ്പിച്ച സ്നേഹവും സമാധാനവും എല്ലാം ലണ്ടനില്‍ ഒന്നായി വാഴുമ്പോഴാണ് അവരുടെ മദ്ധ്യത്തിലേക്ക് ചില തീവ്രമതസംഘടനകള്‍ നുഴഞ്ഞു കയറി മറ്റുള്ളവരുടെ മനഃസമാധാനം നഷ്ടപ്പെടുത്തുന്നത്. പ്രാവു വെടിഞ്ഞ കൂടുപോലെ ഒരു വിശ്വാസത്തെ ഹനിക്കാന്‍ കുറെ ഭീകരര്‍. അതുമൂലം വിദേശനയങ്ങളില്‍ ഇമിഗ്രേഷന്‍ അടക്കം എന്തെല്ലാം മാറ്റങ്ങളാണ് ബ്രിട്ടനില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം കാരണം തിമിരം ബാധിച്ച കുറെ ജാതി കോമരങ്ങളാണ്. തെരുവ് നായ്ക്കള്‍. ഇതുമൂലം നല്ലൊരു ജീവിതം സ്വപ്നംകണ്ട് കുടിയേറിയ കുറെ മനുഷ്യര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. താനിരിക്കേണ്ടടത്ത് താനിരുന്നില്ലെങ്കില്‍ നായിരിക്കും എന്നതിന് ഏറ്റവും മല്ല മാതൃകയാണ് ഈ ഭീകരര്‍ നല്കുന്നത്. മതമേധാവികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങാന്‍ ഭീകരര്‍ അതിന്‍റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങാന്‍ പാവം ജനങ്ങള്‍. താടി നീട്ടി വളര്‍ത്തിയാല്‍ സന്യാസിയാകുമോ?
മലിനീകരണ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ പേരില്‍ കര്‍മസേനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്യാനെത്തിയത് ചാരുംമൂടനായിരുന്നു. അണിയിച്ചൊരുക്കിയ പന്തലിനുള്ളില്‍ ഗ്രാമത്തിലുള്ളവര്‍ അണനിരന്നു. പന്തലിനുള്ളില്‍ കിരണിന്‍റെ മുഖം തിളങ്ങി. കരുണിന് പൂമാലയിട്ടുകൊണ്ടായിരുന്നു നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്.
ചാരുംമൂടന്‍റെ സുവ്യക്തവും സുചിന്തിതവുമായ വാക്കുകള്‍ ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.
“ഇങ്ങനെയൊരു പരിപാടിയുടെ ഉദ്ഘാടകനായി നിങ്ങളുടെ മുന്നില്‍ നില്ക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. നമ്മുടെ കുന്നുകളും താഴ്വരകളും മലനിരകളും ഇടിച്ചു നിരത്തുന്ന ദാരുണ കര്‍ത്താക്കള്‍ക്ക് ഈ ദിനത്തെപ്പറ്റി അറിയില്ല. അവര്‍ ചിന്തിക്കുന്നത് വനഭൂമി എങ്ങിനെ കയ്യേറാന്‍ കഴിയുമെന്നാണ്. സത്യമാണ് ദൈവമെന്നും ധര്‍മ്മമാണ് ശാസ്ത്രമെന്നും പഠിപ്പിക്കുന്നവര്‍ തന്നെയാണ് നമ്മുടെ പുഴകള്‍ ചുറ്റുപാടുകള്‍ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നത്, പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നത്. മുന്‍കാലങ്ങളില്‍ പുഴയില്‍ കുളിച്ചാല്‍ തലവേദന മാറുമായിരുന്നു. ഇന്ന് കുളിച്ചാല്‍ തലവേദനയുണ്ടാവും.
നമ്മുടെ പുഴകളെ, റോഡുകളെ മലിനമാക്കുന്നത് ആരാണ്. സര്‍ക്കാരുടെ വികലമായ സമീപനരീതികളാണ് ഇതിന് കാരണമായിട്ടുള്ളത്. വികലമായ സമീപനങ്ങള്‍ അതിന്‍റെ പ്രധാനകാരണം ആരോഗ്യം കൃഷി തദ്ദേശസ്ഥാപനങ്ങള്‍ തമ്മില്‍ യാതൊരു ഏകോപനവുമില്ല. മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് ഒരു കാരണം വൃത്തിഹീനമായ ഹോട്ടല്‍ ഭക്ഷണവുമാണ്. അധ്വാനമില്ലാതെ കാശും കള്ളുംകൊടുത്ത് വോട്ടു വാങ്ങി ജയിച്ചാല്‍ ഇതായിരിക്കും ഫലം. വെള്ളാനകളുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഫുഡ്സേഫ്റ്റി എന്നൊരു വകുപ്പുണ്ട്. മലിനജലത്തില്‍ നിന്ന് ഐസുണ്ടാക്കി പാവപ്പെട്ട ജനങ്ങളെ കുടിപ്പിക്കുന്ന വിവരം അവര്‍ക്കറിയില്ല. ഉത്തരവാദിത്വമില്ലാത്ത കുറെ സര്‍ക്കാര്‍ വകുപ്പുകള്‍. ഇവര്‍ എങ്ങിനെ അലസന്മാരായി മാറി. നമ്മെ ഭരിക്കുന്നവരുടെ മനോഭാവമാണ് ഓരോരോ വകുപ്പിലൂടെ നമ്മള്‍ അനുഭവിക്കുന്നത്.
അധ്വാനിക്കാന്‍ മനസ്സില്ലാത്തവരുടെ മനസ്സെങ്കിലും വലുതാക്കേണ്ടതല്ലേ. വെയ്സ്റ്റ് മാനേജ്മെന്‍റിനെപ്പറ്റി ജനങ്ങളെ ബോധവല്ക്കരിക്കേണ്ടത് എന്‍റെ ജോലിയല്ല. ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റി സുഖവാസജീവിതം നയിക്കുന്നവരുടെ ചുമതലയാണത്. മഴക്കാലം തുടങ്ങി. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് എവിടെ? തദ്ദേശസ്വാശ്രയസ്ഥാപനങ്ങള്‍ എവിടെ? എന്തുകൊണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നില്ല. ഇന്ന് ജനക്ഷേമത്തെക്കാള്‍ രാഷ്ട്രീയ-സാമുദായിക ക്ഷേമത്തിനാണ് മുന്‍ഗണനയുള്ളത്. ഇന്ന് രാജ്യത്തിന്‍റെ സമ്പത്ത് ഭരണത്തില്‍ വരുന്നവരൊക്കെ കൊള്ളയടിച്ചുകൊണ്ടുപോകുന്നു. അതും അധികാരികളുടെ താളത്തിന് തുള്ളുന്ന കുറ്റാന്വേഷണവിഭാഗമാണ് നടത്തുന്നത്. ഇവിടെ നിയമം ഒരിടത്ത് സത്യം മറ്റൊരിടത്ത്. സ്വാതന്ത്യം ലഭിച്ച നാളുമുതല്‍ നീതി ലഭിക്കുന്നില്ല. നിത്യവും പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
അധികാരത്തിലിരുന്നുണ്ടാക്കുന്ന കള്ളപ്പണമാണ് തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വീതിച്ചു കൊടുക്കുന്നത്. ഇതിന് കൂട്ടുനില്ക്കുന്നത് ഇന്ത്യയിലെ വന്‍കിടമുതലാളിമാരാണ്. പ്രിയപ്പെട്ടവരെ എഴുതപത് ശതമാനം ജനങ്ങളാണ് ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നത്. നാലായിരം കോടി കുഞ്ഞുങ്ങളാണ് പോശരാഹാരമില്ലാതെ വളരുന്നത്, ഇപ്പോള്‍ കേട്ടത് എന്താണ്? ഗള്‍ഫില്‍ നിന്നുള്ള മലയാളികളെ ഇവിടേക്ക് പറഞ്ഞുവിട്ടുകൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ നിന്ന് വന്ന് പലരും ഇവിടെ ഇരിപ്പുണ്ട്. അവരുടെ പുനരധിവാസത്തിന് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. അവര്‍ അയയ്ക്കുന്ന പണത്തിന് കണക്കുണ്ട്. എന്നാല്‍ അവിടെ എത്രപേരുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കയ്യില്‍ യാതൊരു കണക്കുമില്ല. ഇതിനെയാണോ നിങ്ങള്‍ ഭരണം എന്നുവിളിക്കുന്നത്. റബ്ബര്‍ സ്റ്റാമ്പുകളായ ഇന്ത്യന്‍ എംബസിയെപ്പോലും നിലക്ക് നിര്‍ത്താന്‍ അറിയാത്തവര്‍. രാജിവെച്ച് പുറത്തുപോവുകയല്ലേ വേണ്ടത്. നാവു കൊണ്ട് ജീവിക്കുന്ന ഭരണമാണ് നടക്കുന്നത്.”
