LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 20

നാട്ടില് വലിയ മാറ്റം വന്നിരിക്കുന്നു. നാട്ടു വഴികളില് എല്ലാം വൈദ്യുതി ബള്ബുകള് പ്രഭ ചൊരിഞ്ഞു നിന്നു. സര്ക്കാര് ആശുപത്രിയില് ഒരു പെണ് ഡോക്ടര് കുടെ ജോലിയില് പ്രവേശിച്ചു. പ്രസവ വേദന കൊണ്ട് പുളഞ്ഞു വയറ്റാട്ടിയുടെ കൈപ്പിഴയില് തള്ളയും പിള്ളയും മരിച്ച വാര്ത്തകള്ക്ക് അറുതി വന്നു. പുര നിറഞ്ഞു നില്ക്കുന്ന പെണ്കുട്ടികളെ കെട്ടാന് യുവാക്കള് പണത്തിന്റെ കണക്കു പറയാതെ തയ്യാറായി വന്നു. ഈ മാറ്റങ്ങളൊക്കെ നല്ലതിന് തന്നെ. എട്ട് ‘അരയ്ക്കാല് പവന്’ കൊടുക്കാന് ഇല്ലാത്തതിനാല് വിവാഹിതയാകാന് കഴിയാതെ മനോവേദന തിന്നു കുളത്തില് ചാടി ആത്മഹത്യ ചെയ്ത കൂട്ടുകാരി കുഞ്ഞിക്കാളിയുടെ മുഖം ഇപ്പോഴും നന്ദിനിയുടെ മനസ്സില് ഉണ്ട്. ചെറിയ മാറ്റങ്ങള് മനുഷ്യ മനസ്സിലാണ് വരേണ്ടത്. നിയമം കൊണ്ട് മനസ്സു മാറ്റാന് പറ്റില്ലല്ലോ.

കഥകളി കണ്ടും, അമ്പലങ്ങളില് ഉത്സവം ആഘോഷിച്ചും തിന്നു കൊഴുത്ത് കഴിഞ്ഞ തമ്പുരാക്കന്മാരൊക്കെ അന്തം വിട്ടു നില്ക്കുകയായിരുന്നു. പാടങ്ങള് ഒക്കെ തരിശു കിടക്കുന്നു. പണിക്ക് ഇറങ്ങാന് ആരും തയ്യാറല്ലത്രേ. അവരും പട്ടിണിയില് തന്നെ. പത്തു സെന്റ് ഭൂമി കൊണ്ട് ജീവിക്കാന് പറ്റുമോ? നാടിന്റെ അവസ്ഥ പ്രവചനാതീതം ആണ്. മദ്രാസില് നിന്നും തിരിച്ചു വന്നത് ക്രിസ്തുമസ് ഒഴിവിന്റെ തലേ ദിവസം ആയിരുന്നു. ഉദ്ദേശിച്ചതിനേക്കാള് നന്നായി റെക്കോര്ഡിംഗ് നടന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു നന്ദിനിക്ക്. ഉപഹാരങ്ങളുടെ കെട്ടഴിച്ചു. എല്ലാവരും അന്തം വിട്ടു നിന്നു.

‘അച്ഛന് തന്ന കാശൊക്കെ ചിലവാക്കി തീര്‌ത്തോ കുട്ടീ നീയ്? ‘ അമ്മുക്കുട്ടിയമ്മ ചോദിച്ചു.

‘ഇല്ലമ്മേ..ഇത് ഞാന് ഉണ്ടാക്കിയ കാശാ.’

‘ഹേ! നിനക്കെങ്ങനെ കാശ് ഉണ്ടാക്കാന് പറ്റി? കളി പറയുവാണോ കുട്ടീ? ‘

‘അല്ലമ്മേ.. ദിനെശേട്ടനോട് ചോദിച്ചു നോക്ക് .’

‘നീ എങ്ങനെയാ കാശുണ്ടാക്കീതെന്നോ? ‘

‘അത് തന്നെ. അടുത്ത് ഇറങ്ങാന് പോണ സിനിമയില് പാട്ട് എഴുതിയതും പാടീതുമൊക്കെ ഞാനാ.’

‘എന്താന്റെ കുട്ടിയെ..നിനക്ക് പ്രാന്ത് പിടിച്ചോ? ‘

‘സത്യമാണ് അമ്മെ… അതിനു വലിയ പ്രതിഫലം തന്നു അവര്. ‘

‘നിക്ക് ഒന്നും കേക്കണ്ടാ.. അച്ഛന് അറിഞ്ഞാ..’ അമ്മുക്കുട്ടിയമ്മ വിതുമ്പി.

‘അച്ഛന് അറിഞ്ഞാല് ഒന്നും ഇല്ല. ഈശ്വരന് തന്ന കഴിവ് ഉപയോഗിക്കാന് ഉള്ളതാ..എന്നെ സഹായിച്ചത് ഹോസ്റ്റല് വാര്ഡനും, ദിനേശേട്ടനും, ജോണ്‌സണ് സാറുമാണ്. ഇനിയും അവസരങ്ങള് വരാനാണ് സാധ്യത. പടം പുറത്തു വരട്ടെ.’

