LIMA WORLD LIBRARY

അനിരുദ്ധന്‍റെ അന്വേഷണങ്ങള്‍

അന്നത്തെ നടപടികള്‍ക്ക് നൈറ്റ് പട്രോളിംഗ് ഒഴിച്ചുള്ളവര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നുമണി ആയി. ഡിജിപി റാങ്കില്‍ സ്പെഷ്യല്‍ ഫോഴ്സിനെ നയിക്കുന്ന അനിരുദ്ധന്‍റെ വിരമിക്കല്‍ സമയം 12 മണിക്ക് അവസാനിച്ചിരുന്നു. ടാസ്ക് ഫോഴ്സിനായുള്ള അധികമായി നല്‍കിയ ഒരു വര്‍ഷം ആണ് ഇന്ന് പൂര്‍ത്തിയായത്.
ڇഅവശേഷിക്കുന്ന രാവ് ആഘോഷത്തിന്‍റെ ആകട്ടെڈ സി.ഐ. സാബു തുടങ്ങിവെച്ചു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നക്സല്‍ വേട്ട കംപ്ലീറ്റ് ആയിട്ടുമതി ഡീറ്റൈല്‍ഡ് പാര്‍ട്ടി. ഇത് ഔപചാരികം മാത്രം.
ആരോ പിറകില്‍നിന്ന് പറയുന്നുണ്ട്.
അനിരുദ്ധനില്‍ വല്ലാത്ത ശൂന്യത നിറയുന്നുണ്ടായിരുന്നു.
കൊച്ചിയിലെ ഫ്ളാറ്റിലെ ഏകാന്തതയില്‍ രോഗിണിയായ ഭാര്യ അനുഭവിക്കുന്ന വൈഷമ്യങ്ങളും, വിധി തന്ന അനപത്യതാ ദുഃഖവും, പതിവില്‍ കൂടുതല്‍ അയാളെ അപ്പോള്‍ മഥിക്കുന്നുണ്ടായിരുന്നു.
റിട്ടയര്‍ ചെയ്താല്‍ ചില യാത്രകള്‍ മാത്രമാണ് ജീവിതപുസ്തകത്തില്‍ പൂരിപ്പിക്കാനായി ബാക്കിവെച്ചിട്ടുള്ളത്. മുകളിലുള്ള ചാരനിറമുള്ള ഔട്ട് ഹൗസുകളിലേക്ക് അനിരുദ്ധന്‍ മടങ്ങുമ്പോള്‍ പിറകില്‍ ചെറുതെങ്കിലും ഒരു ആഘോഷത്തിന്‍റെ ആരവങ്ങള്‍ കേള്‍ക്കാമായിരുന്നു. അപ്പോഴേക്കും പുതിയ ദിനത്തിന്‍റെ അടയാളങ്ങള്‍ മരങ്ങളുടെ ഇടയിലൂടെ കണ്ടുതുടങ്ങിയിരുന്നു.
ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള സുഭാഷും, ഇരുനിറത്തില്‍ ബലിഷ്ഠമായ ശരീരമുള്ള മറ്റൊരു ചെറുപ്പക്കാരനും കൂടി വാതിലുകള്‍ തുറന്നു തന്നു.
അനിരുദ്ധന്‍റെ ഫോണ്‍ ശബ്ദിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ അന്വേഷണങ്ങള്‍ ആണ്. ഒരു ദിവസം കൂടിയുള്ള കാത്തിരുപ്പ് മതിയെന്നുപറഞ്ഞപ്പോള്‍ പ്രതികരണത്തിലെ ആശ്വാസം തിരിച്ചറിയാം. നീക്കങ്ങളും സ്ഥാനവും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. ഒരു ദിവസത്തെ നടപടികൂടി മതിയാകും. ഒരു ദിവസം കൂടി അനിരുദ്ധന്‍റെ സാന്നിദ്ധ്യം അവിടെ ഉറപ്പാക്കി ആണ് ആഭ്യന്തരമന്ത്രാലയക്കാരന്‍ ഫോണ്‍ വെച്ചത്.
