സൂര്യദിന കുറിപ്പ്….25/09/22. – സാബു ശങ്കർ.

Facebook
Twitter
WhatsApp
Email

മനനം ചെയ്യുന്നവനാണല്ലോ മനുഷ്യൻ. അല്ലെങ്കിൽ മൃഗചോദനയുടെ പ്രവണതകൾ മാത്രം തങ്ങിനിൽക്കുന്ന, നിർണ്ണയിക്കുന്ന, പരിമിതമായ ബോധത്തിലുള്ള ഒരു മനുഷ്യജീവിയല്ലേ? അവൻ മനുഷ്യവ്യക്തി ആവുന്നില്ലല്ലോ…
വന്യതയുടെ മൃഗചോദന ഒരു സമൂഹത്തിൽ പരിമിത സാഹചര്യങ്ങൾ മൂലം സ്വാഭാവികമായും തങ്ങിനിൽക്കുന്നുണ്ട്. മൃഗചോദനയിൽ നിന്ന് മനുഷ്യചേതന സിദ്ധിക്കുമ്പോഴാണ് മനുഷ്യവ്യക്തി പ്രകാശിക്കാൻ തുടങ്ങുന്നത്. മനുഷ്യവ്യക്തികളുടെ സംസർഗം സമൂഹത്തെയും പ്രകാശിപ്പിക്കുന്നു. തത്വശാസ്ത്രവും ശാസ്ത്രസാങ്കേതികതയും സംസ്കാരവും സാമൂഹിക ആത്മീയ മൂല്യങ്ങളും പരിപോഷിപ്പോക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച സാമൂഹിക സംഘടനകളും സാംസ്‌കാരിക – ആത്മീയ കൂട്ടായ്മയും സർഗാത്മകതയും ചേതനയ്ക്കു വാതിൽ തുറക്കുന്നു…
നിരന്തര വിജ്ഞാന സമ്പാദന പ്രക്രിയ സുബോധത്തെ, പ്രബുദ്ധിയെ ഭാസുരമാക്കുന്നു. ഭാസുരമായതിൽ, വിവേകത്തിൽ, രതിക്കുന്നതാണ്, ആനന്ദിക്കുന്നതാണ് ഭാരതം. ഭാ = ഭാസുരം. രതം = രതിക്കുന്നത്. വിവേകത്തിൽ ആനന്ദിക്കുന്നത് ഭാരതം…
വിവേകാനന്ദത്തിന്റെ ഭൂമികയെ ദൈവരാജ്യമെന്നും വ്യാഖ്യാനിക്കാം. സ്നേഹം, സന്തോഷം, സമാധാനം എന്നീ മൂന്ന് തൂണുകളിൽ പണിതുയർത്തിയ ക്രൈസ്തവതയുടെ സൂചകം ദൈവസ്നേഹത്തെയും (ലംബമാന രേഖ / Vertical line ) പരസ്നേഹത്തെയും ( തിരശ്ചീന രേഖ / Horizontal line ) ഓർമ്മിപ്പിക്കുന്നു. അതാണല്ലോ ക്രൈസ്തവതയുടെ മൂല്യമായ വിശുദ്ധ കുരിശ്! അത് അർത്ഥവത്തായി എക്കാലവും പ്രകാശിക്കുന്നു…
എന്നാൽ ചേതന ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് ക്രിസ്ത്യാനി ആവാൻ കഴിയൂ. കൂദാശകൾ അനുഷ്ഠിച്ചതുകൊണ്ട് മാത്രം ഒരാൾ ക്രിസ്ത്യാനി ആവുന്നില്ല. മനനം ചെയ്ത് ബോധ്യത്തിന്റെ ഭൗതിക പരിമിതികൾ ലംഘിക്കണം. ബന്ധനത്തിൽ നിന്ന് വിമോചിതമാവണം. വിവേകാനന്ദ, സച്ചിദാനന്ദ, ബ്രഹ്മാനന്ദ മാർഗം തെളിയണം…
ദൈവരാജ്യ സങ്കല്പത്തെ വസുധൈവക കുടുംബകം എന്നും വ്യാഖ്യാനിക്കാം. മനുഷ്യൻ ഒരു കമ്മ്യൂൺ ആണ് എന്ന അർത്ഥത്തിൽ കമ്മ്യൂണിസം എന്നും വ്യാഖ്യാനിക്കാം. എല്ലാം നല്ല സങ്കൽപ്പങ്ങൾ തന്നെയാണ്…
ഒരാൾ സ്വന്തം ചോദനയെ, പരിമിതിയെ മനസിലാക്കാൻ തുടങ്ങിയാൽ തന്നെ അവൻ മോചിതനായി തുടങ്ങി. വെളിച്ചം പ്രവേശിച്ചു തുടങ്ങി. താൻ ഇന്നലെ വരെ ജീവിച്ച ലോകബോധത്തിൽ നിന്ന് യാഥാർഥ്യ ബോധത്തിലേക്ക് പ്രവേശിക്കുകയായി. അവൻ ഒരു അന്വേഷകൻ കൂടിയായി മാറുകയായി. മനനം ചെയ്യുന്നവനായി, മനുഷ്യനായി പരിവർത്തനം ചെയ്യപ്പെടുകയായി….
അവന്റെ മുന്നിൽ പ്രതിഭാസങ്ങളും നിഗൂഢയാഥാർഥ്യങ്ങളും വെളിപ്പെടുകയായി….
ഒരാൾ റേഷൻ കാർഡിലോ വോട്ടേഴ്‌സ് ലിസ്റ്റിലോ പേരു വന്നത് കൊണ്ട് പൗരൻ ആവുന്നില്ലല്ലോ . പൗരധർമ്മവും പ്രത്യയശാസ്ത്ര – അർത്ഥശാസ്ത്ര വിജ്ഞാനവും രാജ്യചരിത്രബോധവും കൈവരിക്കുന്നതിലൂടെയാണ് യഥാർത്ഥത്തിൽ ഒരാൾ പൗരൻ ആവുന്നത്. അങ്ങനെ പൗരൻ ആവുക എന്നത് ഒരു പരിവർത്തനമാണ്. നേട്ടമാണ്…
അതുപോലെ തന്നിൽ നിന്ന് അകന്നുനിന്ന അറിവുകളെ, മിസ്റ്റിക് അല്ലെങ്കിൽ നിഗൂഢജ്ഞാനം എന്നൊക്കെ വിളിച്ച കാര്യങ്ങളെ, ബോധ്യപ്പെടുവാൻ തുടങ്ങുമ്പോൾ അവൻ സ്വയം അറിയാനും കൂടി തുടങ്ങുന്നു.അവൻ ഭാസുരമാവുന്നു. അതിൽ രതിക്കുന്നു. ഭാ+രതീയൻ ആവുന്നു….

ഇന്ന്, ഞായർ, സൂര്യദിനം, പ്രകാശത്തിന്റെ ദിനം, നല്ലൊരു ദിവസമാവട്ടെ. ഗായത്രികൾ മനസ്സിൽ മുഴങ്ങട്ടെ.🌹🙏Sabu. 🙏🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *