കവിത വായിച്ചു ജോണ്‌സണ് ഹരം കൊണ്ടു. അതിന്റെ സംഗീതവും നന്ദിനിയുടെ മനസ്സില് അലയടിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ചു കാത്തിരുന്ന മമ്മിയുടെ കയ്യിലേക്കു നന്ദിനിയെ ഏല്പ്പിച്ചു ജോണ്‌സണ് മുറിയിലേക്ക് പോയിരുന്നു. കാപ്പി കുടിച്ചി ദിനകൃത്യങ്ങള് ഒക്കെ കഴിച്ചു നന്ദിനി അവള്ക്കായി ഒരുക്കിയിട്ട മുറിയില് കയറി വാതിലടച്ചു. കിടന്നിട്ട് ഉറങ്ങാന് കഴിയുന്നില്ല. തലേ രാത്രിയില് ഒരു പോള
കണ്ണടച്ചിരുന്നില്ലെങ്കിലും, ഒരു രോമകൂപം പോലും തളര്ന്നിട്ടില്ല. അവ ഒന്നാകെ എഴുന്നു നില്ക്കുന്നു. രാത്രിയില് ഹോട്ടല് മുറിയില് അലയടിച്ച വാദ്യ സംഗീതവും ചടുല നൃത്തവും അവളുടെ സിരകളില് ലഹരി പകര്ന്നു. അവള് എഴുതിയ കവിത ആ സ്വരരാഗസുധയില് അലിഞ്ഞാടി. മനോഹരമായൊരു രാഗം ഉണര്ന്നു വന്നു. ഇന്നു വരെ ആര്ക്കും ചെയ്യാന് കഴിയാത്ത ഈണം. മാസ്മരിക ശക്തി ഉണര്ത്തിയ നന്ദിനിയുടെ സിരകളില് ലഹരി പടര്ത്തിയ ആ രാഗം ഗാനധാര ഒഴുക്കി, മെല്ലെ മെല്ലെ അവളുടെ വിരലുകളില് താളലയം സൃഷ്ടിച്ചു. കണ്ണുകള് താനേ അടഞ്ഞപ്പോള് അവള് അറിയാതെ ഉറങ്ങിപ്പോയി. ജോണ്‌സന്റെ വിളി കേട്ടു ഞെട്ടി ഉണര്ന്നു സാരി
ശരിയാക്കി, മുടി വാരിക്കെട്ടി നന്ദിനി വാതില് തുറന്നു.
ഉറക്കക്ഷീണം വിടാത്ത ആ കണ്ണിലും പാതി വിടര്ന്ന റോസാപ്പൂ പോലുള്ള ആ ചുണ്ടിലും ദീര്ഘ ചുംബനം നല്കാതിരിക്കാന് ആയില്ല അയാള്ക്ക്.മെല്ലെ ചാരിയ
വാതിലിനു പുറത്തു മമ്മിയുടെ വിളി കേട്ടു. കയ്യില് എടുത്ത കവിതയും, അതിന്റെ ചിട്ടപെടുത്തിയ രാഗവും കണ്ടു വിസ്മയഭരിതനായി ജോണ്‌സണ് മമ്മിയുടെ അടുത്ത് വന്നു.
‘കണ്ടോ, മമ്മി…നന്ദു ആദ്യ ഗാനം എഴുതി രാഗം ചെയ്തു കഴിഞ്ഞിരിക്കുന്നു. ‘
‘അവള് മിടുക്കിയല്ലേടാ..ഇന്ന് ഡേവിഡ് വരട്ടെ, എന്റെ കൊച്ചിനെ അവന് എന്തുമാത്രം ഉപകാരപ്പെടാന് ഇരിക്കുന്നു.’
‘ഒന്ന് പാട് നന്ദു…ഞാനൊന്ന് കേള്ക്കട്ടെ.’ മമ്മി പറഞ്ഞു.
നന്ദിനി നാണിച്ചു.’ഇതില് ജോണ്‌സേട്ടനും പാടാന് ഉണ്ട്. അത് പഠിച്ചിട്ടു രണ്ടാളും ചേര്ന്നു പാടാം. ഞങ്ങള് ഇവിടെ ഉണ്ടല്ലോ ‘
‘ശരി മോളെ….വാ..ഒന്നും കഴിച്ചിട്ടില്ല എന്റെ മോള്..’
‘മമ്മി പച്ചക്കറികള് ഒന്നും ഉണ്ടാക്കണ്ടാ കേട്ടോ. ഇപ്പോള് ഇറച്ചിയൊക്കെ ഇഷ്ടമാണ്. ‘ ജോണ്‌സണ് പറഞ്ഞു.
‘നീ പോടാ… ‘ മമ്മി പറഞ്ഞു.
‘അല്ല മമ്മി, ഞാന് കണ്ടതാ..കോഴിക്കാലൊക്കെ കറുമുറായല്ലേ അകത്താക്കുന്നേ.’
‘ഞാന് ഹോസ്റ്റലില് അതൊക്കെ രുചി നോക്കിയെന്നു പറഞ്ഞു..അതാ ഈ പറയുന്നേ ‘
‘നന്നായി മോളെ..ഈ തടിയൊക്കെ ഒന്ന് നന്നാവണം.’ഭക്ഷണ മേശയില് ജോണ്‌സണും വന്നിരുന്നു.
‘മമ്മി, കോഴി വറുത്തതും കൂടി എടുത്തോ.’ അയാള് പറഞ്ഞു. ‘നല്ല കാളയിറച്ചിയും ഉണ്ട് , എടുക്കാന് പറയട്ടെ? ‘
‘വേണ്ട…എന്റെ വയറു തകരാറിലാകും. ഞാന് തുടങ്ങിയിട്ടേ ഉള്ളു.’മേശപ്പുറത്ത് അനേക വിഭവങ്ങള് നിരന്നു.നന്ദിനിക്ക് വലിയ വിശപ്പ് തോന്നിയല്ല. ഉരക്കക്കുറവായിമിക്കാം. ഭക്ഷണം കഴിഞ്ഞപ്പോള് ജോണ്‌സണ് ചോദിച്ചു… ‘ഒന്നും കുടെ കിടക്കണോ നന്ദു? ഡേവിഡ് വൈകുന്നേരമേ വരൂ..’
‘വേണ്ട… ഇനി ഇപ്പോള് ഉറങ്ങുന്നില്ല.’ നന്ദിനി പറഞ്ഞൂ.
‘എന്നാല് വാ, തോട്ടത്തില് ഒക്കെ കറങ്ങാം. ഞങ്ങളുടെ നാടും ഒന്ന് കാണാം ‘ ‘ഞാനീ വേഷമൊന്നു മാറ്റട്ടെ…വേഗം വരാം.’ ‘മാറ്റിയാല് മതി.. ഇവിടെ വസ്ത്രമേ ആവശ്യമില്ല.’
‘ഹോ! തുടങ്ങി…മമ്മിയൊക്കെ ഉണ്ടെന്ന് ഓര്ക്കണം. നാവിന് എല്ലില്ല.’
ജോണ്‌സണ് കാര് ഇറക്കിയിട്ടു. കാറിനകത്ത് ഭദ്രമായി വച്ചിരുന്ന, കാഞ്ചിപുരത്തു പോയപ്പോള് വാങ്ങിയ സാരിയുടെ ഒരു കെട്ട് അയാള് എടുത്തു കൊണ്ടു വന്നു, നന്ദിനി ഇറങ്ങി വന്നപ്പോള് കയ്യില് കൊടുത്തൂ.
‘ഇതെന്താ ഇത്?’
‘ഇതൊക്കെ നമ്മള് ഒന്നിച്ചു കാഞ്ചിപുരത്തു നിന്നും വാങ്ങിയതാ… നോക്കു എന്റെ തിരഞ്ഞെടുക്കല് ‘
‘എന്നിട്ട ഇത് ആര്ക്കും കൊടുത്തില്ലേ?’ ‘ഇതൊക്കെ നന്ദുവിന് വേണ്ടിത്തന്നെ വാങ്ങിയതാ..നോക്കു എന്റെ തിരഞ്ഞെടുക്കല്’
‘അതെനിക്ക് അറിയാമല്ലോ. ആദ്യം തിരഞ്ഞെടുത്തത് എന്നെയല്ലെ?’
