ഓണത്തിന്റെ കായവറുത്തതും ശര്ക്കരവരട്ടിയും ചേന വറുത്തതുമൊക്കെ എല്ലാവരും കരുതിക്കൊണ്ട് വന്നിരുന്നു. ഉണക്കി വറുത്ത കാട്ടിറച്ചിയും, ചെമ്മീൻ അച്ചാറുമൊക്കെ മോളി കൊണ്ടുവന്ന വിവരം അറിഞ്ഞ് അത് രുചി നോക്കാൻ പോയിരിക്കയാണ് നളിനി. നന്ദിനിക്ക് അതിനെക്കാള് ഒക്കെ സ്വാദുള്ള അനുഭവങ്ങൾ നുണയാന് ഉണ്ടായിരുന്നു. ക്ലാസ്സുകള് പതിവുപോലെ തുടങ്ങിയതിനാല് ഒട്ടും സമയം കളയാതെ എല്ലാവരും കോളേജില് പോയി.
ഡിപ്പാര്ട്ട്‌മെന്റില് നിന്നും ഒരു വിനോദ യാത്രയുടെ വാര്ത്ത പുറത്തു വന്നിരുന്നു. ക്ലാസിലെ കുട്ടികള് ഫിസിക്‌സ് ഡിപ്പാര്ട്ട്‌മെന്റുമായി ചേര്ന്നാണ് യാത്രയ്‌ക്കൊരുങ്ങുന്നത്. എവിടേക്കാണ് പോകേണ്ടതെന്ന് എത്ര ദിവസം നീണ്ടതായിരിക്കണമെന്നുമൊക്കെ ഒരു കണക്കു കൂട്ടല് വേണമല്ലോ. കഴിഞ്ഞ വര്ഷം ഹൈദരബാദിലേക്കായിരുന്നത്രേ യാത്ര. ഇപ്രാവശ്യം അതും പരിഗണനയിലുണ്ട്. ഇക്കാര്യത്തില് ഒരഭിപ്രായം ചോദിക്കാം, കൂട്ടത്തില് ഇവിടെ എത്തിയെന്ന് അറിയിക്കയും ചെയ്യാമെന്ന് കരുതിയാണ് ഫോണ് കറക്കിയത്. മറുതലയ്ക്കല് ശബ്ദം കേട്ടു.
‘ഹലോ..’
‘അരികില് നീയുണ്ടായിരുന്നെങ്കില് എന്ന് ഞാന് ഒരു മാത്ര വെറുതെ നിനച്ചു പോയി…ഒരു മാത്ര.’ .. ഇമ്പമുള്ള മുഴക്കമുള്ള സ്വരത്തില്. നന്ദിനി അലിഞ്ഞു നിന്നു. മെല്ലെ സ്വകാര്യം പോലെ സ്വരം താഴ്ത്തി അവളും പാടി. ‘അരികില് നീയുണ്ടായിരുന്നെങ്കില് എന്ന് ഞാന് ഒരു മാത്ര വെറുതെ നിനച്ചു പോയി…ഒരു മാത്ര…’
‘വരട്ടെ ഞാന് പോക്കിയെടുത്തിങ്ങു പോരും..ഏ ..ഏ ”
‘ആയ്യോ…വേണ്ട..ട്ടോ” നന്ദിനി ഭയന്ന് പോയി. പറഞ്ഞാല് പറഞ്ഞ പണി പറ്റിക്കും.
‘ഓഫീസിലാ…എന്നാലും ഒരു ഉമ്മ…’ പതിഞ്ഞ ശബ്ദത്തില് ഒരുമ്മ പറന്നു വന്നു.
‘എന്നിട്ടാണോ പാട്ട് പാടുന്നത്? ‘
‘എന്റെ മുറിയിലല്ലേ ഇടയ്‌ക്കൊക്കെ ഞാന് ഒറ്റയ്ക്ക് പാടാറുണ്ട്. ‘
‘ഒറ്റയ്ക്കാണോ? അതോ? …’
‘അതിനിവിടൊക്കെ തൈക്കിഴവികളാ..ഒരുദിവസം നന്ദുനെ ഞാന് ഇവിടെ കൊണ്ട് വരും. എല്ലാവരെയും കൊതിപ്പിക്കും. ‘
‘ശൊ..എന്തൊക്കെയാ പറയുന്നേ? ‘
‘സത്യം! എനിക്കതൊരു മോഹമാ…’
‘മതി..മതി…ഞാനൊരു കാര്യം ചോദിക്കാനാ വിളിച്ചത് ‘
‘അതെന്താ…പറയൂ…’
വിവരം പറഞ്ഞപ്പോള് മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു. ‘ഹിമാലയസാനുക്കളില് ആണ് നല്ലത്! ‘
‘അതെന്താ..സന്യസിക്കാനാണോ? ഇത് സ്റ്റഡിടൂര് ആണ് ‘
‘അത് തന്നെയാണ് പറഞ്ഞത്. അവിടെ പഠിക്കാന് ഒരുപാടുണ്ട്.’
