LIMA WORLD LIBRARY

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -21 മഹാബിന്ദു | കാരൂർ സോമൻ

കാറില്‍ നിന്നിറങ്ങിയ ശങ്കരനെ കണ്ടമാത്രയില്‍ കിരണ്‍ അകത്തേക്കു പോയി. തെരെഞ്ഞെടുപ്പില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു ശങ്കരന്‍. കരുണ്‍ സൂക്ഷിച്ചു നോക്കി. നാട് മുഴുവന്‍ തനിക്കെതിരെ പരിഹാസ മുദ്രാവാക്യങ്ങളും അത്ഭുത പ്രകടനങ്ങളും ധാരാളം നുണക്കഥകളും പ്രചരിപ്പിക്കുന്നതില്‍ ധാരാളം മദ്യപാനികളെ ഗുഢമായി നയിച്ച വ്യക്തി. അതും തെരെഞ്ഞെടുപ്പിന്‍റെ ഭാഗമായിട്ടേ കാണുന്നുളളൂ. കാശിപ്പിള്ള ജയിച്ചിരുന്നുവെങ്കില്‍ നാടിളക്കി മറ്റൊരു വിജയാഹ്ലാദത്തിന്‍റെ അലകളും ആരവങ്ങളും ഉയര്‍ത്തുമായിരുന്നു. എന്തായാലും ആ കപടനാടകങ്ങള്‍ അവതരിപ്പിക്കാന്‍ നാട്ടുകാര്‍ അവസരം കൊടുത്തില്ല.
ശങ്കരന്‍റെ മൊബൈല്‍ ശബ്ദിച്ചു. അയാള്‍ എല്ലാ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൊടുത്തു. അധികാരം എങ്ങിനെയും കൈക്കുള്ളില്‍ ഒതുക്കണം. അതിനായി കരുണാകരനുമായി കൂട്ടുകൂടാന്‍ പാര്‍ട്ടി ഒരുക്കമാണ്. അതിനാണ് സമുദായ നേതാവും പാര്‍ട്ടിയുടെ സുഹൃത്തുമായ ശങ്കരനെ ഈ ദൗത്യം ഏല്പിച്ചത്. അധികാരമില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അരാജകത്വമുണ്ടാകും. ഒരുത്തനെയും നിലയ്ക്ക് നിര്‍ത്താന്‍ പറ്റില്ല. പോക്കറ്റില്‍ കാശ് വീഴില്ല. വളരെ പ്രതീക്ഷയോടെയാണ് ശങ്കരനെ അയച്ചിരിക്കുന്നത്.
പെട്ടെന്ന് വാതിക്കല്‍ ചാരുംമൂടന്‍ പ്രത്യക്ഷപ്പെട്ടു. ശങ്കരന്‍ ഫോണിലെ സംസാരം നിറുത്തിയതും അകത്തേക്ക് ക്ഷണിച്ചതും ഒപ്പമായിരുന്നു. കരുണിനെയും ജോസഫിനെയും അകത്തേക്ക് ക്ഷണിച്ചു. ശങ്കരന്‍ ഒന്ന് വണങ്ങിയിട്ട് കരുണിനെ അഭിനന്ദിച്ചു. പാര്‍ട്ടി ഏല്പിച്ച കാര്യം വിവരിച്ചു.
“നമ്മുടെ ജനത്തിന് സുതാര്യവും സുരക്ഷിതവും സന്തുഷ്ടവുമായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ എന്‍റെ പാര്‍ട്ടിക്കാര്‍ക്കേ കഴിയൂ. നാട്ടില്‍ ഗുണ്ടായിസവും കൊലപാതകങ്ങളും വികസനവിരുദ്ധ പ്രവര്‍ത്തനങ്ങളും കാഴ്ചവയ്ക്കുന്ന ഒരു പാര്‍ട്ടി അധികാരത്തില്‍ വരാന്‍ പാടില്ല.”
പെട്ടെന്ന് താടി തടവികൊണ്ടിരിരുന്ന ചാരുംമൂടന്‍ പ്രതികരിച്ചു.
“നിങ്ങള്‍ രണ്ടുകൂട്ടരും എത്ര വെള്ളപൂശിയാലും നാട്ടുകാര്‍ക്ക് ധാരാളം സത്യങ്ങളറിയാം. ഇന്നും പാവപ്പെട്ട കുട്ടികളും ആദിവാസികുട്ടികളും പോഷകാഹാരം ലഭിക്കാതനില്ലാതെ ആള്‍ക്കാര്‍ വലയുന്നു. ഹോട്ടലുകളിലുണ്ടാക്കുന്ന പഴകിയ ഭക്ഷണത്തില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും ധാരാശം മാരകരോഗങ്ങളുണ്ടായി ആളുകള്‍ മരിക്കുന്നു. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സംഭവങ്ങളാണ് നിത്യവും നടക്കുന്നത്. ഇവിടെ ഒരു ഭരണമുണ്ടോ എന്നത് ഒരു ചോദ്യമായി നില്ക്കയാണ്. നമ്മുടെ രാജ്യത്ത് സത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? അധികാരത്തിലെത്തുന്നവര്‍ക്ക് പട്ടും വളയും എടുക്കാന്‍ പൊങ്ങാത്ത പൂമാലകളും വോട്ടുകൊടുക്കുന്നവര്‍ക്ക് കിട്ടുന്നതോ വെട്ടും കുത്തും ദുരിതങ്ങളും. ഇനിയെങ്കിലും ഇതിനൊരു മാറ്റമുണ്ടാകണം. ശങ്കരന്‍സാര്‍ വന്നകാര്യം ഇവരോട് പറയുക.”
ശങ്കരന് അല്പം ആശങ്ക തോന്നി. ഇയാളുടെ വീട്ടില്‍ കാലു കുത്തില്ലെന്നും സ്കൂളിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നും പണ്ടൊരിക്കല്‍ ശപഥം ചെയ്ത് ഇറങ്ങിയതാണ്. എന്നിട്ടും ദുര്‍വിധി വീണ്ടുമുണ്ടായിരിക്കുന്നു. അതൊന്നും ഇപ്പോള്‍ ചിന്തിക്കാതെ എങ്ങനെയും ഇവരെ വശീകരിച്ച് സ്വന്തം പക്ഷത്താക്കാന്‍ ശ്രമിക്കുക. ഒരെതിര്‍പ്പും വാദവിവാദവും ഇവിടെ പാടില്ല. പാര്‍ട്ടിയുടെ ഗുണഗണങ്ങള്‍ പറഞ്ഞാല്‍ ഇവര്‍ അംഗീകരിക്കില്ല. ഇപ്പോള്‍ ആവശ്യം അവരെ ബഹുമാനിക്കുക പ്രശംസിക്കുക എന്നതാണ്.
ശങ്കരന്‍ മനസ് തുറന്നു. “കരുണ്‍ ഞങ്ങള്‍ക്കൊപ്പം നിന്നാല്‍ മന്ത്രിപദം മാത്രമല്ല നല്ലൊരു തുകയും തരാന്‍ തയ്യാറാണ്. മനുഷ്യനെ ദുഃഖദുരിതത്തിലാഴ്ത്തുന്നവരുടെ കയ്യിലേക്ക് ഭരണം പോകാന്‍ പാടില്ല.”
കരുണിന് രക്തസമ്മര്‍ദ്ദം കൂടിക്കൊണ്ടിരുന്നു. ആ വാക്കുകള്‍ കേട്ട് ഉള്ളില്‍ ഒരു നടുക്കംതന്നെ ഉണ്ടായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരനുഭവം. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചത് ജയിക്കുമെന്നുള്ള പ്രതീക്ഷയിലല്ലായിരുന്നു. വിജയിച്ചപ്പോള്‍ മുന്നിലെത്തിയിരിക്കുന്നു മന്ത്രിപദം. വിശ്വസിക്കാനാവുന്നില്ല. തലയ്ക്കുള്ളില്‍ ഒരു മന്ദത. പാര്‍ട്ടിയുടെ ദൂതനായി വന്നയാല്‍ വല്ല അബദ്ധവും വിളിച്ചു പറയുകയാണോ? അവന്‍ ശങ്കരനെ അവിശ്വനീയതയോടെ നോക്കി.
ജോസഫ് ചോദിച്ചു, “ശങ്കരന്‍ സാര്‍ പറഞ്ഞ മന്ത്രിപദം ഞങ്ങള്‍ അംഗീകരിക്കുന്നു. ഇനിയും തുകയുടെ വലുപ്പംകൂടി ഒന്നു പറഞ്ഞാല്‍ ഇതിനൊരു തീരുമാനമുണ്ടാക്കാം.”
അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഓമന അവര്‍ക്കായി ചായയും പലഹാരങ്ങളും കൊണ്ടുവന്നു. അവര്‍ ചായ കുടിച്ചുകൊണ്ടിരിക്കെ ചാരുംമൂടന്‍റെ മനസുപോയത് അധികാരത്തിന്‍റെ അപ്പക്കഷണങ്ങളുടെ ആകര്‍ഷകത്വത്തിലേക്കാണ്. അധികാരത്തിനായി കുതിരക്കച്ചവടത്തിനും അവര്‍ ഒരുക്കമാണ്. ഇവര്‍ സമൂഹത്തിലെ സാമൂഹ്യമുഖംമൂടികള്‍ അല്ലാതെ ആരാണ്? ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണ്? നല്ലൊരു ഭരണം. അതിന് മാതൃകകാട്ടി ജീവിച്ചിട്ടുള്ളവരെ കണ്ടെത്തുകയല്ലേ? അവിടെയും കടന്നുവരുന്നത് സമ്പത്താണ്. ഭരണത്തിലെത്താന്‍ ഏത് വജ്രായുധവും ഉപയോഗിക്കാന്‍ തയ്യാറാണ്. പണമെങ്കില്‍ പണം. കൊലയെങ്കില്‍ കൊല. ജനങ്ങള്‍ വഞ്ചിക്കപ്പെടുകയാണ്. എന്തും മറച്ചുവയ്ക്കാന്‍ കഴിവുള്ളവര്‍. ഇവര്‍ ഭരണത്തിലെത്തിയാല്‍ അഴിമതിയും പെണ്‍വാണിഭത്തിനുമായിരിക്കും മുന്‍തൂക്കം.
ജോസഫ് ചാരുംമൂടന്‍റെ മുഖത്തേക്കു നോക്കി. കരുണ്‍ എല്ലാം അത്ഭുതത്തോടെയാണ് കാണുന്നത്. തുകയുടെ കാര്യം വന്നപ്പോള്‍ അവന്‍ ചാരുംമൂടനോട് പറഞ്ഞു. സാറെ നല്ലൊരു തുക കിട്ടിയാല്‍ നമ്മുടെ പഞ്ചായത്തിലെ കിടന്നുറങ്ങാന്‍ സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലവും വീടും പണിതു നല്കാം. ചാരുംമൂടനും അത് മനസ്സിലുറപ്പിച്ചതാണ്.
“ശങ്കരന്‍ സാറെ, ഞങ്ങളുടെ ആവശ്യം പത്തുകോടിയാണ്. അതുകേട്ട് കരുണും ജോസഫും സ്തംബ്ധരായിരുന്നു. അവര്‍ മനസ്സില്‍ കരുതിയത് കുറെ ലക്ഷങ്ങളാണ്. അവര്‍ ശ്വാസമടക്കി നോക്കിയിരിക്കെ ശങ്കരന്‍റെ മുഖത്ത് ഒരു ഭാവവ്യത്യാസവുമുണ്ടായില്ല. ഉടനെ വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. പാര്‍ട്ടി സെക്രട്ടറിയുമായി മൊബൈലില്‍ ശങ്കരന്‍ സംസാരിച്ചു. ഇത്ര വലിയൊരു തുക തരാന്‍ അവര്‍ക്കാകുമോ?
ശങ്കരന്‍ പരിഹാരവുമായി അകത്തേക്കു വന്നു. അയാളുടെ കണ്ണിന്‍റെ തിളക്കവും പുഞ്ചിരിയും പ്രതീക്ഷയ്ക്കു വക നല്കുന്നതായി തോന്നി. കച്ചവടം ഉറപ്പിക്കാന്‍ സെക്രട്ടറി അനുവദിച്ച കാര്യം ശങ്കരന്‍ തുറന്നു പറഞ്ഞു.
വീണ്ടും കരുണ്‍ ഒന്നു ഞെട്ടി. തുറിച്ച കണ്ണുകളുമായി അയാളുടെ മുഖത്തുനോക്കിയിരുന്നു. അത്കേട്ട് ജോസഫും ഒന്നമ്പരന്നു. ചാരുംമൂടന്‍ ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കി. അവരുടെ കൈവശം ധാരാളം കള്ളപ്പണമുണ്ട്. ഇത് ഈ നാട്ടിലെ പാവങ്ങളുടെ നികുതി തുകയും കൊള്ളയ്ക്ക് കൂട്ടുനിന്നുണ്ടാക്കുന്ന പണവുമാണ്. അതില്‍ നിന്ന് പാവങ്ങള്‍ക്കു കുറെ കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ചാരുംമൂടന്‍ സമ്മതമറിയിച്ചപ്പോള്‍ ശങ്കരന്‍റെ മനസു സന്തോഷത്താല്‍ ഇളകി മറിയുകയായിരുന്നു.
ജീവിതത്തില്‍ ഇങ്ങനെ ഒരു സൗഭാഗ്യമുണ്ടാകുമെന്ന് കരുണ്‍ കരുതിയില്ല.
ചാരുംമൂടന്‍ ഒന്നുകൂടി ശങ്കരനെ ധരിപ്പിച്ചു. “നിങ്ങള്‍ ഈ തുക തന്നതുകൊണ്ട് ഞങ്ങളുടെ ചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും യാതൊരു മറ്റവുമുണ്ടാകില്ല.”
ഒരു കാര്യം മനസ്സിലായി. ഇവിടെ നടക്കുന്നത് ജനകീയ ഭരണമല്ലെന്ന് ഇപ്പോഴും മനഷ്യര്‍ ഇരുട്ടിലൂടെയാണ് ജനാധിപത്യത്തെ കാണുന്നത്. അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ ഇവരെപ്പോലുളള മൂകജനതയ്ക്ക് കഴിയട്ടെ. ഈ തുക കൈപ്പറ്റുന്നതില്‍ ഞങ്ങള്‍ക്ക് കുറ്റബോധമുണ്ട്. ആ കുറ്റബോധം മറ്റുള്ളവര്‍ക്കായി ചിലവഴിച്ചു കഴിയുമ്പോള്‍ മാറിപ്പോകും.
ചാരുംമൂടന്‍ ഉപാധികള്‍ മുന്നോട്ടുവച്ചു:
“തുക പണമായി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കണം. കള്ളനോട്ടുകളാകരുത്. കരുണിന് കൃഷി വകുപ്പ്തന്നെ ലഭിക്കണം. കാരണം, ആ രംഗത്താണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നുള്ള ഭരണകര്‍ത്താക്കളില്‍ ആരെയെങ്കിലും ഇങ്ങനെ ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? ഓരോരോ പാര്‍ട്ടിയോഗത്തില്‍ പ്രസിഡന്‍റും സെക്രട്ടറിയായും തെരെഞ്ഞെടുക്കുന്നത് പൊതുരംഗത്ത് യാതൊരു പ്രവൃത്തി പരിചയവുമില്ലാത്തവരെയല്ലേ. അതിനാല്‍ ഇന്നത്തെ പാര്‍ട്ടികള്‍ വെറും കച്ചവടസ്ഥാപനങ്ങളല്ലാതെ എന്താണ്? പാര്‍ട്ടി അണികള്‍ എന്നത് വെറും ഉല്പന്നങ്ങളല്ലാതെ എന്താണ്? ഇപ്പോഴുള്ള നമ്മുടെ ചര്‍ച്ചയിലെ പ്രധാന കാര്യങ്ങള്‍ ശങ്കരന്‍സാര്‍ ഒന്നെഴുതി ഒപ്പു ചെയ്തു തരണം. അതിന് കാരണം അവിശ്വാസം തന്നെയാണ്. ഈ രാഷ്ട്രീയക്കാരില്‍ എനിക്കത്ര വിശ്വാസമൊന്നുമില്ല.”
ചാരുംമൂടന്‍ അകത്തുപോയി. പേനയും പേപ്പറുമായി പുറത്തുവന്ന് ശങ്കരനെ ഏല്പിച്ചു. അയാള്‍ പറഞ്ഞതെല്ലാം എഴുതി ചാരുംമൂടനെ ഏല്പിച്ചു. മററുള്ളവരും അത് വായിച്ചു.
ചാരുംമൂടന്‍ വീണ്ടുമറിയിച്ചു. “ഇനിയും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ജോസഫിനെ വിളിച്ചാല്‍ മതി. കേരളദേശം സംഘടനയുടെ കണ്‍വീനറാണ്.”
ജോസഫ് തന്‍റെ നമ്പര്‍ അദ്ദേഹത്തിന് കൊടുത്തു.
