വണ്ടി കുതിച്ച് ഓടുകയാണ്. കാതടപ്പിക്കുന്ന ചൂളം വിളിയോടെ. കംപാര്ട്ടുമെന്റില് എല്ലാവരും ഉറങ്ങി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, ‘ചക് ചക് ‘ ശബ്ദത്തില് താരാട്ടുന്ന വണ്ടിയുടെ വെളിച്ചം മലകളും കാടുകളും അരുവികളുമൊക്കെ മിന്നിച്ചു പിന്നിലാക്കി കൊണ്ട് പാഞ്ഞു കൊണ്ടിരുന്നപ്പോള് ഏതോ ഒരു ദു;സ്വപ്നത്തിന്റെ കൈകള് നന്ദിനിയെ തട്ടി ഉണര്ത്തി. മേലെ പ്രകാശിക്കുന്ന നീല ബള്ബിന്റെ നേര്ത്ത പ്രകാശത്തില് നന്ദിനി ആകെ ഒന്ന് കണ്ണോടിച്ചു. തൊട്ടില് ആട്ടുന്ന പോലെയുള്ള കുലുക്കത്തില് ഉറങ്ങി കിടക്കുന്നവരൊക്കെ സുഖനിദ്രയിലാണ്. ഏതോ ഒരുള്വിളി പോലെ ജോണ്‌സണ് കണ്ണ് തുറന്നു. നന്ദിനിയുടെ തുറന്ന നീള്മിഴികള് അയാള് കണ്ടു.
‘എന്തെ?’ജോൺസൺ നിശബ്ദം ചോദിച്ചു.
‘ഒന്നുമില്ല. ‘ നന്ദിനി കണ്ണ് ചിമ്മി കാണിച്ചു. അയാള് എഴുന്നേറ്റു ടോയ്‌ലറ്റില് പോയി. തിരിച്ചു വന്നിട്ട് നന്ദിനിയെ പിടിച്ചിറക്കി ടോയ്‌ലറ്റില് കൊണ്ടാക്കി. പിന്നെ നന്ദിനിക്ക് ഉറക്കം വന്നില്ല. അപ്പുറത്ത് ജോണ്‌സണും കണ്ണ് തുറന്നു കിടന്നു. കാല് നീട്ടി വിരല് കൊണ്ട് നന്ദിനിയുടെ കാലില് ചൊറിഞ്ഞു. നന്ദിനി കാല് വലിച്ചു. ഒരിക്കല് കൂടി ശ്രമിച്ചപ്പോള് അവള് നാവു നീട്ടി കാണിച്ചു. കൈ നീട്ടി അവളെ സ്പര്ശിക്കാന് നോക്കി. പെട്ടെന്ന് വണ്ടിയൊന്നു കുലുങ്ങി. പിന്നെ അയാള് ഒതുങ്ങി കിടന്നു. നന്ദിനി പുതച്ചിരുന്ന പുതപ്പിന് തുമ്പ് കൊണ്ട് മുഖം മറച്ചു കിടന്നു. വണ്ടി ഒന്നും അറിയാതെ കൂകി പാഞ്ഞ് ഒരു വളവു തിരിയുകയായിരുന്നു. പ്രഭാത കിരണങ്ങള് ചിതറി വീണു തുടങ്ങി. നല്ല ജനസാന്ദ്രതയുള്ള ഒരു സ്റ്റേഷനില് വണ്ടി എത്തി. ചായ, വട, ബോണ്ട എന്നിവയുമായി ആളുകള്‌ക്കൊപ്പം കച്ചവടക്കാരുമെത്തി. ഒച്ചയും ബഹളവും ഉറങ്ങിക്കിടന്നവരെ ഉണര്ത്തി. നാരായണിയും തങ്കമണിയും ദിനേശനും ഒക്കെ ഉണര്ന്നു.
‘വൈറ്റ് ഫീല്ഡ് ആണ്. ഇവിടെ ഒരു ഗ്ലാസ് ഫാക്ടറി ഉണ്ട്.’ ജോണ്‌സണ് ദിനേശനോട് പറഞ്ഞു. ‘ ഇനി അധികം സമയം ഇല്ല. ടോയ്‌ലറ്റില് പോകണമെങ്കില് പോയേക്കു. കുറച്ചു കഴിഞ്ഞാല് തിരക്കാകും.’ നാരായണിയും തങ്കമണിയും താഴെ ഇറങ്ങി ടോയ്‌ലറ്റില് പോയി. ദിനേശന് ഇറങ്ങി ഒരല്പംദൂരെ അവര്ക്ക് തുണയായി നിന്നു.
‘ചേച്ചിക്ക് പോകണ്ടേ? ‘നാരായണി ചോദിച്ചു.
‘ഞാന് നേരത്തെ പോയി. ‘
‘ഒറ്റയ്‌ക്കോ? എനിക്ക് പേടിയായിരുന്നു. പുറത്തു വന്നപ്പോള് ദിനേശേട്ടൻ കാവല് നില്ക്കുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത്.’
‘ഞാന് പോയപ്പോള് ജോണ്‌സാറും കാവല് നിന്നു.
‘ഉവ്വോ? നല്ല ആങ്ങളമാര്. ‘
വണ്ടി വീണ്ടും കുതിച്ചു ഓടി. ജോണ്‌സണ് എല്ലാവര്ക്കും ചായ വാങ്ങി വച്ചിരുന്നു. താഴെ കിടന്നിരുന്ന അമ്മൂമ്മ എഴുന്നേറ്റു പോയപ്പോള് ബര്ത്തുകള് മടക്കി വച്ച് എല്ലാവരും സീറ്റുകളില് ഇരുന്നു ചായ കുടിച്ചു.
‘വട വേണോ? ‘ ജോണ്‌സണ് ചോദിച്ചു.
‘വേണ്ട’ നന്ദിനി പറഞ്ഞു. പല്ല് കൂടെ തേച്ചിട്ടില്ല.
‘നമുക്ക് വണ്ടി നിന്നിട്ട് ഇറങ്ങി പല്ലൊക്കെ തേച്ച ശേഷം എന്തെങ്കിലും കഴിച്ചാല് മതി. അല്ലെ കുട്ടികളെ?’ നന്ദിനി നാരായണിയോടും തങ്കമണിയോടും ചോദിച്ചു.
‘ഇത് കൃഷ്ണരാജപുരമായി. ഇനി കുറച്ചേ ഉള്ളു. ഇറങ്ങുമ്പോള് അവിടെ കാര് കാണും. അവിടെത്തന്നെയാണ് മജസ്റ്റിക്ക്, എന്റെ ഗസ്റ്റ് ഹൌസ് അവിടെയാ..’ ജോണ്‌സണ് പറഞ്ഞു.
ജോണ്‌സണും ദിനേശനും ബാഗുകളൊക്കെ ഇറക്കി താഴെ വച്ചു..
‘വണ്ടി നില്ക്കുമ്പോള് വലിയ തിരക്കായിരിക്കും. നന്ദിനി കുട്ടികളുടെ കൈ കൂട്ടിപ്പിടിച്ചു നില്ക്കണം.’
‘ശരരി ഞാന് നോക്കിക്കൊള്ളാം.’
‘മാലയുമൊക്കെ ശ്രദ്ധിക്കണം. ഒരു ബഹളമായിരിക്കും. പോക്കറ്റടിയും മോഷണവുമൊക്കെ കാണും. പേടിക്കാനല്ല പറയുന്നത്. ഒരു ശ്രദ്ധ വേണമെന്ന് പറഞ്ഞതാ..’ ജോണ്‌സണ് പറഞ്ഞു.
മൂന്നു സുന്ദരികളെ കണ്ടു പൂക്കാരികള് ഓടി വന്നു. ‘അമ്മാ, കനകാംബരം, മല്ലിപ്പൂവ്, സെമന്തിപ്പുവ്’ അവര് കന്നഡയില് കലപില പറഞ്ഞു പൂക്കള് എടുത്തു നീട്ടി. വേണ്ടെന്നു നന്ദിനി ആംഗ്യം കാട്ടി. ഭാഷ അറിയില്ലല്ലോ. ജോണ്‌സണ് ആംഗ്യഭാഷ കണ്ടു ചിരിച്ചു.
‘കന്നഡ ഗൊത്തില്ല ‘ ജോണ്‌സണ് പറഞ്ഞു.
‘മലയാളമാണോ? ഞാനും മലയാളിയാ.. തിരുവനന്തപുരമാ എന്റെ നാട്.’ പൂക്കാരി പറഞ്ഞു.
നന്ദിനി മുടിചീകി ഒതുക്കുകയായിരുന്നു. അവളുടെ മുടിയുടെ പൊലിമ കണ്ടു പൂക്കാരി കുറച്ചു മല്ലിപ്പു എടുത്തു മുടിയില് ചേര്ത്തു വച്ചു. ‘എനിക്ക് വേണ്ട..ഞാന് പൂ ചൂടാറില്ല.’നന്ദിനി പറഞ്ഞു.
‘ഇങ്ങനത്തെ മുടിക്കല്ലേ അമ്മാ പുവ്? നിറയെ ചൂട്. നിന്റെ പുരുഷന് ദീര്ഘായുസ്സിനാ നീ പൂ ചൂടുന്നെ’
ജോണ്‌സണ് അമ്പതു രൂപാ നോട്ട് എടുത്തു കൊടുത്തു. പൂക്കാരി എല്ലാവര്ക്കും പൂ മുറിച്ചു കൊടുത്തു
‘നോക്കമ്മാ..നിന്റെ പുരുഷന് കാര്യം അറിയാം’ അവള് പൂക്കുടയുമായി എഴുന്നേറ്റു. നന്ദിനിയുടെ തലയുടെ ഇരുഭാഗത്തും കൈ വച്ച് ഞൊട്ട് ഒടിച്ചു കയ്യില് കിട്ടിയ ‘കൈനീട്ടം’ കണ്ണില് തൊട്ടു സന്തോഷത്തോടെ പോയി. ജോണ്‌സണ് കള്ളച്ചിരിയോടെ അകലേക്ക് നോക്കി ഇരുന്നു. നന്ദിനി നാരായണിയുടെയും തങ്കമണിയുടെയും മുടി കോതിക്കെട്ടി പൂ വച്ച് കൊടുത്തു.. വണ്ടി സ്റ്റേഷന് സമീപിക്കുന്നതിന്റെ കോലാഹലം തുടങ്ങി കഴിഞ്ഞു. കൂകി പാഞ്ഞു വന്നു ഒരു കുലുക്കത്തോടെ അത് സാവധാനം നിന്നു. ജനം ഇരമ്പി ഇറങ്ങി.
‘മെല്ലെ ഇറങ്ങാം. ധൃതി വെയ്ക്കണ്ട’ ജോണ്‌സണ് രണ്ടു കൂലികളെ കൈ കാണിച്ചു വിളിച്ചു. പെണ്കുട്ടികളെ ശ്രദ്ധിക്കാന് ദിനേശനോട് പറഞ്ഞു. കൂലികള് സാധനങ്ങള് എടുത്തു നടക്കാന് തുടങ്ങി. ദിനേശനും മറ്റുള്ളവരും സാവകാശം ഇറങ്ങി. ജോണ്‌സണ് കൂലികളുടെ കൂടെ നടന്നു. അകലെ നിന്നും അയാളുടെ ഡ്രൈവര് കൈ കാണിച്ചു. ജോണ്‌സണ് എല്ലാവരെയും അങ്ങോട്ടു കൊണ്ടു പോയി.
കാറിന് അടുത്തെത്തിയപ്പോള് നാരായണി അതിശയിച്ചു.
‘ഈ കാറാണോ? ഇതല്ലല്ലോ വീട്ടില് വരാറ്.’
നന്ദിനി അവളെ മെല്ലെ നുള്ളി. ‘മിണ്ടാതെ ഉരിക്ക് ‘ നന്ദിനി ശാസിച്ചുനിര്ത്തി അവളെ.
‘ഇത് ഞാന് ഇവിടെ ഉപയോഗിക്കുന്ന കാറാണ്. ഇത്തരം കാറുകള് നമ്മുടെ നാട്ടിലെ റോഡില് ഓടിക്കാന് പറ്റില്ല. അതിനാല് അവിടെ വേറെ കാറാണ് ഉപയോഗിക്കുന്നത്.’ ജോണ്‌സണ് പറഞ്ഞു.
എല്ലാവരും കാറില് കയറി, സാധനങ്ങള് കയറ്റി ഡ്രൈവര് വന്നു വണ്ടി എടുത്തു. അവിടെ വളരെ അടുത്തു തന്നെ ഉള്ള മനോഹരമായ ഗസ്റ്റ് ഹൌസിനു മുന്നില് കാര് നിന്നു. കാവല്ക്കാരന് ഭവ്യതയോടെ വന്നു ഗേറ്റ് തുറന്നു. ജോണ്‌സന്റെ മുന്നില് അയാള് ഓഛാനിച്ച് നിന്നു. ‘സുഖമല്ലേ ചാക്കോ ചേട്ടാ?’ ജോണ്‌സണ് ചോദിച്ചു.
‘ആന്നേ…കുഞ്ഞിന്റെ കൃപ കൊണ്ട് ‘ അയാള് ഒന്ന് കൂടെ വിനീതനായി.
‘ഇതൊക്കെ എന്റെ കൂട്ടുകാരാണ്. കുറച്ചു ദിവസം ഞങ്ങള് ഇവിടെ കാണും.’
‘ഓ…ചാക്കോച്ചന് നോക്കാം എല്ലാം.’ അയാളും ഡ്രൈവറും കൂടെ സാധനങ്ങള് ഒക്കെ ഇറക്കി വച്ചു. ജോണ്‌സണ് എല്ലാവരെയും കൂട്ടി അകത്തു കയറി. വളരെ അധികം സൗകര്യങ്ങള് അവിടെ ഉണ്ടായിരുന്നു. ജോണ്‌സണ് എല്ലാവര്ക്കും മുറികള് കാട്ടി കൊടുത്തു. ഒരു വലിയ മുറിയില് രണ്ടു കട്ടിലുകള് എടുത്തു ഇടുവിച്ചു നന്ദിനി.
‘ഈ മുറി മതി ഞങ്ങള് മൂന്നു പേര്ക്കും കൂടെ’ നന്ദിനി പറഞ്ഞു. അവരുടെ സാധനങ്ങള് അങ്ങോട്ട് എടുത്തു.
‘ഞങ്ങള് കുളിയും മറ്റും കഴിഞ്ഞു വരാം. എന്നിട്ട് മതി ഭക്ഷണമൊക്കെ’ നന്ദിനി പറഞ്ഞു.
ജോണ്‌സണും ദിനേശനും അപ്പുറത്ത് പോയി. എല്ലാവരും കുളി കഴിഞ്ഞു വന്നു ഒരുങ്ങി, തലയില് പൂവും ചൂടി വീടിന്റെ മറ്റു ഭാഗങ്ങള് നോക്കി കണ്ടു. മനോഹരമായ മുറ്റം, നീന്തല് കുളം, പൂക്കള് വിരിഞ്ഞാടുന്ന പൂന്തോട്ടം. ലവ് ബേര്ഡ്‌സ് തുള്ളി കളിക്കുന്ന പക്ഷിക്കൂട്. സ്വര്ണ്ണ മീനുകള് കുതിച്ചു തുള്ളുന്ന കൂറ്റന് അക്വേറിയം. വെള്ളയും തവിട്ടും കറുപ്പും മുയലുകള് കാരറ്റ് തിന്നു രസിക്കുന്ന വിശാലമായ കൂട്. നീന്തല് കുളത്തിലെ നീല ജലത്തില് ജോണ്‌സണും ദിനേശനും നീന്തി തുടിക്കുന്നു.
‘വിശപ്പായോ? ‘ ജോണ്‌സണ് ആംഗൃത്തില് ചോദിച്ചു.
‘മെല്ലെ മതി ‘ നന്ദിനി പറഞ്ഞു. അവര് വേഗം തന്നെ കുളത്തില് നിന്നും കയറി.
ഊണ് മുറിയിലെ മേശപ്പുറം മോടിയാക്കി ഒരുക്കിയിരുന്നു ചാക്കോച്ചന്. വിഭവസമൃദ്ധി കണ്ടാല് അതിശയിച്ചു പോകും. ഇതൊക്കെ നേരത്തെ അറിയിച്ചോ ജോണ്‌സേട്ടന്? ഒന്നും പുറത്തറിയിക്കാതെ ഭംഗിയാക്കുന്ന വിരുതന് !
‘ഭക്ഷണം കഴിഞ്ഞിട്ട് നമുക്ക് ഈ ബാംഗ്ലൂര് നഗരം തന്നെ ആദ്യം കാണാം.’
നാരായണിയും തങ്കമണിയും വലിയ ഉഷാറില് ആയിരുന്നു. സ്വപ്നത്തില് പോലും കണ്ടിട്ടില്ലാത്ത ഭാഗ്യം അല്ലെ കൈവന്നിരിക്കുന്നത്. ജോണ്‌സണ് ഉപഹാരമായി നല്കിയ സാരികളില് ഒന്നാണ് നന്ദിനി ഉടുത്തത്. അതിനു മയില് പീലിയുടെ തിളക്കമായിരുന്നു.
‘ഈ സാരി ഏതാ, നന്ദിനിയേച്ചി? എന്തൊരു ഭംഗിയാ..!’ നാരായണി പറഞ്ഞു. തങ്കമണിക്കും അത് ഇഷ്ടപ്പെട്ടു.
‘ഞാന് വാങ്ങിയതാ..കോളേജിന് അടുത്ത കടയില് നിന്നും. ‘ നന്ദിനി ഒരു നുണ പറഞ്ഞു. ഭാഗ്യത്തിന് ജോണ്‌സണ് ദൂരെ ആയിരുന്നു. അവര് ഒരുങ്ങി വന്നപ്പോള് ജോണ്‌സണ് ഇമ വെട്ടാതെ നന്ദിനിയെ നോക്കി. മയില് പീലി നിറത്തില് വിടര്ന്നാടുന്ന ഒരു ഓമല് മയില് പോലെ തന്നെയായിരുന്നു അവള്. ഈറന് മുടി വിടര്ത്തിയിട്ടു അതില് മുല്ലപ്പൂ ചൂടി നില്ക്കുന്ന നന്ദിനിയുടെ നിറസൌന്ദര്യത്തിന് ഉപമാനങ്ങള് ഇല്ലായിരുന്നു. ചോക്കളേറ്റു നിറത്തില് നേര്ത്ത വരകളുള്ള ഷര്ട്ട് ജോണ്‌സണും നന്നായി ഇണങ്ങുന്നുണ്ടെന്നു നന്ദിനിക്ക് തോന്നി.