‘കളി പറയാതെ, എന്നെ കളിയാക്കുകയാണോ? ‘ ‘
‘അല്ല, …ഞാന് ഒരുപാട് പോകാന് കൊതിക്കുന്ന സ്ഥലമാണ്.’
‘അതൊക്കെ ജോണ്‌സേട്ടന് പഠിക്കുമ്പോള് ചെയ്യായിരുന്നില്ലേ? കൂടെ വരാന്
തയ്യാറായി ആരെങ്കിലും ഉണ്ടായിരുന്നോ? ‘
‘ഇല്ല..മോളെ, അതല്ലേ പോകാതിരുന്നത്.’
‘അതെന്താ..ഇത്ര സമര്ത്ഥനും സുന്ദരനും ആയിട്ടും ആരും തയ്യാറായില്ലേ? ഞാനിത് വിശ്വസിക്കണോ?’
‘വിശ്വസിച്ചേ പറ്റൂ…മനസ്സിലിരുന്ന അപ്‌സരസ്സിനെ നേരില് കണ്ടത് ഇപ്പോഴല്ലേ? അതാ…ഈ ആശ വന്നത്. ‘
‘മതി..മതി..കല്ല് വച്ച നുണ…’
‘അല്ല നന്ദു..അന്ന് കണ്ടെങ്കില്, അന്നേ സ്വന്തമാക്കിയേനെ..’
‘അതെനിക്ക് മനസ്സിലായി..അതുകൊണ്ട് വിശ്വസിക്കുന്നു.’
‘ഞാനൊന്ന് ആലോചിക്കട്ടെ. രാത്രി കിടക്കുന്നതിനു മുന്പ് വിളിക്കട്ടെ?’ ‘ഒന്പതു മണി കഴിയരുത്. ഞാന് കാത്തിരിക്കും.’
രാത്രിയില് കൃത്യമായി വിളി വന്നു. ദിനേശന്റെ പേരില്. അന്നത്തെ പോലെ ആയിരിക്കുമെന്ന് കരുതി നന്ദിനി വിളിച്ചു…’ജോണ്‌സേട്ടാ..’
‘ഹേഎന്താ നന്ദിനി..ദിനേശേട്ടനാ..’
‘ക്ഷമിക്കണം, ദിനേശേട്ടാ.. സാറ് വിളിക്കാമെന്നു പറഞ്ഞിരുന്നു ‘
‘അതിനു, സാറെന്നല്ലല്ലോ വിളിച്ചത്?’
‘ക്ഷമിക്കണം…ഞാനൊരു കാര്യം ചോദിച്ചിരുന്നു ‘
‘ഒരുത്തനെ തന്നെ നിനച്ചിരുന്നാല്…’ ദിനേശന് പറഞ്ഞു
‘അയ്യോ എന്താ ഈ പറയുന്നേ? ‘
‘സാറ് വിവരമൊക്കെ പറഞ്ഞു…ഞാന് വെറുതെ വിളിച്ചതാ..ഞങ്ങള് ബാംഗ്‌ളൂര് പോയിരുന്നല്ലോ. അതും ഒരു നല്ല ടൂര് ആയിരുന്നു. ‘
‘ഇവിടെ കൊറേ പേര് അതും പറഞ്ഞിരുന്നു’
‘സാറ് ചായ ഉണ്ടാക്കുകയാ..അത് കഴിഞ്ഞു ഞങ്ങള് പുറത്തു പോകുന്നു. അതിനു മുന്പ് ഒന്ന് വിളിച്ചതാ..’
‘ശരി, ദിനേശേട്ടാ …ഫോണ് വെക്കട്ടെ?’
‘ഹേയ്..വെക്കല്ലേ..സാറിനെന്തോ പറയാനുണ്ട്.’
