‘മൂന്ന് ദിവസം കൂടെ എനിക്ക് ലീവുണ്ട്. ആഘോഷമാക്കണ്ടെ നമുക്ക് ഈ ദിവസ ങ്ങള്‍.’
രാവിലെ ജോണ്‍സണ്‍ പറഞ്ഞു ‘എവിടേം പോകേണ്ട ജോണ്‍സേട്ടാ…. നമുക്കിവിടെ മതി. ഞാനും തങ്കമണീം മുന്തിരിപറിക്കാന്‍ പഠിക്യാണ്. അവരുടെ കൂടെ രണ്ട് ദിവസം മുന്തിരിത്തോട്ടത്തില്‍ കഴിയാം.’ നാരായണി പറഞ്ഞു.
‘എന്താ ഇത് നാരായണീ… ഞാന്‍ കൂലിയൊന്നും തരില്ലാട്ടൊ.’ ജോണ്‍സണ്‍ കളിയാക്കി.
‘നന്ദിനി മുന്തിരി പറിക്കാന്‍ പഠിക്കണില്ലേ?’ അയാള്‍ ചോദിച്ചു. ‘അങ്ങനെപ്പൊലാഭമുണ്ടാക്കണ്ട’ നന്ദിനി പറഞ്ഞു ‘ഞാന്‍ പണിയൊന്നും ചെയ്യില്ല. തോട്ടത്തിലെ കുഞ്ഞിക്കിളികള്‍ക്ക് കൂട്ടിരിക്കാം.’
‘എന്നാല്‍ നിങ്ങള്‍ മൂന്നുപേരും തോട്ടത്തില്‍ കൂടിക്കോ. ഞാനും ദിനേശനും വൈനു ണ്ടാക്കാന്‍ പോകാം.’ജോണ്‍സണ്‍ പറഞ്ഞു. പറഞ്ഞത് തമാശയായിരുന്നില്ല. രാവിലെ
പ്രാതല്‍ കഴിഞ്ഞതും ജോണ്‍സണ്‍ കാറിറക്കി എല്ലാവരും കയറി. മുന്തിരിത്തോട്ടത്തില്‍ നന്ദിനിയും നാരായണിയും തങ്കമണിയുമിറങ്ങി.
‘സൂക്ഷിക്കണം കേട്ടോ.. ഇരുന്നൂറ് ഏക്കറാ… ഒറ്റയ്ക്ക് എവിടേയും പോകരുത്. ഈ പണിക്കാരി സ്ത്രീകളുടെ കൂടെത്തന്നെ ഉണ്ടാകണം.’ ജോണ്‍സണ്‍ ആ സ്ത്രീകളോടും കന്നഡയില്‍ മനസ്സിലാക്കി. നന്ദിനി കുഞ്ഞിക്കിളികളുടെ കൂടെ നടന്നുപാടി. ജോണ്‍സണും ദിനേശനും കാറില്‍ക്കയറിപ്പോയി. വൈന്‍ നിര്‍മ്മാണസ്ഥലത്തേക്ക്. നന്ദിനി വെറുതെ നടന്നു… പലതും ആലോചിച്ച്.
ചിലഭാഗത്തൊന്നും മുന്തിരിപഴുത്തിട്ടില്ല…. അവിടെ കുഞ്ഞിക്കിളികളുമില്ല… എന്നാലും നന്ദിനിമൂളിപ്പാട്ടുമായി നടന്നു. ഒരു ചെടിയില്‍ ഒരിളക്കം. നന്ദിനി എത്തി നോക്കി, ഒരു കൂട്ടില്‍ ഒരു കിളി മുട്ടയില്‍ അടയിരിക്കുന്നു. അതിനെ വിഷമിപ്പിക്കേ ണ്ടെന്നു കരുതി നന്ദിനി മെല്ലെ നടന്നു. അവിടെയും ഒരു കൂട് മെനയുന്ന രണ്ട് കിളി കളെക്കണ്ടു. ചെറിയനാരുകള്‍ ശേഖരിച്ച് വരുന്ന ആണ്‍കിളി, കൂട് ഒരുക്കുന്ന പെണ്‍കിളി. തന്റെ പെണ്ണിന് മുട്ടയിടാനുള്ള നനുത്ത കൂട് ഭംഗിയായി മെനയുന്ന ആൺകിളിയുടെ ശുഷ്കാന്തിനോക്കി നന്ദിനി പുഞ്ചിരിച്ചു.
കുറേ നടന്നപ്പോള്‍ ആഴമുള്ള കിണറുകള്‍ കണ്ടു. മലയടിവാരത്തിലൂടെ കളകളം പാടി ഒരു കുഞ്ഞരുവി ഒഴുകിയിറങ്ങി തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നൊഴുകുന്നത് കണ്ടു. ഉണങ്ങിയ മുന്തിരി ഇലകള്‍ ആ തോട്ടില്‍ നീന്തി നടക്കുന്നു. പൊന്മാനുകള്‍, മീന്‍കുട്ടികളെ നോക്കി തോട്ടിന്‍വക്കത്ത് ജാഗരൂകരായിരിക്കുന്നു. നന്ദിനിയെക്കണ്ട് ഭയപ്പെട്ട് രണ്ട്കുളക്കോഴികള്‍ പൊത്തിലേയ്ക്ക് ആണ്ടു പോയി.