ഇത്രയും കേട്ട് കാണികള്‍ കയ്യടിച്ചു.
“എനിക്ക് നിങ്ങളോടു ഒന്ന് പറയാനുള്ളത് നിങ്ങള്‍ ഉറക്കത്തില്‍ നിന്ന് ഉണരുക. ഇല്ലെങ്കില്‍ ഇവിടെ കോടാനുകോടികളുടെ അഴിമതി നടക്കും. മാധ്യമങ്ങളുടെ ഇടപെടല്‍മൂലം ചിലത് പുറത്തുവരും. അന്വേഷണവും പ്രഖ്യാപിക്കും. എന്നാല്‍ ആരെയും ശിക്ഷിക്കില്ല. ഇതിനെക്കാള്‍ നല്ലത് ഈ ഭരണയന്ത്രങ്ങള്‍ ചാനലുകളെയും മാധ്യമങ്ങളെയും ഏല്‍പ്പിക്കുന്നതല്ലേ? മരണം വരെ അധികാരത്തിലിരിക്കുന്നവരെ പുറത്താക്കാന്‍ നിങ്ങള്‍ മുന്നോട്ടു വരിക. ഈ ദേശത്തു പ്രവര്‍ത്തിക്കുന്ന കര്‍മ്മസേനയിലെ വിമുക്തഭടന്മാരെയും യുവതിയുവാക്കളെയും ഹാര്‍ദ്ദവമായി അനുമോദിക്കുന്നു. അവര്‍ സമൂഹത്തിന് മാതൃക കാട്ടട്ടെ. പാഴ് വസ്തുക്കള്‍ വലിച്ചെറിയുന്ന പരിഷ്കൃതസമൂഹമേ നിങ്ങള്‍ സ്വയം ലജ്ജിക്കുക, സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതിന് മുമ്പായി നിങ്ങള്‍ സ്വയം വിലയിരുത്തുക. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ജനപങ്കാളിത്വം വളരെ പ്രധാനമാണ്. തത്വമസി. നീതന്നെയാണത്.”
ഹര്‍ഷാരവത്തോടെയാണ് ആ വാക്കുകള്‍ എല്ലാവരും ശ്രവിച്ചത്. പ്രസംഗം അവസാനിച്ചയുടന്‍ എല്ലാവരും കൂടി ചാരുംമൂടന്‍ സാര്‍ സിന്ദാബാദ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
അത് കേട്ടയുടനെ അദ്ദേഹം മൈക്കിനു മുന്നിലെത്തി പറഞ്ഞു, “നിങ്ങള്‍ എന്‍റെ പേരിനോട് ചേര്‍ത്ത് മുദ്രാവാക്യം വിളിക്കരുത്. മുമ്പും പലരും എന്നെ എം എല്‍ എ ആയി ജനവിധി നേടാന്‍ സമീപിച്ചിരുന്നു. ഞാന്‍ അവരോട് പറഞ്ഞത് ഒരു ജനപ്രതിനിധിയായി നില്ക്കാനുള്ള യാതൊരു യോഗ്യതയും എനിക്കില്ലെന്നാണ്. ആ യോഗ്യത കുടുംബം വഴിയോ അച്ഛന്‍ വഴിയോ ലഭിക്കുന്നതാവരുത്. സാമൂഹ്യസേവനത്തിലൂടെ ജനങ്ങള്‍ നല്കേണ്ട പാരിതോഷികമാണ്. എന്‍റെ തട്ടകം സാഹിത്യമാണ്. രാഷ്ട്രീയമല്ല. നമ്മുടെ രാജ്യത്ത് മനുഷത്വവും ജനാധിപത്യവും ഒരുപറ്റം അധികാരമോഹികള്‍ ചവുട്ടിമെതിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്ക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. അവിടെ എന്നിലെ സാഹിത്യകാരന് വെറുതെയിരിക്കാനാവില്ല. അങ്ങിനെ പലരും വിപ്ലവകാരികളായി മാറിയിട്ടുണ്ട്. ഇന്ന് എന്നെക്കാള്‍ യോഗ്യനായൊരു വ്യക്തി നിങ്ങളുടെ മുന്നിലുണ്ട്. കരുണ്‍ എന്ന കരുണാകരന്‍. അവന് വേണ്ടി നമുക്ക് മുദ്രാവാക്യം വിളിക്കാം. കരുണ്‍ സിന്ദാബാദ്… കരുണ്‍ സിന്ദാബാദ്.”
എല്ലാവരും അത് ഏറ്റുചൊല്ലി.
“പുഴകള്‍, വഴികള്‍ മാലിന്യമുക്തമാക്കുക. ഭരണകൂടങ്ങള്‍ പ്രസ്താവനകള്‍ മാറ്റി പ്രവര്‍ത്തിക്കുക. മണല്‍ ഭൂമി മാഫിയകളെ നിലയ്ക്ക് നിറുത്തുക. ശുചീകരണം സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങുക. കരുണ്‍ സിന്ദാബാദ്….”
ചാരുംമൂടന്‍ പറഞ്ഞുകൊടുത്ത മുദ്രാവാക്യങ്ങള്‍ എല്ലാവരും ഏറ്റുചൊല്ലി. പത്രക്കാര്‍ ചിത്രങ്ങളെടുക്കാന്‍ ഓടിനടന്നു. നാലു പോലീസുകാര്‍ അവിടെ റോന്തു ചുറ്റിക്കൊണ്ടിരുന്നു. കിരണിന്‍റെ മനസ്സിലും എന്തെന്നില്ലാത്ത ആവേശത്തിരകളാണ് അലതല്ലിയത്. സൂര്യന്‍ മങ്ങിയെങ്കിലും അവളുടെ കണ്ണുകളില്‍ വെളിച്ചം നിറഞ്ഞു നിന്നു.
സ്റ്റേജില്‍ പൂമാലയിട്ടിരിക്കുന്ന കരുണിന്‍റെയടുത്ത് വന്ന് ചോദിച്ചു, “എടാ നേതാവേ, രാത്രീല്‍ കൂട്ടിരിക്കാന്‍ ഞാന്‍ വരണോ?”