“അതായത് ഒരു കാര്യംകൂടി പറയാന്‍ ഈ അവസരം വിനിയോഗിക്കയാണ്. ഞങ്ങളുടെ അടുത്ത സ്ഥാനാര്‍ത്ഥി ജോസഫാണ്. എന്തുകൊണ്ടെന്നാല്‍ വ്യവസായരംഗത്ത് ഒരു സ്ഥാപനം നടത്തി ധാരാളം തൊഴിലില്ലാത്ത യുവതീയുവാക്കള്‍ക്ക് ഇപ്പോള്‍ തൊഴില്‍ കൊടുക്കുന്നു. അവര്‍ നിര്‍മ്മിച്ചതാണ് ഈ നാട്ടിലെ പല വീടുകളിലും സ്ഥാപിച്ചിരിക്കുന്ന മലിനീകരണം നിര്‍മ്മാര്‍ജ്ജനയന്ത്രം. അതുപോലെ പല വീട്ടുപകരണയന്ത്രങ്ങളും അവരുണ്ടാക്കാറുണ്ട്. ജോസഫ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍, ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ജോസഫ് ഈ നാട്ടിലെ വ്യവസായമന്ത്രിയായിരിക്കും. ഓരോ മണ്ഡലങ്ങളിലും കേരളദേശം കര്‍മ്മസേനയിലുള്ള പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന അഭ്യസ്ഥവിദ്യരായവരെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. യാതൊരു യോഗ്യതയുമില്ലാത്തവര്‍ നമ്മെ ഭരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഈ ജാതീം മതോം രാഷ്ട്രീയവും പറഞ്ഞ് എത്രനാള്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയും? നമ്മുടെ നാടും ജനങ്ങളും ദുരിതത്തിലാകുന്നതും വളര്‍ച്ച പ്രാപിക്കാത്തതും ഇത്തരത്തിലുള്ളവര്‍ ഭരിക്കുന്നതുകൊണ്ടാണ്. യോഗ്യതകളൊന്നും മന്ത്രിമാര്‍ക്ക് ബാധകമല്ല. മറ്റുള്ള എല്ലാ ജോലികള്‍ക്കും യോഗ്യത നോക്കാറുണ്ടല്ലോ. ഇനി ഒരു കൃഷിമന്ത്രി നല്ലൊരു കൃഷിക്കാരനും പ്രകൃതിയെ സംരക്ഷിക്കുന്നവനുമാകണം. കായിക മന്ത്രിയാകേണ്ടത് കായികരംഗത്തുനിന്നുള്ള കളിക്കാരനാകണം. കലാസാഹിത്യ സാംസ്കാരിക രംഗത്ത് മന്ത്രിയാകേണ്ടത് സാഹിത്യകാരനോ എഴുത്തുകാരനോ ആകണം. അല്ലാതെ ഓരോരോ വേഷങ്ങള്‍ കെട്ടിയാടുന്ന കാശിപ്പിള്ളയെ പോലുള്ളവരാകരുത്. ഇത്രയും പറയാന്‍ കാരണം ഓരോരോ മണ്ഡലങ്ങളില്‍ നിങ്ങളെപ്പോലുള്ളവര്‍ മത്സരാര്‍ത്ഥികളെ നിറുത്തുമ്പോള്‍ അവിടെ ഞങ്ങളുടെ പൊതുപ്രവര്‍ത്തകര്‍ രംഗത്തുണ്ടാകുമെന്നറിയിക്കാനാണ്. ഈ നാടിനാവശ്യം ഒരു പാര്‍ട്ടിയുടെ പദവിയിലിരുന്ന് പൊതുസേവനം നടത്തുന്നവരെയല്ല ജനങ്ങള്‍ക്കൊപ്പം അധ്വാനിക്കുന്നവരെയാണ്. മാത്രവുമല്ല കേരളദേശം കര്‍മ്മസേനയിലുള്ളവരാരും തന്നെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ജനപ്രതിനിധിയോ മന്ത്രിയോ ആയി തുടരുകയില്ല. മറ്റുള്ളവരെപ്പോലെ ഒരു തൊഴിലും ചെയ്യാതെ എല്ലാ ജീവിതസൗകര്യങ്ങളും മരണംവരെ അനുഭവിക്കാന്‍ അവരെ അനുവദിക്കില്ല. ജനസേവനമാണ് മരണം വരെ ചെയ്യാനുള്ളത്. അല്ലാതെ അധികാര കസേരയല്ല.”
എല്ലാം കേട്ട് നിശബ്ദനായിരുന്ന ശങ്കരന്‍റെയുള്ളിലും ഒരു ശങ്ക ഉടലെടുക്കുകയുണ്ടായി. ഇവര്‍ കര്‍മ്മപരിപാടികളുമായി മുന്നോട്ടുപോയാല്‍ തലവേദനയാകും. വളരെ ആഴത്തിലുള്ള ഒരു മാറ്റത്തിന്‍റെ തുടക്കമാണിത്. ഈ ജില്ലയില്‍ കര്‍മ്മസേനയിലുള്ളവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടിരിക്കുന്നത് കാണാതിരിക്കാന്‍ കഴിയില്ല. എല്ലായിടത്തേക്കും അവരത് വ്യാപിപ്പിക്കാനുള്ള ശ്രമമാണ്. ഈ വിജയത്തിലും അവര്‍ ഒരു തരംഗം തന്നെയാണുണ്ടാക്കിയത്. നിശബ്ദമായ പ്രചാരണതന്ത്രം എണ്ണമറ്റ ആള്‍ക്കാരിലാണ് ചലനങ്ങള്‍ സൃഷ്ടിച്ചത്. മതരാഷ്ട്രീയക്കാര്‍ വെറും കാഴ്ചക്കാരായി മാറിയ തെരെഞ്ഞെടുപ്പായിരുന്നു. മുറിക്കുള്ളില്‍ ഇളംചൂട് അനുഭവപ്പെട്ടു. കരുണ്‍ എഴുന്നേറ്റ് ഫാനിട്ടു. ശങ്കരന്‍ പോകാനായി എഴുന്നേറ്റു. പുറത്തേക്ക് ഇറങ്ങി. എല്ലാവരോടും നന്ദി അറിയിച്ചു.
കാറില്‍ കയറുന്നതിനു മുമ്പായി ചാരുംമൂടന്‍ പറഞ്ഞു. “കടലാക്രമണം, കാലവര്‍ഷം ശക്തമാണ്. പാവങ്ങളുടെ പല വീടുകളും നഷ്ടപ്പെട്ടു. ആള്‍ക്കാര്‍ പ്രളയഭയംകൊണ്ട് ജീവനെ ഭയന്ന് കഴിഞ്ഞുകൂടുന്നു. മന്ത്രിമാര്‍ക്കും മറ്റ് ഉന്നതന്മാര്‍ക്കും എല്ലാസംരക്ഷണവും സുരക്ഷയും ലഭിക്കുമ്പോള്‍ ഈ പാവങ്ങളുടെ സുരക്ഷയ്ക്ക് ആരാണുള്ളത്. ഇതൊന്ന് നിങ്ങടെ പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ചാല്‍ ഉപകാരം.”
ശങ്കരന് കാറില്‍ കയറിയപ്പോഴാണ് ശ്വാസം നേരെ വീണത്. അയാള്‍ കാറോടിച്ചുപോയി.
കരുണ്‍ സംശയത്തോടെ ചോദിച്ചു, “സാറെ ഇവര്‍ക്ക് ഇത്രയും പണം എവിടുന്നാണ് കിട്ടുന്നത്?”
ഇത്ര വലിയൊരു തുക കാണുക അത് വാങ്ങുക അതൊക്കെ അവരില്‍ ആശ്ചര്യം ജനിപ്പിച്ചു.
ചാരുംമൂടന്‍ ഉടന്‍ പറഞ്ഞു, “ഈ തുകയെല്ലാം അവരും പലരില്‍ നിന്ന് കൈക്കലാക്കിയതാണ്. അധികാരത്തിന്‍റെ താക്കോല്‍ അവരുടെ കൈവശമായതിനാല്‍ ആ മുറിയില്‍ ഇതുപോലെ ധാരാളം കോടികളുണ്ടാകും. ജനാധിപത്യത്തിന്‍റെ മറവിലെ ഓരോരോ ഇടപാടുകാര്‍. പഞ്ചനക്ഷത്രഹോട്ടലുകളും മദ്യവും മദിരാക്ഷിയും അവര്‍ക്ക് സ്വന്തം. ഇവിടുത്തെ ബഹുഭൂരിപക്ഷം ആളുകളും വെറും ദാസ്യവൃത്തി ചെയ്യുന്നവര്‍. അധികാരത്തിലിരുന്ന് എന്തുമാകാമെന്നുള്ള അഹങ്കാരമാണ്. ആരെയും ഭയമില്ല. അതിനാല്‍ സമൂഹത്തില്‍ മദ്യരാജാക്കന്മാര്‍ കുറ്റവാളികള്‍ പെരുകുന്നു. ഇപ്പോള്‍ വന്നുപോയ ദല്ലാളിന്‍റെ സ്കൂളില്‍ നടക്കുന്നത് എന്താണ്? വിദ്യാഭ്യാസത്തിന്‍റെ പേരില്‍ കള്ളക്കച്ചവടമല്ലേ? സ്കൂളിലെ അദ്ധ്യാപകരില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം വരെയാണ് കോഴയായി വാങ്ങുന്നത്. അധ്യാപകര്‍ കൂടുതലാണ് എന്നു പറഞ്ഞ് പലരെയും പിരിച്ചു വിടുന്നു. അയാളുടെ ഇഷ്ടത്തിന് സ്ത്രീകളെ എടുക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള സ്കൂളുകളെ കയറൂരി വിട്ടിരിക്കയാണ്. ഓരോരുത്തര്‍ ഓരോരോ രംഗങ്ങളില്‍ നമ്മുടെ തോളിലിരുന്ന് ചെവി തിന്നുന്നത് നമ്മള്‍ കാണുന്നില്ല. കണ്ടിട്ടും കാണാതെ മാന്യന്മാരായി നടക്കുന്നു. നമ്മള്‍ എത്ര വോട്ടു കൊടുത്തു ജയിപ്പിച്ചാലും കാഞ്ഞിരം തേനൊഴിച്ച് വളര്‍ത്തിയാലും മധുരിക്കുമോ?”
