LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 26

കോളേജു ദിനത്തില് എല്ലാവരുടെയും നിര്ബന്ധം മൂലം നന്ദിനി സ്വന്തമായി രൂപപ്പെടുത്തിയ ഒരു നൃത്തം അവതരിപ്പിച്ചു. കുറച്ചു കൂട്ടുകാരെ കൂടെ ചേര്ത്താണ് ആ നൃത്ത രൂപം തയ്യാറാക്കിയത്. വേദിയില് അവള് ജീവിക്കുകയായിരുന്നു. ജനിമൃതികളുടെ അതിര്വരമ്പുകളെ ഭേദിച്ച് ഒരു കിന്നര കന്യകയായി വായുവില് അലിഞ്ഞു പോയ ഒരപ്‌സരസ്സിനെ അവതരിപ്പിച്ചു നന്ദിനി നിര്ത്താത്ത കയ്യടി വാങ്ങിച്ചു. ജോണ്‌സേട്ടന്റെ മമ്മി ക്രിസ്തുമസിനു വാങ്ങി തന്ന ഇളം വെള്ള ഉടുപ്പില് ഇരുട്ടില് അലിഞ്ഞു ചേരുന്ന രൂപ ഭാവങ്ങളില് അവളൊരു വിസ്മയമായി മാറിയിരുന്നു. അണിയറയുടെ വാതില്ക്കല് തള്ളി കയറിയ ആരാധകരുടെ ഇടയില് നന്ദിനിയുടെ നേര്ത്ത വിരല്ത്തുമ്പില് ഒന്ന് സ്പര്ശിച്ചു ജോണ്‌സണ്, അവളുടെ ചൂട് ഒന്ന് ഏറ്റു വാങ്ങാന്!

പരീക്ഷത്തിരക്ക് കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു ബസ്സിലാണ് നന്ദിനി പോയത്. ദിനേശന് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. ജോണ്‌സണ് ആണെങ്കില് തിരുവനന്തപുരത്ത് പോയിരിക്കുകയാണ്. ഓട്ടോയില് ബസ് സ്റ്റാന്ഡില് എത്തിയപ്പോഴേക്കും രാവിലത്തെ ബസ്സ് വളവു തിരിഞ്ഞു നീങ്ങുന്നു. പിന്നെ ഒന്നര മണിക്കൂര് കഴിഞ്ഞേ നാട്ടിലേക്കു നേരെ പോകുന്ന ബസ്സ് ഉള്ളു. അത്രയും സമയം അവിടെ വെറുതെ നില്‌ക്കേണ്ട എന്ന് കരുതി ആ വഴി പോകുന്ന ഒരു ബസ്സില് കയറി ഇരുന്നു. ഒരു മണിക്കൂര് യാത്ര കഴിഞ്ഞു പിന്നെ ഇറങ്ങി വേറെ ബസ്സില് കയറണം. ആരും കയറി തുടങ്ങിയിട്ടില്ല. പോകാന് ഇനി എത്ര താമസം ഉണ്ടാകുമോ എന്തോ? നന്ദിനി ബാഗില് നിന്നും ഒരു പുസ്തകം എടുത്തു നിവര്ത്തി. വായനശാലയില് നിന്നും പോരുമ്പോള് സംഘടിപ്പിച്ച മുന്നു പുസ്തകങ്ങളില് ഒന്ന്. കഥാകൃത്ത് നന്ദിനിയുടെ അയല്വാസി തന്നെയായിരുന്നു. സ്‌കൂള് വിട്ട് അനിയത്തിയുമായി കൊച്ചു വര്ത്തമാനം പറഞ്ഞു വരുമ്പോള് പുറകില് നിന്നും ‘കുട്ടീ’ എന്ന് വിളിച്ചു കളിയാക്കിയിരുന്ന പൊടിമീശക്കാരന്. ‘കുട്ടീ..കുട്ടി..കുട്ടീടെ കുട്ടി ഞാനോ കുട്ടീ’ എന്ന് ചോദിച്ചു വഴക്കിനു ചെന്നിരുന്ന പെണ്കുട്ടിയെ ചൊടിപ്പിക്കാന് ഇഷ്ടപ്പെട്ടിരുന്ന ചെറുപ്പക്കാരന്, അച്ഛന്റെ സുഹൃത്തിന്റെ മകനായിരുന്നു. ഇന്റര് മീഡിയറ്റിനു തോറ്റെന്നു പറഞ്ഞ് അയാളുടെ അച്ഛന് ഒരുപാട് ശാസിച്ച ദിവസം ആരും അറിയാതെ നാട് വിട്ടു പോയി. പിന്നീട് ഒരു അറിയപ്പെടുന്ന എഴുത്തുകാരനും പത്ര പ്രവര്ത്തകനുമായി. അദ്ദേഹത്തിന്റെ അമ്മായിയുടെ മകള് നന്ദിനിയുടെ ക്ലാസ് ടീച്ചര് ആയിരുന്നു. ആദ്യമായി എഴുതിയ നോവല് പുസ്തകമായി ഇറങ്ങിയപ്പോള് ടീച്ചര് ഒരു കോപ്പി നന്ദിനിക്ക് വായിക്കാന് കൊടുത്തു. അന്ന് നന്ദിനി ഒന്പതാം ക്ലാസ്സില് ആയിരുന്നു. അവരുടെ നാട്ടിന്പുറവും, അവിടെ ഒളിവിലും തെളിവിലും നടക്കുന്ന

കൌമാര ചാപല്യങ്ങളും പച്ചയായി എഴുതിയ ആ പുസ്തകം ജീവന് തുടിക്കുന്നതായിരുന്നു. ഇന്ന് പ്രശസ്ത സാഹിത്യകാരനായ അദ്ദേഹത്തിന്റെ കൃതികള് ആര്ത്തിയോടെ ജനം വായിക്കുന്നു.

ബസ്സ് നീങ്ങിത്തുടങ്ങിയിരുന്നു. ഓരം ചേര്ന്നിരുന്നു, പുസ്തകത്താളുകളിലൂടെ മനസ്സോടിച്ചിരുന്ന നന്ദിനിയുടെ അടുത്ത് ഒരു സ്ത്രീ വന്നിരുന്നു. എവിടെയോ വച്ച് കയറിയതായിരിക്കാം. അടുത്ത സ്റ്റോപ്പില് ബസ്സ് നിന്നപ്പോള് കുറച്ചു പേര് ഒന്നിച്ചു കയറി. പുരുഷന്മാരായിരുന്നു. ഒരിക്കല് തല പൊക്കി നോക്കിയപ്പോള് നേരെ മുന്നിലെ ഒഴിഞ്ഞു കിടന്ന സീറ്റില് പരിചയം ഉള്ള ആരോ.

‘ അതെ…അയാള് തന്നെ…ജയദേവന്’ പെട്ടെന്ന് നന്ദിനിക്ക് ഒരു ഭയം തോന്നി. കാറില് മാത്രം യാത്ര ചെയ്യുന്ന ഇവന് മനപ്പൂര്വ്വം ഈ ബസ്സില് കയറിയതാ. അത്രയും ദൂരം കാറില് യാത്ര ചെയ്തു, ബസ്സില് വന്നു കയറിയിരിക്കുകയാണ്. ഈ ബസ്സിനെ പിന്തുടര്ന്ന് അയാളുടെ കാറും അനുയായികളും വരുന്നുണ്ടാകാം. നന്ദിനി ബുദ്ധിപൂര്വം ആലോചിച്ചു. ആരും അറിയാതെ ഒരു ഫോണ് ബൂത്തിനു മുന്നിലെ ബസ് സ്റ്റോപ്പില് അവള് ഇറങ്ങി, സാധനങ്ങള് പോലും എടുത്തില്ല. ഫോണ് ബൂത്തില് ഓടിക്കയറി അവള് അവിടെ തൊട്ടടുത്തുള്ള ബന്ധുവിനെ ഫോണില് വിളിച്ചു വരാന് പറഞ്ഞു. നിമിഷങ്ങള്ക്കകം അദ്ദേഹം കാറുമായി വന്നു. നന്ദിനി ആ കാറില് വീട്ടിലേക്കു പോയി. എങ്ങനെ ജയദേവനെ വെട്ടിക്കാന് കഴിഞ്ഞെന്നു പറയാന് പറ്റില്ല. ദേവീ കടാക്ഷമായിരിക്കാം. വീട്ടില് ചെന്ന് കുളിച്ചു ഭക്ഷണം കഴിച്ചപ്പോഴെല്ലാം ഒരു വിറയല് വിട്ടൊഴിയാതെ നിന്നിരുന്നു. ബന്ധു ആയിരുന്ന ബാലകൃഷ്ണന് അമ്മാവന് തിരിച്ചു പോയിരുന്നു. നിറയെ മാമ്പഴവും മാമ്പൂവുമായി മണം പരത്തി നിന്ന മൂവാണ്ടന്റെ ചുവട്ടില് പടര്ന്നു പന്തലിച്ചു കിടന്ന ചടയന് പുല്ലിന്റെ കതിരുകള് പിച്ചി അടര്ത്തി രസത്തോടെ മൂളിപ്പാട്ട് പാടി ഇരുന്നപ്പോള് മുറ്റത്തൊരു കാര് വന്നു നിന്ന ശബ്ദം കേട്ടു. കിളി വാതിലിലൂടെ എത്തി നോക്കി നന്ദിനി ഞെട്ടി. ജയദേവന് കാറില് നിന്നും ഉറങ്ങുന്നു! കൂടെ രണ്ടു സ്‌നേഹിതരും ഉണ്ട്! ബസ്സില് വച്ച് കണ്ട അതേ വേഷത്തില്.