നന്ദിനി തിരിച്ച് വന്ന വഴിയിലൂടെത്തന്നെ നടന്നു. വഴിതെറ്റരുതെന്നു ജോണ്‍സേട്ടന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. തിരിച്ചു വരുമ്പോള്‍ നാരായണിയും തങ്കമണിയും തോട്ടത്തിലെ ജോലിതുടരുന്നുണ്ടായിരുന്നു. പണിക്കാരി സ്ത്രികള്‍ കന്നഡയില്‍ സംസാരിക്കുന്നു. നാരായണി മലയാളത്തില്‍ മറുപടി പറയുന്നു. നന്ദിനിക്ക് ശരിക്കും ചിരിവന്നു. ‘ഇതെങ്ങനെ സാധിക്കുന്നു ഇവര്‍ക്ക്?’ അവള്‍ അതിശയത്തോടെ ഓര്‍ത്തു, നന്ദിനി അവരുടെ കൂടെക്കൂടി. ഒരു കൊട്ട അവള്‍ക്കും കിട്ടി. അവര്‍ കാണിച്ചു കൊടുത്തതു പോലെ നന്ദിനിയും ചെയ്യാന്‍ തുടങ്ങി. ആദ്യം അല്പം പ്രയാസം തോന്നിയെങ്കിലും പിന്നെ അതൊരുഹരമായി. ഉച്ചയോടെ ജോണ്‍സണും ദിനേശനും വരുമ്പോഴും പണിക്കാരുടെ കൂടെ അവര്‍ പണിതുകൊണ്ടിരുന്നു. കാറ് ഓഫീസില്‍ പാര്‍ക്ക് ചെയ്ത് നടന്നാണ് ജോണ്‍സണും ദിനേശനും വന്നത്.
‘നല്ലകൂലി കിട്ടുമോ?’ ജോണ്‍സണ്‍ ചോദിച്ചു.
‘കൂലി ഭക്ഷണമായി തന്നാല്‍മതി. മുന്തിരിതിന്നു മടുത്തു വിശക്കുന്നു ഇപ്പോള്‍.’ നാരായണി പറഞ്ഞു
‘എന്ത് വേണം കഴിക്കാന്‍? ഇവര്‍ തിന്നുന്നത് റാഗികൊണ്ടുണ്ടാക്കുന്ന ‘കളി’ എന്നു പറയുന്ന ഭക്ഷണമാണ്. അതുമതിയോ?’ ജോണ്‍സണ്‍ ചോദിച്ചു.
‘അത് അവര്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. വേണോന്നും ചോദിച്ചു.’
‘ഒരുതരം കറുത്ത ബോള്‍ കൂടെ പച്ചനിറമുള്ള ചമ്മന്തിയും.’
‘ആ… അത് തന്നെ. ഞാന്‍ പറഞ്ഞത് അത് ഓഫീസില്‍ എത്തിച്ചിട്ടുണ്ട് ചാക്കോ ച്ചേട്ടന്‍… വാ… കഴിക്കാം.’
ജോണ്‍സണ്‍ എല്ലാവരേയും കൂട്ടി ഓഫീസ് റൂമിലെത്തി. വലിയ പാത്രങ്ങളില്‍ ഭക്ഷണവുമായി ചാക്കോച്ചേട്ടന്‍ കാത്തുനിന്നിരുന്നു. എല്ലാവരേയും ഇരുത്തി വിള
മ്പാന്‍ തുടങ്ങിയപ്പോള്‍ നാരായണി ആശ്വസിച്ചു.
‘ഭഗവതീ… ഞാന്‍ പേടിച്ചു പോയിരുന്നു… ആ കറുത്ത ഉണ്ടകള്‍ തിന്നേണ്ടിവരു
മോന്നോര്‍ത്ത്.’
‘അതും ഉണ്ട്… തിന്നുനോക്ക്… ഇവരുടെ ആരോഗ്യ രഹസ്യമാണിത്. ഇവിടുത്തെ രാജകീയ ഭോജനം.’ ജോണ്‍സണ്‍ പറഞ്ഞു.
‘പച്ചരിയുടെ നുറുക്കരി, ഇവര്‍ അതിനെ ‘നൊയി’ എന്നു പറയും. ഈ പൊടിയരി വേവിച്ച് വെള്ളം പോലെയാക്കും. ഇതില്‍ ‘റാഗി’ യെന്ന ഇവിടുത്തെ ധാന്യപ്പൊടി ഇട്ട് ഇളക്കികട്ടിയാക്കി, അത് ചൂടോടെ ഉണ്ട ഉരുട്ടും. ഈ ഉണ്ട അവര്‍ ഇല ചമ്മന്തികള്‍, പുതിനച്ചമ്മന്തിയൊക്കെ കൂട്ടി രുചിയോടെ കഴിക്കും.’ നാരായണിക്ക് അതിന്റെ രുചി അറിയണമെന്നുണ്ടായിരുന്നു.ചാക്കോച്ചേട്ടന്‍ ഒരു പാത്രം തുറന്ന് അതും വിളമ്പി. രുചി നോക്കി നന്ദിനി പറഞ്ഞു! ‘ഇത് നമ്മുടെ നാട്ടിലെ പഞ്ഞപ്പുല്ലല്ലെ? കടുകുമണി പോലിരിക്കും. ഞങ്ങളുടെ വീട്ടിലൊക്കെ പയറിന്റെ കൂടെ ഇതും നടാറുണ്ട്. ശരീര ത്തിന് വളരെനല്ലതാ’
‘അതുതന്നെ ഇതാണ് ഇവരുടെ മെയിന്‍ ഫുഡ്.’ ചാക്കോച്ചേട്ടന്‍ പതിവുപോലെ പച്ചക്കറികളും മീന്‍വിഭവങ്ങളും ഇറച്ചികളുമൊക്കെ കരുതിയിരുന്നു. കൂടാതെ രണ്ട് തരം പായസങ്ങളും. ഭക്ഷണം പൊടിപൊടിച്ചു.
