സപ്തതി ആഘോഷം ഗംഭീരം തന്നെയായിരുന്നു. നാടടക്കി ക്ഷണിച്ചിരുന്നു. ബന്ധുക്കളും സ്വജാതിക്കാരും ഒക്കെ വന്നിരുന്നു. സര്വ്വാണി സദൃയ്ക്ക് ഉദ്ദേശിച്ച പോലെ ആളുകള് എത്തിയില്ല. ജാതി തിരിച്ചുള്ള ഒരു കാര്യത്തിലും പങ്കെടുക്കരുതെന് പാര്ട്ടിയില് നിന്നും ആളുകളെ ബോധവല്ക്കരിച്ചിരുന്നു. മേല്ജാതി കീഴ്ജാതി, ജന്മി കുടിയാന് വ്യത്യാസമില്ലാതെ ഒരേ പന്തിയില് വിളമ്പി ഭക്ഷിക്കാനുള്ളതാണു ഭക്ഷണം! അതങ്ങനെയേ ഭക്ഷിക്കാവു എന്ന ആഹ്വാനം എല്ലാവരും ഉള്‌ക്കൊണ്ടു. ബന്ധുമിത്രാദികളൊക്കെ പങ്കെടുത്തു സംഭവം ഭംഗിയാക്കി. നന്ദിനിയും നാരായണിയു തലേന്നു തന്നെ അങ്ങോട്ട് പോയിരുന്നു. ശ്രീദേവിയെയും കുഞ്ഞിനേയും ഒറ്റയിക്കാക്കി പോകാന് പറ്റാത്തതിനാല് അവരൊക്കെ സമയത്തിനേ എത്തിയിരുന്നുള്ളൂ. നന്ദിനിയും നാരായണിയും എത്തിയപ്പോള് തങ്കമണിക്കു സമാധാനമായി. സമ്രപ്രായക്കാരായ ഒരുപാട് പെണ്കുട്ടികള് ഉണ്ടായിരുന്നു. പക്ഷെ സൗന്ദര്യത്തില് അവര് മൂവരും മികച്ചു തന്നെ നിന്നു. പുറത്തിറങ്ങിയ പുതിയ സിനിമയിലെ നന്ദിനിയും ജോണ്‌സണും പാടിയ ഗാനം, തെങ്ങില് കെട്ടിയ പെട്ടിപ്പാട്ടിന്റെ കോളാമ്പിയിലൂടെ വായുവിൽ അലയടിച്ചു.
‘ഈ പാട്ട് നന്ദിനി ചേച്ചിയും ജോണ്‌സണ് സാറുമാണ് പാടിയതെന്ന് ദിനേശേട്ടൻ പറഞ്ഞു…..ശരിയാണോ? ‘ തങ്കമണി സംശയം ചോദിച്ചു.
‘നന്ദിനിയേച്ചി ആ സിനിമയില് ഇനിയും മൂന്നു പാട്ട് കൂടി പാടിയിട്ടുണ്ട്. അതെഴുതിയതും ഈണം നല്കിയതും ഒക്കെ ചേച്ചിയാ..’
‘അതെയോ? ചേച്ചിക്കെന്തൊക്കെ കഴിവാ? ‘ ‘ദിനേശേട്ടനും ജോണ്‌സേട്ടനും സഹായിക്കാന് ഉള്ളതുകൊണ്ടാ…ഞങ്ങള്‌ക്കൊരു സഹോദരന് ഇല്ലല്ലോ’നാരായണി നെടുവീര്പ്പിട്ടു.
‘അങ്ങനെ കരുതണോ? നമുക്കൊക്കെ ദിനേശേട്ടൻ ഇല്ലേ?’
‘ഉം…ദിനേശേട്ടന് ഉള്ളതുകൊണ്ടാ നന്ദിനിയേച്ചി പഠിക്കുന്നത് തന്നെ’
‘ജോണ്‌സാറും നല്ല ആളാ അല്ലെ? ദിനേശേട്ടന് ആ സാറിനെ പറ്റി പറയാന് നൂറു നാവാ ‘ തങ്കമണിയും നാരായണിയും സംസാരിച്ചിരിക്കുന്നിടത്തേക്കു നന്ദിനിയും കൂടെ പഠിച്ചിരുന്ന ചന്ദ്രികയും സതിയുമെത്തി. ഇരുവരുടെയും കൂടെ ഓരോ കുട്ടികളും ഉണ്ടായിരുന്നു.
‘ഇനി എന്നാടി നിങ്ങളുടെ കല്ല്യാണം? ‘ സതി നന്ദിനിയോട് ചോദിച്ചു.
‘ഞങ്ങളുടെയോ? അത് ആരുടെയാ ‘ നന്ദിനി തിരിച്ചും ചോദിച്ചു.