നന്ദിനി ഓടിപ്പോയി അമ്മയോട് വിവരം പറഞ്ഞു. ഇതിനു മുന്പ് ഉണ്ടായിട്ടുള്ള എല്ലാ അനിഷ്ട സംഭവങ്ങളും അവള് അമ്മയോട് പറഞ്ഞിരുന്നു. അന്ന് ഉണ്ടായ അനുഭവവും അറിഞ്ഞ് അമ്മ ആകെ അസ്വസ്ഥയായിരുന്നു. പുറത്തു വന്നിരിക്കുന്നത് ജയദേവന് ആണെന്ന് അറിഞ്ഞ് അമ്മ വിഷമിച്ചു. അന്ന് നടന്ന കാര്യങ്ങളൊക്കെ അമ്മാവനില് നിന്നും അച്ഛനും അറിഞ്ഞിരുന്നു. പക്ഷെ ഇപ്പോള് വന്നത് ജയദേവന് ആണെന്ന് അച്ഛന് അറിയില്ലല്ലോ. കാര് വന്നു നിന്നത് കണ്ടു അച്ഛന് പൂമുഖത്തേക്ക് വന്നു. ജയദേവനെയും സുഹൃത്തുക്കളെയും വേണ്ട പോലെ ഉപചരിച്ച് ഇരുത്തി. അകത്തു നിന്നും അമ്മ ഇറങ്ങി വന്നു അച്ഛന്റെ അടുത്ത് നിന്നു. മനസ്സില് നടക്കുന്ന സംഘര്ഷം അച്ഛനെ അറിയിക്കണമെന്ന് ആശ ഉണ്ടെങ്കിലും ‘എങ്ങനെ?’ അമ്മ അല്പ്പം പരുങ്ങലില് തന്നെ ആയിരുന്നു. പിന്നെ വിചാരിച്ചു വന്നവര് വന്ന പോലെ തന്നെ പോകട്ടെ. കൂടുതല് പൊല്ലാപ്പൊന്നും ഉണ്ടാക്കേണ്ട. എന്തായാലും തക്ക സമയത്ത് നന്ദിനിയെ ദേവി രക്ഷിച്ചല്ലോ. ആ ദേവി ഇനിയും കൂടെ തന്നെ ഉണ്ടല്ലോ.

ജയദേവന്റെ വാഗ് വിലാസത്തില് അച്ഛന് ആമഗ്‌നനായിരുന്നു. അയാളുടെ സമ്പല്‌സമൃദ്ധിയും വിദ്യാഭ്യാസനിലവാരവും കുടുംബ പശ്ചാത്തലത്തിന്റെ ഓന്നത്യവുമൊക്കെ കേട്ടു. വന്നത് വിവാഹാലോചനയുമായിട്ടാണെന്ന് അറിഞ്ഞു. തന്റെ കുടുംബ മഹിമ കാണിക്കാവുന്ന വിധത്തിലുള്ള സല്ക്കാരം തന്നെ നല്കി നന്ദിനിയെ അയാള് കോളേജില് വച്ച് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. എന്നാലും ഒരു

ചടങ്ങിനു നന്ദിനിയെ ഒന്ന് വിളിച്ചു കാണിക്കാം. അവളുടെ മുറച്ചെറുക്കനുണ്ട് അവളെ കെട്ടാനെന്ന് ഇപ്പോഴേ പരസ്യം ആക്കേണ്ടല്ലോ എന്ന് അച്ഛന് കരുതിക്കാണും. കുടുംബത്തില് പിറന്നവര്ക്ക് അതൊരു നല്ല കാര്യം അല്ലല്ലോ.

‘പെണ്ണ് കാണാന് വന്നവര് കണ്ടു പോകട്ടെ.’ അച്ഛന് അമ്മയോട് പറഞ്ഞു. അമ്മു വളരെ നിര്ബന്ധിച്ചു നന്ദിനിയെ സമ്മതിപ്പിച്ചു. വീടിന്റെ സല്‌പ്പേര് കളയേണ്ടെന്നും, അച്ഛനെ ഇതൊക്കെ അറിയിക്കേണ്ടെന്നും നന്ദിനിയും കരുതി. ഇന്നത്തെ അങ്കലാപ്പൊക്കെ സൃഷ്ടിച്ച വില്ലന് ഇതാണെന്ന് അച്ഛൻ അറിഞ്ഞു കോലാഹലമൊന്നും വേണ്ട. എങ്കിലും അമ്മയെക്കൊണ്ടൊരു ചോദ്യം നന്ദിനി നിര്ബന്ധിച്ചു ചോദിപ്പിച്ചു.

‘മോന് അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ ഇല്ലേ? വിവാഹാലോചനയുമായി ഒറ്റയ്ക്കിങ്ങനെ?’