‘ആ… അത് തന്നെ…ഗുണനിലവാരം നല്ലതായിരിക്കുമെന്നു സ്വയം അറിഞ്ഞതല്ലേ.’
നന്ദിനി കെട്ടഴിച്ചു ഓരേ സാരിയും നിവര്ത്തി നോക്കി. ‘ ഉഗ്രന്! ‘ അവള് തള്ള വിരല് ഉയര്ത്തി കാട്ടി അഭിനന്ദിച്ചു.
‘ഇതൊക്കെ ഉടുത്തൂ കാണണം എനിക്ക്,’
‘മതി..മതി..ഇനി അഴിച്ചു കാണണം എന്നും പറയും. ‘ നന്ദിനി നാണത്തോടടു പറഞ്ഞതു.
‘ഹേ! എന്റെ പൊന്നേ..എന്റെ ഭാഷയൊക്കെ പഠിച്ചോ? ‘
‘പോ… ജോണ്‌സേട്ടാ..മതി…മമ്മി കേള്ക്കും’
‘ഈ ഉടുത്ത സാരി മാറ്റി ഇതില് ഒന്ന് ഉടുക്ക്. ഞാന് കാണട്ടെ.’
‘ഇനി മാറ്റണ്ടെ? ശരി..അപ്പുറത്ത് പൊയ്‌ക്കോ..ഞാന് വിളിക്കാം…’ നന്ദിനി വാതിലും ജനലും ഒക്കെ അടച്ചു. ഇട്ടിരുന്ന ബ്ലൗസുമായി ചേരുന്ന ഒരു സാരി എടുത്തുടുത്തു വേഗം പുറത്തു വന്നു. ജോണ്‌സണ് വിസ്മയഭരിതനായി. എന്തൊരു ഭംഗി!
‘പൊന്നിന് കുടത്തിന് എന്തിനാ പൊട്ട്?’ അയാള് പറഞ്ഞു.
‘നന്നായിട്ടുണ്ടോ? ‘ നന്ദിനി ചോദിച്ചു.
‘ഉം..മറ്റേതു മാറ്റീട്ട് ഏത് ഉടുക്കണമെന്നു തിരഞ്ഞു നിന്ന സമയം ഇല്ലേ, അപ്പോഴാണ് കൂടുതല് നന്നായിരുന്നത്. ‘
‘അതെങ്ങനെ കണ്ടു?’ നന്ദിനി പരിര്രമിച്ചു ചുറ്റും നോക്കി. അറിയാത്ത സ്ഥലമാണ്, ജനലും വാതിലുമൊക്കെ അടച്ചിരുന്നു. ഈ വിരുതന് എവിടെ നിന്നാണ് തന്നെ കണ്ടതാവോ? അവളുടെ പരിഭ്രമം കണ്ടു ജോണ്‌സണ് ചിരിച്ചു.
‘സാരല്ല്യ..കണ്ടത് ഞാനല്ലേ.. ‘
‘അയ്യോ..എനിക്ക് പേടിയാവുന്നു.’
‘പേടിക്കാതെ…ഞാന് ചുമ്മാ പറഞ്ഞതല്ലേ…’
‘പറയൂ…ആരെങ്കിലും ഒക്കെ നോക്കിയാലോ?’
‘ആരും നോക്കില്ല. ഇത് എന്റെ വീടല്ലേ.’
നന്ദിനി ഭയപ്പെട്ടു വന്നു കാറില് കയറി. മമ്മി വാതില്ക്കല് വന്നു നോക്കി നിന്നു,
‘വരുന്നോ?’നന്ദിനി ചോദിച്ചു. ഇല്ലെന്നു മമ്മി പറഞ്ഞു.
‘ഈ പെണ്‌കൊച്ച് ഒരു ക്രിസ്ത്യാനി ആയിരുന്നേല് എത്ര നന്നായിരുന്നു.’ അവര് സ്വയം പറഞ്ഞു.
കാര് അകന്നു പോകുന്നതു നോക്കി അവര് നിന്നു. അവരുടെ മനസ്സില് മകനും മരുമകളും കുഞ്ഞുമക്കളും തുള്ളിക്കളിച്ചു.
‘നമുക്കൊന്ന് ബാംഗ്ലൂരില് പോകണം നന്ദു’ കാര് ഓടി കൊണ്ടിരുന്നപ്പോള് ജോണ്‌സണ് പറഞ്ഞു.