അന്ന് വൈകിയാണ് ഉണര്‍ന്നത്. ക്യാമ്പില്‍ എല്ലാവരും ചടുലമായി കാര്യങ്ങള്‍ നീക്കുന്നുണ്ട്. ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ തന്ന ചായയും കുടിച്ച് ഇരിക്കുമ്പോള്‍ ആണ് അയാള്‍ വന്നത്. പുറത്ത് ശരീര പരിശോധന കഴിഞ്ഞാണ് അനിരുദ്ധന്‍റെ അടുക്കലേക്ക് അയാളെ കടത്തി വിട്ടത്. അറുപതിനടുത്ത പ്രായം. എവിടെയോ കണ്ടുമറന്ന മുഖം. ആദ്യം കരുതിയത് ഏതോ ഇന്‍ഫോര്‍മര്‍ ആണെന്നാണ്.
അപരിചിതത്വത്തെ വളരാന്‍ അനുവദിക്കപ്പെട്ടില്ല. തിരിച്ചറിവ് ഉള്ളിലൊരു പെരുമ്പറ തീര്‍ക്കുന്നതറിഞ്ഞു. ദേശങ്ങളും കാലങ്ങളും കടന്നു പിറകിലേക്കുള്ള പാച്ചില്‍ തൃക്കരൂര്‍ ദേവിയുടെ പറയ്ക്കെഴുന്നള്ളിപ്പും, തെങ്ങുംതാര പള്ളിയിലെ റാസയും കടന്നുപോകുന്ന വഴികള്‍ താണ്ടി ഒരു മുറ്റത്ത് ചെന്ന് നിന്നു.
ജനിച്ച വീടും ഗ്രാമവും വിസ്മയത്തോട് നോക്കി കാണുന്നു. അമ്മയും അച്ഛനും കാര്യസ്ഥന്‍ കുഞ്ഞന്‍പിള്ള മാമന്‍റെ മകന്‍ മാധവന്‍ അങ്ങനെ ഒത്തിരിപ്പേര് അവിടെയുണ്ട്. ചെറുപ്പത്തിലെ അനിരുദ്ധന്‍റെ ലോകം മാധവനും മാധവന്‍റെ ലോകം അനിരുദ്ധനും ആയിരുന്നു.
ആണും പെണ്ണുമായി ഒന്നായി വളര്‍ന്നതിനാല്‍ ചുറ്റുവട്ടത്തുള്ള കൂട്ടുകാരുടെ സഹോദരബന്ധം വലിയ അസൂയയോടാണ് അയാള്‍ നോക്കിനിന്നിട്ടുള്ളത്.
ഇത്തിരി ലാളനാദോഷം അനിരുദ്ധനില്‍ ഉണ്ടെങ്കിലും മാധവനോടുള്ള സൗഹൃദങ്ങള്‍ കുറ്റമറ്റതായിരുന്നു; ഒരു ഘട്ടം വരെ. കുടുംബ പശ്ചാത്തലത്തില്‍ തനിക്കു ഭീഷണി അല്ലാത്ത മാധവനോട് ആദ്യം ചെറിയ ഒരു കുശുമ്പ് തോന്നിയത് മാധവന്‍റെ സഹോദരിയുടെ വിവാഹച്ചടങ്ങിലെ അളിയന്‍റെ റോള്‍ കണ്ടപ്പോഴായിരുന്നു. പിന്നവള്‍ക്കു കുഞ്ഞുണ്ടായപ്പോള്‍ മാധവന്‍ അമ്മാവനായി. ആ കുശുമ്പ് അപ്പോള്‍ അല്പം കൂടി എന്നതാണു സത്യം.
പക്ഷേ മച്ചിന്‍റെ മുകളില്‍ ഗോലികളും, ചിത്രചീട്ടുകളും സൂക്ഷിയ്ക്കുന്നതുപോലെ ഇത്തരം ചിന്തകളെ ആരും കാണാതെ ഒളിപ്പിക്കാന്‍ അനിരുദ്ധന് നല്ല മിടുക്ക് ആയിരുന്നു. മാധവന്‍ എപ്പോഴും ഒപ്പമുള്ളത് അനിരുദ്ധന് നേട്ടമായിരുന്നു. അധികമാരോടും മിണ്ടാത്ത ഒരു അധോമുഖന് ഒരു തുണ ആവശ്യമായിരുന്നു.
