മട്ടുപ്പാവിലെ അരഭിത്തിയിൽ ചാരി പാടത്തേക്കു നോക്കി രേവതി നിൽപ് തുടങ്ങിയിട്ട് നേരമേറെയായി. ഒരു കപ്പ് കാപ്പിയുമായി അവൾ മുകളിലേക്ക് പോവുന്നത് കണ്ടു രവി ദിനപത്രവുമെടുത്തു പിന്തുടരുകയായിരുന്നു. അവിടെ സിമന്റ് ബെഞ്ചിലിരുന്നു പത്രം മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴാണ് രേവതി നിന്നയിടത്തു നിന്നും തെല്ലും അനങ്ങിയിട്ടില്ലല്ലോ എന്ന് രവി ശ്രദ്ധിച്ചത്. അയാൾ പത്രം അവിടെത്തന്നെ ഇട്ടിട്ട് അവളെ സമീപിച്ചു.
തന്റെ സാമീപ്യം പോലും തിരിച്ചറിയാതെ അവൾ എന്തിൽ മുഴുകിയാണ് നില്കുന്നത് എന്ന് അയാൾ കൗതുകത്തോടെ നോക്കി. പാടത്തിനപ്പുറത്തെ കോയിക്കൽ മനയിലേക്കാണ് അവളുടെ ശ്രദ്ധ. അവളുടെ വെള്ളാരംകണ്ണുകളിൽ പരിചിതമല്ലാത്ത ഒരു തിളക്കം തിരിച്ചറിഞ്ഞതും അയാൾ ഒട്ടൊന്നന്ധാളിച്ചു. അമേരിക്കയിൽ ജനിച്ചു വളർന്ന പതിനഞ്ച് വയസുകാരി കുട്ടിയാണ്. കേരളത്തിൽ ആദ്യമായാണ് അവളെ കൊണ്ടുവന്നത്, അതും ഇന്നലെ. രേവതിയുടെ വിവാഹം കഴിയാതെ അവളെ ഇവിടെ കൊണ്ട് വരരുതെന്ന് ലതികയുടെ അച്ഛൻരാഘവവാര്യർ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. തനിക്കതിലൊന്നും വിശ്വാസമില്ലാതിരുന്നെങ്കിലും രേവതിയുടെ ജനനശേഷം ഉണ്ടായ ചില അനുഭവങ്ങൾ തന്നെ കൊണ്ട് ആ ഉപദേശങ്ങൾ അനുസരിക്കാൻ പ്രേരിപ്പിച്ചു. അത് കൊണ്ട് തന്നെ രേവൂട്ടി വളരെ നിർബന്ധിച്ചിട്ടും വർഷങ്ങളോളം തങ്ങൾ ഇവിടേയ്ക്ക് വന്നതുമില്ല. ലതികയുടെ അച്ഛൻ പലതവണ അവിടെ വന്നു രേവുവിനെ കാണാൻ. ഇപ്പോൾ അദ്ദേഹം അസുഖം മൂർച്ഛിച്ചു തളർന്നു കിടപ്പായി എന്നറിഞ്ഞപ്പോൾ ലതികയുടെ കണ്ണുനീർ കണ്ടില്ലെന്നു വയ്ക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് കഴിഞ്ഞയാഴ്ച പാലക്കാട്ടേക്കുള്ള ഈ യാത്ര തീരുമാനിച്ചത്.
പക്ഷെ രേവതിയുടെ അസാധാരണമായ പെരുമാറ്റങ്ങളും നോട്ടങ്ങളും ഇന്നലെ തന്നെ രവിയുടെ കണ്ണിൽ പെട്ടിരുന്നു. വാര്യരുടെ മുറിയിൽ ചെന്നപ്പോൾ രേവുവിനെ കണ്ടതും ആ കണ്ണുകളിൽ മിന്നിമറഞ്ഞ ഭീതിയും രവിയെ ആശങ്കാകുലനാക്കിയിരുന്നു. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്തു തന്റെ തറവാട്ടിലേക്ക് പോകണം. മടക്കയാത്ര അവിടെ നിന്നാണ്. അതുവരെ രേവുവിനെ ശ്രദ്ധിച്ചേ മതിയാവൂ, അനർത്ഥങ്ങൾ ഒന്നുമുണ്ടാകാതെ നോക്കണം. അയാൾ ഉറപ്പിച്ചു. തത്കാലം ലതികയോട് രേവുവിന്റെ ഭാവ മാറ്റത്തെ പറ്റി സൂചിപ്പിക്കേണ്ട, അവൾ പേടിക്കും…… അയാൾ ഓർത്തു.
രേവു, മോൾ താഴേക്ക് ചെല്ലൂ….. നാടൊക്കെ ഒന്ന് ചുറ്റി കാണണ്ടേ. അമ്മയോടൊപ്പം ക്ഷേത്രത്തിലൊക്കെ പോയി വരൂ….. അയാൾ രേവുവിനെ നിർബന്ധിച്ചു താഴേക്കയച്ചു.
മട്ടുപ്പാവിൽ വല്ലാത്തൊരു മുരളലോടെ ഒരു കാറ്റു വീശിയടിച്ച പോലെ……. പൊടുന്നനെ കാർമേഘം മൂടി ആകാശമാകെ ഇരുണ്ടു നിലകൊണ്ടു. അയാൾ അത്ഭുതസ്തബ്ധനായി പരിസരമാകെ കണ്ണോടിച്ചു. ഇത് വരെ ഒരില പോലും അനങ്ങിയിരുന്നില്ല, മേടച്ചൂടിൽ വിങ്ങുകയായിരുന്നു ചുറ്റുപാടുകൾ. വരാനിരിക്കുന്ന എന്തോ ഒരു അപായത്തിന്റെ ലക്ഷണങ്ങൾ അയാൾക്കനുഭവപ്പെട്ടു. പാടത്തിനപ്പുറത്ത് കരിമ്പനക്കൂട്ടങ്ങൾ അതിരു തിരിക്കുന്ന കോയിക്കൽ മനയെ ചുറ്റി ഇനിയും ചുരുളഴിയാത്ത എന്തോ ഒരു ദുരൂഹതയുള്ളതു പോലെയും അയാൾക്ക് തോന്നി തുടങ്ങി.
(തുടരും)
About The Author
No related posts.