‘എന്റെ ദേവീ..നിക്ക് പേടിയാവുന്നു.’

‘നാളെ ദിനേശേട്ടൻ വരും. ഇന്ന് പുള്ളിക്കല്പ്പം ധൃതിയുണ്ടായിരുന്നതു കൊണ്ടാ

പോയത്. ഒക്കെ വിശദമായി പറഞ്ഞു തരും.’

പിറ്റേന്ന് ക്ഷ്രേത ദര്ശനം കഴിഞ്ഞു നന്ദിനിയും നാരായണിയും വന്നപ്പോള് ജീപ്പ് മുറ്റത്തു കിടക്കുന്നു.

‘അപ്പൊ, ജോണ്‌സണ് സാറും വന്നിട്ടുണ്ട്.’

അവര് അടുക്കള വശത്ത് കൂടെ അകത്തു കയറി. അടുക്കളയുടെ കിളിവാതിലിലൂടെ നോക്കിയാല് പൂമുഖത്തിന്റെ ഒരു വശം കാണാം. നാരായണി മുറിയിലേക്ക് പോയ തക്കത്തില് നന്ദിനി അവിടെ എത്തി. പൂമുഖത്ത് ജോണ്‌സണും, ദിനേശനും കാര്യങ്ങള് വിവരിക്കുകയാണ്. കിളി വാതിലില് നന്ദിനിയുടെ നീള്മിഴികള് ജോണ്‌സണ് കണ്ടിരുന്നു. അവള് കൈ മലര്ത്തി ചോദിച്ചു..’എങ്ങനുണ്ട്? ‘

ജോണ്‌സണ് കണ്ണു കൊണ്ട് കാണിച്ചു ‘ഒന്നുമില്ല..വന്നോളു ‘

നന്ദിനി മെല്ലെ മുന് വശത്തേക്ക് വന്നു. കയ്യിലെ ഇലച്ചീന്തില് ഭഗവതിയുടെ പ്രസാദം ഉണ്ടായിരുന്നു. നെറ്റിയില് വരച്ച ചന്ദനക്കുറി അവളുടെ സ്വേദകണങ്ങളില് പെട്ട് നനഞ്ഞു തന്നെ ഉരുന്നു. അമ്മുക്കുട്ടിയമ്മ നന്ദിനിയെ കെട്ടിപ്പിടിച്ചു. അവള് എത്തി നില്ക്കുന്ന ഉയരങ്ങളെ പറ്റി ദിനേശനും, ജോണ്‌സണും പറഞ്ഞ അറിവേ അവര്ക്കുള്ളൂ. തലേന്ന് നന്ദിനി പറഞ്ഞതൊക്കെ ഓര്ത്തു വല്ലാത്ത ഒരു വേവലാതിയായിരുന്നു മനസ്സില്. ഇപ്പോള് അവിടെ കുളിരല വന്നടിക്കുന്നുണ്ട്.

നന്ദിനി പ്രസാദം ദിനേശന് കൊടുത്തു. ഒരു മടിയുമില്ലാതെ ദിനേശന്റെ നെറ്റിയില് അവള് ചന്ദനക്കുറി തൊടുവിച്ചു. വൈദ്യരും അമ്മുക്കുട്ടിയമ്മയും കോരിത്തരിച്ചു. ദിനേശന്റെ നെഞ്ചിലൂടെയും ഒരു നാണം കടന്നു പോയി. ജോണ്‌സന്റെ മുന്നില് അവള് ചെയ്തതെന്താണ്? പക്ഷെ, നന്ദിനി അത് ബുദ്ധിപൂര്വ്വം ചെയ്തതാണ്. ജോണ്‌സന്റെ കുളിര് നെറ്റിയില് പ്രസാദം തൊടുവിയ്ക്കാന് ഒരു അടവ്. ആ വിടര്ന്ന ലലാടത്തില് വിറയ്ക്കുന്ന വിരലുകളാല് അവള് ചന്ദനം തൊടുവിച്ചു. ഇലപ്പൊതിയില് നിന്ന് പ്രസാദം എടുത്തു വായില് ഇടുമ്പോള് ജോണ്‌സന്റെ വിരലുകള് തരിച്ചു.. ഒന്ന് ആഞ്ഞു പുല്കാന്, ഈ പൂമൊട്ടിനെ എങ്ങനെ കിട്ടും! നന്ദിനി ഭാവഭേദം ഒന്നും കൂടാതെ അമ്മയുടെ പുറകില് വന്നു നിന്നു. അമ്മയും അച്ഛനും ചന്ദനം തൊട്ടു, പ്രസാദം എടുത്തു വായില് ഇട്ടു. ദാവണിയില് അതീവ സുന്ദരിയായ നാരായണി ഓടി വന്നു. അന്ന് ആദ്യമായി അവളെ കണ്ടു ദിനേശന്റെ മിഴികള് വിടര്ന്നു .

‘തനിക്കു നാരായണിയെ കെട്ടിക്കൂടെ? ‘ ജോണ്‌സന്റെ സ്വരം ചെവിയില് വന്നലച്ചു.