‘ഹായ് നന്ദിനി…ഞാനുണ്ടാക്കിയ ചായ വേണോ? ‘
നന്ദിനി മിണ്ടിയില്ല. അവിടെ ദിനേശേട്ടനും ഉണ്ട്. സംസാരത്തിന് കരുതല് വേണം. ‘എന്താ മിണ്ടാത്തെ? ‘
‘ഞാന് ചോദിച്ച കാര്യത്തിന് ഉത്തരം പറഞ്ഞില്ല. ‘
‘ആ..അതോ, പറയാം..ഈ ചായ കുടിക്കട്ടെ.’
‘അത്രനേരം ഞാന് ഫോണും പിടിച്ചു നില്ക്കാന് പറ്റുമോ? ‘
‘ഇവിടെ പഞ്ചസാര കുറവാ…കുറച്ചിതിലിടാനാ ‘ശോ…ദിനേശേട്ടന്
‘അവന് അത്ര രസംകൊല്ലിയല്ല. അപ്പുറത്തു പോയിരിക്കയാ..’
‘അയ്യേ? എനിക്കിനി ദിനേശേട്ടന്റെ മുഖത്ത് നോക്കേണ്ടേ? ‘
‘അതിനെന്താ? പറ്റില്ലെങ്കില് അതും കൂടി എന്നെ നോക്കിയാല് മതി ‘
‘തമാശ നിര്ത്തൂ , ഞാന് ഇപ്പോള് ഫോണ് വെക്കും.’
‘വെക്കല്ലേ എന്റെ കരളേ…കൂടെ ഒരു ചുംബനവും.’ നന്ദിനി കോരിത്തരിച്ചു നിന്നു.
‘എത്ര ദിവസത്തെ പദ്ധതിയാ?’
‘അത് അറിയില്ലാ…രണ്ടു ദിവസം ഏറിയാല്.’
‘എങ്കില് പിന്നെ അടുത്താ നല്ലത്..കണ്ടു തീര്ക്കണ്ടേ? ‘
‘ഞങ്ങള്ക്ക് അവസാന കൊല്ലം നല്ലൊരു നീണ്ട ടൂര് കാണും. ഇത് അത്ര വലുതായിരിക്കില്ല.’
‘പരിസരത്ത് എനിക്കും ചുറ്റിപ്പറ്റാവുന്ന ഒരു സ്ഥലം ഉണ്ട്.’
‘അതേതാ?’
‘പറയാം. നാളെ എല്ലാവരോടും പറഞ്ഞു നോക്ക്. ഇഷ്ടപ്പെട്ടാലല്ലേ തീരുമാനിക്കു… തമിഴരുടെ ‘മാമല്ലപുരം’നമ്മുടെ മഹാബലിപുരം. കണ്ടാല് മതിവരില്ല. ശില്പ്പികളുട്ടെ നാടാണ്. ഞാന് നാലഞ്ചു തവണ പോയിട്ടുണ്ട്. എന്റെ ആദ്യ നോവലിന്റെ പശ്ചാത്തലം അതാണ്.’
‘ഓ…അതോ..അവിടം മുഴുവന് ഞാന് അരച്ച് കലക്കി കുടിച്ചു. വായിച്ചപ്പഴേ കൊതിച്ചതാ..അതിലൂടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങാന്! ‘
‘ഒറ്റയ്‌ക്കോ…കൂട്ടിനു ദുരെദുരത്തായി ഞാനും കാണും.’
‘കൂടെയോ?…അതോ സങ്കല്പ്പത്തിലോ? നോവലിലെ ദാസപ്പനും മൈഥിലിയും പോലെ ‘
‘ഓ..കലക്കി കുടിച്ചിരിക്കയാണല്ലോ? അതുപോലെ തന്നെ ‘
‘ഞാന് നാളെ ഇത് അവതരിപ്പിക്കും. ഫോണ് വെക്കട്ടെ? ‘
‘വെക്കല്ലേ…കോളേജില് നിന്നും അല്ലെങ്കിലും ഞാന് കൊണ്ടോകും ‘
‘ഉം…ദിനേശേട്ടന് ഉണ്ടോ കൂടെ? ‘
‘ഇല്ല..ഇതാ പിടിച്ചോ.’ ഒരിക്കല് കുടി ഒരുമ്മ പറന്നു വന്നു. ഫോണ് വച്ച് തിരിഞ്ഞപ്പോള് നോക്കിയത് രമണിയുടെ മുഖത്താണ്. അവള് ഓണം ഒഴിവു കഴിഞ്ഞു ഇപ്പോഴാണ് തിരിച്ചു വന്നത്. പാവം! അവളുടെ അനിയന് കുളത്തില് വീണു മരിച്ചെന്നു ക്ലാസില് എല്ലാവരും പറയുന്നുണ്ടായിരുന്നു. നന്ദിനി ഓടി വന്നു രമണിയെ ചേര്ത്ത് പിടിച്ചു. അവളുടെ ഒരേയൊരു അനിയനാണ് മരിച്ചത്. അതും ഓണ ദിവസം. കൂട്ടുകാരുടെ കൂടെ കുളിക്കാന് ഇറങ്ങിയതാണ്. എങ്ങനെയോ മുങ്ങിപ്പോയി. രമണിയുടെ കണ്ണുകള് നിറഞ്ഞ് ഒഴുകുകതന്നെയായിരുന്നു. ഒരു സഹോദരന് ഇല്ലാത്ത ദുഃഖം
നന്നായി അറിയാം നന്ദിനിക്ക്. ദിനേശേട്ടനെ ആ സ്ഥാനത്തേക്ക് കാണാന് തുടങ്ങിയത് മുതല് വലിയ സന്തോഷം തോന്നുന്നുണ്ട്.
