പദസംഗ്രഹം: നാഢീയ പാത, നാഡീയടയാളം, ആംഗികം, സ്പർശഗ്രാഹി,തന്ത്രിക അക്ഷം, ഗുണസൂത്രസംയോജകം, നാഢീവ്യതിയാനം
മാനസിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധനശക്തി വളർത്തിയെടുക്കുവാനും അർത്ഥപൂർണ്ണമായ ജീവിതം നയിക്കുവാനും ജീവിതത്തിൽ ക്ഷേമം കൈവരിക്കാനും ആവശ്യമായ ശാസ്ത്രാധിഷ്ഠിത വിവരങ്ങൾ നല്കുന്നതിൽ നവീന സിരാവിജ്ഞാനീയം വളരെ വിജയിച്ചിട്ടുണ്ട്. പുരാതന ജ്ഞാനവും സന്തോഷത്തിന്റെ പുതിയ ശാസ്ത്രവും തമ്മിൽ കൈകോർക്കുമ്പോൾ നമുക്ക് കരഗതമാകുന്നത് വിഷാദവും ഉത്കണ്ഠയും അസന്തുഷ്ടിയും സമ്മർദ്ദവും നിറഞ്ഞ ജീവിതത്തിൽ നിന്നുളള വിമോചനമാണ്. ജീവിതത്തിൽ സന്തോഷത്തിന്റെ അനുഭവങ്ങളും ഭാവാത്മകശീലങ്ങളും വളർത്തിയെടുക്കാനും നിഷേധാത്മക വൈകാരിക സംഘട്ടനങ്ങളിൽ നിന്നും മോചനം നേടാനും ജീവിതത്തിൽ ക്ഷേമം കൈവരിക്കാനും ഇതു നമ്മെ സഹായിക്കും. ഇതുപോലുള്ള പരിശീലനത്തിന് ഉപകരിക്കുന്ന, ലളിതവും വ്യക്തവും ഫലപ്രദവുമായ മാർഗ്ഗനിർദ്ദേശങ്ങൾ സിരാവജ്ഞാനീയം നമുക്ക് നൽകുന്നുണ്ട്. ഇതിൽ ഏറ്റവും സുപ്രധാനവും കാര്യക്ഷമവുമായ ഒരു മാർഗ്ഗമായി ആധുനിക സിരാവിജ്ഞാനീയം നിർദ്ദേശിക്കുന്നത് നാഢീയ പാത വികസനമാണ്.
സിരാവിജ്ഞാനീയരുടെ അഭിപ്രായത്തിൽ ഓരോ മസ്തിഷ്കവും വ്യത്യസ്തമാണ്, അതുപോലെ, ഇത് സദാ അനുവർത്തനീയവുമാണ്. ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ നാഡീയടയാളം (neural print) ഉള്ളവരുമാണ്. ഇതുമൂലം ഒരേ അനുഭവത്തെ ഓരോ വ്യക്തിയും അവരവരുടേതായ, തികച്ചും വൈയക്തികമായ രീതിയിലാണ് നിരൂപിക്കുക. അതിനാൽ, ഓരോ വ്യക്തിയും നൽകുന്ന വ്യാഖ്യാനത്തിനനുസരിച്ച് അത് അവരുടെ തലച്ചോറിനെ രൂപപ്പെടുത്തുകയും ജീവിതത്തിലുടനീളം വ്യക്തിയുടെ പെരുമാറ്റങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇതിനനുസരിച്ചാണ് ഓരോ വ്യക്തിയുടെയും പെരുമാറ്റ രീതികൾ, ആരോഗ്യം, മൂല്യബോധം എന്നിവയെല്ലാം വ്യത്യസ്തമായി അല്ലെങ്കിൽ അതുല്യമായി നിലകൊള്ളുന്നത്. പുതിയ നാഢീയ പാതകൾ (new neural pathways) വികസിപ്പിക്കുന്നതിലൂടെ, നമുക്ക് പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പെരുമാറ്റങ്ങൾ പുനർരൂപപ്പെടുത്തുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും കഴിയുന്ന പദ്ധതികൾ പരീക്ഷിക്കാൻ ശാസ്ത്രലോകം നമ്മോട് അഭ്യർത്ഥിക്കുന്നത്.
എന്താണ് നാഢീയ പാതകൾ? നമ്മുടെ തലച്ചോറിലെ നാഢീകോശങ്ങൾക്കിടയിൽ (neurons) രൂപപ്പെടുന്ന നാഢീപാർശ്വതന്തുക്കളുടെ (dendrites) സംയോജകങ്ങളാണ് നാഢീയ പാതകൾ. നാഢീയ കോശങ്ങൾ ആശയവിനിമയം നടത്തുന്നത് വൈദ്യുത-രാസ സംക്രമണങ്ങളുടെ മിശ്രിതത്തിലൂടെയാണ്. വൈദ്യുത-രാസ ആംഗികങ്ങൾ (signals) കടന്നുപോകുന്ന പ്രധാന വീഥിയെയാണ് നാം നാഢീയ പാത എന്നു വിളിക്കുന്നത്. നമുക്ക് ഇതുവരെ ഉണ്ടായിട്ടുള്ള ഏതൊരു ചിന്തയെയും പ്രതിനിധീകരിക്കുന്ന ഒരു മാതൃകയായി ഇതിനെ കണക്കാക്കാം. നമ്മുടെ നാഡീവ്യവസ്ഥയിൽ അതിസങ്കീർണ്ണങ്ങളായ അഭികലനങ്ങൾ (computations) നടത്താൻ കഴിവുള്ള ഏകദേശം 100 മുതൽ 120 ബില്യൺ വരെ, പരസ്പര ബന്ധിത നാഢീകൾ (neurons) അടങ്ങിയിരിക്കുന്നു. ഓരോ നാഢീക്കും കോശകവചവും അതിന്റെ വിപുലീകരണങ്ങളായ തന്തുക്കളും അടങ്ങുന്ന ഒരു സ്പർശഗ്രാഹി (antenna) മേഖലയുമുണ്ട്. ഒരു നാഢീകോശം മറ്റ് നാഢീകോശങ്ങളിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്നത് ഇവിടെയാണ്. പിന്നീട് ഇവ തന്നെ ആംഗികങ്ങളെ ഗണനം ചെയ്ത്, വൈദ്യുത പ്രേരണകങ്ങളുടെ രൂപത്തിൽ തന്ത്രിക അക്ഷം (axon) വഴി മറ്റ് നാഢീകോശങ്ങളിലേയ്ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ഉൽസർജ്ജകങ്ങളിൽ (emitters) നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ മറ്റ് നാഢീകോശങ്ങളിലെ സ്പർശഗ്രാഹികളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ഗുണസൂത്രസംയോജകങ്ങൾ (synapses) എന്നറിയപ്പെടുന്ന സമ്പർക്ക അഗ്രങ്ങൾ വഴിയാണ്. ഒരു തന്ത്രിക അക്ഷത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി പ്രേരണ ഈ സമയത്ത് രാസ ആംഗികമായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇപ്പോൾ വിവരങ്ങൾ ഒരു ദിശയിലേക്ക് മാത്രം ഒഴുകുന്നു: ഒരു കോശം സംവേദിക്കുമ്പോൾ, മറ്റൊരു കോശം സ്വീകർത്താവായിരിക്കും. ഒരോ നാഢീകോശത്തിനും വികസിപ്പിക്കാൻ കഴിയുന്ന ഗുണസൂത്രസംയോജകങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും. സാധാരണയായി, ഒരു നാഢീകോശത്തിന് ഒന്ന് മുതൽ ഒരു ലക്ഷത്തിലധികം വരെ ഗുണസൂത്രസംയോജകങ്ങൾ ഉണ്ടാകാം. ഇതുപോലെ, ശരാശരി ഓരോ നാഢീകോശത്തിനും ഏകദേശം ആയിരം ഗുണസൂത്രസംയോജകങ്ങൾ എങ്കിലും ഉണ്ടായിരിക്കും.