‘ഒന്ന് റെസ്റ്റെടുത്തിട്ട് പോകാം ദിനേശാ… താനും പോയി ഒന്ന് കിടന്നൊ.’ ജോണ്‍സണ്‍ പറഞ്ഞു. ‘നിങ്ങള്‍ ഇവിടിരിക്ക്. വൈകിട്ട് നമുക്ക് ഒരു ഫിലിമിന് പോകാം.’
ജോണ്‍സണ്‍ അവരെ ഗസ്റ്റ് ഹൌസില്‍ കൊണ്ടാക്കി. മുന്തിരിക്കുല ഇറുക്കുന്ന ഉപകരണം കൈപ്പിടിച്ച് എല്ലാവരുടെ വിരലും വേദനിക്കുന്നുണ്ടായിരുന്നു.
മുറിയിലിരുന്ന് അന്നത്തെ രസം പങ്കിട്ടു നാരായണിയും തങ്കമണിയും. നന്ദിനി കൂടൊരുക്കുന്ന ആണ്‍കിളിയേയും പെണ്‍കിളിയേയും വരച്ചു. വെറും വെള്ള പേപ്പറില്‍ പേന ഉപയോഗിച്ച് അവള്‍ വരച്ച ചിത്രം അതിമനോഹരമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ക്ഷീണം തോന്നിയതിനാല്‍ അവള്‍ പോയിക്കിടന്നുറങ്ങി. നേരമിരുട്ടിയ ശേഷമാണ് ജോണ്‍സണും ദിനേശനുമെത്തിയത്. ആരും ഒരുങ്ങിനില്‍ക്കാത്തതിനാല്‍ സെക്കന്റ് ഷോയ്ക്ക് പോകാമെന്നു തീരുമാനിച്ചു. ജോണ്‍സണും ദിനേശനും നീന്തല്‍ക്കുളത്തിലിറങ്ങി. നന്ദിനി മുറിയില്‍ വന്ന് നോക്കിയപ്പോള്‍ അവള്‍ വരച്ചു വച്ച ചിത്രം അവിടെ ഇല്ലായിരുന്നു. പകരം മുറിയില്‍ ക്യാന്‍വാസും ബ്രഷും സ്റ്റാന്റു കളും പെയ്ന്റുകളുമൊക്കെ വിപുലമായ തോതിലിരിക്കുന്നു. നന്ദിനി സന്തോഷത്തോടെ ബ്രഷ് കയ്യിലെടുത്തു പെയ്ന്റ് മിക്സ് ചെയ്തു. വരകളിലൂടെ ആദ്യം വന്നത് ജോണ്‍സന്റെ തന്നെ രൂപമായിരുന്നു. കൂടെ മമ്മിയും. മനസ്സില്‍ നിന്നെടുത്ത് വരച്ചിട്ടും അത് അച്ചട്ടായിരുന്നു. ഇടയ്ക്കൊരിക്കല്‍ ജോണ്‍സണ്‍ രഹസ്യമായി വന്ന് നോക്കിയിരുന്നു. നന്ദിനി ബ്രഷുമായി ക്യാന്‍വാസിനുമുന്നില്‍ നില്ക്കുന്നത് കണ്ടാണ് പോയത്. രാത്രി വന്ന് നോക്കിയപ്പോള്‍ നന്ദിനി വര ഒരുവിധം പൂര്‍ത്തിയാക്കി ദൂരെ മാറിനിന്ന് നോക്കിനോക്കി തിരുത്തലുകള്‍ നടത്തുകയായിരുന്നു. ഇത്ര ഈസിയായി, ഇത്ര മനോഹരമായി നന്ദിനി വരയ്ക്കുമെന്ന് നേരത്തെ ജോണ്‍സണ്‍ മനസ്സിലാക്കിയിരുന്നില്ല. കോളേജ് മാഗസീന്‍ തയ്യാറാക്കുമ്പോള്‍ ചില വരകളൊക്കെ കണ്ടിരുന്നു എന്ന് മാത്രം.
രാത്രി ഭക്ഷണത്തിനുമുമ്പ് വന്നുനോക്കിയപ്പോഴും നന്ദിനി പടത്തില്‍ ചിലവരകള്‍ ഉടുന്നതു കണ്ടു. ജോണ്‍സണെ കണ്ടപ്പോള്‍ പിടിച്ചു നിര്‍ത്തി അകലെ മാറി
നിന്ന് ഒന്നുകൂടെ നോക്കി പഠിച്ചു. ജോണ്‍സണ്‍ തള്ള വിരലുയര്‍ത്തി പറഞ്ഞു ‘ഹൂറേ!’
‘ആ പോസിലൊന്ന് നില്‍ക്കു ജോണ്‍സേട്ടാ… ഞാനൊന്നു പഠിക്കട്ടെ,’ നന്ദിനി ജോണ്‍സണെ അങ്ങനെ തന്നെ നിര്‍ത്തി ക്യാന്‍വാസില്‍ കുറച്ച് കറക്ഷനും കൂടെ നടത്തി. ജീവനുള്ള ജോണ്‍സണെ ആ പടത്തില്‍ ഒപ്പിയെടുത്തതുപോലെ. മമ്മിയെയും അതിമനോഹരമായി വരച്ചിരുന്നു. എണ്ണഛായാ ചിത്രത്തിന്റെ വടിവ് കണ്ട് ആരും നിന്നുപോകും.