അങ്ങനെയിരിക്കെയാണ് മാധവന്‍റെ വീട്ടിലേക്ക് അവന്‍റെ അച്ഛന്‍ പെങ്ങളുടെ മകള്‍ വന്നത്. ദേവു എന്ന ദേവയാനി. څഅമ്മ മരിച്ചുപോയچ ദേവൂന്‍റെ അച്ഛന് ദൂരെദിക്കില്‍ ജോലിക്ക് പോകാന്‍ അവളെ സുരക്ഷിതമായി നിര്‍ത്താനാണ് അവിടേക്ക് വന്നത്.
ദേവു ആകട്ടെ സുന്ദരി ആണ്. ഒരു ഛായചിത്രത്തില്‍ നിന്നും ഇറങ്ങി വന്നപോലെ ലക്ഷണമൊത്ത രൂപഭംഗിയുണ്ടവള്‍ക്ക്. വളരെ പെട്ടെന്ന് തന്നെ അവള്‍ ആ നാടിന്‍റെയും വീടിന്‍റെയും പരിചിതയായി മാറി. മാധവന്‍റെ വീട്ടുകാര്‍ക്ക് അനിരുദ്ധന്‍റെ വീട്ടിലുള്ള എല്ലാ സ്വാതന്ത്ര്യവും അവളും സ്വന്തമാക്കി. അനിരുദ്ധന്‍റെ അമ്മയ്ക്ക് അവള്‍ നല്ലൊരു കൂട്ടായി മാറി. ഒരിക്കല്‍ അവര്‍ പറഞ്ഞു. څദേവു, മാധവന്‍റെ പെണ്ണാണ്, അവളെ അവന്‍ കല്യാണം കഴിച്ചാല്‍ എനിക്ക് ഒരു കൂട്ടായി ഈ നാട്ടില്‍ തന്നെ അവള്‍ കാണുമല്ലോچ.
നടുത്തളത്തില്‍ നിന്ന അനിരുദ്ധന്‍ അമ്മയുടെ വാക്കുകള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. മാധവനോട് കൊടിയ ആസുരഭാവം പ്രാപിക്കാന്‍ ശക്തിയുള്ള അസൂയയുടെ വിത്താണ് അവന്‍റെ മനസ്സില്‍ അന്ന് വീണത്. നാളുകള്‍ കടന്നുപോകുന്തോറും ദേവൂന്‍റെ യൗവനം എന്നും വസന്തം ഉള്ള ഉദ്യാനം പോലെ തിളക്കമേറി നിന്നു.
അനിരുദ്ധന്‍റെ അസൂയ പകയായി വളരാന്‍ അധിക നാളുകള്‍ വേണ്ടിവന്നില്ല. ഒരിക്കലും വിവാഹം കഴിച്ച് തനിക്ക് ദേവൂനെ സ്വന്തമാക്കാന്‍ ആകില്ല എന്ന സത്യം അവനറിയാം. അതുപോലെ വെല്ലുവിളികളെ നേരിടാന്‍ അറിയാത്ത അവന്‍റെ സ്വത്തബോധം അതിനപ്പുറമുള്ള ഒരു സാഹസത്തെപ്പറ്റി ചിന്തിക്കാന്‍ അനിരുദ്ധന് പ്രാപ്തി നല്‍കിയതുമില്ല. പക്ഷേ തനിക്കില്ലാത്ത; താനനുഭവിക്കാത്ത ഒന്നും മാധവനും കിട്ടരുതെന്ന് അവന്‍ ഉറപ്പിച്ചു. അതിനായി ദേവുവിന്‍റെ പ്രീതി പിടിച്ചുപറ്റാനായി ഉള്ള ശ്രമം ആയിരുന്നു പിന്നീട്. ഒരു സമ്മാനത്തിനായി പൊരുതിക്കളിക്കുന്ന കളിക്കാരന്‍റെ മനോഭാവം ആയിരുന്നു അവനില്‍. മറുവശത്തു മാധവന്‍ ഇതൊന്നും അറിയുന്നില്ല എന്നും അവനുറപ്പായിരുന്നു.
ഉത്സവപ്പറമ്പിലെ കരിവളയും ചാന്തും മുതല്‍ അമ്മ അരിപ്പെട്ടിയുടെ അറയില്‍ സൂക്ഷിക്കുന്ന അഞ്ചുരൂപ നോട്ടുകള്‍ വരെ പ്രലോഭനങ്ങള്‍ക്കു ത്വരകങ്ങളായി അവന്‍ ഉപയോഗിച്ചു. ഓരോ തവണയും എന്താണ് സംഭവിക്കുന്നതെന്ന് ഉള്ള അന്ധാളിപ്പ് ദേവൂന്‍റെ കണ്ണുകളില്‍ പ്രതിഫലിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. അതിനാല്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ അവന്‍റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
പ്രലോഭനങ്ങളുടെ ആവേഗം ഉച്ചസ്ഥായി ആയ ഒരു മധ്യാഹ്നത്തില്‍ ഉരപ്പുരയുടെ ചാണകം തളിച്ച തറയില്‍ വിയര്‍പ്പൊട്ടിയ ദേഹവും ആയി അവള്‍ കിടന്നു. വെറും നിലത്ത് കറുത്ത് പടര്‍ന്നുകിടക്കുന്ന മുടിയുമായി മുഖം പൊത്തി അവള്‍ കരഞ്ഞു. അല്പം മാറി കൈമടക്കില്‍ ശിരസ്സുയര്‍ത്തിവെച്ച് അനിരുദ്ധന്‍ കിടന്നു. ഭിത്തിയില്‍ കുമ്മായം ഇളകിയ അടയാളങ്ങള്‍ തീര്‍ത്ത ചിത്രങ്ങളില്‍ കണ്ണുനട്ട് മാധവനോട് എന്തോ പ്രതികാരം തീര്‍ത്തപോലെ ഉള്ളാലെചിരിച്ചു. മിഥ്യയില്‍ തീര്‍ത്ത അഹംബോധത്തിന്‍റെ തടവറയിലാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
വിജയാഹ്ലാദത്തിന് അധികം ആയുസ്സില്ലായിരുന്നു. എല്ലാവരും എല്ലാം അറിഞ്ഞു. പക്ഷേ രണ്ടു വീടുകളുടെ ചുവരുകളില്‍ എല്ലാം ഒതുക്കാന്‍ അവസരത്തിനൊത്തുയര്‍ന്ന അമ്മക്ക് കഴിഞ്ഞു. ആരേയും നേരിടാനാകാതെ മുറിയിലൊളിച്ച ദിവസങ്ങള്‍. പിന്നീട് അമ്മയാണ് തീരുമാനങ്ങള്‍ എടുത്തത്. മാധവന്‍റെ പറമ്പും വീടും പറഞ്ഞതിലും കൂടിയ വിലയ്ക്ക് അച്ഛനെക്കൊണ്ട് തീറാധാരം എഴുതിച്ചു. പോകുന്ന ദിക്കില്‍ സ്ഥലം വാങ്ങാനും വീടുപണിയാനും അവിടെ ഒന്ന് പച്ചപിടിക്കാനും ഉള്ള ഒരു സംഖ്യ വേറെ കയ്യില്‍ ഏല്പിച്ചു. എല്ലാം അകത്തെ മുറിയില്‍ ഇരിക്കുന്ന അനിരുദ്ധന്‍ അറിയുന്നുണ്ടായിരുന്നു.
മകരത്തിലെ പകലുകള്‍ ആണ് ഏറ്റവും സുന്ദരവും ഹൃദ്യവും. അത്തരം ഒരു മകരത്തിലെ പകലിലാണ് മാധവനും കുടുംബവും നാട്ടില്‍ നിന്നും പോയതും. പാടത്തിന്‍റെ ഓരത്തുള്ള ചെറുതെങ്ങുകള്‍ കാഴ്ച മറക്കുന്നെങ്കിലും നടവരമ്പിലൂടെ മാധവനും ദേവുവും അച്ഛനും അമ്മയും നടക്കുന്നത് ജനാലപ്പഴുതിലൂടെ അനിരുദ്ധന്‍ നോക്കി നിന്നു. മഞ്ഞില്‍ കുഴഞ്ഞ വെയില്‍ മങ്ങി നില്‍ക്കുകയായിരുന്നു. മാധവന്‍റെ അച്ഛന്‍ നട്ടുനനച്ച വാഴത്തോപ്പില്‍ നിന്ന് ഒരു കാറ്റ് അവരെ തഴുകാനെന്നവണ്ണം പുറപ്പെട്ടു.