അവന്‍ വീര്‍പ്പടക്കി നോക്കി. പറഞ്ഞാല്‍ അതുപോലെ ചെയ്യുന്നവളാണ്. മനസ്സില്‍ പേടിയായി. ലണ്ടനില്‍ നിന്ന് വന്നതിനുശേഷം കുറേക്കൂടി കാര്യക്ഷമതയുണ്ട്. അവള്‍ കാര്യമായിട്ട് പറഞ്ഞതാണോ? സ്വന്തം ആത്മിത്രം എന്ന ഭാവത്തിലാണ് നോക്കുന്നത്. അഥവാ വരണമെന്ന് പറഞ്ഞാലും അനുവദിക്കാനാവില്ല. ഒരു പെണ്ണ് സമരപ്പന്തലില്‍ രാത്രി ഒറ്റയ്ക്ക് കഴിയുക. ചിന്തിക്കാന്‍പോലും കഴിയുന്നില്ല.
അവളുടെ വികാരം മനസ്സിലാക്കി തന്നെ മറുപടി കൊടുത്തു, “ഞാനിവിടെ ഒറ്റയ്ക്കല്ല. രണ്ടുമൂന്നുപേര്‍ കൂട്ടിനുണ്ട്.”
വെറുതെ ഒരു ആഗ്രഹം പറഞ്ഞാണെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്. പുറത്തിറങ്ങിയ ചാരുംമൂടന്‍ നാട്ടുകാരുമായി മാലിന്യത്തെപ്പറ്റി കാര്യമായി സംസാരിക്കുകയായിരുന്നു. വെള്ളം കെട്ടിക്കിടക്കാന്‍ ഒരിക്കലും അനുവദിക്കരുത്. കൂട്ടുകാരന്‍ ജോസഫ് കരുണിന്‍റെ ചെവിയില്‍ എന്തോ ഓതിയിട്ട് പുറത്തു കടന്നു. അവിടെ ധാരാളം സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അവരില്‍ ചിലര്‍ കിരണിന്‍റെ അടുത്തുവന്ന് സൗഹൃദം പങ്കുവച്ചു.
കരുണിന്‍റെ ചുറ്റും കൂടിയിരിക്കുന്നവരില്‍ കൂടുതലും പരാതിക്കാരാണ്. നാട്ടുകാരുടെ പ്രശ്നങ്ങളില്‍ കരുണാണ് മധ്യസ്ഥനായി എത്തുന്നത്. എല്ലാറ്റിനും പരിഹാരവും കണ്ടെത്താറുണ്ട്. ഒരാള്‍ക്ക് വഴിയുടെ പ്രശ്നമാണെങ്കില്‍ മറ്റൊരാള്‍ക്ക് മകളെ പഠിപ്പിക്കാന്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ മാര്‍ഗ്ഗമില്ല. പരാതിക്കാരോടും അവന്‍ പറഞ്ഞത് ഈ നിരാഹാരം അവസാനിച്ചാലുടന്‍ നമുക്ക് വേണ്ടത് ചെയ്യാമെന്നാണ്. എത്രനാള്‍ നീളുമെന്നറിയില്ല. പാവം പട്ടിണിയിരിക്കുമ്പോള്‍ ശല്യപ്പെടുത്തരുത്. അവന് ധൈര്യം പകര്‍ന്നു വന്നവര്‍ യാത്രയായി.
കിരണ്‍ അടുത്തുവന്ന് ചോദിച്ചു, “ഈ തോട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യത്തില്‍ നിന്ന് നിനക്ക് രോഗം വന്നാല്‍ നീ എന്തുചെയ്യും?”
അവന്‍ സംശയത്തോടെ നോക്കി. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം. കേരളത്തില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ചോദിച്ചതാണോ? മഴക്കാലം വരുമ്പോഴൊക്കെ ഡങ്കിപ്പനിയും എലിപ്പനിയും കൊതുകും കേരളത്തില്‍ സര്‍വസാധാരണമാണ്. അതില്‍ മരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എല്ലാ പ്രാവശ്യവും പറയുന്നതുപോലെ ആരോഗ്യമന്ത്രി വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് വേദനിക്കുന്ന മനുഷ്യന്‍റെ വേദനയോ മരണപ്പെട്ടു പോകുന്നവരുടെ കണ്ണുനീരോ അകറ്റാനാവില്ല. ആശുപത്രിയില്‍ ചെന്നാല്‍ നല്ലൊരു കിടക്കയോ ആവശ്യത്തിനുള്ള മരുന്നോ ലഭിക്കാറില്ല. അതുമല്ലെങ്കില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കായിരിക്കും. അവളുടെ ചോദ്യം സ്വാഭാവികമാണ്.
ലണ്ടനില്‍ ഈവിധമുള്ള കാഴ്ചകള്‍ കാണാന്‍ കഴിയില്ല. അവിടെയും മഴയും വെയിലുമുണ്ട്. എന്നാല്‍ ഇതുപോലെയുള്ള അനുഭവങ്ങള്‍ അവിടെയില്ല. അവിടെ പൊതുവഴിയില്‍ ആരും മൂത്രമൊഴിക്കാറില്ല. ഇവിടെ നേരെ മറിച്ചാണ്. ശുചിത്വവും വൃത്തിയുമുള്ള ആ സമ്പന്ന രാജ്യത്തേക്ക് ഈ ദരിദ്ര്യരാജ്യത്തേ വലിച്ചിഴച്ച് കൊണ്ടുപോകേണ്ടതുണ്ടോ. ഇവിടെപ്പോലും വീട്ടില്‍ അവള്‍ ഉറങ്ങുന്നത് കൊതുകുവലയ്ക്കുള്ളിലാണ്. അതുപോലെ എനിക്കുറങ്ങാന്‍ കഴിയുമോ? ഇവിടുത്തെ ജനങ്ങള്‍ ആശങ്കാകുലരും ഉള്ളാലെ വേദനിക്കുന്നവരുമാണ്. എന്നാല്‍ അവരുടെ ഉള്ളിലെ തീ കത്തുന്നതെന്നറിയില്ല.
ഇവിടെ ധാരാളം നീറുന്ന ഗുരുതരമായ അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ആരാണ് ഇതിനൊക്കെ പരിഹാരം കാണേണ്ടത്. അതും ഒരു ചോദ്യമായി മുന്നില്‍ നില്ക്കയാണ്. ആരോഗ്യരംഗത്ത് ധാരാളം പേരുണ്ടെങ്കിലും പകര്‍ച്ചവ്യാധിപോലുള്ള രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അവര്‍ക്കായിട്ടില്ല. അവിടെയും മറ്റു വകുപ്പുകളുടെ മേല്‍ കുറ്റം ചുമത്തി ഒഴിയും. ഇവിടെയുള്ളതും കുറെ രോഗികളും കാഴ്ചക്കാരുമാണ്. സത്യത്തില്‍ ഭീതിജനകമായ ഒരവസ്ഥ. രോഗാവസ്ഥയ്ക്കിരയായ ഒരാളെ ചികിത്സിച്ച് സുഖപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് മേല്‍നോട്ടം വഹിക്കേണ്ടവരാണ്. അവര്‍ക്കതിന് കഴിയില്ല.
ഡോക്ടര്‍മാരോട് ഏറ്റുമുട്ടിയാല്‍ വീര്‍പ്പുമുട്ടുന്നത് പാവം രോഗികളല്ലേ. പരസ്പരം കുറ്റപ്പെടുത്താനല്ലാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറാകില്ല. ഇവിടെ ക്രൂരതയും കുറ്റകൃത്യവും ചെയ്യുന്നത് ആരാണ്? ഇതിനെതിരെ പോരാടുകതന്നെ വേണം. രോഗികളുടെ രക്ഷയ്ക്ക് വരേണ്ടവര്‍ നാശത്തിനാണ് കളമൊരുക്കുന്നത്. മരിച്ചാലും ഏതെങ്കിലും വകുപ്പില്‍ അവര്‍ എഴുതിത്തള്ളും. മനുഷ്യന്‍റെയുള്ളിലെ മൃഗം വീണ്ടും ജീവിക്കുന്നതായി തോന്നുന്നു. അവന്‍ മറുപടി പറഞ്ഞു. രോഗം വരാതെ നോക്കും. വന്നു കഴിഞ്ഞാല്‍ ചികിത്സിക്കും. ഇനിയും ചികിത്സയെപ്പറ്റി ചോദിക്കല്ലേ എന്ന പ്രാര്‍ത്ഥനയുമായി നില്ക്കുമ്പോഴാണ് ചാരുംമൂടന്‍ അവിടേക്ക് വന്നത്. അവര്‍ യാത്ര പറഞ്ഞ് മടങ്ങുമ്പോള്‍ അവളുടെ മിഴികള്‍ ചക്രവാളംപോലെ തിളങ്ങുന്നുണ്ടായിരുന്നു.
നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ കരുണിന്‍റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും പിന്നിടുമ്പോഴും അവന് ജനപിന്തുണ ഏറിവന്നു. ചാരുംമൂടനും ഇടയ്ക്കവനെ സന്ദര്‍ശിക്കയും ജില്ലാ കളക്ടറുമായും ആരോഗ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തും. വളരെ ആകാംക്ഷയോടും നിരാശയോടുമാണ് കിരണ്‍ ഓരോ ദിവസവും അവനെ കാണാനെത്തിയത്. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെയും കഴിച്ചുകൂട്ടി. കരുണ്‍ നിര്‍ബന്ധിക്കുമെങ്കിലും അവളത് കാര്യമാക്കിയില്ല. ആത്മസുഹൃത്ത് വിശന്ന് പൊരിഞ്ഞ് ഒരുതുള്ളി വെള്ളംപോലും കുടിക്കാതെയിരിക്കുമ്പോള്‍ എല്ലാ വിശപ്പും ദാഹവും അകന്നകന്നു പോവുകയാണ്.
ഉള്ളില്‍ പ്രണയത്തിന്‍റെ കെടാവിളക്ക് സൂക്ഷിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രകടിപ്പിക്കാനുള്ള മനോധൈര്യമില്ല. അവനിപ്പോള്‍ വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അത് ഒരു ജീവന്മരണ പോരാട്ടമാണ്. പകര്‍ച്ചപ്പനി പടരുകയാണ്. ഡങ്കിപ്പനിമൂലം ധാരാളംപേര്‍ മരിച്ചു. അകലെയുള്ള പുഴയില്‍ മാലിന്യങ്ങള്‍ കുന്നുകൂടന്നു. അടുത്തുള്ള അറവുശാലയില്‍ നിന്നുവരെയാണ് മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത്. ആടുമാടുകളെ കൊല്ലുന്നതുപോലും എത്ര മൃഗീയമായിട്ടാണ്. സത്യത്തില്‍ പാവം മൃഗങ്ങളെ കൊന്നു തിന്നുന്നത് തടയാനുള്ള നിയമം ഉണ്ടാകണം. അതിനൊന്നും സമരം ചെയ്യാന്‍ ആളില്ല. പള്ള വീര്‍ക്കണമെന്ന് മാത്രം. സമരപന്തലില്‍ വച്ച് ആ കാര്യം കിരണുമായി പങ്കുവയ്ക്കുകയും ചെയ്തു.
അവള്‍ അവനെ സൂക്ഷിച്ചുനോക്കി. ഏതോ ഒരു സന്യാസി ധ്യാനത്തില്‍ ഇരിക്കുന്നതുപോലെയുണ്ട്. അവനെക്കുറിച്ച് എന്തെന്നില്ലാത്ത അഭിമാനമാണ് ഇപ്പോള്‍ തോന്നുന്നത്. അത്ര നിശ്ചയദാര്‍ഢ്യത്തോടെയാണ് അവന്‍ മരണവുമായി മല്ലടിക്കാന്‍ തയ്യാറായത്. കിരണ്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.
“പ്രിയപ്പെട്ടവരെ, ഈ നിരാഹാരസമരം സര്‍ക്കാരിന്‍റെ നിലനില്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ്.” എല്ലാവരും അവളുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു നിന്നു.
“ഈ സമരം ഇത്രയും ദിവസം തുടര്‍ന്നതുതന്നെ സര്‍ക്കാരിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വബോധത്തില്‍ നിന്ന് ഭരണകൂടത്തിലിരിക്കുന്നവര്‍ക്ക് പിന്മാറാനാകില്ല. അവര്‍ ഇടപെടണം. ഇല്ലെങ്കില്‍ അധികാരത്തില്‍ നിന്നൊഴിയണം. എല്ലാദിവസവും വൈകിട്ട് ഇവിടെ നടക്കുന്ന പ്രതിഷേധയോഗവും വിമുക്തഭടന്മാരുടെ പ്രതിഷേധമാര്‍ച്ചും അവരുടെ മനസ്സില്‍ കുടികൊള്ളുന്ന രോഷാഗ്നിയായിട്ടാണ് പുറത്തു വരുന്നത്. ജനങ്ങളുടെ മുന്നിലൂടെ വെറും നിഴലുകളായി കാറില്‍ സഞ്ചരിക്കുന്ന ജനനേതാക്കന്മാരെയല്ല നമുക്ക് വേണ്ടത് അവരുടെ മുന്നിലൂടെ വെളിച്ചത്തില്‍ സഞ്ചരിക്കുന്ന ജനസേവകരെയാണ് ആവശ്യം. ജനസേവകര്‍ക്ക് കരിംപൂച്ചകളുടെയും തോക്കുധാരികളുടെയും അകമ്പടി ആവശ്യമില്ല. അധികാരത്തിലെത്തിയാല്‍ അവര്‍ക്ക് ജനങ്ങളെ ഭയമാണ്. മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടാല്‍ ധാരാളം മാറ്റങ്ങള്‍ ഇവിടെയുണ്ടാകുമെന്നുള്ളതിന് സംശയമില്ല. രാഷ്ട്രീയവും മതവും ജാതിയും വളരെ ആഴത്തില്‍ വേരോടിയിട്ടുള്ളവരുടെ കണ്ണീരിന് മുന്നില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങളും അഴിമതിയും അന്യായങ്ങളും രോഗങ്ങളും ഒരു വിഷയമേയല്ല. അമ്പലത്തിലും പള്ളിയിലും മസ്ജിദിലും പ്രാര്‍ത്ഥിക്കാന്‍ പോകുന്നവര്‍ക്ക് ഈ അശുദ്ധിയുടെ മധ്യത്തിലിരുന്ന് എങ്ങിനെ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നു. അവര്‍ക്കും ഇതെല്ലാം വെറും നിഴല്‍വേഷങ്ങളാണോ? ഇവരൊക്കെയും കടന്നുവരുന്നത് അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അല്ലാതെ മനുഷ്യര്‍ അനുഭവിക്കുന്ന ദുഃഖദുരിതങ്ങള്‍ക്ക് പരിഹാരം കാണാനല്ല. അവരില്‍ കുടികൊള്ളുന്ന ദൈവങ്ങള്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടാത്തത് എന്താണ്. സ്വന്തം ദേശത്ത് നടമാടുന്ന അന്യായങ്ങള്‍ക്കെതിരെ രംഗത്ത് വരാത്തതും എന്താണ്….”