പുതിയ നാഢീയ പാത വികസനം എന്താണ്? നാഢീപാർശ്വതന്തുക്കളാൽ ബന്ധിപ്പിക്കപ്പെടുന്ന നാഢീകോശങ്ങൾ നമ്മുടെ ശീലങ്ങളെയും പെരുമാറ്റങ്ങളെയും അടിസ്ഥാനമാക്കി തലച്ചോറിൽ പുതിയ പാതകൾ അല്ലെങ്കിൽ കോശസമൂഹങ്ങളെ സൃഷ്ടിക്കുന്ന പ്രതിഭാസത്തെയാണ് നാഢീയ പാത വികസനം എന്നു വിളിക്കുന്നത്. ആവർത്തിച്ചുള്ള നമ്മുടെ പെരുമാറ്റങ്ങളും ചിന്തകളും വഴി നാഢീപാർശ്വതന്തുക്കളുടെ എണ്ണം മസ്തിഷ്കത്തിൽ വർദ്ധിക്കുന്നു. “ന്യൂറോണൽ ഫയറിംഗ്” എന്ന പ്രക്രിയയിലൂടെയാണ് നമ്മുടെ മസ്തിഷ്ക കോശങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത്. മസ്തിഷ്കത്തിന്റെ വിവിധ മേഖലകളിലേക്ക് പുതിയ നാഢീയ പാതകൾ വികസിപ്പിച്ചുകൊണ്ടാണ് നാം ശൈശവം മുതൽ പുതിയ നൈപുണ്യങ്ങൾ നേടുകയും സ്വഭാവരീതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നത്. മസ്തിഷ്ക കോശങ്ങൾ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ, അവ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢതരമാകുന്നു. ഇതേക്കുറിച്ച്, മനഃശാസ്ത്രജ്ഞനായ ഡീൻ വെയറിൻ്റെ അഭിപ്രായം ഇങ്ങനെയാണ്: “മസ്തിഷ്കത്തിൽ ഒരേ പാതയിലൂടെ സഞ്ചരിക്കുന്ന സന്ദേശങ്ങൾ അനേക പ്രാവശ്യം ആവർത്തിക്കപ്പെടുമ്പോൾ, അതിവേഗത്തിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങും”. പഞ്ചേന്ദ്രിയങ്ങളിലുടെ സദാ നമുക്ക് ലഭിക്കുന്ന അനുഭൂതികളെ പതിവായി ഉപയോഗപ്പെടുത്തുന്നതിലൂടെ പുതിയ നാഢീയ പാതകൾക്ക് രൂപം കൊടുക്കാൻ നമുക്ക് കഴിയും. ഇങ്ങനെ കൈവരിക്കുന്ന പാടവങ്ങൾ അല്ലെങ്കിൽ സ്വഭാവരീതികൾ ഇടയ്ക്കിടെയുള്ള ആവർത്തനത്തിലൂടെ യാന്ത്രികമായി മാറ്റുവാൻ കഴിയും. വായന, വാദ്യോപകരണ അഭ്യാസം, നൃത്തം, വാഹനമോടിക്കൽ എന്നിങ്ങനെയുള്ള സങ്കീർണ്ണങ്ങളായ വൈദഗ്ദ്ധ്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
നാഢീകോശങ്ങൾ പ്രധാനമായും മൂന്ന് തരത്തിലുണ്ട്: പേശികളെ നിയന്ത്രിക്കുന്ന പ്രേരക നാഢീകോശങ്ങൾ; നമ്മുടെ ഇന്ദ്രിയങ്ങളാൽ ഉത്തേജിപ്പിക്കപ്പെടുന്ന സംവേദി നാഢീകോശങ്ങൾ; നാഢീകോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അന്തര-നാഢീകോശങ്ങൾ. നാഡീകോശങ്ങളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നത് ഗുണസൂത്രസംയോജനം (synapse) വഴിയാണ്. രാസ സന്ദേശവാഹകരുടെ രൂപത്തിലുള്ള ആംഗികങ്ങൾ (signals) സംവദിക്കാനും വികാരങ്ങളും സംവേദനങ്ങളും അനുഭവിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. അവ നമ്മിൽ ഓർമ്മകൾ സൃഷ്ടിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.