ഇന്നുവരെ നോക്കാത്ത കണ്ണ് കൊണ്ട് അയാള് അവളെ അടിമുടി അളന്നു. സത്യത്തില് നന്ദിനിയെക്കാള് സുന്ദരിയാണ് നാരായണിയെന്നു തോന്നി. മേനകയെപ്പോലെ നൃത്ത ചുവടുള്ള നടത്തമായിരുന്നു അവളുടേത്. എല്ലാവരുടെ നെറ്റിയിലും നന്ദിനി ചന്ദനം വരച്ചത് കണ്ടു. അതിനാല് പ്രസാദം അടങ്ങുന്ന ഇലച്ചീന്ത് അവള് എല്ലാവരുടെ മുന്പിലും നീട്ടി.

‘ആദ്യം ദേവിയേടത്തിക്കു പ്രസാദം കൊടുക്കാന് പോയതായിരുന്നു’ അവള് പറഞ്ഞു.

ദിനേശന്റെ ഹൃദയം തുടി കൊട്ടി. സൌന്ദര്യധാമമായി, തന്റെ നേരെ നീട്ടിയ പ്രസാദം ഇവള്‌ക്കെന്താ വായിലിട്ടു തന്നാലെന്നു ഒരു നിമിഷം ആശിച്ചു. നിഷ്‌കളങ്കയായി ചിരിച്ചു നിന്ന നാരായണി എല്ലാവര്ക്കും പ്രസാദം നല്കി തിരിച്ചു പോയി. ജോണ്‌സണ് ദിനേശനെ നോക്കി. അവന്റെ മുഖത്ത് നേര്ത്ത അരുണിമ പടര്ന്നിട്ടുണ്ട്. ഇതൊന്നു ചൂടാക്കി എടുക്കണം. ഒരേറുപടക്കം പൊട്ടുന്ന പോലെ ഇവന്റെ നാണം പൊട്ടിച്ചു

കളയണം. ഒരു പെണ്ണിന്റെ ഹൃദയമിടിപ്പ് തനിക്കു അനുയോജ്യമാക്കാനൊരു ബുദ്ധിയൊക്കെ വേണം. അതിവനില്ല. നാരായണിയുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കാന് ഇവന് കഴിഞ്ഞാല്, പിന്നെ തന്റെയും നന്ദിനിയുടെയും വഴി തെളിയും.

മുറിയില് തിരിച്ചെത്തിയപ്പോള് നന്ദിനിക്ക് ആശ്വാസമായിരുന്നു. തന്റെ വഴികള് തെളിഞ്ഞിരിക്കുന്നു. നിലക്കണ്ണാടിയില് പ്രസരിപ്പോടെ നോക്കി നിന്നപ്പോള്, മദ്രാസിലെ ഒരു ദിവസം മനസ്സില് ഓടി എത്തി. മറീനാ ബീച്ചില് അവരെ ഒറ്റയ്ക്കാക്കി ദിനേശന് മാറി നിന്ന നിമിഷങ്ങള് സ്വര്ണ്ണപ്പൊടി വാരി വിതറിയ കടല്ക്കരയില് നന്ദിനിയെ കെട്ടിപ്പിടിച്ച് ഉരുണ്ടു കളിച്ചു ജോണ്‌സണ്.

കോപ്രായങ്ങള് കൂടിയപ്പോള് നന്ദിനി പിടിവിടുവിച്ചു. കപ്പലണ്ടിപ്പൊതി വാങ്ങി പരസ്പരം മാറിമാറി വായിലിട്ടു കൊടുത്തപ്പോള് മന:പ്പൂര്വ്വം അവളുടെ ശരീരത്തില് ഒട്ടി പിടിച്ച മണല്ത്തരികള് തട്ടി തെറിപ്പിച്ചു അയാള്. സിമന്റില് പണിത വലിയ വള്ളത്തിന്റെ മറവില് എത്തിയപ്പോള്, ഇടംകാല് വച്ച് അവളെ വീണ്ടും വീഴ്ത്തി അയാള്. കൂടെ ഒരു ചാഞ്ഞ മരം പോലെ വീഴാന് ഒരു അഭ്യാസിയ്‌ക്കേ കഴിയൂ. മണല് മെത്തയില് പ്രേയസ്സിയെ ചായ്ച്ചു കിടത്തി ഓമനിച്ചു വിരുതന്. നന്ദിനിക്കാകെ ഭയം ആയിരുന്നു.

 

‘ദിനേശേട്ടന്… ‘ അവള് ജോണ്‌സണെ വെറുതെ പേടിപ്പിക്കാന് പറഞ്ഞു.

‘പോകാന് പറ…അവന് വരില്ല ‘ ജോണ്‌സന്റെ ശബ്ദത്തിനു നല്ല ഉറപ്പുണ്ടായിരുന്നു.