അത് കേട്ട് അവര്‍ പുഞ്ചിരിച്ചു.
“ഇനിയും എല്ലാ കാര്യങ്ങളും കര്‍മ്മസേനയിലുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്ക്.”
അവര്‍ സമ്മതം മൂളിയിട്ട് മോട്ടോര്‍ സൈക്കിളില്‍ യാത്ര തിരിച്ചു.
മോട്ടോര്‍ സൈക്കിളിലിരുന്ന കരുണ്‍ ചിന്തിച്ചത് ചാരുംമൂടനെപ്പറ്റിയാണ്. ഇന്നുവരെ അദ്ദേഹമൊന്ന് ചിരിച്ചു കണ്ടിട്ടില്ല. എപ്പോഴും ചുട്ടുപഴുത്തു കിടക്കുന്ന ആ മനസ്. അത് അക്ഷരങ്ങളിലൂടെ അഗ്നിയായി ആളിക്കത്തുകയാണ്. അതുകൊണ്ടായിരിക്കും ചിരി പ്രതിഫലിക്കാത്തതും. ബുദ്ധിജീവികള്‍ ഒരുപക്ഷേ, ഇങ്ങനെയായിരിക്കും. ചിരിയുടെ രഹസ്യം ആര്‍ക്കുമറിയില്ല. ചാനലുകളില്‍ കാണുന്ന ഉപരിതല ചിരി വെറും നിമിഷങ്ങള്‍ക്കുള്ളില്‍ ജനിക്കുന്നു ഒപ്പം മരിക്കുന്നു. അതിനെന്തു പ്രസക്തിയാണുള്ളത്.
മനസ് എങ്ങോ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് കരുണിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ ശബ്ദിച്ചത്. എതിര്‍പക്ഷത്തുള്ള പാര്‍ട്ടിക്കാരില്‍ ഒരാളുമായിട്ടാണ് സംസാരിച്ചത്.
പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കരുണിനെപ്പോലെയുള്ളവര്‍ ആവശ്യമെന്ന് കേട്ടപ്പോള്‍ അവന്‍ മറുപടി പറഞ്ഞു.
“ഒരാഴ്ച കഴിഞ്ഞ് മാത്രമേ ഞാന്‍ ഏത് പാര്‍ട്ടിക്കു പിന്തുണ നല്‍കൂ എന്നു പറയാന്‍ പറ്റുകയുള്ളൂ. തല്‍ക്കാലം ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. വിളിച്ചതിന് നന്ദി.”
ജോസഫ് കാര്യമന്വേഷിച്ചു. അവനും കരുണിനോട് യോജിച്ചു. ആദ്യം വന്നവരുടെ സമീപനം കണ്ടിട്ട് അവരോട് പറയാം. അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ മണ്ണ് കടത്തിക്കൊണ്ടുപോകുന്ന ഒരു ലോറി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ലോറിയുടെ പിറകില്‍ സഞ്ചരിച്ചിരുന്ന ജോസഫും കരുണും ഈ ലോറി തടയണമെന്ന് പറഞ്ഞ് മുന്നോട്ട് ഓടിച്ചുപോയി ലോറിക്ക് കുറുകെ ബൈക്ക് നിര്‍ത്തി. പാഞ്ഞുവന്ന ലോറി നിര്‍ത്താന്‍ കൈ കാണിച്ചു. തെല്ല് അമ്പരപ്പോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കര്‍മ്മസേനയിലെ അംഗങ്ങളെന്ന് മനസ്സിലാക്കി ഡ്രൈവര്‍ ലോറിയില്‍ നിന്ന് പുറത്തിറങ്ങി.
“ഈ മണ്ണ് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടോ?”
ഡ്രൈവറുടെ അമ്പരപ്പ് കണ്ടപ്പോള്‍തന്നെ അവര്‍ക്ക് കാര്യം പിടികിട്ടി. അനധികൃതമായിട്ടാണ് കുന്നുകള്‍ നികത്തി മണ്ണ് കടത്തുന്നത്. ലോറിയുടെ പിറകിലേക്ക് മാറിയ ജോസഫ് പോലീസ്സിലും പത്രക്കാരോടും വിവരമറിയിച്ചു. റോഡിലൂടെ നടന്നവര്‍ അടുത്തു ചെന്നു. ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നാട്ടിലെ ചില പ്രമുഖരാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് മനസ്സിലായി. പോലീസും പത്രക്കാരും പാഞ്ഞെത്തി. ഫോട്ടോകള്‍ മിന്നി മറഞ്ഞു. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യാജരേഖവച്ചുള്ള മണ്ണുകടത്തലെന്നു മനസ്സിലായി. ലോറി സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു.
കര്‍മ്മസേന ഇടപെട്ട വിഷയമാതിനാല്‍ പോലീസുകാര്‍ക്കും ഉള്ളില്‍ ഭയമുണ്ട്. തെരെഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഒരു തഹസീല്‍ദാറെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യിപ്പിച്ചത്. അവരുടെ കേസ്സുകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ എല്ലാ ആഴ്ചയിലും കര്‍മസേനയിലുള്ള വിമുക്തഭടന്മാര്‍ പോലീസ് സ്റ്റേഷനില്‍ വന്നുപോകാറുണ്ട്. പോലീസുകാരില്‍ പലര്‍ക്കും ഈ ജില്ലയില്‍ നിന്ന് സ്ഥലംമാറി പോകാനാണ് താല്പര്യം. പലരും അപേക്ഷ കൊടുത്തിട്ട് കാത്തിരിക്കയാണ്.
ദിവസങ്ങള്‍ കഴിഞ്ഞതോടെ ചാരുംമൂടന്‍ ആവശ്യപ്പെട്ട തുക ലഭിച്ചു. പുതിയ മന്ത്രിസഭയ്ക്ക് അന്തിമതീരുമാനമായി. എതിര്‍പാര്‍ട്ടിയിലുള്ളവര്‍ ചാരുംമൂടനെ വിമര്‍ശിച്ചു. രാജ്യത്തേ കൊള്ളയടിക്കുന്നവര്‍ക്ക് കൂട്ടുനിന്നു എന്നായിരുന്നു ആരോപണം.
ചാരുംമൂടന്‍ അതിനു നല്‍കിയ മറുപടി അപ്പോള്‍ പലര്‍ക്കും വ്യക്തമായില്ല.
“ഇന്ന് നടക്കുന്നത് ഒരു നാടകമാണ്. ഞാന്‍ അതില്‍ അഭിനയിക്കുന്നുവെന്നു മാത്രം. രാഷ്ട്രീയതാല്പര്യങ്ങളെക്കാള്‍ ജനസേവനമാണ് ലക്ഷ്യം.”
സത്യപ്രതിജ്ഞാദിനവും വന്നു. മനോഹരമായ വേദിയില്‍ ഗവര്‍ണ്ണര്‍ ആഗതനായിരുന്നു. കരുണും മറ്റ് പ്രിയപ്പെട്ടവരും സദസിലെത്തി. സാരിയുടുത്തുവന്ന കിരണില്‍ അതുല്യമായ സൗന്ദര്യം കണ്ടു. ആകര്‍ഷമായ ഹാളിനുള്ളില്‍ ഏറ്റവും തിളങ്ങി നിന്നത് അവള്‍ തന്നെയാണ്. കരുണ്‍ അവളില്‍ കൂടുതല്‍ ആകൃഷ്ടനായി. ആദ്യമായിട്ടാണ് കിരണ്‍ സാരിയണിഞ്ഞ് കാണുന്നത്. അവളെ ഒന്നഭിനന്ദിക്കണമെന്ന് തോന്നി. സാരിയുടുക്കുന്നതാണ് കിരണിന് കൂടുതല്‍ ചേര്‍ച്ചയെന്ന് അവന്‍ തുറന്നു പറഞ്ഞു.