മണി പത്തായി. എല്ലാവരും ഉറങ്ങാന് കിടന്നു കഴിഞ്ഞു. കുളിമുറിയില് കയറി മേല് കഴുകി, കട്ടിലില് വന്നു കിടന്നു നന്ദിനി. നളിനി നേരത്തെ കിടന്നിരുന്നു.തിരഞ്ഞെടുപ്പിന്റെ ചൂടൊന്നു കുറഞ്ഞിരുന്നു. ഈ സമയം എല്ലാവരുടെയും ചര്ച്ചാവിഷയം വിനോദയാത്രകളായിരുന്നു. നളിനിക്ക് വരാന് പറ്റില്ലെന്ന ദുഃഖം ഉണ്ട്.അവളുടെ ചേച്ചിയുടെ വിവാഹം ഉറച്ചിരിക്കുന്നു. ചേച്ചി ഈ വര്ഷം ബിരുദം കഴിഞ്ഞിരുന്നു. ബിരുദാനന്തര പഠനം മനസ്സില് ഉണ്ടെങ്കിലും, മാതാപിതാക്കള് വിവാഹം ആദ്യം ഉറപ്പിച്ചു. വരന് ബോംബെയില് ജോലിയുള്ള ആളാണ്. അന്യൻ ഒന്നുമല്ല. അമ്മാമന്റെ മകന് തന്നെയാണ്. നന്ദിനിയും കല്യാണം കൂടാന് വരണമെന്ന് നളിനിക്ക് നിര്ബന്ധം ഉണ്ട്. നോക്കാം എന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. വീട്ടില്
നിന്നും സമ്മതം കിട്ടേണ്ടേ. നളിനിയുടെ മാതാപിതാക്കള് ഹോസ്റ്റലില് വന്നു പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. കല്ല്യാണപ്പെണ്ണ് അഞ്ചു വര്ഷം കഴിഞ്ഞത് ഇവിടെയാണല്ലോ. കുറച്ചു പേര് ഇവിടെനിന്നും പോകുന്നുണ്ടെന്ന് അറിഞ്ഞു.
അടുത്ത ദിവസം രാവിലത്തെ ക്ലാസ് കഴിഞ്ഞതും, ആണ്കുട്ടികള് വിഷയം എടുത്തിട്ടു ‘വിനോദയാത്ര’. പലരും പലസ്ഥലങ്ങളും ഓര്മ്മയില് കൊണ്ടുവന്നു. രണ്ടുപകലും ഒരു രാത്രിയുമാണ് ആകെ സമയം. ഇതില് ഒതുങ്ങുന്നതായിരിക്കണം. ഓരോ സ്ഥലപ്പേരും അദ്ധ്യാപകന് കുറിച്ച് വയ്ക്കുന്നുണ്ടായിരുന്നു.
‘നന്ദിനി പറഞ്ഞില്ലേ ഒരിടം.. പറയൂ..’
ഒന്നും മിണ്ടാതെ ഉരിക്കുന്ന നന്ദിനിയെ നളിനി കുത്തി പൊക്കി.
‘അത്.. മഹാബലിപുരം’
‘അത് തമിഴ്‌നാട്ടിലല്ലേ? ‘ അദ്ധ്യാപകന് ചോദിച്ചു.
‘അതെ…അവര് മാമല്ലപുരം എന്ന് പറയും’
‘നമുക്ക് ആലോചിക്കാം…നല്ല സ്ഥലമാണ് ‘ അദ്ധ്യാപകന് പറഞ്ഞു.