മൈസൂരിലെ പഠനത്തിനായി അനിരുദ്ധനും ആ മാസം തന്നെ നാടുവിട്ടു. പഠിക്കാന്‍ പോയതില്‍പ്പിന്നെ നാടുമായി വലിയ ബന്ധം വേണ്ടിവന്നില്ല. ബിരുദം എടുത്തതിനുശേഷം സൈന്യത്തില്‍ ചേര്‍ന്നു. പിന്നെ ഉന്നതകുടുംബത്തില്‍ നിന്നും വിവാഹം. സൗഭാഗ്യങ്ങള്‍ ചുറ്റും ഒഴുകി പരക്കുന്നത് വിസ്മയത്തോടെയാണ് അവനുപോലും കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ മാധവനെ മറന്നു. ദേവൂനെ മറന്നു.. പലതും മറന്ന കൂട്ടത്തില്‍ എന്തിന് നാടുപോലും മറന്നു.
ആദ്യമായി വന്ന തിരിച്ചടി. കുട്ടികളില്ലാത്തതിന് ചികിത്സ തേടി പോയ വഴികളിലായിരുന്നു. പരീക്ഷണ നിരീക്ഷണങ്ങള്‍ ഒന്നായി പരാജയപ്പെടുകയും അജ്ഞാതകാരണങ്ങള്‍ എന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തപ്പോഴായിരുന്നു അത്. വിശദ പഠനങ്ങളില്‍ തന്‍റെ ചില പ്രശ്നങ്ങള്‍ കണ്ടെത്തിയപ്പോള്‍ അത് ഭാര്യയില്‍നിന്നും മറച്ചു വയ്ക്കാനും മിടുക്കു കാണിച്ചു. ആദിമധ്യാന്തങ്ങള്‍ ഇല്ലാത്ത ഒരു ജീവി വളര്‍ന്നു നിന്ന് തന്നെ ഗോഷ്ടി കാണിച്ച് അപമാനിക്കുന്നതായി അക്കാലത്തു തോന്നാറുണ്ടായിരുന്നു.
ഒരിക്കല്‍ പേരുകേട്ട ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ ഗസ്റ്റ് റൂമില്‍ കാത്തിരിക്കുമ്പോള്‍ പാര്‍ക്കിംഗ് ഏരിയായ്ക്ക് സമീപം ചെടിച്ചെട്ടികള്‍ക്കിടയില്‍ തറയോടുകള്‍ക്കുമേലെ ഒരു വെളുത്ത പൂച്ച മൂന്നു കുഞ്ഞുങ്ങള്‍ക്ക് പാലുനല്‍കി. അവരെ നക്കി സ്നേഹിക്കുന്ന കാഴ്ച അനിരുദ്ധന്‍റെ ശ്രദ്ധയില്‍പെട്ടു. ആ കാഴ്ചയിലേക്ക് കൃഷ്ണവേണി പോകാതിരിക്കാന്‍ അവളേയും കൂട്ടി അയാള്‍ കാന്‍റിനിലേക്ക് നടന്നു. ഇതുപോലെ പിന്നീടും മാതൃത്വവും ആയി ബന്ധമുള്ള കാഴ്ചകള്‍ അവര്‍ക്കിടയില്‍ പൊതുവായി സംഭവിക്കാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു.
തിരിച്ചറിഞ്ഞുകഴിഞ്ഞുള്ള ആശങ്കകളും അമ്പരപ്പും മറച്ചുവെച്ചാണ് മാധവന്‍റെ വാക്കുകള്‍ അനിരുദ്ധന്‍ കേട്ടത്. ചമയങ്ങളഴിച്ചുവെച്ച് ഇറങ്ങിവന്ന യവനകഥയിലെ യോദ്ധാവിനെ അനുസ്മരിക്കും വിധം ആയിരുന്നു മാധവന്‍റെ ചലനങ്ങള്‍. യാചനയോ നിസ്സംഗതയോ സ്വരത്തില്‍ ഇല്ലായിരുന്നു. ആധികാരികമായാണ് പറഞ്ഞുതീര്‍ത്തത്. څദേവൂന്‍റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന നിന്‍റെ കുഞ്ഞിനെ അച്ഛന്‍റെ സ്ഥാനത്തുനിന്ന് ഞാന്‍ വളര്‍ത്തി. പക്ഷേ ഇന്നവള്‍ ഒരു ആപത്തിലാണ്. അവളെ സഹായിക്കണം. അവരുടെ ലക്ഷ്യം കൊള്ളാമായിരിക്കാം, പക്ഷേ മാര്‍ഗം അംഗീകരിക്കാനാവില്ല എന്ന് എനിക്കുമറിയാം. ഈ ഘട്ടത്തില്‍ അവളുടെ അച്ഛനുമാത്രമേ സഹായിക്കാനാവൂچ. മുന്നിലേക്ക് നീട്ടിയ ചൂണ്ടുവിരലുകള്‍ നെഞ്ചിന് നേരെ ആയിരുന്നു.