അവനില്‍നിന്ന് അതു കേട്ടപ്പോള്‍ അവള്‍ പുഞ്ചിരിക്കയും കണ്ണുകള്‍ തിളങ്ങുകയും ചെയ്തു. മനസ്സിന് ഒരു കുളിര്‍മ തോന്നി. കണ്ണുകളുയര്‍ത്തി നിര്‍ന്നിമേഷയായി നിമിഷങ്ങള്‍ നോക്കി. കവിള്‍ത്തടങ്ങള്‍ ചുവന്നുതുടുത്തു. ആദ്യമായിട്ടാണ് എന്നെ പുകഴ്ത്തുന്നത്. അവന്‍റെ മനസ്സിലുള്ളത് എന്‍റെ മനസ്സാണോ, പ്രണയമാണോ അനുരാഗമാണോ ഒന്നുമറിയില്ല. പ്രണയത്തിന് ഞാനൊരു പ്രായപരിധി നിശ്ചയിച്ചിട്ടില്ല. മരണം വരെ ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസം. പ്രണയത്തിന് പ്രായത്തെ കാണാന്‍ കഴിയില്ല. എന്തായാലും അങ്ങനെയെങ്കിലും അവനൊന്നു മനസ് തുറന്നതില്‍ മനസ് കുതിതുള്ളുകയായിരുന്നു.
ഒന്ന് മന്ദഹസ്സിച്ചിട്ട് നന്ദി പറഞ്ഞു. കാമുകന്‍ കാമുകിയോട് പറയുന്ന പ്രണയവാക്കുകള്‍, പുകഴ്ത്തല്‍ പൂക്കളുടെ സൗരഭ്യമാണെന്ന് മനസ്സിന് നല്കുന്നത്. ആ വാക്കുകല്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അന്ധകാരത്തിന്‍റെ നിഴല്‍ പരത്തിയാല്‍ പ്രണയിക്കുന്ന ഒരു പെണ്ണിനും അത് താങ്ങാനാകില്ല. ജീവിതം ആലസ്യമാര്‍ന്ന മഴ മേഘങ്ങളായി പെയ്തിറങ്ങാനാകാതെ വിങ്ങുന്ന ആകാശവും അന്ധകാരം മൂടിയ അന്തരീക്ഷവുമായി മാറും. ഞാനവനെ പ്രണയിക്കുന്നുണ്ടെന്ന് അവനറിയാം. അത് തിരികെ ലഭിക്കാത്തത് എന്‍റെ കുറ്റമല്ല. ഒരു സത്യം ഞാന്‍ തിരിച്ചറിയുന്നുണ്ട്.
ജോലിയില്‍ മുഴുകിയതിന് ശേഷം പഴയതുപോലുള്ള സ്വപ്നങ്ങള്‍ ഇപ്പോള്‍ കാണാറില്ല. പ്രണയത്തിന്‍റെ പൂമണം മനസ്സില്‍ പരക്കാറുമില്ല. അതിനിയും സംഭവിക്കേണ്ടത് പൂമെത്തയിലാണ്. അത് മുമ്പുതന്നെ മനസ്സില്‍ കൊത്തിവച്ചതാണ്. ഓരോദിനവും കഴിഞ്ഞു പോകുന്നത് അതിനുവേണ്ടി.
ചിന്തയ്ക്ക് വിരാമമിട്ടുകൊണ്ട് ഗവര്‍ണ്ണര്‍ കൈകൂപ്പി അഭിവാദ്യമര്‍പ്പിച്ചുകൊണ്ടു വന്നിരുന്നു. ഹാളിനുള്ളില്‍ ഭരണപ്രതിപക്ഷത്ത് നിന്നുള്ളവരെല്ലാം സന്നിഹിതരായിരുന്നു. സംസ്ഥാനത്തിന്‍റെ ഭരണാധിപനായ ഗവര്‍ണ്ണന്‍ വര്‍ണ്ണോജ്ജ്വലമായ വേദിയില്‍ ഒരു രാജാവിനെപ്പോലെയിരുന്നു.
കണ്ണിന് നല്ല കാഴ്ചയില്ല. രാജകൊട്ടാരത്തില്‍ തിങ്ങി നിറഞ്ഞിരിക്കുന്നവരിലേക്ക് ചാരുംമൂടന്‍ നോക്കി. നാട്ടിലെ രാജകുമാരന്‍മാര്‍ക്ക് അഭിഷേകം നടക്കുന്ന ചടങ്ങല്ലേ? എല്ലാ തിളക്കവും ശോഭയും നിറഞ്ഞു നില്ക്കുന്നുണ്ട്. ചാരുംമൂടന്‍റെ ദൃഷ്ടികള്‍ ഗവര്‍ണ്ണറില്‍ പതിഞ്ഞു. ഒരു വടിയൂന്നിയാണ് പരിവാരങ്ങള്‍ക്കൊപ്പം വേദിയിലേക്ക് വന്നത്. ഇന്ത്യന്‍ ജനാധിപത്യം കണ്ടെത്തിയ സംസ്ഥാന കൊട്ടാരത്തലവന്‍. പുറത്തു നടക്കുന്ന ദുഃഖദുരിതങ്ങളൊന്നും ഈ അന്തഃപുരനായകന്‍ അറിയാറില്ല. മരണംവരെ ജീവിക്കാന്‍ പാര്‍ട്ടി കൊടുക്കുന്ന ഒരു സുഖവാസകേന്ദ്രം. ഗവര്‍ണര്‍ പദവി.
ഇവിടെയും നീതിനിക്ഷേധവും നിക്ഷിപ്തതാല്‍പര്യവുമാണ് നടക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. ധാരാളം യോഗ്യതയുള്ളവര്‍ ജീവിതത്തിന്‍റെ നാനാതുറകളിലുണ്ട്. അവര്‍ക്കൊന്നും ഈ പദവി ലഭിക്കാറില്ല. സമൂഹത്തിന്‍റെ നന്മയ്ക്കായി, രക്ഷയ്ക്കായി ഒന്നും ചെയ്യാത്തവര്‍ കൊള്ളപ്പണമിറക്കി വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെയും ജാതിയുടെ പേരിലും തെരെഞ്ഞെടുപ്പില്‍ ജയിച്ചു വരുന്നവര്‍ക്ക് ഇന്ത്യയുടെ പ്രസിഡന്‍റ് പദവി വരെ അലങ്കരിക്കാം. എത്ര ദയനീയമായ ഒരു കാഴ്ച. തെരെഞ്ഞെടുപ്പില്‍ തോറ്റവരും രാഷ്ട്രീയ പാര്‍ട്ടിക്ക് സ്തുതി പാടിയവരും കുറ്റവാളികളും ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നു. ഇവരുടെ തണലില്‍ ധാരാളം കുറ്റവാളികള്‍ ജന്മമെടുക്കുന്നു. ഇവിടെയും നിഗൂഢമായ തന്ത്രങ്ങളാണ് നടക്കുന്നത്.
എന്തുകൊണ്ടാണ് ഇത്തരമൊരു പദവി രാഷ്ട്രീയക്കാര്‍ക്ക് മാത്രം നല്കപ്പെടുന്നത്. അധികാരമുപയോഗിച്ച് അയോഗ്യരായവരെ ജനാധിപത്യത്തിന്‍റെ മറവില്‍ ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുകയല്ലേ ചെയ്യുന്നത്. ഇവിടെയും ജനങ്ങള്‍ വെറും നോക്കുകുത്തികളായി മാറുന്നു. ഈ ഗവര്‍ണ്ണറുടെ കൊട്ടാരത്തിലിരുന്ന് നിത്യവും നികുതി പണം കൈപറ്റി എന്തു കണ്ടുപിടുത്തമാണ് ഇദ്ദേഹം നടത്തുന്നത്. ശാസ്ത്ര-സാഹിത്യ-സാംസ്കാരികരംഗത്തുനിന്നുള്ളവര്‍ നിയമപാലകര്‍ കര്‍ത്തവ്യബോധമുള്ള വിദ്യാസമ്പന്നര്‍ ഇവരെയൊന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പദവിയിലേക്ക് പരിഗണിക്കാറില്ല.
ഇവിടെയും കുത്തകമുതലാളിമാരെപ്പോലുള്ള സമീപനമാണ് നടക്കുന്നത്. സ്വന്തം പാര്‍ട്ടിയിലുള്ളവന്‍ സംസ്ഥാനത്തിന്‍റെ തലവനായാല്‍ അധികാരമുപയോഗിച്ച് എന്തുമാകാം എന്നുള്ള ചിന്ത. ഒരു ഗവര്‍ണ്ണര്‍ക്കുള്ള യോഗ്യത എന്താണ്? മറ്റൊരു സംസ്ഥാനച്ച് നിന്നുള്ളവര്‍ എന്തിന് സ്വന്തം നാടിനെ ഭരിക്കണം. തെരെഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ജയിക്കുകയും ചെയ്യുന്നവരെ ഗവര്‍ണ്ണറായി നിയമിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണോ അധികാരമെന്നത് ചോദ്യം ചെയ്യേണ്ടതല്ലേ? ഇങ്ങനെയൊരു റബര്‍സ്റ്റാമ്പ് പദവിയുടെ ആവശ്യമെന്താണ്?