‘പെണ്പിള്ളേര് ഒരുപാട് സുന്ദരികളാ..സുക്ഷിക്കണം ദിനേശാ ഇത് ബാംഗ്ലൂരാ! കേട്ടൊ?’ ജോണ്‌സണ് പറഞ്ഞു
‘പേടിപ്പിക്കാതെ സാറേ..ഞങ്ങളെ നോക്കാന് ഞങ്ങള്ക്ക് അറിയാം’ നാരായണി വിട്ടു കൊടുത്തില്ല.
‘ഞാന് വെറുതെ പറഞ്ഞതല്ല..സുക്ഷിക്കണം.’ ജോണ്‌സണ് ഒന്നും കൂടെ ഉറപ്പിച്ചു പറഞ്ഞു. ഭാഗ്യത്തിന് നാരായണി പിന്നെ ഒന്നും മിണ്ടിയില്ല. ‘പാര്ക്കുകള് ഒക്കെ ഒന്ന് ചുറ്റി കറങ്ങാം. കോഴ്‌സ് പാര്ക്ക്, ലാല് ബാഗ്, കബ്ബന്
പാര്ക്ക് ഒക്കെയാണ് പ്രധാനപ്പെട്ട ഇടങ്ങള്. കാഴ്ചയ്ക്കു വളരെ ഭംഗിയുള്ളതാണിവിടം’
അവിടുത്തെ പുഷ്പസമൃദ്ധിയാണ് നന്ദിനിയെ ഏറെ ആകര്ഷിച്ചത്. റോസാ പൂക്കള് നിറഞ്ഞാടുന്നത് കണ്ടാല് മതി വരില്ല. പക്ഷെ പൂക്കള്ക്ക് ഒട്ടും സൌരഭ്യം ഇല്ല! മരങ്ങളും പുല്ത്തകിടികളും ചില്ല് കൊട്ടാരങ്ങളുമൊക്കെ കണ്ടു നടന്നു നേരം പോയതറിഞ്ഞില്ല. ഹോട്ടലില് ഭക്ഷണം കഴിച്ചു, ഒരു സിനിമയും കണ്ടിറങ്ങിയപ്പോള് നേരം ഇരുട്ടി. മജസ്റ്റിക്കിലെ വീതിയേറിയ റോഡുകള്ക്കിരുവശവും കച്ചവടക്കാര് കയ്യടക്കിയിരുന്നു. വലിച്ചു വാരിയിട്ടാണ് റോഡരികിലെ കച്ചവടം. കൂറ്റന് തുണി കടകളിലും മറ്റു കളിപ്പാട്ട കടകളിലുമൊക്കെ ഉള്ളതില് കൂടുതല് കച്ചവടം റോഡരികില് നടക്കുന്നുണ്ടായിരുന്നു. കമ്പിളി വസ്ത്രത്തിന്റെ വ്യാപാരം പൊടിപൊടിക്കു ന്നുണ്ടായിരുന്നു. ജോണ്‌സണ് എല്ലാവര്ക്കും ചേരുന്ന കമ്പിളി വസ്ത്രങ്ങള് വാങ്ങിച്ചു.
‘ഇവിടെ തണുപ്പ് കുറവാണെന്ന് പറയാം. പക്ഷെ മുന്തിരി തോട്ടങ്ങളില് ഈ വസ്ത്രങ്ങള് ഇല്ലാതെ പറ്റില്ല.’
വൈകുന്നേരം ആയതോടെ തണുപ്പ് അരിച്ചു കയറാന് തുടങ്ങി. കാറിനകത്തു ചൂട് ഉണ്ടായിരുന്നു. പക്ഷെ കോടമഞ്ഞ് ഇറങ്ങി വന്നു കൊണ്ടിരുന്നു. ‘വേഗം പോകാം. ഇനിയൊക്കെ നാളെ കാണാം. ഇന്ന് നേരത്തെ തന്നെ കിടന്നുറങ്ങാം. ഇന്നലെ ട്രെയിനില് ഉറക്കം ശരിയായില്ലല്ലോ ആര്ക്കും?’
ചാക്കോച്ചേട്ടന്റെ മേല് നോട്ടത്തില് ഉഗ്രന് ഭക്ഷണമാണ് ഒരുക്കിയിരുന്നത്.
‘കുട്ടികളൊക്കെ ഇനി മാംസ ഭക്ഷണം ശീലിക്കണം. നമ്മുടെ നാട്ടിന് പുറം മാത്രം ആയല്ല ഇനി നിങ്ങള്‌ക്കൊക്കെ ജീവിക്കാനുള്ളത്.’
നാരായണിക്ക് ജോണ്‌സണ് പറഞ്ഞത് ഇഷ്ടപ്പെട്ടു. ഇനി ഈ പച്ചക്കറി മാത്രം തിന്നാല് പറ്റില്ലെന്ന് അവള്ക്കും തോന്നി. വറുത്ത കോഴിയും, ഞണ്ടും, മട്ടണുമൊക്കെ കുറേശ്ശെ എല്ലാവരും രുചിച്ചു നോക്കി.
‘നന്നായിട്ടുണ്ട് ‘ നാരായണി പറഞ്ഞു. തങ്കമണിക്ക് അല്പ്പം ഭയം ഉണ്ടായിരുന്നു ഒക്കെ കഴിക്കാന്. അവസാനം എല്ലാറ്റിന്റെയും രുചി അവളും നോക്കി. മേശപ്പുറത്തു വൈന് കുപ്പികളും ബിയര് കുപ്പികളും ഉണ്ടായിരുന്നു.
‘നമ്മള് മുന്തിരിത്തോട്ടങ്ങള് കാണാന് പോയാല് അവിടെ വൈന് രുചിച്ചു നോക്കുന്ന ചടങ്ങുണ്ട്. കുറേശ്ശെ വൈന് ഇപ്പോഴെ കുടിക്കാം.’ ജോണ്‌സണ് കുപ്പികളുടെ അടപ്പ് പൊട്ടിച്ചു.
‘ഇതിനു ലഹരി ഒന്നുമില്ല. ഇവിടുത്തെ തണുപ്പില് ഉറങ്ങാനും നല്ലതാണ്. കുറേശ്ശെ രുചിച്ചു നോക്കു.’ അയാള് നിര്ബന്ധിച്ചു കുറച്ചു വൈന് എല്ലാവരെയും കുടിപ്പിച്ചു. നല്ല മധുരമുള്ള വൈന് ആണ് അവര്ക്ക് നല്കിയത്. ഓരോ ഗ്ലാസ്സ് ബിയര് ജോണ്‌സണും ദിനേശനും കുടിച്ചു. ഭക്ഷണം എല്ലാവരും നന്നായി കഴിച്ചു. നല്ലൊരു വിശ്രമം ആവശ്യമാണെന്ന് എല്ലാവര്ക്കും തോന്നി. മുറിയിലെ ചൂടടുപ്പില് തീക്കനലുകള് തിളങ്ങുന്നുണ്ടായിരുന്നു. അതിന്റെ ചൂട് എല്ലാ മുറികളിലുമെത്തി ചൂട് പകരാനുള്ള സംവിധാനവുമുണ്ടായിരുന്നു. മുറിക്കകത്തെ ചെറു ചൂടില് എല്ലാവരും സുഖമായി ഉറങ്ങി. നേരത്തെ ഉണരാന്. ചെറുതായി ആരോ വാതിലില് മുട്ടുന്നതായി തോന്നി. നന്ദിനി വാതിലിനടുത്ത് വന്നു ചെവി ഓര്ത്തു. വലിയ ചില്ല് ജനലിനു പുറത്തു ജോണ്‌സണ് നില്ക്കുന്നത് കണ്ടു. അവള് ജനലിനടുത്തു വന്നു.
‘ഒന്നു തുറക്ക്.’ ജോണ്‌സണ് ആംഗ്യം കാണിച്ചു. നന്ദിനി വന്നു വാതില് തുറന്നു.
‘എന്തെ ജോണ്‌സേട്ടാ?’
ജോണ്‌സണ് അവളുടെ വാ പൊത്തി പിടിച്ചു നടത്തി കൊണ്ട് പോയി. പുറത്തു നല്ല തണുപ്പുണ്ട്. നന്ദിനിയുടെ പല്ലുകള് കൂട്ടി അടിച്ചു. ജോണ്‌സണ് അവളെ പൂണ്ടടക്കം കെട്ടി പുണര്ന്നു .
‘എന്താ…ഇത്? അവരൊക്കെ ഉണര്ന്നാല്?’
‘ആരും ഉണരില്ല. എനിക്ക് ഉറങ്ങാന് പറ്റുന്നില്ല.’
‘ഞാനും ഉറങ്ങിയില്ലാ…എന്നാലും ആരെങ്കിലും കണ്ടാല്!’
‘സാരമില്ല…നമുക്ക് ഇവിടെ ഇരിക്കാം.’
നീന്തല് കുളത്തിന്റെ ഓരത്തു സിമന്റു കൊണ്ടുള്ള ചാര് ബെഞ്ചില് അയാള് അവളെ കെട്ടി പുണര്ന്നിരുന്നു. നേര്ത്ത തണുത്ത കാറ്റ് കുളത്തിലെ വെള്ളം ഉളക്കുന്നുണ്ടായിരുന്നു. ആകാശത്തു പൌര്ണ്ണമി ചന്ദ്രന് മഞ്ഞു പാളികള്ക്കുള്ളില് ഒളിച്ചുകളി നടത്തികൊണ്ടിരുന്നു.