‘നന്ദിനീ’ ജോണ്‍സണ്‍ വിളിച്ചു. ‘ഇന്ന് സിനിമകഴിഞ്ഞ് വന്നിട്ട് നമുക്കൊന്ന്
കാണണം
‘അതെന്തിനാ? നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലെ?’
‘ഉം… ഒന്ന് വരണം, ഈ മുറിയില്‍.’
‘ശരി. എല്ലാവരും ഭക്ഷണം കഴിച്ചൊരുങ്ങ്. പടംതുടങ്ങുന്നതിനു മുബെത്തണ്ടെ?’
തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്കുപോലും തിരക്കായിരുന്നു. നല്ലപപടമാണെന്ന്, അത് കണ്ടതും മനസ്സിലായി. എല്ലാവരും സന്തോഷത്തോടെ പടം കണ്ടിറങ്ങി. വീട്ടിലേക്കുള്ള യാത്രയില്‍ അതിയായ സന്തോഷമുണ്ടായിരുന്നു. സിനിമയെപ്പറ്റിയുള്ള ക്രിറ്റിസിസം കാറില്‍ പ്രകമ്പനം കൊണ്ടു. ‘സിനിമയുടെ അവസാനം നായികയുടെ അപകടം വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം’നന്ദിനി പറഞ്ഞു.
‘അതെന്താ അങ്ങനെ?’ ജോണ്‍സണ്‍ ചോദിച്ചു.
‘അത് എനിക്ക് തോന്നിയതാണ്. ഒരുപശകുനം പോലെ തോന്നി.’ നന്ദിനി പറഞ്ഞു.
‘അതിനിത് സിനിമയല്ലെ? റിയല്‍ ലൈഫല്ലല്ലൊ.’ ജോണ്‍സണ്‍
‘കൊള്ളാമെന്നാണ് എനിക്ക് തോന്നിയത്’ നാരായണിപറഞ്ഞു.
‘നന്ദിനേച്ചിക്ക് സിനിമയിലെ രാധികേച്ചിയെ വല്യേ ഇഷ്ടായിക്കാണും. അതാ അല്ലേ?’ തങ്കമണിചോദിച്ചു.
‘അതെ മോളേ, വളരെ കഷ്ടപ്പെട്ട് ഒരു കരയിലെത്തിയപ്പൊ അപകടത്തില്‍പ്പെട്ട് ജീവച്ഛവമായികിടക്കുന്ന ഒരു ജന്മം!! എന്തൊരു ക്രുരതയാണത്?’
‘ഇനിയാണ് നായകന്റെ പ്രേമം അവളെ പുനര്‍ജ്ജന്മത്തിലെത്തിക്കുക.’ ജോണ്‍സണ്‍ പറഞ്ഞു.
‘അതിനത് കഥയിലില്ലല്ലൊ’ ദിനേശന്‍
‘മതി മതി.. വീടെത്തി… എല്ലാവരും ഇറങ്ങിക്കൊ.’നാരായണിക്കുറക്കം വരുന്നു ണ്ടായിരുന്നു. വീടെത്തിയതും അവള്‍ വേഗം ഉറങ്ങാന്‍ കിടന്നു. കൂടെ തങ്കമണിയും.
നന്ദിനി എന്തുചെയ്യണമെന്നറിയാതെ മുറിയിലിരുന്നു. ജോണ്‍സണ്‍ കുറച്ചുകഴിഞ്ഞ് വാതില്‍ക്കല്‍ വന്നു. നന്ദിനികൂടെ നടന്നു. പെയ്ന്റ് ചെയ്യാനിരുന്ന മുറിയില്‍ ജോണ്‍സണ്‍ അവളെക്കൊണ്ടുപോയി. നന്ദിനി അതിശയത്തോടെ അന്തംവിട്ട് നോക്കി നിന്നു. വിവിധ പോസിലുള്ള ആറ് പെയ്ന്റിങ്ങുകള്‍. എല്ലാം നന്ദിനിയും ജോണ്‍സണും ജീവനുള്ളപോലെ, ഇപ്പോള്‍ എഴുന്നേറ്റ് വരുമെന്നു തോന്നുന്നവിധം ജീവസ്സുറ്റവ.
‘എന്റെ ജോണ്‍സേട്ടാ.’
നന്ദിനി ആ മാറില്‍ ചേര്‍ന്നുനിന്നു. ‘ഇതെന്താ ഇത്? ആരെങ്കിലും കണ്ടാല്‍?’
‘കണ്ടാലെന്താ? എല്ലാവരും അറിയും… അത്രതന്നെ.’
‘എപ്പഴാ ഇതൊക്കെ വരച്ചുകൂട്ടുന്നെ?’
‘എന്റെ പൊന്നിനെ ഓര്‍മ്മയില്‍ നിന്നെണീപ്പിക്കുമ്പോഴൊക്കെ.’
‘നമ്മള്‍ ഒന്നാവാനുള്ളവരാണ്. ഒരേ ടേയ്സ്റ്റുകളാണ് രണ്ടാള്‍ക്കും.’
‘അതിനിനി സംശയമുണ്ടോ?’