‘നിന്റെയും ദിനേശന്റെയും…നിങ്ങള് രണ്ടും പഠിച്ചു പഠിച്ച് എവിടം വരെ എത്തി?’ ചന്ദ്രിക പരിഹസിച്ചു.
നന്ദിനി ഒന്നും പറഞ്ഞില്ല. ഇവരുടെയൊക്കെ ഉള്ളിലിരിപ്പ് എന്നും ഇതല്ലേ! അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അപ്പോഴാണ് ദിനേശനും ജോണ്‌സണും കൂടെ ആ വഴി വന്നത്. അവര് കുറച്ചു കയര് അന്വേഷിച്ചു വന്നതാണ്. നന്ദിനിയെ നോക്കി അവര് ചിരിച്ചു.
‘അതല്ലേടി ആ പുതിയ എഴുത്തുകാരന്? എന്ത് രസമാ അയാളുടെ നോവല് വായിക്കാന്! ‘ചന്ദ്രിക നന്ദിനിയോട് ചോദിച്ചു.
‘ഉം’… നന്ദിനി മൂളി.
‘അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണമല്ലോ. ഓട്ടോഗ്രാഫ് എടുത്തിരുന്നേല് എന്തെങ്കിലും എഴുതിയ്ക്കാമായിരുന്നു.’ സതി പറഞ്ഞു.
‘വാ..ഞാന് പരിചയപ്പെടുത്താം ‘ നന്ദിനി അവരെ കൂട്ടി ജോണ്‌സന്റെ അടുത്തേക്ക് ചെന്നു. ആളെ കണ്ട് അവള് അന്തം വിട്ടു. നേരത്തെ കണ്ട ആളേ അല്ല. ഇട്ടു വന്ന വസ്ത്രങ്ങളൊക്കെ മാറ്റി ഒരു കൈലി മുണ്ടും തലേല്‌ക്കെട്ടും കെട്ടി ബനിയന് മാത്രം ഇട്ടു ഒരു കയ്യില് കയറുമായി തെങ്ങില് വലിഞ്ഞു കയറുന്നു. താഴെ ദിനേശന് സ്തംഭിച്ചു നില്ക്കുന്നു.
‘സാറേ! സൂക്ഷിച്ച്. നമുക്ക് ആരെക്കൊണ്ടെങ്കിലും ചെയ്യിക്കാം,’ ദിനേശന് ഉറക്കെ വിളിച്ചു പറഞ്ഞു.
നന്ദിനി സ്തംഭിച്ചു പോയി. വലിയ പവറില് കൂട്ടുകാര്ക്ക് പരിചയപ്പെടുത്താന് അവരെയും കുട്ടി വന്നതാണ്. പറമ്പില് തെങ്ങ് കയറാന് വരുന്ന വേട്ടുവനെ പോലെയുണ്ട് ഇപ്പോള്. അവര് ആ കാഴ്ച നോക്കി അത്ഭുതത്തോടെ നിന്നു.
‘അദ്ദേഹമല്ലേടി അത്?’ സതി സംശയം ചോദിച്ചു.
‘അത് തന്നെ, തെങ്ങ് കയറാനൊക്കെ അറിയാം ‘ ചന്ദ്രിക പറഞ്ഞു.
‘കലാകാരന്മാമൊക്കെ അങ്ങനെയാ.. അവരൊക്കെ സാധാരണക്കാരുടെ വിചാര വികാരങ്ങള് അറിയുന്നവരല്ലെ ‘ ചന്ദ്രിക കൂട്ടി ചേര്ത്തു.
തെങ്ങില് നിന്നും ഇറങ്ങിയപ്പോള് നന്ദിനിക്ക് അല്പം ആശ്വാസം തോന്നി. അവള് കൂട്ടുകാരുമായി അടുത്ത് ചെന്നു. ‘എന്താ നന്ദിനി?” ദിനേശനും ജോണ്‌സണും ഒപ്പം ചോദിച്ചു. കുടെയുള്ളവരെ നോക്കി ദിനേശന് ചിരിക്കയും ചെയ്തു. പരിചയമുള്ള സഹപാഠികളാണല്ലോ.
‘ഇവരൊക്കെ സാറിനെ പരിചയപ്പെടണമെന്ന് പറഞ്ഞു. ഈ വേഷം നന്നായിട്ടുണ്ട്.’ നന്ദിനി കളിയാക്കി.
‘ആ! ഇനി നമ്മളൊക്കെ ആടേണ്ട വേഷം ഇതാണ്. ‘ ജോണ്‌സണ് കൂസലില്ലാതെ
ചിരിച്ചു.