‘അത്.. സാര് ശില്പ്പികളുടെ സ്ഥലമാണ്. അത് അല്ലെങ്കില് നമ്മുടെ അടുത്ത് തന്നെ ഒന്നുണ്ട്……. ചിതറാല്മല..’
‘എന്തായാലും ഞാനൊന്ന് ആലോചിക്കട്ടെ.’
നന്ദിനി ക്ലാസ് കഴിഞ്ഞു പോകാന് ഒരുങ്ങിയപ്പോള് കുറെ ആണ്കുട്ടികള് കാണാന് വന്നു. അവര് വേറെ ക്ലാസിലെ കുട്ടികളായിരുന്നു. നന്ദിനി ഒറ്റയ്ക്കായിരുന്നില്ല കുറച്ചേറെ പെണ്കുട്ടികള് ഉണ്ടായിരുന്നു. അടുത്ത് വന്നവര് ചോദിച്ചു…” നന്ദിനിയല്ലേ?’
‘അതെ..എന്താ? ‘
‘മഹാബലിപുരം ശില്പങ്ങളുടെ കേന്ദ്രമാണ്. ഞങ്ങള്ക്ക് ആ സ്ഥലം ഇഷ്ടപ്പെട്ടു. മദ്രാസ് പട്ടണവും കൂട്ടത്തില് കാണാം.’
‘എങ്കില് ഞങ്ങളുടെ സാറിനോട് പറഞ്ഞാല് പോരെ? അദ്ദേഹമാണ് തീരുമാനം എടുക്കുന്നത്.’
‘ശരി… ഞങ്ങള് അത് ഉറപ്പിക്കുന്നു. നിങ്ങള്ക്കും ഇഷ്ടമെങ്കില് അവിടെത്തന്നെ നമ്മുടെ യാത്ര’
ഹോസ്റ്റലില് എത്തിയപ്പോള് നളിനിയുടെ മാതാപിതാക്കള് കാത്തിരിക്കുന്നുണ്ടാ യിരുന്നു. അവളുടെ ചേച്ചിയുടെ വിവാഹം ഗുരുവായൂര് ക്ഷേത്രത്തില് വച്ച് നടത്താന് ആണ് തീരുമാനം. രണ്ടു മാസം കൂടെ കഴിഞ്ഞേ വരന് ഒഴിവു കിട്ടു. ഇനിയും സമയം ഉണ്ട്. അതും ഗുരുവായൂരില്. ആ സ്ഥലം നന്ദിനിക്ക് സുപരിചിതമാണ്. വീട്ടില് നിന്നും പോയി കല്യാണം കൂടാവുന്നതെയുള്ളു. രാത്രി ഉറങ്ങുന്നതിനു മുന്പ് ജോണ്‌സേട്ടനെ വിളിച്ചു നന്ദിനി വിവരം പറഞ്ഞു.
‘ഏതാ സ്ഥലം?..മഹാബലിപുരം ആണോ?’
‘ആണെന്നാ അവര് പറഞ്ഞത്. ‘
‘നല്ല സ്ഥലമാണ്. ദിവസം തീരുമാനിച്ചാല് അറിയിക്കണം.’
‘അതെന്തിനാ? ‘
‘എനിക്കും കൂടെ വരണം..അത് തന്നെ. ‘
‘അതെന്താ..വീണ്ടും കോളേജില് ചേര്ന്ന് പഠിക്കാന് ഇപ്പോള് പറ്റുമോ? ‘
‘ആ…അത് തന്നെയാ ഞാന് ഇപ്പോള് ആലോചിക്കുന്നെ…ഒന്നും കൂടെ കോളേജില്
പഠിച്ചാലോ എന്ന്. ‘
‘അയ്യെടാ! നല്ല കൂത്ത് ശരിക്കും വട്ടായിന്നാ തോന്നണേ.’
‘അത് പോട്ടെ..ഞാന് വരുന്നതിനെ പറ്റി ചിന്തിച്ച് ഇയാള് വിഷമിക്കേണ്ട…സുഖം അല്ലെ എന്റെ നന്ദുവിന്’
‘സുഖമാണ്..ജോണ്‌സേട്ടനോ? ‘ ‘സുഖം..സുഖം…ഒരു ഉമ്മതാ പൊന്നേ ‘
‘അയ്യോ..പുലിവാലായല്ലോ..ഇങ്ങനെ തുടങ്ങിയാല് വരാന് പോകുന്ന പ്രതിബന്ധങ്ങള് ഒക്കെ അറിയാമോ? ‘ ‘എന്ത് പ്രതിബന്ധം? ‘
‘നമുക്ക് ഒന്നിക്കാന് കഴിയുമോ ജോണ്‌സേട്ടാ? എനിക്ക് വല്ലാത്ത പേടി…നമ്മള് ഒരുപാട് അടുത്തു പോയിരിക്കുന്നു. ‘
‘അതിനെന്താ..എന്താ പറ്റിയത് എന്റെ ഓമനയ്ക്ക്?’