‘അപ്പൊ…രണ്ടാളും ഒത്തു കളിക്കാ? ‘

‘എന്തിന്? നീ എന്റെയല്ലേ പൊന്നേ? ‘

ജോണ്‌സന്റെ ചുടു ചുംബനങ്ങള് മണല്ത്തരിയുടെ കിരുകിരിപ്പോടെ അവള് ഏറ്റു വാങ്ങിക്കൊണ്ടിരുന്നു.

‘ഒന്നിങ്ങോട്ടും ആവാം.’ ജോണ്‌സണ് പറഞ്ഞു.

‘ഞാന് അത്ര വിദഗ്ദ്ധ അല്ല.’ അവള് അവനെ മൃദുവായി ചുംബിച്ചു.

ജോണ്‌സണ് അവളെ ഇറുകെ പുണര്ന്നു.

‘എന്റെ പൂച്ചക്കുട്ടീ…ഇതെന്താ പൂവിതളോ?’

‘എനിക്ക് പേടിയാവുന്നു…നമുക്ക് പോവാം.’

‘ഇപ്പോഴോ, അങ്ങനെ പോയാല് പറ്റില്ല. എത്ര കാത്തു കിട്ടുന്ന അപൂര്വ്വ നിമിഷങ്ങളാ!’

‘ദിനേശേട്ടൻ എന്ത് കരുതും?’

‘അവന് എന്ത് കരുതാനാ? നീ സമ്മതിച്ചിരുന്നെങ്കില് ഇപ്പോള് ഇതൊക്കെ കാട്ടുന്നത് അവനായിരിക്കും!’

നന്ദിനി ജോണ്‌സന്റെ മാറില് കുസൃതിയോടെ ഊക്കില് ഇടിച്ചു.

വളരെ വൈകി ആകാശം ഇരുട്ട് മൂടിയപ്പോഴാണ് അന്ന് ബീച്ചില് നിന്നും പോന്നത്. മദ്രാസിന്റെ ഉത്തുംഗ നിലയങ്ങളും സിനിമാ സ്റ്റുഡിയോകളും മുഴുവനായൊന്നും കാണാന് സമയം ഇല്ലായിരുന്നു. ഇനിയും ഇവിടെ വരേണ്ടി വരുമല്ലോ.

തിരിച്ചു തീവണ്ടിയില് വരുമ്പോള് നന്ദിനിക്ക് അല്പം നാണം തോന്നി. ഒന്നും സംഭവിക്കാത്ത പോലെ ജോണ്‌സണും, ദിനേശനും, ഒരു വിലകൂടിയ വസ്തു സൂക്ഷ്മതയോടെ കൊണ്ടുവരുന്ന പോലെ അവളെ ഹോസ്റ്റലില് എത്തിച്ചു. വിവരങ്ങളൊക്കെ അറിഞ്ഞു, വാര്ഡനും, വെറോനിക്കാമ്മയുമൊക്കെ സന്തോഷിച്ചു.

ആദ്യമായി കിട്ടിയ സമ്പാദ്യത്തില്‌നിന്ന് അവര്‌ക്കൊക്കെ സമ്മാനങ്ങള് കരുതി വാങ്ങിയിരുന്നു നന്ദിനി. ജോണ്‌സണും ദിനേശനും മാത്രം എന്ത് കൊടുക്കണമെന്ന് അവള്ക്കറിയില്ലായിരുന്നു. വഴിയാത്രയ്ക്കിടയില് അതേപ്പറ്റി ഒരുപാട് ചിന്തിച്ചു. ഒന്നും ഉരുത്തിരിഞ്ഞു വന്നില്ല. ഇറങ്ങാന് നേരം നന്ദി പറഞ്ഞു നന്ദിനി വിഷയം അവതരിപ്പിച്ചു. രണ്ടു പേരും ഒരുപോലെ പൊട്ടിച്ചിരിച്ചു.

‘അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ‘ ജോണ്‌സണ് പറഞ്ഞു.

 

‘എന്നാലും…’ നന്ദിനി അര്‌ദ്ധോക്തിയില് നിര്ത്തി .

‘ഇനിയും ഇതു പോലെ വരേണ്ടി വരും നമുക്ക്. നീ ഇതോടെ പ്രശസ്ത ആകാന് പോകയല്ലേ?’ ദിനേശന് പറഞ്ഞു.

‘കളി പറയാതെ..ദിനേശേട്ടാ..എന്തെ എന്നെ വിഡ്ഡിയാക്കുന്നോ? ‘

‘ഈ മിടുക്കിയെയോ..ആനയ്ക്ക് അതിന്റെ വലുപ്പം അറിയില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.’ ദിനേശന് പറഞ്ഞു.

‘കഴുതയ്ക്ക് പുറത്തിരിക്കുന്ന കുങ്കുമത്തിന്റെ ഗന്ധം അറിയില്ലെന്ന് പറയെടോ?’ ജോണ്‌സണ് പറഞ്ഞു.

നന്ദിനി മുഷ്ടി ചുരുട്ടി ജോണ്‌സന്റെ നെഞ്ചില് ഇടിച്ചു. ദിനേശന് ഒന്നും കാണാത്ത പോലെ നിന്നു. നന്ദിനി അറിയാതെ വിരല് കടിച്ചു.