നന്ദിനിക്ക് കുളിരു മൂലം പല്ലുകള് കൂട്ടിയിടിച്ചു. ജോണ്‌സണ് അവളെ കുട്ടി കാറിനകത്ത് വന്നിരുന്നു. കാറില് ചൂടിട്ടു. ചെറിയ ചൂട് കാറില് പരന്നു. ചില്ലുകളില് നിന്നും മഞ്ഞു പാളികള് അകന്നു പോയി. നന്ദിനിയെ കെട്ടിപുണര്ന്ന് അയാള് ചുംബിച്ചു കൊണ്ടിരുന്നു.
‘എനിക്ക് എന്റെ നന്ദു അടുത്തില്ലാതെ വലിയ വിഷമമായിരിക്കുന്നു. എന്ത് ചെയ്യും?’
‘എനിക്കും വിഷമമൊക്കെയുണ്ട്. പക്ഷെ നമ്മള് നമ്മളെ നിയന്ത്രിച്ചേ പറ്റു.’
‘നന്ദുവിന് പഠിക്കണമെന്നത് ഒരു പ്രശ്‌നമാണോ? ‘
‘അത് മാത്രമല്ല..എന്റെ വീട്ടില് ഇത് അംഗീകരിക്കാന് ആവുമോ? ‘
‘പിന്നെന്തു ചെയ്യും? ‘
‘ഒന്നും ചെയ്യാന് ഇല്ല…ഇങ്ങനെയൊക്കെ കഴിയാം ‘
‘ഇങ്ങനെ ഒളിച്ചു കളിച്ച്, കെട്ടിപ്പിടിച്ച്.. അങ്ങനെ? ‘
‘ഉം.. ‘ നന്ദിനി മൂളി.
‘കുട്ടികളെങ്ങാന് ഉണര്ന്നാല്? ‘
‘ആരും ഉണരില്ല…ഈ രാത്രി നമുക്കുള്ളതാണ് ‘ അയാള് അവളെ വാരി പുണര്ന്നു ചുംബിച്ചു കൊണ്ട് ഇരുന്നു. നന്ദിനി ഒരു പ്രാവിന് കുഞ്ഞിനെ പോലെ ആ കരങ്ങളില് ഒതുങ്ങിക്കൂടി. ഒരു പുള്ള് ചെറിയൊരു ദു:സുചന അറിയിച്ചു കൊണ്ട് പറന്നു പോയി. ജോണ്‌സണ് കാറിന്റെ വാതില് തുറന്നു നന്ദിനിയെ മുറിയില് കൊണ്ടാക്കി. ഒരു ദീര്ഘ ചുംബനം നല്കിയ ശേഷം അവള് അകത്തു കയറി വാതിലടച്ചു. ഭാഗ്യത്തിന് ആരും അറിഞ്ഞിട്ടില്ല. ജോണ്‌സണ് തിരിച്ചു പോയി.
വന്നു കിടന്നിട്ടും നന്ദിനി ചിന്തിക്കുകയായിരുന്നു. ഇങ്ങനെ പോയാല് എന്തായിരിക്കും ഭാവി? ജോണ്‌സേട്ടനു നല്ല വിഷമമുണ്ട്. എന്നിട്ടും നന്ദിനിയുടെ ആവശ്യങ്ങള്‌ക്കൊക്കെ സഹായിയാവുകയാണ്. ഏതെങ്കിലും ദുര്ബല നിമിഷത്തില് എന്തും സംഭവിക്കാം. അവള്ക്ക് ഓര്ത്തപ്പോള് ഭയം കൂടി. കട്ടിയുള്ള കമ്പിളി പുതപ്പിനുള്ളില് മൂടി പുതച്ചു കിടന്നിട്ടും ഉറക്കം വരുന്നില്ല. ജോണ്‌സേട്ടനെ ഇത്ര വിവശനായി ഇതിനു മുന്പ് കണ്ടിട്ടില്ല. രാത്രിയുടെ ഏതോ യാമത്തില് അവള് ഉറങ്ങിപ്പോയി.
ഏതോ ഒരു വലിയ കയത്തില് നിന്നും രക്ഷപ്പെടാനാകാതെ കൈകാലീട്ട് അടിച്ചു കരഞ്ഞതും ആരോ താങ്ങിയെടുത്ത് ഉയരങ്ങളിലേക്ക് ഉയര്ത്തിക്കൊണ്ട് പോകുന്നതും അവിടെ നിന്നും താഴേക്കു പതിച്ച് ഉറക്കെ കരഞ്ഞു ബഹളം വച്ചതുമൊക്കെ
സ്വപ്നത്തില് കണ്ടു വീണ്ടും ഉണര്ന്നു. ജനലോരത്തു വന്നു പുറത്തു നോക്കി നിന്നു. ലവ് ബേര്ഡ്‌സ് ഒക്കെ നല്ല ഉറക്കത്തിലാണ്. പരസ്പരം കൊക്കുരുമ്മി, ചൂട് പകര്ന്ന് ഇണകളായി അവര് നിശ്ചലരായി ഉറങ്ങുന്നു. ‘പക്ഷിപാതാളത്തിലെ ‘ വവ്വാലുകളെ നന്ദിനി ഓര്ത്തു. നേരം വെളുക്കുന്നതിനു മുന്പ് നന്ദിനി വീണ്ടും ഉറങ്ങിപ്പോയി. പുലര്ന്നത് അറിയാതെ. നാരായണിയും തങ്കമണിയും ഉണര്ന്ന് കുളിയും മറ്റു ദിനകൃത്യങ്ങളും കഴിഞ്ഞു വന്നപ്പോഴും നന്ദിനി ഉറങ്ങി കിടക്കുകയായിരുന്നു.
‘രാത്രി ചേച്ചി വല്ലതും എഴുതി കാണും. അതാണ് ഉണരാത്തത്. ഉറങ്ങട്ടെ…കുറെ കഴിഞ്ഞു വിളിക്കാം’ നാരായണി പറഞ്ഞു. തങ്കമണിയും അത് ശരി വച്ചു. കട്ടന് കാപ്പിയുമായി ചാക്കോ ചേട്ടന് വാതില്ക്കല് വന്നു. നന്ദിനി ഉറങ്ങുന്നത് കണ്ടു ചോദിച്ചു..’കുഞ്ഞിനു വിശേഷം ഒന്നുമില്ലല്ലോ.’
‘ഒന്നുമില്ല..ക്ഷീണം കൊണ്ടായിരിക്കും. ഇന്നലെ ട്രെയിനില് ഉറങ്ങിയില്ല.’ നാരായണി പറഞ്ഞു.
‘ഉറങ്ങട്ടെ.. ഇവിടുത്തെ തണുപ്പില് ഉറങ്ങി പോകും. ജോണ്‌സണ് മോനും ഉണര്ന്നിട്ടില്ല.’
‘അതെയോ? ദിനേശേട്ടനോ?’
‘പുള്ളി ഉണര്ന്നു കാപ്പി കുടിക്കുന്നു.’
പത്തു മണിയോടെയാണ് നന്ദിനി ഉണര്ന്നത്. കുട്ടികള് മുറിയില് തന്നെ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്നു.
‘ഓ..നേരം ഇത്ര ആയോ? ഞാന് ഉറങ്ങിപ്പോയി.’
‘ജോണ്‌സാറും ഉറങ്ങുകയാണെന്ന് ചാക്കോ ചേട്ടന് പറഞ്ഞു.’
‘അതെയോ? ‘ നന്ദിനി അതിശയം ഭാവിച്ചു.
തലേ രാത്രിയില് ഉറങ്ങാന് കഴിയാത്തവരായിരുന്നു രണ്ടു പേരുമെന്ന് ആര്ക്കും അറിയില്ലല്ലോ. ജോണ്‌സന്റെ ശരീരത്തിന്റെ സുഗന്ധം നന്ദിനിയില് അലിഞ്ഞു ചേര്ന്നിരുന്നു. അവള് തോര്‌ത്തെടുത്ത് കുളിമുറിയില് കയറി. നേര്ത്ത ചൂടുള്ള വെള്ളക്കൈകള് അവളെ മൂടി പൊതിഞ്ഞു. തലേ രാത്രിയില് ജോണ്‌സേട്ടന്റെ കരവലയത്തില് അമര്ന്നു നിന്ന പോലെ അവള് അനങ്ങാതെ നിന്നു. ഒരു നീണ്ട കുളി അവള്ക്ക് ഉന്മേഷം പകര്ന്നു. ഒരു മൂളിപ്പാട്ട് ചുണ്ടില് തത്തി കളിച്ചു.
‘മിഴിയോരം നിലാവലയോ..പനിനീര്മണിയോ..കുളിരോ…മഞ്ഞില് വിരിഞ്ഞ പൂവേ..പറയു നീ ഇളം പൂവേ…ശിശിരങ്ങള് കടം വാങ്ങും ഓരോ രജനി യാമം..എങ്ങോ പൊഴിയും നേരം..എന്തേ ഹൃദയം തേങ്ങി.’