‘നുമുക്ക് ഒന്നിക്കാനുള്ള കടമ്പകള് എത്ര ആണെന്ന് അറിയാമോ? ‘
‘പക്ഷെ, ഒരു പ്രത്യേകത ഉണ്ടല്ലോ..ഒരു എളുപ്പ വഴി..’
‘അതെന്താ എന്താ അത്? ‘
‘നമ്മള് ആണും പെണ്ണും ആണെന്നത് തന്നെ !’
‘ഔ ഞാന് വിചാരിച്ചു മറ്റെന്തെങ്കിലും വഴി…’
‘മറ്റൊരു വഴിയും അല്ല..ഇതാണ് വഴി…പേടിക്കാതെ കുട്ടി. നാളെ ഞാനും ദിനേശനും വരുന്നുണ്ട് അവിടെ. അടുത്ത ആഴ്ച എന്റെ പുതിയ നോവല് പുറത്തു വര്യാ…’
‘ഏ അഭിനന്ദനങ്ങള്…നോവലിന് എന്താ പേര്? ‘
‘പക്ഷിപാതാളം! പരസ്യങ്ങള് കണ്ടില്ലേ? ‘ ‘പരസ്യം കണ്ടു..അന്ന് എഴുത്തുകാരനെ അറിയില്ലായിരുന്നല്ലോ’
എന്നാല് കേട്ടോ..അതിലെ നായകന് അരവട്ടനാണ്. തന്റെ കാമുകിയെ പക്ഷി പാതാളത്തിലെ ഒരു വവ്വാലില് കണ്ടെത്തുന്നു.’
‘ഏ… അതിനാ എന്നെ പക്ഷിപാതാളത്തില് കൊണ്ട് പോയത് അല്ലെ?’
‘അതിന്റെ അവസാന അദ്ധ്യായം എങ്ങനെ എഴുതണമെന്ന് ഒരു പിടിയുമില്ലാതെ കുറെ ദിവസം ഞാന് ഉറങ്ങിയില്ല. അത് പിടി കിട്ടി…ഇനി എഴുതി തീര്ക്കണം ‘
നന്ദിനി മൂകയായി നിന്നു. പ്രസിദ്ധമായ ഗണ്ഠിനകാ ക്ഷേത്രത്തില് ദര്ശനം നടത്തിയപ്പോള് ജോണ്‌സണ് അവളെ കടത്തിക്കൊണ്ടു പോയത് അവള് ഓര്ത്തു.ഗുഹാമുഖം മറച്ചു കൊണ്ടുനിന്ന വന് മരത്തിനു മറവില് അവളെ ചേര്ത്ത് നിറുത്തി പുണര്ന്നതും, ഇനി ഒരിക്കലും അകറ്റില്ല എന്നപോലെ വന്യമായ ഒരു പരിരംഭണം അത് ജോണ്‌സേട്ടന് തന്റെ കൂടി ഈര്ജ്ജം പകര്ന്നു നല്കാന് ആയിരുന്നോ?
‘എന്താ…നന്ദു..എന്ത് പറ്റി? ‘
‘ഞാനിതാ ഒരു വവ്വാലായി അവിടെ പറന്നു വര്യാ..’
‘എന്റെ പൊന്നേ…എനിക്കും അതാ മോഹം.. പക്ഷിപാതാളത്തിലെ ആ വവ്വാലുകളേപ്പോലെ നമ്മള്ക്ക് ആകാന് കഴിഞ്ഞെങ്കില്! ‘
‘നമുക്ക് അങ്ങനെ തുങ്ങിക്കിടന്നാല് മതിയോ?
‘പോരാ..ഒന്നാവണം… അരവട്ടനായ എന്റെ ‘ചന്ദു’ ആവണം എനിക്ക്.’
‘പ്രാന്ത് നിര്ത്തു..പോയികിടന്നുറങ്ങു… തല തണുക്കട്ടെ’
‘എന്റെ നന്ദുവിന് നൂറുമ്മ.