‘ഛെ’അവള് സ്വയം പറഞ്ഞു.ജീപ്പ് സ്റ്റേഷനില് എത്തിയിരുന്നു. നന്ദിനിയെ ഹോസ്റ്റലില് എത്തിച്ചു തിരിച്ചുള്ള യാത്രയില് ജോണ്‌സണ് ദിനേശനോട് പറഞ്ഞിരുന്നു.

‘ഇപ്രാവശ്യം വൈദ്യഗൃഹത്തില് എത്തുമ്പോള് താന് ഒരു കാമുകനായിരിക്കണം. നാരായണിയെ വീഴ്ത്തണം.’

‘എനിക്കറിയില്ല. നന്ദുവിനെ എനിക്ക് കുറേക്കൂടി അടുത്ത് അറിയാമായിരുന്നു. നാരായണി എങ്ങനെയാണാവോ? ‘

‘കുന്തം! അവളൊരു സുന്ദരിക്കൊച്ച്. ഒരു കരതലാമലകം. എന്ന് വച്ചാല് കയ്യില് വച്ച നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ പുളിയ്ക്കും, പിന്നെ മധുരിയ്ക്കും…അറിയാമോ?’

‘എന്റെ സാറേ..എനിക്കൊന്നു ശിഷ്യപ്പെടണം.’

‘ആരോട്? ‘

‘വേറാരോടാ..ഈ സാറിനോട് തന്നെ. ‘

ക്രിസ്തുമസ് അവധിയ്ക്കു കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. ഓണാഘോഷാ ഇവിടെ ആയിരുന്ന പോലെ ക്രിസ്തുമസ് ആഘോഷം ജോണ്‌സന്റെ വീട്ടില് എന്ന് തീരുമാനിച്ചിരുന്നു. അത് വൈദ്യഗൃഹത്തില് അവതതരിപ്പിച്ചപ്പോള് എല്ലാവര്ക്കും സമ്മതം. ദിനേശന്റെ വീട്ടിലും സമ്മതം. ദിനേശന്റെ അച്ഛനും അമ്മാവനും മലയ്ക്ക് പോകാന് മാല ഇട്ടിരിക്കുകയായിരുന്നു. അവരൊക്കെ മറ്റു മലയ്ക്ക് പോകുന്നവരുടെ കൂടെ താമസം പന്തലില് ആയിരുന്നു. നാല്പ്പത്തൊന്നു ദിവസത്തെ വ്രതം പൂര്ത്തിയാക്കി മല ചവുട്ടി കഴിഞ്ഞിട്ടേ അവരൊക്കെ വീട്ടില് തിരിച്ചെത്തൂ.ശ്രീദേവിയുടെ പ്രസവദിനങ്ങള്ക്ക് മുന്പ് തിരിച്ചെത്താമെന്നതിനാല് നന്ദഗോപനും മാല ഇട്ടിരിക്കയാണ്. ആരും വീട്ടില് ഇല്ലാത്തതിനാല് വൈദ്യരും അമ്മുക്കുട്ടിയമ്മയും ശ്രീദേവിക്ക് തുണയായി നിന്നു. മകളുടെ സുഖ പ്രസവം മനസ്സില് കണ്ട് അമ്മുക്കുട്ടിയമ്മ ചില വ്രതങ്ങളിലുമായിരുന്നു. അതിനാല് ജോണ്‌സന്റെ വീട്ടില് ക്രിസ്തുമസ് ആഘോഷിക്കാന് വൈദ്യ ഗൃഹത്തില് നിന്നും നന്ദിനിയും, നാരായണിയും മാത്രമാണ്

ഉണ്ടായിരുന്നത്. ദിനേശന്റെ അമ്മയും ഭര്ത്താവിന്റെ മലകയറ്റവും, തന്മൂലം വന്ന സ്വഭാവമാറ്റവും കണക്കിലെടുത്ത് വ്രത നിഷ്ഠയിലായിരുന്നു. അതിനാല്, ദിനേശനും, അനിയത്തി തങ്കമണിയും മാത്രമാണ് അവിടെനിന്നും വന്നത്. ജോണ്‌സന്റെ സഹോദരിയുടെ വിവാഹശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് ആയിരുന്നു. അവരുടെ വീട്ടില് നിന്നും വിരുന്നുകാര് ഉണ്ടാകുമെന്ന് ജോണ്‌സണ് പറഞ്ഞിരുന്നു.

ആദ്യമായാണ് ഒരു ക്രിസ്തീയ ഭവനത്തിലെ ക്രിസ്തുമസ് ആഘോഷത്തില് പങ്കെടുക്കുന്നത്. എല്ലാവരുടെ ഹൃദയത്തിലും ഒരു അങ്കലാപ്പുണ്ട്. ക്രിസ്ത്യാനികള് പന്നി ഇറച്ചിയും പശുവിറച്ചിയുമൊക്കെ തിന്നുമെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ ഓര്ത്തപ്പോള് നാരായണിക്ക് ഓക്കാനം വന്നു.