‘ഈ പടങ്ങളൊക്കെ നോക്കിക്കിടന്നാണ് ഞാനുറങ്ങാറ്. ചിലപ്പോള്‍ ക്യാമറയിലെ ടുത്ത ഫോട്ടോകള്‍ എന്റെ ബെഡ്ഡില്‍ നിരത്തിയിടും. അതിനുമുകളില്‍ കിടന്നുറങ്ങും. യാത്രയില്‍ എന്റെ കാറില്‍ നന്ദു എന്റെ അരികില്‍ ചേര്‍ന്നിരിക്കും.’
‘മതി… എന്നെ ഇനിയും തളര്‍ത്തരുത്… കുറച്ചുകാലം കൂടെ,’ നന്ദിനി തേങ്ങിക്കര ഞ്ഞു.
‘എന്താ ഇത് നന്ദൂ.. ഞാനിതൊക്കെ സന്തോഷിക്കാനല്ലെ കാണിച്ചു തന്നത്?’
നന്ദിനി കഴുത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. അവള്‍ക്കിനിയും ഈ സ്നേഹധ നനെ വിഷമിപ്പിക്കാന്‍ വയ്യ…. പക്ഷെ എങ്ങനെ?
‘കരയാതെ നന്ദൂ… എനിക്കറിയാം എല്ലാം എന്നും എന്തിനും ഞാനുണ്ടല്ലൊ കൂട്ടായി… കരയാതെ, പോയുറങ്ങിക്കൊ.’
നന്ദിനി മുറിയില്‍ വന്നു കിടന്നു. ഉറങ്ങാനെന്തായാലും കഴിയില്ല. പുറത്തേക്ക് നോക്കി നിന്നു. ജനലിലൊക്കെ മൂടല്‍ മഞ്ഞ് നിറഞ്ഞിരുന്നതിനാല്‍ ഒന്നും വ്യക്തമല്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ജോണ്‍സണ്‍ ജനലിനരികില്‍ നില്ക്കുന്നത് കണ്ടു. നന്ദി നിയും ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായപ്പോള്‍ പുറത്തേക്ക് വിളിച്ചു. അവള്‍ ഇറങ്ങിച്ചെന്നു. സംഗീതോപകരണങ്ങളില്‍ വിരലുകള്‍ ഓടിനടന്നു. ജോണ്‍സന്റെ മടിയില്‍ കിടന്ന് കീബോര്‍ഡിലൂടെ വിരലോടിച്ച് പാടുന്ന സംഗീതത്തിലലിഞ്ഞ് അവള്‍ കണ്ണച്ചു. അവളെ മടിയില്‍ കിടത്തിതലോടിയുറക്കി. ജോണ്‍സണും ഉറങ്ങിപ്പോയി അവളുടെ മാറില്‍ തലവെച്ച്. ഒരുറക്കം കഴിഞ്ഞ് നന്ദിനി ഉണര്‍ന്നു ജോണ്‍സണെ വിളിച്ചു ണര്‍ത്തി.
‘ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു.’
നന്ദിനി ശബ്ദമില്ലാതെ വന്ന് കട്ടിലില്‍ കിടന്നു. ജോണ്‍സണ്‍ തിരിച്ചുപോയി. രാവിലെ വീണ്ടും തലേന്നത്തെപ്പോലെ തോട്ടത്തില്‍ പോയി ജോണ്‍സണ്‍. അന്നും വൈന്‍നിര്‍മ്മാണസ്ഥലത്ത് പലതും ചെയ്യാനുണ്ടായിരുന്നു. അവിടത്തെ പ്രൊഡക്‌ഷന്‍ മാനേജരും അക്കൗണ്ടന്റും വളരെ നല്ലവരായിരുന്നു. എന്നാലും ജോണ്‍സണ് പിടിപ്പത് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമായിരുന്നു. നന്ദിനിയും നാരായണിയും തങ്കമണിയും മുന്തിരിത്തോട്ടത്തില്‍ പോയിരിക്കയല്ലെയെന്ന ആശ്വാസത്തില്‍ ദിനേശനും ജോണ്‍സണും ഓഫീസില്‍ ചെയ്തുതീര്‍ക്കാവുന്നതൊക്കെ ചെയ്തു. ദിനേശനും ജോണ്‍സണെ സഹായിച്ചു.
‘താനിതൊക്കെ പഠിക്കണം. എന്റെ സഹോദരനാണെന്ന് മറക്കേണ്ട.’ ജോണ്‍സണ്‍ ദിനേശനെ പ്രോത്സാഹിപ്പിച്ചു.
‘എനിക്കിതൊന്നും മുമ്പ് അറിയില്ലായിരുന്നു. വീട്ടില്‍ കുറച്ച് നെല്ലിന്റേയും തേങ്ങയുടേയും കാര്യമല്ലെയുള്ളൂ. മുത്തച്ഛനും അച്ഛനും അതൊക്കെ കൈകാര്യം ചെയ്യും. എനിക്ക് ഞങ്ങളുടെ സ്ഥലങ്ങള്‍പോലും എവിടെയാണെന്നറിയില്ല. അമ്മ ഇടയ്ക്ക് പറയുന്ന ഒരുവാചകമുണ്ട്. എന്നെപ്പറ്റിയാ! പത്തായം പെറും, ചക്കികുത്തും, അമ്മ വെയ്ക്കും, ഞാനുണ്ണും എന്നതാണത്രെ എന്റെ നില. ഒരു കണക്കിനത് ശരിതന്നെയാ,’ ദിനേശന്‍ പറഞ്ഞു.
‘ജോണ്‍സേട്ടന്‍ ഈ ചെറുപ്രായത്തില്‍ എന്തൊക്കെയാ ചെയ്യുന്നത്?’