ജീവനും ജീവിതവുമായുള്ള ഈ പോരാട്ടത്തിനിടയിലും അവള്‍ ഒരു പ്രണയപുഷ്പവമായി അവനില്‍ അലിഞ്ഞുകൊണ്ടിരുന്നു. ഇളംകാറ്റവരെ തലോടി. ഓരോ ദിവസവും അവന്‍ ക്ഷീണിതനായി മാറുമ്പോള്‍ പൂക്കള്‍ക്കു ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റയെപ്പോലെ അവനൊപ്പം പോയിരുന്ന് ആശ്വസിപ്പിക്കാറുണ്ട്. അവന് ചുറ്റും എപ്പോഴും ആള്‍ക്കാരാണ്. അതിനാല്‍ മനസ് തുറന്നൊന്ന് സംസാരിക്കാന്‍പോലും കഴിയുന്നില്ല. സമൂഹത്തില്‍ പ്രായഭേദമന്യേയാണ് ജനങ്ങള്‍ അവനെ കാണാന്‍ വരുന്നത്. ഒരുദിവസം അവന്‍റെ അമ്മ ബിന്ദുവും അവനെ കാണാന്‍ വന്നിരുന്നു.
നിത്യവും അവന്‍റെയടുത്ത് പോയിരിക്കുന്നത് എന്തുകൊണ്ടെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. ഒരു പെണ്ണല്ലേ. ഒരല്പം ലജ്ജ വേണ്ടതല്ലേ? അതിനൊട്ടും കഴിയുന്നില്ല. പ്രണയിക്കുന്ന പുരുഷന്‍ മരണവഴിയിലൂടെ സഞ്ചരിക്കുമ്പല്‍ അതൊരു പ്രണയിനിയുടെ ഹൃദയത്തെ പിടയ്ക്കില്ലേ? എത്രമാത്രം ഉത്കണ്ഠയോടെയാണ് ഓരോരാത്രിയും ഉറങ്ങുന്നതെന്ന് അറിയില്ല. നിത്യവും താനനുഭവിക്കുന്ന ഭയവും വിഷാദവും പുകഞ്ഞ് പുകഞ്ഞ് ഹൃദയത്തെ ദഹിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. നിരാഹാര സത്യാഗ്രഹത്തിന്‍റെ തീവ്രത മനസ്സിലാക്കിത്തന്നെയാണ് ഞാനും അടുത്ത കൂട്ടുകാരൊക്കെത്തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കരുണിന്‍റെ ജീവന്‍ രക്ഷിക്കണമെന്നുള്ള അപേക്ഷകളും പ്രതിക്ഷേധങ്ങളും ഇന്‍റര്‍നെറ്റിലൂടെ അറിയിച്ചിട്ടുള്ളത്. എല്ലാവരും അവന് ധൈര്യം കൊടുത്തുകൊണ്ടിരുന്നു.
ജനരോഷം ഓരോ ദിവസം ചെല്ലുന്തോറും വളരുകയാണ്. എ.സി. കാറുകളില്‍ സഞ്ചരിക്കുന്ന ഭരണാധികാരികള്‍ എം.പി., എം.എല്‍.എ. ഇതുവരെ തിരിഞ്ഞുനോക്കിയില്ല. ഇവര്‍ക്കൊപ്പമിരിക്കാന്‍ മനസ്സില്ലാത്ത നാട്ടിലെ വന്‍കൊതുകുകള്‍. മണ്ണിലെ ദൈവങ്ങള്‍ ഇരുളടഞ്ഞ പ്രദേശത്തുകൂടിയാണ് വിശ്വാസികളെ നയിക്കുന്നത്. അതിനാലാണ് മനുഷ്യന്‍റെ നീറുന്ന വിഷയങ്ങളില്‍ കടന്നു വരാത്തത്. മഹാവ്യാധികള്‍ വഴി ആരെങ്കിലും മരിച്ചാല്‍ അവരുടെ മരണാനന്തര ചടങ്ങുകള്‍ മുറപോലെ നടത്താന്‍ അവര്‍ എത്തിക്കൊള്ളും. ഈ കൂട്ടരുടെ മനോഭാവത്തിന് മാറ്റമുണ്ടാകണമെന്നും പ്രതിഷേധസമരത്തില്‍ പങ്കെടുത്ത് സംസാരിച്ച കിരണ്‍ ജനങ്ങളെ അറിയിച്ചു. അച്ഛനെപ്പോലെ മകളും വ്യക്തമായ കാഴ്ചപ്പാടുള്ളവളെന്ന് കരുണ്‍ മനസ്സിലാക്കി. അവളുടെ സാന്നിധ്യം മനസ്സിന് എന്തെന്നില്ലാത്ത ഉന്മേഷം പകരുന്നുണ്ടായിരുന്നു. ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം ഓരോരോ നാടകീയമുഹൂര്‍ത്തങ്ങളെന്ന് അവന് തോന്നി. ഈശ്വരനോട് അടുത്തു നില്ക്കുന്നവരെന്ന് അഭിമാനിക്കുന്നവര്‍പോലും ഈ സാമൂഹ്യവിപത്തിനെതിരെ മുന്നോട്ട് വരാത്തതില്‍ അവനും അവര്‍ഷമുണ്ട്. ആശയങ്ങളും വിശ്വാസങ്ങളും വെറും ആമാശയങ്ങളായി മാറുന്ന കാലം.
സമരത്തിന്‍റെ ആറാം നാള്‍ അധികാരികള്‍ സമരപന്തലിലെത്തി. അതില്‍ ജില്ലാകളക്ടറുണ്ടായിരുന്നു. ആ ദിവസം തന്നെ അവശനായിരുന്ന കരുണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കേരളദേശം കര്‍മ്മസേനയിലെ ജോസഫ് ജോണ്‍ നിരാഹാരം ഏറ്റെടുത്തു. കര്‍മ്മസേനയിലെ അംഗമായ ചാരുംമൂടനുമായി അധികാരികള്‍ ചര്‍ച്ച ചെയ്തു. പത്രപ്രവര്‍ത്തകരും തടിച്ചുകൂടി. പുറത്ത് മഴ ആര്‍ത്തു പെയ്തു. ഇവിടുത്തെ തോടുകളിലും പുഴയിലും കൂടി കടന്നുവരുന്ന മലവിസര്‍ജ്ജ്യ ജലമാണ് ദേശവാസികള്‍ കുടിക്കുന്നത്. തന്മൂലം പലവിധ മാരകമായ രോഗങ്ങള്‍ ഉണ്ടായിരുന്നു. അനങ്ങാപ്പാറകളായിരിക്കുന്ന തദ്ദേശസ്വാശ്രയ സ്ഥാപനങ്ങള്‍ എന്തുകൊണ്ടും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നില്ല. കുടിക്കുന്ന വെള്ളത്തിലും മാലിന്യമെന്ന് പറഞ്ഞാല്‍ അതിന് സത്വര നടപടികള്‍ സ്വീകരിക്കേണ്ടത് ആരാണ്? പ്രതിരോധപ്രവര്‍ത്തനം നടത്തേണ്ട ആരോഗ്യരംഗത്തുള്ളവര്‍ എവിടെ? എന്തുകൊണ്ട് അവരും ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഇന്നുവരെ ഭരണാധികാരികള്‍ ഈ നീറുന്ന വിഷയത്തില്‍ എന്തുകൊണ്ട് ഫലപ്രദമായി ഇടപെട്ടില്ല. ഒരു ജാഥയുണ്ടായാല്‍ ജലപീരങ്കിയും മറ്റ് ആയുധങ്ങളുമായി പോകുന്ന പോലീസിനെപ്പോലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഫീല്‍ഡ് സ്റ്റാഫ് എന്തുകൊണ്ട് രംഗത്ത് വന്നില്ല. ഇവിടുത്തെ മെഡിക്കല്‍ ഓഫീസേഴ്സ് എവിടെയാണ്? ഇവിടെ ഒരു ആരോഗ്യമന്ത്രിയുണ്ടോ? ഇങ്ങനെ കളക്ടറെ കുഴപ്പിക്കുന്ന ധാരാളം ചോദ്യങ്ങള്‍ രോഷാകുലരായി പലരും ചോദിച്ചു. എല്ലാറ്റിനും ഉത്തരമായി കളക്ടര്‍ അറിയിച്ചത് നടപടി സ്വീകരിക്കാം എന്നാണ്.