‘നന്ദിനിയേച്ചി..നിങ്ങടെ ഹോസ്റ്റലില് ഇറച്ചി വയ്ക്കാറില്ലേ? ‘

‘ഉണ്ടല്ലോ… കോഴി ഇറച്ചി ആഴ്ചയില് രണ്ടു ദിവസം ഉണ്ട് ‘

‘അയ്യോ ചേച്ചി ഒക്കെ തിന്നാറുണ്ടോ? ‘

‘ഞാന് ഇതുവരെ തിന്നിട്ടില്ല. ഇനി മീനും ഇറച്ചിയുമൊക്കെ തിന്നു ശീലിക്കണമെന്നുണ്ട്.’

‘അയ്യോ എനിക്ക് ഓര്ക്കുമ്പോഴേ ഓക്കാനം വരുന്നു. ദിനേശേട്ടൻ തിന്നാറുണ്ടോ?’

‘ഓ.. അവര് ആണുങ്ങള് എല്ലാം തിന്നും. മദ്രാസിലെ താമസത്തിന് ഇടയ്ക്കു ഞാന് അതൊക്കെ മനസ്സിലാക്കി. ‘

‘അതാ ചേച്ചി ഇതൊക്കെ ശീലിക്കണമെന്ന് പറഞ്ഞത് അല്ലെ? ദിനേശേട്ടനെ കല്യാണം കഴിച്ചാല് പിന്നെ ഇതൊക്കെ വച്ച് കൊടുക്കേണ്ടേ? ‘

‘എന്തൊക്കെയാ നീയീ പറയണേ നാരായണി? ‘

‘പിന്നെ, ഒന്നും അറിയാത്ത പോലെ.. ദിനേശേട്ടന്റെം ചേച്ചിടേം പഠിപ്പ് കഴിയാന് കാത്തിരിക്ക്യാ എല്ലാവരും ‘

‘ഏ….എത്തൊക്കെ കാര്യങ്ങളാ നീ പറയുന്നത്? ‘

‘അപ്പൊ ചേച്ചി കാര്യം ഒന്നും അറിഞ്ഞില്ലേ? ഇതില് ഇത്ര ഞെട്ടാന് എന്തിരിക്കുന്നു? ‘

‘ഞെട്ടാതെ…പിന്നെ…ഞാനിത് ആദ്യം കേള്ക്കുകാ.’

‘ഉം..വേഗം പ്രേമം തുടങ്ങിക്കോ..ഇത് കഴിഞ്ഞിട്ട് വേണം ബാക്കി ഉള്ളോളുടെ ഭാഗ്യം തെളിയാന് ‘

 

‘എന്റെ നാരായണി..നീ എന്ത് വിഡ്ഡിത്തമാണ് പറയുന്നത്? ഇനിയുള്ള കാലം പറമ്പിലെ തേങ്ങയും പാടത്തെ നെല്ലും കൊണ്ട് കഴിയാന് പറ്റുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?’

‘പിന്നല്ലാതെ? നമ്മളൊക്കെ കച്ചവടം തുടങ്ങുവോ? ‘

‘കച്ചവടം അല്ല…പഠിച്ചു ജോലി നേടണം. ഇപ്പോള് പുതിയ ജോലി സാധ്യതകള് പലതും ഉണ്ട്. നീ അടുത്ത വര്ഷം ടി.ടി.സിക്ക് പോകണം. രണ്ടു കൊല്ലം കഴിഞ്ഞാല് ഏതെങ്കിലും സ്‌കൂളില് ജോലി കിട്ടും. വേണ്ടെന്നു തോന്നുമ്പോള് വേണ്ടെന്നു വെക്കാലോ.’

‘എനിക്ക് അതൊന്നും അറിയില്ല ‘

‘അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോ അറിയാം ‘

‘അതെന്താ?’

‘കുന്തം. എടീ മണ്ടൂസേ, ഇപ്പോഴത്തെ  മാറ്റമൊന്നും നീ കാണുന്നില്ലേ? അതിന് എങ്ങനെയാ, പ്രതം വായിച്ചുടെ നിനക്ക്?’

‘പറ ചേച്ചി…എനിക്ക് ഒന്നും അറിയില്ല.’

‘എന്നാല് കേട്ടോ, എല്ലാ താഴ്ന്ന ജാതിക്കാര്ക്കും പഠിപ്പനുസരിച്ചു ജോലി കിട്ടുന്നു.നമ്മള് സവര്ണ്ണരാണ്. ഇനി അവരൊന്നും പാടത്തും പറമ്പിലും പണിക്കു വന്നില്ലെങ്കിലത്തെ സ്ഥിതി എന്താ? നല്ല കൂലി കൊടുത്താല് വല്ലവരും വന്നെങ്കിലായി.’

‘കുലി കൊടുക്കണം!’

‘അതിനു പണം വേണ്ടേ? പഠിപ്പനുസരിച്ചു ജോലി നേടിയാല്, നമുക്കൊരു വിലയും വരും കാശും ഉണ്ടാകും.’

‘എന്ത് ജോലി കിട്ടും?’ നാരായണിക്ക് ഉത്സാഹമായി.