അദ്ധ്യായം 31
ജോണ്‌സണ് എഴുന്നേറ്റപ്പോള് വളരെ വൈകിയിരുന്നു. ലൈബ്രറിയില്‌നിന്നും ‘ഒഥെല്ലോ’ എടുത്തു വായിക്കുകയായിരുന്നു ദിനേശന്. എന്തൊരു ലൈബ്രറി! അപൂര്വ ശേഖരം കണ്ടു ദിനേശന് അത്ഭുതപ്പെട്ടു.
‘ എന്തെ എന്നെ വിളിക്കാതിരുന്നത്? ക്ഷമിക്കു ദിനേശാ..’
‘സാറ് ഉറങ്ങുന്നത് കണ്ടിട്ട് വിളിക്കാന് തോന്നിയില്ല. എത്ര വലിയ ഉത്തരവാദിത്വങ്ങളാണുള്ളത്. വല്ലപ്പോഴും നന്നായി ഉറങ്ങട്ടെ എന്നോര്ത്തു. പിന്നെ വായിക്കാന് എത്ര പുസ്തകങ്ങള്! നന്ദു കണ്ടാല് താമസം പിന്നെ ഇവിടെയാക്കും.’
ജോണ്‌സണ് ചിരിച്ചു. ‘ഇവിടുത്തെ ലൈബ്രറിയില് പോയാല് തിരിച്ചു പോരാന് തോന്നില്ല…വിശ്വസാഹിത്യങ്ങള്, എന്‌സൈക്ലോപീഡിയകള് ‘
നന്ദിനിയും നാരായണിയും തങ്കമണിയും കൂടെ വന്നു. ജോണ്‌സണ് കുളിമുറിയില് ആയിരുന്നു. ലൈബ്രറി കണ്ടു നന്ദിനി അന്തം വിട്ടു നിന്നു. എന്തൊക്കെ ശേഖരങ്ങള് ആണിതില്! അവള് അതിശയപ്പെട്ടു.
‘ക്ഷമിക്കണം..’ കുളിമുറിയില് നിന്നും ഇറങ്ങി വന്നു ജോണ്‌സണ് പറഞ്ഞു. ‘നിങ്ങള് ഒന്നും കഴിച്ചില്ലേ? ഈ ചാക്കോച്ചേട്ടന്!’
‘ഞങ്ങള് ഇപ്പോള് വേണ്ടെന്നു പറഞ്ഞിട്ടാ.. ഒന്നിച്ചു കഴിക്കാം’ നന്ദിനി പറഞ്ഞു
ജോണ്‌സണ് വസ്ത്രം മാറാന് പോയി. എല്ലാവരും ഭക്ഷണത്തിന് ഇരുന്നപ്പോള് ജോണ്‌സണ് പറഞ്ഞു ‘നമുക്ക് ഒരിക്കല് ദസ്സറ കാണാന് വരണം. അത് ഇപ്പോഴല്ല.’
മേശപ്പുറത്തു ഇഡ്ഡലിയും ദോശയുമായിരുന്നു പ്രധാന വിഭവങ്ങള്. ‘ഇന്നലെ നിങ്ങളെയൊക്കെ നിര്ബന്ധിച്ചു മാംസം കഴിപ്പിച്ചിട്ട് ആര്ക്കും ഒരു കുഴപ്പവും ഇല്ലല്ലോ?’ അയാള് ചോദിച്ചു.
‘ഇല്ല..ഒന്നുമില്ല ‘
‘അതാണ് ലളിത ഭക്ഷണം മതിയെന്ന് വച്ചത്. എനിക്ക് പേടിയുണ്ടായിരുന്നു. വൈനിന്റെ ഗുണം കാണിച്ചു. നന്നായി ഉറങ്ങിയോ? ‘ നന്ദിനിയെ നോക്കാതെ ജോണ്‌സണ് ചോദിച്ചു.
‘ചേച്ചി ഉറങ്ങിയില്ലെന്നു തോന്നുന്നു. ഇപ്പോഴാ ഉണര്ന്നത്. ഞങ്ങള് രണ്ടു പേരും നന്നായി ഉറങ്ങി. നേരത്തെ എണീറ്റു ‘ നാരായണി പറഞ്ഞു.
നന്ദിനി ദൂരെ നോക്കി ഇരുന്നു. മനസ്സില് ചിരിച്ചു കൊണ്ട്. ഈ ചോദിക്കുന്ന ആളിന്റെ സ്ഥിതിയും അതുതന്നെയായിരുന്നല്ലോ. മേശപ്പുറത്ത് ഇരുന്ന പുതിയ മുന്തിരി കുലകള് എല്ലാവരും എടുത്തു തിന്നു.
‘നമ്മള് തിന്നുന്ന ഈ മുന്തിരി കൊണ്ടല്ല വൈന് ഉണ്ടാക്കുന്നത്. അതിനു വേറെ മുന്തിരിയാണ് ഉപയോഗിക്കുന്നത്. ‘ ജോണ്‌സണ് പറഞ്ഞു.
‘അതെയോ? ഇതൊരു പുതിയ അറിവാണ് ‘ ദിനേശന് പറഞ്ഞു.
‘നല്ല മധുരം…നമ്മുടെ അവിടെ കിട്ടുന്നതിനു ഇത്ര മധുരം ഇല്ല’ നാരായണി പറഞ്ഞു.
‘ഇവിടെ മുന്തിരി വിശേഷപ്പെട്ടതല്ലേ. ഈ മധുരം കളയാന് യീസ്റ്റു ചേര്ത്തിട്ടാണ് വൈന് ഉണ്ടാക്കുന്നത് ‘ ജോണ്‌സണ് പറഞ്ഞു.
‘കഴിച്ചു കഴിഞ്ഞാല് വേഗം ഒരുങ്ങിക്കോ.. നമുക്ക് പോകാം.’
‘ശരി.. സാറേ ‘ നാരായണി പറഞ്ഞു.
‘ഈ സാറേ വിളിയൊന്നു നിര്ത്ത്. എന്നെ ‘ഏട്ടാ’ എന്ന് വിളിച്ചൂടെ എല്ലാവര്ക്കും? എടോ.. ദിനേശാ… തന്നോടും കൂടെയാ…’
‘അത്.. അത്… ‘ദിനേശന് വിക്കി.
‘ഒരു അതുമില്ല… സാറേ എന്ന് കേള്ക്കുമ്പോള്, ഒരകല്ച്ച അനുഭവപ്പെടുന്നു,’
‘ശരി.. ജോണ്‌സേട്ടാ ‘ എല്ലാവരും ഒരു കോറസ് പോലെ പറഞ്ഞു.
‘ഒരു വല്യേട്ടന്! ‘ നന്ദിനി മനസ്സില് കളിയാക്കി.
‘ജോബിയും പപ്പായും മമ്മിയും കൂടെ വന്നിട്ടുണ്ട്. അവര്ക്കിവിടെ തോട്ടങ്ങളുമുണ്ട്. നമുക്ക് ഇന്ന് അവരെയും കാണാം.’ ജോണ്‌സണ് പറഞ്ഞു
‘ആ..ഹാ’
‘ഞാന് അവനെ കൂട്ടാഞ്ഞതില് വിഷമിച്ചിരുന്നു.’ദിനേശന് പറഞ്ഞു
‘ഇന്ന് അവന്റെ ഗസ്റ്റ് ഹൗസില് ആണ് നമ്മള് രാത്രി.നാളെ മുതല് അവനും കാണും നമ്മുടെ കൂടെ.’എല്ലാവരും മുറിയില് പോയി പോകാന് ഒരുങ്ങി ഇറങ്ങിയപ്പോള് സൂര്യന് ഉദിച്ച് ഉയര്ന്നിരിക്കുന്നു.
‘എടാ വിരുതാ? ഇന്ന് അസ്തമിക്കാതെ കാത്തോളണെ. ഞങ്ങള് ഇറങ്ങാന് വൈകിപ്പോയി.’ ജോണ്‌സണ് സുര്യനെ നോക്കി പറഞ്ഞു.
‘ആരോടാ ഈ ആജ്ഞ’ നന്ദിനി ചോദിച്ചു.
‘എന്റെ സ്ഥിരം ശ്രതുവിനോട്..ഈയിടെയായി എനിക്കിവനെ പേടിയാ’
‘ഒരു ഭ്രാന്തന് തന്നെ’അവള് ഓര്ത്തു. ഡ്രൈവറെ ഒഴിവാക്കി അന്ന് ജോണ്‌സണ് തന്നെയാണ് കാര് എടുത്തത്. ദിനേശന് മുന്നില് കയറി. സ്ത്രീകള് പുറകിലും, നഗരത്തിന്റെ കോരിത്തരിപ്പിക്കുന്ന ജാഡകള് പിന്നിട്ടു കാര് ഓടികൊണ്ടിരുന്നു. ജോണ്‌സണ് പിന്നിലേക്കു തിരിഞ്ഞു നോക്കി. അവിടെ ഒരു അനക്കവുമില്ല.
‘എന്താ ഇത്? ആരും ഒന്നും മിണ്ടാതെ?’ ജോണ്‌സന്റെ ശബ്ദം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.
‘ഇങ്ങനെ പോയാല് ഞാന് ഉറങ്ങിപ്പോകും. എല്ലാവരും കുടെ എവിടെയെങ്കിലും ചെന്നിടിച്ച്…’
‘മതി…ദൃഷ്ടി ദോഷം പറയാതെ.’ നന്ദിനി പറഞ്ഞു.