വരവിനു വിശ്വാസ്യത വേണ്ടിയിട്ടാകണം അയാള്‍ അവര്‍ താമസിച്ചിരുന്ന വീടിന്‍റെ വിലാസം പറഞ്ഞുകൊടുത്തിട്ടാണ് മടങ്ങിയത്. അനിരുദ്ധന്‍ ചായ വരുത്താമെന്നു പറഞ്ഞിട്ടും അത് നിരസിച്ചാണ് ഉറച്ചകാല്‍വെയ്പ്പുകളോടുകൂടി ഇറങ്ങി പോയത്.
അവിശ്വസനീയതയോടുകൂടിയാണ് അയാള്‍ എല്ലാം കേട്ടിരുന്നത്.
തനിക്ക് ഒരു മകള്‍. തന്‍റെ ചോരയില്‍ ഒരു മകള്‍. പറിച്ചുകളഞ്ഞ മോഹം ഒരു പ്രത്യേക കര്‍മവഴിയില്‍ വീണ്ടും യാഥാര്‍ത്ഥ്യം ആകുകയാണോ? ഒരു വേള അയാള്‍ ജാഗ്രതയില്‍ ആയി. പറഞ്ഞതനുസരിച്ച് മാവോവാദികളിലെ ആ പെണ്‍കുട്ടി?. ഇന്നലെ വരെ വേട്ടയാടുകയും യന്ത്രങ്ങള്‍ മെനയുകയും ചെയ്തത് സ്വന്തം ചോരയ്ക്ക് എതിരെ ആയിരുന്നോ?.
ഇപ്പോള്‍ തന്നെ ഫോഴ്സ് വളരെ മുന്നേറിയിട്ടുണ്ടാകും. ഒരു പക്ഷേ ഇന്ന് തന്നെ?.
അയാള്‍ ജീപ്പ് റോഡ് അവസാനിക്കുന്നിടത്ത് അംഗരക്ഷകരും വാഹനവും ഉപേക്ഷിച്ചുകൊണ്ട് കാടുകയറാന്‍ തുടങ്ങി. കാടിന്‍റെ മുഴുവന്‍ രൂപരേഖയും അയാളുടെ കയ്യിലുണ്ടായിരുന്നു. ഫോഴ്സ് ടാര്‍ഗെറ്റിലേക്ക് എത്തുന്നതിനും പിറകിലൂടെ ഏറെക്കുറെ എതിര്‍ദിശയില്‍ അവരെ സമീപിക്കാനാണ് അയാള്‍ പദ്ധതിയിട്ടത്.
പഠിച്ചതും അനുഭവത്തില്‍ നേടിയതും അതിന്‍റെ നൂറിരട്ടി കൗശലത്തോടെ പ്രയോഗിക്കേണ്ട ഒരു യുദ്ധമുഖം ആണ് ഇതെന്ന് അയാള്‍ക്ക് ബോധ്യം ഉണ്ട്. ഉച്ചവെയിലില്‍ പോലും അതിന്‍റെ ലാഞ്ചന പോലുമെത്താത്ത ഉള്‍വനത്തിന്‍റെ രൗദ്രത്തെ അയാള്‍ ശ്രദ്ധിച്ചില്ല. പക്ഷികളും മൃഗങ്ങളും സമ്മിശ്രമായി ഉയര്‍ത്തുന്ന ശബ്ദകോലാഹലങ്ങള്‍ അയാള്‍ അറിഞ്ഞില്ല.