‘നിനക്ക് അടുത്ത വര്ഷം ടി.ടി.സിക്ക് അപേക്ഷിക്കാം. കിട്ടിയാല് രണ്ടു വര്ഷം കഴിഞ്ഞു സ്‌കൂളില് കയറാം. ഇല്ലെങ്കില് ടൈപ്പും ഷോര്ട്ട് ഹാന്റും പഠിക്കുന്നില്ല, നീയ് ? ഏതെങ്കിലും സര്ക്കാര് ഓഫീസില് കയറാം. നമ്മുടെ ജോണ്‌സണ് സാറൊകെു വിചാരിച്ചാല് ഒക്കെ നടക്കും.’

‘ശരിയാ ചേച്ചി. എനിക്ക് ഇഷ്ടം ടീച്ചര് ആവാനാ.’

‘നല്ലത്, എന്നാല് തയ്യാറായിക്കോ..അടുത്ത ഏപ്രില് മാസം മുതല് പഠിക്കാന്, അപേക്ഷയൊക്കെ ഞാന് ശരിയാക്കി തരാം. ടൈപ്പും ഷോര്ട്ട് ഹാന്റും പഠിക്കുന്നത് നിറുത്തരുത് ‘

നാരായണി എല്ലാം സമ്മതിച്ചു. നന്ദിനിക്ക് ആശ്വാസമായി.അവള് രണ്ടു വര്ഷം ഹോസ്റ്റലില് നിന്ന് പഠിപ്പ് കഴിഞ്ഞു വരുന്നത് വരെ സമാധാനിക്കാം.അച്ഛനെയും അമ്മയെയും ഒക്കെ പറഞ്ഞു മനസ്സിലാക്കണം.

 

രാത്രി ഊണു കഴിഞ്ഞപ്പോള് നന്ദിനി വിഷയം അവതരിപ്പിച്ചു. ആദ്യം ആരും ഒന്നും പറഞ്ഞില്ല. പിന്നെ ഒക്കെ ആലോചിക്കാമെന്നു പറഞ്ഞു. മുറിയില് ചെന്നപ്പോള്, കുട്ടികള് പറഞ്ഞതില് കാമ്യം ഉണ്ടെന്ന് അമ്മുക്കുട്ടിയമ്മ പറഞ്ഞു. വൈദ്യരും അത് ശരി വച്ചു. മാറ്റങ്ങള് വളരെ പെട്ടെന്നാണ് എല്ലായിടത്തും ഉണ്ടായിരിക്കുന്നത്. പിന്നെ, നന്ദിനിയുടെ പഠനം കഴിയുന്നതുവരെ നാമായണി വെറുതെ നില്‌ക്കേണ്ടല്ലോ.

‘നന്ദിനിയുടെ അടുത്ത് ദിനേശന് ഉണ്ട്. അതൊരു ആശ്വാസമാണ്. പക്ഷെ നാരായണി ഒറ്റക്കാവില്ലേ. അതൊരു എട്ടും പൊട്ടും തിരിയാത്ത കുട്ടിയാണ് ‘ അമ്മുക്കുട്ടിയമ്മ പറഞ്ഞു.

‘അവളും മിടുക്കിയാവും. ഇപ്പോള് നന്ദിനി എന്തൊക്കെ നേടിയിരിക്കുന്നു. ദിനേശനും ജോണ്‌സണും കൂടെ ഉള്ളതു കൊണ്ടാ.. ആ ജോണ്‌സണ് ഒരു ന്രസാണി പയ്യന് ആയി പോയി. ഇല്ലെങ്കില് എത്ര നന്നായിരുന്നു.’ വൈദ്യര് പറഞ്ഞപ്പോള് അമ്മുക്കുട്ടിയമ്മ ചിരിച്ചു.

‘നല്ല മോഹം! നല്ലതൊക്കെ നമുക്ക് മാത്രം അല്ലെ? ‘

‘അതല്ല, അയാളുടെ കാര്യപ്രാപ്തി കാണുമ്പോള് അങ്ങനെ ഒരു. മകന് ഉണ്ടായിരുന്നെങ്കില് എന്നോര്ത്തു.’

രാവിലെ കുട്ടികള് ജോണ്‌സന്റെ വീട്ടില് പോകാന് ഒരുങ്ങി. ജോണ്‌സണും ദിനേശനും കാറുമായി വരുമെന്ന് പറഞ്ഞിരുന്നു. കാഞ്ചീപുരത്തു നിന്ന് വാങ്ങിയ പട്ടു സാരി ഒന്നെടുത്തു ദേവിയേടത്തി നാരായണിയെ ഉടുപ്പിച്ചിരുന്നു. എന്തൊരഴകാണ് ഈ പെണ്ണിന്, നന്ദിനി ഉള്ളില് ഓര്ത്തു. ചുവന്ന പട്ടുടുത്തു സര്വ്വാഭരണ വിഭൂഷിതയായി ശ്രീകോവിലില് വിളങ്ങുന്ന ദേവിയെ നന്ദിനിക്ക് നേരില് കാണുന്ന പോലെ തോന്നി. അത്രയ്ക്കും  സാമ്യം ഉണ്ടായിരുന്നു.

‘ശാന്തം! പാപം!’അവള് കവിളത്തടിച്ചു ദേവിയോട് മാപ്പ് പറഞ്ഞു. ചിന്തിക്കാന് പാടില്ലാത്തതാണ്. അമ്മുക്കുട്ടിയമ്മയും മനസ്സില് അത് തന്നെ പറഞ്ഞു ദേവിയോട് മാപ്പ് പറഞ്ഞു. നേര്ത്ത കസവു ബോര്ഡര് ഉള്ള ഒരു കാഞ്ചീപുരം പട്ടു തന്നെയാണ് നന്ദിനി ഉടുത്തത്. അവളുടെ ശരീരത്തിന്റെ അതേ നിറമുള്ള ലോലമായ പട്ട് ആ അഴകൊത്ത മേനിയില് പറ്റിച്ചേര്ന്നു കിടന്നു. മുറ്റത്തു കാര് വന്നു നിന്നപ്പോള് ജോണ്‌സണ് മാത്രമേ ഉണ്ടായിരുന്നുള്ളു. പോകും വഴി ദിനേശനേയും തങ്കമണിയേയും കൂട്ടുമായിരിക്കാം. സാരിയില് ഇറങ്ങിയ സുന്ദരിമാരെ നോക്കി ജോണ്‌സണ് ഒരു നിമിഷം നിര്ന്നിമേഷനായി ഇരുന്നു പോയി. അത്യാവശ്യത്തിനുള്ള സാധനങ്ങള് അടങ്ങിയ സഞ്ചി വാങ്ങി കാറില് വച്ച ശേഷം ഒട്ടും സമയം കളയാതെ കാറ് തിരിച്ചു.

 

ഒരു ചായ പോലും കുടിക്കാതെ പോകുന്നതില് പരിഭവം പറഞ്ഞ വൈദ്യരോട് ജോണ്‌സണ് പറഞ്ഞു

‘വീട്ടിലെ ഒരേ ഒരു ആണ് പിറന്നോനാ…ജോലി കുറെ ഉണ്ട്.:

ആ കുസൃതിയില് വൈദ്യരും കുടുംബവും ചിരിച്ചു പോയി. ദിനേശന്റെ വീട്ടില് എത്തി എല്ലാവരും ഇറങ്ങി. നാരായണിയെ ആദ്യമായി സാരിയില് കണ്ട് എല്ലാവരും വിസ്മയിച്ചു.

‘ഇവള് ഇത്രയും വളര്‌ന്നോ? ‘അമ്മായി ചോദിച്ചു.

‘ഇന്നാള് ഇവിടെ വന്നപ്പോള് ചെറിയ കുട്ടി ആയിരുന്നല്ലോ’അവര് കുട്ടികളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. തങ്കമണി പാവാടയും ബ്ലൌസും തന്നെയാണ് അണിഞ്ഞിരുന്നത്. അവള് ഈ വര്ഷം പത്തിലേക്കാണ്. പരീക്ഷാ ചൂട് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. അത് അവളുടെ മുഖത്ത് നിഴല് വീശിയിരുന്നു. നാരായണിയെ സാരി ഉടുത്തു കണ്ടു തങ്കമണിയും അതിശയം കൂറി നിന്നു. അകത്തു നിന്നും ദിനേശന് ഇറങ്ങി വന്നപ്പോള് ജോണ്‌സണ് അയാളെ ഉഴിഞ്ഞു നോക്കി. ഒരു പുതു മണവാളനെ പോലെ ഉണ്ടായിരുന്നു ദിനേശന്. വെള്ള കസവു മുണ്ടും, വെള്ള ജുബ്ബയും, കഴുത്തില് ഘനമുള്ള സ്വര്ണ്ണമാല, നെറ്റിയില് ചന്ദനക്കുറി. കാറില് നിന്നിറങ്ങി ജോണ്‌സണ് ദിനേശനെ കെട്ടിപ്പിടിച്ചു. ”കലക്കീട്ടുണ്ടല്ലോ അളിയാ ‘

ദിനേശന്റെ മുഖത്ത് നാണം ഇരച്ചു കയറി. നന്ദിനി അര്ത്ഥവത്തായി ചിരിച്ചു. നാരായണിയും തങ്കമണിയും കെട്ടിപ്പുണര്ന്ന് അകത്തേക്ക് കയറിപ്പോയി. നാരായണിയുടെ തുളുമ്പുന്ന നിതംബത്തിലേക്കു ഏറുകണ്ണിട്ടു കാണിച്ചു ജോണ്‌സന് ദിനേശനോട് രഹസ്യം പറഞ്ഞു.

‘വീഴത്തിക്കോണം’ ദിനേശന് നാണത്തോടെ ചിരിച്ചു.

‘ഈ നാണം ഒക്കെ മാറ്റെടോ” ജോണ്‌സണ് പറഞ്ഞിട്ട് നന്ദിനിയെ നോക്കി കണ്ണടച്ചു.

 

 

 

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px