‘ഇത് ചന്ദ്രിക..ഇത് സതി..ഞങ്ങളൊക്കെ ഒന്നിച്ചു പഠിച്ചവരാണ് ‘
‘സന്തോഷം..ഇവിടെ അടുത്തു തന്നെ ഉള്ളവരാണല്ലേ? ‘
‘ഉം…സാറിന്റെ പുസ്തകങ്ങള് ഞങ്ങള്ക്ക് വളരെ ഇഷ്ടമാണ്. ഇവിടെ വച്ച് കാണാന് കഴിഞ്ഞല്ലോ.’ചന്ദ്രിക പറഞ്ഞു
‘അതും ഇങ്ങനെ, അല്ലേ? ‘ ജോണ്‌സണ് പറഞ്ഞു.
‘വല്ല പ്രതക്കാരും കാണുന്നതിനു മുന്പ് വേഷം മാറ് സാറേ ‘ ദിനേശന് പറഞ്ഞു, ‘ഇല്ലെങ്കില് നാളത്തെ പത്രത്തിലും സിനിമാ വാരികയിലുമൊക്കെ മുന്നിലെ പേജില് ഇതായിരിക്കും. ‘ജോണ്‌സണ് ചിരിച്ചു.
‘പോട്ടെ’ അവരോടു സ്‌നേഹപൂര്വ്വം പറഞ്ഞു കുട്ടികളുടെ കവിളില് തട്ടി കൊഞ്ചിച്ചു.
പോകുന്ന പോക്കില് നന്ദിനിയെ നോക്കി ഒരു കളിയാക്കലും മുഖത്തുണ്ടായിരുന്നു. അതിന്റെ ബാക്കി പിന്നെ ഉണ്ടാകുമെന്ന് അറിയാം. വൈകുന്നേരം വീട്ടില് തിരിച്ചെത്തി കുറച്ചു കഴിഞ്ഞപ്പോള് ഒരു ഫോണ് വന്നു. നന്ദിനി ഫോണ് എടുത്തപ്പോള് ഒരു
ചോദ്യം.
‘മിസ്റ്റ് നന്ദിനിയല്ലെ?’
‘അതെ
ഇന്ന് കൂട്ടുകാരുമൊത്തു കണ്ടു. ഇയാള്ക്കിങ്ങനെ ഒറ്റത്തടിയുമായി കഴിഞ്ഞാല് മതിയോ? കൂട്ടുകാരെപോലെയൊക്കെ..അതായത്..ഒരു കല്യാണം..കുട്ടികള് ‘
‘ആരാണ് നിങ്ങള്? എന്റെ സ്വകാര്യങ്ങള് അറിയാന് ഇത്ര താല്പര്യം? എന്റെ വീട്ടുകാര് എന്ത് കരുതും? വിഡ്ഡി! ‘ അവള് ഫോണ് വയ്ക്കുന്നതിനു മുന്പ് ശബ്ദം മാറി.
‘കോപിക്കാതെ എന്റെ മോളെ..ഞാനൊന്ന് സങ്കല്പ്പിച്ചതല്ലേ. എന്റെയും തന്റെയും കൂടെ ഛായയില് കുറച്ചു ചക്കച്ചുളകള്’
‘മതി… കൊഞ്ചണ്ടാട്ടോ..ഒരു കുത്ത് വച്ച് തരും’
‘അതിങ്ങു തന്നോ..ഞാനിതാ ചുണ്ട് കൂര്പ്പിച്ചു നില്ക്കുന്നു’
നന്ദിനി ഫോണ് വച്ചു. അച്ഛന് കുളിമുറിയില് നിന്നിറങ്ങി വരുന്നുണ്ട്. നേരം ഇരുള് വീണപ്പോള് മുറ്റത്ത് ഒരു കാര് വന്നു നിന്നു. ജോണ്‌സണും ദിനേശനും ഇറങ്ങി. സദ്യവട്ടങ്ങളില് നിന്നും പലതും പാത്രങ്ങളില് ആക്കി ഇറക്കി വച്ചു. നന്ദിനിയും നാരായണിയും ഓടി പുറത്തു വന്നു. നന്ദിനിയുടെ കയ്യില് ഒരു കട്ടിയുള്ള തുവാലയില് ശ്രീദേവിയുടെ പൊന്നു മോനും ഉണ്ടായിരുന്നു. കുറച്ചു ദിവസം കുഞ്ഞുമായി കഴിയാന് കിട്ടിയതല്ലേ. പൂനിലാവ് പോലെ, പൂപ്പുഞ്ചിരിപൊഴിച്ച് കുഞ്ഞു നന്ദിനിയെ തിരിച്ചറിഞ്ഞു തുടങ്ങി. ജോണ്‌സണും ദിനേശനും കുഞ്ഞിന്റെ പൂങ്കവിളിൽ ഉമ്മ വച്ചി. വിരലുകള് പിടിച്ചു ചാഞ്ചാട്ടി.
‘പതുക്കെ.’ നന്ദിനി പറഞ്ഞു. ജോണ്‌സണ് അവളെ അര്ത്ഥവത്തായി നോക്കി. പിന്നെ കുഞ്ഞിന്റെ പിഞ്ചു വിരലില് ഒരിക്കല് കൂടി ഉമ്മ വച്ചു. നന്ദിനിക്ക് പേടിയുണ്ടായിരുന്നു. നാരായണി അടുത്തുണ്ട്. അവളുടെ കൂര്മ്മതയുള്ള വിശകലനം നന്ദിനിക്കെന്നും പേടിയാണ്.
‘എന്തൊക്കെയാ കുട്ടികളേ ഇത്? ഞങ്ങളൊക്കെ അവിടെ വന്നതല്ലേ..പിന്നെ
എന്തിനാ ഇതൊക്കെ? ‘ അമ്മുക്കുട്ടിയമ്മ ചോദിച്ചു.
‘ഇങ്ങോട്ടു വന്നപ്പോള് എടുത്തു എന്നേ ഉള്ളു.’പണിക്കാര് വന്നു പാത്രങ്ങളൊക്കെ എടുത്തു കൊണ്ട് പോയി.
‘ഇരിക്കൂ!’അച്ഛന് ശബ്ദം കേട്ടു വന്നു. നന്ദിനിയും നാരായണിയും പിന്നെ അവിടെ നിന്നില്ല. അകത്തേക്ക് പോന്നു. കുറച്ചു കഴിഞ്ഞപ്പോള് അച്ഛന് അമ്മയെ വിളിക്കുന്നത് കേട്ടു. നന്ദിനിയും നാരായണിയും ചെവി കൂര്പ്പിച്ചു നിന്നു.
‘ഇവര് അടുത്ത പരിപാടിയും കൊണ്ട് വന്നിരിക്കയാ..ബാംഗ്ലൂര് പോയി മുന്തിരിത്തോട്ടങ്ങള് കാണണമമത്രേ. നന്ദിനിക്ക് അടുത്ത സിനിമാ ഗാനം എഴുതേണ്ടത് അതേപ്പറ്റിയാണത്രെ! ‘
‘ശ്രീദേവിയും കുഞ്ഞും ഇവിടെ ഇല്ലേ..ഞാന് വരണില്ലാട്ടോ. ‘
‘ഇപ്രാവശ്യം കുട്ടികള് മാത്രം പോ. നിങ്ങള് രണ്ടാങ്ങളമാര് ഉണ്ടല്ലോ. നന്ദിനിയും, നാരായണിയും പിന്നെ അവിടുത്തെ കുട്ടി… ആ… തങ്കമണിയും… വരും. പെണ്കുട്ടികളാ കുടെ എന്ന് ഒരു ശ്രദ്ധ വേണം കേട്ടൊ.’
അമ്മയും സമ്മതിച്ചു. നാരായണി സന്തോഷം കൊണ്ട് തുള്ളി കളിച്ചു. നന്ദിനിക്കും സന്തോഷം തോന്നി. ജോണ്‌സേട്ടന് മാത്രമായിട്ടു ഇത്ര ദൂരം പോകാന് ഇപ്പോള് കഴിയില്ല. അതുമല്ല, നാരായണിയെ ദിനേശനോടൊന്നു ചേര്ക്കാന് ഇതാണൊരു വഴി.
‘വലിയ ഒരു ഉത്തരവാദിത്വം ആണ് കേട്ടൊ…രണ്ടാളും എല്ക്കുന്നത് ‘ അച്ഛന് കൂട്ടി ചേര്ത്തു.
‘അതൊന്നും പേടിക്കേണ്ട… ജോണ്‌സാറിന് അവിടെ സ്വന്തമായി ബംഗ്ലാവും മുന്തിരിത്തോട്ടങ്ങളുമുണ്ട്.’ ദിനേശന് പറഞ്ഞു.
‘ഹേ..’ നന്ദിനി അത്ഭുതപ്പെട്ടു. ഇതുവരെ പറഞ്ഞിട്ടില്ല.
‘അപ്പോള് സാരല്ല്യ. ഞാനും ഒരിക്കല് വരും…. ഇപ്പോള് അല്ല… എനിക്കും ഇതൊക്കെ കാണാന് ഇഷ്ടമാ’ അച്ഛന് പറഞ്ഞു.
‘ഇപ്പോള് വരുന്നതാ ഭംഗി. മുന്തിരി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാലമാ ഇത്. പകല് നല്ല വെയിലും, രാത്രി നല്ല മഞ്ഞും വേണം ഇതിന്. ഈ മാസാവസാനത്തോടെ വിളവെടുപ്പ് തുടങ്ങും. എല്ലാ വര്ഷവും ഞാന് പോകാറുണ്ട്.’ജോണ്‌സണ് പറഞ്ഞു.
‘വിരുതന്! വെറുതെ അല്ല വലിയ അറിവൊക്കെ കാണിച്ചത് ‘ നന്ദിനി മനസ്സില് പറഞ്ഞു.
‘മമ്മിയെ കൂടെ കൂട്ട് മക്കളെ’ അമ്മ പറഞ്ഞു.
‘മമ്മിയ്ക്കവിടെ വൈകുന്നേരത്തെ കോടമഞ്ഞു പിടിക്കില്ല. പിന്നെ നിര്ത്താത്ത ചുമ ആയിരിക്കും.’
‘ദിനേശനോ? അമ്മയെ കൊണ്ട് പൊയ്ക്കൂടെ?’
‘അമ്മ വരണില്ല എന്ന് പറഞ്ഞു. കാലിന്റെ മുട്ടിന് ഒരു വേദന. ഈ സപ്തതി കഴിയാന് കാത്തതാ…ഒരു ഉഴിച്ചില് നടത്താന് പോകുവാ…’
അവര് പോകാന് നേരം നന്ദിനിയുടെ മുറിയില് വന്നു. പുറത്തെ വിശേഷങ്ങള് ഒക്കെ അറിഞ്ഞു, ഒന്നും അറിയാത്തത് പോലെ നന്ദിനിയും നാരായണിയും ഇരുന്നു.
‘അറിഞ്ഞോ? നമ്മള് ബാംഗ്ലൂര് പോകുന്നു ‘ ജോണ്‌സണ് പറഞ്ഞു.
‘എന്ന് പോകും? ‘നാരായണിക്ക് ധൃതിയായി.
‘ഇപ്പോള് ഇറങ്ങാമോ?’ ജോണ്‌സണ് കുസൃതിയോടെ ചോദിച്ചു.
‘ഉം..തയ്യാർ’ നാരായണിയും വിട്ടില്ല.
‘പോടീ ‘ നന്ദിനി അവളെ ശാസിച്ചു.
‘ടിക്കറ്റ് എടുത്തിട്ട് അറിയിക്കു’ നന്ദിനി പറഞ്ഞു.
‘ടിക്കറ്റോ? എന്തിന് ? നമുക്ക് കാറില് പോകാം. ഞാനും ദിനേശനും ഇല്ലേ?’
‘ദിനേശേട്ടൻ ഡ്രൈവിംഗ് പഠിച്ചോ? ‘
ദിനേശന് അര്‌ദ്ധോക്തിയില് മൂളി.
‘അതൊക്കെ പഠിച്ചു. പോരാത്തത് ഈ പോക്കോടെ ശരിയാക്കും.’
‘വഴിയൊക്കെ അറിയോ? ഞങ്ങളെ വലയ്ക്കല്ലെ.’
‘നമുക്ക് വഴി ചോദിച്ചു ചോദിച്ചു പോകാം. പോരെ?’ ജോണ്‌സണ് പറഞ്ഞു.
‘ഞാന് നാളെ വിളിക്കാം. പോകാന് ഒരുങ്ങി ഇരുന്നോ.’ അവര് പോയപ്പോള് നാരായണി മുറിയില് നൃത്തം വച്ചു.
‘ഈ പെണ്ണ്…എന്തൊരു ഇളക്കമാ ഇത്! ‘നന്ദിനി ശാസിച്ചു.
‘ഈ നന്ദിനി ചേച്ചി ഒരു രസംകൊല്ലിയാ!’ നന്ദിനി പുഞ്ചിരിച്ചു.
‘മോളെ നീ അല്പ്പം സുക്ഷിക്കണം. ഇനി നീ ട്രെയിനിംഗ് സ്‌കൂളില് പോവ്വാ…അത് നമ്മുടെ നാടല്ല..ഓര്‌ത്തോ.’
‘അതൊക്കെ എനിക്കറിയാം. ഈ ലോകം മുഴുവന് ചുറ്റാനാ എനിക്ക് മോഹം. നമ്മുടെ ഈ ഗ്രാമം കണ്ടു മടുത്തു.’ നന്ദിനി ഒന്നും പറഞ്ഞില്ല. എന്തൊരു ഇളക്കമാ ഇവള്‌ക്കെന്നു മനസ്സില് ചിന്തിച്ചു. പിറ്റേന്ന് ആദ്യം വിളിച്ചത് ദിനേശനാണ്. നന്ദിനിയാണ് ഫോണ് എടുത്തത്.
‘നന്ദിനി..നമ്മുടെ യാത്രക്കൊക്കെ ഒരുങ്ങിയോ?’
‘ഞാനോ? ഒരുക്കമൊക്കെ നിങ്ങള് ചെയ്യാമെന്ന് പറഞ്ഞിട്ട്?’
‘ഹാ വൈകാതെ പോയ്ക്കൂടെ? നന്ദിനിക്ക് പാട്ടെഴുതുകയും വേണ്ടേ? വേറെ ആരൊക്കെയോ പാട്ടിന്റെ ചര്ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നു സാറ് പറഞ്ഞു.’
‘നിങ്ങള് രണ്ടാളും എന്ത് തീരുമാനിച്ചു? ‘ നന്ദിനി ചോദിച്ചു.
‘ശനിയാഴ്ച രാവിലെ ഞങ്ങള് അവിടെ വരാം. ഒരുങ്ങി ഇരിക്കാമോ? അന്ന് തന്നെ യാത്ര തുടങ്ങാം. എന്താ? ‘
‘ശരി…അച്ഛനും അമ്മയുമായി ആലോചിച്ചിട്ട് ഞാന് വിളിക്കാം.
അച്ഛനും അമ്മയ്ക്കും ഒരു എതിര്പ്പും ഇല്ലായിരുന്നു. നാരായണിയെ ശ്രദ്ധിക്കണമെന്നു മാത്രമായിരുന്നു അമ്മയ്ക്ക് പറയാന് ഉണ്ടായിരുന്നത്.
തങ്കമണി കൂടെ ഉള്ളതിനാല് അതൊരു പ്രശ്‌നമല്ല. രണ്ടാളും എല്ലാ കാര്യവും പരസ്പരം പറയും.
‘അവള് ഇനി കൊച്ചു കുട്ടിയല്ല അമ്മേ..ടീച്ചര് ആവാന് പോകുന്നവളാ..ആ സ്വാതന്ത്ര്യം നമ്മള് കൊടുക്കണ്ടേ? ‘
രാവിലെ തന്നെ ജോണ്‌സണ് വിളിച്ചു. നന്ദിനി ഫോണ് എടുത്തപ്പോള് ജോണ്‌സണ് പറഞ്ഞു ‘നന്ദു, നമുക്ക് ബാംഗ്ലൂര് വരെ ട്രെയിനില് പോകാം. കാറിനു ചെറിയൊരു തകരാറ്. അത് ശരിയാക്കാന് താമസം വരും. ബാംഗ്ലൂരില് നിന്നും മറ്റു കാര്യങ്ങള് ശരിയാക്കാം.
‘അതിനെന്താ? അത് തന്നെയല്ലേ നല്ലത്? വെറുതെ ക്ഷീണിക്കേണ്ടല്ലോ. ടിക്കറ്റ്
ബുക്ക് ചെയ്‌തേക്കൂ.’
പിറ്റേന്ന് ജോണ്‌സണും ദിനേശനും ഒന്നിച്ചാണ് വന്നത്.ഒഴിവു സമയമായതിനാല് ടിക്കറ്റിന് വലിയ പിടിവലിയായിരുന്നു. എന്തായാലും കരിഞ്ചന്തയില് അത് ഒപ്പിച്ചായിരുന്നു വരവ്.
‘തിങ്കളാഴ്ച വൈകുന്നേരത്തെ ട്രെയിനില് പോകണം. ഒക്കെ തയ്യാറായി ഇരുന്നോ. ഒരു രാത്രി യാത്ര. രാവിലെ നമ്മള് കന്റോണ്മെന്റ് റെയില്വേ സ്റ്റേഷനില് എത്തും. അവിടെ എന്റെ കാറുമായി ഡ്രൈവര് നമ്മളെ കാത്തു നില്ക്കും. ശരി?’
നന്ദിനിക്ക് ആശ്വാസമായി. നീണ്ട യാതയില് കഷ്ടപ്പെട്ടു വണ്ടി ഓടിച്ചു പോകുന്നതിനേക്കാള് എത നല്ലതാണ് ഇപ്പോഴത്തെ തീരുമാനം! അച്ഛനും അ മ്മയ്ക്കുമൊക്കെ സമ്മതമായിരുന്നു. പറഞ്ഞ പോലെ തിങ്കളാഴ്ച ഉച്ച കഴിഞ്ഞതും ജോണ്‌സണും ദിനേശനും തങ്കമണിയും എത്തി. ‘എലിവാണം’ വിട്ടത് പോലെ വാതില് തുറന്നതും തങ്കമണി ഓടി ഇറങ്ങി വന്നു. എന്തൊരു സന്തോഷം! നന്ദിനിയും നാരായണിയും ഒരുങ്ങി നിന്നിരുന്നു. വണ്ടിയുടെ സമയത്തിനു മുന്പ് സ്റ്റേഷനില് എത്താന് ഉള്ളതിനാല് കാപ്പി കുടിച്ചു ശേഷം ഇറങ്ങി. എല്ലാ സാധനങ്ങളും ടാക്‌സിയില് കയറ്റി. അവസാനത്തെ ബാഗ് എടുത്തപ്പോള് നല്ല ഘനം.
‘എന്താ ഇതില്? ‘
‘അത് കുറച്ചു ഭക്ഷണമാ… രാതി എല്ലാവര്ക്കും കഴിക്കാം. വണ്ടിയില് ഭക്ഷണം അത്ര നന്നായിരിക്കില്ല.’ അമ്മുക്കുട്ടിയമ്മ പറഞ്ഞു.
സ്റ്റേഷനില് എത്തിയപ്പോള് വണ്ടി വരാന് ഇനിയും അര മണിക്കൂര് ഉണ്ട്. കേരളത്തില് വണ്ടികള് എന്നും താമസിച്ചല്ലേ വരു. വെയിറ്റിംഗ് റൂമിലെ ചാരുബെഞ്ചില് സാധനങ്ങളുമായി സ്രതീകള് ഇരുന്നു. ടാക്‌സി പറഞ്ഞു വിട്ടിട്ടു ജോണ്‌സണും ദിനേശനും വേഗം വന്നു. ജനം ഇരമ്പുന്നുണ്ട് സ്റ്റേഷനില്. യാത്ര അയയ്ക്കുന്നവര് കലങ്ങിയ കണ്ണുകളുമായി യാത്രാമൊഴികള് കൈമാറുന്നു. യുവ മിഥുനങ്ങള് തേങ്ങല് അടക്കുന്നു. ജോണ്‌സണ് നന്ദിനിയെ നോക്കി. ഒരിക്കല് നന്ദിനി പറഞ്ഞ കാര്യങ്ങള് ഓര്ത്തു അയാള്. വിവാഹത്തെപ്പറ്റിയുള്ള സങ്കല്പങ്ങള് പറഞ്ഞതാണ് അവള്.
‘എനിക്ക് കേരളത്തിനു പുറത്തു ജോലി ചെയ്യുന്നത് ഇഷ്ടമാണ്. വല്ലപ്പോഴും നാട്ടില് വന്നു ബന്ധുമിത്രാദികളെയൊക്കെ കണ്ടു മടങ്ങുന്നതാണ് എന്റെ സങ്കല്പം. ഇപ്പോള് കോളേജില് ഒക്കെ ചേര്ന്ന ശേഷമാണ് ഒരു അദ്ധ്യാപിക ആവണമെന്ന് തോന്നിയത്.’ പ്രിയപ്പെട്ടവരെ പിരിയുന്ന വേദനയില് കണ്ണീര് വാര്ക്കുന്നവരെ നോക്കി ജോണ്‌സണ് നന്ദിനിയെ നോക്കി. നന്ദിനിക്ക് കാര്യം മനസ്സിലായി.
‘ഇപ്പോഴല്ല, വണ്ടി വന്നു നില്ക്കട്ടെ…അപ്പോള് കാണാം കെട്ടിപ്പിടുത്തവും കണ്ണീരും!’ ജോണ്‌സണ് പറഞ്ഞു
പറഞ്ഞത് ശരിയായിരുന്നു. വണ്ടി വന്നപ്പോഴത്തെ ഒരു അവസ്ഥ! ബുക്ക് ചെയ്തു സീറ്റ് തേടി ഓടുന്നവര്! പിരിയാനുള്ള വൈമനസ്യം കൊണ്ട കെട്ടിപ്പിടിച്ചു തേങ്ങുന്നവര്!
പോര്ട്ടര്മാരുടെയും കൂലികളുടെയും ഉച്ചത്തിലുള്ള വിളികള്!
ജോണ്‌സണ് അവരുടെ സീറ്റുകള് കണ്ടെത്തി. പെണ്കുട്ടികളെയും കൊണ്ട്
ദിനേശന് ട്രെയിനില് കയറി. കൂലി സാധനങ്ങളുമായി വന്നൂ അവയൊക്കെ സീറ്റിന്നടിയിലേക്കാക്കി. മുറിയില് ഒരു വിധം എല്ലാ സീറ്റിലും ആളുകള് വന്നിരുന്നു. ജനറല് കംപാര്ട്ട്‌മെന്റിന് മുന്നില് വലിയ ഉന്തും തിരക്കുമൊക്കെ കണ്ടു.
നിര്വികാരനായി ചൂളം അടിച്ചു വണ്ടി നീങ്ങി, ബാംഗ്ലൂരിലേക്ക്
ഇരുട്ട് വ്യാപിക്കുന്നത് വരെ കേരളത്തിന്റെ പച്ചപ്പില് മിഴികള് ഊന്നി നന്ദിനി ഇരുന്നു. നാരായണിയും തങ്കമണിയും നിര്ത്താതെ സംസാരിക്കുന്നുണ്ട്. ഇവർക്ക് വിശേഷങ്ങള്ക്ക് ഒരു പഞ്ഞവുമില്ല. സ്റ്റേഷനില് നിന്നും വാങ്ങിയ ഒരു മാസികയിൽ തലയുന്നി ഇരിക്കുന്നു ദിനേശേട്ടൻ. ജോണ്‌സന്റെ നോട്ടം പലപ്പോഴും നന്ദിനിയുടെ ചഞ്ചല മിഴികളില് ഉടക്കി.അയാളും പ്രകൃതി ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു.സൂര്യന്റെ ചെങ്കതിരുകള് പതുക്കെ മലമറവിലേക്ക് തലകുത്തി വീണു. പലരും ഷട്ടറുകള് അടച്ചു. ചിലരൊക്കെ നേരത്തെ തന്നെ ബര്ത്തുകളില് കയറിക്കൂടിയിരുന്നു.നാരായണിക്കും തങ്കമണിക്കും താഴത്തെ ബര്ത്തുകളായിരുന്നു. നന്ദിനി മധ്യത്തിലും ജോണ്‌സണും ദിനേശനും മേലെയുമായിരുന്നു. ഒരു അമ്മുമ്മയ്ക്ക് താഴത്തെ ബെഡ് കൊടുത്ത്, നാരായണിയും മധ്യത്തിലുള്ള ബര്ത്തില് കയറി കിടന്നു. വീട്ടില് നിന്നും എല്ലാവര്ക്കുമുള്ള ഭക്ഷണ പൊതികള് അമ്മുക്കുട്ടിയമ്മ നേരത്തെ തയ്യാറാക്കി വച്ചിരുന്നതിനാല് ഭക്ഷണം നേരത്തെ കഴിക്കാന് കഴിഞ്ഞു. ഒരു പ്രത്യേക പാത്ര ത്തിൽ നല്ല ചെമ്മീന് വറുത്തത് തയ്യാറാക്കി വച്ചിരുന്നു. ‘സംഭവം’കണ്ടു ജോണ്‌സണ് അന്തം വിട്ടു. പച്ചക്കറികള് മാത്രം കഴിക്കുന്നവര് ഇത് തനിക്കായി തയ്യാറാക്കിച്ചതായിരിക്കാം ദിനേശനും അത് ഇഷ്ടമായി. ഒരു ചെമ്മീന് എടുത്തു നന്ദിനിയും രുചി നോക്കി.
‘നന്നായിരിക്കുന്നു ‘ നന്ദിനി പറഞ്ഞു.
നാരായണിയും തങ്കമണിയും വേണ്ടെന്നു പറഞ്ഞു. ബാക്കിയാക്കാതെ ജോണ്‌സണ് മുഴുവന് തിന്നു.
‘ഇന്ന് പച്ചയ്ക്ക് കിടക്കണമല്ലോ എന്നാ കരുതിയത്. ‘ ജോണ്‌സണ് നന്ദിനിയോട് ഹാസ്യഭാവത്തില് പറഞ്ഞു.
‘ഉം…ഞാന് പറഞ്ഞിട്ടാ അമ്മ ഇത് ശരിയാക്കിച്ചത്. ‘
‘അതെയോ? ഉഗ്രന് ആയിരിക്കുന്നു. ഇത് ഉണ്ടാക്കിയ കൈകള് കൂട്ടി പിടിച്ച് ഒരു
ഉമ്മ കൊടുക്കണം’
‘ഉം…എഴുപതു കഴിഞ്ഞ മറിയക്കുട്ടി അമ്മാമ്മയുടെ കൈപ്പുണ്യമാ..ഞാന് പറയാം കേട്ടൊ. ‘
‘പറയണം! ഒരു നന്ദി മാര്രം പോരാ…ഞാന് അവരെ ഒന്ന് കാണുന്നുണ്ട്. ഉഗ്രന്! ഉഗ്രന് സാധനം! ഒരു കുപ്പി ബിയറും കൂടി വേണമായിരുന്നു, അല്ലേ അളിയാ? ‘ ജോണ്‌സണ് ദിനേശനെ നോക്കി പറഞ്ഞു. അയാള് ചമ്മിപ്പോയി ആ വിളിയില്
About The Author
No related posts.