ഇന്നുവരെ ജില്ലാഭരണകൂടം ഇതില്‍ ഇടപെടാതിരുന്നത് എന്താണെന്ന് ഉടനടി ചാരുംമൂടന്‍ ചോദിച്ചു. “ഇന്നു മരിച്ച ആളുകളുടെ കുടുംബത്തിന്‍റെ കണ്ണീരൊപ്പുന്നത് ആരാണ്? അവര്‍ക്ക് ധനസഹായം നല്കണം. ഇവിടുത്തെ മന്ത്രിമാരുടെ സമാശ്വാസ പ്രഖ്യാപനങ്ങള്‍ പോലെ ഇതങ്ങനെ ഇവിടുത്തെ ജനങ്ങള്‍ സ്വീകരിക്കില്ല. നിങ്ങള്‍ എഴുതി തന്നാല്‍ മാത്രമേ ഇതില്‍ നിന്ന് ഞങ്ങള്‍ പിന്മാറുകയുള്ളൂ. മാത്രവുമല്ല ഇതിന് നേതൃത്വം നല്കിയ കരുണ്‍ ഇന്ന് ആശുപത്രിയിലാണ്. അതിന്‍റെ ഉത്തരവാദികള്‍ ഇവിടുത്തെ ഭരണാധികാരികളാണ്. അര്‍ഹമായ നഷ്ടപരിഹാരം നല്കിയില്ലെങ്കില്‍ ഞങ്ങള്‍ കോടതിയില്‍ പോകും.”
കളക്ടര്‍ നാരായണന്‍ നായര്‍ എന്തിനും മറുപടിയുള്ളയാളായിരുന്നു.
“ഞാനിവിടെ എത്തിയിരിക്കുന്നത് ഇതിനെല്ലാം ശാശ്വതപരിഹാരം കാണാനാണ്. തോട്ടില്‍, പുഴയില്‍ അടിഞ്ഞുകിടക്കുന്ന എല്ലാ മാലിന്യങ്ങളും തിങ്കളാഴ്ചമുതല്‍ നീക്കം ചെയ്തു തുടങ്ങും. ടൗണിനടുത്തുള്ള എല്ലാ ഇറച്ചി വില്പനശാലകളും അടച്ചിടാന്‍ നിര്‍ദ്ദേശം കൊടുത്തു. മാലിന്യനിര്‍മ്മാര്‍ജ്ജനം അതോടെ പരിഹരിക്കും. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഈ ആഴ്ചചന്നെ ആരംഭിക്കും. ഇവിടെ ഗ്രാമപഞ്ചായത്തിനൊപ്പമാണ് എല്ലാറ്റിനും പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്കറിയാമല്ലോ, കൊതുക് നശീകരണത്തിന് സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ പോര. അതിന് ജനങ്ങള്‍ മുന്നോട്ട് വരണം. എന്തായാലും ഈ നാട്ടിലെ മാലിന്യ-മാരക രോഗങ്ങളെ തടയാന്‍ ഞങ്ങള്‍ ജാഗ്രതയോടെയാണ് വന്നിരിക്കുന്നത്. ദയവായി സഹകരിക്കുക.”
വളരെ മാന്യമായ രീതിയില്‍ സംസാരിക്കുന്ന കളക്ടറെ ചാരുംമൂടനും കര്‍മ്മസേനയിലെ മറ്റ് അംഗങ്ങളും ഉറ്റുനോക്കി. ഇതും അധികാരത്തിന്‍റെ പുറംചട്ടയുമായി നടക്കുന്ന വ്യക്തിയാണ്. മനുഷ്യന്‍റെ ന്യായമായ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവന്‍. പാവങ്ങളുടെ കാലടികള്‍ അവിടേക്ക് ചെല്ലാറില്ല. അവിടെയും കയറിയിറങ്ങുന്നത് സ്വാര്‍ത്ഥതാല്പര്യക്കാര്‍. അവനും ജീവിതഭാരത്തില്‍ നിന്ന് രക്ഷപെടാന്‍ ജില്ലയില്‍ ഒരു ഇരുണ്ട മൂലയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. തെരുവിലെ ജീവിതം അവര്‍ക്കറിയില്ല. അവരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുമറിയില്ല.ഒരു കാര്യത്തില്‍ മാത്രം അവര്‍ സംതുഷ്ടരാണ്. എല്ലാവിശ്വാസങ്ങളും വളര്‍ച്ചയും സര്‍ക്കാരിലാണ്. നല്ല ശമ്പളവും മാസാമാസം ലഭിക്കുന്നുണ്ട്. അത് നിലനിര്‍ത്താനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
നിത്യജീവിതത്തെ ദുസ്സഹമാക്കുന്ന മനുഷ്യര്‍ അനുഭവിക്കുന്ന തീരാദുഃഖങ്ങളും യാതനകളും അവര്‍ക്കൊരു വിഷയമല്ല. എപ്പോഴും ഭരിക്കുന്നവര്‍ക്ക് അനുകൂലമായ ഒരു നിലപാടാണ് ജില്ലാഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. മറിച്ചെങ്കില്‍ പലതും സംഭവിക്കുമെന്നവര്‍ക്കറിയാം. എവിടെയും ചങ്ങലകളാണ്. ഒരു വീട്ടിലെ നായെ എങ്ങിനെയാണ് ചങ്ങലയ്ക്കിട്ടിരിക്കുന്നത് അതുപോലെതന്നെ. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായപ്പോള്‍ ചങ്ങലപൊട്ടിച്ചു വന്നു. നാളെ മുതല്‍ ചങ്ങലപൊട്ടിച്ചു വരുന്നവരെ ഈ ദേശത്ത് കാണാം. അവര്‍ക്കു ചുറ്റും കൂടിയിരിക്കുന്നവരെ ആകാംക്ഷയോടെയാണ് എല്ലാം നോക്കുന്നത്. അവരുടെയുള്ളിലും അമര്‍ഷമായിരുന്നു. ഒരു കൊച്ചനെ ആശുപത്രിയില്‍ എത്തിക്കാന്‍ വരെ കാത്തിരുന്നവര്‍. പുതിയതായി നിരാഹാരം ഏറ്റെടുത്ത ജോസഫിന്‍റെ മുഖത്ത് അമര്‍ഷം നുരകുത്തി. ഇപ്പോള്‍ നിശബ്ദനായി ഇരിക്കാനെ കഴിയൂ. സുഖലോലുപതയില്‍ ഇരിക്കുന്നവനും മദ്യലഹരിയില്‍ ഇരിക്കുന്നവും പാവങ്ങളുടെ ദുരിതങ്ങള്‍ എന്തിനറിയണം. അവരുടെ സന്തോഷം അവര്‍ക്ക് നിത്യവും ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍ കരുണിനെപ്പോലെ ആ സന്തോഷം മറ്റുള്ളവര്‍ക്കായി ത്യജിക്കാന്‍ തയ്യാറല്ല. ജീവന് തുല്യം സ്നേഹിച്ചവരെ പരിഹസിക്കുന്നവര്‍.