ഗവര്‍ണ്ണര്‍ ജനങ്ങളെ അഭിസംബോധന ചെയ്യാനായി വടിയും കുത്തിപ്പിടിച്ച് എഴുന്നേറ്റു. ഇംഗ്ലീഷില്‍ എഴുതിയത് വായിച്ചത് കണ്ട് ചാരുംമൂടന് ആശ്ചര്യം തോന്നി. സംസ്ഥാനത്തിന്‍റെ പ്രഥമപൗരന് സ്വന്തം ഭാഷപോലുമറിയാതെ എങ്ങുനിന്നോ ഇറക്കുമതി ചെയ്തിരിക്കയാണ്. പരമ്പരാഗത പാരമ്പര്യം തുടരുന്നു. കണ്ണില്‍ കണ്ടത് കക്ഷത്താക്കുന്ന ഭരണയന്ത്രങ്ങള്‍. അടിമകള്‍ അനുസരിച്ചാല്‍ മതിയെന്ന മനോഭാവമാണ് ഈ കൂട്ടര്‍ക്ക്. പ്രതിപക്ഷപാര്‍ട്ടികള്‍ പോലും ഇതിനെ ചോദ്യം ചെയ്യുന്നില്ല. കാരണം ഭരണത്തിലെത്തുന്ന നാള്‍ അവരും ഇതുതന്നെയാണ് തുടരുന്നത്. ഒരു തൊഴിലും ചെയ്യാതെ വായ്പ്രയോഗങ്ങള്‍ നടത്തുന്നവര്‍ ദേശസ്നേഹികളോ ദേശദ്രോഹികളോ? അരോഗ്യകരവും സൃഷ്ടിപരവുമായ ഒരു മാറ്റത്തിനും അവര്‍ ശ്രമിക്കയില്ല.
സ്വന്തം പാര്‍ട്ടിയുടെ അംഗബലത്തില്‍ അവര്‍ ജീവിതം ആസ്വദിച്ച് മരിക്കുന്നു. അതിനുള്ള ഏക തെളിവാണ് ഈ ഗവര്‍ണ്ണര്‍. സ്വന്തം വീട്ടില്‍ ഈശ്വരനാമം ജപിച്ച് വിശ്രമജീവിതം നയിക്കേണ്ട വയോവൃദ്ധന്‍ വടിയുമൂന്നി എന്തിനാണ് വടക്കേ ഇന്ത്യയില്‍ നിന്ന് ഇങ്ങോട്ടുവന്നത്? ഇദ്ദേഹത്തിന്‍റെ ഹൃദയം ഏതുനിമിഷവും നിശ്ചലമാകുന്ന അവസ്ഥയാണ്. മരണപ്പെട്ടാല്‍ എല്ലാ ബഹുമതികളും കൊടുത്ത് അടക്കം ചെയ്യും. ജനകോടികള്‍ സംസ്ഥാനത്തുനിന്നും ഊര്‍ജ്ജസ്വലതയും കര്‍മ്മനിരതനുമായ ഒരാള്‍ ഈ പദവിയിലെത്താന്‍ എത്രനാള്‍ കാത്തിരിക്കണം. വാര്‍ദ്ധക്യം പ്രാപിച്ച ജനാധിപത്യംപോലെ ഓരോ സംസ്ഥാനത്തിനും ഓരോരോ വാര്‍ദ്ധക്യം ബാധിച്ച ഗവര്‍ണര്‍മാര്‍.
ഓരോരുത്തരെ സത്യപ്രതിജ്ഞയ്ക്കുവേണ്ടി വേദിയിലേക്ക് ക്ഷണിച്ചു. ഗവര്‍ണര്‍ ചൊല്ലിക്കൊടുക്കുന്ന വാക്കുകള്‍ പല കേസുകളില്‍ പ്രതികളും ആരുമറിയാതെ അഴിമതി നടത്തിയവും സ്ത്രീകളെ പീഡനത്തിനിരയാക്കിയവനും യാതൊരു പശ്ചാത്താപവുമില്ലാതെ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്ത് മടങ്ങുന്നു. എല്ലാവരിലും ഹര്‍ഷോന്മാദം. ആനന്ദത്തിന്‍റെ അശ്രുപൂക്കള്‍. ഹാളിലിരുന്ന പ്രതിപക്ഷവും ഭരണപക്ഷവും കീരിയും പാമ്പുംപോലെ സ്നേഹിച്ചു കയ്യടിച്ചു.
സത്യപ്രതിജ്ഞ ചെയ്തവരുടെ ഉള്ളില്‍ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഭരണത്തിന്‍റെ താക്കോല്‍ കിട്ടിക്കഴിഞ്ഞു. ഇനിയും ശ്രദ്ധിക്കാനുള്ളത് എങ്ങിനെ പണമുണ്ടാക്കാം എന്നതാണ്. എങ്ങനെ ഭാവിതലമുറയെ സമൃദ്ധിയില്‍ എത്തിക്കാന്‍ കഴിയും എന്നതാണ്. അധികാരം എങ്ങിനെയും ഉല്പാദിപ്പിക്കുന്ന ഒരു സംവിധാനമായി മാറിയിരിക്കുന്നു. പരിശീലനകേന്ദ്രമായി മാറിയിരിക്കുന്നു. ആരും ഇതൊന്നും ഗൗരവമായി മനസ്സിലാക്കുന്നില്ലെന്ന് ചാരുംമൂടന്‍ മനസ്സിലാക്കി.
അടുത്തതായി എത്തിയത് കാശിപ്പിള്ളയായിരുന്നു. മതത്തിന്‍റെ പേരില്‍ മനുഷ്യനെ പങ്കുവച്ച് വോട്ടു പെട്ടി നിറയ്ക്കുന്നവന്‍. ചാനലുകാര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഇഷ്ടപ്പെട്ട വഷളന്‍. വനംവകുപ്പിലിരുന്നുകൊണ്ട് സര്‍ക്കാര്‍ റസ്റ്റ് ഹൗസുകള്‍ വേശ്യാലയമാക്കിത്തീര്‍ത്തവന്‍, നൂറു കണക്കിന് സ്ത്രീകളുടെ ജീവിതം മാനസിക സംഘര്‍ഷത്തിലാക്കിയവന്‍. ജീവിതമെന്നും അധികാരത്തിലൂടെ ആസ്വദിക്കുന്ന ജനനായകന്‍. അയാള്‍ സത്യപ്രതിജ്ഞയെടുത്തപ്പോള്‍ ചാരുംമൂടനെപോലെ പലരുടെയുള്ളിലും ഉത്കണ്ഠയുണ്ടായി. ഇത്തരക്കാരെ മന്ത്രിസഭയില്‍ എടുക്കുന്ന മുഖ്യമന്ത്രിയെ ഉള്ളാലെ വെറുക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് രക്ഷപെടണമെന്നുണ്ടെങ്കില്‍ കാശിപിള്ളയെ രക്ഷിച്ചേ പറ്റൂ. കാരണം നാട്ടിലെ എല്ലാം മതമേധാവികളുടെ ആശ്രിതവത്സലനും പ്രിയപ്പെട്ടവനുമാണ് കാശിപ്പിള്ള.
വനാന്തരത്തിലെ ഇരുട്ടിനുള്ളില്‍ മതമേധാവികളും ഇടയ്ക്കിടെ പോകാറുണ്ട്. അതുപോലെ പലര്‍ക്കും വനമേഖലയും അവിടുത്തെ റിസോര്‍ട്ടുകളും സുരക്ഷിതമേഖലകളാണ്. ആ കൂട്ടത്തില്‍ പാറകളെ തഴുകിയൊഴുകുന്ന വെള്ളച്ചാട്ടവും കാണാം. അവിടെ നടക്കുന്നതൊന്നും പുറംലോകമറിയില്ല. എത്രയോ കേസുകള്‍ കാശിപ്പിള്ളയെപ്പോലുള്ളവര്‍ അട്ടിമറിച്ചു. ആദ്യം സംഭവങ്ങളെക്കുറിച്ചന്വേഷിക്കുന്ന പോലീസും ചാനലുകാരും ഓരോരോ മൂലകളില്‍ ചുരുങ്ങിപ്പോകുന്നതാണ് കണ്ടിട്ടുള്ളത്. കള്ളപ്പണം കൊടുത്ത് വാദിയെ സ്വാധീനിക്കുന്നു. വാദിയും പ്രതിയും ഒരു ധാരണയിലെത്തി കേസ് രമ്യതയില്‍ തീര്‍ക്കുന്നു. നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഒരു കാലത്തും തെളിയിക്കപ്പെടുന്നില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക ദുര്‍ലഭം. വളരെ നിശബ്ദമായിട്ടാണ് കേസുകള്‍ മുന്നോട്ടു പോകുന്നത്. ഭരണത്തില്‍ വ്യക്തിപ്രഭാവവും കാര്യക്ഷമതയുമുള്ള ജനസേവകര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. വന്‍കുറ്റവാളികള്‍ രക്ഷപെടുന്നു. പാവങ്ങള്‍ നിസ്സാരകാര്യത്തിന് ജയിലില്‍ അകപ്പെടുന്നു. ചൂഷണം ചെയ്യപ്പെടുന്നവരും ഭീതിയുടെ നിഴലില്‍ ഭയപ്പെട്ടു കഴിയുന്നവരുമാണ് ഇവിടെയുള്ളത്. അവര്‍ക്ക് രക്ഷകരായി വരേണ്ടത് കരുണിനെപ്പോലെയുള്ളവരാണ്.