‘ഓ..അവരൊക്കെ വരും. എന്റെ ഇഷ്ടം അറിഞ്ഞ ശേഷം.’

‘ശരി…കാലം പരിഷ്‌ക്കരിച്ചില്ലേ ‘ അച്ഛന് അമ്മയെ നോക്കി. ഈ ചോദ്യം അച്ഛനും ഉണ്ടായിരുന്നു മനസ്സില് എന്നും, വേണ്ടെന്നു വച്ചതാണെന്നുമൊരു കുറ്റസമ്മതം അതില് ഉണ്ടായിരുന്നു.

‘നീ നന്ദുവിനോട് ഇവിടെ ഒന്ന് വരാന് പറയൂ’ അച്ഛന് പറഞ്ഞു.

ആ ഒരു വാക്ക് കേള്ക്കാന് കാത്തു നില്ക്കുകയായിരുന്നു നന്ദിനി. അമ്മ വന്നു പറഞ്ഞ ഉടനെ നന്ദിനി പുറത്തു വന്നു. ഒരിക്കലും കണ്ടു പരിചയം ഇല്ലാത്ത ഒരാളെ ആദ്യമായി കാണുന്ന ഭാവത്തില് അയാളെയും കൂടെ വന്നവരേയും ഒന്ന് നന്നായി നോക്കി.

ജയദേവനും കൂട്ടുകാരും അല്പമൊന്നു വിളറി. നന്ദിനി ഒരു പെണ്ണ് കാണല് ചടങ്ങ് ശരിക്കും അഭിനയിച്ചു. അവളെ ഇത്ര നിഷ്‌കളങ്ക രൂപത്തില് കണ്ട് അയാള് ഞെട്ടി. അവളുടെ പ്രതികരണത്തെ പറ്റി മനസ്സില് ഉണ്ടായിരുന്ന ഭയം അയാള് കൂട്ടുകാര്ക്ക് പങ്കിട്ടിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഒരു ഉള്‌നാടന് പെണ്കുട്ടിയെ പെണ്ണുകാണാന് വന്നവരുടെ മുന്നില് എത്തിപ്പെട്ട പോലെ അമ്മയുടെ മറവില് പാതി മറഞ്ഞ് ഒരു വെള്ളാമ്പല് പോലെ നന്ദിനി വന്നു നിന്നു. പ്രതീക്ഷിക്കാത്ത പ്രതികരണത്തില് അയാള് അസ്തപ്രജ്ഞനായി. വാക്കുകള് പുറത്തു വരാതെ വിക്കി.തങ്ങളുടെ വീരനായകനായ ജയദേവന്റെ ഭാവമാറ്റം കണ്ടു കൂടെ ഉള്ളവരും അസ്വസ്ഥരായി.

കൂടെ വന്ന വിരുതന് വിട്ടുകൊടുത്തില്ല.  ‘നന്ദിനി പഠിക്കുന്ന കോളേജില് തന്നെയാണ് ഇവനും പഠിച്ചിരുന്നത്. കണ്ടിട്ടുണ്ടോ?’ അയാള് കുസൃതി വിടാതെ ചോദിച്ചു.

‘ഇല്ല ‘ ഒറ്റ വാക്കില് നന്ദിനി ഉത്തരം പറഞ്ഞു. ജയദേവന് ഒരിക്കല് കൂടി ഞെട്ടി. എന്നാലും അവളെ ഒന്ന് ബോധ്യപ്പെടുത്താന് പറഞ്ഞു ‘ നന്ദിനി കയറിയ ബസ്സില് ഞങ്ങളും ഉണ്ടായിരുന്നു. നന്ദിനിയുടെ കൂടെ യാത്ര ചെയ്താല് വീട് മനസ്സിലാ ക്കാമെന്നേ കരുതിയുള്ളൂ.’ നന്ദിനി ഒന്നും അറിയാത്തവളെ പോലെ കേട്ടു നിന്നു.

‘പക്ഷെ, ഞങ്ങള്ക്ക് അമളി പറ്റി. നന്ദിനി ഇറങ്ങിപ്പോയത് ആരും അറിഞ്ഞില്ല’

‘ഞാന് എന്റെ അമ്മാവന്റെ വീട്ടില് കയറിയതാ.’

‘എന്തായാലും ചോദിച്ചും പറഞ്ഞുമൊക്കെയാ ഇവിടെ എത്തിയത്. ഉദ്ദേശിച്ച കാര്യ സാധിച്ചല്ലോ.’