‘പപ്പയുണ്ടായിരുന്നെങ്കില്‍ ഞാനും തന്നെപ്പോലെ ആയേനെ?’ ജോണ്‍സണ്‍ വിതു
മ്പലടക്കി. ‘താനൊക്കെ ഭാഗ്യവാന്മാരാണെടോ. എനിക്ക് ചെറുപ്പം ആസ്വദിക്കാന്‍ വിധിയില്ല. ചെറുപ്പത്തിലേ കുടുംബനാഥനായി. ഇരുത്തം വന്നവനാവാതെ തരമില്ലല്ലൊ.’
‘പണികള്‍ തീര്‍ത്തിട്ട് നാളെ നമുക്ക് തിരിച്ചുപോകണം.’ അയാള്‍ ഓര്‍മ്മിപ്പിച്ചു. ഇനി നന്ദിനീമൊക്കെ എന്തുചെയ്യുന്നെന്നു നോക്കി കൂട്ടീട്ടുവരണം. ചാക്കോച്ചേട്ടന്‍ ഉച്ചക്കുള്ള ഭക്ഷണവുമായി ഇപ്പൊവരും. അവര്‍ തോട്ടത്തിലേയ്ക്ക് പോയി. നന്ദിനി ഒരു മുന്തിരിച്ചെടിയുടെ താഴെ നില്‍ക്കുന്നുണ്ടായിരുന്നു.. പക്ഷികളോട് സല്ലപിച്ച് നാരായണിയും തങ്കമണിയും പണിക്കാരുടെ കൂടെ പണിയെടുക്കുന്നു.
‘കൂലിഎന്ത് തരണം?’ ജോണ്‍സന്റെ ശബ്ദം കേട്ട് അവര്‍ ഞെട്ടി. ‘ഇവര്‍ക്ക് കൊടുക്കുന്നത് തന്നാല്‍ മതി’നാരായണി പറഞ്ഞു.
‘പുതിയതായി പണിക്കിറങ്ങുന്നവര്‍ക്ക് പാതികൂലിയേ തരൂ.’ ജോണ്‍സണ്‍ തിരിച്ച ടിച്ചു.
‘അത് മതി, ഞങ്ങള്‍ അത്രയേ ചെയ്തുള്ളൂ.’തങ്കമണി സമാധാനപ്പെട്ടു.
‘ന്ദിനി എവിടെ?’
‘ആ….. അറിയില്ല… അവിടെ പക്ഷികളെ നോക്കി നടന്നിരുന്നു.’ നാരായണിയും തങ്കമണിയും പരിഭ്രമിച്ചു.
‘പേടിക്കേണ്ട ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്’ ജോണ്‍സണ്‍ നന്ദിനിയെ വിളിക്കാന്‍ പോയി. പക്ഷിക്കൂടുകളിലെ മുട്ട എണ്ണിത്തിട്ടപ്പെടുത്തിയും, പ്രിയ കിളികളുടെ പ്രേമ സല്ലാപങ്ങൾ കണ്ടു നടന്നും നന്ദിനി നേരമിത്രയായതറിഞ്ഞില്ല.
‘നമുക്കിന്ന് ജോബിയുടെ എസ്‌റ്റേറ്റിലൊന്ന് പോകാം. ആന്റി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.’ വണ്ടി ഓടുമ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു.
വൈകുന്നേരത്തോടെ എല്ലാവരും ജോബിയുടെ സ്ഥലത്തെത്തി ജോബിക്ക് പറഞ്ഞാല്‍ തീരാത്തത്ര സന്തോഷം. അനീറ്റ തുള്ളിച്ചാടി. ആന്റിയും അങ്കിളും ഓടി ഇറങ്ങിവന്ന് അവരെ സ്വീകരിച്ചു.
ആഘോഷത്തിന്റെ ഒരു മാലപ്പടക്കം പൊട്ടിച്ചിതറുന്നപോലെയായിരുന്നു അന്ത രീക്ഷം. പരസ്പരം കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കുവച്ചു എല്ലാവരും. നാരായണിയുടെ മൃദുവിരലുകളില്‍ പിടിച്ചപ്പോള്‍ തഴമ്പ് തടഞ്ഞു ആന്റിക്ക്.
‘എന്താദ് കുട്ട്യേ വിരലില്‍?’ ആന്റിചോദിച്ചു. ജോണ്‍സണ്‍ പൊട്ടിച്ചിരിച്ചു. മുന്തിരിശേഖരിക്കുന്ന ജോലി ചെയ്ത് തളര്‍ന്ന വിവരം കേട്ട് എല്ലാവരും ഒന്നിച്ച് ചിരിച്ചു.
‘കൂലികൂട്ടിക്കൊടുക്കണമെടാ’ അങ്കിള്‍ പറഞ്ഞു. ‘സുന്ദരികള്‍ തോട്ടത്തില്‍ നിന്ന് പറിച്ചത്, സുന്ദരികള്‍ കാല്‍ കൊണ്ട് ക്രഷ് ചെയ്തത് എന്നൊക്കെ പരസ്യമൊന്ന് പൊലിപ്പിച്ചാല്‍ വില എത്ര കൂടുമെന്നറിയാമോ?’
‘അതൊരു ശരിയാണല്ലൊ അങ്കിള്‍! ഓരോ ഫോട്ടോ സെഷന്‍ കൂടെസംഘടിപ്പി ച്ചാല്‍ ഉഗ്രന്‍!!ഫോട്ടോ ഞാനെടുത്തു വച്ചിട്ടുണ്ട് അതൊക്കെ പ്രൊഡക്ഷനില്‍ കൊടുത്താല്‍ മതി.’
‘അയ്യോ…’ നാരായണിയും തങ്കമണിയും ഒച്ചവച്ചു.
‘വേണ്ട വേണ്ട, ഞങ്ങള്‍ക്ക് നാണം വരും.’
‘എന്തിന് നാണിക്കണം? ഇത് റിയല്‍ അല്ലേ? സാധാരണ പരസ്യത്തില്‍ വരുന്നവ രൊക്കെ ആരാ?’ജോണ്‍സണ്‍ പറഞ്ഞു. ‘ഒരു പരസ്യം ക്ലിക്കായാല്‍ പിന്നെ മീഡി യയും മറ്റും മുറ്റത്തുനിന്ന് മാറില്ല. ‘ ജോണ്‍സണ്‍ പറഞ്ഞു.
‘വേണ്ടാട്ടൊ. ഞങ്ങളെ വിഷമിപ്പിക്കല്ലേ?’
‘മതിമതി… കുട്ടികള്‍വാ…. അവരങ്ങനെയൊക്കെ പറയും.’ആന്റീ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. മേശപ്പുറത്ത് പദാര്‍ത്ഥങ്ങള്‍ നിരന്നിരുന്നു.
‘ഇതൊക്കെ ഇപ്പൊതിന്നാല്‍ രാത്രി എന്ത് ചെയ്യും? വയറ് ഒഴിഞ്ഞുകിട്ടണ്ടെ?’ ജോണ്‍സണ്‍ ചോദിച്ചു.
‘അതിന് പറ്റീതും ഉണ്ട്. നീ ഇവരെ അതൊക്കെ പഠിപ്പിക്കെടാ.’
അങ്കിള്‍ തമാശ പറഞ്ഞു.
‘മിണ്ടാതിരുന്നോ.’ ആന്റി ശാസിച്ചു.
പഴയപോലെ ആന്റി എല്ലാവര്‍ക്കും വസ്ത്രങ്ങളും മറ്റും കരുതിയിരുന്നു. കുളി ച്ചൊരുങ്ങി എല്ലാവരും ഹാളിലെത്തി. സംഗീതോപകരണങ്ങളൊക്കെ റെഡിയായി പഴയപോലെ എല്ലാവരും സമ്മേളിച്ചു. ആന്റിക്ക് ഡാന്‍സാണ് ഏറെ ഇഷ്ടം. ഇത്രനല്ല നര്‍ത്തകികളെ എവിടെ കിട്ടും വേറെ? മുന്നുസുന്ദരികളും ആടിത്തിമര്‍ത്തു. ഭരതനാട്യവും, മോഹിനിയാട്ടവും, കുച്ചിപ്പുടിയും, സിനിമാറ്റിക്കും, കര്‍ഷകനൃത്തവുമൊക്കെ മനോഹരമായി അരങ്ങേറി. പാട്ടും ഡാന്‍സും ഇടകലര്‍ന്നായിരുന്നു. ഇത്തരമൊരു സദസ്സ് ലോകത്തിലൊരിടത്തും വേറെ കാണില്ല. എല്ലാവരും മത്സരിച്ചാടി, പാടി. സദസ്സ് കയ്യടിച്ച് എല്ലാം കൊഴുപ്പിച്ചു. ആന്റിക്ക് സന്തോഷം സഹിക്കാനായില്ല. സമ്മാനമായി മൂന്നുപേര്‍ക്കും വൈരനെക്ലേസാണ് ആന്റി കരുതിയിരുന്നത്.
‘ആന്റി, എന്താ ഇത്? ഇതൊന്നും വേണ്ടായിരുന്നു.’ നന്ദിനി പറഞ്ഞു. അവള്‍ക്കാകെ വിഷമമായി.
‘മക്കളെ, ഇത് എന്റെ സന്തോഷമാണ്. എന്റെ അനീറ്റക്കും, ജോബിമോനും നിങ്ങള്‍ മൂത്ത സഹോദരങ്ങളാണ്.’ പറഞ്ഞപ്പോള്‍ ആന്റിയുടെ കണ്ഠമിടറി.
ഭക്ഷണമേശയില്‍ അലംകൃതമായിരുന്ന ബിയര്‍ബോട്ടിലുകള്‍ പൊട്ടിച്ചു. ആഘോഷം തുടങ്ങി എല്ലാവരെക്കൊണ്ടും വൈന്‍ ടേസ്റ്റ് ചെയ്യിച്ചു. പുരുഷന്മാര്‍ ഓരോ ഗ്ലാസ്സ് ബിയര്‍ കുടിച്ചു.
‘ഭക്ഷണമേശയില്‍ സംസാരം നിയന്ത്രിച്ചിരിക്കുന്നു.’ ആന്റി മുമ്പത്തെ അനുഭവങ്ങള്‍ ഓര്‍ത്ത് ഒരു പ്രഖ്യാപനം നടത്തി.
വിഭവങ്ങള്‍ ഓരോന്നും ആന്റി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. എല്ലാവരും കഴിക്കുന്നത് മാത്രമേയുള്ളു.
