LIMA WORLD LIBRARY

ആന്തരിക മൗനം

ആന്തരിക മൗനം,
അവനവന്റെ ഉണ്മയുടെ ആഴത്തിലെ
സ്ഥലകാലാതീത സർഗ്ഗാത്മകത.
ചിന്തകൾ പൂരിപ്പിക്കാത്ത
സംശുദ്ധാവബോധത്തിൻ്റെ
ആമന്ത്രണം,
ആത്മാവിൽ
സദാ പ്രതിദ്ധ്വനിക്കുന്ന
ആത്മനിസ്വനം.
ചിന്തകളുടെ മദ്ധ്യേ മറഞ്ഞിരിക്കുന്ന
ഒന്നുമില്ലായ്മയുടെ ആഴം
നാം അടുത്തറിയുന്ന
വിശുദ്ധിയുടെ നിമന്ത്രണം.
ഇവിടെ,
നന്മയും തിന്മയും
ജനനവും മരണവും
യൗവനവും വാർദ്ധക്യവും
ശക്തിയും അശക്തിയും
സത്തയും അസത്തയും
പാപവും പുണ്യവും
സ്വാതന്ത്ര്യവും പാരതന്ത്ര്യവും
ജനനവും മരണവും
സുഖവും വേദനയും
പുതുമയും പഴമയും
മനസ്സും ശരീരവും
ഒന്നുമില്ല.
ഇതാണ്,
ജന്മാന്തരങ്ങൾക്കപ്പുറമുളള
നമ്മുടെ യഥാർത്ഥ മുഖം,
നമ്മുടെ സംശുദ്ധ സത്ത.
ഇവിടെ,
ഒന്നും സംഭവിക്കുന്നില്ല,
ഒന്നും നേടുന്നില്ല,
ഒന്നും നഷ്ടപ്പെടുന്നില്ല.
ഇതാണ്,
പരമമായ സ്വാതന്ത്ര്യം,
സമൂലവും സർവ്വാധിശായിയും
സമ്പൂർണ്ണവും സമഗ്രവുമായ
ആത്മപരിണതിയുടെയും,
സർവ്വാശേഷകമായ
അസ്തിത്വത്തിന്റെയും
നിരുപാധികമായ
ശാന്തിതീരം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px