പിന്നെ ചുംബന പെരുമഴയായിരുന്നു. നന്ദിനി നിന്ന് കോരിത്തരിച്ചു. ഫോണ് താഴെ വയ്ക്കാന് മറന്നു. എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല. കലപില പറഞ്ഞു കുറെ പേര് കടന്നു വന്നപ്പോള് നന്ദിനി ഞെട്ടി. ഏതോ സ്വപ്നലോകത്തുനിന്നും താഴേക്ക് പതിച്ച പോലെ.. പടര്ന്നു പന്തലിച്ച വന്മരത്തിന്റെ കൊമ്പില് തൂങ്ങി ആടിയ രണ്ടു വവ്വാലുകളില് ഒന്ന് ചിറകടിച്ചു പറന്നകന്ന പോലെ
നന്ദിനി താഴെ ഫോണ് ഇട്ടു. അവള്ക്കു സ്ഥലകാല ബോധം നഷ്ടപ്പെട്ടിരുന്നു. മുറിയില് കയറിയിട്ടും ശരീരം ആസകലം ചുംബനങ്ങള് ഓടി കളിച്ചു. അന്ന് ആ വന്മര തണലിലേക്ക് തന്നെ തട്ടിക്കൊണ്ടു പോയതെങ്ങനെയെന്ന് ഇന്നും നന്ദിനിക്ക് മനസ്സിലാവുന്നില്ല. ചുറ്റുപാടും എല്ലാവരും ഉണ്ടായിരുന്നു. മാമുനിമാര് തപസ്സ് അനുഷ്ഠിച്ച ഗുഹാമുഖം മറച്ചു നിന്ന ഊക്കന് മരങ്ങള്! ചുറ്റും നിന്ന പ്രിയപ്പെട്ടവരുടെ ഇടയില്‌നിന്നും തന്നെ റാഞ്ചി കൊണ്ട് പറന്ന പരുന്തിന്റെ കൗശലം! കുഞ്ഞിക്കിളിയുടെ പപ്പും തൂവലും കൊത്തി പറിക്കുന്ന പോലെ! കമിതാവിന്റെ കരങ്ങളില് സ്വയം സമര്പ്പിച്ചു പരിസരം മറന്നു നിന്നപ്പോള് ഒന്നും ഓര്ത്തില്ല. ജോണ്‌സേട്ടന് അന്ന് മഴയ്ക്ക് വേണ്ടി ദാഹിച്ച ഒരു വേഴാമ്പല് ആയിരുന്നോ?
ശരീരത്തിന്റെ വിറയല് അപ്പോഴും അടങ്ങിയിരുന്നില്ല. കാതോരം ചുട്ടു പൊള്ളിച്ചുകൊണ്ട്, തന്നിലേക്ക് പകര്ന്നു തന്ന ഊഷ്മള വികാരങ്ങള്! കട്ടിലില് നന്ദിനി കമിഴ്ന്നു കിടന്നു. താഴെ മൃദു ശയ്യയില് ജോണ്‌സന്റെ വിരിമാറില് ചേര്ന്ന് കിടക്കുന്ന സുഖം ചില്ലടര്ന്ന് ജനലിന്റെ മേല്പ്പാളിയിലൂടെ പൂര്ണ്ണച്രന്ദന് എത്തി നോക്കി. നിറയെ ചിതറി വീണ മുല്ലപ്പൂക്കള് പോലെ ചെമ്മാനം നിറയെ താരക കുഞ്ഞുങ്ങള്. അകലെ എവിടെയോ ഒറ്റപ്പെട്ട മാമരചില്ലയിലിരുന്ന് ഒരു രാപ്പാടി നീട്ടി പാടി.
നന്ദിനി എഴുന്നേറ്റ് ഇരുന്നു. നേര്മ്മയുള്ള ഒരു തളിരില കൊണ്ട് ജോണ്‌സണ് അവളുടെ ഹൃദയത്തില് ഉരസിക്കൊണ്ടിരുന്നു. ചുമരിലിരുന്ന ചെറിയ ക്ലോക്ക് അതിനു താളം പിടിച്ചു. ശരീരത്തിലൂടെ ഒരു കനൽക്കാറ്റ് അരിച്ചു നീങ്ങും പോലെ. വല്ലാത്ത ചൂടാണോ? എന്തോ ഒരസ്വസ്ഥത, ഉറങ്ങാന് കഴിയാത്ത ഒരു വീര്പ്പുമുട്ടല്! ഒരു പക്ഷെ ജോണ്‌സേട്ടനും ഉറക്കം വരാതെ കട്ടിലില് തിരിഞ്ഞും മറിഞ്ഞും കിടക്കുകയാകാം.