പെണ്‍കുട്ടികള്‍ ധൈര്യമായി ഭക്ഷണം കഴിച്ചു. മീനും ഇറച്ചിയുമൊക്കെ എല്ലാ വരും കുറേശ്ശെ കഴിച്ചു തുടങ്ങിയിരുന്നു. അതിനാല്‍ ഒരു പ്രശ്നവുമുണ്ടായില്ല. ഉറ ങ്ങാനൊരുക്കിയ മുറിയില്‍ ആന്റി പെണ്‍കുട്ടികളെ കൊണ്ടാക്കി. കൂടെ അനീറ്റയും കൂടി. ഇപ്പോള്‍ അനീറ്റ ഡാന്‍സ് ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കുന്നുണ്ട്. അവള്‍ ഒറ്റയ്ക്ക് ഒരു ഡാന്‍സ് ചെയ്തു കാണിച്ചു കൊടുത്തു.
‘വളരെ നന്നായിരിക്കുന്നു.’ നന്ദിനിയും നാരായണിയും തങ്കമണിയും അവളെ അഭിനന്ദിച്ചു. ഒരു പുതിയ ഡാന്‍സ് നന്ദിനി അവള്‍ക്ക് പഠിപ്പിച്ചു കൊടുത്തു. അടുത്ത ക്ലാസ്സ്മീറ്റിങ്ങില്‍ അവതരിപ്പിക്കാന്‍. അനീറ്റയ്ക്ക് വളരെയധികം സന്തോഷമായി.
ജോണ്‍സണും ദിനേശനും അങ്കിളുംകൂടെ എങ്ങോട്ടോ കാറെടുത്ത് പോകുന്നതു കണ്ടു. ഫാക്ടറിയിലേക്കാണെന്ന് ആന്റി പറഞ്ഞു.
‘അവര്‍ വരാന്‍ വൈകും നിങ്ങളൊക്കെ ഉറങ്ങിക്കൊ.’ ആന്റി പോകുമ്പോള്‍ വിളി ച്ചിട്ടും അനീറ്റപോയില്ല. അവള്‍ നന്ദിനിയുടെ കട്ടിലില്‍ത്തന്നെ ഉറങ്ങി.
രാത്രിയില്‍ എപ്പോഴോ പുറത്തുപോയവരൊക്കെ വന്ന് കിടന്നുറങ്ങി. രാവിലെ പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞതും ജോണ്‍സണ്‍ എല്ലാവരേയും കൊണ്ട് തിരിച്ച് ഗസ്റ്റ് ഹൗസിലേക്ക്പോയി. ഫ്ളൈറ്റിന്റെ സമയത്ത് എയര്‍പോര്‍ട്ടിലെത്തണമല്ലൊ. അതിനുമുമ്പ് എല്ലാവരും ഷോപ്പിങ്ങിന് പോയി.
‘കൂലിപണമായിട്ട് വേണോ-അതോമറ്റെന്തെങ്കിലും?’ ജോണ്‍സണ്‍ പുറകിലോട്ട് നോക്കി ചോദിച്ചു.
‘അയ്യോ എന്താ ഈ പറയുന്നത് ഞങ്ങള്‍ക്കൊന്നുംവേണ്ട.’ എല്ലാവരും ഒന്നിച്ചുപറഞ്ഞു.
‘ബോംബെയില്‍ നിന്ന് വാങ്ങിയ ഡ്രസ്സുകള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നല്ലെ പറഞ്ഞത്? ഇനി ബാംഗ്ലൂര്‍ ഫാഷനാകട്ടെ.’ വലിയ തുണിക്കടയില്‍ കയറി എല്ലാവര്‍ക്കും, വീട്ടിലുള്ളവര്‍ക്കും, ശ്രീദേവിയുടെ മകനടക്കം വസ്ത്രങ്ങള്‍ വാങ്ങി. ദിനേശന്റെ വീട്ടിലുള്ളവര്‍ക്കും ജോണ്‍സന്റെ മമ്മിക്കുമൊക്കെ വാങ്ങിക്കൂട്ടി. ട്രെയ്ന്‍പോലെയല്ലല്ലൊ പ്ലെയനില്‍. ലഗ്ലേജിന് നല്ലകണക്കുണ്ട്. അതിനാല്‍ സാധനങ്ങളൊക്കെ തൂക്കം നോക്കി പായ്ക്ക് ചെയ്തു. സമയത്തിന് എയര്‍പോര്‍ട്ടിലെത്തി. ഒരു യാത്രകൂടെ അവസാനിച്ചു. ജോണ്‍സണിനി സ്വന്തം വീട്ടിനടുത്താണ് ജോലി. നന്ദിനിയുടെ പോസ്റ്റ് ഗ്രാജ്ജു വേഷന്‍ എവിടെയെന്നറിയില്ല. ദിനേശനിനിയും പഠനകാലം നീണ്ടുകിടക്കുന്നു. നാരായണി ഈസ്കൂള്‍ വര്‍ഷം മുതല്‍ അടുത്തുള്ള സ്‌കൂളില്‍ ടീച്ചറാണ്. തങ്കമണി കോ ളേജ്കുമാരിയും. എല്ലാവരുടെ ഹൃദയവും ഒരകല്‍ച്ചയില്‍ മിടിച്ചു. ജോണ്‍സേട്ടനെ ഇനി അടുത്ത് കിട്ടില്ലല്ലൊ എന്നതിന് ദിനേശനും നന്ദിനിയും ദുഃഖിതരായിരുന്നു. അത്രയ്ക്കടുപ്പമുണ്ട് ആ ബന്ധത്തിന്. എല്ലാവരേയും വീട്ടിലെത്തിച്ച് ജോണ്‍സണ്‍ ടാക്സിയില്‍ തിരിച്ചുപോയി. പ്രിയന്റെ കൂടെ നന്ദിനിയുടെ ഹൃദയവും അകന്നുപോയി!!