സൗഹൃദസംഭാഷണത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍, വിമര്‍ശനങ്ങള്‍ അവര്‍ക്കിടയില്‍ നീരസമൊന്നും ഉണ്ടാക്കിയില്ല. അനുനയശ്രമവുമായി വന്ന കളക്ടര്‍ സ്വന്തം കമ്പ്യൂട്ടറില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എഴുതി ഒപ്പു വച്ചിട്ട് ചാരുംമൂടനെ ഏല്പിച്ചു. അദ്ദേഹം ആ പേപ്പര്‍ മറ്റുള്ളവര്‍ക്ക് വായിക്കാനായി കൈമാറി. ഒടുവില്‍ എത്തിയത് ജോസഫിലായിരുന്നു. അയാളുടെ മിഴികളില്‍ നിഴലിച്ചത് സംശയങ്ങളാണ്. ജോസഫ് ചാരുംമൂടനുമായി രഹസ്യത്തില്‍ സംസാരിത്തു. എന്തിനും വ്യക്തമായ ഒരു തീരുമാനം വേണം. കളക്ടറെ അങ്ങനെ കണ്ണടച്ചു വിശ്വസിക്കാനുമാവില്ല. ചാരുംമൂടന്‍ ധൈര്യമായി പറഞ്ഞു കളക്ടര്‍ എഴുതിയ രേഖകളില്‍ നമുക്ക് വിശ്വസിക്കാം. ഇത് മെഴുകുതിരി വെട്ടത്തില്‍ എഴുതിത്തന്ന രേഖകളല്ല. നമ്മുടെയെല്ലാം മുന്നില്‍ ഈ സൂര്യവെളിച്ചത്തില്‍ എഴുതിത്തന്ന സത്യങ്ങളാണ്. ഇതിന് നമ്മള്‍ അംഗീകരിക്കുന്നതാണ് നല്ലത്. ഇതിനെ ഒരു കൗശലബുദ്ധിയോടെ കാണേണ്ടതുമില്ല. ഒരു മാസത്തിനുള്ളില്‍ എല്ലാറ്റിനും പരിഹാരം കാണുമെന്നല്ലേ എഴുതി തന്നിരിക്കുന്നത്. ഇവിടെ നമ്മള്‍ കളക്ടര്‍ക്കൊപ്പം നില്ക്കുന്നതാണ് നല്ലത്. ഓരോ വീട്ടിലും മാലിന്യസംസ്കരണം നടത്താന്‍ നമ്മള്‍ തയ്യാറാകണം. എല്ലാവരിലും ഒരു നിശബ്ദത തളംകെട്ടി കിടന്നു. പ്രതിഷേധങ്ങളും സമരങ്ങളും നല്ലതാണ്. അത് ഗുരുതരമായ ഒരവസ്ഥയുണ്ടാക്കരുത്. പട്ടാളകുപ്പായമണിഞ്ഞെത്തിയ വിമുക്തഭടന്മാരുടെ സംഘടനയാണിത്. അവരുടെ പ്രതിഷേധമാണിത്. അഥവാ എന്തെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ കളക്ടര്‍ കാണിക്കുമെങ്കില്‍ ഇയാളുടെ ഓഫീസിന് മുന്നിലായിരിക്കും ഈ ഭടന്മാര്‍ മാര്‍ച്ച് നടത്തുക. മാത്രവുമല്ല പുകകുഴലില്‍ നിന്ന് വരുന്ന വെടിയുണ്ടപോലെ പുക തുപ്പുന്ന വാക്കുകള്‍ ഇയാള്‍ എന്നില്‍ നിന്ന് കോടതിക്കുള്ളില്‍ കേള്‍ക്കേണ്ടതായി വരും.
വിമുക്തഭടന്മാരിലെ ചിലരും ജോസഫും നിമിഷങ്ങള്‍ നിശബ്ദരായി. ഒരു ഏകാന്തത തോന്നി. അതിന് കാരണം കരുണ്‍ ഒപ്പം ഇല്ലാത്തതാണ്. അസ്വസ്ഥ മനസ്സുമായി അവര്‍ ചാരുംമൂടന്‍റെ വാക്കുകള്‍ക്ക് വില കല്പിച്ചു. അദ്ദേഹത്തിന് മുന്നില്‍ അവര്‍വിനീതരായി നിലയുറപ്പിച്ചു. കളക്ടര്‍ എഴുതിയ കടലാസ് ക്യാമറ കണ്ണുകളും ഒപ്പിയെടുത്തു. കളക്ടര്‍ വീണ്ടും പറഞ്ഞു. ഇത് എന്‍റെ തീരുമാനം അല്ല. സര്‍ക്കാര്‍ തീരുമാനമാണ്. രക്ഷാനടപടികള്‍ ഉടനടി ആരംഭിക്കും. ജനങ്ങളില്‍ തിരതല്ലിനിന്ന് വിദ്വേഷങ്ങള്‍ക്ക് താല്ക്കാലിക ശമനമുണ്ടായി. അവര്‍ നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. മാലിന്യം കൊണ്ടു നിറഞ്ഞ ഗ്രാമം മാലിന്യമുക്തമാകാന്‍ പോകുന്നു. ജനപങ്കാളിത്വത്തോടെ നടത്തിയ സമരം വിജയം വരിച്ചതില്‍ ഏവരും സന്തോഷിച്ചു. പ്രശ്നപരിഹാരത്തിന് നിര്‍ദ്ദേശവുമായി വന്ന കളക്ടര്‍ എല്ലാവരെയും വണങ്ങി യാത്രയായി. ചാരുംമൂടന്‍ എല്ലാവരോടുമായി പറഞ്ഞു. ഈ കളക്ടറെപോലെ ഉത്തരവാദിത്വബോധമുള്ള ജനസേകരെയാണ് നമുക്കാവശ്യം. ജോസഫിന് നാരാങ്ങാനീര്‍ കൊടുത്തുകൊണ്ട് ചാരുംമൂടന്‍ നിരാഹാരസമരം അഴസാനിപ്പിച്ചു. കൂടിനിന്നവരുടെ ആശങ്കകള്‍ പൂര്‍ണ്ണമായി മാറിയിരുന്നില്ല. ചാരുംമൂടന്‍റെ വാക്കുകളെ അവന്‍ വിശ്വസിച്ചു. കര്‍മ്മസേനയിലെ എല്ലാവരുടും യാത്ര പറഞ്ഞ് ചാരുംമൂടന്‍ മടങ്ങിപ്പോയി. സമരപന്തലില്‍ പൊടി പിടിച്ചു കിടന്ന കിടക്കകള്‍ ചുരുണ്ടു. മരണമണിയുമായി നിലകൊണ്ട സമരപ്പന്തല്‍ കര്‍മസേനയിലുള്ളവര്‍ അഴിച്ചുമാറ്റി. നീണ്ട ആറ് ദിവസങ്ങള്‍ നിരാഹാരസത്യാഗ്രഹം നടത്തി കരുണിനെ അഭിമാനത്തോടെ ഓര്‍ത്തു.