‘ഞങ്ങള് നഗരത്തിന്റെയും ഗ്രാമത്തിന്റെയും വൃതൃസ്ത സൗന്ദര്യത്തില് ലയിച്ചു പോയി. അതാ…’
‘എന്നാല് ഇനിയൊന്നു പാട്. ഒറ്റയ്ക്ക് വേണ്ട….മൂന്നു പേരും കൂടെ ‘
നന്ദിനി രാവിലെ ചുണ്ടിലോടിയെത്തിയ ഗാനത്തിന് തന്നെ തുടക്കമിട്ടു.
‘മിഴിയോരം നിലാവലയോ..പനിനീര് മഴയോ…മഞ്ഞില് വിരിഞ്ഞ പൂവേ..പറയൂ നീ ഇളം പൂവേ!’ജോണ്‌സണ് ഇമ്പത്തില് ഏറ്റു പാടി.
‘ശിശിരങ്ങള് കടം വാങ്ങും..ഓരോ രജനി യാമം, എങ്ങോ പൊഴിയും നേരം എന്തേ ഹൃദയം തേങ്ങി?’ ആ ചോദ്യം കണ്ണാടിയിലൂടെ നന്ദിനിയെ ആപാദം വിഴുങ്ങുന്ന നോട്ടം അയച്ചായിരുന്നു. ദിനേശന് ഒരു കുത്തു കൊടുത്ത് ജോണ്‌സണ് പറഞ്ഞു ‘പാടെടോ..’
‘പറന്നു പറന്നു പറന്നു ചെല്ലാന്..പറ്റാത്ത കാടുകളില്..കൂടൊന്നു കുട്ടി ഞാനാ പൂമരക്കൊമ്പില്…ഞാനാ പൂമരക്കൊമ്പില് ‘ പെട്ടെന്നാണ് ദിനേശന് പാടിയത്.
നന്നായി ഗിറ്റാര് വായിക്കുമെന്നറിയാം. പക്ഷെ ദിനേശന് പാടുന്നത് ആദ്യമായാണ് കേള്ക്കുന്നത്. നന്ദിനിയും നാരായണിയും കയ്യടിച്ചു.
‘ഏട്ടന് നന്നായി പാടും. കുളിമുറിയില് ആണെന്ന് മാത്രം.’തങ്കമണി പറഞ്ഞു.
‘എന്റെ ദിനേശാ…കൂട്ടിയ കൂട്ടില് മുട്ടയിടീക്കണം കേട്ടൊ?’ജോണ്‌സണ് പറഞ്ഞു.
‘ചുമ്മാതെ..സാറേ ‘
‘ഹേ! സാറല്ല..ഏട്ടന്…വല്യേട്ടന് !’
ധോഡബല്ലപുര എന്ന കൊച്ചു ഗ്രാമത്തില് എത്തിയിരുന്നു അവര്. ഗ്രാമീണര് ജോലി സ്ഥലത്ത് നിന്നും ഭക്ഷണം കഴിക്കാനാണെന്നു തോന്നുന്നു, വഴിയിലെ കൊച്ചു കുളത്തില് കൈ കാലുകള് കഴുകുന്നു. കാര് ഒരു വലിയ
മുന്തിരിത്തോട്ടത്തിലേക്കു പ്രവേശിക്കാന് പോകുന്നു. പഴുത്ത മുന്തിരി കുലകളുമായി ഏക്കറുകളോളം പരന്നു കിടക്കുന്ന മുന്തിരിത്തോട്ടംനോക്കെത്താ ദൂരത്തോളം മുന്തിരി ചെടികള് പടര്ന്നു നില്ക്കുന്ന ഒരു കുന്നിന് ചെരുവില് കാര് നിര്ത്തി ഇറങ്ങി.
‘നമ്മുടെ നാട്ടില് വാഴയ്ക്ക് താങ്ങ് കൊടുക്കുന്നത് കവുങ്ങിന് തടി കൊണ്ടല്ലേ. ഇവിടെയൊക്കെ ഉറപ്പുള്ള കരിങ്കല് തൂണാണ്. ഓരോ വിളവെടുപ്പിനു ശേഷം ചെടികളുടെ ശാഖകള് മുറിച്ചു കളയും. സമയമാകുമ്പോള് ആ കുറ്റികള് തളിര്ക്കും,പൂക്കും കായ്ക്കും…ഈ തോട്ടത്തിലെ ചെടികള്ക്ക് ഇരുപതു വര്ഷത്തിലധികം പ്രായം ഉണ്ട്. പപ്പാ ഈ തോട്ടം വാങ്ങിയ കാലത്ത് ഞാന് കുട്ടിയായിരുന്നു. ഈ കുന്നിന് ചെരുവില് നിറയെ മുന്തിരി കണ്ട് അന്നൊക്കെ ഞാന് ഒരുപാട് സന്തോഷിച്ചിട്ടുണ്ട്.’ ജോണ്‌സന്റെ വാക്കുകളില് ചെറിയ ഇടര്ച്ച ഉണ്ടായിരുന്നു. പിതാവിന്റെ അഭാവത്തില് ഒരു മകന്റെ ഗദ്ഗദം അവര് വീണ്ടും കുറച്ചകലെ നടന്നെത്തി.വൈനെറികള് കണ്ടാല് അത്ഭുതം തോന്നും. മുന്തിരി പിഴിഞ്ഞെടുക്കുന്ന യന്ത്രങ്ങളാണിവിടെ.
‘പണ്ടൊക്കെ സ്ത്രീകള് കാലുകള് കൊണ്ട് ചവുട്ടി മുന്തിരി പിഴിഞ്ഞെടുക്കു കയായിരുന്നു.’ജോണ്‌സണ് പറഞ്ഞു.
‘അയ്യേ! കാലുകൊണ്ടോ?’
‘ഉം…നമ്മള് നെല്ല് മെതിക്കുന്നത് കാലു കൊണ്ടല്ലേ?’
‘അതിന്റെ ഉമി മാറ്റി ഉള്ളിലുള്ളുതല്ലേ നമ്മള് ഉപയോഗിക്കുന്നത്?’
‘ഇതും അങ്ങനെ ഒരുപാട് പരിപാടികളിലൂടെ കടന്നു പോകും.’
‘എന്നാലും..’നാരായണിയ്ക്കത് തീരെ പിടിച്ചില്ല.
‘മിണ്ടാതെ ഇരിക്ക്!’ നന്ദിനി അവളെ ശാസിച്ചു.
‘പേടിക്കേണ്ട നാരായണി. ഇപ്പോള് എല്ലായിടത്തും യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. പക്ഷെ, പണ്ട് കാലു കൊണ്ട് സുന്ദരികളായ സ്ത്രീകള് ഇത് ചവുട്ടി അരച്ച് ചാറ് എടുക്കുന്നത് ഒരു ഉത്സവം ആയിരുന്നു. അംഗസാഷ്ടവം ഉള്ള സ്ത്രീകള് അത് ചെയ്യുന്നത്. ..
‘ഹാ…അത് കാണാനല്ലേ പാടത്തു പണിയുന്ന പെണ്ണുങ്ങള് മാറ് മറയ്ക്കാന് ഏമാന്മാരു സമ്മതിക്കാത്തത്. ‘ നാരായണി പറഞ്ഞു
‘മിണ്ടാതെ ഇരിക്ക്.’ നന്ദിനി നാരായണിയുടെ വാ അടച്ചു പിടിച്ചു.
‘നാരായണി പറയുന്നത് ശരിയാണ്.’ നാരായണി എന്ന തീപ്പൊരി പെണ്കുട്ടിയെ ജോണ്‌സണ് മനസാ അഭിനന്ദിച്ചു. ഇതൊക്കെ കേട്ടിട്ടും ദിനേശന്റെ മുഖത്ത് ഒരു ഭാവഭേദവുമില്ല.
‘ഈ മണങ്ങൂസനെങ്ങനെ ഈ തീപ്പൊരിയെ വളയ്ക്കും! ‘ജോണ്‌സണ് മനസ്സില് ഓര്ത്തു.
‘ശീതീകരിച്ച പടുകൂറ്റന് സ്റ്റീല് ടാങ്കുകളില് ഒരു മാസം സൂക്ഷിച്ചാണ് ഈ മധുര ദ്രാവകം പുളിപ്പിക്കുന്നത്. പിന്നെയും ഏഴു മാസം എടുക്കും ‘l’ഏജിംഗിന്’. പഴകിയാലേ
വീഞ്ഞിനു രുചി കൂടു. ഞങ്ങളുടെ ബൈബിളില് ഏറ്റവും കൂടുതല് പറഞ്ഞിരിക്കുന്നു ഇതിനെപ്പറ്റി.’
‘ഞങ്ങളുടെ ഋഷിമാരൊക്കെ പാലും പഴവുമാണ് കഴിച്ചിരുന്നത്. അവരുടെ ലാളിത്യം മനസ്സിലായോ?’ നാരായണി വീണ്ടും പറഞ്ഞു.
‘നമ്മള് തിരുനെല്ലി കാട്ടിലൂടെയൊക്കെ നടന്നത് ഓര്ക്കുന്നോ? അവിടെ മഹര്ഷിമാര്, പഴുത്ത കാട്ട് നെല്ലിക്ക തിന്ന് അരുവിയിലെ കുളിര് ജലം കുടിച്ചു അനുഭവിച്ച ചവര്പ്പും മധുരവുമാണ് നമുക്ക് അവര് വിളമ്പിയത്’ ജോണ്‌സണ്. പറഞ്ഞു
‘ഈ നല്ല മുന്തിരി ചാറ് എന്തിനഠ ഇങ്ങനെ ചീത്തയാക്കുന്നത്?’നന്ദിനി നെടുവീര്പ്പിട്ടു.
‘ഓരോ രാജ്യത്ത് ഓരോ രീതി. ഭാരതമല്ലല്ലോ ഇസ്രയേല്. ഇറക്കുമതി ചെയ്ത യീസ്റ്റിട്ടാണ് മുന്തിരിയുടെ മധുരം കളയുന്നത്. യീസ്റ്റു മധുരത്തെ ആല്ക്കഹോള് ആക്കും. വായു കയറാത്ത ബാരലുകളില് മാസങ്ങളോളം വൈന് സുരക്ഷിതമായിരിക്കും. ഇവിടെ വില കൂടിയതും, കുറഞ്ഞതും ഒക്കെയുണ്ട്. ലോകം മുഴുവന് ആളുകള്ക്ക്
ഇവ ഉപയോഗിക്കണ്ടെ!’
‘മതി ഇത് കണ്ടത്… നമുക്കാ മുന്തിരി തോട്ടത്തിലൂടെ നടക്കാം’നാരായണി
പറഞ്ഞു.
‘ശരി’എല്ലാവരും വീണ്ടും മുന്തിരി തോട്ടത്തില് എത്തി. ഒരു ഭാഗത്ത്
തൊഴിലാളികള് ഭക്ഷണം കഴിച്ചു തിരിച്ചെത്തി മുന്തിരി ശേഖരിച്ചു തുടങ്ങിയിരുന്നു. ജോണ്‌സണെ കണ്ടു പലരും അടുത്തു വന്നു, തലേക്കെട്ട് അഴിച്ചു വണങ്ങി നിന്നു.
‘ഊട്ടാ മാട്ത്തീനി?’ജോണ്‌സണ് കുശലം ചോദിച്ചു. പുഞ്ചിരി അവരുടെ ചുണ്ടില് തത്തി കളിച്ചു. ആദ്യമായാണ് ഇത്രയും സുന്ദരികളെയും കൂട്ടി ജോണ്‌സണെ അവര് കണ്ടത്. ജോണ്‌സന്റെ കല്ല്യാണം കഴിഞ്ഞെന്നാണ് അവര് കരുതിയത്. വയസായ സ്ത്രീകള് കഴുത്തില് കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു ‘ മംഗല ആയിത്തു?’
ജോണ്‌സണ് നന്ദിനിയെ നോക്കി. അവരോട് ഇല്ല എന്ന് ആംഗ്യം കാണിച്ചെങ്കിലും ആ നോട്ടത്തില് തന്റെ സഖിയെ അയാള് അവര്ക്ക് കാണിച്ചു കൊടുത്തു. പെണ്ണുങ്ങള് ചിരിച്ചു കൊണ്ട് പണികള് തുടങ്ങിയിരുന്നു.
ഏക്കര് കണക്കിന് പരന്നു കിടക്കുന്ന മുന്തിരി തോട്ടത്തിനുള്ളില് വിവിധ ഇനം
ചെറു കിളികള് പറന്നു നടക്കുന്നു. പഴം രുചി നോക്കി കൊക്കില് എടുത്തു നിമിഷങ്ങള് കൊണ്ട് വിഴുങ്ങുന്ന അവയെ നോക്കി നന്ദിനി നിന്നു പോയി. ‘പക്ഷിപാതാളത്തിലെ’ വവ്വാലുകളെ ഇഷ്ടപ്പെടുന്ന ജോണ്‌സേട്ടന് എന്തേ ഇവയെ ശ്രദ്ധിക്കാതിരുന്നത്? ഇങ്ങനെ കൊച്ചു കിളികളായി മുന്തിരി തിന്നു രസിക്കുന്നതല്ലേ നല്ലത്.ചോദിക്കണം, അതിനൊക്കെ മതിയായ ഉത്തരം കാണും കയ്യില്.
നാരായണിയും തങ്കമണിയും തോട്ടത്തിലൂടെ നടന്നു ഒരു വഴിയില് എത്തിയിരുന്നു. ദിനേശനും മറ്റൊരു ദിശയില് എത്തി. ജോണ്‌സണെ കാണാനും ഇല്ല. നന്ദിനി ചെറുകിളികളുടെ ചിലപ്പും ഭംഗിയും കണ്ടു നടന്നു. നിമിഷങ്ങള് കഴിഞ്ഞില്ല, ഒരു കൊടുംകാറ്റിന്റെ വേഗതയില് ജോണ്‌സണ് അവളെ റാഞ്ചി കൊണ്ട് പോയി. കുന്നിൻ ചെരുവിന്റെ ഒരു വളവില് അവളെ നിര്ത്തി കിതച്ചു കൊണ്ട് അവളുടെ പൂങ്കവിളിൽ
തട്ടി ഉന്മേഷവതിയാക്കി.നന്ദിനി വിളറി പോയിരുന്നു.
. ‘എന്തൊരു വിരുതാണിത്. അവരൊക്കെ എവിടെ?’അവള് കിതച്ചു കൊണ്ട്
ചോദിച്ചു.
ഒരു വലിയ മുന്തിരി കുലയുടെ അറ്റത്തു നിന്നും കടിച്ചെടുത്ത പഴം അവളുടെ
ചെഞ്ചുണ്ടകത്തി ഉള്ളിലേക്ക് കയറ്റി, ആ ചുണ്ടുകള് വായിലാക്കി അയാള്. നന്ദിനി
കുതറി.’എന്താ ഈ കാട്ടണത്?’
പഴുത്ത മുന്തിരിക്കുലയുടെ ഇരു വശത്ത് നിന്നും പരസ്പരം വാ കൊണ്ട് ഇറുത്തെടുക്കുന്ന പഴങ്ങള് കൈമാറി കഴിക്കുമ്പോള് ജോണ്‌സണ് പറഞ്ഞു ‘ഞാന് കണ്ടു ആ ചെറു കിളികളെ അസൂയയോടെ നോക്കി നിലിക്കുന്നത്. അപ്പോള് കരുതി ഇത് പോലെ ചെയ്യണമെന്ന്’അവളുടെ വായില് പഴം കടിച്ചെടുത്തു വച്ച് ജോണ്‌സണ്
പറഞ്ഞു ‘ ഒന്നിങ്ങോട്ടു താടോ’ ജോണ്‌സണ് വാ പൊളിച്ചു നിന്നു. പഴം കടിച്ചെടുത്തു വായില് വച്ച് കൊടുക്കാന് തുടങ്ങിയതും ജോണ്‌സണ് മുന്തിരിയോടൊത്തു അവളുടെ
ചുണ്ടുകളും വായ്ക്കകത്ത് ആക്കി കഴിഞ്ഞിരുന്നു. നന്ദിനി കുതറി നോക്കി. അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു കുന്നിന് ചെരുവിന്റെ ഓരത്തു ചാരി നിന്നു അയാള്. ആ പുല്ത്തകിടിയില് മുന്തിരി ഇലകള് പരന്നു കിടന്ന താഴ് വരയില് നന്ദിനിയെ
കെട്ടിപ്പിടിച്ചു താഴോട്ടു ഉരുണ്ടു അയാള്. നന്ദിനി പേടിച്ച് ഇറുകി പൂണ്ടടക്കം
കെട്ടിപ്പിടിച്ചു അയാളെ. ‘എന്താ ഈ കാട്ടണേ?’ അവള് ഭയത്തോടെ ചോദിച്ചു. താഴ് വാരത്തെവിടെയോ ഒരു വരി കരിങ്കല് തൂണില് തടഞ്ഞു കിടന്നു. ജോണ്‌സണ് കിതപ്പോടെ പാടി ‘മാനേ മധുര കരിമ്പേ… മലര് തേനേ മധുര കുഴമ്പേ.. നാണം എന്തേ ചൊല്ലു ചൊല്ലൂ നാവിറങ്ങി പോയോ?’
നന്ദിനിയുടെ ചുണ്ടുകള് അകറ്റി വായിലൂറിയ മുന്തിരി രസം അയാള് നുണഞ്ഞിറക്കി.
‘എന്തൊക്കെയാ ഇത്?’ അവള് തല വെട്ടിച്ചു.
‘മൗനം എന്തെ ചൊല്ല് ചൊല്ല്… നാവിറങ്ങി പോയോ? എന്റെ കരിഫിഷ് കണ്ണാളേ. ഹൊ.. ഹോ..’ ജോണ്‌സണ് അവളെ വീണ്ടും വീണ്ടും നെഞ്ചോടമര്ത്തി ചുംബിച്ചു കൊണ്ടിരുന്നു. കൈകള് കുസൃതിയോടെ അവളെ വിവസ്ത്രയാക്കുമെന്നു തോന്നിയപ്പോള് നന്ദിനി തടഞ്ഞു. കൈ താനേ അയഞ്ഞു പോയി. അയാള് ചാടി എഴുന്നേറ്റു. നന്ദിനിയെ എടുത്തു പൊക്കി. അവളുടെ തലയില് ആകെ മുന്തിരി ഇലയുടെ ഉണങ്ങിയ പൊടി പറ്റി പിടിച്ചിരുന്നു. പട്ടു സാരി ചുളിഞ്ഞുലഞ്ഞു പോയിരുന്നു. നന്ദിനി വ്‌റിളാവിവശയായി. അവരൊക്കെ നമ്മളെ നോക്കും. നന്ദിനി പരിഭ്രമിച്ചു. പക്ഷെ ജോണ്‌സണ് വിട്ടില്ല. അവളെ മാറില് ചേര്ത്തമര്ത്തി ചുണ്ടില് ചുണ്ടുരച്ചു രസിച്ചു.
