ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം (19) – ആൻ്റെണി പുത്തൻപുരയ്ക്കൽ

Facebook
Twitter
WhatsApp
Email

ആയുധ ശേഖരങ്ങളുടെ ശക്തിയിൽ വിശ്വസിക്കുന്ന ഇക്കാലത്ത്, ആന്തരിക മൗനം കൈവരിക്കാൻ സമാധാനപരമായ സഹവാസം അത്യന്താപേക്ഷിതമാണ്. മാനവരാശിയുടെ നിലനിൽപ്പിൻ്റെയും സാമൂഹിക വികസനത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും അടിസ്ഥാന ഘടകം പരസ്പര വിശ്വാസവും സമാധാനവുമാണ്. സമാധാനപരമായ സഹവർത്തിത്വത്തിലൂടെ മാത്രമേ, നമ്മുടെ ജീവിതവും സമൂഹങ്ങളും സുസ്ഥിരവും അർഥവത്തും ഉൽപാദനക്ഷമവുമായി മെച്ചപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. ഓരോ സമൂഹത്തിനും സംസ്ക്കാരത്തിനും മുന്നോട്ടു പോകാൻ കഴിയുന്നത് പരസ്പരവിശ്വാസത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമാണെന്ന് ചരിത്രപാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. വ്യക്തിഗത സമാധാനം നമ്മുടെ ഉന്നത ജീവിത നിലവാരത്തിനും നാം ഏർപ്പെട്ടിരിക്കുന്ന സമൂഹത്തിന്റെ ഉറപ്പുള്ള ഘടനയ്ക്കും അടിവരയിടുന്നു. നമ്മുടെ ആയുധങ്ങളെക്കാൾ കൂടുതൽ ശക്തി നമുക്ക് പകരുന്നതും അതിജീവനം സാധ്യതമാക്കുന്നതും നമ്മിലെ സമാധാനമാണ്. സമാധാനപരമായ സഹവർത്തിത്വത്തിൻ്റെ അഭാവം ഇന്നത്തെയും ഭാവി തലമുറയുടെയും സുരക്ഷിതത്വത്തെ വളരെ ദോഷകരമായി ബാധിക്കും. യഥാർത്ഥത്തിൽ ആധുനിക സമൂഹം വളരെ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. പിരിമുറുക്കം, അക്രമം, മൂല്യത്തകർച്ച, അനീതി, അസഹിഷ്ണത, അഴിമതി, മനുഷ്യാവകാശങ്ങളോടുള്ള അനാദരവ് എന്നിവ ഇക്കാലത്ത് വർദ്ധിച്ചുവരുന്നു. സമാധാനപരവും മെച്ചപ്പെട്ടതുമായ ജീവിത നിലവാരം ആഗ്രഹിക്കുന്ന യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണികളാണിവ. വിശ്വമാനവികതയുടെ ആശയങ്ങളും സന്ദേശങ്ങളും താൽപ്പര്യങ്ങളും മൂല്യങ്ങളും അവരുമായി പങ്കുവച്ചാൽ മാത്രമേ, നമുക്ക് സമാധാനവും ക്ഷേമവും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ സംസ്ക്കാരം കെട്ടിപ്പടുക്കാൻ സാധിക്കൂ.

നമ്മുടെ വ്യക്തിജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും സമ്പന്നമാക്കുന്ന ഏറ്റവും സുപ്രധാനമായ ഘടകം ആന്തരികവും ബഹ്യവുമായ സമാധാനവും സുരക്ഷിതത്വബോധവുമാണെന്ന് നമുക്കറിയാം. ആന്തരിക മൗനം പോലെ മനുഷ്യർക്ക് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ബാഹ്യമായ നിശബ്ദതയും സമാധാനവും. അക്രമാസക്തമോ, സംഘർഷഭരിതമോ ആയ ചുറ്റുപാടുകളിൽ നമുക്ക് അധികകാലം ആന്തരിക സമാധാനത്തിൽ ജീവിക്കുവാൻ സാധിക്കുകയില്ല. കാരണം, സംഘർഷത്തിന്റെയും അശാന്തിയുടെയും അനന്തരഫലങ്ങൾ എല്ലാവരെയും ഒരുപോലെ ബാധിക്കുന്നതും ദൂരവ്യാപകവുമാണ്. വ്യക്തി ജീവിതത്തിലും സമൂഹത്തിലും സമാധാനപരമായി ജീവിക്കാനുള്ള തിരഞ്ഞെടുപ്പ് നാം ഓരോരുത്തരുടേതുമാണ്. അതിനുള്ള തീരുമാനവും മാറ്റവും നാം നമ്മിൽ തന്നെ ആരംഭിക്കണം. ഇങ്ങനെയുള്ള ഒരു തീരുമാനം വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും കഴിയുന്നത്ര പൂർണ്ണമായി പരസ്പരം പിന്തുണയ്ക്കാനും നമ്മെ സഹായിക്കും. നമ്മുടെ വ്യക്തിജീവിതത്തിൽ സമാധാനവും ശാന്തിയും നിലനിർത്താൻ നാം പരിശ്രമിക്കുന്നതിനോടൊപ്പം തന്നെ, നമ്മുടെ സമൂഹത്തിലും ഇതു കണ്ടെത്താനും നിലനിർത്താനുമുളള മാർഗ്ഗങ്ങൾ നാം ആരായുകയും ഇതിൻെറ വളർച്ചയുടെ ചുമതല നാം ഓരോരുത്തരും സ്വയം ഏറ്റെടുക്കുകയും ചെയ്യണം. ലോകമെമ്പാടും, പ്രത്യേകിച്ച്, സംഘർഷം അനുഭവിക്കുന്ന രാജ്യങ്ങളിൽ പോലും പ്രാദേശിക തലത്തിൽ സമാധാനം നിലനിർത്താൻ വേണ്ടി സജീവമായി പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളുമുണ്ട്. ഇങ്ങനെയുള്ള സംഘടനകൾ ഇല്ലാത്ത പ്രദേശങ്ങളിൽ, സമൂഹങ്ങളിൽ ഇവ സ്ഥാപിക്കുന്നതും അതിൽ പ്രവർത്തിക്കുന്നതും സമാധാന സ്നേഹികളായ എല്ലാവരുടെയും കടമയാണ്. സമൂഹത്തിനു വേണ്ടി, നാടിനു വേണ്ടി, രാഷ്ട്രത്തിനു വേണ്ടി, ആഗോള മാനവരാശിയുടെ നിലനിൽപ്പിനും സുസ്ഥിതിക്കും വേണ്ടി, സാക്ഷത്തായ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമാകുവാനുളള ഉൾവിളി നാമോരോരുത്തരും ശ്രദ്ധയോടെ കേൾക്കേണ്ടതാണ്. ഇതിനൊന്നിനും നമുക്ക് സമയം കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ, നമുക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയുമായി ഒരു നിമിഷത്തിന്റെ സാരള്യവും, ശാന്തതയും പങ്കുവെക്കുന്നതിനായിട്ടെങ്കിലും ശ്രമിക്കുക.

ആൻ്റെണി പുത്തൻപുരയ്ക്കൽ

About The Author

Leave a Reply

Your email address will not be published. Required fields are marked *