ലൈറ്റ് ഇടാന് നിവൃത്തിയില്ല. നളിനിയും മീനുവും സുഖസുഷുപ്തിയിലാണ്. തപ്പി പിടിച്ചു ഒരു മെഴുതിരി കത്തിച്ചു. ശബ്ദം ഉണ്ടാക്കാതെ തന്നെ പുസ്തകം നിവര്ത്തി. പേന കയ്യിലെടുത്തു ഒരു നിമിഷം ആലോചിച്ചു. കാല്വിരല് തുമ്പ് മുതല് ഒരു കുളിര് അരിച്ചു കയറുന്നു. മനസ്സില് ഒരു മൈന നെഞ്ചിലെ നനുത്ത തൂവലില് കൊക്കുരസ്സി രസിക്കുന്നു. വാനമ്പാടി പോലെ ഹൃദയം കൂകാന് വെയുന്നു. നിലാവിന്റെ നേര്ത്ത പാളികള് ജനലിനുള്ളിലൂടെ കടന്നു വന്നു. വിരല്ത്തുമ്പില് ഇരുന്നു പേന വിറച്ചു. പെയ്‌തൊഴിഞ്ഞ ആകാശത്ത് നിന്ന് വിതുമ്പലോടെ വീണുടയുന്ന അവസാന മഴത്തുള്ളികള് പോലെ അക്ഷരങ്ങള് വടിവോടെ കടലാസ്സില് പരന്നൊഴുകുകയാണ്. ഹൃദയം പടപടാ മിടിച്ചു. ഒരോ രോമകൂപവും വിറയ്ക്കുന്നു ണ്ടായിരുന്നു. ജീവിത ഗന്ധിയായൊരു ‘കവിത’ ഒഴുകിയിറങ്ങി. മനസ്സിന്റെ മണിമുറ്റത്തു പാറിനടന്ന ഈയാം പാറ്റകള് പാത്രത്തിലെ വെള്ളത്തില് വീണു മുങ്ങിത്താഴുന്നു. നനവ് പടര്ന്ന പിഞ്ചോമനയുടെ പുങ്കവിളില് മുത്തമിടുന്ന അമ്മയുടെ ഹൃദയം പോലെ നന്ദിനിയുടെ നെഞ്ചു പിടച്ചുകൊണ്ടിരുന്നു.
കണ്ണീര് വീണു പടര്ന്ന പോലെ പലയിടത്തും അക്ഷരങ്ങള് മങ്ങിപ്പോയിരുന്നു. രാവിലെ വളരെ വൈകി ഉണരുമ്പോള്, മേശപ്പുറത്ത് കത്തി അമര്ന്ന മെഴുതിരിയുടെ ശേഷിപ്പുകള് കിടന്നിരുന്നു. നളിനിയുടെ ആഹ്ലാദാരവങ്ങള് കേട്ടാണ് പുളിക്കുന്ന കണ്മിഴികള് വലിച്ചു തുറന്നത്. എഴുതി തീര്ത്തു മേശപ്പുറത്ത് തന്നെ വച്ചിരുന്ന കവിത അവളുടെ കരങ്ങളില് ഇരുന്നു വിറച്ചു. ഉറക്കം കണ്‌പോളകളെ തഴുകി അടച്ചപ്പോള് എല്ലാം മേശപ്പുറത്ത് ഉപേക്ഷിച്ചു കട്ടിലില് കയറി കിടന്നത് ഒരല്പം ലക്ക്‌കെട്ട പോലെയായിരുന്നു.
‘ഹോഎന്തൊരു കവിത!’നളിനി ഓടി വന്നു നന്ദിനിയെ ചുംബിച്ചു. ‘ഇത് ഈ വര്ഷത്തെ ഏറ്റവും നല്ല കവിതയ്ക്കുള്ള സമ്മാനം വാങ്ങും.’
‘എന്റെ പെണ്ണെ, നീ ഒരു കവയിത്രിയാണോ?’
നന്ദിനി വെറുതെ ചിരിച്ചു. എല്ലാ ഒളിവും പുറത്തായിരിക്കുന്നു. അറിയാതെ ഒഴുകി ഇറങ്ങിയ കവിതയുമായി നളിനി പുറത്തിറങ്ങി. അവളെ തടയണമെന്നുണ്ടായിരുന്നു നന്ദിനിക്ക്. പക്ഷെ, ശരീരം പൊങ്ങാത്ത പോലെ ഒരാലസ്യം!
About The Author
No related posts.