കിരണ്‍ സമരപ്പന്തലില്‍ ഇരിക്കുമ്പോഴാണ് കരുണിന് മോഹാലസ്യം ആനുഭവപ്പെട്ടത്. അവളുടെ സാമീപ്യം സമരപ്പന്തലില്‍ ഉള്ളവര്‍ക്ക് ആഹ്ലാദമാണ് പകര്‍ന്നത്. ആശുപത്രിയില്‍ എത്തുന്നതുവരെ അവളുടെയുള്ളില്‍ ഉത്കണ്ഠയും ഭയവുമായിരുന്നു. ആശുപത്രി കിടക്കയില്‍ അവന് ലഭിച്ചത് ഒരു പുതുജീവനാണ്. കയ്യില്‍ ഇപ്പോഴും ട്രിപ് കിടപ്പുണ്ട്. കിടയ്ക്കടുത്ത് കിരണ്‍ ഇരുന്നു.ഒപ്പം കര്‍മസേനയിലെ രണ്ട് ഭാരവാഹികളുമുണ്ട്. ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്. കരുണ്‍ കണ്ണുതുറന്നപ്പോള്‍ അടുത്തിരുന്ന് പരിചരിക്കുന്ന കിരണിനെയാണ് കണ്ടത്. പുതിയൊരു ജന്മസാഫല്യം ലഭിച്ചതിന്‍റെ സന്തോഷമായിരുന്നു കരുണിന്. അവളുടെ സ്പര്‍ശം ഹൃദയത്തെ സ്പര്‍ശിക്കുന്നതായി തോന്നി.
മറ്റുള്ളവര്‍ പറയുന്നതുപോലെ സ്വന്തം ജീവനെ ബലിയര്‍പ്പിക്കാന്‍ ആരും തയ്യാറാകില്ല. മനസ്സില്‍ ചെറുപ്പം മുതല്‍ നിശ്ചയിച്ചുറപ്പിച്ച കാര്യമാണ് അധ്വാനിച്ചു ജീവിക്കുക എന്നത്. നന്മകള്‍ ചെയ്യുക, ഈ ഗ്രാമത്തെ രക്ഷിക്കാന്‍വേണഅടി ഒരു നന്മ ചെയ്തുവെന്ന് മാത്രമേ ഇപ്പോഴും തോന്നിയിട്ടുള്ളൂ. സത്യത്തില്‍ പകര്‍ച്ചവ്യാധിമൂലം ധാരാളംപേര്‍ മരിച്ചത് കണ്ട് നില്ക്കാന്‍ കഴിഞ്ഞില്ല. അത് പ്രാണത്യാഗത്തിലേക്ക് മറ്റും കടക്കുമെന്ന് കരുതിയില്ല. മറ്റുള്ളവരുടെ മുന്നില്‍ മൂടുപടമണിഞ്ഞ് ജീവിക്കാന്‍ അധ്വാനശീലമുള്ള ഒരാള്‍ക്ക് സാധ്യമല്ല. ആശുപത്രി വരാന്തയിലൂടെ ധൃതിയില്‍ ആള്‍ക്കാര്‍ നടക്കുന്ന ശബ്ദം മുറിക്കുള്ളിലും കേള്‍ക്കുന്നുണ്ട്. കര്‍മസേനയിലെ ഒരാള്‍ കൊണ്ടുവന്ന ചായയും നെയ്യപ്പവും കിരനെ ഏല്പിച്ചു. അവര്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. കണ്ണില്‍ കണ്ണില്‍ നോക്കി അവരത് കഴിച്ചു. അവളുടെ മിഴികള്‍ ഏതോ മോഹത്തില്‍ കുടുങ്ങി നില്ക്കുന്നതുപോലെ തോന്നി. കാറ്റിലാടുന്ന തളിരിലകള്‍പോലെ അത് ചഞ്ചലിച്ചു.
അവള്‍ ചോദിച്ചു, “ഇപ്പോള്‍ എങ്ങിനെയുണ്ട്?”
അവന്‍ ധൈര്യം സംഭരിച്ചു പറഞ്ഞു, “ഒരു കുഴപ്പവുമില്ല.”
മുന്നില്‍ നിലവിളക്കുപോലെ നില്ക്കുന്നവളെ നോക്കി. അവളെ കാണുമ്പോള്‍ ഉള്ളില്‍ വ്യാകുലതയാണ്. തന്നെ പിരിഞ്ഞ് കഴിയാന്‍ കഴിയാത്തതുപോലെയാണ് സമീപനം. ലണ്ടനില്‍ പഠിക്കാന്‍ പോയപ്പോഴെങ്കിലും അതിനൊരു മാറ്റം ഉണ്ടാകുമെന്ന് കരുതി. എപ്പോഴും മനസ്സില്‍ പറയുന്ന ഒരു കാര്യമാണ്. നിന്‍റെ ആഗ്രഹം എനിക്ക് പൂര്‍ത്തീകരിക്കാനാവില്ല. നീ കരുതുന്നതുപോലെ പ്രണയരാഗസമുദ്രത്തില്‍ ആറാടാനുമാകില്ല. മുറിക്കുള്ളിലെ വെളിച്ചത്തില്‍പോലും അവള്‍ തിളങ്ങുന്നു. അവളുടെ സ്വഭാവഗുണങ്ങളും സൗന്ദര്യവും ആരെയാണ് ആകര്‍ഷിക്കാത്തത്. പക്ഷേ, എനിക്കതൊക്കെ ആദരവോടെ മാത്രമേ കാണാനാകൂ. ഞാന്‍ അവളുടെ വെറുമൊരു ദാസനാണ്. ഈ ജീവിതം അവളുടെ ഔദാര്യമാണ്. സ്തുതികീര്‍ത്തനങ്ങള്‍ പാടാന്‍ അവനറിയില്ല. അറിയുമായിരുന്നുവെങ്കില്‍ മധുരമായി പാടുമായിരുന്നു. എന്നിട്ടും അവളെന്നെ ഒരു പരിചാരികയെപ്പോലെ പരിചരിക്കുന്നു. അവളുടെ മാതാപിതാക്കളും അങ്ങിനെതന്നെ.
അവന്‍റെ സമീപത്തിലുന്ന കിരണിനോടും പറഞ്ഞു, “കിരണ്‍ വീട്ടിലേക്ക് ചെല്ലൂ. സമയം ഒരുപാടായില്ലേ?”
അവള്‍ മറുപടി പറഞ്ഞു, “നീ ആ കാര്യത്തില്‍ വിഷമിക്കേണ്ട. പപ്പായെ വിവരമറിയിച്ചിട്ടുണ്ട്. അവര്‍ ഇപ്പോള്‍ത്തന്നെ എത്തും.”
നിമിഷനേരങ്ങള്‍ക്കുള്ളില്‍ പപ്പയും മമ്മിയും ബിന്ദുവും മുറിയിലേക്ക് വന്നു. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *