LIMA WORLD LIBRARY

ഉഴുന്നുവടയുടെ പകുതി – മോഹൻദാസ്

എന്തു കിട്ടിയാലും അത് പകുത്തു നൽകുന്ന സ്വഭാവം എന്റെ അമ്മൂമ്മയ്ക്കുണ്ടായിരുന്നു . പ്രായമായവരുടെ ഒരു പൊതുസ്വഭാവമാണിത്.

നാലു മണിക്ക് ഉഴുന്നുവടയുണ്ടാക്കിയപ്പോൾ അതിന്റെ പകുതി കൈ കൊണ്ട് മുറിച്ച് അമ്മൂമ്മ എനിക്കു നീട്ടി.

മറ്റൊരാൾ കൈ കൊണ്ടു മുറിച്ച് നൽകിയ ആ പലഹാരത്തിന്റെ കഷണം തിന്നാൻ എനിക്ക് മടിയായിരുന്നു.അപ്പോൾ
അമ്മൂമ്മ വേദനയോടെ പറഞ്ഞ ഒരു വാചകം ഇന്നും എന്റെയുള്ളിൽ ഉണങ്ങാതെ കിടപ്പുണ്ട്.

‘ഇപ്പം നമ്മളെയാർക്കും വേണ്ട. ‘

ചുക്കിച്ചുളിഞ്ഞ കണ്ണുകളിൽ കണ്ണീരിന്റെ നനവ് .

ഇന്ന് അമ്മൂമ്മയില്ല.

അവഗണിക്കപ്പെടുന്ന വാർദ്ധകൃത്തിന്റെ വേദനയാണിത്.

കുട്ടിയായിരിക്കുമ്പോൾ അമ്മയും അമ്മൂമ്മയും വിളമ്പി നൽകുന്ന തൈരു കുഴച്ച ചോറുരുളകൾ കഴിച്ചു വളർന്ന ബാല്യം ഓർമ്മകളിലുണ്ട്. അന്ന് ആ കൈകളുടെ വൃത്തിയെക്കുറിച്ച് കുട്ടികൾ വ്യാകുലപ്പെടാറില്ലായിരുന്നു.

അന്ന് അമ്മയുടെ അവകാശത്തിനായി മക്കൾ തല്ലു കൂടും. അന്ന് അമ്മ എന്റേതാണ്. എന്റേത് മാത്രം. അമ്മ വൃദ്ധയാവുമ്പോൾ അമ്മ നിന്റേതു കൂടിയാണ് എന്ന് സ്വരം മാറുന്നു.

അമ്മ കിടപ്പിലായാൽ നോക്കുന്ന കാര്യം പറഞ്ഞ് മക്കൾ ലേലം വിളി തുടങ്ങും.

എല്ലാം പഠിച്ച
നമ്മൾ എന്നാണ് ഇനി സ്നേഹിക്കാൻ പഠിക്കുന്നത് ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px