അവസാനമായി കരുണിന്‍റെ പേരാണ് ഹാളില്‍ മുഴങ്ങിക്കേട്ടത്. കസേരയില്‍ നിന്നെഴുന്നേറ്റ് ചാരുംമൂടന്‍റെയും ബിന്ദുവിന്‍റെയും ഓമനയുടെയും കാല്‍തൊട്ടു വന്ദിച്ച് സൗമ്യനായി സ്റ്റേജിലേക്ക് നടന്നു. കിരണിന്‍റെ പുരികക്കൊടികളുയര്‍ന്നു. സ്റ്റേജിലെത്തി തലകുനിച്ച് എല്ലാവരെയും വന്ദിച്ചു. കിരണിന്‍റെ അരുണിമ പുരണ്ട മിഴികള്‍ അവനില്‍ നിറഞ്ഞുനിന്നു. സ്റ്റേജിലെ പ്രകാശകിരണങ്ങള്‍ അവനെ കൂടുതല്‍ സുന്ദരനാക്കി. പ്രിയപ്പെട്ടവരുടെ മനസ് ആനന്ദാതിരേകത്താല്‍ നിറഞ്ഞു തുളുമ്പി. എല്ലാവരുടേയും കണ്ണുകള്‍ അവനിലായിരുന്നു. കാലത്തിന്‍റെ പുതിയ മുഖം. തെരെഞ്ഞെടുപ്പിലാദ്യമായി സമ്പന്നനായ ഒരു രാഷ്ട്രീയവ്യവസായിയെ ദരിദ്രനായ ഒരാള്‍ പരാജയപ്പെടുത്തിയ അനുഭവം.
മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരില്‍ നല്ലൊരു വിഭാഗമാളുകളും കുറ്റവാളികളാണ്. അവരുടെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മരവിപ്പും കുറ്റബോധവുമുണ്ടാകും. ഇതില്‍ പലരും പൂഴ്ത്തിവെക്കുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കന്മാര്‍ പൊതുയോഗങ്ങളിലും ഉത്ഘാടനച്ചടങ്ങുകളില്‍ നാടുനീളെ പ്രസ്താവനയിറക്കിയും പ്രസംഗിച്ചും നടക്കുമ്പോള്‍ പാടത്തും പറമ്പത്തും വിയര്‍പ്പൊഴുക്കി നാട്ടുകാരുടെ ദൈനംദിന വിഷയങ്ങളില്‍ പങ്കെടുത്ത് അവര്‍ക്കൊപ്പം ജീവിക്കുന്നവനാണ് കരുണ്‍. പുറംലോകമോ മാധ്യമങങളോ അതൊന്നും കണ്ടില്ല. വേദനിക്കുന്ന മനുഷ്യന്‍റെ ശബ്ദത്തിന് ചെവി കൊടുക്കുന്നവനാണ് കരുണ്‍. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പോരാടിയവനാണ്. കര്‍മസേനയുടെ നേത്യത്വത്തില്‍ റോഡുകള്‍ ആശുപത്രി പരിസരങ്ങള്‍ പുഴയോരങ്ങള്‍ തോടുകള്‍ അങ്ങനെ പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സുകളില്‍ ഇടംപിടിച്ചവന്‍. പ്രകൃതിയോടും കൃഷിയോടും നീതി പുലര്‍ത്തിയവന്‍. ഇവരെപ്പോലുള്ളവരാണ് ജനപ്രതിനിധികളായി വരേണ്ടതെന്ന് പലര്‍ക്കും തോന്നിയെങ്കിലും മന്ത്രി കുഞ്ഞാലി മുഹമ്മദിന് അതുള്‍ക്കൊള്ളാന്‍ മനസ്സില്ലായിരുന്നു.
സത്യപ്രതിജ്ഞയെടുത്ത കുഞ്ഞാലിമുഹമ്മദ് കരുണിന് അടിമുടിയൊന്നുനോക്കി. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ഒരു അടവായിട്ടാണ് കരുണിനെ കണ്ടത്. ഞങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടാണ് ഓരോരോ പദവികളില്‍ എത്തിയിട്ടുള്ളത്. അവന്‍റെ പ്രവര്‍ത്തനരീതി അംഗീകരിച്ചാല്‍ അഴുക്ക് പുരളാത്ത ഈ വസ്ത്രങ്ങള്‍ അഴുക്ക് പുരളില്ലേ? വിശിഷ്ടവ്യക്തിയായി ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ പറ്റുമോ? കാലം സാങ്കേതികമായി വളര്‍ന്നപ്പോള്‍ ജയിച്ച മണ്ഡലത്തില്‍ നിത്യവും കാറിലിറങ്ങേണ്ടതല്ല. എപ്പോഴും തിരക്കല്ലേ. ജനപ്രതിനിധിയുടെ സാന്നിദ്ധ്യം മാധ്യമങ്ങളിലൂടെ അവര്‍ കാണില്ലേ. രാഷ്ട്രീയജീവിതവും സിനിമ പോലെ കൊണ്ടുപോകാനേ കഴിയൂ. അതാണ് കാലത്തിന്‍റെ മാറ്റം. അവര്‍ക്ക് കണ്ട് രസിക്കാനാണ് ഇഷ്ടം.
ദരിദ്രനായ ഒരുത്തന്‍ വോട്ടു തരുമ്പോള്‍ അതിന് മാന്യമായ പ്രതിഫലം കൊടുക്കണമെങ്കില്‍ മദ്യരാജാവോ സമ്പന്നന്മാരോ കനിയണം. അവിടെ സുന്ദരിക്കുട്ടികളോ മോഡലുകളോ നടികളോ കടന്നുവരും. അവരെയും സമൂഹം ആദരിക്കുന്നുണ്ട്. അവരുടെ വിലകൂടിയ അടിവസ്ത്രങ്ങള്‍ അഴിഞ്ഞുമാറുമ്പോള്‍ അവള്‍ക്ക് പ്രതിഫലം കൊടുക്കണ്ടായോ? ഇതൊക്കെ കണ്ടെത്താന്‍ വെറുതെ എന്തിനാണ് മറ്റുള്ളവര്‍ ബുദ്ധിമുട്ടുന്നത്. എന്തിനാണ് ഒളിച്ചു നോക്കുന്നത്. അതാണ് കുഞ്ഞാലി ഇപ്പോഴും മനസ്സിലാകാത്തത്. ഇതൊക്കെ പൊതുപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടേ കണ്ടിട്ടുള്ളൂ. അതൊക്കെ ചില ചാനലുകാര്‍ പൊക്കിക്കൊണ്ടുവരുന്നത്. ആള്‍ക്കാരെ ആകര്‍ഷിക്കാനല്ലാതെ മറ്റെന്താണ്?
എത്രയോ അഴിമതി, പെണ്‍വാണിഭം എന്തെല്ലാം ഈ ശത്രുപക്ഷത്തുള്ളവര്‍ പൊക്കിക്കൊണ്ടുവന്നു. ഇതില്‍ എത്രയെണ്ണം അന്വേഷിച്ചു. ആരെയെങ്കിലും ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? തേക്കുതടിക്കും തെമ്മാടിക്കും എവിടെ കിടന്നാലും ഒരു കോട്ടവുമില്ല. ഉണ്ടോ. ജനസേവകരെപ്പറ്റി ഇങ്ങനെ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ നിയമസഭയില്‍ എത്ര പുണ്യവാളന്മാരുണ്ട്. ഈ കാര്യത്തില്‍ നിയമസഭയുടെ ഗുരുക്കന്മാര്‍ കേന്ദ്രത്തിലെ രാജ്യസഭയും ലോകസഭയുമില്ലേ? ഇന്നത്തെ ദൃശ്യസംസ്കാരം വളര്‍ന്നതുകൊണ്ടാണ് മുമ്പൊരിക്കലും സംഭവിക്കാത്തവിധം ഇതൊക്കെ പുറംലോകമറിയുന്നത്. ചാനലുകള്‍ തുറന്നാല്‍ ജനപ്രതിനിധികള്‍ കിടപ്പറ പങ്കിടുന്നതാണ് കാണുന്നത്. എത്രദയനീയം. അതിനാലാണ് അജ്ഞാതമായൊരിടം കുഞ്ഞാലി കണ്ടെത്തിയത്. ആ കൂട്ടുകെട്ടാണ് കാശിപിള്ളയുമായിട്ടുള്ളത്. പല വമ്പന്മാരുമായി കാശിപ്പിള്ള സുഹൃദ്ബന്ധം സ്ഥാപിച്ചതും ഇതുകൊണ്ടുതന്നെയാണ്. അതിനാല്‍ മന്ത്രിസഭ ഉള്ളടത്തോളം കാലം ഞങ്ങളും ഈ ഭരണത്തിലുണ്ടാകും.