‘സാധിച്ചു. പക്ഷെ ഞാനിപ്പോള് പഠിക്കുകയല്ലേ. കല്യാണത്തെപ്പറ്റി

ചിന്തിക്കാറാകുമ്പോള് അറിയിക്കാം.’അവള് അച്ഛനെ നോക്കി പറഞ്ഞു ‘അച്ഛന് അവരുടെ അഡ്രസ് വാങ്ങി വച്ചേക്കു’നന്ദിനി ഞൊടിയിടയില് അകത്തേക്ക് പോയി. അവര് കാറില് കയറുമ്പോള് അയാളുടെ മുഖം ഒന്ന് കൂടെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.  ‘ശല്യം’ അവള് സ്വയം പറഞ്ഞു.

‘നന്നായി മോളെ…ആര്ക്കും ബുദ്ധിമുട്ടായില്ലല്ലോ.’ അമ്മ ഓടി വന്നു പറഞ്ഞു.

‘അത് തന്നെയാണ് ഞാനും കരുതിയത്.’ നന്ദിനിയും പറഞ്ഞു.

‘കേട്ടിട്ടു നല്ല കാര്യം. നമുക്കിതൊന്നു നാരായണിക്ക് ആലോചിച്ചാലോ? ‘ അച്ഛന് അകത്തു വന്നു അമ്മയോട് പറഞ്ഞു.

 

‘അച്ഛാ! അയാള് കോളേജില് ഒരു റൗഡിയാ! ആ നാട്ടിലെ പണച്ചാക്കും റൗഡികളുമാണ്. കോളേജില് നിന്നും അവനെ പുറത്താക്കീട്ട് അധികം ആയില്ല. ദിനേശേട്ടനോട് ചോദിച്ചാല് അറിയാം.’

‘അങ്ങനെയാണോ മോളെ? നീ നന്നായി പെരുമാറിയത് കണ്ടപ്പോള് ഞാന് വിചാരിച്ചു…’ അച്ഛന് അര്‌ദ്ധോക്തിയില് നിര്ത്തി.

‘അവനെയും കൂട്ടുകാരെയും കണ്ടു പേടിച്ചാണ് ഞാന് അമ്മാവനെ കൂട്ടി വന്നത്. അച്ഛന് ഇക്കാര്യം മറന്നേക്കു.’

‘ആ..ഹാ ഇതായിരുന്നോ കക്ഷി? ‘ അച്ഛന് അന്തം വിട്ടു നിന്നു. വിവരം ഫോണില് വിളിച്ചു പറഞ്ഞപ്പോള് ജോണ്‌സണ് പൊട്ടി പൊട്ടി ചിരിച്ചു.

‘നന്ദിനിക്കാണോ അഭിനയം അറിയില്ലെന്ന് പറഞ്ഞത്? ‘

‘പോ..ജോണ്‌സേട്ടാ…എനിക്കവനെ ചൂലെടുത്ത് അടിക്കാനുള്ള ആവേശം ഉണ്ടായിരുന്നു.’

‘എന്നിട്ട് എന്തേ എന്റെ സുന്ദരി കുട്ടി ചെയ്തില്ല? ‘

‘അതും അവന് ഒരു അഹങ്കാരമാകും… പിന്നെ നമ്മുടെ കുടുംബത്തിനും ഒരു

അന്തസ്സില്ലേ? ‘

ഓ… അങ്ങനെ അല്ലാതെ അവനെ കാത്തിരിക്കാനുള്ള ഭാവമൊന്നും ഇല്ലല്ലോ. അഡ്രസ് ഉണ്ടല്ലോ കയ്യില് ‘

‘വേണ്ടാട്ടോ..ഈ കള്ളന്’

‘ഞാനോ? നന്നായി ഞാനിതു വരെ പെണ്ണ് കണ്ടത് പോലുമില്ലല്ലോ.’

‘ഇത്രയൊക്കെ കണ്ടാല് മതി. അടങ്ങി ഇരുന്നോ.’

‘വരട്ടെ? ഞാന് അവിടെ? പെണ്ണ് ചോദിക്കാന്? ‘

‘വേണ്ടാട്ടോ…ഞാന് ഫോണ് വക്ക്യാ..’

‘വയ്ക്കല്ലേ..പതിവ് തന്നില്ല.’

‘തന്നോളു’

പിന്നെ നിര്ത്താത്ത ചുംബനമായിരുന്നു. ഫോണ് വച്ച് തിരിഞ്ഞത് അമ്മയുടെ മുഖത്തേക്കാണ്

‘ദിനേശനാ?’

‘ഉം.’ നന്ദിനി വിളറി പോയി. അമ്മ കുളിക്കാന് കയറിയ തക്കത്തിന് വന്നു ഫോണ് എടുത്തതാ..

വിവരം അറിഞ്ഞു ദിനേശേട്ടനും വിളിച്ചു. ‘അവന് വീട് വരെ എത്തിയെന്നോ? നന്ദിനി പേടിക്കേണ്ടട്ടോ..ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യാന് ഞാന് അനുവദിക്കില്ല. വീട്ടില്

 

 

കൊണ്ടാക്കീട്ടു ഞാന് തിരിച്ചു വന്നാല് മതിയായിരുന്നു. നന്ദു ആവശ്യപ്പെട്ടുമില്ല..ഞാൻ അങ്ങനെ ഓര്ത്തതുമില്ല.’

‘അതൊന്നും സാരല്ല്യാന്നേ.ഞാന് അത് മൂര്ച്ച ഇല്ലാതാക്കിയില്ലേ!’

‘അത് നന്നായി നന്ദിനി..മൂര്ഖന് പാമ്പാ അവന്..ജോണ്‌സണ് സാറിനു മാറ്റം കിട്ടിയത് വലിയ വിഷമമായി. പുള്ളിയ്ക്ക് ഇവിടേയ്ക്ക് തന്നെ കിട്ടുമെന്നാ പറഞ്ഞത്.

‘ഉം.’ നന്ദിനി മൂളി. ഫോണ് താഴെ വച്ച് അവള് അല്പ നേരം ചിന്തിച്ചു നിന്നു.

‘പറഞ്ഞ പോലെ ജോണ്‌സേട്ടന് അവിടെ തന്നെ എത്താനാവണെ..എന്റെ ദേവീ!’ നന്ദിനി മനസ്സില് പ്രാര്ത്ഥിച്ചു.

അവധിയാണ്. സിനിമയില് നിന്നും കുറച്ചു പാട്ടുകള്ക്ക് ആവശ്യം അറിയിച്ചിരി ക്കുന്നു. കഥ കേള്ക്കാന് ജോണ്‌സന്റെയും ദിനേശന്റെയും കൂടെ പോകണം. പാട്ടെഴുതാനും ചിട്ടപ്പെടുത്താനും ഏകാന്തതയും വേണം. അത് ഇപ്രാവശ്യം വീട് തന്നെ നല്ലത്. പിന്നെ ഇഷ്ടപ്പെട്ടാല് സ്റ്റുഡിയോയില് പോയി പാട്ട് പിടിക്കുകയും ചെയ്യണം. നന്ദിനിക്ക് ഇപ്രാവശ്യം അവധി ആയതിന്റെ സന്തോഷവുമുണ്ട്. ഇടക്കൊന്നു ജോണ്‌സേട്ടന്റെ കൂടെ ഒന്നിച്ചു കഴിയാനും പറ്റും.

സിനിമയുടെ കഥയെപ്പറ്റി ഏകദേശ രൂപം ജോണ്‌സണ് പറഞ്ഞിരുന്നു. മുന്തിരി പറിച്ചു വൈന് ഉണ്ടാക്കുന്ന ഒരു കൂട്ടം തൊഴിലാളികളുടെ കഥയാണ്. സ്ഥലം ഏതാണ്ട് തീരുമാനമായി. കഥയുടെ അലകും പിടിയുമൊക്കെ ഒരുങ്ങി കഴിഞ്ഞു എന്നറിഞ്ഞു. ഉടനെ തന്നെ പോയി ബാക്കി കാര്യങ്ങള് നടത്തി കൊടുക്കണമെന്ന് ജോണ്‌സേട്ടന് വിളിച്ചും പറഞ്ഞു. ദിനേശന്റെ പരീക്ഷ കൂടി കഴിയണം. ഇപ്രാവശ്യം നാരായണിക്കും സ്‌കൂള് തുറക്കുമ്പോള് പോകണം.

‘നമുക്ക് ഒന്ന് മുങ്ങണമല്ലോ നന്ദു.’ ഒരു ദിവസം പറമ്പില് പൂവും കായുമായി നിന്ന പയര് ചെടിക്കിടയിലൂടെ അതിന്റെ നീലയും വയലറ്റും കലര്ന്ന പൂക്കളെ ഉമ്മ വച്ച് പറക്കുന്ന തുമ്പിക്ക് പിന്നാലെ ഓടി നടക്കുന്ന നന്ദിനിയുടെ കാതിനടുത്താണ് ആ ശബ്ദും വന്നത്. നന്ദിനി ഞെട്ടിപ്പോയി. താന് ഇങ്ങോട്ടു പോന്നത് വീട്ടില് ആരും തന്നെ കണ്ടിരുന്നില്ല. പാടത്തെ കുണ്ടന് കുളത്തിലെ വെള്ളം വറ്റി കുറുകിയ ചെളി വെള്ളത്തില് മുങ്ങാംകുഴിയിട്ട് കളിക്കുന്ന മീന്കൂട്ടത്തെ ചെറിയ ചരല്ക്കല്ല് എറിഞ്ഞു പരിഭ്രമിപ്പിച്ചു പരക്കം പായിക്കുകയായിരുന്നു ഇന്ന് രാവിലത്തെ അവളുടെ വിനോദം. കുറച്ചു കഴിഞ്ഞപ്പോള് അത് മതിയെന്ന് തോന്നി. പരിഭ്രമിച്ച വരാല് മീനിന്റെ കിതപ്പ് ആറ്റാന് വിട്ടിട്ടു വരും വഴിയാണ്, പയര്‌ചെടികള് തലങ്ങും വിലങ്ങും പടര്ന്നു കെട്ടിപ്പിണഞ്ഞു കിടക്കുന്നതിനിടയില് തുമ്പികളും പൂമ്പാറ്റകളും കൊച്ചംകുത്തി കളിക്കുന്നത് കണ്ടത്. പടര്ന്നു കയറി പരസ്പരം ചുംബിച്ചു നില്ക്കുന്ന വള്ളി പടര്പ്പിനിടയിലൂടെയുള്ള, വെള്ളം വറ്റിയ ചാലുകളിലൂടെ നന്ദിനി മത്സരിച്ചു ഓടി ഓരോ പുമ്പാറ്റയേയും വിറപ്പിച്ചു കളഞ്ഞു.

കാതോരം ചേര്ന്നു മുഴങ്ങുന്ന ശബ്ദം കേട്ടു ഞെട്ടി തിരിഞ്ഞ നന്ദിനി കൂപ്പുഠ കുത്തി വീണത് ജോണ്‌സന്റെ ബലിഷ്ഠകരങ്ങളിലായിരുന്നു. അകലെ ദിനേശന് അന്തം വിട്ടു നിന്നിരുന്നു. വീട്ടുകാര് ആരെങ്കിലും കണ്ടാലോ എന്നൊരു ഭയം ആയിരുന്നു അയാള്ക്ക്. നന്ദിനി വ്രീളാവിവശയായി. സ്ഥലകാലബോധം ഉണ്ടായപ്പോള് ഒന്നും കൂടെ ചാടി പുറത്തേക്ക്. ഉണങ്ങിയ പയര് വള്ളികള് അവളുടെ കാലില് ചുറ്റി,

ശക്തിയായിതന്നെ അവള് താഴെ വീണു. ‘അയ്യോ!’ ദിനേശന് ഉറക്കെ പറഞ്ഞു. ഇപ്രാവശ്യം ജോണ്‌സണു പിടിക്കാന്

പറ്റിയില്ലായിരുന്നു. ഉതിര്ന്ന പഞ്ചാര മണല് മേലൊക്കെ പറ്റി പിടിച്ചത് തട്ടിത്തെറുപ്പിച്ച നന്ദിനി പറഞ്ഞു  ‘ക്ഷമിക്കണം’ അവള് ചമ്മലോടെ എഴുന്നേറ്റു.

‘എന്തിന്? വീണതിനോ? ഞങ്ങള് നന്ദിനിയുടെ തുള്ളാട്ടം കണ്ടു വന്നതാ.. എന്തൊരു ചാഞ്ചാട്ടം! ഈ ചിത്ര ശലഭങ്ങള് പോലും നാണിച്ചു പോകുമല്ലോ’

പയര് വള്ളി ചുറ്റി നന്ദിനിക്ക് കൈത്തണ്ട നീറുന്നുണ്ടായിരുന്നു. അവളുടെ നീള്മുടിച്ചുരുളുകളും പയര് വള്ളികളില് കുരുങ്ങി കിടന്നിരുന്നു.

അതൊക്കെ ഒന്ന് വേര്‌പെടുത്തികൊടുക്കാന് ജോണ്‌സന്റെ വിരലുകള് തിടുക്കപ്പെട്ടു. പരിസരം അതില് നിന്നും വിലക്കി. ഏക്കര് കണക്കിന് പരന്നു കിടക്കുന്ന തെങ്ങിന് പറമ്പില് ചാലുകള് വെട്ടി തിരിച്ച ചതുര കഷണങ്ങളില് റാഗിയും പയറും മാത്രമല്ല ചേന, ചേമ്പ്, കാച്ചില് എന്നിങ്ങനെ പലതരം പച്ചക്കറികള് വളര്ന്നു പന്തലിച്ചു കിടക്കുന്നു. ഒരിളം വെണ്ടയ്ക്ക പൊട്ടിച്ചു കടിച്ചു തിന്നു കൊണ്ട് ജോണ്‌സണ് നടന്നു, പിന്നാലെ നന്ദിനിയും. അകലെ നിന്ന ദിനേശന് ഇതൊക്കെ കണ്ടു സ്തംഭിച്ചു നിന്നു.

ഉച്ചയൂണും വൈകുന്നേരത്തെ കാപ്പി കുടിയും കഴിഞ്ഞാണ് അവര് പോയത്. അവര് ഇറങ്ങിയപ്പോഴാണ് നാരായണി വന്നത്.

‘ടൈപ്പിസ്റ്റ് വന്നല്ലോ.’  ജോണ്‌സണ് ദിനേശനോട് പറഞ്ഞു. ദിനേശന് വെറുതെ പുഞ്ചിരിച്ചു.