കുതിര്‍ന്ന ഇലകള്‍ വീണ് അടിത്തട്ട് മൂടിയ അരുവിയിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു. ആറ്റിലേക്ക് തള്ളി നില്‍ക്കുന്ന കാട്ടുകല്ലില്‍ ഇരുന്ന് ക്ഷീണമകറ്റി. വീണ്ടും നടത്തം തുടര്‍ന്നു.
അപ്രതീക്ഷിതമായി ആണ് വെടിവെയ്പ്പ് ഉണ്ടായത്. ഭുജങ്ങളിലുരസി ബുള്ളറ്റ് കടന്നു പോയി. വളരെ പെട്ടെന്ന്തന്നെ അനിരുദ്ധന്‍ ഒരു മരത്തിന്‍റെ മറവിലേക്കു മാറി വെടിയുണ്ട വന്ന ലക്ഷ്യത്തിലേക്കു തോക്കെടുത്തു ലക്ഷ്യം വെക്കുകയും ചെയ്തു. അയാള്‍ കാഞ്ചിവലിക്കാതെ കാത്തിരുന്നു. തന്നിലെ പോലീസുകാരനെക്കാള്‍ ഒരു മകള്‍ എന്ന സൗഭാഗ്യം ലഭിക്കാന്‍ പോകുന്ന അച്ഛന്‍റെ നേട്ടം ആണ് മനസ്സില്‍ മുന്നിട്ടു നിന്നത്. അവളെ വീണ്ടെടുക്കണം. അതുമാത്രമായിരുന്നു ലക്ഷ്യം.
പക്ഷേ യുദ്ധതന്ത്രങ്ങളില്‍ വരുത്തിയ വീഴ്ചയ്ക്ക് അയാള്‍ കൊടുത്ത വില വലുതായിരുന്നു. ഇടതുവശത്തേക്ക് ചാടിയ ഒരുവനെ വെടിവെച്ചിട്ട് പിറകിലേക്ക് തിരിഞ്ഞതും വള്ളിപ്പടര്‍പ്പില്‍ നില്‍ക്കുന്ന ആളിനെപ്പറ്റി, അത് ഒരു പെണ്‍കുട്ടിയാണോ എന്ന സന്ദേഹം അനിരുദ്ധന്‍റെ ശ്രദ്ധയെ മാറ്റിമറിച്ചുകളഞ്ഞു. വലതുവശത്തുനിന്നും വന്ന വെടിയുണ്ട അയാളുടെ കഴുത്തിനെ തുളച്ചു. ഒരു നിമിഷാര്‍ത്ഥത്തില്‍ തന്നെ വെടിവെച്ച ആളിനെ അയാള്‍ കണ്ടു. അത് ഒരു പെണ്‍കുട്ടി ആയിരുന്നു. അവളെ അരികിലേക്ക് വിളിക്കാനും എന്തൊക്കെയോ പറയാനും അയാള്‍ ആഗ്രഹിച്ചു. അബോധാവസ്ഥയിലേക്കു നീങ്ങുമ്പോഴും ആ ചുണ്ടുകള്‍ ചലിക്കുന്നുണ്ടായിരുന്നു. മറ്റു ചില വെടിയൊച്ചകളും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.
മാധ്യമങ്ങളില്‍ പിറ്റേന്ന് മാവോവാദികളെ ഉന്മൂലനം ചെയ്ത ഫോഴ്സിന്‍റെ വീരകൃത്യങ്ങള്‍ നിറഞ്ഞിരുന്നു. റിട്ടയര്‍ ചെയ്തിട്ടും പോരാട്ടം അവസാനിപ്പിക്കാതെ മരണത്തിനു കീഴടങ്ങിയ അനിരുദ്ധന്‍റെ കഥٹ. പ്രാധാന്യത്തോടെ څബോക്സ്چ ന്യൂസായി തന്നെ ഉണ്ടായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും മലബാറില്‍ നിന്നും രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് ഇവിടേക്ക് വന്നവരാണെന്നും അച്ഛന്‍ മാധവന്‍, അമ്മ ദേവയാനി എന്നിവര്‍ മരിച്ചിട്ട് അഞ്ചുവര്‍ഷമായി എന്നും ഇവരുടെ മറ്റു ബന്ധുക്കളെപ്പറ്റി ആര്‍ക്കും ഒരു വിവരവും ഇല്ല എന്നും വാര്‍ത്തകളില്‍ പറയുന്നുണ്ടായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px