‘കേളി നളിനം വിടരുമോ ശിശിരം പൊതിയും കുളിരില് നീ.. വ്രീളാവതിയായ് ഉണരുമോ മയങ്ങും സരസ്സില് നിന് കേളി നളിനം വിടരുമോ…’
നന്ദിനി കുതറി ഓടി. മുന്തിരി കുലകള് ഞാന്നു കിടക്കുന്ന താഴ്വാരത്തില് അവള് ഒരു പച്ച പനംതത്ത പോലെ പാറി കളിച്ചു. അവള് ആകെ വിവശയായിരുന്നു.
പ്രേമത്തിന്റെ ഉത്തുംഗ ശൃംഗത്തില് പ്രിയന്റെ വിരലുകള് അവളില് വീണ മീട്ടി. ആ സ്‌നേഹമസ്യണമായ തഴുകലില് നിന്ന് കുതറി മാറാന് കഴിയാത്തവിധം നന്ദിനി
കുഴഞ്ഞു പോയിരുന്നു. ആ മൃദു മേനി ആകെ പൂത്തു തളിര്ത്തു പരവശമായിരുന്നു. ജോണ്‌സണ് വിവേകം വീണ്ടെടുത്തു. ഈ മാണികൃത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തരുതെന്ന് അയാളുടെ മനസ്സ് പറഞ്ഞു. ഒരു റോസാപ്പൂ നുള്ളി എടുക്കുന്നത് പോലെ ആ തുടുത്ത കപോലത്തില് അയാള് മെല്ലെ നുള്ളി. നന്ദിനി ഞെട്ടി ഉണര്ന്നു. ആപാദചൂഡം വിറയാര്ന്ന ആ മൃദുല മേനി ജോണ്‌സണ് വാരി എടുത്തു.
‘നന്ദു..നന്ദു…എന്താ ഇത്?’അയാള് അവളെ ഉണര്ത്തി. നന്ദിനി തേങ്ങിക്കരഞ്ഞു, വിവശയായി അവള് അയാളുടെ മാറില് ചാരി ഇരുന്നു.
വഴി തെറ്റി അലയുകയായിരുന്നു നാരായണിയും തങ്കമണിയും. ദിനേശനും സ്ഥലകാല വിഭ്രമം ഉണ്ടായി. എല്ലാ ഇടവും ഒരു പോലെ. മുന്തിരി പഴം തിന്നു മത്തു കൂടെ കയറിയതിനാല് കണ്ണില് ഇരുട്ട് മൂടിയതായി തോന്നി നാരായണിക്ക്.
‘തങ്കമണി..നമ്മള് എവിടെയാ ‘ നാരായണി ചോദിച്ചു.
‘നന്ദിനിചേച്ചിയൊക്കെ എവിടെ? ‘ തങ്കമണിയും ചോദിച്ചു.
ചുറ്റിക്കറങ്ങി ഒടുവില് അവര് ദിനേശനെ കണ്ടെത്തി. നന്ദിനിയേയും ജോണ്‌സണേയും അയാളും കണ്ടില്ല എന്ന് അറിഞ്ഞു.
‘ജോണ്‌സേട്ടന് വരും. പുള്ളിക്ക് ഇവിടെ എല്ലായിടവും അറിയാമല്ലോ. പക്ഷെ നന്ദിനിയേച്ചി എവിടെ?’നാരായണിയുടെ തൊണ്ട ഇടറി.
‘നന്ദിനി ജോണ്‌സേട്ടന്റെ കൂടെ കാണും.’ ദിനേശന് പെട്ടെന്ന് പറഞ്ഞു.
‘എന്നാല് നന്നായിരുന്നു.’നാരായണി ചുറ്റും തിരഞ്ഞു. അങ്ങ് അകലെ നിന്നും ജോണ്‌സണും നന്ദിനിയും നടന്നു വരുന്നുണ്ടായിരുന്നു.
‘അതാ…അവര്.’ തങ്കമണി ചൂണ്ടി കാണിച്ചു. നന്ദിനിയുടെ മുഖം ആകെ വിവശമായിരുന്നു.
‘നന്ദിനിയേച്ചിക്ക് വഴി തെറ്റി അല്ലെ? ‘ നാരായണി ആകാംക്ഷയോടെ ചോദിച്ചു. ‘ഉം…’നന്ദിനി മൂളി.
‘അങ്ങനെ പേടിക്കേണ്ട. ഈ ഇരുന്നൂറേക്കറില് എല്ലായിടത്തും എന്റെ കണ്ണുണ്ടായിരുന്നു. ഈ പാറി പറക്കുന്ന ഓരോ കിളിക്കും എന്നെ അറിയാം. അവര്
എന്നെ വിവരം അറിയിക്കും.’
‘അപ്പോള് ജോണ്‌സാറിനു പക്ഷികളുടെ ഭാഷ അറിയാമോ? ‘നാരായണി ചോദിച്ചു.
‘സാറല്ല…മോളെ..ജോണ്‌സേട്ടന്…പക്ഷികളുടെ ഭാഷ മാത്രമല്ല, ഈ മുന്തിരി വള്ളികളുടെ ഭാഷയും അറിയും.’
‘ഉം…പുളു ‘നാരായണി തങ്കമണിയെ നോക്കി.
‘എന്നാല് കണ്ടോ..ഞാന് എങ്ങോട്ടു നടക്കുന്നോ അങ്ങോട്ടു ചായും ഈ മുന്തിരിയുടെ ഇളം കൊമ്പുകള്’
‘കാണട്ടെ…കാണട്ടെ. ‘ നാരായണി വാതു വച്ചു.
‘നോക്കിക്കൊ’ ജോണ്‌സണ് പറഞ്ഞു.
അയാള് മുന്നോട്ടു നടന്നു…എല്ലാ ചെടികളും ഇളം നാമ്പുകള് അങ്ങോട്ടു നീട്ടി. പിന്നോട്ടു നടന്നു..നാമ്പുകള് അങ്ങോട്ട നീണ്ടു. ഇടത്തോട്ടും വലത്തോട്ടും ജോണ്‌സണ്
ഒപ്പം നാമ്പ് നീട്ടുന്ന അനുസരണയുള്ള മുന്തിരി വള്ളികള് നോക്കി എല്ലാവരും വിസ്മയഭരിതരായി. പക്ഷികള് കൂടണഞ്ഞു തുടങ്ങിയിരുന്നു. ചെമ്മാനം മഞ്ഞു കണങ്ങള് ചൂടി വിങ്ങി പൊട്ടി നിന്നു. സൂര്യദേവനെ നോക്കി ജോണ്‌സണ് പറഞ്ഞു..’ഇനി വിശ്രമിച്ചോട്ടോ..ഞങ്ങളും പോവാ’നന്ദിനി വിളറിയ ഒരു ചിരി ചിരിച്ചു.’നാണം എന്തെ ചൊല്ല്… നാവിറങ്ങി പോയോ?’അയാള് നന്ദിനിയെ നോക്കി പാടി. നന്ദിനി ഇനിയും ഒന്നും മിണ്ടാന് ശക്തി നേടിയിട്ടില്ലായിരുന്നു. ഒരു സ്വപ്നത്തിന്റെ ചിറകില് അതിന്റെ മാസ്മരികതയില് കുഞ്ഞോളങ്ങളില്, തിരത്തല്ലലില് സ്വയം അലിഞ്ഞില്ലാതാകുന്ന സ്വന്തം മനസ്സും ശരീരവും അവള്ക്ക് അന്യമായി കഴിഞ്ഞിരുന്നു. കാറില് കയറി അവള് തളര്ന്നിരുന്നു.
ജോണ്‌സണു കുറ്റബോധം തോന്നി. നന്ദിനിയുടെ ചേതനയെ മതിക്കുന്ന വികാരവിചാരങ്ങള് അയാള്ക്ക് തിരിച്ചറിയാന് കഴിയുന്നുണ്ടായിരുന്നു. ഇനി എത്ര നീണ്ട കാലം! ജോണ്‌സന്റെ ഉള്ളിലും ഒരു നെടുവീര്പ്പ് ചുറ്റി കറങ്ങി. കാറിന്റെ ഡ്രൈവിംഗ് സീറ്റില് ഇരുന്ന് അയാള് ചോദിച്ചു ‘എല്ലാവരും തയ്യാറായോ?’
‘ ഉം..’എല്ലാവരും ഒപ്പം മൂളി.
‘എന്നാല് പാട്ട് തുടങ്ങിക്കോ .ഇല്ലെങ്കില് ഞാന് ഉറങ്ങും ‘
‘ഉം ‘
‘ നമ്മള് ഇപ്പോള് ജോബിയുടെ ക്വാര്‌ട്ടേഴസിലേക്കാ..ഇവിടെ നമ്മള് വൈന്
രുചിച്ചു നോക്കിയില്ലല്ലോ . അത് അവിടെ ആവാം.’
പാട്ട് തുടങ്ങി. ‘ നീലക്കുറിഞ്ഞികള് പൂക്കുന്ന വീഥിയില്..’
About The Author
No related posts.