‘ഷോര്ട്ട്ഹാന്റും പഠിക്കുന്നില്ലേ?’ അയാള് ചോദിച്ചു.

‘ഉം…നിങ്ങളൊക്കെ എപ്പോള് വന്നു? ‘

‘വന്നിട്ട് കുറെ നേരം ആയി. ഇപ്പോള് പോകാന് ഇറങ്ങി നില്ക്കുന്നു. ഇനി നാരായണിയുടെ കൂടെയും കുറച്ചു ഇരിക്കട്ടെ? ‘

 

‘അയ്യോ! എന്റെ കൂടെയോ? ‘ജോണ്‌സന്റെ ചോദ്യത്തിന് നാരായണി പറഞ്ഞു. തിരിച്ചു പോരുമ്പോള് പതിവുപോലെ ജോണ്‌സണ് ദിനേശനെ ശാസിച്ചു. ‘എടോ.. പെണ്കുട്ടികളുടെ ഉള്ളില് കേറാനൊക്കെ ഒരു തന്ത്രമുണ്ട്.’

‘അത് എനിക്ക് അറിയില്ല സാറേ.. അതുമല്ല, എന്നെ അവരൊക്കെ നന്ദിനിയുമായി ചേര്ത്താണ് കാണുന്നത് തന്നെ.’

‘തന്റെ അനിയത്തി നാരായണിയെ അല്ലെ നോട്ടം ഇട്ടിരിക്കുന്നത്? ഇക്കാര്യത്തില് അവളെ നമുക്ക് ഹംസം ആക്കണം.’

‘അതൊന്നും വേണ്ട. ആകെ പൊല്ലാപ്പാകും’

‘നോക്കാം…ഞാനും കൂടെ ശ്രമിക്കുന്നുണ്ട്.’ ജോണ്‌സണ് പറഞ്ഞു.

‘പോല്ലാപ്പാക്കല്ലേ! അവസാനം അവള് കയറി സാറിനെ പ്രേമിച്ചെന്ന് ഇരിക്കും’

‘അയ്യോ! ചതിക്കല്ലേ..എന്റീശോയേ’

‘അതാ ഞാന് പറഞ്ഞത്. സാറിന് അതിന്റെ കലയുണ്ട്. ആരും കയറി ഇഷ്ടപ്പെട്ടെന്നിരിക്കും. അത് കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട്. ഞാന് അങ്ങനെയല്ല.

‘തനിക്ക് എന്താടോ കുറവ്? നന്ദിനി പറഞ്ഞിട്ടുണ്ട് സ്‌കൂളില് ദിനേശനെ എല്ലാവരും പ്രേംനസീര് എന്നാണു വിളിച്ചിരുന്നതെന്ന് ‘

‘അതൊക്കെ സ്‌കൂള് കുട്ടികളുടെ ചാപല്യം നന്ദിനിയെ അവരൊക്കെ ഷീല എന്ന് വിളിച്ചിരുന്നു. അതറിയാമോ? ‘

‘അറിയാം…അറിയാം…അതും പറഞ്ഞിട്ടുണ്ട്.’

‘നന്ദിനിക്ക് ഞാനൊരു കത്ത് കൊടുത്തിരുന്നു. എത്ര ദിവസം അതാലോചിച്ചിട്ടു ഞാന് ഉറക്കമൊഴിച്ചിട്ടുണ്ടെന്നോ. അത് സാറ് അറിഞ്ഞിട്ടുണ്ടോ? ‘

‘ഉണ്ട്..അതും നന്ദിനി പറഞ്ഞിട്ടുണ്ട് ‘

‘എന്നിട്ടും നന്ദിനിയെ ആകര്ഷിക്കാന് എനിക്ക് കഴിഞ്ഞില്ല. എത്ര പെട്ടെന്ന് സാറി അത് കഴിഞ്ഞു.’

‘അത് എന്റെ പ്രത്യേക കഴിവൊന്നും അല്ല. അതില് ഈശ്വരന്റെ ഒരു മായാജാലം കൂട്ടെ ഉണ്ട്…ഇനി ഇത് വിജയിപ്പിക്കണ്ടേ?’

‘അതൊക്കെ ശരിയാവും.’

വീടെത്തിയപ്പോള്, ജോണ്‌സണ് ദിനേശനെ ഇറക്കി വിട്ടിട്ട് ഓടിച്ചു പോയി. മനസ്സില് നന്ദിനി ഉണ്ടായിരുന്നു. അടുത്ത് അവളുടെ മണി കിലുങ്ങുന്ന ശബ്ദം കേള്ക്കുന്ന പോലെ, കാതോരം ചേര്ന്ന് ആ ശ്വാസധാര ഓളം ഇളക്കുന്ന പോലെ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px