നമുക്ക് കാണാൻ കഴിയുന്നതിനേക്കാൾ അനേകമടങ്ങ് പ്രസക്തമാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്. ജവഹർലാൽ നെഹൃ ജയിലിലായിരുന്നു കൊണ്ട് ഇന്ത്യയെ അപഗ്രഥിച്ചു പഠിച്ചതുകൊണ്ടല്ലേ Discovery of India പിറന്നത്. ഒരു മനുഷ്യാത്മാവിന്റെ ഏറ്റവും വലിയ നേട്ടം ചിലതെല്ലാം കണ്ടെത്താനും അതെന്താണെന്നു ലളിതമായി അവതരിപ്പിക്കാനും കഴിയുന്നിടത്താണ്. അങ്ങനെ കഴിഞ്ഞതിന്റെ പരിണത ഫലമാണ് ജോൺ റസ്കിന്റെ Modern Painters ഉദയം ചെയ്തത്. അതാണ് റസ്കിൻ പറയുന്നത് : To see clearly is poetry, prophesy and religion all in one. കാണാതെ തന്നെ കണ്ടെത്തിയ പ്രതിഭയല്ലേ അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലർ . കാണുന്നവരെന്ന് അഭിമാനിക്കുന്ന നാം ഇനിയും ഒത്തിരി കാര്യങ്ങൾ കാണേണ്ടതുണ്ട് , കണ്ടത്തേണ്ടതുണ്ട്. വിവേചിച്ചറിയേണ്ടതുണ്ട്. അതിനുളള കഴിവും നമ്മിലുണ്ട്. അതു വേണ്ട വിധം ഉപയോഗിക്കുക – നെഹൃവിനെപ്പോലെ, റസ്കിനെപ്പോലെ, ഹെലൻ കെല്ലറിനെപ്പോലെ . ജോസ് ക്ലെമന്റ്