‘അതെന്തിനാ?’ നന്ദു ചോദിച്ചു.
‘നമുക്ക് ഗ്രാമങ്ങളില് ചെന്ന് രാപാര്ക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില് പോയി, മുന്തിരി വള്ളി തളിര്ത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.’
‘വീണ്ടും ഇളകിയോ?’ നന്ദിനി കൈ തലയ്ക്കു മുകളില് വച്ച് ചുറ്റിക്കാണിച്ചു.
‘നീ പോടീ പെണ്ണെ..വട്ടെനിക്ക് വരില്ല ‘
‘വന്നാലും അച്ഛനോട് പറഞ്ഞാല് മതി. ഇപ്പോള് ഇതിനു മരുന്ന് ഉണ്ട്.’
‘ഇവിടെ അടുത്തു കടല് ഒന്നുമില്ല. ഒരു കായല് ഉണ്ട്. ‘
‘എന്തിനാ? ആത്മഹത്യ ചെയ്യാനാ?’
‘പൊയ്‌ക്കോ.എന്റെ മുന്പീന്ന്..നമുക്കൊന്ന് ഇരിക്കാനൊരിടം’
‘ഓ.അതാണോ? ഞാന് കരുതി..’
നിറയെ പാറകള് നിരന്നു നില്ക്കുന്ന ഒരു കായല്ക്കര!നല്ല തണുത്ത കാറ്റ്
വീശി വരുന്നു. നേര്ത്ത സംഗീതം പോലെ മലമടക്കുകളിലൂടെ ഒരു അരുവി ഒഴുകി ഇറങ്ങി കായലില് ചേരുന്നു. ഒരു പരന്ന പാറപ്പുറത്ത് അവര് ഇരുന്നു. നേര്ത്ത ഇളം കാറ്റ് നന്ദിനിയുടെ മിഴികള് ചീമ്പി അടച്ചുകൊണ്ടിരുന്നു. അവള് ആലസ്യത്തോടെ ജോണ്‌സന്റെ മടിയില് തല ചായ്ച്ചു കിടന്നു.
‘ ഉറങ്ങിക്കോ. ‘ ജോണ്‌സണ് പറഞ്ഞു. ‘ഞാന് കാവല് ഉരിക്കാം. ഇന്നലത്തെ ഉറക്കക്ഷീണം ആണ്. ഉറങ്ങിക്കോ…ഞാന് താരാട്ടി ഉറക്കാം’അയാള് വീണ്ടും പറഞ്ഞു. വിജനമായ കായല്ക്കര! അങ്ങകലെ കുറച്ചു വലക്കാരും, ഒരു വഞ്ചിയും കായലില് ഉലാവുന്നു. ജോണ്‌സണ് മെല്ലെ പാടി..’ദേവദാരു പൂത്തു എന് മനസ്സിന്
താഴ് വരയില്…നിതാന്തമാം തെളിമാനം..പൂത്ത നിശീഥിനിയില്…ദേവദാരു പൂത്തു.’
നന്ദിനിയുടെ നീണ്ട മുടി ഇഴകള് കാറ്റില് ജോണ്‌സന്റെ മുഖത്ത് പാറി പറന്നു
വന്നു തഴുകി കൊണ്ടിരുന്നു. ഒരോമല് കിനാവിന്റെ പല്ലക്കിലേറി നന്ദിനി ഒരിളം പൈതലിന്റെ മുഖഭാവത്തോടെ ഉറങ്ങിക്കിടന്നു. ഒരില പോലും തന്റെ ഓമനയെ ഉണര്ത്താതിരിക്കാന് ജോണ്‌സണ് കരുതലോടെ കാത്തിരുന്നു. കായലോരത്തു പമ്മി നടന ഒരു ചാവാലി പട്ടിക്കു നേരെ അയാള് ഒരു ചെറു കല്ലെടുത്തെറിഞ്ഞു. തിരിഞ്ഞു നോക്കി അത് ഓടിപ്പോയി. കിനാവിന്റെ ഒരു മായാലോകത്തു കൂടെ മനസ്സ് നീങ്ങിക്കൊണ്ടിരുന്നപ്പോള്, തന്റെ ‘പക്ഷി പാതാളത്തിലെ’ അരവട്ടനായ നായകന് ജോണ്‌സണെ വട്ടം പിടിച്ചു. മാമല്ലപുരത്തെ മൈഥിലിയും ദാസപ്പനും ആ മല നിരയിലെവിടെയോ ഇരുന്നു ശില്പവേല ചെയ്യുന്നെന്നും തോന്നി. സൂര്യന് പടിഞ്ഞാട്ട് ഇറങ്ങി വന്നു. ആകാശം ചുവപ്പ് പുശി ഒരു പൂജാരിയെ പോലെ കറുത്ത ജട കോതി ഒതുക്കി. ഇനി ഈ വിജന പ്രദേശത്ത് ഇരിക്കാന് പറ്റില്ല. ഇരുളിന്റെ നേര്ത്ത കരങ്ങള് പരന്നിറങ്ങി കൊണ്ടിരുന്നു. ജോണ്‌സണ് നന്ദിനിയെ കുലുക്കി ഉണര്ത്തി. ഏതോ കിനാവില് നിന്നവള് ഞെട്ടി ഉണര്ന്നു. പരിസരബോധം വീണ്ടെടുത്തപ്പോള് അവള് പറഞ്ഞു.’ക്ഷമിക്കണം ജോണ്‌സേട്ടാ..എന്നെ ഉണര്ത്തായിരുന്നില്ലേ?’
‘ഇരുട്ടത്ത് ഇവിടെ ഇരിക്കാൻ പറ്റില്ലല്ലോ.. അതാ…അല്ലെങ്കിൽ ഞാൻ ഉണർത്തി ല്ലായിരുന്നു.’
‘അയ്യോ…മണി എത്രയായി? ഇരുട്ടായല്ലോ.’ നന്ദിനി ചാടിപിടഞ്ഞെഴുനേറ്റു.ജോൺസന്റെ തോളില് ചാരി അവര് കാറ് കിടക്കുന്ന ഇടത്തേക്ക് നടന്നു. മുന്പ് കല്ലെറിഞ്ഞ് ഓടിച്ച പട്ടി ജോണ്‌സണെ കണ്ടു ‘പൈ..പൈ’ എന്ന് ശബ്ദിച്ച് ഓടിപ്പോയി. ജോണ്‌സണു ചിരി വന്നു. ‘പട്ടി ആളെ മറന്നില്ല.’
‘എന്താ? എന്താ ജോണ്‌സേട്ടാ..’
‘ഒന്നുമില്ല..നമുക്ക് പട്ടണത്തില് പോയി ഒരു ചായ കുടിച്ചിട്ട് പോകാം. ഡേവിഡ് വരാന് ഏഴുമണി കഴിയും ‘
കാറ് പട്ടണത്തിലെ ഒരു ഹോട്ടലില് കയറി. കടുപ്പത്തില് ഒരു ചായയും മസാല
ദോശയും കഴിച്ചു.
‘എത്ര നേരമാ ഉറങ്ങിയത് ..ജോണസേട്ടനു വിരസത തോന്നിയില്ലേ?’
‘ഏയ്..ഞാനെന്റെ നന്ദുവിനെ കണ്ടിരിക്കുകയായിരുന്നു. കൂടെ ഒരു പുതിയ നോവലിന്റെ പശ്ചാത്തലവും തെളിഞ്ഞു വന്നു.’
‘ഇപ്പോള് ഞാനാണോ കഥാപാത്രം? ‘ ‘ഉം..എന്താ..കഥാപാത്രമല്ല.ഊര്ജ്ജദായിനി’ ‘നല്ല സ്ഥലമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ഉറങ്ങിപ്പോയില്ലേ? ഒന്നു കണ്ടില്ല.’ ‘അതിനെന്താ ഇനിയും വരാലോ…ഇവിടെ അടുത്തല്ലേ? നന്ദു ആ പാറപ്പുറത്തിരുന്നു കവിത എഴുതും, ഞാനീ കായല് ഓരത്തിരുന്നു കഥയും…അങ്ങനെ..അങ്ങനെ…’ ‘അവസാനം നമ്മള് രണ്ടു പാറകളാകും. വിചാര വികാരങ്ങള് ഇല്ലാത്ത കരിമ്പാറകള്’
‘അത് വേണ്ട..അതെനിക്ക് ഇഷ്ടമില്ല. ജീവനുള്ള, വിചാര വികാരങ്ങളുള്ള രണ്ടു വവ്വാലുകള്?’
‘പക്ഷി പാതാളത്തിലെ രണ്ട് ആലുകളില് തുങ്ങി കിടക്കാനോ?’
‘അല്ല.. പരസ്പരം കൊക്കുരുമ്മി, ചിറകു വിരിച്ചു പറന്നു, കഥകള് പറഞ്ഞു പറഞ്ഞ്..അവസാനം കൂരിരുട്ടു വീഴുമ്പോള് മരക്കൊമ്പില് തൂങ്ങി ആടാന്’
‘കൂട് ഉണ്ടാക്കണ്ടേ?’
‘വേണ്ട…പ്രകൃതിയുടെ ഭാഗമായി രണ്ട് ഇലകള് പോലെ?!’
നന്ദിനി കണ്ണടച്ചിരുന്നു ആ ഭാവങ്ങള് സങ്കല്പ്പിച്ചു നോക്കി. അതും രസമായിരിക്കും. ഒന്നിനെപ്പറ്റിയും വേവലാതിയില്ലാതെ, ആരെയും ഭയപ്പെടാതെ..
‘ഹോ ‘നന്ദിനിയ്ക്ക് കുളിര് കോരി.
‘എന്തേ? എന്ത് പറ്റി?’ജോണ്‌സണ് കൈ അവളുടെ തോളിലൂടെ ഇട്ടു ചേര്ത്ത് പിടിച്ചു.
‘ഒന്നുല്ല്യാ…ഞാന് വവ്വാലായി സങ്കല്പ്പിച്ചതാ.’
‘അത്രയേ ഉള്ളോ? ഞാന് അത് ഉറപ്പിച്ചു.’ കാര് വീടിന്റെ മുറ്റത്ത് കയറി. താഴെ റോഡില് നിന്നും നിറയെ പ്രകാശത്തില് മുങ്ങി നില്ക്കുന്ന ആ വലിയ വീട് ഒരു കൊട്ടാരം പോലെ തോന്നും. ഇതിന്റെ ഏക അവകാശിയാണ് ‘പക്ഷി പാതാളത്തിലെ’ വവ്വാലാകാന് കൊതിക്കുന്നത്. എന്തൊരു
വിരോധാഭാസം
ഡേവിഡ് വന്നപ്പോള് മണി എട്ടായിരുന്നു. ഒരുപാട് ഉത്തരവാദിത്വങ്ങള് ഉണ്ടായിരുന്നു അയാള്ക്ക്. സിനിമാന്തരീക്ഷത്തില് പിടിച്ചു നില്ക്കാനുള്ള പെടാപ്പാടൊക്കെ അയാള് ജോണ്‌സണോടു പറഞ്ഞിരുന്നു. നാള്ക്കുനാള് വളരുന്ന ഒരു വ്യവസായ സ്ഥാപനം പോലെ അല്ലേ അത്?
നന്ദിനിയേയും കൂട്ടി അവര് വിരുന്നു മുറിയിലേക്ക് നടന്നു. കാവല്ക്കാരന് എല്ലാ ഒരുക്കിയിട്ടിരുന്നു. മേശപ്പുറത്തു ബിയര് കുപ്പികളും, അണ്ടിപ്പരിപ്പും, ഉണക്കി വറുത്ത ഇറച്ചിയുമൊക്കെ നിരന്നിരുന്നു, ഡേവിഡ് ജോണ്‌സണെ നോക്കി. ‘ഈ കുട്ടി പേടിക്കില്ലേടാ.. ഇതൊക്കെ കണ്ട് ?’
‘ഇല്ല.നന്ദുവിന് എന്നെ നന്നായി അറിയാം.’
‘ഹേ! നന്നായി അറിയാമെന്നോ? എന്താ ഒരു വ്യംഗ്യം?’
‘അങ്ങനെയല്ല… കുടുംബമായിട്ട് അറിയാമെന്നാ.. ‘
‘ഹാ അങ്ങനെ…ഇന്ന് ദിനേശന് ഇല്ല, അല്ലെ?’
‘അവനു വീട്ടില് വലിയ തിരക്കാ.. ഇത് കഴിഞ്ഞിട്ട നന്ദിനിക്കും പോകണം അവിടെ.’
നന്ദിനി ഒന്നും പറയാതെ മാറി ഇരുന്നു.
‘എന്താ നന്ദിനി… കഴിഞ്ഞ സിനിമ കലക്കിട്ടോ…’നന്ദിനി പുഞ്ചിരിച്ചു.
‘ പാട്ടാണ് സിനിമ വിജയിപ്പിച്ചത്. ‘
‘നന്ദി..’നന്ദിനി പറഞ്ഞു.
‘അത് ഞാനല്ലേ പറയേണ്ടത്? സാധാരണ ഞങ്ങള് ഒരു വര്ഷത്തെ കരാര് വയ്ക്കും. ഒരു വര്ഷം ഞങ്ങളുടെ സിനിമയിലേ പാടാവൂ എന്ന്. ഞാന് അത് ചെയ്തിട്ടില്ല. നദിനിക്കിനിയും വേറെ സിനിമയിലും പാട്ടെഴുതുകയും, ചിട്ടപ്പെടുത്തുകയും, പാടുകയും ചെയ്യാം കേട്ടൊ? വളര്ന്നു വരുന്ന പ്രതിഭയല്ലേ!’ ഡേവിഡ് പറഞ്ഞു.
‘നന്ദിനി നന്നായി പഠിക്കുന്ന കുട്ടിയാ.’ ജോണ്‌സണ് പറഞ്ഞു. ‘റാങ്കകാരിയാ.. അത് വേണ്ടെന്നു വയ്ക്കാന് പറ്റുമോ? ‘
‘ഒരുപാട് പഠിക്കുന്നതിനേക്കാള്, ഇപ്പോള് പേരും പ്രശസ്തിയുമുള്ളപ്പോള് അത് വര്ദ്ധിപ്പിക്കണം. ബിരുദം പിന്നേയും എടുക്കാം. ‘
‘അത് നിനക്ക്… നന്ദിനി പഠിച്ചു കോളേജ് അദ്ധ്യാപിക ആകണമെന്ന് ആഗ്രഹിക്കുന്നു. അത് പ്രധാനമാണ്.’ ജോണ്‌സണ് പറഞ്ഞു.
‘വേണ്ടെന്നല്ല പറഞ്ഞത്, സിനിമാവ്യവസായം മറ്റുള്ളത് പോലെയല്ല. അതിനു കയറ്റവും ഇറക്കവും പെട്ടെന്ന് ഉണ്ടാകാം. ഒരെതിരാളി വന്നാല് കയറിയ പോലെ താഴേക്കും പോകും..അതാ.. ‘
‘നന്ദിനിക്ക് അതൊന്നും വരില്ല. ഒരു കാര്യത്തിലല്ല കഴിവ് തെളിയിച്ചിരിക്കുന്നത്.
പാട്ടിന്റെ എല്ലാ വശങ്ങളിലുമാ.. അതും എത്ര പെട്ടെന്ന്. അതൊരു പ്രത്യേകതയാ… നിമിഷങ്ങള് മതി…’ജോണ്‌സണ് പറഞ്ഞു.
‘അത് ഞാന് മനസ്സിലാക്കിയല്ലോ ‘ഡേവിഡ് നന്ദിനിയെ നോക്കി.
‘ഇത് നോക്കു..ഇത് ഇന്നലെ വരും വഴി എഴുതി ഈണം ഇട്ടതാ..പറ്റുമോ എന്നു നോക്കു’ജോണ്‌സണ് നന്ദിനി എഴുതിയ പാട്ടെടുത്ത് ഡേവിഡിനു കൊടുത്തു. അയാൾ വിസ്മയഭരിതനായി.
‘എന്തൊരു അത്ഭുതം! യാത്രയില് ചെയ്തതോ? ഉഗ്രന്! അത്യുഗ്രന് ‘
നന്ദിനിയും ജോണ്‌സണും കൂടി വാദ്യോപകരണങ്ങള് ഒന്നും ഇല്ലാതെ അത് പാടി.
‘ഹായ് എന്തൊരു ഭാവ സാന്ദ്രത!’ സന്തോഷത്താല് ഡേവിഡ് ആര്ത്തു വിളിച്ചു.
‘ഇനി നാല് പാട്ട് കൂടെ ഉണ്ട് ഇതില്. കഥയുടെ ചുറ്റുപാടുകള് പറഞ്ഞാല് നന്ദിനിക്ക് എഴുതാന് പറ്റും. ഞാനത് പറയാം. കുറിപ്പ് വേണമെങ്കില് എടുത്തോ.’
‘ശരി.. ‘നന്ദിനി പറഞ്ഞു.
ഡേവിഡ് പാട്ടിനു വേണ്ട പ്രസക്ത ഭാഗങ്ങള് വിവരിച്ചു കൊടുത്തു. നന്ദിനി അതൊക്കെ കുറിച്ചെടുത്തു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു ജോണ്‌സന്റെ മമ്മി. എല്ലാവരെയും നിര്ബന്ധിച്ച് ഊട്ടി. മദ്യം ആരും കഴിച്ചില്ല. അധികം വൈകാതെ നന്ദിനി മുറിയിലേക്ക് പോന്നു. ഒന്നും കൂടെ നന്നായി ഉറങ്ങാന്. ഒരു ഉറക്കം കഴിഞ്ഞു
ഉണര്ന്നാല് ഒറ്റ ഇരുപ്പിന് എഴുതാനും ഈണം കൊടുക്കാനും പറ്റും.
മുറി അടച്ചു കുറ്റിയിട്ടു. ജനലുകളും അടച്ചു. ആകാശത്ത് ഒരു മഴക്കോളുണ്ട്.വേനല് മഴ ചിലപ്പോള് ഉണ്ടായേക്കാം. പതുപതുത്ത മെത്തയില് കണ്ണടച്ച് കിടന്നപ്പോൾ അമ്മയെ ഓര്മ്മ വന്നു. ദേവിക്കു മുന്നില് മക്കളുടെ നന്മക്കു വേണ്ടി യാചിച്ച നില്ക്കുന്ന രൂപം! ശ്രീദേവി ചേച്ചിയും അമ്മയുടെ പ്രതിരൂപമായി മാറി തുടങ്ങി.ഇപ്പോള് ഒരു പൊന്നോമന!ഇനി വഴിയേ എത്രയാണാവോ
നാരായണിയെ പറ്റിയും ഓര്ത്തു. ആ പൊട്ടിയ്‌ക്കെങ്കിലും പഠിക്കണമെന്നും ജോലി വേണമെന്നും തോന്നുന്നുണ്ടല്ലോ. ദിനേശേട്ടന്റെ പഠിപ്പ കഴിഞ്ഞു നാരായണിയെ കല്യാണം കഴിച്ചു നല്ലൊരു ഭാവി അവള്ക്കു കൈവരിക്കാം. തന്റെ കാര്യമാണ് പ്രശ്‌നമാകുക. അച്ഛനെയും അമ്മയേയും ധിക്കരിച്ചൊരു വിവാഹം! ജോണ്‌സേട്ടന്റെ ഭാര്യയായി ജീവിക്കുന്നത് ഈ ലോകത്തില് ഒരു പെണ്ണിന് കിട്ടുന്ന ഏറ്റവും നല്ല ഭാഗ്യമാണ്. പക്ഷെ! ജാതി!
ഒന്നും ഓര്‌ക്കേണ്ട. വരും പോലെ വരും. നന്ദിനി പുതപ്പെടുത്തു മൂടി കണ്ണടച്ച് കിടന്നു. ജോണ്‌സണ് നേരത്തെ തന്നെ വന്നു എ.സി ഓണ് ചെയ്തിട്ടിരുന്നു. മുറിയിൽ നേരിയ തണുപ്പും എ.സിയുടെ താരാട്ടും ചേര്‌ന്നൊഴുകി. ഒരു നനഞ്ഞ വിരല്ത്തുമ്പു കണ്ണിമകളെ ചേര്ത്തണച്ച് ഉമ്മവച്ചു. അങ്ങകലെ മഴപ്പക്ഷികളുടെ കൂജനം കേട്ടു നന്ദിനി ഉറങ്ങി.
About The Author
No related posts.