എന്തെല്ലാം എതിര്‍പ്പുകള്‍ ഉണ്ടായാലും ഈ നിസ്വാര്‍ത്ഥസേവനം ഞങ്ങള്‍ തുടരുകതന്നെ ചെയ്യും. ഒരു സമുദായം ഞങ്ങളെ തുണയ്ക്കാന്‍ ഒപ്പമുണ്ട്. സാമൂഹ്യ ഉദ്ധാരണമാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സാമൂഹ്യഉദ്ധാരണം നടപ്പിലാക്കാന്‍ സമുദായത്തിലുള്ളവര്‍ എന്നെയാണ് നിയോഗിച്ചിട്ടുള്ളത്. അതിന് നാട്ടുകാരുടെ അടുക്കല്‍ പോകണമെന്നില്ല. അതൊരു ചാനലിലൂടെ വിളംമ്പരം ചെയ്തുകഴിഞ്ഞാല്‍ ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ അതേറ്റെടുത്തുകൊള്ളും. അതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കരുണ്‍ എന്ന കര്‍മ്മയോഗി കടന്നുവന്നിരിക്കുന്നത്. അത് എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഒരു തലവേദനയായി മാറുകയാണ്. ഒരു ലേഖനത്തില്‍ എന്നെ ഒരു ജാതിപ്പിശാച് എന്ന് വിശേഷിപ്പിച്ച ചാരുംമൂടനും അവനൊപ്പമുണ്ട്. കുഞ്ഞാലിയില്‍ പ്രതികാരവാഞ്ച ഉടലെടുത്തു.
അവന്‍ മന്ത്രിയായി വരട്ടെ. അവനെതിരെ എന്തെല്ലാം ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഞാനും ശ്രമിക്കുന്നതാണ്. വേണ്ടിവന്നാല്‍ അകാലത്തില്‍ പൊലിഞ്ഞുപോയ അവന്‍റെ തന്തയ്ക്കൊപ്പം ഞാനവനെ അയയ്ക്കും. നാട്ടില്‍ നിന്ന് വന്നവര്‍ക്കെല്ലാം അവന്‍ നാടിന്‍റെ ജീവനും ആത്മാവുമെന്ന് മാത്രമേ പറയാനുള്ളൂ. അവന്‍റെ പ്രവൃത്തികളാണ് അവനെ ഈ നിലയില്‍ എത്തിച്ചതെന്ന് അവര്‍ വിശ്വസിക്കുന്നു. എന്തെന്നില്ലാത്ത നെടുവീര്‍പ്പുകളോടെയാണ് മകന്‍റെ സത്യപ്രതിജ്ഞ ബിന്ദു കണ്ടത്. ബിന്ദുവിന് സന്തോഷത്തെക്കാള്‍ സങ്കടമാണ് തോന്നിയത്. എല്ലാവരും അഭിമാനത്തോടെ നോക്കി ഇരുന്നെങ്കിലും ബിന്ദുവിന് സങ്കടമടക്കാനായില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരും കാണാതെ കണ്ണുകള്‍ തുടച്ചു. ജീവിതമെന്നും വേദനയോടെ വിലപിക്കാന്‍ വിധിക്കപ്പെട്ടവള്‍.
കരുണ്‍ സത്യപ്രതിജ്ഞ ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ കിരണ്‍ ഡല്‍ഹിക്ക് മടങ്ങിപ്പോയി. നാട്ടില്‍ പലവിധ അഭിനന്ദന-അനുമോദന പരിപാടികള്‍ പല സംഘടനകള്‍ ഒരുക്കിയെങ്കിലും അതിലൊന്നും പങ്കെടുക്കാന്‍ കരുണ്‍ തയ്യാറായില്ല. വോട്ടു ചോദിച്ച് വീടുകളിലെല്ലാം അവന്‍ കയറിയിറങ്ങി നന്ദി അറിയിച്ചു. അതിനൊപ്പം കുട്ടികളുള്ള വീടുകളില്‍ മിഠായിയും കളിപ്പാട്ടങ്ങളും സമ്മാനിച്ചു. പാവപ്പെട്ടവര്‍ക്ക് തുണികളും പണവും നല്കി. രാഷ്ട്രീയപാര്‍ട്ടികള്‍ നല്കിയ പത്തുകോടിയില്‍ നിന്ന് ഒരുകോടിയാണ് ഇതിനായി മാറ്റിവച്ചത്. ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നീതിനിക്ഷേധങ്ങളും കൈക്കൂലി വാങ്ങുന്നതും അവന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ പരാതികളും എഴുതി വാങ്ങി. കര്‍മസേനയിലുള്ളവര്‍ക്ക് കൈമാറി. അവന്‍റെ സമീപനം നാട്ടുകാര്‍ക്ക് ആഹ്ലാദം പകര്‍ന്നു.
പല ദിവസങ്ങള്‍ കാറില്‍ സഞ്ചരിച്ചുകൊണ്ടാണ് ഓരോരോ വീടുകളില്‍ കയറിയിറങ്ങിയത്. കരുണിനൊപ്പം ജോസഫും കര്‍മ്മസേനയിലുള്ളവരെ ഏല്പിച്ചു. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ഏതൊരു വിദ്യാര്‍ത്ഥിക്കും സാമ്പത്തിക സഹായം ചെയ്യുമെന്നറിയിച്ചു. പഠിക്കാന്‍ മിടുക്കരായ ഏതൊരു വിദ്യാര്‍ത്ഥിക്കും തുടര്‍പഠനത്തിനുള്ള സഹായവും നല്കും. എല്ലാം ഒരു ലഘുലേഖയിലൂടെയാണറിയിച്ചത്. ജനങ്ങളോടുള്ള സഹാനുഭൂതിയില്‍ എന്തെന്നില്ലാത്ത സ്നേഹബഹുമാനങ്ങളാണ് ലഭിച്ചത്. കര്‍മസേനയിലെ വിദ്യാര്‍ത്ഥികള്‍ പച്ചകൃഷിയിലും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി.
മണ്ഡലത്തിലെ വീടുകള്‍ തീര്‍ക്കുന്ന സ്ഥലങ്ങളില്‍ കര്‍മസേനയ്ക്കായി ഓഫീസ് പണിയാനും തീരുമാനിച്ചു. ഇതിന് മുമ്പ് അവരുടെ കൂട്ടായ്മ നടക്കുന്നത് ഓരോരോ വീടുകളില്‍ വച്ചായിരുന്നു. സമൂഹത്തില്‍ യാതൊരു ഒച്ചപ്പാടുകളോ ബഹളങ്ങളോ മുദ്രാവാക്യങ്ങളോ കേള്‍ക്കാതെയാണ് കര്‍മസേനയുടെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.ഓരോ ദിവസം കഴിയുംതോറും അവന് ജനപ്രീതി ഏറി വന്നു. പ്രതികാരദാഹങ്ങളുമായി നടന്ന മത-രാഷ്ട്രീയപ്രബലന്മാ അവരുടെ മാളങ്ങളിലൊളിച്ചു. അവരില്‍ എന്തെന്നില്ലാത്ത ഭീതി വളര്‍ന്നു. നീണ്ട വര്‍ഷങ്ങള്‍ അധികാരസുഖവും സ്വാതന്ത്ര്യവും അനുഭവിച്ചവരൊക്കെ വെറും കടലാസ് കഷണങ്ങളായി മാറുമോ. മന്ത്രിസമ്മേളനം നടന്നു. നഷ്ടപ്പെട്ടുപോയ പൗരസ്വാതന്ത്യം പലരും അനുഭവിച്ചു. പെണ്‍കുട്ടികള്‍ ഭയവും ഭീതിയുമില്ലാതെ റോഡുകളില്‍ നടക്കാന്‍ തുടങ്ങി. കുറ്റവാസനയുള്ളവര്‍ പോലീസിനെക്കാള്‍ ഭയന്നത് കര്‍മസേനയെ ആണ്. സ്കൂളുകളില്‍ ലൈംഗിക വിഷയങ്ങളെപ്പറ്റിയുള്ള ക്ലാസ്സുകള്‍ ആരംഭിച്ചു. മന്ത്രിസഭയില്ലാത്ത ദിവസങ്ങളിലെല്ലാം കരുണ്‍ നാട്ടുകാരുടെ ഇടയില്‍ പഴയതുപോലെ പ്രവര്‍ത്തിച്ചു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px